ഗീതാഞ്ജലി ശ്രീയുടെ 'ടൂം ഓഫ് സാന്റ്' മലയാള പരിഭാഷ മാതൃഭൂമി ബുക്‌സ് പുറത്തിറക്കി

ഗീതാഞ്ജലി ശ്രീ, പുസ്തകത്തിന്റെ കവര്‍ | ഫോട്ടോ: സാബു സ്‌കറിയാച്ചന്‍
ഗീതാഞ്ജലി ശ്രീ, പുസ്തകത്തിന്റെ കവര്‍ | ഫോട്ടോ: സാബു സ്‌കറിയാച്ചന്‍

2022-ലെ അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം സ്വന്തമാക്കിയ ഇന്ത്യന്‍ എഴുത്തുകാരി ഗീതാഞ്ജലി ശ്രീയുടെ 'ടൂം ഓഫ് സാന്റ്' (Tomb of Sand) എന്ന പുസ്തകത്തിന്റെ മലയാളപരിഭാഷ മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ചു. ഗീതാഞ്ജലി ശ്രീയുടെ 'രേത് സമാധി' എന്ന ഹിന്ദി നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയാണ് 'ടൂം ഓഫ് സാന്റ്'.

ഡോ. കെ. വനജ ഹിന്ദിയില്‍നിന്ന് പരിഭാഷപ്പെടുത്തിയ പുസ്തകം, 'മണല്‍സമാധി' എന്ന പേരിലാണ് മലയാളത്തിലിറങ്ങിയത്. 

'എണ്‍പത് വയസ്സായ അമ്മ തന്റെ ജീവിത യാഥാര്‍ഥ്യങ്ങളില്‍കൂടി ചരിത്രവും ഭൂതവും വര്‍ത്തമാനവും മൂന്നുംകൂട്ടിയിണക്കി, എങ്ങനെ ഒരു ഭാവിലോകം കെട്ടിപ്പടുക്കണം എന്നുള്ള ആശയം നമ്മുടെ മുന്നിലേക്ക് വെക്കുകയാണ്. എന്തെല്ലാമുണ്ടോ അതെല്ലാം വിഭജനത്തിനുള്ള തത്വങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. ആ വിഭജനങ്ങളെയെല്ലാം മറികടക്കുവാന്‍ നമ്മളെന്താണ് ചെയ്യേണ്ടതെന്നുള്ള സന്ദേശം ഈ നോവലില്‍ അടിവരയിട്ടിരിക്കുകയാണ് ഗീതാഞ്ജലി ശ്രീ.'- പരിഭാഷക ഡോ. കെ. വനജ പറയുന്നു. 

വിഭജനം സൃഷ്ടിച്ച മുറിപ്പാടുകളുടെ വൈകാരികാഘാതത്തില്‍നിന്ന് മോചനംതേടി അതിര്‍ത്തി ദേശത്തേക്ക് യാത്ര ചെയ്യുന്ന ഒരു എണ്‍പതുകാരിയുടെ കഥപറയുന്ന അന്തര്‍ദേശീയമാനമുള്ള നോവലാണ് 'ടൂം ഓഫ് സാന്റ്'.

ഭൂതവര്‍ത്തമാനഭാവികളെ സമന്വയിപ്പിച്ചുകൊണ്ട് ഒരു മായികലോകം സൃഷ്ടിക്കുന്ന 'രേത് സമാധി'യുടെ ഹിന്ദിയില്‍ നിന്നുള്ള പരിഭാഷയാണിത്. വിവിധ ഭാഷകളിലെ പദപ്രയോഗങ്ങളും രൂപകങ്ങളും പ്രതീകങ്ങളുംകൊണ്ട് സമ്പന്നമായ ഈ നോവല്‍ സൗന്ദര്യശാസ്ത്രത്തിന്റെയും രൂപഘടനയുടെയും അതിരുകള്‍ ഭേദിച്ച്, നൂതനമായ അര്‍ത്ഥതലങ്ങള്‍ സൃഷ്ടിച്ച്, പുതിയൊരു സംവേദനം ആവശ്യപ്പെടുന്നു.

Content Highlights: 'Tomb of Sand' Booker prize winning book, Manal Samadhi, Geethanjali Shree, Mathrubhumi books