നിയമനടപടികള്‍ അവസാനിച്ചു; 'സാത്താന്റെ വചനങ്ങള്‍' 36 വര്‍ഷങ്ങള്‍ക്കുശേഷം ഇന്ത്യയില്‍, എതിര്‍പ്പ്

ന്യൂഡൽഹി: ലോകപ്രശസ്ത സാഹിത്യകാരൻ സൽമാൻ റുഷ്ദിയുടെ വിവാദകൃതി ‘സാത്താന്റെ വചനങ്ങൾ’ 36 വർഷത്തെ നിരോധനത്തിനുശേഷം ഇന്ത്യയിൽ തിരിച്ചെത്തി.
‘സാത്താന്റെ വചനങ്ങൾ’ പ്രസാധകരായ ബാഹ്രിസൺസ് ഏതാനും ദിവസങ്ങളായി തലസ്ഥാനത്തു വിൽക്കുന്നുണ്ട്. ഡൽഹിയിലെ ബാഹ്രിസൺസ് സ്റ്റോറുകളിൽ 1999 രൂപയ്ക്കാണ് വിൽപ്പന. കടുത്ത മതനിന്ദയാരോപിച്ച് ലോകത്തുടനീളമുള്ള മുസ്‍ലിം സംഘടനകൾ റുഷ്ദിക്കും പുസ്തകത്തിനുമേതിരേ രംഗത്തെത്തിയതോടെ, 1988-ഒക്ടോബറിൽ അന്നത്തെ രാജീവ് ഗാന്ധി സർക്കാരാണ് നോവലിന് വിലക്കേർപ്പെടുത്തിയത്. വായനക്കാരിൽനിന്നുള്ള ഇതുവരെയുള്ള പ്രതികരണങ്ങൾ മികച്ചതാണെന്ന് ബാഹ്രിസൺസ് പറഞ്ഞു. കലാരംഗത്തെ അഭിപ്രായ-ആവിഷ്കാര സ്വാതന്ത്ര്യം സംബന്ധിച്ച സംവാദങ്ങൾക്ക് തുടക്കമിട്ടുകൊണ്ടിറങ്ങിയ പുസ്തകം, അതിശയകരമായ കഥപറച്ചിലും ധീരമായ പ്രമേയവുംകൊണ്ട് പതിറ്റാണ്ടുകളായി വായനക്കാരെ ആകർഷിച്ചുവെന്ന് ബാഹ്രിസൺസ് പറഞ്ഞു.
നോവലിന് രാജ്യത്ത് ഇറക്കുമതിവിലക്ക് ഏർപ്പെടുത്തിയത് ചോദ്യംചെയ്തുള്ള ഹർജികളിന്മേലുള്ള നടപടികൾ കഴിഞ്ഞമാസം ഡൽഹി ഹൈക്കോടതി അവസാനിപ്പിച്ചിരുന്നു. വിലക്കേർപ്പെടുത്തിയതുമായി ബന്ധപ്പെട്ട സർക്കാർ വിജ്ഞാപനം ഹാജരാക്കാൻ അധികൃതർക്ക് സാധിച്ചില്ലെന്നും അതിനാൽ അത്തരമൊരു വിലക്ക് നിലവിലില്ലെന്നുവേണം അനുമാനിക്കാനെന്നും പറഞ്ഞാണ് തീർപ്പാക്കിയത്.
എതിർപ്പുമായി മുസ്‍ലിം സംഘടനകൾ
‘സാത്താന്റെ വചനങ്ങൾ’ വിൽപ്പന ഇന്ത്യയിൽ പുനരാരംഭിച്ചതിൽ വിവിധ മുസ്‍ലിം സംഘടനകൾ എതിർപ്പുയർത്തി. റുഷ്ദിയുടെ പുസ്കത്തിന്മേലേർപ്പെടുത്തിയിരുന്ന നിരോധനം പുനഃസ്ഥാപിക്കണമെന്ന് അവർ കേന്ദ്രസർക്കാരിനോടാവശ്യപ്പെട്ടു. അഭിപ്രായസ്വാതന്ത്ര്യം ഒരാളുടെ മതപരമായ വികാരത്തെ മുറിവേൽപ്പിക്കുന്നെങ്കിൽ അത് നിയമപരമായ കുറ്റമാണെന്നും ഭരണഘടനയുടെ അന്തഃസത്തയ്ക്കെതിരാണെന്നും ജമായത് ഉലമ ഇ ഹിന്ദ് (എ.എം) ഉത്തർപ്രദേശ് യൂണിറ്റിന്റെ നിയമോപദേശകൻ മൗലാന കാബ് റഷീദി പറഞ്ഞു. ഓൾ ഇന്ത്യാ ഷിയാ പേഴ്സണൽ ലോ ബോർഡ്, ഓൾ ഇന്ത്യാ മുസ്‍ലിം ജമാഅത് തുടങ്ങിയ സംഘടനകളും പുസ്തകത്തിനെതിരേ രംഗത്തെത്തി.
Content Highlights: After 36years Salman Rushdie`s controversial novel, `The Satanic Verses`, is back on sale in India.