'ആ'; സമകാലികനോവല്‍ സാഹിത്യത്തിലെ അവസാനിക്കാത്ത നിലവിളി

ആദ്യം പതിഞ്ഞ താളത്തില്‍ മുഴങ്ങിത്തുടങ്ങിയതും മെല്ലെ കൂടുതല്‍ പതിഞ്ഞു മാഞ്ഞു തുടങ്ങിയതും എന്നാല്‍, ഒരിക്കലും ഇല്ലാതാകാത്തവിധം അടിയിലേക്ക് അടിയുക മാത്രം ചെയ്തതുമായ ആ ഒച്ച വീണ്ടും പൊന്തിത്തുടങ്ങുന്നു. 'ആ'... എന്നുതന്നെയാണ് ആ ഒച്ചയുടെയും നാദം. അതേ, അതൊരു നിലവിളിയാണ്. നീണ്ട, ഒടുങ്ങാത്ത നിലവിളി. അഥവാ, നിലവിളികളുടെ ഒരു ചങ്ങല. ഒന്നില്‍നിന്ന് അടുത്തതായി കൊളുത്തുന്ന നിലവിളികളുടെ ചങ്ങല. നീണ്ട നിലവിളികളുടെ ചങ്ങല. നീണ്ട നിലവിളികളുടെ നീണ്ട ചങ്ങല. കെ.പി. ജയകുമാറിന്റെ 'ആ' എന്ന നോവലിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.
'ആ' എന്ന നോവലില്‍ ജയകുമാര്‍ പറയുന്നത് കേരളത്തിലെ സാക്ഷരതായജ്ഞത്തിന്റെ ഒരു പ്രാദേശിക ചരിത്രമാണ്. കൃത്യമായിപ്പറഞ്ഞാല്‍, കോട്ടയം നഗരവും ജില്ലയും കേന്ദ്രമാക്കി നടന്ന സാക്ഷരതായജ്ഞം. നൂറു ദിവസം കൊണ്ട് കോട്ടയം ജില്ലയെ സമ്പൂര്‍ണ്ണ സാക്ഷരമാക്കി മാറ്റി, രാജ്യത്തെതന്നെ (വത്തിക്കാനു ശേഷം ലോകത്തിലെത്തന്നെ) ആദ്യത്തെ സമ്പൂര്‍ണ സാക്ഷരജില്ലയാക്കിമാറ്റാന്‍ നടന്ന ശ്രമത്തിന്റെ കഥ. അതിന്റെ ചരിത്രം. ചരിത്രത്തില്‍ രേഖപ്പെടാതെ പോയ കഥകളും ചരിത്രവും. ചരിത്രത്തില്‍ കയറിക്കൂടിയ ചരിത്രവും കഥകളും.
ജയകുമാറിനെയെന്നപോലെ, ജയകുമാറിന്റെ നോവലില്‍ പറയുന്ന കഥയും എനിക്ക് പരിചിതമാണ്. 1989-ലാണ് സംഭവം നടക്കുന്നത്. കോട്ടയംകാരനെന്ന നിലയിലാണ് ഈ നോവലിലെ കഥാസംഗതി എനിക്ക് അനുഭവപരിചിതമായിരിക്കുന്നത്. ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുന്ന കാലത്താണ് ഈ നോവലില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നടന്നത്. അത് ചരിത്രത്തിന് പുറത്തുനില്‍ക്കുന്ന ഒരാള്‍, ചരിത്രത്തിനൊപ്പം (അതിന്റെ പുറത്തുകൂടി) ഓടിക്കൊണ്ട്, കണ്ടും കേട്ടും വായിച്ചും അറിഞ്ഞ കാര്യങ്ങളാണ്. കോട്ടയത്തെ അന്നത്തെ ജില്ലാ കളക്ടര്‍ അന്നുവരെയൊരു കളക്ടറും ചെയ്തിട്ടില്ലാത്തത്ര ഗംഭീരമായി കാര്യങ്ങളെ ഏകോപിപ്പിച്ച് ജില്ലയെ സമ്പൂര്‍ണ സാക്ഷരമാക്കി, ആ മഹായജ്ഞത്തിന്റെ യജമാനനായ കഥ/ ചരിത്രം/ അനുഭവം/ വാര്‍ത്ത.
അക്ഷരനഗരത്തിന്റെ ആത്മചരിത്രം
കുറേക്കാലം മുന്‍പ്, പത്രപ്രവര്‍ത്തകനെന്ന നിലയില്‍ ജയകുമാര്‍ ചില വിശേഷപ്പെട്ട ഫീച്ചറുകള്‍ ചെയ്തിരുന്നത് വായിച്ചിട്ടുണ്ട്. അതിലൊന്നായിരുന്നു കോട്ടയത്തെ കുട്ടപ്പന്റെ കഥ. സമ്പൂര്‍ണ സാക്ഷരമാകാന്‍ നഗരത്തിന് തടസ്സമായിനിന്ന പുറമ്പോക്കുവാസിയായ കുട്ടപ്പനെ കളക്ടര്‍ സാക്ഷരനാക്കിയ കഥ. കുട്ടപ്പന്‍ എന്തുകൊണ്ട് അക്ഷരത്തിനെതിരുനിന്നു എന്ന ഫ്‌ളാഷ്ബാക്ക് സഹിതം. അതിന്റെ വിശദവും വിവരണാത്മകവുമായ എഴുത്ത് പിന്നീട്, മറ്റൊരു ഫീച്ചറായും ജയകുമാര്‍ എഴുതിയിരുന്നു. ആ നീണ്ട അനുഭവമെഴുത്ത് എന്നെ വളരെയേറെ സ്വാധീനിക്കുകയുണ്ടായിട്ടുണ്ട്. കുട്ടപ്പനെക്കുറിച്ച് ഞാന്‍ വേറേ കേള്‍ക്കുകയോ അറിയുകയോ ചെയ്തിട്ടില്ല. പക്ഷേ, ജയകുമാറിന്റെ അന്നത്തെ ആ എഴുത്തിലൂടെ പരിചിതനായ കുട്ടപ്പന്‍ എന്റെ ജീവിതത്തിന്റെ ഭാഗമായിത്തീര്‍ന്നു. കോട്ടയംകാരനായിരുന്നിട്ടും ഇടുക്കിക്കാരനായ ജയകുമാര്‍ കണ്ടെത്തി പുറത്തുവിട്ടപ്പോള്‍ മാത്രം ഞാനറിഞ്ഞ കുട്ടപ്പന്‍.
ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍, എനിക്ക് തോന്നുന്നൂ, കഴിഞ്ഞ കാല്‍നൂറ്റാണ്ടുകാലവും ജയകുമാര്‍ എഴുതിയതും കണ്ടെടുത്തതും കൂട്ടിവച്ചതുമായ വിവരങ്ങള്‍ മുഴുവന്‍ ഈ നോവലിന്റെ പണിപ്പുരയിലേക്കായിരുന്നുവെന്ന്. ഈ നോവല്‍ എഴുതാന്‍ അദ്ദേഹം ഒരുപക്ഷേ, ഒന്നോ രണ്ടോ വര്‍ഷമേ എടുത്തിട്ടുണ്ടാകൂ. പക്ഷേ, കഴിഞ്ഞ 25 വര്‍ഷങ്ങളിലെ ഭാഷാധ്വാനം, സംസ്‌കാരവേല മുഴുവന്‍ ഇതിനു പിന്നിലുണ്ട്.
ജയകുമാറിന്റെ കോട്ടയം കുട്ടപ്പനെ വായിക്കുന്നതുവരെ, അക്കാലത്തെ കോട്ടയം കളക്ടര്‍ എനിക്ക് വളരെ പ്രിയങ്കരനായിരുന്നു. കോട്ടയം കളക്ടറേറ്റില്‍ റവന്യൂ ഡിപ്പാര്‍ട്‌മെന്റില്‍ ഗുമസ്തയായിരുന്ന എന്റെ ഉമ്മിച്ച, ഞാന്‍ ഒരു കളക്ടറായെങ്കില്‍ എന്ന് സ്വപ്നം കാണാന്‍ ഇടയാക്കിയ തിളങ്ങുന്ന വ്യക്തിത്വം. പക്ഷേ, ജയകുമാര്‍ എഴുതിയ കുട്ടപ്പന്റെ കഥ വായിച്ചപ്പോള്‍, എനിക്ക് ഉള്ളില്‍ വിഗ്രഹം തകരുന്നത് മനസ്സിലായി. പിന്നീട്, ജയകുമാര്‍ പലപ്പോഴായി ആ വിഷയത്തെക്കുറിച്ച് എഴുതിയതും പറഞ്ഞതുമായ കാര്യങ്ങളില്‍നിന്ന് എനിക്ക് വലിയൊരു ചരിത്രകഥയാണ് കിട്ടിയത്. ആ ചരിത്രകഥയാണ് സത്യത്തില്‍ 'ആ' എന്ന നോവലിന്റെ പശ്ചാത്തലമാകുന്നതും. ഇതുവരെ ഇതിന്റെ എഴുത്തുകാരന്‍ അത് പലതലത്തിലും എഴുതിയതെല്ലാം നോണ്‍ഫിക്ഷന്‍ ആയിരുന്നെങ്കില്‍, ഇത്തവണ അത് ഫിക്ഷനാകുന്നു എന്നതാണ് പ്രധാന വ്യത്യാസം. ഫിക്ഷനില്‍ ആണ് നിലവിളി മര്‍മഭേദകമാകുന്നത്. കാരണം, ഫിക്ഷന്‍ നിലവിളി തന്നെയാണല്ലോ. നിലവിളിയല്ലാതെ മറ്റൊരു ഭാഷയും വശമില്ലാത്ത നിസ്സഹായരുടെ നിലവിളിയാണല്ലോ നോവല്‍.
നിലവിളികള്‍; നിലയില്ലാത്ത വിളികള്‍
സംഭവകഥ അഥവാ ചരിത്രം ഫിക്ഷനില്‍ എടുത്തുപെരുമാറുമ്പോള്‍ പല അപകടങ്ങളുമുണ്ട്. അത് സംഭവം തന്നെയായി വിവരിച്ചാല്‍ ഫിക്ഷനാവില്ല. അതിന് ഒരു കഥാഖ്യാനശില്പം സൃഷ്ടിച്ചെടുക്കേണ്ടതുണ്ട്. എന്നുമല്ല, ചരിത്രത്തിലെ മൗനങ്ങളേയോ അതിഭാഷണങ്ങളേയോ കൈകാര്യം ചെയ്യേണ്ടതുമുണ്ട്. അത് സൗന്ദര്യാത്മകമായും രാഷ്ട്രീയാദര്‍ശപരമായും വേണം കൈകാര്യം ചെയ്യാനും. ഇത് വലിയൊരു വെല്ലുവിളിയാണ് ഉയര്‍ത്തുക. ആ വെല്ലുവിളികളെ അതിജീവിച്ചുകൊണ്ടും അതിശയിച്ചുകൊണ്ടുമാണ് ജയകുമാര്‍ 'ആ' എഴുതുന്നത്. ഇതൊന്നും ഒരിക്കലും ഒരിടത്തും ഇങ്ങനെ സംഭവിച്ചതല്ലെങ്കില്‍പ്പോലും, നീതിയുടെ ചരിത്രം അനീതി തിരുത്തിയെഴുതിക്കൂട്ടിയ ഈ കഥ അത്യുജ്വലമായൊരു ഭാവനാമണ്ഡലമായി നിലകൊള്ളും.
അതേ, ഇത് അല്‍പം പോലും ചരിത്രാസ്പദമല്ലെങ്കിലും മികച്ച നോവലായിരിക്കുന്നു. അപ്പോള്‍, ഇത് ചരിത്രാസ്പദവും സ്വയം ചരിത്രം തിരുത്തലും നല്ലൊരു പരിധിയോളം അപരചരിത്രനിര്‍മാണവും സമാന്തരചരിത്രം തന്നെയുമായിരിക്കുകകൂടി ചെയ്യുമ്പോള്‍, സാഹിത്യത്തിലെന്നപോലെ, ചരിത്രത്തിലും സംസ്‌കാരത്തിലും ഇവയോരോന്നുമായും ബന്ധപ്പെട്ട അനുഭൂതിയുടെ മണ്ഡലങ്ങളിലും വലിയ കോളിളക്കങ്ങള്‍ ഉണ്ടാക്കുകതന്നെ ചെയ്യുന്നു. അങ്ങനെ, ഈ നോവല്‍ നോവല്‍ സാഹിത്യചരിത്രത്തിലും ആധുനിക മലയാളിയുടെ സാംസ്‌കാരിക നൈതികതകളുടെ ജീവനത്തിലും നിര്‍ണായകമായിത്തീരുന്നു.
ചരിത്രത്തിനുള്ളിലേക്ക് ഭാവനാത്മകമായ കഥയുടെ ചുരുളുകള്‍ കലര്‍ത്തുകയാണ് ജയകുമാര്‍ ചെയ്യുന്നത്. ചരിത്രം സത്യവും കഥ നുണയുമാണല്ലോ. എന്നാല്‍, ചരിത്രം നുണയുടെ നാവു നീട്ടുമ്പോള്‍ കഥ സത്യത്തിന്റെ ഭാഷ സംസാരിക്കേണ്ടി വരുന്നു. അതാണ് ഇവിടെ സ്വീകരിച്ചിരിക്കുന്ന തന്ത്രം. അതിനായി, ഒരു ആഖ്യാതാവിനെ ജയകുമാര്‍ ഏതാണ്ടൊരാത്മച്ഛായ കൂടി നല്‍കി സൃഷ്ടിച്ചിരിക്കുന്നു. ആ ആഖ്യാതാവ് ജേണലിസ്റ്റാണ്. അയാളുടെ പഴയൊരു പരിചയക്കാരനായ, ഡോക്ടര്‍ വിനോദ് തോമസിന്റെ ചികിത്സയിലായിരുന്ന സദാനന്ദന്‍ എന്ന റിട്ടയേഡ് റവന്യൂ ജീവനക്കാരന്റെ പഴയൊരു ഡയറി വിനോദ് ആഖ്യാതാവിനെ ഏല്‍പിക്കുന്നതാണ് നോവലിന്റെ തുടക്കം. സദാനന്ദനെ ഓര്‍മനഷ്ടം വലയ്ക്കുന്നു. ഓര്‍മകളുടെ ഇടവേളകളിലാണ് അയാള്‍ ഡയറി എഴുതുന്നത്. സാക്ഷരതായജ്ഞ യജമാനനായിരുന്ന കളക്ടറുടെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് കൂടിയായ അയാള്‍ അക്കാലത്തെ ചില നിഗൂഢസത്യങ്ങളാണ് ആ ഓര്‍മയിടവേളകളിലൂടെ വിനിമയം ചെയ്യുന്നത്.
പദപ്രശ്‌നം; കഥപ്രശ്‌നം
ആഖ്യാനത്തിന്റെ ആദ്യം മുതല്‍ പദപ്രശ്‌നക്കളത്തിന്റെ സ്വഭാവം കൊണ്ടുവരികയും അത് നിലനിര്‍ത്തുകയും ചെയ്യുന്നതാണ് രചനാകൗശലത്തില്‍ പ്രധാനം. അത് കേവലം കുറ്റാന്വേഷണകഥയുടെ പ്രതീതിയുണര്‍ത്തുന്നുണ്ടെങ്കിലും അതിലേറെ ആഴം ആവാഹിക്കുന്നു. എഴുതുന്നതും കേട്ടെഴുതുന്നതും കേട്ടുകേള്‍വിയോര്‍ത്തെഴുതുന്നതും തമ്മിലുള്ള വ്യത്യാസം ഇങ്ങനെയൊരു പദപ്രശ്‌നക്കളമാണ്. അതുപോലെതന്നെ, മരണവും കൊലപാതകവും മരണം തന്നെയാണെങ്കിലും രണ്ടിലും മരണം രണ്ടുതരമാണെന്നും കളക്ടറുടെ പേരില്‍ പ്രസിദ്ധീകൃതമായ പുസ്തകത്തിന്റെ യഥാര്‍ഥ രചയിതാവ് കൊല്ലപ്പെടുകയായിരുന്നെന്നും സദാനന്ദന്‍ പറയുന്നതും ഇതേ പ്രശ്‌നക്കളം സൃഷ്ടിക്കുന്നു. പ്രൊഫ. ജോണ്‍ തോമസ് പറഞ്ഞത് സദാനന്ദന്‍ കേള്‍ക്കുന്നു (അല്ല, ജോണ്‍ തന്റെ ഡയറിനോക്കി വായിക്കുകയും പരിഷ്‌കരിച്ചുപറയുകയുമാണു ചെയ്യുന്നത്), കേട്ടത് എഴുതുന്നു, എഴുതിയത് ജോണ്‍ കേള്‍ക്കുന്നു, സമ്മതിക്കുന്നു, ഉറപ്പിക്കുന്നു. പിന്നീട്, ആ എഴുതിയത് ജോണിന്റെയോ സദാനന്ദന്റെയോ അല്ലാതെ, കളക്ടറുടേതായി പുറത്തുവരുന്നു.
ഈ സംഭവം ചരിത്രം മാത്രമായി അവതരിപ്പിക്കുന്നതില്‍നിന്ന് ജയകുമാറിന്റെ നോവല്‍ മുന്നോട്ടുനീളുന്നു. അങ്ങനെ അതൊരു കാഥികദൗത്യവും സാംസ്‌കാരിക ചരിത്രത്തിന്റെ സൗന്ദര്യാത്മകാഖ്യാനവുമായി മാറുന്നു. മറവിയെയും ഓര്‍മയെയും സംബന്ധിച്ച, എഴുത്തിനെയും വായനയെയും സംബന്ധിച്ച, പറച്ചിലിനെയും കേള്‍വിയെയും സംബന്ധിച്ച, ഓട്ടത്തേയും ഓടിക്കലിനേയും സംബന്ധിച്ച പ്രശ്‌നക്കളങ്ങള്‍ സൃഷ്ടിച്ചാണത് സാധ്യമാകുന്നത്. പ്രശ്‌നക്കളങ്ങള്‍ മെല്ലെ നായാട്ടുകളങ്ങളായി മാറുന്നു. എല്ലാം കഥകളുടെ കളങ്ങളുമാണെന്നതാണ് പ്രത്യേകം പറയേണ്ടത്.
ഓര്‍മയുടെ സ്ഥിരനിക്ഷേപമായ ജീവിതത്തിലേക്ക് കച്ചിക്കടലാസില്‍ മഷിപടരുന്നതുപോലെ മറവി പടരുന്നതാണ് ഈ നോവലിലെ ഒരു അനുഭവ വിവരണപരിസരം. ഡിമന്‍ഷ്യ കൊണ്ടുള്ള മറവി, ഓര്‍മയോടെയുള്ള മറവി, കഞ്ചാവുലേഹ്യം കഴിച്ചുള്ള മറവി, ഉറക്കമരുന്ന് കഴിച്ചുള്ള സ്മൃതീപലായനം എന്നിങ്ങനെ മറവികള്‍ പല പ്രകാരത്തില്‍ നോവലില്‍ പകര്‍ന്നാടുന്നു. മറ്റൊന്ന് അഹിംസാപൂര്‍വ്വകമായ ഹിംസകളാണ്. ഒരു പുല്‍ക്കൊടി പറിച്ചുമാറ്റുന്നത് ഹിംസയാണോ എന്ന് 'ആ' നമ്മോട് ചോദിക്കുന്നു. അത്രയും നിസ്സാരമായി ഒരു മനുഷ്യനെ ചരിത്രത്തില്‍നിന്നു പറിച്ചുമാറ്റാനാകുമെങ്കില്‍ അത് ഹിംസയാണോ എന്ന് ആ ചോദ്യം കടുക്കുന്നു. ഒരു നഗരം മുഴുവന്‍ സാക്ഷരമാകാന്‍ കൊതിക്കുമ്പോള്‍ അതിനെതിരെ എഴുതാന്‍ കൂട്ടാക്കാതെ നില്‍ക്കുന്ന കുട്ടപ്പനെ നഗരം നിര്‍ബന്ധിച്ച് കുട്ടപ്പനെന്നെഴുതിപ്പിച്ച് സായൂജ്യമടയുന്നെങ്കില്‍ ആ ആള്‍ക്കൂട്ടസായൂജ്യം ഹിംസയുടെ ഏത് രൂപമാണെന്ന് നോവല്‍ വിചാരവിസ്‌ഫോടനമുയര്‍ത്തുന്നു. സമൂഹത്തിന്റെ എല്ലാ നീക്കവും വേട്ടയും ക്രീഡയുമായിത്തീരുന്നു. ഓരോ നേട്ടവും ഹിംസ തന്നെയാകുന്നു.
സദാനന്ദന്റെ ഓര്‍മകളുടെ കഷണങ്ങളില്‍നിന്ന് ആഖ്യാതാവിന്റെ വായന സദാനന്ദന്‍ ചരിത്രസംഭവകാലത്തെഴുതിയ യഥാര്‍ഥരചനയിലേക്കാകുന്നു. അവിടെനിന്ന് അത് രണ്‍ജിത്തിന്റെ മെയിലുകളിലേക്കും പഴയ പത്രത്താളുകളിലേക്കും മാറുന്നു. അവിടെ കുട്ടപ്പന്റെ മൗനം പാരായണക്ഷമമല്ലാതെ ബാക്കിയാകുകയും ചെയ്യുന്നു. മെല്ലെ നോവല്‍ ആഖ്യാനവൈവിധ്യങ്ങളിലേക്ക് പടരുകയാണ് (പേരാല്‍മരംപോലെ). രാജുവിന്റെ ആഖ്യാനവും ആ ആഖ്യാനത്തില്‍ കടന്നുവരുന്ന രാജു എഴുതാത്ത നോവലായും സിസ്റ്റര്‍ വിനീതയുടെ പറച്ചിലായും ശിവകാമിയുടെ പേച്ചുകളായും രാജുവിന്റെ കഥയിലെ സ്ത്രീയായ ജെസീന്തയുടെ ആഖ്യാനവുമായി അത് മാറുന്നു. കഥകള്‍ കുറുകെയും നെടുകെയും കുത്തനെയും നെട്ടനെയും പാഞ്ഞ് കളത്തിലെ കുരുക്കുകള്‍ മുറുക്കുകയാണ്. ആഖ്യാനം സ്വയം ഒരു രാവണന്‍കോട്ടയായിത്തീരുന്നു. ഓര്‍മ രാവണന്‍കോട്ടയാണെന്നൊരു വരിതന്നെ നോവലില്‍ ഉണ്ട് താനും.
ഇടയ്ക്കിടെ മുറിഞ്ഞുപോകുന്ന ആഖ്യാനത്തെ ഒരു രചനാകൗശലമായിതന്നെ ജയകുമാര്‍ പ്രയോഗിക്കുന്നുണ്ട്. ജോണ്‍സണ്‍ അച്ചന്റെ മരണത്തില്‍ മുറിയുന്ന ആഖ്യാനം യാദൃച്ഛികമായി വളര്‍മതിയുടെ ആഖ്യാനത്തിലൂടെ മറ്റൊരു വഴിതേടുന്നു.
ആഖ്യാനസ്ഥാനങ്ങളുടെ മാറ്റം പോലെ, സംഭവങ്ങളും അടരുകളായി പിരിയുകയും തമ്മില്‍ പിണഞ്ഞ് കയറുകളായി വളരുകയും അവ കെട്ടുകളും കുരുക്കുകളുമിട്ട് പ്രശ്‌നക്കളവും കളിക്കളവും നായാട്ടുകളവും തീര്‍ക്കുകയും ചെയ്യുന്നു. സാക്ഷരതായജ്ഞത്തില്‍നിന്ന് രാജുവിന്റെ ജീവിതത്തിലേക്കും അവന്‍ രക്ഷിച്ച ജസീന്തയിലേക്കും അവിടെനിന്ന് തേവാരത്തിലേക്കും അയാളുടെ തിരോധാനത്തിലേക്കും നീങ്ങുകയും മറ്റൊരു വഴിയില്‍ വിനോദ് തോമസിന്റെ ജീവിതത്തില്‍നിന്ന് സദാനന്ദന്റെ കുറ്റബോധത്തിലേക്കും ജോണിന്റെ വ്യഥയിലേക്കും കുട്ടപ്പന്റെ ഗിരിവര്‍ഗ്ഗ മലവേട ജന്മപ്രകൃതത്തിലേക്കും കഥകള്‍ വളരുകയും കുറുകുകയും ചേരുകയും പിരിയുകയും ചെയ്യുന്നു. അതേപോലെ, സ്ഥലങ്ങളുടെയും കാലങ്ങളുടെയും പടര്‍ച്ചയും പ്രധാനമാണ്. ഏതാണ്ടൊരു മുപ്പതു കൊല്ലക്കാലത്തെ, അതിന്റെ പലയിടങ്ങളില്‍നിന്ന് തിരയുന്ന നോവല്‍ കോട്ടയവും ഇടുക്കിയും തമിഴ്‌നാടും കവര്‍ ചെയ്യുന്നതും കാണാം. സ്ഥലകാല കഥാപാത്ര സങ്കീര്‍ണ്ണതയുടെ ഘടനയാണ് 'ആ' യുടെ ദൈര്‍ഘ്യത്തിന്റെ കണ്ഠബലം.
കഥ/ ആഖ്യാനം/ ചരിത്രം
വൈകാരികമായ കഥനങ്ങള്‍ക്കിടയില്‍ അന്വേഷണത്തിലേക്ക് വഴി തിരിച്ചുവിടാന്‍പോന്ന ഒരു നൂല്‍ കിട്ടുക പ്രയാസമാണെന്ന് നോവലിലെ ആഖ്യാതാവ് ഒരിടത്ത് പറയുന്നുണ്ട്. എന്നാല്‍, അത്തരം നൂലുകള്‍ ഇടചേര്‍ന്ന് വിടവുകളെ തുന്നിയാണ് ജയകുമാര്‍ എന്ന നോവലിസ്റ്റ് 'ആ' എന്ന നിലവിളിയുടെ നീളം അഗാധമാക്കുന്നത്. ജെസ്സിയുടെയും ജസീന്തയുടെയും കഥകള്‍ ഒന്നാകാമെങ്കില്‍പ്പോലും അവര്‍ രണ്ടാളുമൊന്നാകണമെന്നില്ലെന്നോ അവര്‍ രണ്ടാളും ഒന്നായാലും അവരുടെ രണ്ടാളുടെയും കഥകള്‍ ഒന്നാകണമെന്നില്ലെന്നോ തോന്നിപ്പിക്കുംവിധം, തുന്നപ്പെട്ട ആ വിടവുകള്‍, അല്ല, മുറിവുകള്‍/ കഥാമുറിവുകള്‍ സ്ഫുടമാണുതാനും.
അകത്തു കടന്നാല്‍ പുറത്തു കടക്കാനാകാത്തവിധം നെയ്‌തെടുത്ത വല എന്ന് രാജു ജെസീന്തയോട് തന്റെ കഞ്ചാവു വ്യാപാരത്തെപ്പറ്റി പറയുമ്പോള്‍ വിശേഷിപ്പിക്കുന്നുണ്ട്. അതുതന്നെ ജയകുമാറിന്റെ കഥാനെയ്ത്തിനെപ്പറ്റിയും പറയാം. അകത്തുനിന്ന് വല തിരിച്ചുചുറ്റുന്നതുപോലെ, ആഖ്യാനത്തിന്റെ അകത്തെ ചുഴിയിലെത്തിയിട്ട് കഥ പിന്നാക്കം വീണ്ടും ചുറ്റുന്നു. അത് പക്ഷേ, വേറൊരു പ്രകാരത്തില്‍ അഴിക്കലുമായിത്തീരുന്നു. അക്കയില്‍നിന്ന് ജെസിയായ ജെസീന്തയിലേക്ക് പിന്നാക്കം പരിണമിച്ച് ആഖ്യാത്രിയായി മാറുന്നയാള്‍ പറയുന്ന കഥയില്‍ രാജുവിന്റെയും ജെസീന്തയുടേയും അതോടെ, പലരുടേയും കഥകള്‍ അഴിയുന്നു. അതിനുമപ്പുറം രാജു എഴുതാനാഗ്രഹിച്ച നോവലിന്റെ ജെസീന്ത എഴുതിയ ഭാഗങ്ങളും അഴിഞ്ഞുവരുന്നു. രാജുവിന് അക്ഷരമറിയില്ലായിരുന്നു. കോട്ടയം നാഗമ്പടം കോളനിയിലെ കുട്ടപ്പനെപ്പോലെ തന്നെ ഒരു നിരക്ഷരന്‍. എന്നാല്‍, അക്കാലം രാജു ഒളിവിലായിരുന്നതിനാല്‍ നൂറു ശതമാനം സാക്ഷരകോട്ടയത്തുകാര്‍ ആ സാന്നിദ്ധ്യം/ ആ നിരക്ഷരത്വം അറിയാതെ പോകുകയായിരുന്നു.
അതില്‍ ഒരധ്യായമെന്നോ ഭാഗമെന്നോ പറയാവുന്ന ശിക്കാര്‍ എന്ന നരനായാട്ടു കഥയിലേക്ക് നോവല്‍ (രാജു എഴുതാനാഗ്രഹിച്ച നോവലും കെ.പി. ജയകുമാറിന്റെ നോവലും) എത്തിച്ചേരുന്നു. 'ആ' എന്ന നോവിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണിത്.
ഭാവനയുടെ ചരിത്രം (ആഖ്യാതാവ് വായിക്കുന്നു), നായാട്ടിന്റെ ചരിത്രം (അനുരാധയുടെ തീസിസ്), സാക്ഷരതയുടെ ചരിത്രം (ജോണ്‍സാര്‍ പറഞ്ഞുകൊടുത്ത് സദാനന്ദന്‍ എഴുതി കളക്ടറുടെ പേരില്‍ വന്ന പുസ്തകം), കൈയക്ഷരത്തിന്റെ ചരിത്രം (രാജു പറഞ്ഞ് ജെസീന്ത എഴുതിയതെന്ന് പറയുന്ന നോവലില്‍നിന്ന് ആഖ്യാതാവ് കണ്ടുപിടിക്കുന്നത്), ഹൈറേഞ്ചിന്റെ ചരിത്രം (ജോണ്‍സണച്ചന്റെ അന്വേഷണം) എന്നിങ്ങനെ ചരിത്രങ്ങളുടെ ഗാഥാസഞ്ചയമായി 'ആ' എന്ന നോവല്‍ മാറുന്നുണ്ട്. പത്രപ്രവര്‍ത്തകനും സാഹിത്യ-സാംസ്‌കാരിക ഗവേഷകനുമായി ജയകുമാര്‍ ജീവിച്ച നീണ്ട ജീവിതത്തിന്റെ ആത്മകഥകൂടിയായി ഈ ഭാഗികതകള്‍ കൂടിച്ചേരുന്നു. എല്ലാം ഒടുവില്‍ നോക്കിനില്‍ക്കെ മാഞ്ഞുപോകുന്ന മനുഷ്യരുടെ കഥയായിത്തീരുന്നു. അങ്ങനെയങ്ങ് മാഞ്ഞുപോകാത്ത മനുഷ്യരായ ഡി.സി. കിഴക്കേമുറി, യു.ആര്‍. അനന്തമൂര്‍ത്തി, മുനിസിപ്പല്‍ ചെയര്‍മാന്‍ ഏബ്രഹാം, ഹാരിസ് മാഷ് എന്നിങ്ങനെ വേറേയും പാത്രങ്ങള്‍/ ജീവിതങ്ങള്‍ 'ആ'യുടെ നീട്ടത്തില്‍ കയറിക്കുരുങ്ങുന്നു.
തീര്‍പ്പും തീര്‍ക്കലും
കുട്ടപ്പന്‍ ആത്മകഥ പൊടുന്നനെ നിര്‍ത്തുകയണ്. ജെസീന്ത രാജുവിന്റെ നോവലും പൊടുന്നനെ നിര്‍ത്തുകയാണ്. രാജു എഴുത്തും പ്രത്യക്ഷവും പൊടുന്നനെ നിര്‍ത്തുകയാണ്. ഇങ്ങനെ നോവലുകള്‍ ആഖ്യാനവിരാമങ്ങളുടെ/ അപൂര്‍ണവിരാമങ്ങളുടെ ചേര്‍പ്പുകൂടിയാകുന്നു. അല്ലെങ്കിലും നിലവിളികള്‍ ആരെങ്കിലും മുഴുവനാക്കിയിട്ടുണ്ടോ? 'ആ' നിലവിളി മാത്രമല്ല. എഴുതിഫലിപ്പിക്കാനാകാത്ത പലതുമാണ്. പ്രധാനമായും നിലവിളി തന്നെയെന്നുമാത്രം.
ആ...ന്നു പറയാനല്ലാതെ എഴുതാന്‍ പറ്റുമോ? (കുട്ടപ്പന്റെ ചോദ്യമാണിത്). അതേ ആ...ന്ന് പറയാനേ പറ്റൂ. എഴുതാന്‍ പറ്റില്ല. ആ...ന്ന് നിലവിളിക്കാനേ പറ്റൂ. എഴുതാന്‍ പറ്റില്ല. കുട്ടപ്പന്‍ വീണ്ടും ചോദിക്കുന്നു:
അക്ഷരം പഠിച്ചതുകൊണ്ടു വല്ല ഗുണവുമുണ്ടായോ?
കുട്ടപ്പന്‍ തന്നെ ഉത്തരം പറയുന്നു:
ആ...
എഴുതാന്‍ പറ്റാത്ത മറ്റൊരു ആ...
കെ.പി. ജയകുമാറിന്റെ'ആ' സമകാലിക നോവല്‍സാഹിത്യത്തിലെ നീണ്ടുനില്‍ക്കുന്ന, അവസാനിക്കാത്ത നിലവിളിയാകുന്നു. ദീര്‍ഘഭൂതകാലത്തില്‍നിന്ന് സമീപഭൂതകാലത്തിലേക്കിഴഞ്ഞെത്തി, വര്‍ത്തമാനകാലത്തിലൂടെ തുളച്ചുകടന്ന്, ഭാവികാലത്തിലേക്കും അനന്തതയിലേക്കും നീണ്ടുപോകുന്ന നിലവിളിയുടെ മുഴക്കമാകുന്നു.
Content Highlights: Anvar Abdullah writes review of the book "Aa', Novel by K.P. Jayakumar, Mathrubhumi books