നാട്ടുവഴികള് നാട്ടഴകുകള്; ആലങ്കോടിന്റെ എഴുത്തുവഴികളുടെ ഉസാഘകളെല്ലാം ഒത്തുചേര്ന്ന പുസ്തകം

മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ആലങ്കോട് ലീലാകൃഷ്ണന്റെ, 'നാട്ടുവഴികള് നാട്ടഴകുകള്' എന്ന പുസ്തകം ബിജു സി.പിയുടെ വായനയില്...
നാട്ടിടവഴികളുടെ നിലാക്കുളിരൂറുന്ന ഹൃദയംഗമമായ പുഞ്ചിരിയാണ് ആലങ്കോട് ലീലാകൃഷ്ണന്. ഈ ജെന് സീക്കാലത്തും ഏറ്റവും തിരക്കേറിയ പ്രഭാഷകനായി, സാംസ്കാരിക സാന്നിധ്യമായി മലയാളികളുള്ളിടത്തെല്ലാമുണ്ട് ആലങ്കോട് ലീലാകൃഷ്ണന്. സവിശേഷമായ ഒരു രാഷ്ട്രീയ സാംസ്കാരിക ധാരയുടെ അപ്പോസ്തലനാണ്, തലയാളാണ് ആലങ്കോട്. ഒരു വഴിക്ക് അത് നിളാതീരത്തെ ഫ്യൂഡല്പാരമ്പര്യങ്ങളെ ആദരവോടെ നെഞ്ചേറ്റുന്നുണ്ട്. അതിനെക്കാള് മധുരിമയോടെ അത് മലബാറിലെ മാപ്പിളത്തനിമകളെയും നാട്ടുമനുഷ്യരുടെ പാട്ടുപാരമ്പര്യങ്ങളെയും ഹൃദയത്തിലുറപ്പിച്ചിട്ടുണ്ട്. പി.കുഞ്ഞിരാമന്നായരുടെ തരള കാല്പനികതയും എം.ടി.യുടെ ഘനകാല്പനികതയും അലിഞ്ഞുനിറയുന്നുണ്ട് ആലങ്കോടില്. ഇടശ്ശേരിയുടെ ഇടതുപക്ഷ ശക്തിമുദ്രകളും.
എഴുപതുകളില് മുളപൂണ്ട് എണ്പതുകളില് തിടംവച്ചു വളര്ന്ന സവിശേഷമായ കേരളീയ സാംസ്കാരികതയുടെ ആള്രൂപമാണ് ആലങ്കോട് ലീലാകൃഷ്ണന്. കവിയും പ്രഭാഷകനും ഗാനരചയിതാവും തിരക്കഥാകൃത്തും സാംസ്കാരിക ചരിത്രകാരനും ഒക്കെയൊക്കെയായ ആലങ്കോട്. കാവ്യഭംഗിയുള്ള കുറുകിയ ഗദ്യത്തില് അദ്ദേഹം അലസമധുരിമയോടെ എഴുതിയിടുന്ന കൊച്ചുലേഖനങ്ങള് ഒരു കാലഘട്ടത്തിലെ മലയാളി ജീവിതത്തിന്റെ സാംസ്കാരിക ചരിത്രം തന്നെ. ഓര്മകളും നേരനുഭവങ്ങളും കൊണ്ട് അലുക്കു ചാര്ത്തിയാണ് ഓരോ ലേഖനവും അവതരിപ്പിക്കുക. പാട്ടുകളും കവിതകളും താളത്തില് പാടിയാണ് ഒരു കൊച്ചു പ്രസംഗം പോലും ഹൃദ്യാനുഭവമാക്കുക. ഫീച്ചര് സ്വഭാവമുള്ള കൊച്ചുലേഖനങ്ങളാണ് അദ്ദേഹം എഴുതുന്നതിലേറെയും. എന്നാലോ വലിയ പ്രബന്ധങ്ങളിലുള്ച്ചേരുന്നത്ര വിവരങ്ങളും വിശകലനങ്ങളും ചരിത്രാംശങ്ങളും കൊണ്ട് സമ്പന്നമായിരിക്കും ഓരോന്നും. എണ്പതുകളില് മലയാളത്തില് ഇത്തരം മികവുറ്റ ലേഖനങ്ങള് രചിക്കുന്ന എഴുത്തുകാരുടെ ഒരു നിര തന്നെ ഉണ്ടായിരുന്നു. അവരില് മിക്കവരും ഇന്ന് എഴുത്തിനോട് സലാം പറഞ്ഞു.
നാട്ടുവഴികളിലും പുഴയിറമ്പുകളിലും പഴയ തറവാടുകളിലും അലഞ്ഞുനടന്നു നേടിയ അനുഭവശേഖരത്തില് വേരൂന്നി മുളയിട്ട് വളര്ന്നു പാകപ്പെട്ടവയാണ് ആലങ്കോടിന്റെ ലേഖനങ്ങളിലെ ഓരോ ചെറുവിവരണങ്ങളും. നാട്ടുമനുഷ്യരുടെ പട്ടിണിയില് ഒപ്പം കൂടിയും പാട്ടുമനുഷ്യരുടെ മധുരസംഗീതത്തിനുള്ളില് കനത്തു നിറഞ്ഞ ദുരിതജീവിതങ്ങള് ഒപ്പം നടന്നു പങ്കിട്ടും നേടിയതാണ് ജീവിതാനുഭവങ്ങളുടെ ആ പാടല ശേഖരം.
വേദിയില് ആലങ്കോട് ലീലാകൃഷ്ണന് വലിയ പ്രസംഗങ്ങളല്ല ചെയ്യാറുള്ളത്. സദസ്സിലുള്ള ഓരോരുത്തരോടും നേരിട്ടു നേരിട്ടെന്ന പോലെ വര്ത്തമാനം പറയുകയാണ് രീതി. ഓര്മയിലൊരു നാട്ടുപറമ്പോ മാഞ്ചോടോ പുഴയോരമോ ഉളളവരൊക്കെ ആലങ്കോടിന്റെ കൊച്ചുവര്ത്തമാനത്തില് ഒപ്പം കൂടുകയായി. അപ്പോള് അദ്ദേഹം ഒരു പാട്ടുപാടും. സംഗീതമല്ല. പാട്ട്. നാട്ടുതാളത്തിലുള്ളത്. മാപ്പിളപ്പാട്ടോ പഴയ സിനിമാപ്പാട്ടോ നാടന്കളികളുമായി ബന്ധപ്പെട്ടതോ
ഒക്കെയാവും അത്. മതത്തിനും ജാതിക്കും ഒക്കെയപ്പുറത്തുള്ള സ്നേഹസൗഹൃദങ്ങളുടെ നാട്ടുതണലുകളിലേക്ക് നമ്മെ ചേര്ത്തിരുത്തുന്നതായിരിക്കും ആ പാട്ടും പറച്ചിലും. ആത്മാവിലെ ഒരയല്വാസിയായി ആലങ്കോട് നമ്മുടെ നെഞ്ചകത്ത് ഒരിളംകാറ്റിന്റെ തണുവുള്ള പുഞ്ചിരി നിറയ്ക്കുകയായി. സൗമ്യവും
മധുരവും ദീപ്തവുമായിരിക്കുമ്പോളും ആലങ്കോടിന് നിശിതമായ രാഷ്ട്രീയ ജാഗ്രതയുണ്ട്. നവോത്ഥാനമൂല്യങ്ങളുടെ തെളിമയാര്ന്ന ചൂട്ടുവെളിച്ചം. നവോത്ഥാന വഴികളില് നിന്ന് പുനരുത്ഥാനവാദത്തിലേക്കുള്ള കുറുക്കുവഴികള് എത്ര എളുപ്പവും തെളിച്ചവുമുള്ളതാണെന്ന് അദ്ദേഹത്തിനറിയാം. ആ പെരുവഴിയേ പോകരുതേ മാളോരേ... എന്ന് അദ്ദേഹം സ്നേഹത്തോടെ നമ്മെ ജാഗ്രതപ്പെടുത്തും. കേരളീയ സാംസ്കാരികതയില് ആ രാഷ്ട്രീയജാഗ്രതയുടെ കനലൊളി വീശീ നില്ക്കുന്ന സ്നേഹവചസ്സുകള് അധികമൊന്നുമില്ല ഇന്ന്. അതുകൊണ്ടു തന്നെ ആലങ്കോട് ലീലാകൃഷ്ണന് എന്ന സാംസ്കാരിക സാന്നിധ്യം എത്രമേല് മഹിതമാണെന്ന് നമുക്ക് ബോധ്യമുണ്ട് ഇപ്പോള്.
'പി. കുഞ്ഞിരാമന് നായര്ക്ക് ഇടശ്ശേരിയില് പിറന്ന പുത്രാ' എന്ന് സ്നേഹലഹരിയുടെ തിരതള്ളലോടെ ഗിരീഷ് പുത്തഞ്ചേരി വിളിക്കാറുള്ളതിനെക്കുറിച്ച് ആലങ്കോട് എഴുതുന്നുണ്ട് നാട്ടുവഴികള് നാട്ടഴകുകള് എന്ന പുസ്തകത്തില്. ആലങ്കോടിന്റെ എഴുത്തുവഴികളുടെ ഉസാഘകളെല്ലാം ഒത്തുചേര്ന്ന ഹൃദ്യമായ വായനാനുഭവമാണ് നാട്ടുവഴികള് നാട്ടഴകുകള്.
നാട്ടുവഴി എന്നതും നാട്ടഴക് എന്നതും ഒരു മൂല്യബോധമാണ്. നാട്ടുവഴികള് ഹൈവേകളായി മാറുന്നത് നിത്യയാഥാര്ഥ്യമാണല്ലോ. അതുനല്കുന്ന സൗകര്യങ്ങള് ആഹ്ലാദപൂര്വം അനുഭവിക്കുന്നവരുമാണ് നമ്മള്. അതു കൂടാതെ കഴിയുകയുമില്ല ഇക്കാലത്ത്. ഇടവഴികള് ഇടവഴികളായിത്തുടരണം എന്നല്ല, മറിച്ച് ആ ഇടവഴിക്കാലത്തെ മാനവികതയും മൂല്യബോധവും കൂടുതല് ദീപ്തിയോടെ, മാനുഷികതയോടെ നിലനില്ക്കണം എന്നതാണ് ആലങ്കോട് ലീലാകൃഷ്ണന് മുന്വെക്കുന്ന സാമൂഹിക വീക്ഷണം. കാല്പനികഭംഗി നിറഞ്ഞ ലളിതമോഹനമായ ഭാഷയില് സവിശേഷമായ ആ മൂല്യബോധത്തോടെയും രാഷ്ട്രീയ ജാഗ്രതയോടെയും ഒരു കാലഘട്ടത്തിന്റെ സാംസ്കാരിക മിടിപ്പുകള് അനുഭവിപ്പിക്കുന്നു ഈ പുസ്തകത്തിലെ ലേഖനങ്ങള്.
കല-ജനസംസ്കാരം എന്ന ഒന്നാം ഭാഗത്ത് 21 ലേഖനങ്ങളും സാഹിത്യം എന്ന രണ്ടാം ഭാഗത്ത് 13 ലേഖനങ്ങളുമായി ആകെ 34 ലേഖനങ്ങളുടെ വലിയ സമാഹാരമാണ് 207 പേജുകള് മാത്രമുള്ള ഈ പുസ്തകം. നിളാതീരത്തെ നാട്ടുവഴികള് എക്കാലത്തും പ്രിയപ്പെട്ടതാണ് ആലങ്കോടിന്. കൊല്ലങ്കോട്ടേക്കുള്ള ഒരു നാട്ടുസഞ്ചാരത്തിന്റെ ഹൃദ്യാനുസ്മരണമാണ് അറിയാവഴികള് വിളിക്കുമ്പോള് എന്ന ആദ്യലേഖനം. നാട്ടുവഴികളെയും നാട്ടുസഞ്ചാരങ്ങളെയും കുറിച്ചുള്ള വേറെയും കുറിപ്പുകളുണ്ട് പുസ്തകത്തില്. എം.ടിയുടെ കഥകളിലെ ഇടവഴികളെക്കുറിച്ചും തന്നെ കവിതയിലേക്കു നയിച്ച നാട്ടിടവഴികളെക്കുറിച്ചുമാണ് അവസാന ഇടവഴിയുടെ അറ്റത്ത് എന്ന ലേഖനം. ഗ്രാമത്തിലെ ഇടവഴികളെല്ലാം ടാര് ചെയ്ത റോഡുകളോ കോണ്ക്രീറ്റ് നിരത്തുകളോ ആയി എന്നൊരു ഖേദപ്പാടിലാണ് തുടക്കംതന്നെ. വരുച്ചാലുകള്, കുണ്ടുവെട്ടനിടവഴികള്, വെട്ടുവഴികള്, ഇടവരമ്പുകള്, ചെമ്മണ്വഴികള്. നാട്ടിടവഴികള് എന്നിങ്ങനെ
ഇടവഴികളുടെ തരഭേദങ്ങളെക്കുറിച്ചുള്ള ജീവസ്സാര്ന്ന വകതിരിക്കലും ഇവിടെയുണ്ട്.
കവികളെഴുതുന്ന ഗദ്യത്തിന്റെ ലാവണ്യം ഒന്നുവേറേയാണ്. വൈലോപ്പിള്ളിയും കക്കാടും ബാലചന്ദ്രന് ചുള്ളിക്കാടും ഒക്കെ രചിച്ച സ്നിഗ്ധമധുരിമയാര്ന്ന ഗദ്യോല്ലേഖങ്ങള് നമുക്കുണ്ടല്ലോ. സൂക്ഷ്മസുന്ദരമായ ചില അലങ്കാരപ്രയോഗങ്ങളാണ് ഈ രചനകളെ കാവ്യലാവണ്യമുള്ളവയാക്കുന്നത്. വായിച്ചുപോകുമ്പോള് നാം തടഞ്ഞുനില്ക്കാനിടയില്ലാത്ത ഒരു ചെറിയപ്രയോഗം നോക്കൂ- '' ഗ്രാമകൗമാരങ്ങളിലെ പ്രണയങ്ങള് മുയല്ക്കുഞ്ഞുങ്ങളെപ്പോലെ ഒളിച്ചു വിഹരിച്ചത് നാട്ടിടവഴികളിലാണ് '' രൂപകങ്ങള് വിശകലനം ചെയ്ത് വിടര്ത്തിച്ചെല്ലുന്തോറും അത് വിവക്ഷിതത്തിന് എന്തുമാത്രം അര്ഥവിസ്താരം നല്കുന്നു എന്നത് രചനാഗുണങ്ങളില് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. നമ്മുടെ ഭാഷയില് ഒരു പക്ഷേ, നളചരിതം പോലുള്ള മഹിത രചനകളായിരിക്കാം അത്തരം കാവ്യലാവണ്യപരകോടി. നാട്ടിടവഴികളില് ഒരു മിന്നായം പോലെ തുള്ളിമറഞ്ഞു പോകുന്ന നാട്ടുമുയലുകളുടെ (അതോ കാട്ടുമുയലോ!) പേടിയും കുസൃതിയും മെലിച്ചിലും പതുങ്ങലും ഒക്കെ കണ്ടുപരിചയമുള്ളവര്ക്കേ മുയല്ക്കുഞ്ഞുങ്ങളുടെ വിഹരിക്കല് പോലുള്ള ആ നാട്ടുപ്രണയങ്ങളുടെ വിവരിക്കാനാവാത്ത ചാരുത പിടികിട്ടുകയുള്ളൂ. ഒരു തീവ്രപ്രകാശത്തിനു മുന്നില് വാപിളര്ന്ന് തമ്പിട്ടു നിന്നു പോകുന്ന മുയല്ക്കുഞ്ഞുങ്ങളുടെ ദുരിതത്തകര്ച്ചയും അതിനൊപ്പമുണ്ട്. കൂടുതല് ആണ്ടിറങ്ങുന്തോറും ഒറ്റപ്രയോഗം ഒരു കാവ്യാനുഭവമായി വളരുന്നു. ഈ കാവ്യലാവണ്യമാണ് ആലങ്കോട് ലീലാകൃഷ്ണന്റെ എഴുത്തിനെയും പറച്ചിലിനെയും നമ്മുടെ ഹൃദയത്തോടു ചേര്ത്തുനിര്ത്തുന്നത്.
നാട്ടുകാഴ്ചകളും അനുഭവങ്ങളും കൊണ്ട് പാട്ടുവഴക്കങ്ങളില് മധുരം ചേര്ത്ത അനശ്വരപ്രതിഭ പി.ഭാസ്കരനെക്കുറിച്ചുള്ള ഹൃദ്യമായ ഓര്മക്കുറിപ്പിന്റെ തലക്കെട്ട് 'നാടോടിപ്പാതയിലെ പാട്ട്, നാട്ടുപച്ചയുടെ മണം' എന്നാണ്. ചെറിയൊരു കുറിപ്പാണെങ്കിലും അത് പി.ഭാസ്കരന്റെ പാട്ടുവഴികളിലെ നാട്ടുമധുരിമയിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന ഒരു നാട്ടുവഴിയായി മാറുന്നു. അതുപോല തന്നെ ഹൃദ്യമാണ് ഗിരീഷ് പുത്തഞ്ചേരിയുമായുള്ള പാട്ടുകൂട്ടിന്റെയും കാവ്യസൗഹൃദത്തിന്റെയും സ്നേഹപ്പശിമ ഇഴുകുന്ന ലേഖനം. എം.കെ.അര്ജുനന്റെ സംഗീതജീവിതത്തിന്റെ സ്നേഹഭരിതമായ ഒരു വിശകലനമാണ് മഴവില്ലാലഴകെട്ടിയ മധുമാസരാഗങ്ങള് എന്ന കുറിപ്പ്.
സ്വാഭാവികമായും ഇത്തരമൊരു ലേഖനസമാഹാരത്തില് ആത്മകഥാംശമുള്ള കുറിപ്പുകള് ഒരു വിഭാഗമായിത്തന്നെ ഉണ്ടാകേണ്ടതാണ്. എല്ലാ കുറിപ്പുകളും അനുഭവാംശമുള്ള ജൈവരചനകളാണ് എന്നതു ശരിതന്നെ. എങ്കിലും ആത്മാംശത്തിനു കൂടുതല് പ്രാധാന്യമുള്ള ചില കുറിപ്പുകളാണ് പുസ്തകത്തിന്റെ തുടക്കത്തില് തന്നെ ഉള്ളവ. ഒരു വേള തന്നിലേക്കു തന്നെ മിഴിതാഴ്ത്തി ഇനിമയാര്ന്ന ചിലനാട്ടോര്മകള് ഉരുക്കഴിച്ചെടുക്കുന്നവ. എവിടെപ്പോയി എന്റെയാ പാട്ടുകാര്, അന്തിചാഞ്ഞ വെളിച്ചത്തിലൂടെ അവരെങ്ങോ പോയ്മറഞ്ഞു, അവരെയോര്മിപ്പൂ ഞാന്..., കോഴിക്കോടിന്റെ നാടക സംഗീത രാത്രികള്, തുടങ്ങിയ കുറിപ്പുകള് പ്രത്യേകിച്ചും അങ്ങനെയുള്ളവയാണ്. ആരാണ് ആലങ്കോട് ലീലാകൃഷ്ണന് എന്നും, എങ്ങനെയാണ് അദ്ദേഹം ഇന്നത്തെ സവിശേഷ സാംസ്കാരിക നിലയിലേക്ക് പദംപദം ഉറച്ച് പാടിപ്പാടിയെത്തിയത് എന്നും സൂചിപ്പിക്കുന്നവ. അക്കൂട്ടത്തില് പ്രധാനപ്പെട്ട ഒന്ന് വി. സാംബശിവനെയും കഥാപ്രസംഗകാലത്തെയും കുറിച്ചുള്ള ആത്മചരിത്രക്കുറിപ്പാണ്. എം.ടി.വാസുദേവന് നായര്, എം.പി.വീരേന്ദ്രകുമാര്, വി. ടി. ഭട്ടതിരിപ്പാട്, ഡോ.പി.കെ.വാരിയര്, എം.ടി.യുടെ ചേട്ടനായ എം.ടി.എന്.നായര്, തുടങ്ങി മലബാറിലെ സാമൂഹിക സാംസ്കാരിക ജീവിതത്തില് പല മട്ടില് നിറഞ്ഞുനിന്ന ഒട്ടേറെ ആളുകളുടെ തൂലികാചിത്രങ്ങള് സ്നേഹവും മധുരവും ചാലിച്ച് വര്ണഭംഗിയോടെ വരച്ചിടുന്നു ആലങ്കോട്.
മലയാളപ്പഴമയുടെ മനോഹരകഥകളായ പറയിപെറ്റ പന്തിരുകുലത്തിന്റെ ഐതിഹ്യവഴികളില് നിന്ന് ചരിത്രത്തിലേക്കു നാട്ടുവഴികള് വെട്ടിത്തെളിച്ച ചുരുക്കം സാംസ്കാരിക ഗവേഷകരില് പ്രമുഖനാണ് ആലങ്കോട്. ഐതിഹ്യ-ചരിത്ര ഗാഥകള് പറയാതെ അദ്ദേഹത്തിന്റെ ഒരെഴുത്തും പൂര്ണമാവില്ല. ഈ
പുസ്തകത്തിലുമുണ്ട് പുഴ പോലെ ഒഴുകിമറഞ്ഞ ആ ഐതിഹ്യത്തിന്റെ ചില ചരിത്രവഴി തെളിക്കലുകള്.
തച്ചോളി ഒതേനനെക്കുറിച്ചുള്ളത്, പുസ്തകത്തിലെ വേറിട്ട കുറിപ്പുകളിലൊന്നാണ്. കേരളീയതയുടെ സംസ്കാര രൂപീകരണത്തിലേക്കു വെളിച്ചം വീശുന്ന ഒട്ടേറെ ചരിത്രശകലങ്ങള് വീണുകിടക്കുന്നവയാണല്ലോ വടക്കന് പാട്ടുകള്. എന്നാല്, ആ വാസ്തവ ശകലങ്ങള്ക്കുമേല് ഐതിഹ്യത്തിന്റെയും പാട്ടുകെട്ടുകളുടെയും പൊട്ടും പൊടിയും ആടയാഭരണങ്ങളും ചാര്ത്തി നിറച്ചിരിക്കുന്നു. അതീവവര്ണാഭമാക്കി മാറ്റിയിരിക്കുന്നു. അവയില് നിന്ന് ചരിത്രശകലങ്ങളെ കണ്ടെടുത്ത് ആ വസ്തുതാശകലങ്ങളില് നിന്ന് പഴയകാലത്തെ പുനഃസൃഷ്ടിക്കാനാവണം. കൈയില് കിട്ടിയ ഒരു മണ്പാത്രക്കഷണത്തിന്റെ കനവും ഉള്വളവും വഴക്കവുമെല്ലാം കണക്കാക്കി മുമ്പ് അത് ഏതു പാത്രത്തിന്റെ ഭാഗമായിരുന്നിരിക്കാം എന്ന് ശാസ്ത്രീയമായി ഭാവന ചെയ്ത് പഴയ മണ്പാത്രം ഭാവനയില് പുനഃസൃഷ്ടിക്കുംപോലെ, ഭാവനാത്മകമായ ഒരു ശാസ്ത്രീയാവിഷ്കാരമാണത്. അത്തരമൊരു ഭാവനാത്മക ശാസ്ത്രീയതയിലൂടെയേ വടക്കന്പാട്ടില് നിന്ന് നാട്ടുചരിതങ്ങളും ജനസംസ്കാരവിവരങ്ങളും പണിതൊരുക്കാനാവൂ. അതിനുള്ള മനോഹരമായൊരു ശ്രമമാണ് ഈ ലേഖനം.
നേരേ മറിച്ച് ചരിത്രവിവരങ്ങളില് നിന്ന് സാംസ്കാരിക വസ്തുതകള് അവതരിപ്പിക്കുന്നതാണ് പണ്ഡിറ്റ് കറുപ്പനെക്കുറിച്ചുള്ള പുനര്വായനകള്. ഒരു സാംസ്കാരിക ചരിത്രകാരന് എന്ന നിലയിലും സാംസ്കാരിക ഗവേഷകന് എന്ന നിലയിലുമുള്ള ആലങ്കോട് ലീലാകൃഷ്ണന്റെ ഭിന്നമുഖങ്ങള്ക്ക് സാക്ഷ്യം പറയുന്ന ലേഖനങ്ങള്.
പുസ്തകത്തിലെ രണ്ടാം ഭാഗമായ സാഹിത്യം എന്ന വിഭാഗത്തില് 13 ലേഖനങ്ങളാണുള്ളത്. എം.ടി.യെക്കുറിച്ചുള്ള രണ്ടു ലേഖനങ്ങള്, പി. വല്സലയെയും മാടമ്പ് കുഞ്ഞുക്കുട്ടനെയും കുറിച്ചുള്ള ഓരോ ലേഖനങ്ങള് എന്നിങ്ങനെ നാലെണ്ണം ഒഴികെ മറ്റെല്ലാം കവികളെക്കുറിച്ചുള്ളവ. ഈ നാലും സാഹിത്യവിശകലനങ്ങള് എന്നതിനെക്കാള് വ്യക്ത്യനുസ്മരണങ്ങളാണ്. എന്നാല് കവികളെക്കുറിച്ചുള്ള വ്യക്ത്യനുസ്മരണങ്ങള് കൂടി മികച്ച കാവ്യവിശകലനങ്ങളും ആസ്വാദനങ്ങളും കൂടിയാകുന്നുമുണ്ട്. ഭാഷയുടെയും ഭാവനയുടെയും ഭാവസൗന്ദര്യങ്ങളുടെയും മാനവികാദര്ശങ്ങളുടെയും മഹാസ്വാതന്ത്ര്യം കൊണ്ട് ഇരുപതാം നൂറ്റാണ്ടിന്റെ മനുഷ്യനവോത്ഥാനത്തിന്റെ പതാകാവാഹകനായി മാറിയ കുമാരനാശാനെ മലയാള കവിതയിലെ നവോത്ഥാനബുദ്ധനായി പ്രതിഷ്ഠിക്കുന്നു ആശാനെക്കുറിച്ചുള്ള ലേഖനം. നിരുപാധിക സ്നേഹത്തിന്റെ മഹാകവി എന്നാണ് അക്കിത്തത്തിനുള്ള വിശേഷണം. ഒളപ്പമണ്ണക്കവിതകളിലൂടെയുള്ള ഒരു സൂക്ഷ്മസഞ്ചാരമാണ് ഒറ്റയാനായ കവിയെക്കുറിച്ചുള്ള നിരീക്ഷണക്കുറിപ്പ്. ആസ്വാദനം എന്നതിനപ്പുറം ഒളപ്പമണ്ണക്കവിതകളെക്കുറിച്ചുള്ള മികവാര്ന്ന പഠനം കൂടിയാണിത്. ഒ.എന്.വി., സുഗതകുമാരി, വിഷ്ണുനാരായണന് നമ്പൂതിരി, തിരുനെല്ലൂര് കരുണാകരന്, ചൊവ്വല്ലൂര് കൃഷ്ണന്കുട്ടി എന്നിവരെക്കുറിച്ചുള്ള അനുസ്മരണക്കുറിപ്പുകള് അവരുടെ കാവ്യലോകങ്ങളെക്കുറിച്ചുള്ള നഖചിത്രങ്ങളാണ്. പ്രഭാവര്മയുടെ പ്രണയകവിതകളെക്കുറിച്ചുള്ളതാണ് ഒടുവിലത്തെ ലേഖനം.
ആലങ്കോട് ലീലാകൃഷ്ണന്റെ എഴുത്തിലെ അപാരമായ വായനാക്ഷമതയെക്കുറിച്ച് എം.ടി.നടത്തിയ സൂചനകളെക്കുറിച്ച് ചില പരാമര്ശങ്ങള് പുസ്തകത്തിലുണ്ട്. അനായാസം വായിച്ചാനന്ദിക്കാവുന്ന കാവ്യലാവണ്യമുള്ള ഭാഷയാണ് ഈ കവിയുടെ ഒന്നാമത്തെ കൈമുതല്. സുദീര്ഘവും പരമ്പരാഗതവുമായ കാവ്യാനുശീലനത്തിലൂടെ കൈവന്ന ഭാഷാവഴക്കം. നാട്ടുതനിമയും കാല്പനികതയുടെ മധുമധുരവും പൊയ്പോയ ഇന്നലെകളുടെ ഇനിമയിലേക്ക് നമ്മെ കൈപിടിച്ചു നടത്തുന്നു. അപ്പോളും പുരോഗമനോന്മുഖമായൊരു ജീവിതവീക്ഷണം പകരുന്ന ഹൃദ്യരചനകളാണ് ആലങ്കോട് ലീലാകൃഷ്ണന്റെ നാട്ടുവഴികള്, നാട്ടഴകുകള്.