തീര്‍ച്ചയായും ആ അഷിത ഈ അഷിതയെ നിറഞ്ഞ സന്തോഷത്തോടെ അനുഗ്രഹിക്കുന്നുണ്ടായിരിക്കും!

ആഷ് അഷിതയുടെ പുതിയ കഥാസമാഹാരമായ ശോഭ കൊലക്കേസിന് കെ.വി മണികണ്ഠന് എഴുതിയ അവതാരിക
വാക്കുകള്‍, വായിക്കുന്നവര്ക്കുള്ളില് ഉത്പാദിപ്പിക്കുന്നൊരു ഭാവനയുണ്ട്. അതാണ് എഴുത്തിന്റെ സിദ്ധി അഥവാ മാസ്മരികത. പ്രബന്ധരചനയില്‍ നിന്ന് സാഹിത്യരചനയിലേക്ക് വരുമ്പോഴുണ്ടാകുന്ന വ്യത്യാസം. അത് പൂര്‍ത്തിയാകുന്നത് എഴുത്തില്‍ മാത്രമല്ല, വായിക്കുന്ന ആളുടെ തലയ്ക്കുള്ളില്‍ അല്ലെങ്കില്‍ ഹൃദയത്തില്‍ നടക്കുന്ന രാസപ്രവര്‍ത്തനം പോലെ എന്തോ ഒരു ഒരു കാര്യത്തിന്റെ കൂടി പങ്കോടെയാണെന്നത് അതീവപ്രാധാന്യമുള്ളൊരു കാര്യമാണ്.
ഈ കഥാസമാഹാരം വാങ്ങി വായിക്കാനിരിക്കുന്ന നിങ്ങളുടെ ഉള്ളില്‍ അഷിത എന്ന പേര് ഉത്പാദിപ്പിക്കുന്ന ഒരു സംഗതിയുണ്ടല്ലോ. എന്ത്? അനശ്വരമായ ഒരുപിടി കഥകള്‍ നമ്മള്‍ക്ക് തന്ന അഷിത. സീനിയര്‍ അഷിത. യാതൊരു ആവശ്യവുമില്ലാതെ വായിക്കുന്നവരുടെ ഭാവന അവരിലേക്ക് പോകും. ആ ഒരു പേരിന്റെ ഭാരം ഈ എഴുത്തുകാരിക്ക് ഉണ്ടായിക്കൊള്ളണമെന്നില്ല. പക്ഷേ വായിക്കുന്നവര്‍ക്ക് വരാം, അല്ല വരും. ചെറിയ വാക്കുകളാല്‍ ചെറിയ കാന്‍വാസില്‍ അതീവലളിതമായ് കോറിയിട്ടത് വായിച്ച്തീരുമ്പോള് ഉള്ളുലഞ്ഞുപോയത് വായനക്കാര്‍ അറിയില്ല ആ അഷിതയുടെ. അവരുടെ ഓര്‍മ്മകള്‍ ഉണര്ത്തുമെന്നത് ഈ അഷിതയുടെ അഹ്ലാദകരമായൊരു ബാധ്യതയാണെന്ന് തീര്‍ച്ച. അതിനെ എങ്ങനെ ഇവര്‍ മറികടന്നു എന്ന ചിന്തയാണ് ഈയൊരു കുറിപ്പെഴുതാന്‍ വേണ്ടി ഇക്കഥകള്‍ വായിച്ചപ്പോള്‍ എനിക്ക് തോന്നിയത്.
സംശയലേശമന്യേ പറയാം ആ അഷിത മലയാളസാഹിത്യമെന്ന മലനിരകളില്‍ ഒരു മഞ്ഞുമല പോലെ, സുതാര്യമെന്ന് തോന്നിപ്പിച്ച് - എന്നാലുള്ളിലൊരു സൂര്യനെയൊളിപ്പിച്ച് - ഒറ്റയ്ക്ക് ഉയര്‍ന്ന് നില്ക്കുന്ന ഒന്നെങ്കില്‍ ഈ അഷിത സകലവിധ വൈവിധ്യങ്ങളുടെ പച്ചപ്പുമായി ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്നൊരു കുന്നാകുന്നു.
എഴുത്താളിനെയും എഴുത്തിനേയും തമ്മില്‍ മുമ്പൊന്നുമില്ലാത്തവിധം കൂട്ടിവായിക്കുന്ന കാലമാണിത്. അതുകൊണ്ടുതന്നെ സംശയമൊന്നുമില്ലാതെ നാലഞ്ചു ചെറുകഥകളില്‍ നിന്നോ ഒരു നോവലില്‍ നിന്നോ എഴുതിയ ആളെ അരിച്ചെടുക്കും ഇക്കാലവായനക്കാര്. എഴുതിയ ആളെ മറക്കൂ, എഴുത്ത് മാത്രം വച്ച് വിലയിരുത്തൂ എന്ന അത്യന്തം ജൈവമായ ഒരു സംഗതി അന്യം നിന്നുപോയിട്ടുണ്ടിപ്പോള്. എഴുത്തിനുപുറത്തുള്ള എഴുത്താളരുടെ നിലപാടുകള്‍ മൂടിവയ്ക്കാന്‍ സാധിക്കാത്ത അവസ്ഥ! സോഷ്യല്മീഡിയക്കാലം നിങ്ങളെ നഗ്നരാക്കുന്നു! എഴുത്തിനുപുറത്തെ നിലപാടുകള്‍ പ്രത്യേകിച്ച് പ്രഖ്യാപിക്കാന്‍ താല്പര്യമില്ലാത്ത എഴുത്താളര്‍ക്ക് നിഷ്പക്ഷക്കാര്‍ എന്ന വിളി കേള്‍ക്കേണ്ടി വരുന്ന കാലമാണ്. നിഷ്പക്ഷം എന്നത് അശ്ലീലമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് അതും ഒരു നെഗറ്റീവ് ആകുന്ന നിലവന്നുപോയി. എന്തെഴുതിയെന്നതിനേക്കാള് ആരെഴുതിയെന്നതിനു കോയ്മ ലഭിക്കുന്ന ഇക്കാലത്ത് അഷിതയുടെ ഈ സമാഹാരത്തിലെ കഥകള്‍ വച്ച് എഴുത്തിനുപുറത്തെ അഷിതയെ മനസിലാക്കാന്‍ ശ്രമിക്കുന്നവരാകും ഭൂരിപക്ഷവും. അവരെയൊക്കെ അതിവിദഗദ്ധമായി കബളിപ്പിക്കും വിധം വൈവിധ്യം പേറുന്ന കഥകളാണീ പുസ്തകത്തില്‍ എന്നതാണു ഞാന്‍ എടുത്ത് പറയാനാഗ്രഹിക്കുന്ന കാര്യം. അത് കഥാഭൂമികയുടെ കാര്യത്തിലായിക്കോട്ടെ, ഇതിവൃത്തസ്വീകരണത്തിലായിക്കോട്ടെ, നരേഷന് ടെക്നിക്കിലായിക്കോട്ടെ. എന്റെ ഫിക്ഷന്‍ ടെക്സ്റ്റില്‍ നിന്ന് എന്റെ 'പൊതു'കള്‍ നിങ്ങളങ്ങനെ കണ്ടെത്തണ്ട എന്ന് അഷിത പ്രഖ്യാപിക്കും പോലെ തോന്നുന്നു. അത് ബോധപൂര്‍വമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അല്ലെങ്കില്‍ ഈ എഴുത്തുകാരി അറിയാതെത്തന്നെ ആ ഒരു ബോധം വര്‍ക്ക് ചെയ്യുന്നുണ്ട്, ഈ ബോധത്തിന്റെ ബൈപ്രൊഡക്റ്റ് അഷിതയുടെ കഥകളുടെ ആത്മാവ് എന്നും മനസിലാക്കണം. ആ ആത്മാവിനു വൈവിധ്യം എന്നായിരിക്കും പേരെന്നും.
പുസ്തകത്തിന് അവതാരിക എന്നതിനോട് നയപരമായി യോജിപ്പില്ലാത്തൊരാളാണു ഞാന്‍. വായിക്കാനിരിക്കുന്ന നിങ്ങളെ അത് വഴിതെറ്റിക്കുമെന്ന് വിശ്വസിക്കുന്നു. പഠനസമാനമായ അവതാരികകള്‍ സ്വതന്ത്രവായനയെ ബാധിക്കും. ആയതിനാല്‍ ഈ സമാഹാരത്തിലെ കഥകളെപ്പറ്റി ഒന്നും പരാമര്‍ശിക്കുന്നില്ല. പക്ഷേ ഒരു കാര്യം പറയാം. ഒരു നെല്‍ വിത്ത് മുളച്ച് കതിരായി മൂത്ത് അത് കൊയ്ത് മെതിച്ച് കുത്തി അരിയായി വേവിച്ച് നിങ്ങളുടെ മുന്നിലെ പ്ലേറ്റില്‍ എത്തിയിരിക്കുകയാണ്. ഇതിനിടയില്‍ എവിടെയൊക്കെ ഇത് നഷ്ടപ്പെട്ട് പോകാമായിരുന്നു. പുഴുക്കള്‍, കിളികള്‍, കൊയ്ത്തില്‍ മെതിയില്‍, നെല്ലുകുത്തുയന്ത്രത്തില്, അരികഴുകുന്നതിനിടയില്, ചോറ് വാര്‍പ്പിനിടയില്‍....നഷ്ടപ്പെടാനുള്ള സാധ്യതകള്‍ എത്രയോ ശതമാനം മുന്നില്‍! അതിനെയെല്ലാം അതിജീവിച്ച് - ഈ എഴുത്തുകാരിയുടെ മനസില്‍ എത്രയോ വേണ്ടെന്ന് വയ്ക്കലുകള്‍ക്കും എഡിറ്റിംഗുകള്ക്കും വിധേയമായി- നിങ്ങളുടെ മുന്നിലെത്തിയിരിക്കുന്ന് ഈ അക്ഷരങ്ങള്‍ അവ ചേര്‍ന്ന് ഒരുക്കുന്ന ഈ വിരുന്ന്, നഷ്ടപ്പെടുത്തരുത്, ഇത് നിങ്ങളെ നിരാശപ്പെടുത്തുകയേ ഇല്ല.
അഷിതയുടെ കഥകള്‍ക്ക് ഒരു ശല്ക്കം ഉണ്ട്. പുറന്തോട്. അത് പൊളിച്ചുള്ളില്ക്കയറാന് വായിക്കുന്നവര്‍ക്ക് ഒരു മിനിമം ക്വാളിറ്റി വേണം. അത് വായനയോടുള്ള ആഭിമുഖ്യമോ ശ്രദ്ധയോ എന്ത് പേരിട്ട് വിളിച്ചാലും, ആ പുറന്തോട് പൊളിക്കാന്‍ നിങ്ങള്‍ക്കായാല്‍ നിങ്ങളൊരു ഗൗരവവായന ഇഷ്ടപ്പെടുന്ന ആളായിരിക്കുമെന്ന് തീര്‍ച്ച.
തീര്‍ച്ചയായും ആ അഷിത ഈ അഷിതയെ നിറഞ്ഞ സന്തോഷത്തോടെ അനുഗ്രഹിക്കുന്നുണ്ടായിരിക്കും.
Content Highlights: ash ashitha story collection shobha kolacase introduction by kv manikantan