‘സങ്കടങ്ങളിലൂടെ കടന്നുപോകുന്ന സമാനഹൃദയരായ കുറച്ചുപേരെങ്കിലും രക്ഷപ്പെടണമെന്ന് മാത്രമാണ് ചിന്തിച്ചത്’

കോഴിക്കോട്: യുവതയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഇടയ്ക്ക് കണ്ണുനനയിച്ചും പ്രണയദിനത്തിലെ സായാഹ്നം. എഴുത്തുകാരനും പ്രചോദനാത്മക പ്രഭാഷണങ്ങളിലൂടെ ശ്രദ്ധേയനുമായ ജോസഫ് അന്നംകുട്ടി ജോസിന്റെ പുതിയ പുസ്തകമായ 'ആരും കാണാത്ത യുദ്ധങ്ങളു'ടെ പ്രകാശനവേദിയാണ് യുവജനങ്ങളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായത്. കെ.പി. കേശവമേനോൻ ഹാളിൽ തിങ്ങിനിറഞ്ഞ സദസ്സിലാണ് മാതൃഭൂമി ബുക്സ് പുറത്തിറക്കിയ പുസ്തകത്തിന്റെ പ്രകാശനം നടന്നത്.
പ്രീബുക്കിങ്ങിലൂടെമാത്രം 25000 കോപ്പികളിലേക്കടുക്കുന്ന പുസ്തകം, സദസ്സിലുള്ളവരിൽനിന്ന് നറുക്കിട്ടെടുത്ത സേതുലക്ഷ്മി പ്രദീപ്, ടി.കെ. സൽമ സിദ്ദിഖ്, രാജി ചന്ദ്രശേഖരൻ, അനഘ രാജഗോപാലൻ, പി.കെ. ഉമ എന്നിവർ ചേർന്നാണ് പ്രകാശനംചെയ്തത്.
വായനക്കാർക്കുവേണ്ടിയാണ് ഈ പുസ്തകമെന്നും, വായിക്കുന്നവർക്ക് എവിടെയെങ്കിലും പ്രയോജനപ്പെടണമെന്ന് മാത്രമാണ് ആഗ്രഹിക്കുന്നതെന്നും തുടർന്ന് നടന്ന മുഖാമുഖത്തിൽ ജോസഫ് അന്നംകുട്ടി ജോസ് പറഞ്ഞു. വലിയ അവകാശവാദങ്ങളൊന്നുമില്ല, പലവിധ സങ്കടങ്ങളിലൂടെ കടന്നുപോകുന്ന സമാനഹൃദയരായ കുറച്ചുപേരെങ്കിലും രക്ഷപ്പെടണമെന്ന് മാത്രമാണ് ചിന്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
''പുസ്തകത്തിന് അവതാരികയില്ല, പക്ഷേ, അവതാരികയുടെ പേജുണ്ട്. അതൊഴിച്ചിട്ടിരിക്കുകയാണ്. അതെഴുതേണ്ടത് നിങ്ങളാണ്. വായിച്ചുകഴിഞ്ഞശേഷം നിങ്ങൾക്ക് ആ പുസ്തകത്തെക്കുറിച്ച് എന്തുതോന്നിയെന്നെഴുതാം''-ജോസഫ് പറഞ്ഞു.
25 രാജ്യങ്ങളിൽനിന്നുള്ള 25 പേരെ തിരഞ്ഞെടുത്ത ഒരു പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിരുന്നു. എല്ലാവരും ഒന്നിച്ചാണ് താമസിച്ചിരുന്നത്. അപ്പോൾ മനസ്സിലായി എല്ലാ രാജ്യത്തെ മനുഷ്യരുടെ സങ്കടങ്ങളും ഒന്നുതന്നെയാണെന്ന്. മലയാളികൾക്ക് നമ്മളെത്തന്നെ കുറ്റം പറയുന്നതിന് എന്തോ പ്രത്യേക താത്പര്യമുണ്ട്. നമ്മളീ സോഷ്യൽമീഡിയയിലൂടെയും, കാണുന്ന വീഡിയോകളിലൂടെയും ലോകത്തെ മനസ്സിലാക്കാൻ ശ്രമിക്കുന്നതുകൊണ്ടാണ് മറ്റു രാജ്യക്കാർ നമ്മളെക്കാൾ മികച്ചവരാണെന്നും നമ്മൾ കുറച്ചുകൂടി ഉയരേണ്ടിയിരിക്കുന്നുവെന്നും തോന്നുന്നതെന്നും ജോസഫ് അന്നംകുട്ടി പറഞ്ഞു.
ഡോ. ബിന്ദു ആമാട്ട് മോഡറേറ്ററായി. മാതൃഭൂമി ബുക്സ് കോപ്പി എഡിറ്റർ എം.എം. അനന്തു സംസാരിച്ചു.
Content Highlights: Discover Joseph Annamkutty`s new book `Aarum Kaanatha Yudhanganal`. Explore relatable struggles and find hope. Pre-orders near 25,000 copies!