എങ്കള ചീവിത എന്‍തേങ്കു ഇയണ (ഞങ്ങളുടെ ജീവിതം എന്താണിങ്ങനെ)?

ഗോത്രജീവിതത്തിന്റെ ഇരുളടഞ്ഞ ഏടുകളെ വായനക്കാരന്റെ കാഴ്ചവട്ടത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ മലയാളസാഹിത്യത്തില്‍ അപൂര്‍വമായിട്ടെങ്കിലും ഉണ്ടായിട്ടുണ്ട്. നെല്ല്, പൊന്നി, മണാപ്പ, ഉറാട്ടി തുടങ്ങി ഗോത്ര ജീവിതത്തിന്റെ സമഗ്രതയും വൈവിധ്യവും അടയാളപ്പെടുത്തുന്ന മനോഹരമായ ചില കൃതികളുണ്ട്. മനീഷ് മുഴക്കുന്ന് എഴുതി, മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'കീളുവാരങ്ങള്‍' എന്ന നോവല്‍ പ്രമേയപരിചരണത്തില്‍ പൂര്‍വ്വസൂരികളില്‍ നിന്ന് വ്യത്യസ്തമായ ഒരു പാത പിന്തുടരുന്നു.
വയനാട്ടിലെ പണിയ സമുദായത്തെ, വള്ളിയമ്മയുടെ മക്കളെ അഭിസംബോധന ചെയ്യുകയും ചരിത്രത്തിന്റെ നേര്‍രേഖകളെ ഭാവനയുടെ വര്‍ണ്ണത്തൂവലുകള്‍ കൊണ്ട് ജീവസ്സുറ്റ ചിത്രങ്ങള്‍ ആക്കുകയും ചെയ്യുന്ന രീതിയാണ് മനീഷ് പിന്തുടരുന്നത്. ചരിത്രം പലതവണ ആവര്‍ത്തിച്ചിട്ടുള്ളതില്‍ നിന്ന് വ്യത്യസ്തമായി കീളുവാരങ്ങളില്‍ എന്തുണ്ട് എന്ന ചോദ്യത്തിന് പലതരത്തിലുള്ള സാധ്യതകളാണുള്ളത്.
ഒന്ന്, ഭാഷ-പണിയ സമുദായത്തിന്റെ ഭാഷയില്‍ ചിന്തിക്കുകയും മാനക മലയാളത്തില്‍ വിശദീകരിക്കുകയും ചെയ്യുന്ന ആഖ്യാനരീതിയാണിതിലുള്ളത്. പണിയരുടെ പാട്ടുകളും പണിയഭാഷയും പ്രമേയത്തോടൊപ്പം ഏച്ചുകെട്ടലുകളില്ലാതെ തന്മയത്വത്തോടെ അലിഞ്ഞുചേരുന്നു.
രണ്ട്, സാര്‍വലൗകികമാനമുള്ള ഒരു പ്രമേയം. പണിയ സമുദായത്തിലെ കരിയാത്തന്റെയോ വെള്ളന്റെയോ മാലയുടെയോ ജീവിതത്തിനുമപ്പുറം ജാതി,
മതം, സമ്പത്ത്, ഇവയുടെ ആധിക്യം കൊണ്ടുളള അധികാരമനോഭാവം, കുറവുകൊണ്ടുള്ള വിധേയമനോഭാവം, ഇവ തമ്മിലുള്ള സംഘര്‍വും, അധികാരത്തിന്റെ ധാര്‍ഷ്ട്യവും ലോകം മുഴുവന്‍ ഇന്നും പല രീതിയില്‍ നിലനില്‍ക്കുന്നുണ്ട്. അടിച്ചമര്‍ത്തലുകള്‍ നേരിടേണ്ടി വരുന്ന എല്ലാ ജനവിഭാഗങ്ങളെയും ഈ നോവല്‍ അഭിസംബോധന ചെയ്യുന്നുണ്ട്.
മൂന്ന്, പരാജിതരുടെ ഗാഥ എന്നതിനപ്പുറം എങ്ങനെയാണ് പരാജയങ്ങള്‍ സംഭവിക്കുന്നത് എന്നതിലേക്ക് വിരല്‍ചൂണ്ടുന്ന കൃതി എന്ന നിലയിലാണ് കീളുവാരങ്ങള്‍ വായിക്കപ്പെടേണ്ടത്.
കീളുവാരങ്ങള്‍ എന്ന വാക്കിന് പണിയെ സമുദായത്തിന്റെ ജീവിതത്തെ നിയന്ത്രിക്കുന്ന അവരുടെ ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, കര്‍മ്മങ്ങള്‍, വിശ്വാസങ്ങള്‍, പൂര്‍വ്വകാല ജീവിതം, ദൈവങ്ങളുടെയും പരേതാത്മാക്കളുടെയും വെളിപാടുകള്‍ എല്ലാം ചേരുന്ന വിശ്വാസ സംഹിത അല്ലെങ്കില്‍ ന്യായപ്രമാണം എന്നാണര്‍ത്ഥം. പണിയരുടെ കാടകജീവിതത്തിലേക്ക്, കടന്നാക്രമിക്കുന്ന നാട്ടുമനുഷ്യരുടെ കൊള്ളരുതായ്മകളിലേക്ക് അനുവാചകശ്രദ്ധ കൂട്ടിക്കൊണ്ടുപോകുന്ന ഈ കൃതിയുടെ സമര്‍പ്പണം തന്നെ നോവലിന്റെ സ്വഭാവത്തെ വ്യക്തമാക്കുന്നുണ്ട്.
'വിളയിച്ച നെല്ലിന്റെ രുചിയറിയാതെ,
കണ്ടെടുക്കുന്ന കാട്ടുതേനിന്റെ ഗുണമറിയാതെ
വറ്റിയുണങ്ങിയ കണ്ണുനീരിനെ സാക്ഷിയാക്കി
തുടികൊട്ടി, ചീനി വിളിച്ച് ജീവിതത്തിന്റെ നൃത്തം ചവിട്ടേണ്ടി വന്ന അനേകം മനുഷ്യര്‍ക്ക് 'ആണ് ഈ കൃതി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്.
ചീരാളന്റെയും കമ്മട്ടിയുടെയും മകനായ വെള്ളനും ഭാര്യ മാലയ്ക്കും സംഭവിച്ച ദുര്യോഗം, നിയതി പോലെ അടുത്ത തലമുറയിലേക്കും പിന്തുടരുന്നു. പണിയ സമുദായത്തിന്റെ സംസ്‌കാരം പകര്‍ത്തിയതിനാല്‍ ഒരു ചരിത്രപുസ്തകത്തിന്റെ ഗരിമ അവകാശപ്പെടാമെങ്കിലും ഇത് കാല്പനികമായ അനുഭവമായി തീരുന്നത് ആഖ്യാന സവിശേഷതയിലാണ്. കരിയാത്തന്റെ വളര്‍ച്ച വെറും അഞ്ചു വാചകങ്ങള്‍ കൊണ്ടാണ് നോവലിസ്റ്റ് അടയാളപ്പെടുത്തുന്നത്.
'കരിയാത്തന്‍ മോണകാട്ടി ചിരിച്ചു. മാലയുടെ മാറിടത്തില്‍ അവന്റെ അരിപ്പല്ലുകള്‍ നോവുണ്ടാക്കി. കുടിയുടെ അകത്തളങ്ങളില്‍ അവന്റെ കാലുറച്ചു. ചുവടുകള്‍ മണ്ണിനെ തൊട്ടറിഞ്ഞു. കാടിന്റെ ഗന്ധം അവന്റെ ഉള്ളില്‍ പരന്നു. 'കരിയാത്തന്‍ കാടിന്റെ ഗന്ധവും തുടിപ്പും മനസ്സിലാക്കുന്നു. കാടിന്റെ മക്കള്‍ നേരിടുന്ന അനീതികള്‍ തിരിച്ചറിയുന്നു. ചോദ്യം ചെയ്യാനായി അവന്റെ ശബ്ദമുയരുന്നു. പക്ഷേ അതില്ലാതാക്കേണ്ടത് ജന്മിയുടെ ആവശ്യമായിരുന്നു. അതിനാരാണ് കൂട്ടുനില്‍ക്കുന്നത് എന്നതാണ് ഈ നോവലിലെ ഏറ്റവും സംഭ്രമജനകമായ സന്ദര്‍ഭം.
മായി എന്ന ജീവിച്ചിരിക്കുന്ന രക്തസാക്ഷി, മരക്കൊമ്പുകളില്‍ തൂങ്ങിയാടുന്ന യുവതികള്‍, ആരോഗ്യമുള്ളവരെ പണിക്കെടുത്ത് അടിമകളാക്കി അവരുടെ എല്ലാ ആവശ്യങ്ങളെയും നിരാകരിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന അധികാര വര്‍ഗ്ഗം. നമ്മുടെ കണ്ണുകളെ ഈറനണിയിക്കുന്ന ധാരാളം സന്ദര്‍ഭങ്ങള്‍ ഈ നോവലിലുണ്ട്. തന്റെ മരുമകളെ ബലാത്സംഗം ചെയ്തു കൊന്ന കാര്യസ്ഥനില്‍ നിന്ന് തന്നെ അവളുടെ മരണാനന്തര കര്‍മങ്ങള്‍ക്കായുള്ള നിസ്സാരവസ്തുക്കള്‍ക്ക് വേണ്ടി യാചിക്കേണ്ടി വരുന്ന ചീരാളനെ പോലെ ഒട്ടനവധി ആളുകള്‍ ഇന്നും ഭൂമിയില്‍ പലയിടത്തുമുണ്ടാകാം.
മനുഷ്യര്‍ മനുഷ്യരോട് ചെയ്യുന്ന അനീതികളെക്കുറിച്ച് നമ്മള്‍ മുമ്പും കേട്ടിട്ടുണ്ട്. പക്ഷേ പണിയവിശ്വാസപ്രകാരം ഈ ലോകത്തിലെ ജീവിവര്‍ഗ്ഗങ്ങളെ സൃഷ്ടിച്ച കാട്ടുമുത്തിയെ തന്നെ നാവു മുറിച്ച്, അമ്പെയ്ത് കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത്, ഇരുചെവികളും കല്ലുകള്‍ കൊണ്ട് എറിഞ്ഞുടച്ച് തലകീഴായി കെട്ടിത്തൂക്കിയ മനുഷ്യന്‍ സൃഷ്ടികര്‍ത്താവിന് തന്നെ പറ്റിയ തെറ്റാണ് എന്ന് ഈ നോവല്‍ ഉറപ്പിക്കുന്നു
ചരിത്രം സാഹിത്യവത്കരിക്കപ്പെടുന്നതിനോടൊപ്പം ആകാംക്ഷ നിലനിര്‍ത്തുന്ന രീതിയില്‍ ആഖ്യാനത്തില്‍ പുതുമകള്‍ നിലനിര്‍ത്തുന്നുണ്ട്. ചിലയിടങ്ങളില്‍ അപസര്‍പ്പക സ്വഭാവം പ്രകടിപ്പിക്കുന്നുണ്ട്. ക്രൂരന്മാരായ ജന്മികളെ കൊല്ലുന്നതാരെന്ന് വ്യക്തമാക്കാതെ വായനക്കാര്‍ക്ക് കൃത്യമായി ഊഹിക്കത്തക്ക രീതിയില്‍ തെളിവുകള്‍ നല്‍കുന്നു. വയനാടന്‍ ഗോത്രവിഭാഗങ്ങള്‍ക്ക് അവിസ്മരണീയനായ കരിന്തണ്ടനെക്കുറിച്ചുള്ള സൂചനകളും നോവലിലുണ്ട്. തങ്ങളുടെ സംരക്ഷണത്തിനായി ജനിച്ച വള്ളിയൂരമ്മയെ തങ്ങള്‍ക്കപ്രാപ്യമാക്കിയ മതാധിനിവേശം മുതല്‍പലതരത്തിലുള്ള അധിനിവേശങ്ങള്‍ മനുഷ്യജീവിതത്തെ ദുഷ്‌കരമാക്കുന്നതിന്റെ നേര്‍ക്കാഴ്ചകളാണീ നോവല്‍.
Content Highlights: Dr. Swapna C Kombath Reviews the Novel Keeluvarangal by Maneesh Muzhakkunnu