വേര്: ദേശകാലങ്ങള്‍ക്കപ്പുറത്തേക്ക് ഉണങ്ങാത്ത മുറിവുകള്‍ സമ്മാനിക്കുന്ന ഒരു നോവല്‍

മിനി പി.സിയുടെ വേര് എന്ന നോവല്‍ 415 പേജുകളിലായി 49 അധ്യായങ്ങളിലൂടെ പടര്‍ന്ന് പന്തലിച്ചിരിക്കുന്ന വേര് മലയാള സാഹിത്യത്തിന്റെ വളക്കൂറുള്ള മണ്ണില്‍ നിന്നും സാഹിത്യ പോഷണങ്ങള്‍ ആവോളം വലിച്ചെടുത്ത് മിനി പി.സിയുടെ സാഹിത്യ ഇരിപ്പിടത്തിന്റെ കാലുകളില്‍ ചുറ്റിപ്പിണഞ്ഞ് മണ്ണിലേക്കിറങ്ങി അത് അവിടെ ഉറപ്പിച്ചിരിക്കുന്നു. കാടും, മേടും പുഴകളും, പറവകളും പൂക്കളും, സസ്യ ജന്തുജാലങ്ങളും മനുഷ്യനും എല്ലാം എല്ലാം ഈ നോവലിന്റെ മുന്നോട്ടുള്ള യാത്രയില്‍ ഭാഗഭാക്കാകുന്നു. നൂറ്റാണ്ടിനപ്പുറത്തെ സാമൂഹ്യ സാഹചര്യങ്ങളില്‍ തുടങ്ങി വര്‍ത്തമാനകാല കേരളത്തിന്റെ ചിത്രം വരെ നോവല്‍ വരച്ചു കാട്ടുന്നു. നോവലിന്റെ ഓരോ അധ്യായങ്ങളും ഓരോ ചെറുകഥ എന്ന പോലെ വ്യത്യസ്ത ആശയങ്ങളെ പ്രതിധ്വനിപ്പിക്കുമ്പോഴും അവയെല്ലാം ചങ്ങലക്കണ്ണികളായി പരസ്പരം പുണര്‍ന്ന് നോവലിനെ കെട്ടുറപ്പുള്ളതാക്കുന്നു.
കാരോത്തുപറമ്പ് എന്ന ഇടുക്കിയിലെ മലയോര ഗ്രാമത്തില്‍ റോസ എന്ന വീട്ടമ്മയില്‍ നിന്ന് ആരംഭിക്കുന്ന കഥ പതുക്കെ പതുക്കെ റോസയുടെ ജീവിതത്തിലൂടെ വ്യത്യസ്തമായ വിഷയങ്ങളിലൂടെ വ്യത്യസ്തമായ കഥായിടങ്ങളിലൂടെ അനുവാചകനെ അനുയാത്ര നടത്തിക്കുന്നുണ്ട്. എത്രയെത്ര കഥയിടങ്ങളിലൂടെയാണ് കഥ കടന്നുപോകുന്നത്! കാരോത്തുപറമ്പില്‍ ആരംഭിക്കുന്ന നോവല്‍ കഥയുടെ കാല ദേശങ്ങള്‍ക്കപ്പുറത്തേക്ക് സഞ്ചരിക്കുന്നു.
റോസയുടെ കുടുംബ ചരിത്രം അഞ്ചുതലമുറയ്ക്ക് മുന്നേ പറഞ്ഞതുടങ്ങുമ്പോള്‍ ഗോത്ര സംസ്‌കാരത്തിന്റെ 150- 200 വര്‍ഷങ്ങള്‍ക്കപ്പുറത്തെ
സാംസ്‌കാരിക തനിമയിലേക്കും ജീവിതരീതികളിലേക്കും കഥയിറങ്ങി ചെല്ലുന്നു. ഓരോ ചരിത്രസ്മാരകങ്ങളും- വലിയ എടുപ്പുകളും ഈ മണ്ണില്‍ ഉറച്ചുനില്‍ക്കുന്നത് അധ:സ്ഥിതന്റെ വിയര്‍പ്പിന്റെ ഉപ്പും ചോരയുടെ ചവര്‍പ്പും ചേര്‍ന്ന് കുഴച്ചചാന്ത് കൂട്ടിയാണെന്ന് മിനി പി സി 'അണക്കെട്ട്' നിര്‍മ്മാണത്തിന്റെ കഥാഭൂമിയില്‍ വിളിച്ചു ചൊല്ലുന്നുണ്ട്. സ്ത്രീ ചൂഷണ കേന്ദ്രീകൃതമായ ഫ്യൂഡലിസ്റ്റ് ജീവിതത്തില്‍ ആധുനിക വര്‍ത്തമാനകാലത്തും യാതൊരു മാറ്റവും ഇല്ലെന്ന് ഈ നോവല്‍ നിരീക്ഷിക്കുന്നുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കുഞ്ഞുറുമ്പ ചേട്ടത്തിയുടെ അമ്മയെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കുന്ന ജന്മി വാഴ്ചയും ഇന്ന് തന്റെ തൊഴിലാളി സാറാമ്മയെ ലൈംഗികചൂഷണത്തിന് വിധേയമാക്കുന്ന ഇത്താപ്പിരി സാറും ഫ്യൂഡലിസ്റ്റ് ആണ്‍മേല്‍ക്കോയ്മയുടെ കാലാനുവര്‍ത്തിയായ പ്രതീകങ്ങളാണ്. പണത്തിന് മുന്നില്‍ ഓച്ഛാനിച്ചുനില്‍ക്കുന്ന അധികാര രാഷ്ട്രീയ മതബോധ്യങ്ങളെ ഈ നോവലില്‍ നോവലിസ്റ്റ് തുറന്നുകാട്ടുന്നുണ്ട്.
വര്‍ത്തമാന സമൂഹത്തിലെ പ്രമാണിയും പണക്കാരനുമായ ഇത്താപ്പിരി സാറും ജീവിതവൃത്തിക്ക് അടുക്കളപ്പണി എടുക്കുന്ന റോസയും അയല്‍ക്കാരാണ്. നാട്ടിലെ ഏറ്റവും വലിയ പണക്കാരനായ വ്യക്തിയാണ് ഇത്താപ്പിരി സാര്‍. അദ്ദേഹത്തിന്റെ പറമ്പിലൂടെ ഓരം ചേര്‍ന്നാണ് റോസയുടെ വീടുസ്ഥലം കിടക്കുന്നത്. ഇത്താപ്പിരി സാറിന്റെ പറമ്പിന്റെ ഓരത്ത് സ്ഥിതി ചെയ്യുന്ന മരത്തിന്റെ ഉണങ്ങിയ കൊമ്പുകളും കായകളും വീണ് റോസയുടെ വീടിന്റെ പല ഓടുകളും പൊട്ടുന്നതാണ് സാഹചര്യം. യാതൊരു ഉപയോഗവുമില്ലാത്ത ആ മരം ഇത്താപ്പിരി സാറിന് മുറിച്ച് മാറ്റാവുന്നതേ ഉള്ളൂ. എന്നാല്‍ റോസയുടെ സ്ഥലത്തില്‍ അയാള്‍ക്ക് ഒരു കണ്ണുണ്ടായിരുന്നു. പക്ഷേ അവര്‍ അത് വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു. അതുകൊണ്ട് മുറിച്ചു മാറ്റാതിരിക്കുകയും പലവിധത്തില്‍ അവരെ ദ്രോഹിക്കുകയും ചെയ്യുന്നു. അത്തരം ദ്രോഹങ്ങളില്‍ നിന്ന് രക്ഷ നേടുന്നതിന് അവര്‍ പല വഴികള്‍ തേടുന്നുണ്ട്. നിയമപരമായി ഗവണ്‍മെന്റ് സ്ഥാപനങ്ങളെ സമീപിക്കുന്നു. ദൈവത്തിന്റെ വഴി പള്ളി വഴി തേടുന്നു. പിന്നെ പഞ്ചായത്തിന്റെ മെമ്പര്‍മാര്‍ വഴി രാഷ്ട്രീയ സഹായങ്ങളെ അഭ്യര്‍ത്ഥിക്കുന്നു എന്നാല്‍ പണത്തിന്റെ മുന്നില്‍ അവള്‍ക്ക് ആരും സഹായം ചെയ്തു കൊടുക്കുന്നില്ല.
വംശീയതയും വര്‍ഗ്ഗീയതയും മാറ്റി വരക്കുന്ന ദേശചിത്രങ്ങളിലേക്ക് ദേശീയന്‍ ചേട്ടന്റെയും സൂരജിന്റെയും ജീവചരിത്രത്തിലൂടെ നോവലിസ്റ്റ് വായനക്കാരെ കൈപിടിച്ചു നടത്തുന്നു.
'എടീ, പണ്ടുപണ്ട് ഗോവയില്‍ ഞങ്ങടെ ആളുകള്‍ സന്തോഷത്തോടെ ജീവിക്കുമ്പോഴാണ് പോര്‍ച്ചുഗീസുകാരുടെ വരവ് അതൊരു ഒന്നൊന്നര വരവായിരുന്നു ആദ്യമൊന്നും ഒരു കുഴപ്പവും ഇല്ലായിരുന്നു. പിന്നീട് അന്നത്തെ പോപ്പിന്റെ നിര്‍ദ്ദേശപ്രകാരം എല്ലാവരെയും മതം മാറ്റാന്‍ തുടങ്ങി. കൂടെ മതദ്രോഹ വിചാരണകള്‍, ഭാഷ നിരോധിക്കല്‍ മനുഷ്യരെ പച്ചക്ക് കത്തിക്കല്‍ അതില്‍ നിന്നും രക്ഷപ്പെടാന്‍ മനുഷ്യര്‍ ജീവനും കൊണ്ട് പലവഴിക്ക് ഓടി ആ ഓട്ടത്തിലാണ് ഞങ്ങള്‍ കേരളത്തില്‍ എത്തിയത് മനസ്സിലായോ...'
തന്റെ പൂര്‍വ്വികരെക്കുറിച്ച് സൂരജ് ലില്ലിയോട് പറയുന്ന ഈ ഒറ്റ ഖണ്ഡികക്കപ്പുറം -വര്‍ഗ്ഗീയ- വംശീയ ആധിപത്യത്തിന്റെയും അഭയാര്‍ത്ഥികള്‍ ഉണ്ടാകുന്ന ജീവിത പരിസരത്തിലേക്കും വെളിച്ചം വിതറുന്നുണ്ട് നോവലിസ്റ്റ്. വിഭജനകാലത്തെ ദേശീയന്‍ ചേട്ടന്റെ ജീവിതവും- കലാപങ്ങളും പാലായനങ്ങളും ഓര്‍മ്മിപ്പിക്കുന്നത് ദേശകാലങ്ങള്‍ക്കപ്പുറത്തേക്ക് ഉണങ്ങാത്ത മുറിവുകള്‍ സമ്മാനിക്കുന്നതാണ് വംശീയതയും വര്‍ഗീയതയും എന്ന് തന്നെയല്ലെ.
അനേകം ശക്തിമതികളായ സ്ത്രീകഥാപാത്രങ്ങളാല്‍ സമ്പന്നമാണ് ഈ നോവല്‍. വ്യത്യസ്ത കാലങ്ങളിലെ വ്യത്യസ്ത ദേശങ്ങളിലെ സ്ത്രീ ജീവിതം കഥയോടൊപ്പം ഒഴുകിപ്പരക്കുന്നു. റോസ, ലില്ലി, ജാസ്മിന്‍, സൂസി ടീച്ചര്‍, കുഞ്ഞുറുമ്പേടത്തി, കുഞ്ഞിത്തേയി, എല്‍സ ഐഎഎസ് സൂരജിന്റെ മുത്തശ്ശി ഭാനുമതി, സാഹിത്യകാരി അമൃത ഘടേക്കര്‍, രമേശന്റെ ഭാര്യ സുധ, പപ്പടം കച്ചവടക്കാരി രാധ, രാധയുടെ മകള്‍ കടയില്‍ നില്‍ക്കുന്ന മീനു, ഫുഡ് ഡെലിവറി ഗേള്‍ അയാന. പ്രതിസന്ധി ഘട്ടങ്ങളില്‍ ജീവിതത്തെ മുന്നോട്ടു നയിക്കുന്നതിന് കുടുംബത്തിന് കരുത്തായ എത്രയെത്ര കഥാപാത്രങ്ങള്‍. ഒരോ കഥാപാത്രവും ആടി തീര്‍ക്കുന്നത് വര്‍ത്തമാനകാല സമൂഹത്തിലെ ഓരോ മനുഷ്യജീവിതങ്ങളാണ്
വര്‍ണ്ണങ്ങള്‍ ഇല്ലാത്ത ജീവിതത്തെ കുറിച്ചാണ് കഥ പറയുന്നത്.അന്നന്നത്തെ ജീവിതത്തിന് വേണ്ടി അധ്വാനിക്കുന്നവരുടെ കഥകള്‍. ആ കഥയില്‍, അപകടത്തില്‍ മരിച്ച രമേശന്റെ ഭാര്യ സുധയുടെ, സുധയെ സംരക്ഷിക്കുന്ന രാധയുടെ, തന്റെ കുഞ്ഞിന് ഒരു നല്ല കളിപ്പാട്ടം വാങ്ങി കൊടുക്കാന്‍ പോലും ഗതിയില്ലാതെ കടമടച്ചു തീര്‍ക്കാന്‍ ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ പാടുപെടുന്ന ലില്ലിയുടെ എല്ലാം കഥയുണ്ട്. രോഗം ചവച്ചു തുപ്പിയ ഒരു കുടുംബത്തിന്റെ അത്താണിയാവാന്‍ ഫുഡ് ഡെലിവറിക്ക് ഇറങ്ങുന്ന അയാന എന്ന പെണ്‍കുട്ടിയുടെ കഥയുണ്ട്. ഈ വര്‍ത്തമാന കഥകളോടൊപ്പം ചരിത്രത്തില്‍ നിന്നും പാലായനങ്ങളിലൂടെ വീടും കൂടും നഷ്ടപ്പെട്ടവരുടെ - 1943-ലെ ബംഗാള്‍ ക്ഷാമത്തിന്റെ - 1946-ലെ ബംഗാള്‍ കലാപത്തിന്റെ - കഥയുണ്ട് -ഭാഷ - ദേശ വ്യത്യാസങ്ങള്‍ക്കപുറത്ത് പ്രണയത്തിന്റെ സഹാനുഭൂതിയുടെ നൂലിനാല്‍ തനിക്ക് ചുറ്റുമുള്ളവരെ തന്നിലേക്ക് അടുപ്പിച്ചു നിര്‍ത്തുന്ന ദേശീയ ചേട്ടന്റെ കഥയുണ്ട്.
എത്ര കഷ്ടപ്പാടുകള്‍ക്കിടയിലും പ്രതീക്ഷകള്‍ നല്‍കുന്ന ഒരു തിരിനാളം ഉണ്ടെങ്കില്‍ ജീവിതം മുന്നോട്ടു പോകുക തന്നെ ചെയ്യും എന്ന് ദേശീയ ചേട്ടന്റെ കഥയിലെ ഇടപെടലുകളിലൂടെ പറഞ്ഞുവെക്കുകയാണ് നോവലിസ്റ്റ്.
'നമുക്ക് ചുറ്റുമുള്ള മനുഷ്യരുടെ കഷ്ടപ്പാടുകള്‍ പറഞ്ഞാലും പറഞ്ഞാലും തീരില്ല. അതൊക്കെയോര്‍ത്താ നമ്മുടെ ഈ കഷ്ടപ്പാടൊക്കെ ഒന്നുമല്ലെന്ന് മനസ്സിലാകും. നമുക്കൊക്കെ ഒരു നാടും വീടുമെങ്കിലും ഉണ്ടല്ലോ. അഭയാര്‍ത്ഥികളെക്കുറിച്ച് ചിന്തിച്ചു നോക്കൂ. സിനിമയിലും സാഹിത്യത്തിലും കാണുന്ന പോലൊന്നുമല്ല ഹൃദയദേദകമാണ്. '
സാമ്പത്തികമായും സമൂഹികമായും ഏറ്റവും താഴെത്തട്ടില്‍ കിടക്കുന്ന ഒരു ജനവിഭാഗത്തെ അഭിസംബോധന ചെയ്തു കൊണ്ടാണ് കഥ മുന്നോട്ട് പോകുന്നത്. നിത്യവൃത്തിക്കുവേണ്ടി പപ്പടം ഉണ്ടാക്കി ജീവിക്കുന്ന രാധേച്ചിയുടെയും കടയില്‍ ജോലിക്ക് പോകുന്ന പ്ലസ് ടുക്കാരി മകള്‍ മീനുവിന്റെയും സ്‌നേഹത്തിന്റെ കഥ കൂടി ഈ അധ്യായത്തില്‍ പറയുന്നു. അത്യാര്‍ത്തിയുടെയും ജീവിതവേഗത്തിന്റെയും കാലഘട്ടത്തില്‍ സ്‌നേഹത്തിന്റെ നുറുങ്ങു വെട്ടങ്ങള്‍ അവിടെ കത്തുന്നത് കഥാകാരി കാണിച്ചുതരുന്നു. ആധുനിക വര്‍ത്തമാനം അത്യാര്‍ത്തിയുടെയും വേഗതയാര്‍ന്ന ജീവിതത്തിന്റേതുമാണ്. ആര്‍ക്കും ആരെയും ശ്രദ്ധിക്കാന്‍ സമയമില്ലാത്ത കാലം. അവനവന്റെ ജീവിതം കരുപ്പിടിപ്പിക്കുക എന്നതിലപ്പുറം മറ്റുള്ളവരെ കാണാന്‍ കഴിയാത്ത വേഗതയുടെ കാലം. ആ കാലത്ത് രാധേച്ചിയെ പോലുള്ള, ദേശീയന്‍ ചേട്ടനെ പോലുള്ള ആളുകള്‍ സമൂഹത്തില്‍ ഉണ്ട് എന്ന് വിളിച്ചുപറയുന്ന സാമൂഹിക ഉത്തരവാദിത്തമാണ് കഥാകാരി നിര്‍വഹിക്കുന്നത്. എങ്ങനെയാണ് ദേശീയന്‍ ചേട്ടനും രാധേച്ചിക്കും ഒക്കെ ഇത്തരം ഒരു സ്വഭാവ സവിശേഷത ഉണ്ടാകുന്നത്. തന്റെ ആരുമല്ലാത്ത മരിച്ചുപോയ ഭര്‍ത്താവിന്റെ അകന്ന ബന്ധം മാത്രമുള്ള കുടുംബക്കാര്‍ ഉപേക്ഷിച്ച സുധ എന്ന പെണ്‍കുട്ടിയെ, അന്നുവരെ തന്നെ കാണാത്ത ആ പെണ്‍കുട്ടിക്ക് ഗര്‍ഭകാല ശുശ്രൂഷ നല്‍കി വീട്ടിലേക്കു വിളിച്ച് കൂട്ടി പോകുന്നതിന് ഉള്ള മാനസികാവസ്ഥയിലേക്ക് രാധേച്ചിയെ നയിക്കുന്നത് ഏത് ജീവിത സാഹചര്യമാണ്. ജീവിക്കുന്ന സാമൂഹിക അവസ്ഥയാണ് ഓരോരുത്തരെയും നിര്‍മ്മിക്കുന്നത്. രാധേച്ചിയുടെയും ദേശീയന്‍ ചേട്ടന്റെയും ജീവിതകഥ അനാവരണം ചെയ്യുന്നതിലൂടെ കഥാകാരി വെളിപ്പെടുത്തുന്നത് അതുതന്നെയാണ്. രാധേച്ചി പറയുന്നത് കേള്‍ക്കൂ
'ഞാന്‍ അങ്ങനെ കരളലിവുള്ള പെണ്ണൊന്നുമായിരുന്നില്ല. എന്തുചെയ്യാനാ പത്തിരുപത് വര്‍ഷം അങ്ങേരുടെ കൂടെ ജീവിച്ചില്ലേ അങ്ങനെ കിട്ടിയതാ ഈ വൃത്തികെട്ട സ്വഭാവം.'
ഈ നോവലിനെ കുറിച്ച് ഇനിയും ഒരുപാട് എഴുതാന്‍ സാധിക്കും എത്രയെത്ര കഥാ ഇടങ്ങള്‍.
ഇടുക്കിയിലെ കാരോത്തുപറമ്പില്‍ ആരംഭിക്കുന്ന കഥ ഏലമലയിലേക്ക്, കോതമംഗലത്തിലേക്ക്, മൂന്നാറിലേക്ക്, 150 വര്‍ഷം മുമ്പുള്ള കുറവന്‍ മലയുടെ അടിവാരത്തിലേക്ക് /രണ്ടായിരത്തിലെ തിരുപ്പൂര്‍ തുണിമില്‍ തൊഴില്‍ സാഹചര്യത്തിലേക്ക്, 150 വര്‍ഷം മുന്നിലെ ഗോത്ര സാംസ്‌കാരിക ജീവിതത്തിലേക്ക്, 1969 അഹമ്മദാബാദ് കലാപത്തിന്റെ സാഹചര്യങ്ങളിലേക്ക്, മൗലികാവകാശങ്ങളും സ്വാതന്ത്ര്യങ്ങളും നിഷേധിക്കപ്പെട്ട അടിയന്തരാവസ്ഥ കിരാത വാഴ്ചയുടെ പശ്ചാത്തലത്തിലേക്ക്, -ഹരിദ്വാര്‍ -ബദരീനാഥ് - ഭൂപ്രകൃതിയിലേക്ക്, ടിബറ്റിലെ തൊഴില്‍ ജീവിത സാഹചര്യങ്ങളിലേക്ക് - വായനക്കാരെ കൈ പിടിച്ചാനയിക്കുന്നു.
ഓരോ അധ്യായവും കൈകാര്യം ചെയ്യുന്നത് ഓരോ കഥകളാണ്.
ചതിയിലൂടെ, കെട്ടുകഥകളിലൂടെ പാവം മനുഷ്യനെ പറ്റിച്ച് ഇടം പിടിച്ചെടുക്കുന്നവരുടെ കഥ, ഉയര്‍ന്നുനില്‍ക്കുന്ന കോണ്‍ക്രീറ്റ് വനങ്ങള്‍ക്കിടയില്‍ കലര്‍ന്നു പടര്‍ന്നിരിക്കുന്ന കണ്ണീരുപ്പിന്റെ കഥ, പക്വതയില്ലാത്ത പ്രണയം ഒരു അഴിയാകുരുക്കായി ജീവിതത്തെ വരിഞ്ഞുമുറുക്കുന്ന റോസയുടെ കഥ,
ചെറുത്തുനില്‍പ്പിന്റെ തിരിച്ചുപിടിക്കലിന്റെ മനക്കരുത്തിന്റെ സ്ത്രീ ദര്‍ശനത്തിന്റെ കഥ, തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനത്തിന്റെ ചൂഷണത്തിന്റെ കഥ, മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ക്ക് മുന്നില്‍ തങ്ങളുടെ ആഗ്രഹങ്ങളെ ബലി കഴിക്കേണ്ടിവരുന്ന കുഞ്ഞുമക്കളുടെ ജീവിത പ്രയാസത്തിന്റെ കഥ, പ്രതിഫലേച്ഛയില്ലാത്ത പ്രണയത്തിന്റെ കഥ, ലക്ഷ്യമില്ലാത്ത ജീവിതത്തിന്റെ പരാജയത്തിന്റെ കഥ, നവമാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന ലൈംഗിക അരാജകത്വത്തിന്റെ കഥ.
ചരിത്രം അറിയുമ്പോള്‍ -പുസ്തകം വായിക്കുമ്പോള്‍ മനുഷ്യനെ വായിക്കുമ്പോള്‍-അവയിലേക്ക് നാം ഇറങ്ങി ചെല്ലുമ്പോള്‍ നാം പ്രതിസന്ധികളെ നേരിടാന്‍ കരുത്തുള്ള ഒരു മനുഷ്യനായി തീരും എന്ന മനുഷ്യജീവിതത്തിന്റെ കഥ.
മനുഷ്യജീവിതത്തിന്റെ ചരിത്ര ഭൂമികയിലും വര്‍ത്തമാന കാലജീവിതത്തെരുവുകളിലും ആഴ്ന്നിറങ്ങി - ആയുര്‍ജലം സ്വീകരിച്ച ഈ വേര് മലയോള സാഹിത്യ വായനാ ഭൂമികയില്‍- ഇനിയുമിനിയും ആഴ്ന്നിറങ്ങട്ടെ പടര്‍ന്ന് പന്തലിക്കട്ടെ.
Content Highlights: Veru, Novel, Mini P.C, Rajeesh Aksharavedam, Mathrubhumi