കുമാരു പിന്നിട്ട കാഴ്ചകള്‍, ജീവിതങ്ങള്‍...

സി.ആര് ഓമനക്കുട്ടന്റെ നോവല്‍ കുമാരുവിന് ശ്രീബ. എം എഴുതിയ ആസ്വാദനം
മലയാളിയുടെ വായനയിഷ്ടങ്ങളില് എന്നെന്നും ചുറ്റിപടര്‍ന്നു കിടക്കുന്ന കവിയാണ് കുമാരനാശാന്. കല്‍ക്കത്തയിലെ ആശാന്റെ യൗവ്വനകാലം അതിമനോഹരമായി ആവിഷ്ക്കരിക്കുന്ന കൃതിയാണ് സി. ആര് ഓമനക്കുട്ടന് എഴുതിയ 'കുമാരു' എന്ന നോവല്‍. കുമാരനാശാന്റെ അധികം ആര്‍ക്കും അറിവില്ലാത്ത കല്‍ക്കത്തയിലെ ജീവിതം ഭാവനയുടെ സാധ്യത ഉപയോഗിച്ച് ഗ്രന്ഥകര്‍ത്താവ് പുനഃസൃഷ്ടിക്കുകയാണ്. മാതൃഭൂമി ബുക്സാണ് പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പുറത്തിറക്കിയത്. സി ആര് ഓമനക്കുട്ടന്റെ മകനും സംവിധായകനുമായ അമല്‍ നീരദിന്റെ കുറിപ്പും പുതിയ പതിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ആശാന്റെ കവിതകളുടെ ഛായ വീണുകിടക്കുന്ന നോവലാണ് 'കുമാരു'. ആ വടവൃക്ഷത്തിന്റെ തണലില്‍ ഓമനക്കുട്ടന്റെ വാക്കുകള്‍ക്ക് ഫിക്ഷന്റെ ഉറപ്പും കവിതയുടെ വശ്യതയും സംഭവിക്കുന്നു. ഹൈമവതഭൂവെന്നും, വിഭാതവേളയെന്നുമെല്ലാം നോവലില്‍ പരാമര്‍ശം ഉണ്ടാകുമ്പോള്‍ മനസ്സ് ആശാനിലെത്തും. ഓരോ വരിയും രാകിമിനുക്കിയെടുത്ത രീതിയിലാണ് നോവലിന്റെ രചനാശില്പ്പം. അത് നവ്യമായ വായനാനുഭൂതി നല്‍കും എന്നതില്‍ സംശയമില്ല. The arrow and the song എന്ന ലോങ്ങ്ഫെല്ലോ കവിതയില്‍ പറയുന്നുണ്ട്, എവിടെയെല്ലാം എത്തിച്ചേരും എന്ന് അറിയാതെ താന്‍ പാടിയപാട്ട്, തന്റെ സുഹൃത്തിന്റെ ഹൃദയത്തില്‍, ഒട്ടും മുറിഞ്ഞുപോകാതെ കണ്ടെടുത്തുവെന്ന്. അതുപോലെ വായിക്കുമ്പോള്‍ അറ്റുപോകാതെ മനസ്സില്‍ കുടിയിരിക്കുന്ന വരികള്‍, അതും മനോഹരമായ ഒരു സിംഫണി പോലെ ചിരകാലവര്ത്തിയായത്.
വാക്കിന്റെ പൂക്കളുടെ അതിമനോഹരമായ വൃഷ്ടിയാണ് ഓമനക്കുട്ടന്റെ എഴുത്തില്‍ സംഭവിക്കുന്നത്. ജീവിതത്തിലെ ഓരോ ഋതു പിറക്കുമ്പോഴും കുമാരു തന്റെ പ്രതിഭയിലേക്ക് ഒരുപടി അടുക്കുന്നു. കുമാരുവിന്റെ ജീവിതം തന്നെ ഇവിടെ കവിതയാകുന്നു, വസന്തത്തില്‍ ഇതളായും മഴയില്‍ ജലകണമായും പിറന്നു വീഴുന്ന അപൂര്‍വ കാവ്യം.
ബംഗാളിന്റെ വശ്യതയില്‍ മുങ്ങിനിവരുന്ന ആഖ്യാനഭംഗി ഗംഭീരമാണ്. ഹൂഗ്ലിയും പ്രസിഡന്‍സി കോളേജും ബംഗാളി സാഹിത്യത്തിന്റെ പ്രഭാവവും നോവലിന്റെ ദേശഭംഗിയെ കൂടുതല്‍ വിശിഷ്ടമാക്കുന്നു. ആശാന്റെ തത്വചിന്താപരമായ അറിവിലേക്ക് വെളിച്ചം തുറക്കുന്ന വാതായനം കൂടിയാണ് ഇവിടെ കല്‍ക്കത്ത. ഇന്ത്യന്‍ നവോത്ഥാനത്തിന്റെ ഈറ്റില്ലമായ ബംഗാളിലെ സാഹിത്യത്തിലുണ്ടായ പുതിയതും പഴയതുമായ പ്രവണതകള്‍ കുമാരുവിന്റെ സര്‍ഗ്ഗശേഷിയെ സവിശേഷമാക്കുന്നുണ്ട്. കല്‍ക്കത്തയിലെ കുമാരു മലയാളക്കരയുടെ ആശാനിലേക്ക് ഉയര്ത്തെഴുന്നേല്ക്കുന്നതുവരെയുള്ള കാല്‍പ്പനിക നിമിഷങ്ങളെ നോവലിസ്റ്റ് ഋതു പരമ്പരകളായി അവതരിപ്പിക്കുന്നു.
കുമാരു പ്രണയത്തിലേക്കും രതിയിലേക്കും മനുഷ്യവികാരങ്ങളുടെ ഗഭീരതയിലേക്കും പടരുമ്പോള്‍ ഒരുപക്ഷെ, ഇങ്ങനെ ഒരു ജീവിതം കുമാരനാശാന് ഉണ്ടായിരിക്കുമോ എന്ന സംശയം വായനക്കാര്‍ക്ക് തോന്നിയേക്കാം. 'You can't depend on your eyes when your imagination is out of focus, 'എന്നുപറഞ്ഞ പോലെ ഫിക്ഷന്റെ, ഭാവനയുടെ സങ്കേതങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ആശാന് പുതിയ ജീവിതം നല്‍കുകയാണ് കുമാരു.
നോവലിലെ ഭാവനയുടെ നഭസ്സില്‍ കുമാരു എത്ര ജീവിതങ്ങള്‍, എത്ര കാഴ്ചകള്‍ പിന്നിടുന്നു.
പാശ്ചാത്യരും പൗരസ്ത്യരുമായ എത്ര കവികളേയും സാഹിത്യലോകങ്ങളെയുമാണ് ഈ നോവല്‍ നമ്മളിലേക്ക് വീണ്ടും എത്തിക്കുന്നത്! വായിക്കുകയാണോ, വരികളിലൂടെ സ്വയം ഒഴുകുകയാണോ എന്ന് വായനക്കാര്‍തന്നെ അത്ഭുതപ്പട്ടേക്കാം. അപാരമായ പ്രകൃതിഭംഗിയിലൂടെയാണ് ഓരോ അധ്യായങ്ങളും കടന്നുപോകുന്നത്. ഓമനക്കുട്ടന്, കവിതയുടെ ആത്മാവിലേക്ക് കണ്ണുതുറന്ന മഹാകവിയെ കുറിച്ചെഴുതുമ്പോള്‍ മണ്ണിന്റേയും ജലത്തിന്റേയും സംഗീതാത്മകത അവിടെ നിറയുന്നു.
വായനയുടെ സവിശേഷമായ ലോകത്ത് കുമാരു എന്ന നോവലിന്റെ സ്ഥാനം വളരെ മഹനീയമാണെന്ന് തന്നെ പറയാം. കവിതയിലൂടെ കവിഞ്ഞൊഴുകിയ ഒരു പ്രതിഭയെ വളരെ ലളിതമായി, എന്നാല്‍ ഭംഗി ഒട്ടും ചോര്‍ന്നുപോകാതെ അവതരിപ്പിക്കുന്നതില്‍ ഈ നോവല്‍ മികച്ചുനില്ക്കുന്നു. വിശപ്പിനുള്ള ആഹാരം ആവോളം കഴിച്ചാലും, വിശിഷ്ട വിഭവങ്ങള്‍ കാണുകില് മനുഷ്യന് കൊതിയാണെന്ന് ആശാന് കരുണയില്‍ പറഞ്ഞുവെച്ചിട്ടുണ്ട്. അതുപോലെ വീണ്ടും വായിക്കാന്‍ പ്രേരണ നല്കുന്ന വിശിഷ്ട വിഭവമാണ് കുമാരു എന്ന കൃതി.
Content Highlights: cr omanakkuttan novel kumaru review by sreeba m mathrubhumi books