കാതടപ്പിച്ച ചിറകൊച്ചകൾക്കുശേഷം നിശബ്ദത, ആളനക്കമില്ലാത്ത ഗ്രാമം; വൈവിധ്യമാർന്ന 'അന്തക വള്ളികൾ'

#ഡോ. രതി മേനോൻ
സേതു, അന്തക വള്ളികൾ കവർ
സേതു, അന്തക വള്ളികൾ കവർ

1967-ൽ 'ദാഹിക്കുന്ന ഭൂമി' എന്ന ചെറുകഥ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചുകൊണ്ടാണ് സേതു എഴുത്തിന്റെ ലോകത്തിലേക്ക് കടക്കുന്നത്. നീണ്ട 58 വർഷത്തെ സാഹിത്യസപര്യയിൽ വൈവിധ്യമാർന്ന പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്ന നിരവധി ചെറുകഥകളും നോവലുകളും അദ്ദേഹം മലയാളത്തിന് സമ്മാനിച്ചു. ആ ശൃംഖലയിലെ ഒടുവിലത്തെ കണ്ണിയാണ് 'അന്തക വള്ളികൾ'.

1973-ൽ പുറത്തിറക്കിയ “നനഞ്ഞ മണ്ണ്' എന്ന നോവലിൽ, ജനിച്ചുവളർന്ന നാടായ ചേന്ദമംഗലം എന്ന ഇടത്തിന്റെ ഉൾത്തുടിപ്പുകളാണ് അദ്ദേഹം ആവിഷ്കരിക്കാൻ ശ്രമിച്ചത്. പിന്നീട് വന്ന നോവലുകളിലെല്ലാം തന്നെ മനുഷ്യപ്രകൃതിയിലും ഭൂപ്രകൃതിയിലും വരുന്ന മാറ്റങ്ങൾ ചുറ്റുപാടുകളെയും മനുഷ്യബന്ധങ്ങളെയും എങ്ങനെയൊക്കെ ബാധിക്കാം എന്ന് ആരായാനാണ് അദ്ദേഹം ശ്രമിച്ചത്. പെണ്ണകത്തിന്റെ വിഭ്രാന്തികൾ കുറിച്ച് പാണ്ഡവപുരം' എന്ന നോവലിൽ നിന്ന് 'ആറാമത്തെ പെൺകുട്ടി', 'കിളിക്കൂട്' എന്നീ നോവലുകളിൽ എത്തുമ്പോഴേക്കും ദുർബല വിഭാഗം എന്ന് മുദ്രകുത്തി പാർശ്വവൽക്കരിക്കപ്പെട്ട ഒരു വിഭാഗത്തിന്റെ അവസ്ഥാന്തരങ്ങൾ കൃത്യമായി അടയാളപ്പെടുത്തുവാനാണ് അദ്ദേഹം ശ്രമിച്ചത്. 

അതുപോലെ നഗരവത്ക്കരണവും വ്യവസായവത്ക്കരണവും പ്രകൃതിയിലും മനുഷ്യനിലും കൊണ്ടുവരുന്ന മാറ്റങ്ങൾ മനുഷ്യബന്ധങ്ങളിലെ വിള്ളലുകളും ചേർച്ചക്കുറവുകളും എങ്ങനെയെല്ലാം ജീവിതത്തെ ബാധിക്കും എന്നതിന്റെ ആകുലതകൾ 'അടയാളങ്ങൾ', 'കിളിമൊഴികൾക്കപ്പുറം' തുടങ്ങിയ നോവലുകളിലും നിരവധി ചെറുകഥകളിലും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. ഇത്തരമൊരു സമീപനത്തിന്റെ തുടക്കമായി വേണം 'അന്തകവള്ളികൾ' എന്ന നോവലിനെ കാണാൻ.

1942 ജൂൺ 5-ന് ചേന്നമംഗലം എന്ന ഗ്രാമത്തിൽ സേതു ജനിച്ചപ്പോൾ അന്ന് പരിസ്ഥിതി ദിനമായി ആചരിക്കുക എന്ന ആശയം സ്വപ്നത്തിൽ പോലും ഉദിച്ചിട്ടുണ്ടാകില്ല. അതു സംഭവിക്കുന്നത് 30 വർഷത്തിനുശേഷം 1972-ലാണ്. പക്ഷേ വരൾച്ചയും (അതു മനസ്സിന്റെയാകട്ടെ പ്രകൃതിയുടെ ആകട്ടെ) പ്രളയവും എങ്ങനെ തന്റെ മനസ്സിനെ വിഹ്വലപ്പെടുത്തുന്നു എന്ന് അദ്ദേഹം അടയാളപ്പെടുത്തി കൊണ്ടേയിരിക്കുകയാണ്. 

മനുഷ്യനിർമിതമായ ദുരന്തങ്ങൾ എങ്ങനെ ജനജീവിതത്തെ ബാധിക്കുമെന്നതോടൊപ്പം പ്രകൃതിയിലെ സ്വാഭാവിക മാറ്റങ്ങളും ദുരന്തങ്ങളും ഒരു സംസ്കാരത്തെ തന്നെ ഇല്ലാതാക്കി അതിൽനിന്ന് അതിജീവനത്തിന്റെ പാതയിലേക്ക് എവ്വിധം മനുഷ്യന്റെ ഇച്ഛാശക്തിക്ക് തിരിച്ചുവരാനായി എന്ന് കാണിച്ചുതരുന്ന നോവലാണ് 'മറുപിറവി'. പിന്നീട് അടുത്തകാലത്ത് കേരളം സാക്ഷ്യം വഹിച്ച പ്രളയകാലത്തിന്റെ കെടുതിയിൽ നേരിടേണ്ടിവന്ന ഒറ്റപ്പെടലിന്റെയും ഏകാന്തതയുടെയും വേദനാജനകമായ അനുഭവങ്ങളുടെയും പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ കഥകളും നോവലുകളും ഉരുവം കൊള്ളുകയുണ്ടായി. ഉപഭോഗ സംസ്കാരത്തിന്റെ നയങ്ങൾ കൃത്യമായി അടയാളപ്പെടുത്തുന്ന 'ജലസമാധി' (2002) അനുഭവങ്ങളെ പുതിയൊരു പരിപ്രേക്ഷ്യത്തിൽ കാണാൻ പ്രേരിപ്പിക്കുന്ന കാന്താബായി കരയാറില്ല' (2024) വികസനത്തിന്റെ പേരിൽ മലിനമാക്കിയ ഒരു പ്രദേശത്തിന്റെ മാറ്റത്തിന് വഴിയൊരുക്കിയ കാര്യങ്ങൾ സൂചിപ്പിക്കുന്ന 'പാർവതി' (2024) എന്നിവയുടെ തുടർച്ചയായി വേണം 2025-ൽ പുറത്തിറങ്ങുന്ന അന്തകവള്ളികളെ കാണാൻ.

മറുപിറവിയുടെ രചനയെക്കുറിച്ച് പറയുമ്പോൾ ചരിത്രം നിശബ്ദമാക്കിയ ഇടങ്ങൾക്ക് ശബ്ദം നൽകുക എന്നതാണ് സർഗാത്മക സാഹിത്യകാരന്റെ ദൗത്യം എന്നതിൽ വിശ്വസിച്ചാണ് താൻ ആ നോവൽ എഴുതിയതെന്ന് അദ്ദേഹം പറയുക ഉണ്ടായിട്ടുണ്ട്. ഏതാണ്ട് അതേ ദൗത്യം തന്നെയാണ് 'അന്തകവള്ളികളിൽ അദ്ദേഹം നിർവഹിക്കുന്നത്. നേരിൽ കാണാത്തവർക്ക് രൂപവും ഭാവവും കൊടുക്കുന്നവനാണ് കലാകാരൻ എന്ന് നോവലിലെ മുരുകൻ എന്ന കഥാപാത്രത്തെ കൊണ്ട് നോവലിസ്റ്റ് പറയിപ്പിക്കുന്നുണ്ട്. (പേജ് 83)

പരിസ്ഥിതിവാദികളുടെ ബൈബിൾ എന്ന് വിശേഷിപ്പിക്കാവുന്ന നിശബ്ദ വസന്തത്തിന്റെ തുടക്കത്തിൽ ഒരു കൽപ്പിത പ്രദേശം റേച്ചൽ കാഴ്സൺ വിവരിക്കുന്നുണ്ട്. പൂക്കൾ വിരിയാത്ത, കിളികൾ മൊഴിയാത്ത ഒരു വിഷാദലോകം. അങ്ങിനെ ഒന്ന് സംഭവിക്കാതിരിക്കാനാണ് അവർ ഏറെ ശ്രമപ്പെട്ട് ആ കൃതി രചിച്ചത്. അന്തകവള്ളികൾ എന്ന നോവലിന്റെ തുടക്കത്തിൽ സേതുവും ഭീതിതമായ ഒരു കൽപിത പ്രദേശം വിഭാവനം ചെയ്യുന്നുണ്ട്. മീനാക്ഷിപുരം ഒരു മുന്നറിയിപ്പ് എന്ന പേരിൽ ആളൊഴിഞ്ഞ ഒരു പ്രദേശത്തെക്കുറിച്ച് മാതൃഭൂമിയിൽ കെ വിശ്വനാഥും ശ്രീകാന്ത് കൊട്ടേക്കലും ചേർന്ന് എഴുതിയ ഒരു ലേഖനമാണ് നോവലിന്റെ രചനയ്ക്ക് പ്രേരകമായത് എന്ന് സേതു സൂചിപ്പിക്കുന്നുണ്ട്. പാർവതിപുരത്തിൽ നിന്ന് മീനാക്ഷിപുരം ആയി മാറിയ ഒരു നാടിനെ കുറിച്ചുള്ള ഓർമ്മകൾ പുനരുജീവിപ്പിക്കാൻ ആ ലേഖനത്തിന് കഴിഞ്ഞു 'കിളിമൊഴികൾക്കപ്പുറം' എന്ന നോവലിൽ സൂചിപ്പിച്ചിട്ടുള്ള വാലുമൂപ്പൻ കിനാവിൽ കണ്ട കെട്ടകാലം പോലെ നോവലിലെ ഒരു പ്രധാന കഥാപാത്രമായ കാവേരി സ്വപ്നം കണ്ട് ഒരു ഊരിന്റെ കഥയും അതിനെ വീണ്ടെടുക്കാൻ കുറച്ച് സമാന ഹൃദയർ നടത്തുന്ന ശ്രമങ്ങളുമാണ് നോവലിന്റെ പ്രമേയം. തിരിയാൻ മടിച്ച ഋതുചക്രത്തെ പൂർവസ്ഥിതിയിൽ ആക്കാൻ സിദ്ധാന്തങ്ങൾക്കും വാഗ്ദാനങ്ങൾക്കും അപ്പുറം പ്രതിബദ്ധതയുടെ ആവശ്യകതയിലേക്ക് കൂടിയാണ് 'അന്തകവള്ളികൾ' വിരൽചൂണ്ടുന്നത്.

മുരുകൻ, കാവേരി, അഗ്രികൾച്ചർ ആണ് ശരിയായ കൾച്ചർ എന്ന് വിശ്വസിക്കുന്ന മാമ, മാമി, വെങ്കി, പ്രിയംവദ, കതിരൻ, ഗുണശേഖരൻ, ആൽബർട്ട് എന്നീ കഥാപാത്രങ്ങളി ലൂടെയാണ് നോവൽ വികസ്വരമാകുന്നത്. പ്രിയംവദ മുമ്പുള്ള നോവലുകളിൽ പരിചയപ്പെട്ട കഥാപാത്രമാണ്. കാവേരി ഒരിക്കൽ അവിചാരിതമായി കണ്ട് പേടിപ്പെടുത്തുന്ന കനവിനെ ചിത്രകാരനായ അവളുടെ പങ്കാളി നിറങ്ങളിൽ വരച്ചുചേർക്കാൻ ശ്രമിക്കുന്നു. അന്തമില്ലാത്ത പരന്നു കിടക്കുന്ന വരണ്ട മണ്ണ്. അതിൽ നിന്ന് പൊങ്ങുന്ന ആവി. വരകളിൽ ഒതുങ്ങാൻ മടിക്കുന്ന മുൾച്ചെടികൾ...... കാട്ടുപൊന്തകൾ..... നീരൊഴുക്കു മറന്ന തോടുകൾ.... ആൾ അനക്കമില്ലാത്ത ഗ്രാമം...... കാതടപ്പിച്ച് ചിറകൊച്ചകൾക്കുശേഷം വീണ്ടും വിങ്ങിനിൽക്കുന്ന നിശബ്ദത. കാണാമറയത്ത് ആരൊക്കെയോ കരച്ചിൽ അടക്കി നിൽക്കുന്ന പോലെ” എന്നതാണാ ദൃശ്യം. 

ഹുവാൻ റൂൾഫോയുടെ പെഡ്രോ പരാമോയിലെ ചത്തവരുടെ ഗ്രാമമായ കൊമാല പോലെ ഒരു പ്രദേശം. ആ പ്രദേശത്തിന് നടുവിൽ കട്ട ചോരയുടെ നിറമുള്ള ചുവന്ന കുഴിവട്ടം. അത് പോയ കാലത്തിന്റെ തേങ്ങലുകൾ വഹിക്കുന്നുണ്ടോ എന്ന് തോന്നിക്കുന്നു. കാവേരിയുടെ കനവിൽ നിന്നു തുടങ്ങി മുരുകന്റെ വരയിലൂടെ മാമായുടെയും മാമിയുടെയും വെങ്കിയുടെയും കാഴ്ചകളിലൂടെ കേൾവികളിലൂടെ ആ കൽപ്പിത പ്രദേശം വികസിക്കുകയാണ്. അപ്പുറത്തും ഇപ്പുറത്തും പെയ്ത മഴ പെയ്യാതെ കടന്നുപോയത് ആറാമിന്ദ്രിയമുള്ള കാലികൾ ആ നാടുവിട്ട് വേലി പൊളിച്ച് അപ്പുറം ചാടിയത് ആ മണ്ണിനെ ശാപം കിട്ടിയതു കൊണ്ടാണെന്ന് ആ സംഘം കരുതുന്നു. മണ്ണിനെ അമ്മയായി കാണാതെ പെണ്ണിന്റെ കണ്ണീരും വിയർപ്പും ചോരയും വീഴ്ത്തി മുന്നോട്ടുപോയത് കൊണ്ടാകാം ആ പ്രദേശം വരണ്ടു പോയത്. വരുംകാലത്തിനായി കാവേരിയുടെ സ്വപ്നത്തിലൂടെ ആരോ എന്തോ പറഞ്ഞുവെക്കാൻ ശ്രമിച്ചതിന് നിർദ്ധാരണം ചെയ്യാനും പ്രതിവിധികൾ ആരായാലും ശ്രമിക്കുന്നതാണ് അന്തകവള്ളികൾ.

ഡിസംബർ അഞ്ച്, ജൂൺ അഞ്ച്, ജനുവരി മൂന്ന്, ജനുവരി 21 എന്നീ തീയതികളിൽ ആണ് നോവൽ ഊന്നുന്നത്. ഡിസംബർ അഞ്ച് ലോക മണ്ണ് ദിനമാണ്. ജീവന്റെ നിലനിൽപ്പിന് ആരോഗ്യകരമായ മണ്ണിന്റെ പ്രാധാന്യത്തിൽ ഊന്നി മണ്ണിലെ സ്രോതസ്സുകൾ കാര്യക്ഷമമായി പരിരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യത്തെയാണ് ആ ദിനം ഓർമിപ്പിക്കുന്നത്. പരിസ്ഥിതിയെ ബാധിക്കുന്ന നിരവധി പ്രശ്നങ്ങളെ കുറിച്ച് ഉദ്ബോധിപ്പിച്ച് അതിനെ സംരക്ഷിക്കേണ്ടതിന്റെ അവബോധം വളർത്തിയെടുക്കുക എന്നതാണ് പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം. കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് ലോകത്തെ ബോധ്യപ്പെടുത്താൻ ഒറ്റയാൾ പോരാട്ടം നടത്തിയ ഗ്രേറ്റ തുൻബെ എന്ന കൗമാരക്കാരിയുടെ ജന്മദിനമാണ് ജനുവരി മൂന്ന്. ചിലർ അരുമയെന്നും ചിലർ ശല്യക്കാരൻ എന്നും വിശേഷിപ്പിക്കുന്ന അണ്ണാൻ എന്ന മരംചാടിയുടെ സുഭഗത തിരിച്ചറിയാനുള്ള ദിവസമാണ് ജനുവരി 21. ചെറു ജീവികളുടെ സാന്നിധ്യവും കർഷകന് ആവശ്യവുമാണെന്ന ഓർമ്മപ്പെടുത്തൽ. ഈ ലോകദിനങ്ങളൊക്കെ കോർപ്പറേറ്റ് ലോബിയുടെ മാർക്കറ്റിങ്  മേഖലകളാണെന്നാണ് ഞാൻ കരുതിയിരുന്നത്. കുറെയൊക്കെ ശരിയാവും. പക്ഷേ അതിനിടയിൽ ഇത്തരം കുഞ്ഞുജീവികളെ ഓർക്കാനും സ്നേഹിക്കാനും ഒരു ദിവസം മാറ്റിവയ്ക്കുന്നത് വലിയൊരു കാര്യമാണ് എന്ന് മുരുകൻ അഭിപ്രായപ്പെടുന്നുണ്ട്. 

വരുംകാലത്തിലേക്ക് ഉറ്റുനോക്കി കാര്യങ്ങൾ വിചിന്തനം ചെയ്യുമ്പോൾ ചരിത്രത്തിന്റെ തിരിച്ചടി ക്രൂരമായേക്കാം എന്നും പലപ്പോഴും പല പോയകാല ചെയ്തികൾക്കും കണക്ക് പറയാനും വെപ്രാളം അനുഭവപ്പെടുന്ന നിർമിത കാലത്തേക്കുള്ള ഇരുണ്ട അന്തരീക്ഷത്തെ ഓർമ്മിപ്പിക്കാനും ആണ് അന്തകവള്ളികൾ എന്ന നോവൽ വിഭാവനം ചെയ്തിട്ടുള്ളത്.

അളന്ന്, നിരന്തരം നിരീക്ഷിച്ച്, കൃത്യമായ നിർവഹണത്തിലൂടെ മണ്ണിനെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയുള്ള നീക്കങ്ങൾ, കാലാവസ്ഥ മാനകളിലെ വ്യതിയാനം ലോകത്തിൽ ഉണ്ടാക്കുന്ന ആഗോളതാപനം, ഉഷ്ണതരംഗം, കൊടുങ്കാറ്റ് പോലുള്ള അന്തരീക്ഷ മാറ്റങ്ങൾ, സമുദ്രനിരപ്പിന്റെ ഉയരൽ, ഹിമാനികളുടെ ഉരുകൽ, സമുദ്രത്തിന്റെ അമ്ലീകരണം എന്നിവ സൃഷ്ടിച്ചേക്കാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകൾ പരിസ്ഥിതിയെ അവഗണിക്കുന്നതിലൂടെ സംഭവിക്കാവുന്ന ദുരന്തങ്ങൾ എന്നിവയെ കുറിച്ചല്ലാം സൂചനകൾ നൽകിക്കൊണ്ടാണ് നോവലിന്റെ ഇതിവൃത്തം പുരോഗമിക്കുന്നത്. എന്നാൽ, ഇതോടൊപ്പം ചേർത്തുവയ്ക്കേണ്ട മറ്റൊരു വസ്തുത കൂടി നോവൽ ഊന്നുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ഒരു നിലം തരിശായതിന്റെ കാര്യങ്ങൾ പരിശോധിക്കുന്ന അവസരത്തിൽ അവിചാരിതമായി ആൽബർട്ടും ഗുണശേഖരനും കാഴ്ചയിൽ നിർദോഷകരമായ പത്തു പന്ത്രണ്ടടി നീളമുള്ള തീരെ കട്ടിയില്ലാത്ത കുറെ വേരുകൾ കണ്ടെടുക്കുന്നുണ്ട്. 

മണ്ണടരുകളെ തുളച്ചിറങ്ങിപ്പോയ വേരുകൾ ചെന്നെത്തുന്നത് ആഴത്തിൽ കിടക്കുന്ന കിഴങ്ങിലാണ്. അതിവേഗം പടർന്ന് പന്തലിച്ച് മറ്റുള്ളവയെ കീഴ്പ്പെടുത്താൻ കെൽപ്പുള്ളവയാണ് ഈ വള്ളികൾ എന്ന് ആൽബർട്ട് കണ്ടുപിടിക്കുന്നു. കൊളോണിയൽ സ്വഭാവമുള്ള അധിനിവേശ സസ്യം ഒരിക്കൽ പടർന്നാൽ അവയെ മുച്ചൂടും മുടിക്കുക അസാധ്യമായി എന്നു മനസ്സിലാക്കിയാകാം നാട്ടുകാർ സ്ഥലം വിട്ടതെന്ന് കൂടി അവർ നിഗമിക്കുന്നു. ആ അന്തകവള്ളികളെ കണ്ടെത്തിയതോടെ ശാസ്ത്രത്തിന്റെ ദൗത്യം കഴിഞ്ഞു. ആ ഭൂമിയുടെ മറുപിറവിക്ക് ഇനി ശ്രമിക്കേണ്ടത് മനുഷ്യ ഭാവനയും ചേതനയും അന്തമില്ലാത്ത അന്വേഷണങ്ങളും പരിശ്രമങ്ങളുമാണ്. അങ്ങിനെ കാവേരിയുടെ കനവിൽ കണ്ട ഒരിടം കതിരേശൻ കണ്ടെത്തി ഉയിർ കൊടുക്കാൻ ഒരുങ്ങുകയാണ്. ഒരു നാടിന്റെ മറുപിറവിക്ക് സമാനമനസ്കരുടെ സംഘവും ഊരുവിട്ട് പോയവരിലെ രണ്ടുപേരും ചേർന്ന് തയ്യാറാകുന്നു. ഇതിൽ ഒരാളുടെ കണ്ണിൽ നിന്നു ഉതിർന്ന കണ്ണീർ പുണ്യതീർഥമായി കാവേരി വ്യാഖ്യാനിക്കുന്നു.

വമ്പൻ രാജ്യങ്ങളിലെ മൂപ്പന്മാർ പാരീസിലെ മേശയ്ക്ക് ചുറ്റുമിരുന്ന് ഏതൊക്കെയോ കടലാസുകളിൽ ഒപ്പിടുമ്പോൾ അവരുടെ രാജ്യങ്ങൾ കാർബൺ തുപ്പുകയും അതുകൊണ്ടുതന്നെ നടപ്പിലാകാത്ത കടലാസ്സുകൾ വെറും റദ്ദികൾ പോലെയായി പോകുകയും ചെയ്യുന്നു എന്ന് സേതു ഓർമിപ്പിക്കുന്നു. പക്ഷേ, പ്രകൃതിയെക്കുറിച്ച് ആകുലപ്പെടാനും കനവ് കാണാനും കേൾപ്പുള്ള ചിലരുടെ കൂട്ടായ്മ പ്രകൃതി നിയമമാണ്. പല ഊരുകളിൽ നിന്ന് പല പ്രായത്തിലുള്ളവരുടെ ഒന്നുചേരലിലൂടെ മാത്രമേ സ്വപ്നത്തെ ശരിയായ അർത്ഥത്തിൽ മനസ്സിലാക്കുന്നതിനു കഴിയൂ എന്നും അറിയപ്പെടാത്ത നിരവധി പ്രകൃതിസ്നേഹികളിലൂടെ മാത്രമേ ദാഹിക്കുന്ന മണ്ണിൽ ദൈവപരമായ ഉയർപ്പ് കൊടുക്കുവാൻ സാധ്യമാകൂ എന്നുമുള്ള സന്ദേശമാണ് നോവൽ കാഴ്ചവയ്ക്കുന്നത്. പുരുഷാധിപത്യമില്ലാത്ത ഒരു കാമാക്ഷിപുരം.

പാരിസ്ഥിതിക പ്രശ്നങ്ങൾ ഉന്നയിക്കുന്നതോടൊപ്പം ചില സാമൂഹിക രാഷ്ട്രീയ വിഷയങ്ങൾ കൂടി ആനുഷംഗികമായി ഉൾച്ചേർക്കാൻ സേതു ശ്രമിക്കുന്നുണ്ട്. അതിരു കടക്കാൻ സമ്മതിച്ചതുകൊണ്ട് നാട്ടുകാരനാകാൻ സമ്മതിക്കില്ലെന്ന് ശഠിക്കുന്ന പൗരത്വ ഭേദഗതി ബിൽ, ജാതികൾ ഏതു ജാതികൾ എന്നിവയുടെ കണക്കെടുപ്പ് പൊള്ളുന്ന വിഷയമാക കാരണം അതിനു സമ്മതിക്കാത്ത സർക്കാർ ജാത്യാഭിമാനക്കൊല, ഫാക്ടറിയുടെ തറക്കല്ലിടാൻ കൊടിപാറിച്ച കാറിൽ വരുന്നതാണ് വികസനം എന്ന് വാദിക്കുന്ന രാഷ്ട്രീയക്കാർ, ആസ്പർജർ സിൻഡ്രോം എന്ന ആരോഗ്യാവസ്ഥ, ഭാവിയിലെ സംഘർഷം ജലത്തിനായിരിക്കുമെന്ന് മുന്നറിയിപ്പ് പുതിയ തലമുറയുടെ സിറ്റുവേഷൻഷിപ്പും റിലേഷൻഷിപ്പും എന്നിങ്ങനെ കാലിക പ്രസക്തിയുള്ള ഒരുപാട് വിഷയങ്ങൾ ഒട്ടും മുഴച്ചു നിൽക്കാതെ കഥാപാത്രത്തോട് ചേർത്തുവെക്കാൻ കഴിഞ്ഞു എന്ന വസ്തുത എത്ര കൃതഹസ്തനായ നോവലിസ്റ്റാണ് സേതു എന്നത് ഓർമ്മിപ്പിക്കുന്നു.

ആരു കെടുത്തിയാലും ഞാൻ ആ വിളക്ക് കത്തിച്ചു വയ്ക്കും എന്ന് ശഠിച്ച പാട്ടിയുടെ വിളക്ക് പോലെ സേതുവിന്റെ അന്തകവള്ളിയിലെ പ്രത്യാശയുടെ വെളിച്ചം മലയാളം സാഹിത്യത്തിലെ വരദാനമായി കത്തിനിൽക്കുക തന്നെ ചെയ്യും.
 

Content Highlights: Explore Sethu`s new novel, Anthaka Vallikal