അന്ന് അമ്മമാരെ അകത്തളങ്ങളിലേക്ക്‌ തള്ളി; ഇന്ന് പുറന്തള്ളുന്നു-പി. സതീദേവി

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച കവി മാധവൻ പുറച്ചേരിയുടെ'അമ്മയുടെ ഓർമപ്പുസ്തകം' വി. ആയിഷാബീവിക്ക്‌ കൈമാറി വനിതാ കമ്മിഷൻ അധ്യക്ഷ പി. സതീദേവി പ്രകാശനം ചെയ്യുന്നു. ഡോ. ഇ.വി. രാമകൃഷ്ണൻ, കവി മാധവൻ പുറച്ചേരി എന്നിവർ സമീപം.
മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച കവി മാധവൻ പുറച്ചേരിയുടെ'അമ്മയുടെ ഓർമപ്പുസ്തകം' വി. ആയിഷാബീവിക്ക്‌ കൈമാറി വനിതാ കമ്മിഷൻ അധ്യക്ഷ പി. സതീദേവി പ്രകാശനം ചെയ്യുന്നു. ഡോ. ഇ.വി. രാമകൃഷ്ണൻ, കവി മാധവൻ പുറച്ചേരി എന്നിവർ സമീപം.

കാഞ്ഞങ്ങാട്: ’അമ്മ അഞ്ചു ചപ്പാത്തിയും ചിക്കൻകറിയും ഒറ്റയിരിപ്പിന് കഴിക്കും. അതുകൊണ്ടാണ് കൂടെ കൂട്ടാത്തത്’-അമ്മയെ വനിതാ കമ്മിഷൻ സിറ്റിങ്ങിലെത്തിച്ചപ്പോൾ ഉന്നയിച്ച ചോദ്യത്തിന് ഒരു മകൾ പറഞ്ഞ ഉത്തരം കേട്ട് അന്തംവിട്ടുപോയെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ പി. സതീദേവി പറഞ്ഞു. കാലങ്ങൾക്കപ്പുറം അമ്മമാരെ അകത്തളങ്ങളിലേക്ക്‌ തള്ളുകയായിരുന്നെങ്കിൽ ഇന്ന്‌ അമ്മമാരെ പുറംതള്ളുകയാണ്.

സാംസ്‌കാരികകേരളത്തിൽ അമ്മമാരെ പുറംതള്ളുന്നത് കൂടിവരുന്നുവെന്നത് ഓരോ ദിവസവും വനിതാ കമ്മിഷന്‌ മുന്നിലെത്തുന്നവരുടെ എണ്ണം ബോധ്യപ്പെടുത്തുന്നുവെന്നും സതീദേവി പറഞ്ഞു. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച കവി മാധവൻ പുറച്ചേരിയുടെ ’അമ്മയുടെ ഓർമപ്പുസ്തകം’ പ്രകാശനം ചെയ്യുകയായിരുന്നു അവർ.

നൊന്തുപെറ്റ അമ്മമാരുടെ മനസ്സറിയാത്ത മക്കൾ വായിക്കേണ്ട പുസ്തകമാണിത്. അനുഭവത്തിന്റെ ആത്മസംഘർഷത്തിൽനിന്നാണ് അമ്മയെക്കുറിച്ച് ഈ മകൻ ഇത്രമേൽ എഴുതിയതെന്ന് ഇത്‌ വായിക്കുമ്പോൾ ബോധ്യമാകുന്നുവെന്നും സതീദേവി പറഞ്ഞു. മാതൃഭൂമി സ്റ്റാഫ് റിപ്പോർട്ടർ ഇ.വി. ജയകൃഷ്ണൻ അധ്യക്ഷനായി. വായനക്കാരന്റെ ഉള്ളുലയ്ക്കുന്നതാണ് ഇതിലെ വരികളെന്ന് പുസ്തകം ഏറ്റുവാങ്ങിയ പി.എസ്.സി. മുൻ അംഗം വി. ആയിഷ ബീവി പറഞ്ഞു.

ഡോ. ഇ.വി. രാമകൃഷ്ണൻ, ബങ്കളം കുഞ്ഞികൃഷ്ണൻ, മാതൃഭൂമി ബുക്‌സ് പ്രതിനിധികളായ എം. സുനീഷ്, എം. സതീഷ് എന്നിവർ സംസാരിച്ചു. മാധവൻ പുറച്ചേരി മറുപടിപ്രസംഗം നടത്തി.

Content Highlights: p sathidevi, madhavan purachery, ammayude ormappusthakam book release, kanhangad