സാഹിത്യത്തിലേക്കും സിനിമാ പറുദീസയിലേക്കും നടത്തിയ ‘മായാസഞ്ചാരം’, മധുപാലിൻെറ പുസ്തകം

മധുപാലിൻെറ മായാസഞ്ചാരം എന്ന പുസ്തകത്തെക്കുറിച്ച്.
'സിനിമ പാരഡിസോ'യിലെ 'സാൽവത്തോർ' തന്റെ ഓർമകളിലേക്ക് ഊളിയിടും പോലെയാണ് മലയാള സിനിമയിലെ ഏറ്റവും ഗൃഹാതുരമായ 90 കളിലേക്കു തന്റെ ഓർമകുറിപ്പുകളായ മായാസഞ്ചാരത്തിലൂടെ മധുപാൽ വായനക്കാരെ കൂട്ടികൊണ്ടു പോകുന്നത്. വായനയുടെ ആഴക്കയങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു സാഹിത്യപ്രേമിയുടെ വായനയേയും ഒരു യാത്രയിൽ സഹയാത്രികൻ വായിക്കുന്നത് കണ്ടു ആ പുസ്തകം ഒന്ന് വായിച്ചുനോക്കുന്ന ഹ്രസ്വസമയ വായനക്കാരന്റെ വായനയെയും ഒരു പോലെ രസിപ്പിക്കുന്ന ഒരു പുസ്തകം ആയി മായാസഞ്ചാരത്തെ ആസ്വാദന തലത്തിൽ അടയാളപ്പെടുത്താം.
സാധാരണ ആത്മകഥപരമായ കുറിപ്പുകളിൽ കാണുന്ന 'ഞാൻ' എന്ന ഭാവം തെല്ലും ഇല്ലാതെ മുൻവിധികൾ ഒന്നും ഇല്ലാതെ വായനക്കാരൻ കാണുന്ന പോലെ നിഷ്പക്ഷമായി സിനിമാജീവിതങ്ങളെ അവയുടെ തീക്ഷ്ണത ഒട്ടും ചോർന്നു പോകാതെ തന്നെ അവതരിപ്പിച്ചിട്ടുണ്ട് എന്നത് മധുപാലിലെ സാഹിത്യകാരനും സിനിമാക്കാരനും തമ്മിൽ ഉള്ള സമന്വയം കണ്ടെത്തലായി തോന്നി. അവതാരികയിൽ പി.ഫ്. മാത്യൂസ് പറയുംപോലെ മധുപാലിന്റെ സാഹിത്യ ഭംഗിയുള്ള ഭാഷയുടെ നിയോഗം ഒരു പക്ഷെ സിനിമാ പിന്നണി കാഴ്ചകൾ ഇത്ര മനോഹരമായി അനുഭവവേദ്യമാക്കാനാവും.
ഒരു കാലത്തേ മലയാളത്തിലെ കോടമ്പാക്കം ആയ തിരുവന്തപുരം അരിസ്റ്റോ ജംഗ്ഷനും മദ്രാസിലെ കോടമ്പാക്കത്തിനും ഇടയിൽ ഓടുന്ന തീവണ്ടി പോലെ പുസ്തകത്തിലെ ഓർമകൾ സഞ്ചരിക്കുന്നു. ചിലർ ദീർഘദൂരം യാത്ര ചെയ്യുമ്പോൾ ചിലർ ഹ്രസ്വദൂര യാത്രയും എന്നാൽ ചിലരാകട്ടെ യാത്ര ആരംഭിക്കാതെ ആദ്യ സ്റ്റോപ്പിൽ തന്നെ ഇറങ്ങുകയോ ഇറക്കി വിടപ്പെടുകയോ ചെയ്യപ്പെടുന്നുമുണ്ട്.
അനിശ്ചിതത്വങ്ങളുടെ കൊടും തിരമാലകളോട് മല്ലിട്ടാണ് ഓരോ സിനിമയും തീയേറ്ററിലെ വെള്ളപ്രതലത്തിൽ സ്പർശിക്കുന്നു എന്ന യാഥാർഥ്യത്തിലേക്ക് എത്തിച്ചേരുന്നത്. ആ യാത്രയെ ഒട്ടും അതിഭാവുകത്വങ്ങൾ ഇല്ലാതെ അവതരിപ്പിക്കുമ്പോൾ നഷ്ടപ്പെട്ട് പോയതോ കൈവിട്ടു പോയതോ ആയ വലിയ അവസരങ്ങളിൽ ദുഃഖിതനാവാതെയും ആഗ്രഹിക്കാതെ വന്നു ചേർന്ന വലിയ സൗഭാഗ്യങ്ങളെ അനുഗ്രഹമായും നിമിത്തമായും കണ്ടു ഒരു മികച്ച ജീവിതവീക്ഷണം കൂടെ ആകുന്നു മായാസഞ്ചാരം.
ഒരു പക്ഷെ തന്റെ ഗുരുതുല്യനായ ഭരത്ഗോപിക്കു ഒരു ഗുരു ദക്ഷിണ ആയി മധുപാൽ ഈ പുസ്തകത്തെ കണ്ടിരിക്കണം. സിനിമയും കലാജീവിതവും ജീവശ്വാസമായി കണ്ട ഒരുപറ്റം കലാകാരന്മാർ ഈ മായാസഞ്ചാരത്തിൽ വായനക്കാരനോടൊപ്പം ഉണ്ടാകും. നെടുമുടി വേണു, ലെനിൻ രാജേന്ദ്രൻ, രാജീവ് അഞ്ചൽ, ഒരു തവണ മാത്രം വന്നു പോകുന്ന കലാഭവൻ മണി, എന്നും നമ്മളെ വിസ്മയിപ്പിക്കുന്ന ലാലേട്ടനും തന്റെ കുസൃതി ചിരിയുമായി ഈ സഞ്ചാരത്തിൽ കൂടെയുണ്ട്.
ഇത് വായിച്ചു പുസ്തകം വായനക്കെടുക്കുന്ന വായനക്കാരന്റെ അനുഭൂതികളെ തല്ലികെടുത്തുന്ന ഏതൊന്നും ഈ കുറിപ്പിൽ ഉണ്ടാകരുതെന്ന നിർബന്ധബുദ്ധി ഈ എഴുത്തിൽ എനിക്കുണ്ടയിരുന്നു. കാരണം ഈ പുസ്തകം ഓരോ വായനക്കാരനേയും കൂട്ടിപോകാൻ സാധ്യതയുള്ള തീർത്തും വ്യത്യസ്ത മായാസഞ്ചാര അനുഭൂതി അവരിൽ നിന്നും കവരരുത് എന്ന അതിയായ ആഗ്രഹം. ഈ സഞ്ചാരം നിങ്ങളുടെ അനുഭൂതികൾക്കു വിടുന്നു.
കാശ്മീരത്തിലെ ആ ഹിന്ദിക്കാരൻ വില്ലനും വാർധക്യപുരാണത്തിലെ വൈശാഖനും ഒക്കെ ആയി നമ്മുടെ മുന്നിലേക്ക് എത്തുന്നതിനുമുമ്പ് സഹസംവിധയകനായും ദൂരദർശൻ സീരിയലുകളിലെ പിന്നണിയിലും പ്രവർത്തിച്ചിരുന്ന മധുപാൽ, അച്ഛന്റെ തീയറ്ററിൽ നിന്നും സാഹിത്യത്തിലേക്കും സിനിമാ പറുദീസയിലേക്കും നടത്തിയ മായാസഞ്ചാരം മികച്ച ഒരു വായനാനുഭവമാണ്.
Content Highlights: Reflective memoir capturing the essence of 90s Malayalam cinema., Unbiased, narrative-driven account of the industry's behind-the-scenes., Tribute to legendary figures like Bharath Gopi, Nedumudi Venu, and Lenin Rajendran., Explores the transition from theater roots to mainstream filmmaking., A blend of literary beauty and cinematic history.