'താളുകൾ മറിച്ചു, ഹൃദയസ്പന്ദനം കൂടി, കണ്ണുനിറഞ്ഞ് അക്ഷരങ്ങള്‍ മറഞ്ഞു; മാറേണ്ടത് കുട്ടികളല്ല, നമ്മൾ'

ഷൗക്കത്ത് എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'കുഞ്ഞുങ്ങള്‍ക്ക് അവരുടേതായ സ്വപ്നങ്ങളുണ്ട്' എന്ന പുസ്തകത്തെക്കുറിച്ച് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് മലയാളവിഭാഗം അധ്യാപകന്‍ അനൂപ് ആന്റണി എഴുത്തുകാരന് അയച്ച കത്ത്.
പ്രിയപ്പെട്ട ഷൗക്കത്ത്,
കുഞ്ഞുങ്ങളെക്കുറിച്ച് മുതിര്‍ന്നവര്‍ക്കായി താങ്കള്‍ എഴുതിയ പുസ്തകം വായിച്ചു. ആദ്യമായി കണ്ണില്‍ തടഞ്ഞത് മുഖചിത്രം തന്നെയാണ്. പുസ്തകത്തിലെ ആശയം വ്യക്തമാക്കുന്ന ചിത്രം. പുതിയ കാലത്ത് കുട്ടികളല്ല വ്യക്തികളാണ് ജനിക്കുന്നത് എന്നും അവരിലേക്കുള്ള വഴി സൗഹൃദത്തിന്റേതാണെന്നുമുള്ള താങ്കളുടെ നിരീക്ഷണം ഓര്‍മ്മിപ്പിക്കുന്ന ഒന്ന്. അതുകൊണ്ട് 'അച്ഛന്‍ഹുഡും' 'അമ്മഹുഡും' മാറ്റിവച്ച് താളുകള്‍ മറിച്ചു. ഓരോ അധ്യായങ്ങള്‍ കഴിയുന്തോറും ഹൃദയസ്പന്ദനങ്ങള്‍ കൂടിക്കൂടി വന്നു. ചിലപ്പോള്‍ അത് നെടുവീര്‍പ്പായി, ചിലപ്പോള്‍ കുറ്റബോധം, കണ്ണ് നിറഞ്ഞ് അക്ഷരങ്ങള്‍ മറഞ്ഞ സന്ദര്‍ഭങ്ങളും ഉണ്ടായി. ഷൗക്കത്ത്, മാറേണ്ടത് കുട്ടികളല്ല നമ്മളാണ് എന്ന് ബോധ്യമായി. അസംഖ്യം മാതാപിതാക്കളില്‍ ഈയൊരു ഉള്‍വെളിച്ചം പകര്‍ന്നതിന് ആദ്യമേ നന്ദി.
കുട്ടികളെക്കുറിച്ചുള്ള ഖലീല്‍ ജിബ്രാന്റെ പ്രശസ്തമായ വാക്യങ്ങളെ ഇഴപിരിച്ചാണ് വിഷയത്തിലേക്ക് താങ്കള്‍ പ്രവേശിച്ചത്. ഓരോരുത്തരും അവരുടേതാണ് എന്ന തെളിച്ചം അത് പകര്‍ന്നുതന്നു. അതിന്റെ ആദ്യപടി നമ്മള്‍ നമ്മളായിരിക്കലാണെന്നും. വളരെ ജൈവികമായാണ് പാരന്റിങ് എന്താണെന്നു പറഞ്ഞവെച്ചത്. ഒരു ചെടിയെയും നമ്മള്‍ വളര്‍ത്താറില്ല, ചെടികള്‍ വളരാനുള്ള അന്തരീക്ഷം ഒരുക്കിക്കൊടുക്കുകയാണ് ചെയ്യാറ്. അതുപോലെ സ്വാഭാവികമായ ഒന്നായി മാറണം പാരന്റിങ്ങും. മാവില്‍ തേങ്ങയോ തെങ്ങില്‍ ചക്കയോ ഉണ്ടാകണമെന്ന് നമ്മള്‍ ആഗ്രഹിക്കാത്തതുപോലെ ഒരു കുട്ടിയിലും അവര്‍ക്ക് താല്പര്യമില്ലാത്ത പ്രതീക്ഷകള്‍ വയ്ക്കരുതെന്നും. എന്തൊരു ഭാരക്കുറവാണെന്നോ അത് മനസ്സിനുണ്ടാക്കിയത്.
പ്രതീക്ഷകളുടെ അനാവശ്യഭാരം ചുമക്കേണ്ട ആവശ്യം ഒരു കുഞ്ഞിനോ അച്ഛനമ്മമാര്‍ക്കോ ഇല്ല. അണുകുടുംബങ്ങളുടെ ഈ കാലത്ത്, വീടിന്റെ കേന്ദ്രം കുട്ടികളാകുന്ന പുതിയ ക്രമത്തില്‍ മാതാപിതാക്കള്‍ക്കായി ഒരു ഓര്‍മ്മപ്പെടുത്തലുണ്ട്. കുഞ്ഞുങ്ങള്‍ക്കുവേണ്ടി നാം ജീവിക്കേണ്ടതില്ല; കുഞ്ഞുങ്ങള്‍ നമുക്കൊപ്പം ജീവിക്കട്ടെ. നാം അവര്‍ക്ക് കൊടുക്കുന്ന അമിത പ്രാധാന്യം ജീവിതത്തെ സമഗ്രമായി അനുഭവിക്കാനുള്ള അവരുടെ ശേഷിയെ ഇല്ലാതാക്കുകയേയുള്ളൂ എന്ന്. കണ്ണ് തുറപ്പിക്കുന്ന നിരീക്ഷണങ്ങളാണവ. കൂടുതല്‍ ശ്രദ്ധിച്ച് കുഞ്ഞുങ്ങളെ വഷളാക്കരുതെന്ന പാഠം. ഓരോന്നിനെയും അതിന്റെ തനിമയില്‍ കാണാന്‍ കഴിയണം എന്നതുതന്നെയാണ് പ്രധാനം. കാരണം ഓരോ സൃഷ്ടിയും സ്വയം പൂര്‍ണ്ണമാണ്.
എത്ര പറഞ്ഞാലും മക്കള്‍ കാര്യങ്ങള്‍ മനസ്സിലാക്കി ചെയ്യുന്നില്ല എന്നാണ് പരാതിയെങ്കില്‍ അതിന് കൃത്യമായ ഉത്തരം നമുക്ക് ലഭിക്കുന്നുണ്ട്. കാരണം, കുട്ടികള്‍ കേട്ടുപഠിക്കുന്നവരല്ല, കണ്ടു പഠിക്കുന്നവരാണ്. അതുകൊണ്ട് അവരില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തണമെന്ന് നമ്മള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് നമ്മളില്‍ അവര്‍ കാണണം. അപ്പോഴാണ് ഇത്രയും കാലം നമ്മള്‍ എന്താണ് ചെയ്തുകൊണ്ടിരുന്നതെന്ന് തോന്നുക. എല്ലാത്തിനും ഉപരിയായി ഒരു കുഞ്ഞിന് കൊടുക്കേണ്ട സമ്പത്ത് സമയമാണെന്നുള്ള ചിന്ത ഓരോ അച്ഛനെയും അമ്മയെയയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതാണ്. കാരണം ഇന്ന് അതൊഴികെ മറ്റെന്തും മാതാപിതാക്കള്‍ മക്കള്‍ക്ക് കൊടുക്കുന്നുണ്ട്. മക്കള്‍ക്കുവേണ്ടി ഇരുന്നുകൊടുക്കാനുള്ള, കുഞ്ഞുങ്ങളെ കേള്‍ക്കാനുള്ള മനസ്സാണ് നമുക്കാദ്യം കൈമോശം വന്നത്. എന്നാല്‍ അത് എത്രയും പെട്ടെന്ന് തിരികെ പിടിക്കേണ്ട ഒന്നാണെന്ന ഓര്‍മ്മപ്പെടുത്തലിന് ഒരിക്കല്‍ക്കൂടി നന്ദി.
സമ്പത്ത്, ദാരിദ്ര്യം, ശരി, ആത്മസാക്ഷാത്കാരം എന്നിവയെക്കുറിച്ചുള്ള എല്ലാ സങ്കല്പങ്ങളും തച്ചുടയ്ക്കുന്നതാണ് താങ്കളുടെ നിരീക്ഷണങ്ങള്‍. ശീലിച്ചുവന്നതാണ് പിന്നീട് ശരിയായതെന്നും കൂട്ടിവയ്ക്കുന്നതാണ് ദാരിദ്ര്യമെന്നും ഓരോ ചലനങ്ങളിലും അനുഭവിക്കുന്നതാണ് ആത്മസാക്ഷാത്കാരണമെന്നും നാം അറിയുമ്പോള്‍ ഇക്കാലമത്രയും പാലുകൊടുത്തു വളര്‍ത്തിയ ശരികള്‍ തെറ്റുകളായിരുന്നെന്ന് തിരിച്ചറിയുന്നു. ഗുരുക്കന്മാരുടെ ജീവിതവും വചനങ്ങളും എഴുത്തിന്റെ ആത്മബലം വര്‍ദ്ധിപ്പിക്കുന്നുണ്ട്. പുതിയ കാലത്തെ കുട്ടികള്‍ അഭിമുഖീകരിക്കുന്ന എല്ലാ വിഷയവും ധൈര്യത്തോടെ കൈകാര്യം ചെയ്യാനാവുന്നുണ്ട് താങ്കള്‍ക്ക്. ലൈംഗിക വിദ്യാഭ്യാസമെന്നാല്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള പരിശീലനമല്ലെന്നും ശരീരത്തോടുള്ള നിഷേധാത്മകമായ സമീപനമാണ് മാറേണ്ടത് എന്നുമുള്ള തുറന്നുപറച്ചില്‍.
മൊബൈല്‍ ഫോണുകളെ അടച്ചാക്ഷേപിക്കാതെ അത് ആധുനികമായൊരു സാദ്ധ്യതയായി കണ്ട് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള പരിശീലനമാണ് വേണ്ടതെന്നും മക്കളുടെ ഏറ്റവും വലിയ ലഹരി മാതാപിതാക്കളാകണമെന്നും താങ്കള്‍ സമര്‍ത്ഥിക്കുമ്പോള്‍ എന്തൊരു ധൈര്യമാണ് ഓരോ മാതാപിതാക്കള്‍ക്കും തോന്നുക എന്നറിയാമോ? മനുഷ്യന്‍ ആര്‍ജ്ജിച്ച ഗുണവിശേഷമാണ് അനുസരണക്കേട് എന്നുള്ള നിരീക്ഷണം അതുവരെയുള്ള ഞങ്ങളുടെ ധാരണകളെ പൊളിച്ചുകളയുന്നവയാണ്. കാരണം, കുഞ്ഞുങ്ങള്‍ക്ക് അനുസരണമില്ല എന്നതാണല്ലോ എല്ലാ രക്ഷകര്‍ത്താക്കളുടെയും ആദ്യ പരാതി.
പുതുതലമുറ വളരുന്നത് വിശ്വപൗരന്മാരായിട്ടാണെന്നും പ്രാദേശികമായ നമ്മുടെ കാഴ്ചപ്പാടുകളിലേക്ക് അവരെ വലിച്ചുതാഴ്ത്തരുതെന്നും പുസ്തകത്തില്‍ ഓര്‍മ്മപ്പെടുത്തലുണ്ട്. കാരണം, അവര്‍ ജനിക്കുന്നത് ആണും പെണ്ണുമായോ ചില മതത്തിലോ ജാതിയിലോ പെട്ടവരായോ അല്ല മറിച്ച് വ്യക്തികളായാണ്. അവരെ തിരിച്ചറിയാന്‍ സാധിക്കാത്തത് നമ്മുടെ കുറവുകള്‍ കൊണ്ടാണെന്ന തിരിച്ചറിവാണ് ഇവിടെ പ്രധാനം. പുതിയ കാലത്തെ കെട്ട കാലമെന്നും പുതു തലമുറയെ വഴിപിഴച്ചവര്‍ എന്നും മുദ്രകുത്തുന്നതിനു മുമ്പ് നമുക്ക് സ്വയം തിരിച്ചറിയാനും അതുവഴി അവരെ മനസ്സിലാക്കാനും ഒരു അവസരം തീര്‍ച്ചയായും ഈ പുസ്തകം നല്‍കുന്നുണ്ട്. കാലത്തിന്റെ താളത്തില്‍നിന്ന് തെറിച്ച് പോകണമോ അതോ അതിനോട് പൊരുത്തപ്പെട്ട് നില്‍ക്കണമോ എന്നത് നമ്മുടെ തിരഞ്ഞെടുപ്പാണ്. അതിലേക്കുള്ള അറിവും അനുഭവങ്ങളുമാണ് ഇവിടെ പങ്കിടുന്നത്.
ആത്മവിമര്‍ശനത്തോടെയല്ലാതെ ഈ പുക്തകം വായിച്ചവസാനിപ്പിക്കാനാവില്ല. കാരണം, നമ്മുടെ മക്കള്‍ക്കെതിരെ നാം നിരത്തുന്ന എല്ലാ കുറ്റപ്പെടുത്തലുകളുടെയും ഉറവിടം നാമാണെന്ന തിരിച്ചറിവ് കണ്ണുനീരുപോലെ നമ്മുടെ മനസ്സുകളെ കഴുകി ശുദ്ധീകരിക്കും. ആ മനസ്സില്‍ നമ്മുടെ മക്കളുടെ സ്വപ്നങ്ങള്‍ പോേെല പുതിയ ആകാശവും പുതിയ ഭൂമിയും പിറക്കും. അപ്പോള്‍, ഞങ്ങളെ മാതൃകയാക്കാതെ, നിങ്ങള്‍ ഞങ്ങള്‍ക്കുള്ള മാതൃകയാകുക എന്ന് ഉള്ളില്‍ത്തട്ടി ഓരോ അച്ഛനും അമ്മയ്ക്കും പറയാനാകും.
ആത്മസംതൃപ്തിയോടെ
ഒരു പിതാവ്
Content Highlights: Anoop antony reviews the book by shoukath kunjungalkku avarudethaya swapnangalund