ലക്കോട്ടും കാരശ്ശേരിയിലെ കിസ്സകളും

#ജോണി എം എല്‍
-
-

പ്രഭാതത്തില്‍ ചായയ്ക്കൊപ്പം വായിക്കാനെടുത്തത് 'കാരശ്ശേരിയിലെ കിസ്സകള്‍' എന്ന, കാരശ്ശേരി മാഷ് എഴുതിയ ലഘുപുസ്തകമായിരുന്നു. രസകരം എന്നേ പറയേണ്ടൂ. പക്ഷെ ഇവിടെ ഞാന്‍ പറയാനുദ്ദേശിക്കുന്നത് അതിലെ ഒരു സന്ദര്‍ഭത്തെക്കുറിച്ചു മാത്രമാണ്. മൂത്താപ്പയായ ചെറിയ കോയാക്കുട്ടി ഹാജി എന്ന മുതലാളിയെക്കുറിച്ചാണല്ലോ പുസ്തകം. അതില്‍ അദ്ദേഹം കത്തെഴുതുന്നതും വായിക്കുന്നതുമായ ഒരു രംഗമുണ്ട്. കാര്‍ഡ് ആണ് പഥ്യം. അവശ്യം സന്ദര്‍ഭങ്ങളില്‍ മാത്രം ഇന്‍ലാന്‍ഡ്. പ്രധാനപ്പെട്ട കാര്യങ്ങള്‍ മാത്രമേ ലക്കോട്ടില്‍ ഇടൂ. 'ലക്കോട്ട്' എന്ന പദത്തില്‍ എന്റെ ശ്രദ്ധയും ഓര്‍മ്മയും ഉടക്കി നിന്നു.

സ്‌കൂള്‍മുറ്റത്തേയ്ക്ക് ഓടിയ ഓര്‍മ്മകള്‍ ചെന്ന് നിന്നത് ഇന്ദുലേഖ എന്ന ഉപപാഠപുസ്തകത്തിലായിരുന്നു. അതില്‍ എവിടെയോ ലക്കോട്ട് എന്ന പദം വരുന്നുണ്ട്. അതോ, 'വക്കീലന്മാരുടെ കൊളംബ്' എന്ന പേരില്‍ ശാരദയില്‍ നിന്ന് ഇളക്കിയെടുത്ത ഒരു അധ്യായം പഠിക്കാനുണ്ടായിരുന്നതില്‍ ആയിരുന്നോ. എന്തായാലും രണ്ടിന്റെയും പിതാവ് ചന്തുമേനവന്‍ തന്നെ ആയിരുന്നല്ലോ. വക്കത്തുകാര്‍ക്ക് ഇന്‍ലന്‍ഡും കാര്‍ഡും ഏര്‍മെയില്‍ എന്ന് വിളിച്ചിരുന്ന എയര്‍ മെയിലും കമ്പിയും മാത്രമേ അറിയാമായിരുന്നുള്ളൂ. ഈ ലക്കോട്ട് എന്ന പദം വന്നപ്പോള്‍ ടീച്ചര്‍ ഓതിരം കടകം മറിഞ്ഞു അന്തരീക്ഷത്തില്‍ ഉയര്‍ന്നു മറഞ്ഞു പോകുന്നതായാണ് കണ്ടത്. ചോദിയ്ക്കാന്‍ ഒരാളുമില്ല. ടൂട്ടോറിയല്‍ കോളേജില്‍ പോയി ചോദിച്ചപ്പോള്‍ അവിടെ നിന്ന് കിട്ടിയ ഉത്തരം, 'പച്ചക്കദളിക്കുലകള്‍ക്കിടെക്കിടെ/മെച്ചത്തില്‍ നന്നായ് പഴുത്ത പഴങ്ങളും /പച്ചരത്‌നക്കല്ലുമൊന്നിച്ചു കോര്‍ത്തുള്ള/മാലകള്‍ കൊണ്ട് വിതാനിച്ച ദിക്കെന്ന്..' ഉള്ള പദ്യശകലത്തിലെ 'ക്കിടെക്കിടെ' എന്നതിന്റെ അര്‍ഥം ചോദിച്ചപ്പോള്‍, 'എടാ വാഴത്തോട്ടത്തിലാണല്ലോ ഭീമന്‍ കയറിയത്, ഉണങ്ങിയ വാഴയിലകള്‍ ഒടിഞ്ഞു വീണു കാറ്റത്ത് തമ്മില്‍ത്തട്ടി ഉണ്ടാക്കുന്ന ശബ്ദത്തെ കവി പറഞ്ഞിരിക്കുന്നതാണ്' എന്ന അര്‍ത്ഥത്തിലാണ് ഒരാള്‍ വിവരിച്ചത് എന്നത് പോലുള്ളതായിരുന്നു.

കാരശ്ശേരിയിലെ കിസ്സകള്‍ വാങ്ങാം.

(ജനകന്‍തന്‍ വില്ലൊടിഞ്ഞൊച്ച കേട്ട് ദിഗന്തങ്ങള്‍ നടുങ്ങി' എന്നതില്‍ 'ഞൊച്ച' എന്ന പദത്തിന്റെ അര്‍ത്ഥവും, 'തൂമ തേടും തന്‍ പാള കിണറ്റിലിട്ടോമല്‍കൈയാല്‍ കയറു വലിച്ചുടന്‍' എന്നതില്‍ 'ട്ടോമല്‍' എന്നതിന്റെ അര്‍ത്ഥവും, 'തെക്കേത്തലയ്ക്കലെതിര്‍ത്തരിപുക്കളെ കൊന്നൊടുക്കീ വാനരനായകന്മാര്‍' എന്നതിലെ 'തൃത്താരിപ്പൂക്കള്‍', 'വാനരനായ 'കന്‍മാര്‍' എന്നിവയുടെ അര്‍ത്ഥവും, 'രാമനോ മുണ്ടില്ല, ലക്ഷ്മണനോ തോര്‍ത്തില്ല' എന്ന് വരെയൊക്കെ മലയാളകവിതയില്‍ നിന്ന് ഹാസ്യം ഉണ്ടാക്കിയെടുക്കാന്‍ പര്യാപ്തമായിട്ടുണ്ട്).

ലക്കോട്ട് എന്നാല്‍ കവര്‍ ആണെന്ന് മനസ്സിലാക്കിയത് വളരെക്കാലം കഴിഞ്ഞായിരുന്നു. അധ്യാപികയാകട്ടെ, 'വിട്ടുംപോയി പറഞ്ഞതുമില്ലത് നങ്ങേലിയ്ക്ക് മറന്നത് കൊണ്ടോ, കണ്ടാല്‍ത്തന്റെ കിടാവിനെ വീണ്ടും കൊണ്ടോടിപ്പോമെന്നു ഭയന്നോ, തിട്ടമതാര്‍ക്കറിയാം,' എന്ന പൂതത്തിന്റെ മട്ടില്‍ ആ അധ്യയനവര്‍ഷം മുഴുവന്‍ കഴിച്ചു കൂട്ടുകയായിരുന്നു. പഠനവേളയില്‍ അങ്ങനെ പലതരം വാക്കുകള്‍, പ്രാദേശികോച്ചാരണങ്ങള്‍ ഒക്കെ മനസ്സിലാകാതെ അന്തം വിട്ടുപോയിരുന്നിട്ടുണ്ട്. ഇംഗ്ലീഷില്‍ ഇനിയും കൃത്യമായി അര്‍ഥം മനസ്സിലാകാത്ത ഒരു വാക്കാണ് 'ടാബുല രസ'. അര്‍ത്ഥമറിയാഞ്ഞിട്ടല്ല; അങ്ങനെയൊരു വാക്കിന്റെ ആവശ്യമുണ്ടോ എന്ന ചിന്തയില്‍ നിന്നാണിത്. എന്തായാലും ലക്കോട്ട് എന്നെ ഇപ്പോള്‍ അതിശയിപ്പിക്കുന്നില്ല. കാരണമെന്തന്നല്ലേ, ഈ അടുത്തിടെ ചില ഡോക്ടര്‍ സുഹൃത്തുക്കളുമായി സംസാരിക്കുന്ന വേളയില്‍ അവര്‍ നടത്തിയ കുമ്പസാരമായിരുന്നു. 'സത്യം പറയാമല്ലോ, ഈ ഹെര്‍ഡ് ഇമ്മ്യൂണിറ്റി, കമ്മ്യൂണിറ്റി സ്പ്രെഡ് എന്നൊക്കെയുള്ളതിന്റെ കൃത്യമായ അര്‍ഥം എനിയ്ക്ക് രണ്ടു ദിവസത്തിന് മുന്‍പാണ് പിടികിട്ടിയത്.' ഹന്ത എന്ന വാക്കിനു എന്തര്‍ത്ഥം എന്ന് ചോദിച്ചപ്പോള്‍ എന്തരോ മഹാനുഭാവുലു എന്ന് വിസ്തരിച്ചു നാലുപാടും നോക്കുന്നത് പോലെ, ഭരതനാട്യത്തില്‍ ചില ചുവടുകള്‍ ഫില്ലറായി ഇടുന്നത് പോലെ, എല്ലാറ്റിനും അര്‍ഥം വേണമെന്ന നിര്ബന്ധമൊന്നുമില്ലല്ലോ.

എം.എന്‍ കാരശ്ശേരിയുടെ പുസ്തകങ്ങള്‍ വാങ്ങാം.

Content Highlights: Johny ML Review on Karasseriyile Kissakal written by MN Karasseri

Content Highlights: