'ഭാഷയുടെ ഒരു അട്ടിമറിയാണ് കവിത'- എസ്. ജോസഫ്

മുളന്തുരുത്തി: ആല ബദല്‍ സാംസ്‌കാരിക വേദി കവിതാ കൂട്ടായ്മ നടത്തി. വിജിലയുടെ കവിതകളെ ആസ്പദമാക്കി ചര്‍ച്ച നടന്നു. കവി എസ്. ജോസഫ് ചര്‍ച്ച ഉദ്ഘാടനം ചെയ്തു.
ഈ കാലഘട്ടത്തില്‍ ഒരുപാടുപേര്‍ കവിതയെഴുതുന്നുണ്ടെന്നും ആള്‍ക്കാരുടെ എണ്ണത്തെ സഹിക്കാന്‍ പറ്റാത്ത അവസ്ഥ എല്ലാവര്‍ക്കും ഉള്ളതാണെന്നും അത് സ്വാഭാവികവുമാണെന്നും എസ്. ജോസഫ് അഭിപ്രായപ്പെട്ടു. ''അറിവിന്റെ വലിയൊരു ലോകത്തെയാണ് പുതിയ കവിത കൊണ്ടുവരുന്നത്. ദളിതരും ആദിവാസികളും അദൃശ്യസമൂഹങ്ങളായി കിടക്കുന്നു. സിനിമയെക്കാളും വലിയൊരു സാധ്യത കവിതയില്‍ ഞാന്‍ കാണുന്നു. ടി.പി രാജീവന്‍ തന്നെ വിജിലയുടെ പുസ്തകത്തില്‍ പറയുന്നുണ്ട്. കവിതയുടെ കാലമല്ല ഇത് എന്ന്. അങ്ങനെയല്ല അതിനെ കാണേണ്ടത്. കവിതയില്‍ സംഭവിക്കുന്ന ഒരു വിപ്ലവമുണ്ട്. നിശ്ശബ്ദവിപ്ലവം. പ്രത്യേകിച്ച് ഒരു മുദ്ര കൊടുക്കാതെ തന്നെ ഒരു റെവല്യൂഷന്‍ ഇന്ന് കവിതയില്‍ നടക്കുന്നുണ്ട്. ഓരോ സ്ത്രീയും കവിത എഴുതുമ്പോള്‍ അവള്‍ ഒരു സബ്ജക്റ്റായി മാറുന്നു. സ്വയം ചിന്തിക്കാന്‍ അവള്‍ക്ക് കഴിയുന്നു. അങ്ങനെ വലിയൊരു മാറ്റം ഈ രംഗത്ത് ഉണ്ടാകുന്നു. ഭാഷയുടെ ഒരു അട്ടിമറിയാണ് കവിത.'
കുഴൂര്‍ വിത്സണ്‍, ഡോ.സുമി ജോയി ഒലിയപ്പുറം, ഒ. അരുണ്‍കുമാര്‍, മനു ജോസ്, ശശികുമാര്‍ കുന്നന്താനം, അക്ബര്‍, മീര ബെന്‍, മിത്ര നീലിമ, അലീന, എം.സി. സുരേഷ്, ആതിര സുരേഷ്, ജിബു കൊച്ചുചിറ, അഷ്‌ന ഷാജു, അജിത് എം പച്ചനാടന്‍, ആതിര ഐ.ടി എന്നിവര്‍ സംസാരിച്ചു.
Content Highlights: vijila chirappad collected poems discussion by s joseph ala badal samskarika vedi