സുലോചന പറഞ്ഞു; 'ആയിരാമത്തെ സ്റ്റേജാകും, എന്നാലും കരഞ്ഞുപോകും'

മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ബൈജു ചന്ദ്രന്റെ 'ജീവിതനാടകം: അരുണാഭം ഒരു നാടക കാലം' എന്ന പുസ്തകം സമ്മാനിച്ച വായനാനുഭവത്തെ കുറിച്ച്;
ഗായികയും ഗാനവും സദസ്സും ഹൃദയംകൊണ്ട് ഒന്നാകുന്ന ഇന്ദ്രജാലം കാണുകയും കേള്ക്കുകയും അനുഭവിക്കുകയും ചെയ്ത അപൂര്വസുന്ദര നിമിഷങ്ങള്. മാനാഞ്ചിറ മൈതാനത്തെ ഓള്ഡ് ഈസ് ഗോള്ഡ് ഗാനമേളാവേദിയിലെ മൈക്കിന് മുന്നില് നിന്നുകൊണ്ട് വയലാറിന്റെ വരികളിലൂടെ, രാഘവന് മാഷിന്റെ സംഗീതത്തിലൂടെ സ്വയം മറന്നൊഴുകുകയാണ് കെ.പി.എ.സി. സുലോചന. സ്റ്റേജിന്റെ ഒരറ്റത്ത് ആ പകര്ന്നാട്ടം കണ്ട് വിസ്മയിച്ചുനില്ക്കുന്നു സൃഹൃത്തും ഗായകനുമായ എം.എസ്. നസീമും ഞാനും. നിറഞ്ഞ സദസ്സില് സൂചി വീണാല് കേള്ക്കാവുന്ന നിശബ്ദത.
സുലോചന പാടുകയാണ്; ശബ്ദത്തില് ഒരു ഗദ്ഗദം ഒളിച്ചുവെച്ചുകൊണ്ട്: 'അഴലിന് പഞ്ചാഗ്നി നടുവില് അഞ്ചിന്ദ്രിയങ്ങളും പുകയുമ്പോള് തൊഴുകൈക്കുടം നീട്ടും ആത്മാവിലിത്തിരി തീര്ത്ഥജലം തരുമോ, തീര്ത്ഥജലം തരുമോ... 'പാട്ട് അവസാന വരിയിലെത്തിയപ്പോള് ആ മുഖത്ത് പൊടുന്നനെ വന്നുനിറഞ്ഞ വിഷാദഭാവം ഇന്നുമുണ്ട് ഓര്മയില്. ഒരു വേള കണ്ണുകള് നിറഞ്ഞൊഴുകുന്നുണ്ടോ എന്നുപോലും തോന്നി. അത്രയും വികാരഭരിതമായിരുന്നു ആലാപനം.
കൂടെ പാടുന്നത് 'അശ്വമേധം' നാടകത്തിലെ സഹഗായകന് കെ.എസ്. ജോര്ജല്ല; ആമച്ചല് രവിയേട്ടനാണ് എന്നാണോര്മ. പ്രായം സുലോചനയുടെ ശബ്ദമാധുര്യത്തിന് തെല്ലൊരു പോറലേല്പ്പിച്ചിരുന്നെങ്കിലും ആലാപനത്തിലെ ഭാവദീപ്തിക്ക് തരിമ്പുമില്ലായിരുന്നു മങ്ങല്. സുതാര്യവും സ്ഫുടവുമായ ആ ഉച്ചാരണത്തിനും.
പാടിത്തീര്ത്ത് ബാക്ക് സ്റ്റേജില് വന്ന സുലോചനചേച്ചി ഒഴിഞ്ഞുകിടന്ന കസേരകളിലൊന്നില് ചെന്നിരുന്നപ്പോള് നസീമിനൊപ്പം അവരുടെ മുന്നില് ചെന്ന് തൊഴുതുനിന്നത് ഓര്മയുണ്ട്. 'കരയിച്ചുകളഞ്ഞു ചേച്ചി'- ഒട്ടും അതിശയോക്തിയില്ലാതെ പറഞ്ഞു.
ഇരുന്നുകൊണ്ടുതന്നെ കൈകള് രണ്ടും ചേര്ത്തുപിടിച്ച് കുറച്ചുനേരം കണ്ണുകളിലേക്ക് ഉറ്റുനോക്കി സുലോചന. എന്നിട്ട് പതുക്കെ പറഞ്ഞു: 'സന്തോഷമുണ്ട് മോനേ. ആയിരാമത്തെ സ്റ്റേജിലാവും പാടുന്നത്. എന്നാലും കരഞ്ഞുപോകും.' അപ്പോഴും ആ കണ്ണുകളിലെ നനവ് ഉണങ്ങിയിരുന്നില്ല.
തിരക്കില് നിന്നും ബഹളങ്ങളില് നിന്നുമകലെ ഏതോ വിദൂരബിന്ദുവില് കണ്ണുനട്ട് ചുറ്റിലും നടക്കുന്നതൊന്നും ശ്രദ്ധിക്കാതെ നിശബ്ദയായി കസേരയില് ചാരിയിരുന്ന നാടകവേദിയിലെ പഴയ താരസുന്ദരിയെ ആരാധനയോടെ നോക്കിനിന്നു ഞങ്ങള്. 'രാജകുമാരിയായിരുന്നു ഒരിക്കല്.' - നസീം മന്ത്രിച്ചു.
അശ്വമേധം നാടകത്തിലെ സരോജയുടെ മുഖമാണോ അതോ ജീവിതനാടകത്തില് ഒരുപാട് വേഷങ്ങള് കെട്ടിയാടാന് വിധിക്കപ്പെട്ട അനുഗൃഹീത കലാകാരിയുടെ ചമയങ്ങളില്ലാത്ത മുഖമാണോ അന്ന് ഞങ്ങള് കണ്മുന്നില് കണ്ടത്? അറിയില്ല. ചിലപ്പോള് രണ്ടുമാകാം.
ബൈജു ചന്ദ്രന് എഴുതിയ 'ജീവിതനാടകം: അരുണാഭം ഒരു നാടക കാലം' എന്ന പുസ്തകം വായിച്ചുതീര്ന്നപ്പോള് അന്ന് കണ്ട സുലോചനയുടെ മുഖം വീണ്ടും ഓര്മയില് തെളിഞ്ഞു. മലയാളികളുടെ എത്രയോ തലമുറകളെ ആലാപനംകൊണ്ടും അഭിനയംകൊണ്ടും വിസ്മയിപ്പിച്ച കലാകാരിയുടെ ജീവിതകഥ. കലയും കാലവും ഇഴചേര്ന്നുകിടക്കുന്നു ഈ പുസ്തകത്തില്. ഭാഗ്യനിര്ഭാഗ്യങ്ങളും ഉയര്ച്ചതാഴ്ചകളും പ്രതിസന്ധികളും നിറഞ്ഞ സുലോചനയുടെ നാടക ജീവിതത്തെ ഹൃദയംകൊണ്ട് അടയാളപ്പെടുത്തുകയാണ് ബൈജു. വെറുമൊരു ജീവിതകഥക്കപ്പുറത്ത് കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിലൂടെയുള്ള ഒരു ഗവേഷണ കുതുകിയുടെ ഏകാന്തപ്രയാണം കൂടിയാകുന്നു അത്.
എത്രയെത്ര അനശ്വരമുഖങ്ങളാണ് ഈ താളുകളില് പ്രകാശം പരത്തി നില്ക്കുന്നത്: തോപ്പില് ഭാസി, വയലാര്, ദേവരാജന്, കെ.എസ്. ജോര്ജ്ജ്, അഡ്വ. ജനാര്ദ്ദനക്കുറുപ്പ്, കാമ്പിശ്ശേരി, പി.ജെ. ആന്റണി... അവരുടെയൊക്കെ ജീവിതത്തിലെ അധികമാരുമറിയാത്ത മുഹൂര്ത്തങ്ങള് ബൈജുവിന്റെ വാക്കുകളിലൂടെ ഇതള്വിരിയുമ്പോള് മാഞ്ഞുപോയ ഒരു കാലം പുനര്ജനിക്കുന്നു നമുക്ക് മുന്നില്. ആ കാലത്തെ ഒഴിച്ചുനിര്ത്തി മലയാളിക്കൊരു രാഷ്ട്രീയചരിത്രമില്ല. നന്ദി ബൈജു ചന്ദ്രന്, ഒരു ജീവിതകഥയെ ഹൃദ്യമായ വായനാനുഭവമാക്കിയതിന്.
Content Highlights: Book review of Jeevithanatakam biography of KPAC Sulochana