‘ലാസ്റ്റ് ഷോ’; ‘സിനിമാഭ്രാന്തന്മാരുടെ’ സുവിശേഷ പുസ്തകം

#ഡോ. സ്വപ്ന.സി. കോമ്പാത്ത്
മുഹമ്മദ് അബ്ബാസ്, പുസ്തകത്തിന്റെ കവര്‍ പേജ്
മുഹമ്മദ് അബ്ബാസ്, പുസ്തകത്തിന്റെ കവര്‍ പേജ്

“Cinema should make you forget you are sitting in a theater”
-Roman Polansky

ജീവിതത്തിന്റെയും തിയേറ്ററിന്റെയും ഇരുളിൽ ഒളിഞ്ഞിരിക്കുന്ന ഓർമകളുടെ കെട്ടഴിക്കുകയാണ് ‘ലാസ്റ്റ് ഷോ’യിലൂടെ മുഹമ്മദ് അബ്ബാസ്. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പ്രസ്തുത  പുസ്തകത്തെക്കുറിച്ചുള്ള കുറിപ്പ് വായിക്കാം.

വനവനെ മറന്നിരുന്നിരുന്നാസ്വദിക്കാൻ കഴിയുന്ന ദൃശ്യമാധ്യമമായ ചലച്ചിത്രത്തിന്റെ ജനപ്രീതി നാൾക്കുനാൾ വർധിച്ചുവരികയാണ്. മനുഷ്യനിന്നോളം സൃഷ്ടിച്ച കലാരൂപങ്ങൾക്കൊന്നും തന്നെ അവകാശപ്പെടാനില്ലാത്ത ജനപ്രീതിയും സ്വീകാര്യതയും പ്രാരംഭം മുതൽ ഇന്നുവരെ നിലനിർത്തിപ്പോരുന്ന കലാരൂപം കൂടിയാണ് സിനിമ. മുഹമ്മദ് അബ്ബാസിന്റെ ലാസ്റ്റ് ഷോ സിനിമയും ജീവിതവും ഇടകലർന്ന വെള്ളിത്തിരയുടെ 11, കാഴ്ചയനുഭവമാണ്.

പതിനൊന്ന് തലക്കെട്ടുകളിലായി മലയാള സിനിമയിലെ പ്രസിദ്ധരായ ചില താരങ്ങളുടെ കാഴ്ചയിലൂടെ, അഭിനയവർണനയിലൂടെ, അവരോടുള്ള ആരാധനയിലൂടെ സിനിമയെന്ന മാധ്യമം ഒരു കാലഘട്ടത്തെ ജനജീവിതത്തെ സ്വാധീനിച്ചതെങ്ങനെ എന്ന് വ്യക്തമാക്കുന്ന രീതിയിലാണ് ലാസ്റ്റ് ഷോ സംവിധാനം ചെയ്തിരിക്കുന്നത്. കണ്ടതും കേട്ടതും അനുഭവിച്ചതുമായ സിനിമാകാര്യങ്ങളെ മനോഹരമായ ആഖ്യാനത്തിലൂടെ സിനിമയെ വെല്ലുന്ന ദൃശ്യാനുഭവമാക്കുകയാണ് മുഹമ്മദ് അബ്ബാസ്.

സല്ലാപത്തിലെ രാധ എന്ന കഥാപാത്രത്തെ അനശ്വരമാക്കിക്കൊണ്ടാണ് മഞ്ജു വാര്യർ മലയാള സിനിമയിലിടം പിടിക്കുന്നത്. ആദ്യ സിനിമാകാഴ്ചയിൽ തന്നെ തന്റെ ഹൃദയത്തിൽ ഇടംപിടിച്ച മഞ്ജു എന്ന താരവിഗ്രഹത്തോടുള്ള ആരാധനയെ വിശദമാക്കുന്നതിനോടൊപ്പം റാസ് അൽ-ഖൈമയിലെ ലേബർ ക്യാമ്പിന്റെ ഓർമകൂടി ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വെള്ളിത്തിരയിൽ അധികമൊന്നും ഇടം പിടിച്ചിട്ടില്ലാത്ത പ്രവാസികളുടെ ദുരിതജീവിതത്തിലേക്ക് കൂടി അബ്ബാസിന്റെ ക്യാമറക്കണ്ണുകൾ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു.

സാഹിത്യത്തെക്കാൾ സിനിമ മനുഷ്യരെ സ്വാധീനിക്കുമോ എന്ന് ചോദിച്ചാൽ സ്വാധീനിക്കും എന്ന് തന്നെയാണ് ഉത്തരം എന്ന് പ്രസ്താവിച്ചുകൊണ്ട് തുടങ്ങുന്ന മമ്മൂട്ടി എന്ന് ലേഖനം രണ്ടു തലമുറ പുരുഷന്മാരുടെ സൗന്ദര്യസങ്കല്പത്തെ സ്വാധീനിച്ച താരം എന്ന നിലയിൽ മമ്മൂട്ടിയെ വിലയിരുത്തുന്നു ഒപ്പം സിനിമയെ വെല്ലുന്ന ഒരു മുച്ചീട്ട് കളിയനുഭവവും വരച്ചിടുന്നു.

ബോധമില്ലാതെ കിടക്കുന്ന ഒരു കള്ളുകുടിയന്റെ പോക്കറ്റിൽ നിന്നും വീണ അഞ്ച് രൂപ കട്ടെടുത്ത് ആദ്യം കണ്ട മോഹൻലാൽ ചിത്രം ഉണ്ണികളെ ഒരു കഥ പറയാം എന്ന സിനിമയിൽ തുടങ്ങി കിരീടവും ചെങ്കോലുമടക്കം നിരവധി സിനിമാനുഭവങ്ങളിലൂടെ മോഹൻലാലിനെ അവതരിപ്പിച്ച്, ഇഷ്ടപ്പെട്ട സിനിമകളും പാട്ടുകളുമെടുത്താൽ അതിലേറെയും മോഹൻലാൽ സിനിമകളും അതിലെ പാട്ടുകളുമാണെന്ന് തുറന്നു പറഞ്ഞാണ് അദ്ദേഹം ആ ലേഖനം അവസാനിപ്പിക്കുന്നത്.

എല്ലാ ദുരിതങ്ങൾക്കുമപ്പുറം സിനിമയെന്ന അത്ഭുതം മാടി വിളിക്കുന്ന കൗമാരക്കാലത്തെ കൂടിയാണ്, 'നടത്തത്തിലും നോട്ടത്തിലും ചിരിയിലും കാന്തശക്തിയുള്ള' രഘുവരൻ എന്ന നടനെക്കുറിച്ചുള്ള എഴുത്തിൽ വിശദീകരിക്കുന്നത്. ദൈവത്തിന്റെ വികൃതികളിലെ അൽഫോൺസച്ചനെ അനശ്വരമാക്കിയ രഘുരനെക്കുറിച്ച് ഇത്രയും ആത്മാർത്ഥമായ ഒരു എഴുത്ത് ഇതിനു മുമ്പുണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്.

70കളിലും 80കളിലും ജനിച്ച ഓരോ തമിഴൻകുട്ടിയും പലവട്ടം കേട്ടിട്ടുള്ള 'നീ രജനിയാളാ, ഇല്ലെ കമലോടെ ആളാ?' എന്ന് ചോദ്യത്തിലൂടെ രജനീകാന്തിന്റെ ജനപ്രിയതയിലേക്ക് വിരൽചൂണ്ടുന്ന ലേഖനമാണ് രജനികാന്ത്. രജനികാന്തും മമ്മൂട്ടിയും ചേർന്നഭിനയിച്ച ദളപതി സിനിമയുടെ റിലീസ് ദിവസം നടന്ന സിനിമയെ വെല്ലുന്ന അനുഭവങ്ങളാണ് ഈ ഒരു ലേഖനത്തിന്റെ ഹൈലൈറ്റ്. 'നാൻ സൂപ്പർസ്റ്റാർ രജനികാന്തോടെ ആള് താം.' എന്ന് വായിച്ചു തീരുമ്പോൾ നമ്മളും അറിയാതെ പറഞ്ഞു പോകും.

ഒരു സുഹൃത്തിന്റെ നഷ്ടപ്രണയത്തെ വായനക്കാരന്റെ നെഞ്ചിൽ തറയ്ക്കുന്ന അനുഭവമാക്കി മാറ്റുമ്പോൾ മലയാളത്തിന്റെ മഹാനടി ഉർവശിയെ കൂട്ടുപിടിക്കുന്ന സുന്ദരമായ കരവിരുതാണ് ഉർവശി എന്ന ലേഖനത്തിന്റെ ആത്മാവ്. വൈവിധ്യമുള്ള ഒട്ടനേകം നടിമാരുടെ കൂട്ടത്തിൽ നിന്ന് മത്സരിച്ചഭിനയിച്ച് മലയാള സിനിമയിൽ തന്റെ ഇടം നേടിയയെടുത്ത പ്രതിഭയാണവർ.

തലയണമന്ത്രം, പൊന്മുട്ടയിടുന്ന താറാവ്, കടിഞ്ഞൂൽ കല്യാണം, കഴകം എന്നീ സിനിമയിലെ കഥാപാത്രങ്ങളെക്കുറിച്ചെഴുതി, 'ഈ ഉർവശിയെ ഞങ്ങൾക്കായി കാത്തുവെച്ച കാലത്തിന്റെ കനിവിന് നന്ദി' എന്നവസാനിപ്പിക്കുന്ന ലേഖനം മികച്ച വായനാനുഭവമാണ്.

'ജമാഅത്തെ ഇസ്ലാമിയായ സഹോദരന്റെ തല്ലുകളെ മറികടന്നുള്ള ഒരു വിപ്ലവ പ്രവർത്തനമായിരുന്നു സിനിമകാണൽ' എന്ന് സധൈര്യം തുറന്നു പറഞ്ഞുകൊണ്ട് നെടുമുടി വേണുവിന്റെ അഭിനയപാടവത്തിലേക്ക് വിരൽ ചൂണ്ടുന്ന ലേഖനം മൂത്ത സഹോദരന് പിന്നീട് വന്ന മാറ്റത്തിലേക്ക് കൂടി പരിണമിക്കുന്നുണ്ട്. അതോടൊപ്പം തന്നെ നെടുമുടി വേണുവിന്റെ അഭിനയജീവിതം 'തകര'യിൽ നിന്ന് 'ഇഷ്ട'ത്തിലേക്ക് കടക്കുന്നതിന്റെ മാജിക്കും കൂട്ടിവായിക്കാം.

മലയാള സിനിമയിലെ പെരുന്തച്ചനായ തിലകനെക്കുറിച്ചുള്ള ലേഖനത്തിൽ കാലം ഒരുപാട് പിന്നിലേക്ക് പോകുന്നു. മറ്റുള്ളവരുടെ ജനലഴികളിൽ തൂങ്ങിക്കിടന്നുകൊണ്ട് സിനിമ കണ്ടിരുന്ന ആ പഴയ കാലത്തിലേക്ക് അബ്ബാസ് നമ്മളെ കൊണ്ടുപോകുമ്പോൾ, ആ രചനയുടെ അവസാനത്തിൽ ഒരു സ്ത്രീ അബ്ബാസിനെ 'സിൽമാപ്പിരാന്തൻ' എന്നു വിളിക്കുമ്പോൾ നമ്മളും അറിയാതെ വിളിച്ചുപോകും. ഭാര്യക്കേറ്റവുമിഷ്ടമുള്ള സിനിമ നടനായ ജയറാമിനെ, കൊറോണക്കാലത്തെ ദുരിതനിവാരകനായി അബ്ബാസ് ചേർത്തുവായിക്കുന്നതാണ് ജയറാം എന്ന ലേഖനം.

അബ്ബാസ് മാനസികമായി തളരുന്നു എന്ന് തോന്നുമ്പോൾ ഇന്നസെന്റിന്റെ തമാശ വീഡിയോകൾ കാണിക്കലായിരുന്നു ഭാര്യ കണ്ടെത്തിയ പ്രതിവിധി എന്ന് രേഖപ്പെടുത്തുന്ന ഇന്നസെന്റ് എന്ന ലേഖനം ആ ഹാസ്യപ്രതിഭയ്ക്ക് നൽകുന്ന ഏറ്റവും വിലപ്പെട്ട ആദരവാണ്.

കലാഭവൻ മണിയുടെ മരണം അവരുടെ കുടുംബത്തിന്റെ ദുഃഖമായിരുന്നു എന്ന് സൂചിപ്പിക്കുന്ന കലാഭവൻ മണിയുടെ അഭിനയ മുഹൂർത്തങ്ങളെക്കുറിച്ചുള്ള ലേഖനം മണിയെ അന്ധമായ ആരാധിച്ചിരുന്ന ഭാസ്‌കരേട്ടന്റെയും സരോജിനിയേച്ചിയുടെയും കൂടി ജീവിതമാണ്.

വലിയ മാളുകളിലെ റിക്ലെയ്‌നറുകളിലിരുന്ന് സിനിമ കാണുന്നവർക്ക്, ഓൺലൈനിലൂടെ ചിത്രങ്ങളുടെ വിജയ പരാജയങ്ങൾ നിർണയിക്കുന്നവർക്ക്, മറഞ്ഞിരുന്നുകൊണ്ട് യുദ്ധം നടത്തി സിനിമകളെയും അഭിനേതാക്കളെയും ചിത്രവധം ചെയ്യുന്നവർക്ക്, സിനിമകളെക്കുറിച്ച് ഘോരഘോരം പ്രഭാഷണം ചെയ്യുന്നവർക്ക് ഒന്നുമറിയാത്ത സിനിമയ്ക്ക് വേണ്ടി മാത്രം ജീവിച്ചു മരിക്കുന്ന, സിനിമ എക്കാലത്തെയും വലിയ ഇൻഡസ്ട്രി ആക്കി മാറ്റിയ എ ക്ലാസ്, ബി ക്ലാസ്, സി ക്ലാസ് സിനിമാ തീയറ്ററുകളിൽ തങ്ങളുടെ സമ്പാദ്യം മുഴുവനർപ്പിച്ച സിനിമയെ വിശ്വാസമായും മതമായും കണ്ട ഒരു വലിയ ആൾക്കൂട്ടത്തിന്റെ കാഴ്ചയാണ് ഈ പുസ്തകം പ്രദാനം ചെയ്യുന്നത്. 

തിയറ്ററിലിരുന്ന് കണ്ണു നനഞ്ഞും കൈയടിച്ചും കൂക്കി വിളിച്ചും നമുക്കീ പുസ്തകം വായിക്കാം. അത്രമേൽ സിനിമാറ്റിക്കായ പുസ്തകമാണിത്. കാണികൾ സിനിമയെ നിർമിക്കുന്നുവെന്നോ അതോ സിനിമ കാണികളെ സൃഷ്ടിക്കുന്നുവെന്നോ മറിച്ചും തിരിച്ചും ചിന്തിക്കാൻ സഹായിക്കുന്ന 'സിൽമാപ്രാന്തന്മാരുടെ' സുവിശേഷപുസ്തകമാണ് ‘ലാസ്റ്റ് ഷോ’.

Content Highlights: Explore Muhammad Abbas`s `Last Show` – a book of 11 essays blending cinema, life, and memories.