'രമേശ് പ്രതിപക്ഷനേതാവ്, സതീശന്‍ മന്ത്രി'; ഉമ്മന്‍ചാണ്ടിയുടെ ആഗ്രഹം വെളിപ്പെടുത്തി ആത്മകഥ

ദേശീയ-പ്രാദേശിക മാധ്യമങ്ങളിലടക്കം ചര്‍ച്ചയായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആത്മകഥ 'കാലം സാക്ഷി'. സണ്ണിക്കുട്ടി എബ്രഹാം തയ്യാറാക്കി, മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകം ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടാം പതിപ്പിലെത്തി നില്‍ക്കവെ പത്രമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. പുസ്തകത്തിലെ ചില വെളിപ്പെടുത്തലുകളാണ് അതിനുള്ള കാരണം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പരാജയപ്പെട്ടപ്പോള്‍ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് തന്റെ മനസ്സിലുണ്ടായിരുന്നത് രമേശ് ചെന്നിത്തലയായിരുന്നെന്ന ഉമ്മന്‍ ചാണ്ടിയുടെ വാക്കുകളാണ് പുതിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. തന്റെ ഈ ഉദ്ദേശത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പി.ടി. തോമസിനും അഭിപ്രായവ്യത്യാസമുണ്ടായിരുന്നെന്നും അദ്ദേഹം പറയുന്നുണ്ട്.
ഹൈക്കമാന്‍ഡിന് ആരുടെയും കാര്യത്തില്‍ പ്രത്യേക താല്‍പ്പര്യമില്ലെന്ന് കെ.സി. വേണുഗോപാലും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും അറിയിച്ചതിനുശേഷമാണ് രമേശിനൊപ്പം നില്‍ക്കാന്‍ താനും കൂടെയുള്ളവരും തീരുമാനിച്ചത്. ഇന്ദിരാഭവനില്‍ കോണ്‍ഗ്രസ് എംഎല്‍എമാരുമായി ഖാര്‍ഗെ നടത്തിയ കൂടിക്കാഴ്ചയില്‍ ഭൂരിപക്ഷംപേരും പിന്തുണച്ചത് രമേശിനെയായിരുന്നു. എന്നാല്‍, ഹൈക്കമാന്‍ഡിന്റെ മനോഗതം വേറെയായിരുന്നുവെന്നും അതനുസരിച്ച് വി.ഡി.സതീശന് നറുക്കുവീണെന്നും 'കാലം സാക്ഷി'യില്‍ പറയുന്നു.
രമേശിനെ പിന്തുണക്കുന്നതിന് പകരം തന്റെ നോമിനിയായി കെ.സി. ജോസഫിനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് രമേശ് പിന്തുണക്കുമെന്നതരത്തില്‍ പ്രചരിച്ച വാര്‍ത്തകളെല്ലാം വസ്തുതാവിരുദ്ധമായിരുന്നു. തന്റെ നേതൃത്വത്തിലുള്ള രണ്ടാം സര്‍ക്കാരില്‍ വി.ഡി. സതീശനെ മന്ത്രിയാക്കാന്‍ ആഗ്രഹിച്ചുവെന്നും സി.എന്‍.ബാല കൃഷ്ണനുവേണ്ടി രമേശ് ചെന്നിത്തല ഇടപെട്ടതിനാല്‍ അവസാന നിമിഷം സതീശന്റെ മന്ത്രി സ്ഥാനം തട്ടിപ്പോയെന്നുമുള്ള വെളിപ്പെടുത്തലും ആത്മകഥയില്‍ വിവരിക്കുന്നുണ്ട്.
ലോട്ടറി വിഷയത്തില്‍ ഡോ. തോമസ് ഐസക്കുമായി സംവാദം നടത്തി തിളങ്ങിനിന്ന സതീശനെ മന്ത്രിസഭയിലെടുക്കാന്‍ അതിയായി ആഗ്രഹിച്ചിരുന്നു. പക്ഷേ, രമേശ് ചെന്നിത്തല സി.എന്‍. ബാലകൃഷ്ണനെ ഒഴിവാക്കാന്‍ വയ്യെന്ന നിലപാടെടുത്തു. സി.എന്‍. ബാലകൃഷ്ണനെതിരെ എന്തോ ഒരു കേസുണ്ടായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍, എങ്കില്‍ സതീശനാകട്ടെ എന്ന് രമേശ് സമ്മതം മൂളി. അന്തിമ പട്ടിക തയാറാക്കി ഹൈക്കമാന്‍ഡിനെ കാണാന്‍ ഡല്‍ഹിയില്‍ പി. ജെ.കുര്യന്റെ വീട്ടില്‍ ഇരുന്നു. ബാലകൃഷ്ണനുവേണ്ടി വീണ്ടും സമ്മര്‍ദമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ട് അവിടെയുള്ള കാര്യം ആരെയും അറിയിക്കരുതെന്ന് പി.ജെ. കുര്യന്‍ ചട്ടംകെട്ടി.
എന്നാല്‍, കുറേക്കഴിഞ്ഞപ്പോള്‍ രമേശിന്റെ ഫോണ്‍ വന്നെന്നും ബാലകൃഷ്ണന്റെ പേരിലുള്ള കേസ് അത്ര സാരമുള്ളതല്ലെന്നും അദ്ദേഹം തന്നെ മന്ത്രിയാകട്ടെയെന്നും രമേശ് പറഞ്ഞു. ബാലകൃഷ്ണന്‍ മന്ത്രിയാകുന്നതില്‍ എതിര്‍പ്പുണ്ടായിട്ടില്ല, സതീശനെ മന്ത്രിയാക്കാന്‍ ആഗ്രഹിച്ചതുകൊണ്ടാണ് അദ്ദേഹത്തിന് വേണ്ടി ശ്രമിച്ചത്. എന്നാല്‍, ആസൂത്രണമാകെ തെറ്റി. 'എന്തു പണിയാ കാണിച്ചത് എന്ന് പി.ജെ. കുര്യനോടു പരിഭവിച്ചു. 'എന്റെ പ്രസിഡന്റ് ചോദിച്ചാല്‍ പിന്നെ പറയാതിരിക്കാന്‍ പറ്റുമോ' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ജി. കാര്‍ത്തികേയന്റെ പേര് അവരുടെ പക്ഷത്തുനിന്ന് നിര്‍ദേശിക്കാത്തതുകൊണ്ടാണ് മന്ത്രിസഭയില്‍ ഉള്‍പ്പെടാതിരുന്നത്. കെ. സുധാകരനെ കെപിസിസി പ്രസിഡന്റായി നിശ്ചയിച്ചത് തന്റെ അഭിപ്രായം ആരാഞ്ഞായിരുന്നില്ലെന്നും 'കാലം സാക്ഷി'യില്‍ പറയുന്നു.
Content Highlights: Revelation of Oommen Chandy, Kaalam sakshi, Autobiography of Oommen Chandy, Mathrubhumi books