ബ്ലൂബെറീസ്; തോരുദത്തിനൊരു തിലോദകം

#ഡോ. സ്വപ്ന സി. കോമ്പാത്ത്
നോവല്‍ കവര്‍, തോരുദത്ത്‌
നോവല്‍ കവര്‍, തോരുദത്ത്‌

The most memorable people in life will be the friends who loved you  when you weren't very lovable-   A A Milne

ജിസ ജോസ് എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ബ്ലൂബെറീസ് എന്ന നോവല്‍ ഡോ. സ്വപ്‌ന സി കോമ്പാത്തിന്റെ വായനയില്‍.

കവിതയും കൊലപാതകവും തമ്മിലുള്ള ബന്ധം അന്വേഷിച്ചിറങ്ങുന്ന  ബ്ലൂബെറീസ് എന്ന നോവല്‍ കുറ്റാന്വേഷണ സ്വഭാവമുള്ള ഒന്നാണ് 'പക്ഷേ  സാധാരണ കുറ്റാന്വേഷണ നോവലുകളില്‍ നിന്ന് വ്യത്യസ്തമായി വയലന്‍സിന്റെ അതിപ്രസരമില്ലാതെ സ്വാഭാവികതയോടെ ഇതവതരിപ്പിക്കപ്പെടുന്നു. ബ്ലൂബെറീസ് എന്ന നഗരത്തിലെ പ്രസിദ്ധമായ ബേക്കറിയിലെ ജോലിക്കാരായ സ്റ്റെല്ലയും ടിസാമരിയയും ജോലിയില്‍ നിന്ന് പുറത്താക്കപ്പെടുന്നതും പിന്നീട് അവരറിയാതെ ഉള്‍പ്പെട്ടുപോയ ഒരസ്വാഭാവിക മരണത്തിന്റെ കുരുക്കഴിക്കുന്നതുമാണ് ഈ നോവലിന്റെ പ്രമേയം.

വ്യത്യസ്തവും ദുരൂഹവുമായ സാഹചര്യങ്ങളില്‍ ജീവിക്കുന്ന ചിലരുടെ ജീവിതത്തിന്റെ ഏകാന്തതകളിലേക്ക് ഈ നോവല്‍ നമ്മെ കൊണ്ടുപോകുന്നുണ്ട്. ഒപ്പം അത്രയൊന്നും നമ്മള്‍ കേട്ടിട്ടില്ലാത്ത ഒരു സാധാരണപെണ്‍കുട്ടിയുടെ അതിസാധാരണമായ ജീവിതത്തിലേക്ക് കടന്നുപോകാനാകുന്നു. ഒരു ബേക്കറിയിലെ സെയില്‍സ് ഗേളിന്റെ ഒട്ടും മാധുര്യമില്ലാത്ത ജീവിതത്തിലേക്കാണ് ആദ്യം നമ്മള്‍ പോകുന്നത്. അവിടെ നിന്നും സ്വര്‍ണവര്‍ണത്തില്‍ പച്ചക്കായകളെ വറുത്തുകോരിയെടുത്ത് ജയമാലിനി ബേക്കറിയില്‍ രുചിയുടെ ഓളമുണ്ടാക്കിയ എന്നാല്‍ ജീവിതത്തിന്റെ ദുസ്സ്വാദറിഞ്ഞ അവളുടെ അപ്പന്റെ ജീവിതത്തിലേക്കും നമ്മള്‍ കടക്കുന്നു.

പലപ്പോഴും നമ്മള്‍ രുചികരമായ വിഭവങ്ങള്‍ വാങ്ങുന്നതിനായി ബേക്കറികളില്‍ കയറുമ്പോള്‍ അത് എടുത്തുതരുന്നവരുടെ മുഖം പോലും ശ്രദ്ധിക്കണമെന്നില്ല. കേക്കുകളുടെ കാര്യത്തിലാണെങ്കില്‍ രുചിയേക്കാള്‍ നമ്മെ ആനന്ദിപ്പിക്കുന്നത് മനോഹരമായ ഡിസൈനുകളാണ്. അത്ര ഭംഗിയായി അത് ഡിസൈന്‍ ചെയ്യുന്നവരെക്കുറിച്ചും അത്തരം ഡിസൈനുകള്‍ കേക്കില്‍ വിരിയിക്കുന്നവരുടെ മാനസികഭാവങ്ങളെക്കുറിച്ചും നമ്മള്‍ ഓര്‍ക്കണമെന്നു തന്നെയില്ല. അത്തരത്തില്‍ നമ്മളില്‍ നിന്നും മറഞ്ഞുനില്‍ക്കുന്ന നമ്മുടെ രുചിയുടെ ഭാഗമായ ചിലരെ, അവരുടെ ജീവിതത്തെ അടയാളപ്പെടുത്തുന്നു എന്നതാണ് ഈ നോവലിന്റെ ഒരു പ്രത്യേകത.

ജിസ ജോസിന്റെ എഴുത്തുകളിള്‍ എല്ലായ്‌പ്പോഴും വീടുകളും അതിനുള്ള ഉപകരണങ്ങളും ഒക്കെ വന്ന് കഥ പറയുന്നതായി തോന്നാറുണ്ട്. അത്തരമൊരു രചനാങ്കേതമാണ് ഈ നോവലിലും അവര്‍ പിന്തുടരുന്നത്. ഇതിലെ കഥാപാത്രങ്ങളും അവര്‍ താമസിക്കുന്ന ഇടങ്ങളും ചില കഥാപാത്രങ്ങളുടെ വീടുകളെ സംബന്ധിച്ചുള്ള ദുരൂഹതകളും ഗംഭീരമായി അവതരിപ്പിക്കുന്നു. ജിസ ജോസിന്റെ  എല്ലാ കൃതികളിലേതും പോലെ തന്നെ വ്യത്യസ്തതയുള്ള പേരുകള്‍  ഈ കൃതിയെയും വ്യത്യസ്തമാക്കുന്നു.

ഒരു സാഹിത്യസൃഷ്ടി എന്ന നിലയില്‍ ഈ പുസ്തകം ഒരു അനുഭവമാകുന്നത് തോരു ദത്തിനെക്കുറിച്ചുള്ള പരാമര്‍ശത്തിലൂടെയാണ്.' തോരു ദത്തിന്റെ  'സീത' എന്ന കവിതയില്‍ പരാമര്‍ശിക്കപ്പെടുന്ന മൂന്നു കുഞ്ഞുങ്ങളെ പറ്റിയുള്ള വിഷാദ ചിന്തകളില്‍ നിന്ന് ഉടലെടുത്ത ഒരു ഇതിവൃത്തമാണ്  ബ്ലൂബെറീസിന്റെ മാധുര്യം ചാലിച്ചുകൊണ്ട് ജിസ ജോസ് എഴുതിയിരിക്കുന്നത്. ഇരുപത്തിയൊന്നു വയസ്സില്‍ അന്തരിച്ച തോരു ദത്ത് എന്നും തരു ദത്ത് എന്നുമറിയപ്പെടുന്ന തരുലതാദത്തിനെക്കുറിച്ചുള്ള ചിന്തകളും അവരുടെ കവിതകളുടെ പുനര്‍വായനകളും കൂടുതലായി ഉണ്ടാകുവാന്‍ ഈ കൃതി സഹായകമാകുമെന്ന് പ്രതീക്ഷിക്കാം.  ഇന്ത്യന്‍ കീറ്റ്സ്സ് എന്നറിയപ്പെടുന്ന തരുലതാദത്തിനുള്ള ഒരു തിലോദകം പോലെ ഈ കൃതി അനുഭവപ്പെടുന്നു.


 

Content Highlights: dr swapna c kombath reviews jis jose novel blueberries