ഇത്രയും സ്‌നേഹമുള്ള ഒരാളെ ഞാനെന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല, മനസ്സിലെന്നുമുണ്ടാകും- മോഹൻലാൽ

മോഹന്‍ലാല്‍, ഇന്നസെന്റ് | ഫോട്ടോ: മാതൃഭൂമി
മോഹന്‍ലാല്‍, ഇന്നസെന്റ് | ഫോട്ടോ: മാതൃഭൂമി

കൊച്ചി: "ഇന്നസെന്റ് ഞങ്ങള്‍ക്കിടയില്‍നിന്ന് ഒരിക്കലും മാഞ്ഞുപോകില്ല...'' - ഓര്‍മകളിലൂടെ സഞ്ചരിച്ചു തുടങ്ങുമ്പോഴേക്കും സങ്കടത്താല്‍ സത്യന്‍ അന്തിക്കാടിന്റെ വാക്കുകള്‍ മുറിഞ്ഞു. ''സത്യേട്ടന്‍ പറഞ്ഞതുപോലെ ഞങ്ങള്‍ക്കിടയില്‍നിന്ന് ഒരിക്കലും മാഞ്ഞുപോകാത്ത ഒരാളാണ് ഇന്നസെന്റ്. ഞങ്ങളുടെ മനസ്സിലും മലയാളികളുടെ മനസ്സിലും എന്നും അദ്ദേഹമുണ്ടാകും. ഇത്രയും സ്‌നേഹമുള്ള ഒരാളെ ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല...''- സങ്കടത്തിന്റെ നനവില്‍ മോഹന്‍ലാലിന്റെ വാക്കുകളും മുറിഞ്ഞു നിന്നപ്പോള്‍ അരികിലിരുന്ന ഇന്നസെന്റിന്റെ ഭാര്യ ആലീസ് മിഴികള്‍ തുടച്ചു.

ആ പുസ്തകത്തില്‍ തൊടുമ്പോള്‍ മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ചിരിച്ചില്ല. പുസ്തകത്തിന്റെ കവര്‍പേജില്‍ അയാള്‍ മാത്രം ചിരി തൂകി നിന്നു. മലയാളികളുടെ മുന്നില്‍ ചിരിയുടെ പൂത്തിരിയായിരുന്ന 'നിഷ്‌കളങ്ക' മനുഷ്യന്റെ ഓര്‍മകള്‍ ആ നേരത്ത് എല്ലാവരുടെ മുഖത്തും തെളിഞ്ഞു. സന്തോഷവും അതുപോലെതന്നെ സങ്കടവും നിറഞ്ഞ ആ നിമിഷത്തില്‍ മാതൃഭൂമി ബുക്സിന്റെ ചരിത്രത്തിലെത്തന്നെ അവിസ്മരണീയമായ ഒരധ്യായം പിറന്നു. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച നടന്‍ ഇന്നസെന്റിന്റെ 'കാന്‍സര്‍ വാര്‍ഡിലെ ചിരി' എന്ന പുസ്തകം ഒരു ലക്ഷം കോപ്പി പിന്നിട്ടു.

അന്തരിച്ച നടൻ ഇന്നസെന്റിന്റെ, മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘കാൻസർ വാർഡിലെ ചിരി’ എന്ന പുസ്തകം ഒരുലക്ഷം കോപ്പി പിന്നിട്ടതിനെത്തുടർന്ന് നടന്ന ചടങ്ങിൽ ഇന്നസെന്റിന്റെ ഓർമകൾ പങ്കുവെച്ചപ്പോൾ നിറകണ്ണുകളുമായി സംവിധായകൻ സത്യൻ അന്തിക്കാട്. ഇന്നസെന്റിന്റെ മകൻ സൊണെറ്റ്, ഭാര്യ ആലീസ്, മോഹൻലാൽ എന്നിവർ സമീപം | ഫോട്ടോ: എം.വി. സിനോജ്.

ചിരിയുടെ ഓര്‍മത്തണലില്‍ തന്നെയായിരുന്നു ആ സായാഹ്നത്തില്‍ അവരെല്ലാം എറണാകുളത്തെ ട്രാവന്‍കൂര്‍ കോര്‍ട്ട് ഹോട്ടലില്‍ ഒത്തുചേര്‍ന്നത്. പുസ്തകം ഒരു ലക്ഷം കോപ്പി പിന്നിടുന്നതിന്റെ സന്തോഷം പങ്കുവയ്ക്കുന്ന ഈ ചടങ്ങ് ഒരിക്കലും ഔപചാരികമായ ഒന്നല്ല. ഇന്നസെന്റ് ഔപചാരികത ആഗ്രഹിക്കാത്ത ഒരാളായിരുന്നു. 

29-ാം പതിപ്പിലാണ് കാന്‍സര്‍ വാര്‍ഡിലെ ചിരി എന്ന പുസ്തകം ഒരു ലക്ഷം കോപ്പി പിന്നിട്ടത്. ചടങ്ങില്‍ മോഹന്‍ലാലിനും സത്യന്‍ അന്തിക്കാടിനും പുറമേ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, നടന്‍ സംഗീത് പ്രതാപ്, നടി മാളവിക മോഹന്‍, തിരക്കഥാകൃത്ത് കെ.ആര്‍. സുനില്‍, പുസ്തകം തയ്യാറാക്കിയ ശ്രീകാന്ത് കോട്ടയ്ക്കല്‍, ഇന്നസെന്റിന്റെ ഭാര്യ ആലീസ്, മകന്‍ സോണറ്റ്, മകള്‍ അന്ന, മരുമകള്‍ രശ്മി, പേരമകന്‍ ഇന്നസെന്റ് സോണറ്റ് തുടങ്ങിയവര്‍ പങ്കെടുത്തു.

Content Highlights: Sathayn anthikkad and Mohanlal release Innocent's book cancer wardile chiri