സൊമാറ്റോ ബോക്സിൽ നിന്ന് കോക്ക്പിറ്റിലേക്ക്!; ആകാശത്തോളം വളർന്ന ഒരു കൊടുങ്ങല്ലൂർക്കാരൻ!

#സി.എസ്. ദിനേശൻ
ഹൈസിൽ ജെബിൻ പൈലറ്റ് പരിശീലനത്തിനിടെ
ഹൈസിൽ ജെബിൻ പൈലറ്റ് പരിശീലനത്തിനിടെ

കൊടുങ്ങല്ലൂർ: സൊമാറ്റോ ഡെലിവറി പാർട്ട്ണർ, ബസ്, ലോറി, ടാക്സി ഡ്രൈവർമുതൽ അധ്യാപകൻവരെയുള്ള ജോലികൾ ചെയ്തശേഷം ഒടുവിൽ വൈമാനികന്റെ കുപ്പായമണിഞ്ഞ് ഹൈസിൽ ജെബിൻ. കൊടുങ്ങല്ലൂരിനടുത്ത് ഏറിയാട് സ്വദേശി ഹൈസിൽ ജെബിൻ നിരവധി പ്രതിസന്ധികൾ മറികടന്നാണ് കോമേഴ്‌സ്യൽപൈലറ്റ് പരിശീലനം പൂർത്തിയാക്കിയത്. ഗൾഫിൽ ടൈപ്പിസ്റ്റായിരുന്ന പിതാവിന്റെ മരണമടക്കമുള്ള തിരിച്ചടികൾക്കിടയിലും ലക്ഷ്യം കൈവരിക്കാൻ ഈ യുവാവ് പോരാട്ടം തുടർന്നു.

എറിയാട് മാടവന തോട്ടുങ്ങൽ പരേതനായ ഹബീബീന്റെയും കൊടുങ്ങല്ലൂർ മുൻസിഫ് കോടതി ജീവനക്കാരി സഫിയയുടെയും മകനാണ് 29-കാരനായ ജെബിൻ. എസ്.എസ്.എൽ.സി. കഴിഞ്ഞതോടെയാണ് എയർക്രാഫ്റ്റ്മെയിന്റനൻസ് എൻജിനീയറാകുകയെന്ന മോഹമുദിച്ചത്. എന്നാൽ, പ്ലസ്ടുവിനു ശേഷം ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്ങിന് ചേരേണ്ടിവന്നു.

എൻജിനീയറിങ്പഠനത്തിന്റെ അവസാന ഘട്ടത്തിലാണ് ഇന്ത്യൻ സായുധസേനാ പൈലറ്റ് ഉൾപ്പെടെയുള്ള തസ്തികകളിലേക്ക്‌ എൻജിനീയറിങ്ബിരുദധാരികളെ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ് ശ്രദ്ധയിൽപ്പെട്ടത്. സായുധസേനയിൽ മറ്റു തസ്തികകളിലേക്ക് പരീക്ഷയും അഭിമുഖങ്ങളും നേരിട്ടെങ്കിലും റാങ്കുപട്ടികയിൽ കയറിക്കൂടാനായില്ല.

പഠനം പൂർത്തിയായതോടെ കൊച്ചിയിലെ സൊമാറ്റോയിൽ ഫുഡ്‌ഡെലിവറി പാർട്ണറായും ആറു മാസത്തിനു ശേഷം ബെംഗളൂരുവിൽ വിദേശ എജ്യൂടെക് കമ്പനിയിൽ ഗണിതശാസ്ത്രാധ്യാപകനായും പല തൊഴിലുകളിൽ ഭാഗ്യം പരീക്ഷിച്ചു.

ഇതിനിടയിൽ രോഗശയ്യയിലായിരുന്ന പിതാവിന്റെ പരിചരണമേറ്റെടുക്കേണ്ടിവന്നു. കോവിഡ് മഹാമാരി കൂടിയെത്തിയതോടെ അധ്യാപകജോലി ഉപേക്ഷിക്കേണ്ടിവന്നു. അപ്പോഴേക്കും വ്യോമസേനയിൽ അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി പൂർത്തിയായിരുന്നു. എങ്കിലും തന്റെ ലക്ഷ്യം ഉപേക്ഷിക്കാതിരുന്ന ജെബിൻ വാണിജ്യപൈലറ്റുപരിശീലനത്തിന് ചേർന്നു. മെന്റർമാരുടെ സഹായത്തോടെ ഫിലിപ്പീൻസിലെ ഫാസ്റ്റ് ഏവിയേഷൻ അക്കാദമിയിലെത്തി.

രണ്ടു വർഷത്തിനുള്ളിൽ സ്വകാര്യപൈലറ്റ് പരിശീലനം വിജയകരമായി പൂർത്തിയാക്കുകയായിരുന്നു. ഫിലിപ്പീൻസിലെ വൈമാനിക ലൈസൻസ് ഇന്ത്യൻ ലൈസൻസായി മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിച്ചുവരുകയാണ്.

ജെബിന്റെ സഹോദരൻ ഫാസിൽ ജെബിൻ യു.കെ.യിലാണ്. സഹോദരി ഇസ്‌മിന കൊച്ചിയിൽ പാരാമെഡിക്കൽ ബിരുദവിദ്യാർഥിയാണ്.

Content Highlights: After working as a Zomato delivery partner, edtech teacher, and heavy vehicle driver to support his family, 29-year-old Haisil Jebin from Kodungallur overcame immense personal and financial hardships to successfully complete his commercial pilot training in the Philippines.