ഗസലിന്റ ഈണങ്ങളില്‍ നെയ്ത പുസ്തകം

#ജ്യോതി.കെ.ജി
-
-

ലയാളത്തില്‍ ഗസലിന്റെ താളലയങ്ങള്‍ എത്രമേല്‍ ഹൃദയഹാരിയാവുമെന്ന് നമുക്ക് അനുഭവിപ്പിച്ചുതന്ന ഗായകനാണ് ഉമ്പായി. ഗസല്‍ സംഗീതമലരുകളുടെ പൂമ്പൊടികള്‍ തുടച്ചാലും മായ്ച്ചാലും പോകാത്ത തരത്തില്‍ മലയാളിയുടെ ഹൃദയത്തില്‍ പതിപ്പിച്ചാണ് അദ്ദേഹം കടന്നുപോയത്. കോഴിക്കോട് അബ്ദുള്‍ ഖാദറും ബാബുരാജും ഹിന്ദുസ്ഥാനി സംഗീതമേഖലയില്‍ പ്രാഗത്ഭ്യം തെളിയിക്കുന്ന കാലത്താണ് പി.എ. ഇബ്രാഹിം എന്ന സാധാരണക്കാരന്‍ ഗസലിന്റെ പ്രകാശകിരണങ്ങള്‍ തന്റേതായ ശ്രുതി മാധുര്യത്തോടെ അവതരിപ്പിച്ച് കോഴിക്കോടന്‍ സംഗീത മനസ്സുകളില്‍ ഇടംപിടിച്ചത്.

യൂസഫലി കേച്ചേരിയുടെയും സച്ചിദാനന്ദന്റെയും ഒ.എന്‍.വി.യുടെയും കവിതകള്‍ അപൂര്‍വങ്ങളായ ഗാനഗസല്‍ ധാരയാക്കി നമുക്കിടയില്‍ പ്രകാശിപ്പിച്ച ആ കലാകാരന്‍ ഇന്ന് നമ്മോടൊപ്പമില്ല എന്ന പരമാര്‍ത്ഥം ഉള്‍ക്കൊണ്ട് കാലത്തെ അതിജീവിക്കുന്ന ആ രാഗമാലികയ്ക്കുമുമ്പില്‍ തന്റെ പ്രിയപ്പെട്ടവര്‍ കുറിക്കുന്ന ഓര്‍മകളാണ് 'ഉമ്പായി- നിലയ്ക്കാത്ത രാഗമാലിക' എന്ന പുസ്തകം. മാധ്യമപ്രവര്‍ത്തകയായ അഞ്ജന ശശി എഡിറ്റ് ചെയ്ത പുസ്തകത്തില്‍ സച്ചിദാനന്ദന്‍, വി.ടി.മുരളി, വേണു.വി.ദേശം, ആലങ്കോട് ലീലാകൃഷ്ണന്‍, വി.ആര്‍.സു തുടങ്ങി രാഷ്ട്രീയ-സാംസ്‌കാരിക- സാമൂഹ്യ നിരവധി രംഗത്തെ പ്രമുഖര്‍ക്കൊപ്പം അദ്ദേഹത്തിനൊപ്പം നടന്ന സൗഹൃങ്ങളും കുടുംബാംഗങ്ങളും തങ്ങളുടെ ഓര്‍മകള്‍ പങ്കുവെക്കുന്നു.

ലളിതമായ താളലയങ്ങളുടെ വിസ്മയകരമായ ഒരു കയ്യടക്കം തന്റെ ഗാനകലയില്‍ എക്കാലത്തും കാത്തുസൂക്ഷിച്ച ഗായകനായിരുന്നു ഉമ്പായി. മദ്യവും മയക്കുമരുന്നും കൂലിത്തല്ലും കള്ളക്കടത്തും ദാരിദ്ര്യവും എല്ലാം ചേര്‍ന്ന് വേട്ടയാടിയ കൗമാര യൗവനങ്ങളില്‍നിന്ന് ഇബ്രാഹിം എന്ന മട്ടാഞ്ചേരിക്കാരന്‍ ഉമ്പായി ആയതിന്റെ പിന്നില്‍ ഒരു ചരിത്രമുണ്ട്. സാധാരണക്കാരില്‍ ഒരാളായി ജനിച്ച് ജീവിതത്തിലെ അസ്വസ്ഥതകളും ദുരിതങ്ങളും അനുഭവിച്ച് അസാധാരണമായ സംഗീതവഴികളിലെത്തിച്ചേര്‍ന്ന ഇബ്രാഹിം ഉമ്പായിയായി മാറിയതനിനെ അടയാളപ്പെടുത്തുന്ന പുസ്തകം കൂടിയാണിത്.

ഗായകന്‍തന്നെ സംഗീതമായി മാറുന്ന അപൂര്‍വതയും ഗസല്‍ ഗാനശബ്ദത്തിലൂടെ സൃഷ്ടിച്ച ഒരു പുത്തന്‍ ഭാവാത്മകതയും ഗാനത്തിലെ കുളിര്‍മയും നാദത്തിന്റെ നിറം ചാര്‍ത്തിയ കാല്‍പനികതയെ പാട്ടിലെ സാഹിത്യത്തിലൂടെ ഉന്നത തലങ്ങളിലേക്കെത്തിച്ച സമാനതകളില്ലാത്ത കലാകാരന്റെ ജീവിതപാതതന്നെ സംഗീതരമായിരുന്നു എന്നും പുസ്തകത്തില്‍ ചൂണ്ടിക്കാട്ടുന്നു.

പ്രതികൂലമായ ജീവിതസാഹചര്യങ്ങളില്‍നിന്ന് വളര്‍ന്നുവന്ന നിരവധി കലാകാരന്‍മാരുണ്ട്. എന്നാല്‍ ഈ അവസ്ഥകളെ തങ്ങളുടെ സംഗീതത്തില്‍ കലര്‍ത്തിയവര്‍ ഏറെയുണ്ടാവില്ല. എല്ലാ വേദനകള്‍ക്കും പോരാട്ടങ്ങള്‍ക്കും പട്ടിണികള്‍ക്കുമിടയില്‍ ബാബുരാജിന്റെയും മറ്റുസംഗീത സംവിധായകരുടേയും പാട്ടുകള്‍ ഉമ്പായി പാടുമ്പോള്‍ മൂലകൃതിയുടെ അടിസ്ഥാനങ്ങളൊന്നും തെറ്റാതെ ഭാവതലത്തില്‍ തന്റെ സംഗീതത്തെ അദ്ദേഹം ചേര്‍ത്തുപിടിച്ചു. പാട്ടിന്റെ ഉള്ളുതൊട്ട്, ആത്മാവ് തൊട്ട് സ്വയം ആസ്വദിച്ചും താന്‍ ആസ്വദിച്ച അംശങ്ങളെ മറ്റുള്ളവെ അനുഭവിപ്പിച്ചും ഉമ്പായി പാടിക്കൊണ്ടിരുന്നു. ശിഥിലമായിക്കൊണ്ടിരിക്കുന്ന ജീവിതചര്യകളില്‍നിന്നും സംഗീതത്തിന്റെ ഗതിവിഗതികള്‍ തേടിയുള്ള സഞ്ചാരത്തില്‍ ബോംബെ നഗരത്തില്‍വെച്ച് തന്റെ ഗുരുവിനെ കണ്ടെത്തുകയും തന്നില്‍ നിറഞ്ഞിരിക്കുന്നത് ഗാനാലാപനത്തിന്റെ വശ്യതയാണെന്ന് തിരിച്ചറിയുകയും ചെയ്യുന്നതിലൂടെ ഗസല്‍ഗാന പാരമ്പര്യത്തിന്റെ മലയാളീകരണമാണ് ഉമ്പായി നടത്തിയത്. കല്യാണവീടുകളിലും ഭക്ഷണശാലകളിലും ഉദ്ഘാടനവേദികളിലുമൊക്കെ സോജാ രാജകുമാരിയും ചെറുപ്പത്തില്‍ നമ്മള്‍ രണ്ടും മണ്ണുവാരി കളിച്ചതും ഒരു പുഷ്്പം മാത്രവുമടക്കമുള്ള പഴയഗാനങ്ങള്‍ ഗാനതേന്‍മഴയായി പെയ്തിറങ്ങി. അന്യഭാഷാ ഗസലുകള്‍ കേട്ടുവളര്‍ന്ന മലയാളിക്ക് മലയാള ഗസലിന്റെ വ്യത്യസ്തമായൊരു ലോകം തുറന്നതില്‍ ഈ മട്ടാഞ്ചേരിക്കാരന്റെ സ്വാധീനം എത്ത്രതോളമുണ്ടെന്നും ഈ പുസ്തകം ഓര്‍മിപ്പക്കുന്നു.

ഭാരതീയ സംസ്‌കാരം തന്നെ സംഗീതമാണെന്ന് വിശ്വസിച്ച ഉമ്പായിയുടെ ഗാനകലയില്‍ വിസ്മയകരമായ ഒരു കൈയടക്കം എക്കാലത്തുമുണ്ടായിരുന്നു. കവിതയെ സ്നേഹിക്കുകയും അതിനെ മാറോടണച്ചു ചുംബിക്കുകയും അങ്ങനെ കവിതയെ അനശ്വരമാക്കുകയും കവിത അനശ്വരമാകുമ്പോള്‍ ജീവിതം അനശ്വമാകുന്നു എന്നും പാടിയ ജഗിജിത് സിങ്ങിന്റെ ഗസലുകളായിരുന്നു ഉമ്പായി തന്റെ ജീവിതത്തില്‍ കൂട്ടുപിടിച്ചിരുന്നത്. ചാരുതയാര്‍ന്ന വിളിപ്പേരില്‍ പ്രേമമധുരം തുളുമ്പി നില്‍ക്കുന്ന ആദ്യ ആല്‍ബമായ പ്രണാമത്തിലെ 'സുനയനേ സുമുഖി' എന്ന ഗാനവും പ്രണയാരാധനയുടെ മാസ്മരികതയെ അനുഭവിപ്പിക്കുന്ന 'വീണ്ടും പാടാം സഖി'യും ആലാപന സൗഖ്യത്തിന്റെ അത്യപൂര്‍വമായ നിമിഷമൊരുക്കുന്ന 'ഏതപൂര്‍വ നിമിഷത്തിന്‍' എന്ന ഗാനവും, കവിത ഗസലായിത്തീരുമ്പോള്‍ ഉള്ള പ്രശാന്തതയെ അനുഭവിപ്പിക്കുന്ന പിന്നെയും പാടുന്നു സൈഗാള്‍'  എന്ന ആല്‍ബവും.. അങ്ങനെ ഗസലിന്റെ ഏറ്റവും പ്രസാദാത്മകമായ ശൈലി മലയാളത്തില്‍ സമ്മോഹനമായി ആവിഷ്‌കരിച്ച ആ അനശ്വര ഗായകനെ ഈ പുസ്തകത്തിലൂടെ അടുത്തറിയാന്‍ സാധിക്കുന്നു.

ആര്‍ദ്രമായ ശബ്ദത്തിലൂടെ സാധാരണക്കാരുടെ സംഗീത മനസ്സിന് സ്വീകാര്യമാകുന്ന ലാളിത്യംകൊണ്ട് സംഗീതത്തെ ജനകീയമാക്കിയ ഉമ്പായി പുതുഗായകര്‍ ആത്മവിശ്വാസത്തോടെ മുന്നോട്ടുവരാനുള്ള പ്രേരണകൂടിയായിരുന്നു. നാലുപതിറ്റാണ്ടുകൊണ്ട് സാധാരണക്കാരുടെ മനസ്സിന് സ്വീകാര്യമാകുന്ന ലാളിത്യംകൊണ്ട് സംഗീതത്തെ കൂടുതല്‍ ജനകീയമാക്കുകയും അതിലൂടെ ആസ്വാദകരുടെ സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങിയ ഗായകന്റെ സംഗീതമാലിക അനുസ്യൂതമായി മുഴങ്ങിക്കൊണ്ടേയിരിക്കും.

Content Highlights: Anjana Sasi Malayalam Book Review Umbayee

Content Highlights: