ദളിത് സമൂഹത്തിന്റെ പൊള്ളുന്ന ജീവിതംപറഞ്ഞ് 'അക്കര്‍മാശി'

കോഴിക്കോട്: ഇന്ത്യയിലെ ദളിത് സമൂഹത്തിന്റെ പൊള്ളുന്ന ജീവിതയാഥാര്‍ഥ്യങ്ങള്‍ പറയുന്ന ആത്മകഥയാണ് ശരണ്‍കുമാര്‍ ലിംബാളയുടെ 'അക്കര്‍മാശി'യെന്ന് സി.ജെ. ക്രിസ്റ്റി. മാതൃഭൂമി ബുക്‌സില്‍ നടന്ന വായനക്കാരുടെ പ്രതിമാസക്കൂട്ടായ്മയുടെ പുസ്തകവിചാരം പരിപാടിയില്‍ 'അക്കര്‍മാശി'യെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 25-ാം വയസ്സിലാണ് മറാഠഭാഷയില്‍ ശരണ്‍കുമാര്‍ ലിംബാള തന്റെ ആത്മകഥയെഴുതിയത്. സാധാരണ ഒരു മനുഷ്യന്‍ അനുഭവിക്കുന്നതിന്റെ നാലിരട്ടി അവഗണ ആ പ്രായത്തിനിടയില്‍ അദ്ദേഹം അനുഭവിച്ചിട്ടുണ്ട്. പിതാവിന്റെ പേരുപോലും അറിയാതെ സ്വത്വപ്രതിസന്ധി നേരിടുന്നതായിരുന്നു അദ്ദേഹത്തിന്റെ ബാല്യം. കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തിലും ഈ അവഗണന തുടര്‍ന്നു. എച്ചില്‍ക്കൂനകള്‍ക്കിടയില്‍നിന്ന് ഭക്ഷണം കണ്ടെത്തിയും ചത്തമൃഗങ്ങളെ വേവിച്ച് ഭക്ഷിച്ചുമായിരുന്നു വിശപ്പടക്കിയിരുന്നത്. അക്കാലത്ത് ദളിത് സ്ത്രീകള്‍ നേരിട്ടിരുന്ന പ്രശ്‌നങ്ങളെ വരച്ചുകാട്ടുന്ന പുസ്തകം ഇന്നത്തെ ഇന്ത്യന്‍ സാഹചര്യങ്ങളിലും മാറ്റമില്ലാതെ തുടരുന്ന ജാതിവിവേചനങ്ങളിലേക്കുകൂടിയാണ് വിരല്‍ചൂണ്ടുന്നതെന്ന് സി.ജെ. ക്രിസ്റ്റി പറഞ്ഞു. കെ.ടി. ഗോപാലന്‍ മോഡറേറ്ററായി.