സ്വത്വബുദ്ധന്റെ ആത്മായനങ്ങൾ

ഏതു കവിതയും ഉദാത്തമാകുന്നത്, ഭാഷയ്ക്കും ഭാവത്തിനും ഇതിവൃത്തത്തിനുമപ്പുറം അതിൽ നിറയുന്ന കണ്ണുനീരിന്റെ ഒറ്റത്തുള്ളിത്തിളക്കം ഇടിമിന്നലായി നമ്മെ ആവേശിക്കുമ്പോഴാണ്. അങ്ങനെ അസ്വസ്ഥമാക്കുന്ന കവിതയേ, അർബുദകോശംപോലെ അനുനിമിഷം വളർന്ന് വർഷങ്ങൾക്കു ശേഷവും നമ്മിൽ വേദനയും ആനന്ദവും നിറയ്ക്കുകയുള്ളു. അത്തരം അസ്വസ്ഥതകളുടെ ആത്മത്തിലേക്കുള്ള ചുരുങ്ങലും അപരത്തിലേക്കുള്ള വിടരലും സമ്മോഹനമായി ചേരുന്ന കവിതകളാണ് ആസാദിന്റെ 'ആണതിരും പെൺകതകും' എന്ന ഈ പുസ്തകത്തിലേറെയും. ഒരേസമയം ആസക്തനും വിരക്തനും അനുരാഗിയും വൈരാഗിയുമായ ഒരാളുടെ രാഷ്ട്രീയബോദ്ധ്യങ്ങളും നിരന്തര കലഹങ്ങളുമാണ് ഈ കവി(ത)യുടെ കാതൽ. അതുകൊണ്ടുതന്നെ അനായാസവും അലസവുമായ ഉച്ചവായനകൾക്ക് ഈ കവിതയെ കൂടെ കൂട്ടാൻ കഴിയില്ല. ജാഗരൂഗരായ വായനക്കാരുടെ ബോധമണ്ഡലത്തിലുദിക്കലാണ് ഈ സൂര്യന്റെ നിയോഗം.

പ്രണയവും സ്വത്വവും കാമവും രാഷ്ട്രീയവും രാഷ്ട്രവുമാകുന്ന ഉടൽ, 'ചെമ്മീനി'ൽ 'കടൽ' എന്നപോലെ ഈ കവിതകളിൽ കേന്ദ്ര കഥാപാത്രമാകുന്നു. സ്വത്വസംഘർഷവും വിഭിന്ന സ്വത്വങ്ങളുടെ വിലയനവും 'ഞാനും ഞാനേ' എന്ന കവിതയുടെ നെഞ്ചിടിപ്പാവുന്നത്,

'ആരുമുറങ്ങാത്താഴ് വര തോറു-

മലഞ്ഞുമടങ്ങിയ കാറ്റലയിൽ

രാത്രിയടുക്കള മിഴിതോരാതെ-

യിരുട്ടുതണുപ്പുകളിട്ടു കുറുക്കി-

ക്കോപ്പയിലാക്കിയതല്ലേ, ഞാനേ-

കണ്ണേ,യാഞ്ഞുവലിച്ചു കുടിച്ചോളൂ

ഒറ്റവലിക്കേയുള്ളു കഷായം, നി-

ന്നുൾക്കീടങ്ങളൊടുങ്ങട്ടെ''

എന്ന സ്വയമഴിച്ചിടലിലാണ്.

മനസ്സ്, ഉടൽ, വസ്തുക്കൾ, ലോകം, കാലം എല്ലാറ്റിനുമുള്ള അപരത്തെ അന്വേഷിക്കൽ; അപരത്തെക്കൂടി അനുഭവിക്കൽ ഈ കവിതകളുടെ ഊർജമാവുന്നു. ഉള്ളിലെ ഉരകല്ലിൽ ഉരച്ചു തീ കൊളുത്തിയ കരുത്തിന്റെ ഊർജമാണത്.

പൊടുന്നനെ പാഞ്ഞുവരുന്നൊരു വാക്കിന്റെ വാൾത്തിളക്കമുള്ള കവിതയാണ് ഉച്ചക്കടൽ. ഉച്ച എന്ന ഉറഞ്ഞ നിശ്ചലതയിൽ പൊടുന്നനെ ഉയിർക്കുന്ന, ഉയർന്നു വരുന്ന ബിംബങ്ങളും കാഴ്ച്ചകളും - അതിൽ ഇരമ്പുമൊച്ചകളുടെ വൈരുദ്ധ്യമായി തണുത്ത മാളുകളുടെ അപരപ്രപഞ്ചവും ചേർന്നു തിരയടിക്കുന്നതാണ് ഈ ഉച്ചക്കടൽ.

''കടുപ്പമിത്ര തരളമോ, മൃദു

വിരലുകൊണ്ടു നുള്ളുവാൻ

അടുപ്പമിത്ര മധുരമോ, ഋതു

നിലാവുകൾക്കൊളിക്കുവാൻ''

എന്ന് കുതുകമാർന്നും ഉച്ചകൾക്കു മീതെ പായുമിച്ഛയുടെ പൊൻകൊടിയുടെ പ്രകാശമണിഞ്ഞും തളിരുകൾക്കു താഴെയുള്ള തിര കനത്ത പച്ചകളിൽ, അപാരതയിൽ, അപാരതയുടെ ആലിലയിൽ അങ്ങനെയങ്ങനെ നിദ്രയിലാണ്ടും ലയിക്കുന്ന കവിതയാണ് ഉച്ചക്കടൽ.

'അവനിവനെന്നറി യുന്നതൊക്കെയോർത്താൽ

അവനിയിലാദിമമായൊരാത്മരൂപം' (ശ്രീനാരായണ ഗുരു)

ഉണ്ടല്ലോ; ആ ആത്മരൂപത്തെ തേടലും അറിയലും അനുഭവിക്കലുമാണ് ഈ പുസ്തകത്തിലെ പ്രതിനിധാന സ്വഭാവം വഹിക്കുന്നതും ഏറ്റവും മനോഹര കവിതകളിൽ ഒന്നായതുമായ 'ഞാനും ഞാനേ' എന്ന കവിത. സ്ത്രീയും പുരുഷനും പ്രകൃതിയും ഇഴചേർന്നും ചിതറിപ്പിരിഞ്ഞും പലതും, ഒന്നുമാകുന്നു; ഇതിൽ.

'ഒരു ചോരപ്പൊട്ടിൻ പൂവിതളിൽ നീ

യൊരു സന്ദേശമയക്കുന്നു

ഞാനേ ഞാനാകുന്നു കുതിപ്പുകൾ

ഞാനേ വാറ്റി വിഷാദക്കനികൾ.

ഞാനേയൊറ്റയ്ക്കെന്നെത്തേടി

ജ്ഞാനപ്പെരുവഴി വിട്ടുനടന്നൂ

ഞാനേയന്തികൾ, പുലരികൾ തോറു-

മറിയാഞാനായ് നിന്നിലുറഞ്ഞൂ'.

എന്നും ജൈവികവും പ്രാകൃതവുമായ ആത്മവിലയനമായി വിടരുന്നു ഈ കവിത.

നിറങ്ങളോട്, ചിത്രകലയോട്, ശില്പങ്ങളോട് ഒക്കെയുള്ള ആത്മാനുരാഗം, ഈ കവിതകൾക്ക് ത്രിമാനസ്വഭാവം പകരുന്നു. തിരശ്ചീനമായ നേർവരക്കാഴ്ച്ചകളോ ലംബമായ കയറ്റിറക്കങ്ങളോ അല്ല, പല കോണുകളിൽനിന്നുള്ള ജ്യാമിതീയ സ്വഭാവമുള്ള കാഴ്ച്ചകളാണ്, കവിയുടെ കണ്ണിൽ പാറിവീഴുന്ന ഓരോ പൊട്ടും പൊടിയും. പുറത്തുനിന്ന് അകത്തേക്കും അകത്തുനിന്ന് പുറത്തേക്കുമുള്ള നിരന്തരസഞ്ചാരങ്ങളായി അവ വികസിക്കുന്നു.

രാഷ്ട്രീയ കവിതകൾ, ഉടൽക്കവിതകളും ഉയിർക്കവിതകളും, സ്വത്വസംഘർഷത്തിന്റെ കവിതകൾ ഇങ്ങനെ പലതായി സൂക്ഷ്മാംശങ്ങളിൽ വേർതിരിച്ചു പറയാമെങ്കിലും ഭാഷയിലും നിലപാടിലും മനുഷ്യപക്ഷത്തു നിൽക്കുന്നു എന്നതാണ് ഈ കവിതകളുടെ ഏകതാനത.

'എത്രനേരം നോക്കി നിൽക്കാനാവും'. 'ചത്തവരുടെ വീട്', എന്നീ കവിതകൾ സഹജകവിതകൾ എന്നു വിളിക്കാവുന്നത്ര ആത്മബന്ധം പുലർത്തുന്നവയാണ്. ധർമ്മബോധത്തിനും സ്വത്വബോധത്തിനുമിടയിൽ പിടയുന്ന മനുഷ്യനും, അയാളെ അതിജീവിച്ച് മുകളിലേക്ക് ഉയർന്നുവരുന്ന അയാളുടെതന്നെ നിസ്സംഗനായ അപരനും മറ്റു കവിതകളിലുമുണ്ട്. W H Auden ന്റെ Unknown Citizen എന്ന കവിതയിലെ പൗരനെപ്പോലെ അനേകരിൽ ഒരാളായി, ആരുമല്ലാതെ ആരുമാവാതെ ജീവിച്ചു മരിക്കുന്ന മനുഷ്യരോടുള്ള കടുത്ത എതിർപ്പ്, പരിഹാസം, അതിലൊരാളാവേണ്ടി വരുന്നതിലുള്ള ആത്മനിന്ദ - ഒക്കെ ഈ കവിതകളിൽ സ്ഫുരിക്കുന്നുണ്ട്. 'ഒരു നല്ലവന്റെ മൗനമാണ് ഏറ്റവും അപകടകരം' എന്ന നീതിവാക്യത്തെ വിഴുങ്ങിക്കളയുന്ന സമൂഹത്തോട് അത് സദാ കലഹിച്ചുകൊണ്ടിരിക്കുന്നു.

നിത്യവും നാമുടുക്കുന്ന ഔപചാരികതയുടെ വെള്ളായങ്ങളെ , നാം മറയ്ക്കുന്ന കാപട്യത്തിന്റെ കള്ളനാട്യങ്ങളെ ഒക്കെ വെടിഞ്ഞ് നഗ്ന നുടുക്കുമകക്കാടിന്റെ ഇരുൾപ്പച്ചയിലേക്ക് , തരുത്തണലുകളിലേക്ക് , കരിമേഘക്കൂട്ടുകളിലേക്ക് വിട്ടുപോന്നിടത്തേക്കു തന്നെ തിരിച്ചെത്തിക്കുന്ന വനയാനമാണ് 'ലുങ്കി '

ആണ്, പെണ്ണ്, മനുഷ്യൻ, കവി എന്നീ നിലകളിലെല്ലാം ഒരാളിൽ ഉരുവം കൊള്ളുന്ന സ്വത്വസംഘർഷങ്ങൾ പല അടരുകളും പടലങ്ങളുമായി ഈ പുസ്തകത്തിൽ വിന്യസിച്ചിരിക്കുന്നു. 'ഭാഷയൂരുന്ന കാവ്യവ്യോമായനം' എന്ന പത്താംനിലയിൽ എന്ന കവിതയിലെ പ്രയോഗത്തെ അന്വർത്ഥമാക്കുന്ന ഇച്ഛാഗാമിയായ ഒരു കവിയുടെ സ്വച്ഛസഞ്ചാരമാണിത്. അതുകൊണ്ടുതന്നെ ഒരു പൂന്തോട്ടത്തിൽ വെട്ടി നിറുത്തിയ നിറപ്പകിട്ടുള്ള പൂച്ചെടിയോ പുൽത്തകിടിയോ ആവാൻ കഴിയുന്നില്ല ഇതിന്. കൊടുങ്കാടിന്റെ ഗഹനതയിൽ ധ്യാനലീനമായി നിൽക്കുന്ന ഒറ്റയാൻമരത്തിന്റെ ചില്ലയിലെ പഴങ്ങളുടെ അനന്യമായ മധുരവും ചവർപ്പും പേറാനാണ് ഇതിന്റെ വിധി.

''പത്തു നിലകേറി വിളർത്തതാണു നാം

പത്തുനിലയോഴം മുങ്ങി നിവരണം'' (പത്താംനിലയിൽ)

അംബരചുംബിയാകുന്ന കവിത; ആഴക്കടലിനെ തൊടുന്നതെങ്ങനെ എന്നു ചിരിക്കുന്നു വാക്കുകൾ.

വെറും സ്ത്രീ പുരുഷബന്ധത്തിനപ്പുറം, അതിരുകൾ മായ്ച്ച്, പ്രണയം

'തിരകളിരമ്പും കടലിൻ

തീരത്തല്ല, കാറ്റിടറും

സ്മൃതിവന മൂർച്ഛയിലല്ല

കലമ്പും വാഹന

വെപ്രാളങ്ങൾക്കടിയിൽ

വീണു ചതഞ്ഞൊരു വാക്കിൽ

ചത്തമരത്തിൻ ജീവൻ

കോർത്തു വരിഞ്ഞൊരു

തോണിയിൽ

ക്ഷണികം, മഞ്ഞിൻ മറയിൽ

കണ്ടൂ, നഗ്നം ദിവ്യമൊ-

രുടലാട്ടത്തിൻ ദൃശ്യ'

മായി വികസിക്കുന്നതെങ്ങനെയെന്ന യോഗാത്മക തലത്തിലെത്തിക്കുന്നു 'ഓട്ടോറിക്ഷയിൽ' എന്ന കവിത.

കാമുകി/സ്ത്രീ ഒപ്പമുള്ള നിമിഷങ്ങളെക്കാൾ, അവൾ ഒപ്പമുണ്ടായിരുന്നതോ ഉണ്ടാവാനിടയുള്ളതോ ആയ നിമിഷങ്ങളിലാണ് കവിതകളിലെ കാമുകൻ അഭിരമിക്കുന്നത്. ജീവനദേവതയുടെ കാൽനഖേന്ദു മരീചികളെ തേടിയലഞ്ഞ യോഗാത്മക കവിതകളിൽനിന്ന് ഏറെ അകലെയല്ലാത്ത, ഒരേസമയം ആസക്തനും വിരക്തനുമായ ഒരാളുടെ അനിവാര്യവിഷാദം ഈ കവിതകളിൽ ആഴത്തിൽ വേരൂന്നിയിരിക്കുന്നു.

വായിച്ചുതീരുമ്പോൾ അവസാനിക്കുന്ന കവിത, എഴുതുംമുമ്പേ മരിച്ച കവിതയാണെന്നാണ് എന്റെ തോന്നൽ. ഒരു കവിത, അതു വായിച്ചു കഴിഞ്ഞും അതിന്റെ മിന്നൽചൂണ്ടയിൽ കുരുക്കി നമ്മളെ വേറെങ്ങോട്ടൊക്കെയോ കൊണ്ടുപോകുമ്പോൾ മാത്രമാണ് നമുക്കത് നമ്മുടെ കവിതയാകുന്നത്. ആ അനുഭവം നിരന്തരം നൽകുന്നതുകൊണ്ടാണ് ഈ പുസ്തകത്തിലെ ഓരോ കവിതയും 'നമ്മുടെ കവിത' ആകുന്നത്. നൊന്തുനൊന്തെഴുതിയ കവിതകളല്ലാതെ വെറുതെ എഴുതിയ ഒരു കവിതപോലും ഇതിലില്ല. കവിതയുടെ സങ്കീർണമായ രാസസൂത്രങ്ങൾ അറിയുന്ന അനുവാചകനുപോലും അത്ര പെട്ടെന്ന് പുറത്തു കടക്കാനാവാത്ത ഒരു പത്മവ്യൂഹം, ഒരു സംഭരണിയിലും ഒതുക്കപ്പെടാത്ത ആകാശംപോലെ വിശാലവും, ജലംപോലെ സുതാര്യവുമായ ഒന്ന്. അങ്ങനെ, ഉള്ളിലെ അപരനെ തേടലും അറിയലും അടങ്ങിത്താഴലിന്റെ ശമനവും ആദിമമായ വന്യതയുടെ ഇരുളനക്കങ്ങളും പിണഞ്ഞും ചിതറിയും കുതറിയും നിറയുന്നുണ്ട് 'ആണതിരിലും പെൺകതകി'ലും.

ഒരു തരത്തിലുള്ള ആവരണങ്ങളേയും പൊറുക്കാത്ത 'ഒരസഹ്യൻ' ആസാദിൽ സദാ ഉണർന്നിരിക്കുന്നുണ്ട്. മനുഷ്യന്റെ, ഭൂമിയുടെ, പ്രപഞ്ചത്തിന്റെ ഓരോ പരമാണുവിലും കൂടുതൽ നഗ്നവും വ്യതിരിക്തവുമായ ഒരു ദർശനം, ഒരപരദർശനം ഈ കവിയുടെ കണ്ണുകൾക്ക് സാദ്ധ്യമാവുന്നു.

'മറ്റു പൂച്ചെടിയെന്നെനിക്കില്ലല്ലോ

പച്ചയേതുമെനിക്കന്നമാകുന്നു'.

എന്ന് പ്രകൃതിയുടെ പ്രാകൃതത്വത്തോട്, ഇടശ്ശേരിയുടെ ഭാഷയിൽ

'പ്രാകൃതത്വം സമാർഹമാമാത്മ

പ്രീണനത്തിന്നണയും ഗൃഹത്തിൽ' (കാശാവു പൂത്തു)

വന്നലിഞ്ഞു താദാത്മ്യം പ്രാപിക്കുന്ന ആദിമചോദനയുടെ സ്ഫുടം ചെയ്യപ്പെടാത്ത അകൃത്രിമ ലാവണ്യമാകുന്നു ഇതിലെ പ്രകൃതിയുടെ കാല്പാടുള്ള കവിതകളെല്ലാംതന്നെ.

എരിഞ്ഞു തീർന്നത് സത്യമോ, മൂലമ്പിള്ളിക്കാരൻ, ഒറ്റവെട്ടിൽ തീർക്കണം, സംസ്കാരം, ചത്തവരുടെ വീട്, എത്ര നേരം നോക്കി നിൽക്കാനാവും എന്നീ രാഷ്ട്രീയ കവിതകളുടെയെല്ലാം അടിത്തട്ടിൽ, വിമർശനത്തിനപ്പുറം തിളങ്ങുന്നുണ്ട് ഒരു കണ്ണുനീർത്തുള്ളി. ആത്മാവിൽ സൗരമണ്ഡലമുദിപ്പിക്കുന്നതും നോവുമാത്മാവിനെ സ്നേഹിക്കാത്ത സകലതിനെയും തള്ളിക്കളയുന്നതുമായ; അക്കിത്തത്തിന്റെയും വയലാറിന്റെയും, ഹൃദയാലുവായ ഏതൊരു മനുഷ്യന്റെയും കണ്ണിൽ തിളങ്ങുന്ന അതേ കണ്ണീർകണം. കവിതക്ക് മഷിപ്പാത്രമാകുന്ന ജീവിതത്തിന്റെ അതേ കടൽ(വൈലോപ്പിള്ളി) ആണതിരും പെൺകതകും എന്ന ഈ പുസ്തകത്തിന്റെ ഓരോ താളിലും തിരയ്ക്കുന്നു. തന്റെ സ്വത്വത്തോടു പിരിഞ്ഞു ചിതറിയും, ഇണചേർന്നും സമരസപ്പെട്ടും, നിരന്തരം കലഹിച്ചും നിത്യാസ്വസ്ഥനായി തുടരട്ടെ ഈ കവി. ആത്മസംഘർഷത്തിന്റെ ഇത്തരം മനോമഥനങ്ങളാണല്ലോ, ഇന്നോളം നമുക്ക് നല്ല കവിതയുടെ അമൃത് ചുരത്തിത്തന്നിട്ടുള്ളത്. -സ്നേഹം.