‘കമ്പിളികണ്ടത്തെ കൽഭരണികൾ’; അത്ഭുതപ്പെടുത്തുന്ന അതിജീവനത്തിന്റെ കഥ

എഴുത്ത് ലളിതമാണ്, പക്ഷേ അനുഭവങ്ങൾ അതിതീക്ഷ്ണമാണ്. പ്രതീക്ഷയുടെ ഒരു കച്ചിതുരുമ്പു പോലുമില്ലാതെ വർഷങ്ങളോളം ശുഭാന്ത്യത്തിന് കഠിനാധ്വാനം ചെയ്ത ഒരു കുടുംബം. നാളെ എന്ത് എന്ന് ചിന്തിക്കാൻ പോലും കഴിയുന്നില്ല. എന്നിട്ടും ഇന്നത്തെ പല കുടുംബങ്ങളിലും കണി കാണാൻ കിട്ടാത്ത ആത്മവിശ്വാസത്തോടെ ഒത്തൊരുമയോടെയുമുള്ള മുന്നേറ്റം. 'വിശപ്പ്' അത് മാറാത്തിടത്തോളം അഹന്തയ്‌ക്കോ, അസൂയയ്‌ക്കോ, സ്വർത്ഥതയ്‌ക്കോ സ്ഥാനമില്ല. വയർ എന്ന് പരിപൂർണമായി നിറയുന്നോ അന്ന് മനുഷ്യന്റെ ആഗ്രഹങ്ങളും പ്രാധാന്യങ്ങളും മാറുന്നു എന്നതിന്റെ ഒരു അനുസ്മരണം കൂടിയാണ് കഥയുടനീളം. അതിജീവനത്തിനും ഒരു അതിരൊക്കെ ഇല്ലേ. എന്ത് കുടുംബമാണിത്... അവസാനിക്കാത്ത പ്രത്യാശ. ബൈബിൾ അക്ഷരം പ്രതി മക്കൾക്ക് പ്രവർത്തിച്ച് കാണിച്ചുകൊടുത്ത ഒരു അമ്മ. ഇവരെയൊക്കെ അല്ലേ വിശുദ്ധരാക്കേണ്ടത്.
ആത്മഹത്യയിൽ നിന്ന് കരകേറിയാൽ പിന്നെ അപാര ധൈര്യമാണ്. പിന്നെ എങ്ങനെയും ജീവിച്ചു കേറാനുള്ള ഒരു ത്വരയാണ്. സമ്പത്തില്ലെങ്കിൽ മനുഷ്യൻ അധസ്ഥിതനാണെന്ന് എല്ലാ കാലവും തെളിയിക്കപ്പെട്ടിട്ടുള്ളതാണല്ലോ. കടം ചോദിക്കില്ലെന്ന് ഉറപ്പായാൽ മാത്രമേ പിന്നെ അന്തസ്സും ആഭിജാത്യവും കല്പിച്ചു നൽകൂ. മറ്റുള്ളവർക്ക് എന്ത് കൂടുതലുണ്ട് എന്ന് വ്യാകുലപ്പെടാൻ വിശപ്പ് മാറിയിട്ട് വേണമല്ലോ. ചെറിയ പ്രായത്തിൽ തന്നെ ഈ കഥയിലെ കുട്ടികൾ പരസ്പരം താങ്ങാവുന്നത് സ്‌നേഹം എന്ന ഒറ്റ നൂൽ ബന്ധത്തിലാണ്. പരിമിതമായ ലോക കാഴ്ചകൾ മാത്രമായതിനാൽ ബാല്യത്തിന് അന്ന് സംതൃപ്തി ഉണ്ടായിരുന്നു. ജീവിതത്തിൽ എങ്ങനെയെങ്കിലും രക്ഷപ്പെടാനായി കുട്ടികളെ അനാഥാലയത്തിൽ കൊണ്ടുവിടേണ്ടി വന്ന ആ അമ്മയുടെ മനസ്സിന്റെ നീറ്റലിനോട് പരിഭവമില്ലാതെ ചേർന്നു നിന്ന ആ കുഞ്ഞുങ്ങളെ ഒന്ന് ചേർത്ത് അണയ്ക്കാൻ തോന്നി.
ഉച്ചിഷ്ടക്കുഴിയിൽ നിന്ന് മുങ്ങി കേറുമ്പോഴും ഒരു നേരത്തെ ഭേദപ്പെട്ട ഭക്ഷണം മാത്രമാണ് പ്രേരക ഘടകമായത്. വായിക്കുന്ന ആരുടെയും ഉള്ള് പൊള്ളിക്കുന്ന യാതന. ഭക്ഷണം കഴിക്കാനില്ലാത്തവരോട് ജാതിയുടെയും മതത്തിന്റെയും വേദാന്തം ഓതുന്നവർ... അവസരം മുതലാക്കി പീഡനത്തിനൊരുങ്ങുന്നവർ… എങ്കിലും പരിഭവം എന്നൊന്ന് ഈ എഴുത്തിലില്ല. അത് ആ അമ്മയുടെ കരുത്താണ്. ബൈബിളിലെ ധൂർത്ത പുത്രനെപ്പോലെ അമ്മയിൽ നിന്ന് ആ മകൻ ഓടി അകലുന്നത് സുഖലോലുപനാവാനല്ല. ജീവിതം കരുപിടിപ്പിക്കാനുള്ള കഠിനമായ ആഗ്രഹത്തിലാണ്. പലപ്പോഴും പല സാധാരണക്കാരും പ്രതീക്ഷിക്കാതെ സംരക്ഷകരാകുന്നു. അവരുടെ നന്മയിൽ നിന്ന് ബാബുവിന്റെ ഭാവിയിലെ വെളിച്ചവും കാണുന്നു. അത്ഭുതത്തോടെയാണ് അതെല്ലാം വായിച്ചത്. എന്റെ പിതാവ് എപ്പോഴും പറയുന്നതുപോലെ പലതരം കഥാപാത്രങ്ങൾ - പല രൂപത്തിൽ, സ്വഭാവത്തിൽ ഉള്ളവർ കൂടിച്ചേരുമ്പോഴേ ജീവിതത്തിന് നിറം ഉണ്ടാകൂ. എല്ലാവരും ഒരുപോലെ, നമ്മൾ പ്രതീക്ഷിക്കുന്ന പോലെ മാത്രം പെരുമാറിയാൽ, ചിന്തിച്ചാൽ ജീവിതം ശരിയായ രീതിയിൽ ഭംഗിയാവില്ല. എല്ലാവർക്കും അതിജീവനത്തിന്റേതായ ഒരു കഥയെങ്കിലും ഉണ്ടാകണം. ഇല്ലെങ്കിൽ ജീവിതം പെട്ടെന്ന് മടുക്കും.
പിതാവെന്ന നിലയ്ക്ക് ബാബുവിന്റെ അപ്പൻ സ്വഭാവ വൈകല്യത്തിന്റെ പരമ കോടിയിൽ നിൽക്കുമ്പോഴും, അമ്മയുടെ സ്വഭാവ സർട്ടിഫിക്കറ്റ് തയ്യാറാക്കാൻ നടക്കുന്നത് നമ്മുടെ നാട്ടു നടപ്പ്. അമ്മ തന്റെ സഹജമായ വാത്സല്യം പുറത്തെടുക്കാൻ പോലും പറ്റാതെ ജീർണിച്ച ജീവിത യാഥാർത്ഥ്യങ്ങളോട് മല്ലടിക്കുമ്പോൾ, അവർ വിഴുങ്ങിയ യാതനകൾ ശരീരം ഏറ്റെടുത്ത് ക്യാൻസർ കോശങ്ങളായി പുറത്ത് വിട്ടു. എന്നിട്ടും അവർക്ക് പരിഭവമില്ല. ആ അവസ്ഥയിലും അവരെ ശുശ്രൂഷിക്കേണ്ടിടത്ത് സമൂഹം അനുവദിച്ചു കൊടുത്ത പുരുഷ ഗർവ്വോടെ അപ്പൻ മദ്യലഹരിയിൽ ലക്ക് കെടുന്നു. എങ്കിലും കുടുംബം എന്നത് അക്ഷരംപ്രതി നന്ദിക്കുന്നേൽ മേരിയുടെ കൈയിൽ ഭദ്രം.
ബാബു ഒന്ന് തിരിഞ്ഞു നോക്കി ജീവിതാലോകനം ചെയ്ത് ജീവിച്ചിരുന്നെങ്കിൽ ഇന്ന് വിഷാദ രോഗിയായി ജീവിതം അവസാനിപ്പിച്ചേനെ. മാനസികാരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന എന്റെ അനുഭവത്തിൽ പലപ്പോഴും ചില ക്ലയന്റ്സ്(Clients)രോഗാവസ്ഥയിൽ അടിയുന്നത് എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ജീവിതം സ്വർഗതുല്യമായി മാറിക്കഴിയുമ്പോഴാണ് എന്ന് തോന്നിയിട്ടുണ്ട്. കാരണം ഇനി അതിജീവിക്കാൻ ഒന്നുമില്ല എന്ന തോന്നൽ. എല്ലാ നിറവിലും സന്തോഷിക്കാൻ പറ്റാത്ത അവസ്ഥ. അതിജീവന ഘട്ടത്തിൽ മനസ്സും ശരീരവും ചിന്തകളും ശക്തമായ യുദ്ധ സന്നാഹങ്ങളിലായിരിക്കും. എങ്ങനെയെങ്കിലും രക്ഷപ്പെടണം. അത് കഴിയുമ്പോൾ പിന്നെ ലക്ഷ്യമില്ലാത്ത അവസ്ഥയിലായി. ഈ ജീവിത കഥയിൽ അത്ഭുതപ്പെടുത്തുന്ന ഒന്ന് അതിജീവനത്തിന്റെ കാലയളവാണ്. ഈ നീളുന്ന കാലയളവിൽ കരകയറി പോരുക എന്നത് എളുപ്പമല്ല.
ജീവിതം എങ്ങനെയായിരിക്കണം എന്നുള്ളത് ഒരു തീരുമാനത്തിലധിഷ്ഠിതമാണ്. അത് ഒരു തെരഞ്ഞെടുപ്പ് കൂടിയാണ്. സന്തോഷത്തിനും ഉന്നമനത്തിനുമായി ചഞ്ചലതയില്ലാതെ നിലനിൽക്കണം എന്ന് നമ്മൾ തീരുമാനിച്ചാൽ തന്നെ എഴുപത് ശതമാനം നമ്മൾ നേടിയെന്നു പറയാം. ബാക്കി സാഹചര്യം കൂടെ ചേരുമ്പോൾ കുറെയേറെ ശരിയാകും. അതിൽ ഉറച്ചുനിൽക്കുക എന്നത് ശ്രമകരമായ ഒരു തപസ്യയാണെന്നത് ഉറപ്പാണ്. എങ്കിലും നമ്മൾ ആരോടൊപ്പം സഹവസിക്കുന്നു എന്നുള്ളത് അതിന്റെ ഊർജ്ജത്തെ നിശ്ചയിക്കുന്നു. മേരിയും മക്കളും ഒരുമിച്ച് ഒരേ തീരുമാനത്തിലായിരുന്നു. അവർ പിന്നെ പിന്തിരിഞ്ഞു നോക്കിയില്ല. സ്വയം താഴ്ത്തപ്പെടാനുള്ള തീരുമാനങ്ങൾ എടുക്കാൻ പുറംലോകത്തെ അനുവദിച്ചില്ല. ബാബു എബ്രഹാം തന്റെ ഓർമകളിൽ നിന്നെഴുതിയ ഈ ജീവിതഗാഥയിലെ മറ്റ് കഥാപാത്രങ്ങളായ സഹോദരിമാരുടെ ഓർമകളും എഴുതപ്പെടാനിടയാകട്ടെ. എല്ലാവരും ചേർന്നെഴുതിയ ജീവിത കഥ മംഗളമായി പര്യവസാനിക്കപ്പെട്ടപ്പോൾ അവരെയെല്ലാം നേരിൽ കാണാനും സംസാരിക്കാനും വായനക്കാർക്ക് തോന്നുന്നതിൽ അതിശയോക്തിയില്ല. സമചിത്തതയോടെ മേരി എന്ന അമ്മയോട് എല്ലാവരും ചേർന്ന് നിന്നപ്പോൾ അതിജീവനത്തിന്റെ മാറ്റ് കൂടി.
പുതിയ തലമുറയ്ക്ക് അതിജീവനത്തിന്റെ വഴികൾ വേറെയാണ് ആഗ്രഹങ്ങൾ വേറെയാണ് കാഴ്ചകൾ വേറെയാണ്. അവരെ തൃപ്തിപ്പെടുത്താൻ എളുപ്പമല്ല. കാരണം ലോകക്കാഴ്ചകൾ മുഴുവൻ കുഞ്ഞൻ സ്‌ക്രീനിൽ കണ്ട് മതിമറന്നിരിക്കുകയാണ്. അടുത്തിരിക്കുന്ന കുഞ്ഞു സന്തോഷങ്ങൾ അവർക്ക് ഉദ്ദീപനമാകുന്നില്ല. അപ്രാപ്യമായവയാണ് അവരുടെ സന്തോഷങ്ങൾ.
ഈ ജീവിത കഥ ഞാൻ ഒറ്റ ദിവസംകൊണ്ടാണ് വായിച്ചു തീർത്തത്. മനഃശാസ്ത്രം തന്നെ എഴുത്തുകാരന്റെ മേഖലയിലായയത് വളരെ വിസ്മയിപ്പിച്ചു. സന്തോഷിപ്പിച്ചു. കാരണം ജീവിതാനുഭവം ഉള്ള ഒരാൾക്ക് ഏറ്റവും നന്നായി കൈകാര്യം ചെയ്യാൻ പറ്റുന്ന മേഖല. വാക്കുകളിലൂടെ അനുഭവങ്ങൾ രചയിതാവ് ഈ സമൂഹത്തിന് സമർപ്പിക്കാൻ തയ്യാറായത് വളരെ നല്ല ഒരു നേട്ടവും സമൂഹത്തിന് ഒരു അനുഗ്രഹവുമാണ്. ഈ പുസ്തകം മുഴുവൻ വായിച്ചതിനു ശേഷമാണ് മുഖവുര വായിച്ചത്. അതിലേറെ വിശേഷപ്പെട്ട എഴുത്ത്. ഇത് തലമുറകൾക്ക് വേണ്ടിയുള്ള അക്ഷരങ്ങളും വാക്കുകളും വാചകങ്ങളുമാണ്. മനസ്സ് നീറിയെങ്കിലും ഉയിർത്തെഴുന്നേൽപ്പ് ഉത്തേജനമായി. കുടുംബത്തിന് ഒരു വലിയ കൂപ്പുകൈ.
(തൃശ്ശൂർ പുതുക്കാട് പ്രാജ്യോതി നികേതൻ കോളേജിലെ അസ്സോസിയേറ്റ് പ്രൊഫസർ/ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആണ് ലേഖിക)
Content Highlights: A raw and authentic memoir depicting extreme poverty and family survival., Highlights the power of unity and maternal strength in overcoming life's hardships., Analyzes the psychological aspects of trauma, resilience, and the human spirit., Reflects on the contrast between past survival struggles and modern-day expectations., A testament to the importance of perseverance and shared goals within a family unit.