'പി. ഭാസ്‌കരന്‍ അന്‍പേന്തിയ വില്ലാളി'; ഭാസ്‌കരസംഗീതത്തിനൊരു പുസ്തകവുമായി സി.എസ് മീനാക്ഷി

തൃശ്ശൂര്‍: ഗാനരചയിതാവ് പി. ഭാസ്‌കരന്റെ പാട്ടുകളുടെ കഥയും ഈണവും വിതറിയ സന്ധ്യയായിരുന്നു ശനിയാഴ്ചയിലേത്. ഭാസ്‌കരന്‍ മാഷെ അടുത്തറിഞ്ഞവര്‍ പങ്കുവെച്ച ഓര്‍മകളും ഓരോ ഓര്‍മയ്ക്കുമിടയില്‍ ഒഴുകിയ പാട്ടുകളും. ഒടുവില്‍ വേദിയും സദസ്സും ഒന്നിച്ചുപാടിയ 'കായലരികത്ത് വലയെറിഞ്ഞപ്പോള്‍' എന്ന പാട്ടും എല്ലാം ഭാസ്‌കരമയമാക്കി.
'പി. ഭാസ്‌കരന്‍ അന്‍പേന്തിയ വില്ലാളി' എന്ന സി.എസ്. മീനാക്ഷി രചിച്ച പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങായിരുന്നു വേദി. തൃശ്ശൂര്‍ മാതൃഭൂമി ബുക്‌സ് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായിരുന്നു പരിപാടി. പച്ചമണ്ണിന്റെ മണമുള്ള വരികളാണ് പി. ഭാസ്‌കരന്റേതെന്ന് സംഗീതസംവിധായകന്‍ ഔസേപ്പച്ചന്‍ അഭിപ്രായപ്പെട്ടു.
ഇത്രയധികം കേരളീയത ഒപ്പിവെച്ച പാട്ടുകള്‍ വേറെയുണ്ടാകില്ലെന്ന് ഗാനരചയിതാവും കവിയുമായ റഫീക്ക് അഹമ്മദ് പറഞ്ഞു. പാട്ടില്‍ ഞെട്ടിപ്പിക്കുന്ന രീതിയില്‍ വാക്കുകള്‍ ഉപയോഗിച്ച ആളായിരുന്നു പി. ഭാസ്‌കരനെന്ന് കവിയും ഗാനരചയിതാവുമായ ബി.കെ. ഹരിനാരായണന്‍ പറഞ്ഞു.
ഗായകന്‍ കെ.കെ. നിഷാദ് പി. ഭാസ്‌കരന്റെ പ്രധാന ഗാനങ്ങള്‍ ആലപിച്ചു. പുസ്തകരചയിതാവ് സി.എസ്. മീനാക്ഷി മറുപടിപ്രസംഗം നടത്തി. അതിഥികള്‍ എല്ലാവരും ചേര്‍ന്നാണ് പുസ്തകപ്രകാശനം നിര്‍വഹിച്ചത്. മാതൃഭൂമി സര്‍ക്കുലേഷന്‍ മാനേജര്‍ പി.എം. ധനേഷ് ഔസേപ്പച്ചന് ഉപഹാരം സമര്‍പ്പിച്ചു.