ഭ്രമണപഥത്തില്‍നിന്ന് അകലുന്ന ഒരു ലോകം; സമാന്ത ഹാര്‍വിക്ക് ബുക്കര്‍ നേടിക്കൊടുത്ത നോവിലിനെക്കുറിച്ച്

ഈ വര്‍ഷത്തെ ബുക്കര്‍ പുരസ്‌കാരം നേടിയ ഇംഗ്ലീഷ് എഴുത്തുകാരി സമാന്ത (Samantha Harvey)ഹാര്‍വിയുടെ രചനകള്‍ക്ക് വിര്‍ജീനിയ വൂള്‍ഫിന്റെ എഴുത്തുമായുള്ള സാദൃശ്യം പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വൂള്‍ഫ് തനിക്ക് എപ്പോഴും പ്രചോദനമായിരുന്നുവെന്ന് ഹാര്‍വിയും ഒരു അഭിമുഖത്തില്‍ പറയുന്നു. വൂള്‍ഫിന്റെ The Waves എന്ന നോവലില്‍ പറയുന്നതിങ്ങനെ: ''തീരങ്ങളില്‍നിന്ന് തീരങ്ങളിലേക്ക് ഒഴുകിയടുക്കുന്ന ഒരു കപ്പല്‍വ്യൂഹമുണ്ട് എനിക്ക്. മുങ്ങിപ്പൊങ്ങുന്ന ഒരു നാവികനുവേണ്ടിയുള്ള ചങ്ങാടംപോലെ ഞാനൊരു ചുള്ളിക്കമ്പൊടിച്ചിടുന്നു; കടലിനടിയില്‍നിന്ന് ഉയര്‍ന്നുവരുന്ന കുമിളകള്‍ കാണാന്‍വേണ്ടി ഞാനൊരു കല്ലെടുത്തിടുന്നു.'' ഈ കൗതുകംതന്നെയാണ് സമാന്ത ഹാര്‍വിക്ക് ബുക്കര്‍ സമ്മാനം നേടിക്കൊടുത്ത 'ഓര്‍ബിറ്റല്‍' (Orbital) എന്ന നോവലിലുമുള്ളത്.
ഓര്‍ബിറ്റല്‍ എന്ന നോവലിലെ കഥാപാത്രങ്ങള്‍ എപ്പോഴും വലിയവയിലേക്കുമാത്രം നോക്കുന്നു. കാരണം, ഒരു ബഹിരാകാശനിലയത്തിലെ യാത്രികരാണ് അവര്‍ ആറുപേരും. അതേസമയം, അവര്‍ സ്വന്തം ജീവിതവും നോക്കിക്കാണുന്നു. സമുദ്രങ്ങളും പര്‍വതങ്ങളും ദ്വീപുകളും മഹാസമതലങ്ങളുമുള്ള, നീലനിറമുള്ള ജന്മഗ്രഹത്തില്‍ തങ്ങളുടെ ജീവിതത്തിലെ അവസ്ഥാവിശേഷങ്ങളുടെ നേര്‍ക്കാഴ്ചകളാണ് അവര്‍ കണ്ടെത്തുന്നത്. ഒരേ അസ്തിത്വത്തിന്റെ രണ്ടറ്റങ്ങള്‍!
ഒരു ദിവസംകൊണ്ടാണ് ഈ നോവലിലെ സംഭവങ്ങള്‍ നടക്കുന്നത്. ആ ദിവസം ബഹിരാകാശനിലയം പതിനാറുതവണ ഭൂമിയെ ചുറ്റുന്നു. ആ ബഹിരാകാശക്കപ്പലിനെ പറന്നുനടക്കുന്ന ഒരു മനുഷ്യനായിട്ടാണ് എഴുത്തുകാരി സങ്കല്‍പിക്കുന്നത്. അതിലെ ആന്റണ്‍ എന്നയാള്‍ അതിന്റെ ഹൃദയമാണെന്നും പിയെത്രോ എന്ന കഥാപാത്രം മനസ്സാണെന്നും നെല്‍ എന്ന യാത്രക്കാരി ശ്വാസമാണെന്നും ഷോണ്‍ ആത്മാവാണെന്നും ചിയെ മനഃസാക്ഷിയാണെന്നും റോമന്‍ അതിന്റെ കൈകളാണെന്നും നോവലിസ്റ്റ് എടുത്തുപറയുന്നു. അത് ശരിവെക്കുന്നതാണ് അവരുടെ പ്രവൃത്തികളും.
അതിനൊരു ഉദാഹരണമാണ് പേടകത്തിന്റെ മനഃസാക്ഷിയായ ചിയെ എന്ന ജപ്പാന്‍കാരിയുടെ അമ്മയുടെ മരണം. നാഗസാക്കിയിലെ അണുവിസ്‌ഫോടനത്തിനെ അതിജീവിച്ചവളായിരുന്നു അവര്‍. അതുമാത്രമല്ല, ഭൂമിയിലിരുന്ന് കേള്‍ക്കുന്ന മരണവാര്‍ത്തയല്ല, ഭൂമിക്കുപുറത്ത്, എല്ലാ ഭൂനിയമങ്ങള്‍ക്കും അപ്പുറത്തിരുന്ന് കേള്‍ക്കുന്ന, സങ്കല്‍പിക്കുന്ന മരണം. ഒരുപക്ഷേ ഗുരുത്വാകര്‍ഷണമില്ലാതെ പറന്നുയരുന്ന ഒരു ആത്മാവിനെ കൂടുതല്‍ വേദനയോടെ കാണുന്നതിന് അവിടെയിരിക്കുമ്പോള്‍ ചിയെക്ക് കഴിയുന്നുണ്ടാവണം.
നെല്‍ എന്ന കഥാപാത്രത്തിന്റെ ബഹിരാകാശനടത്തത്തിലൂടെ എഴുത്തുകാരി ഭൗമേതരമായ ഈ അവസ്ഥയെ ഇങ്ങനെ വിവരിക്കുന്നു: 'അവള്‍ താഴോട്ടുനോക്കി. ഭൂമി അതിവേഗം തെന്നി നീങ്ങുകയാണ്. നഗ്‌നമായ, അമ്പരപ്പിക്കുന്ന ഭൂമി. അവിടെനിന്ന് നോക്കുമ്പോള്‍ അതിനൊരു ഖരപദാര്‍ഥത്തിന്റെ രൂപമല്ല ഉള്ളത്, അതിന്റെ പ്രതലം ദ്രവരൂപത്തിലുള്ളതും തിളങ്ങുന്നതുമാണ്.' ദ്രാവകത്തിന്റെ സ്വഭാവം തോന്നിപ്പിക്കുന്ന, ഒഴുകിപ്പോകുന്ന ഈ ഭൂമിയിലേക്ക് നോക്കുമ്പോള്‍ അവരുടെ ചിന്തകളും തെന്നിയൊഴുകുന്നു.
ബഹിരാകാശനിലയത്തിന്റെ മനസ്സായ പിയെത്രോ എന്ന ഇറ്റലിക്കാരനിലൂടെ നോവലിസ്റ്റ് ഈ അവസ്ഥ ഒന്നുകൂടി തെളിച്ചെഴുതുന്നു: 'അയാളൊരു പക്ഷിയാണ്, സങ്കല്പിക്കാനാവാത്ത സ്വാതന്ത്ര്യത്തിലേക്ക് തുറന്നുവിട്ട ഒരു പക്ഷി.' ശാസ്ത്രം മനുഷ്യനുനല്‍കിയ പുരോഗതിമാത്രമല്ല, അതുണ്ടാക്കിയ പ്രതിസന്ധികളെക്കുറിച്ചും പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ചുമൊക്കെ നോവല്‍ ചര്‍ച്ചചെയ്യുന്നുണ്ട് എന്നത് ശരിതന്നെ. പക്ഷേ, പലപ്പോഴും അത് അടിസ്ഥാന ശാസ്ത്രബോധവത്കരണമായി ചുരുങ്ങിപ്പോകുന്നുവെന്ന് തോന്നിപ്പോകും. ഹൈഡ്രജനും ഹീലിയവുമൊക്കെച്ചേര്‍ന്ന് നക്ഷത്രങ്ങളും നക്ഷത്രസമൂഹങ്ങളുമൊക്കെ രൂപംകൊള്ളുന്നതിനെപ്പറ്റിയൊക്കെ എഴുത്തുകാരി വിവരിക്കുന്നത് എന്തിനെന്ന് വായനക്കാര്‍ വിചാരിച്ചാല്‍ തെറ്റുപറയാനാവുകയില്ല. ഈയൊരു പരിമിതിയെ മറികടന്നിരുന്നുവെങ്കില്‍ ഓര്‍ബിറ്റല്‍ കുറെക്കൂടി മെച്ചപ്പെട്ടതാകുമായിരുന്നു.
'മിനുക്കിയെടുത്ത മുത്തുപോലുള്ള ഈ ഗ്രഹത്തിന്റെ മാധുര്യമുള്ള ശബ്ദത്തെ'പ്പറ്റി പറഞ്ഞുകൊണ്ടാണ് നോവല്‍ അവസാനിക്കുന്നത്. 'ഭൂഗോളത്തിന്റെ അതിരില്ലാത്തതും പരസ്പരബന്ധിതവുമായ കാഴ്ച'യാണ് നോവലിലുള്ളതെന്ന് ബുക്കര്‍ പുരസ്‌കാരസമിതി അഭിപ്രായപ്പെട്ടതും അതുകൊണ്ടൊക്കെയായിരിക്കാം. പക്ഷേ, പലപ്പോഴും ഈ പുസ്തകം അത്തരമൊരു പുറംകാഴ്ചമാത്രമായി ചുരുങ്ങിപ്പോകുന്നു എന്നതാണ് വാസ്തവം. ഒരു വര്‍ഷത്തോളം താനനുഭവിച്ച നിദ്രാരാഹിത്യത്തെപ്പറ്റിയുള്ള The Shapeless Unease എന്ന പുസ്തകത്തില്‍ 'വെളിച്ചം പോകുമ്പോള്‍ മുന്നില്‍ വന്നുനില്‍ക്കുന്ന വിശുദ്ധവും പേടിപ്പെടുത്തുന്നതുമായ' വസ്തുക്കളെപ്പറ്റി സമാന്ത ഹാര്‍വി എഴുതുന്നുണ്ട്. എന്നാല്‍, ഈ പുസ്തകത്തിലെ വിശുദ്ധമായ ബിംബങ്ങളെല്ലാം അതിസാധാരണത്വംകൊണ്ടാണ് പലപ്പോഴും ഭയജനകമാകുന്നത്.
Content Highlights: samantha harvey booker prize winning novel orbital review by jayakrishnan