തോറ്റവന്റെ ആത്മരക്തം വീണ അക്ഷരങ്ങള്‍ ഓര്‍മകളുടെ ചൂടേല്‍ക്കുമ്പോള്‍...

#കെ.പി. സുധീര
നോവലിൻെറ കവർ
നോവലിൻെറ കവർ

സജി ജോസഫ് എഴുതിയ ഇന്നലെകളിലാണെന്റെ സ്വര്‍ഗം എന്ന നോവലിന് കെ.പി സുധീരയുടെ ആസ്വാദനം.

യുദ്ധഭീഷണിയും രാസലഹരിയും വര്‍ഗസമരവും തിളച്ചുമറിയുന്ന വര്‍ത്തമാന സംസ്‌കൃതിയില്‍ കാല്‍ വെന്തുനില്‍ക്കും നേരം അകം കുളുര്‍പ്പിച്ചൊരു വായന. അതാണ് സജി ജോസഫിന്റെ ഇന്നലെകളാണെന്റെ സ്വര്‍ഗം എന്ന നോവല്‍. സര്‍ഗാത്മകത ജ്വലിച്ച് നില്‍ക്കുന്ന ഭാഷയും സങ്കേതവും കൊണ്ട്  അമ്പരപ്പിക്കുന്നുണ്ട് ഈ നോവല്‍.

 പുസ്തകം മുഴുവനും വായിച്ചു തീരുമ്പോള്‍ അനുവാചകന്‍ വായനയുടെ ആനന്ദദുഃഖങ്ങളറിയുന്നു. ഏകാന്തതയുടെ നൊമ്പരമാണ് എഴുത്തുകാരന്റെ ഊര്‍ജം. അവന്റെ അന്തരാത്മാവ് മൗനമായ അഗ്‌നി പോലെ ആളിക്കൊണ്ടിരിക്കയാണ്. സൈക്കിള്‍ ടയര്‍ ഉരുട്ടി പിറവത്തിന്റെ നാട്ടിന്‍ പുറത്തുകൂടെ ഓടി നടന്ന ഒരു ബാലന്‍ നോവലിസ്റ്റിന്റെ ഉള്ളില്‍ ഇന്നും ഉണ്ടെന്ന് തോന്നും. ബാല്യകാലത്തിന്റെ വളപ്പൊട്ടുകള്‍ വീണുകിടക്കുന്ന സ്വന്തം ഗ്രാമമാണ് അയാള്‍ക്ക് സ്വര്‍ഗം. ഓലപ്പന്തും പമ്പരവും കടലാസുതോണിയും സ്മൃതിയില്‍നിന്ന് അകന്ന് പോകാത്തൊരു കുട്ടി. 

നോവലിന്റെ ആമുഖമായി നോവലിസ്റ്റ് എഴുതുന്നു: 'ഇതില്‍ യാതൊരു കാല്‍പ്പനിക സാഹിത്യവും കണ്ടെത്താനാവില്ല. വാക്കുകളും പ്രയോഗങ്ങളും സാഹിത്യ സമ്പുഷ്ടീകരിച്ചതുമല്ല. കണ്ടതും കേട്ടതും അറിഞ്ഞതും തൊട്ടതുമാണ് ഇതിവൃത്തം. ചാരത്തു കണ്ടവരാണ് കഥാപാത്രങ്ങള്‍, അവരുടെ നിശ്വാസങ്ങളാണിതിന്റെ ജീവന്‍. ഓരോ കഥാസന്ദര്‍ഭങ്ങളും ജീവിതതന്തുവില്‍ എവിടെയൊക്കയൊ കൂട്ടിയിണക്കിയ കശേരുക്കള്‍ പോലെ കെട്ടുപിണഞ്ഞിട്ടുണ്ട്. ഓര്‍മകള്‍ക്ക് മജ്ജയും അസ്ഥിയും മാംസവും ത്വക്കും വച്ചുപിടിപ്പിച്ച് വീണ്ടും ജീവശ്വാസം നിറച്ചപ്പോള്‍ ഇതിലെ ഓരോ അക്ഷരങ്ങളിലും അവര്‍ ഇപ്പോഴും ജീവിക്കുന്നു.'

തോറ്റവന്റെ കഥയാണ് ഈ നോവല്‍. കുട്ടിക്കാലം മുതല്‍ ആരൊക്കേയോ തോല്‍പ്പിച്ച ക്രിസ്റ്റഫര്‍ എന്ന കുട്ടിക്ക് മത്സരിക്കാന്‍ പേടിയായിരുന്നു. ജയിക്കില്ല എന്ന തോന്നല്‍. തോറ്റാല്‍ നാണക്കേട്. മത്സരിച്ചില്ലെങ്കില്‍, ജയവുമില്ല തോല്‍വിയുമില്ല എന്ന് ധരിക്കുന്ന അവന്റെ കൗമാരം അവനില്‍ ആഴത്തില്‍ മുറിവേല്‍പിച്ചിരുന്നു. 

ഒരു തരത്തില്‍ നോക്കിയാല്‍ ജീവിതത്തിലെ പല ഘട്ടങ്ങള്‍ കഴിയുംതോറും ഓരോ അനുഭവവും ഓരോ കഥകളായി മാറും, ആ കഥകള്‍ക്കാവും ഏറ്റവും ജീവന്‍ ഉണ്ടാവുന്നത്. ചിലപ്പോള്‍ ആ കഥയെ തേടിപ്പോകല്‍ ആയിരിക്കും ആ മടക്കയാത്ര. കടന്നുപോയ ആ നിമിഷങ്ങളില്‍ ഒന്നു കൂടി ജീവിക്കുവാന്‍ - 'Memories are quite complex, their existence is often incomprihensible.' സജി എഴുതുന്നു. 

ഗണിതശാസ്ത്രതമെന്ന മഹാമേരു അവനു മുന്നില്‍ ദ്രംഷ്ട്രകള്‍ കാണിച്ച് കണ്ണുരുട്ടി നാവു നീട്ടിനിന്നു. അവനെ ഭയപ്പെടുത്തി. സ്‌കൂളിലും അവന്‍ പലവുരു അപമാനിക്കപ്പെട്ടു. സങ്കലനവിദ്യയും ഗുണനവിദ്യയും കിഴിയ്ക്കലും അവന്റെ തലച്ചോറിനു പാകപ്പെട്ടുവെങ്കിലും, ഹരണമെന്ന ഗണിത മാന്ത്രികവിദ്യയ്ക്കു മുന്നില്‍ അവന്റെ മസ്തിഷ്‌കം മലക്കം മറിഞ്ഞു. ഒരിക്കലും പിടികൊടുക്കാതെ വഴുതിയകലുന്ന ഹരണമെന്ന കാര്‍ക്കശ്യക്കാരനു മുന്നില്‍ പാവം ക്രിസ്റ്റി പതറി പകച്ചുനിന്നു. സങ്കലനപ്പട്ടികയും ഗുണനപ്പട്ടികയും അനായാസേന മനഃപാഠമാക്കിയെങ്കിലും, വഴിക്കണക്കിലും മനക്കണക്കിലുമെല്ലാം വഴിയറിയാതെ ഉഴറി നടന്നു. തടിച്ച കണക്കു പാഠപുസ്തകം കൈ കൊണ്ടു തൊടാന്‍ അവന്‍ ഭയപ്പെട്ടു. കണക്കു പീരിയഡും കണക്കു മാഷും അവന് പേടി സ്വപ്നമായി. കയ്യില്‍ ചൂരല്‍ വടിയും ചോക്കു കഷ്ണങ്ങളുമായി കാലില്‍ ആണി രോഗമുള്ള ചുവന്ന കണ്ണുകളും കുറ്റിത്തലമുടിയുമുള്ള കണക്കു മാഷ് ക്ലാസ്സ് മുറിയിലേക്ക് വരുന്നതുകാണുമ്പോഴേ അവന്റെ നെഞ്ചിടിപ്പ് ഉയരും.

കണക്കു തെറ്റിച്ചാല്‍, 'ഞാന്‍ ക്ണാപ്പന്‍' എന്ന് പറഞ്ഞ് ക്ലാസില്‍ പത്ത് തവണ ഏത്തമിടുവിച്ച ക്രൂരനായ അധ്യാപകന്‍!- അയാളറിയുന്നില്ല ഒരു കുഞ്ഞിന്റെ ഹൃദയത്തെ അയാളെത്രമേല്‍ മുറിവേല്‍പിച്ചിരിക്കുന്നുവെന്ന്! 

ഈ പുസ്തകം ഒരു നാടിന്റെ സംസ്‌കാരം, സംസ്‌കൃതി, ഐതിഹ്യം, ചരിത്രം, നാടന്‍ കഥാപാത്രങ്ങള്‍ അവരുടെ ആത്മനൊമ്പരങ്ങള്‍ അവര്‍ പറഞ്ഞു കേട്ട കഥകള്‍... ഇതെല്ലാം നമുക്ക് മുമ്പില്‍ തുറക്കുന്നു. 'ഇന്നുകളില്‍ ജീവിക്കാനും നാളെയെ സ്വപ്നം കാണാനും അയാള്‍ക്ക് കഴിഞ്ഞെങ്കില്‍ എന്ന് അയാളുടെ ഡോക്ടര്‍ ആശിച്ചുപോകുന്നു. ഒരിക്കലും സൂര്യനുദിക്കാത്ത മനസ്, ഒന്നിലും സന്തോഷം കാണാത്ത ആത്മാവ്. അവന് ആള്‍ക്കൂട്ടത്തെ ഭയമാണ്. ശബ്ദം, വെളിച്ചം ഇവ അരോചകമാണ്.

കൈശോര പ്രണയനഷ്ടവും യൗവത്തിന്റെ പ്രണയഭംഗവും ഒരാളുടെ വ്യക്തിത്വത്തെ എത്രമേല്‍ ബാധിക്കുന്നു എന്ന് വായനക്കാരന്‍ ചിന്തിച്ചുപോകും. അന്യര്‍ നിരന്തരം തോല്‍പിച്ചുകൊണ്ടിരുന്നാല്‍ അന്തര്‍മുഖത്വം വളരും. അഗാധമായ മോഹഭംഗവും നിരാശയും ഒറ്റപ്പെടലും മനുഷ്യരെ വിഷാദരോഗത്തിലേക്കും, ബൈപോളാറിലേക്കും, മൂഡ്‌സ്വിംഗുകളിലേക്കും തള്ളിവിടുന്നു. ഇതാണ് ക്രിസ്റ്റിക്ക് സംഭവിക്കുന്നത്.

ക്രിസ്റ്റിക്ക് പ്രണയമെന്നാല്‍, നിറഞ്ഞ ആകുലതകളായിരുന്നു. 'പ്രണയവിരഹങ്ങള്‍ അസഹനീയവും ആത്മാവില്‍ തീ പടര്‍ത്തുന്നതുമായിരുന്നു. അപ്പോഴത്തെ ജീവിതം യൗവ്വനതീഷ്ണവും ഹൃദയം പ്രണയസുരഭിലവും തന്നെയായിരുന്നു. സ്‌കൂളിലെയായിരുന്നാലും കോളേജിലാണെങ്കിലും വഴിവക്കിലെ പ്രണയമാണെങ്കിലും പിരിഞ്ഞിരിക്കുമ്പോഴും കാണാമറയത്തായിരിക്കുമ്പോഴും പഴുപ്പ് നിറഞ്ഞിരിക്കുന്ന പരുവിന്റെ വിങ്ങലായിരുന്നു ഹൃദയത്തിന്.'- സജി എഴുതുന്നു.

പ്രണയത്തിലുള്ള ലാളിത്യമായിരുന്നു ഇന്നത്തേതില്‍ നിന്നുമുള്ള വ്യത്യസ്ഥത. ഈ യുഗത്തിലെ 'ഹൈടെക്' പ്രണയങ്ങളില്‍ സ്വകാര്യതയില്ലെന്നുള്ളതാണ് അതിന്റെ ഊഷ്മളത കുറഞ്ഞുപോകാനുള്ള കാരണം. മഷിപ്പേനയുടെ തുമ്പുകൊണ്ട് വെള്ളപേപ്പറില്‍ വടിവൊത്ത അക്ഷരങ്ങളില്‍ കോറിയിട്ട് പരസ്പരം അത്രമേല്‍ സ്വകാര്യമായി കൈമാറ്റം ചെയ്യപ്പെടുന്ന കത്തുകള്‍ തന്നെയായിരുന്നു പ്രണയബന്ധങ്ങള്‍ക്കിടയിലെ രസച്ചരട്. കത്തുകളിലെ മഷിപടര്‍ന്ന പ്രണയസുരഭിലമായിരുന്ന അക്ഷരങ്ങള്‍ക്ക് മത്തുപിടിപ്പിക്കുന്ന ലഹരിയായിരുന്നില്ലേ? വായിച്ചാലും വായിച്ചാലും മതിവരാതെ ഒളിഞ്ഞും മറഞ്ഞുമിരുന്നു ആവര്‍ത്തനം ചെയ്യപ്പെടുന്ന പാരായണങ്ങള്‍ മനസ്സില്‍ മഞ്ഞുപെയ്യിച്ചിരുന്നില്ലേ? കത്തുവെച്ച പുസ്തകവും നോട്ടുബുക്കും കൈമാറുമ്പോള്‍ ഹൃദയം വല്ലാതെ മിടിക്കാത്തവരുണ്ടായിരുന്നോ? മറുവാക്കു കേള്‍ക്കാനുള്ള കാത്തിരിപ്പിന് യുഗങ്ങളുടെ ദൈര്‍ഘ്യം തോന്നിയിട്ടില്ലേ? ഉവ്വ്... തീര്‍ച്ചയായും ഉണ്ട്.

കൊച്ചുകൊച്ചു കാര്യങ്ങള്‍ മതിയായിരുന്നു ദിവസങ്ങളോളം മനസ്സില്‍ നിരാശ കൂടുകെട്ടാന്‍, വാതിലുകളും ജാലകങ്ങളും അടയാന്‍, ശൂന്യത നിറയാന്‍, മൗനിയാവാന്‍, കണ്ണുനിറയാന്‍, മറ്റാരും കാണാതെ വെറുതെ കരയാന്‍...അതായിരുന്നു ക്രിസ്റ്റി.

വേദനകളെ, സങ്കടങ്ങളെ മനസ്സിലിട്ടു താലോലിക്കുന്നതില്‍ ഒരു തരം സുഖം കണ്ടെത്തിയിരുന്നോ? ചിരിക്കാന്‍ എന്നും പിശുക്ക് കാണിച്ചിരുന്നു അവന്‍. 'നിനക്കു ചിരിക്കാന്‍ അര്‍ഹതയില്ല...കരഞ്ഞോളൂ എത്ര വേണമെങ്കിലും...കരയാനാണ് എനിക്കിഷ്ടം.' ക്രിസ്റ്റിയുടെ മനസ്സ് അനാവരണം ചെയ്യപ്പെടുകയാണിവിടെ.

ഒരു നല്ല സിനിമ കണ്ടാല്‍, ഒരു നല്ല പുസ്തകം വായിച്ചുകഴിഞ്ഞാല്‍ ഉളവാകുന്ന ആത്മസംതൃപ്തിയും അസ്വസ്ഥതയും ആണ് സൃഷ്ടിയെ  മൂല്യവത്താക്കുന്നത്. സംഘര്‍ഷമില്ലെങ്കില്‍ കലയില്ല. നിരന്തരം സംഘട്ടനങ്ങള്‍ നിറഞ്ഞ ഒരാത്മാവിന്റെ പ്രകാശനം- അതിലൂടെ ഒരു ഗ്രാമത്തിന്റെ വിശുദ്ധിയേയും സമൃദ്ധിയേയും ഭൂതത്തേയുമാകമാനവും തുറന്നുകാട്ടല്‍. അക്കാലത്തെ രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിലേക്ക് കണ്ണോടിക്കല്‍- കക്കയം ക്യാമ്പും, അടിയന്താവസ്ഥയും മന്ത്രിസഭകളും ഒരു കുട്ടിയിലേക്ക് മുതിര്‍ന്നവര്‍ പകരുന്ന അറിവായി സന്നിവേശിക്കപ്പെടുന്നു. കാലത്തിലേക്ക് തിരിച്ചുപിടിച്ച കണ്ണാടിയായിത്തീര്‍ന്നിരിക്കുകയാണ് സജി ജോസഫിന്റെ നോവല്‍. 


 

Content Highlights: kp sudheera review saji joseph novel innalakalanente swargam