ഏക സംസ്‌കാരവാദം തികഞ്ഞ ബുദ്ധിശൂന്യത: ഗീതാഞ്ജലി ശ്രീ

ഷാര്‍ജ: ലോകത്തെവിടെയും ഏകസംസ്‌കാരവാദം ഉന്നയിക്കുന്നത് തികഞ്ഞ ബുദ്ധിശൂന്യതയാണെന്ന് ബുക്കര്‍ സമ്മാനജേതാവ് ഗീതാഞ്ജലി ശ്രീ അഭിപ്രായപ്പെട്ടു. ഇത് മനുഷ്യകുലത്തിനുതന്നെ അപകടകരമാണ്. സുന്ദരമായ ഈപ്രപഞ്ചം വൈവിധ്യങ്ങളാല്‍ സമ്പന്നമാണ്. ഏകീകൃത സംസ്‌കാരം അതിന്റെ സൗന്ദര്യം പൂര്‍ണമായും നഷ്ടപ്പെടുത്തുന്നു. മനുഷ്യസമൂഹത്തിന്റെ സാംസ്‌കാരിക തനിമയെയും വൈവിധ്യങ്ങളെയും ഇല്ലാതാക്കും. ഇത് അത്യന്തം അപകടകരവുമാണെന്നും ഗീതാഞ്ജലി ശ്രീ പറഞ്ഞു.
പുസ്തകമേളയില്‍ അനുവാചകരുമായി സംവദിക്കുകയായിരുന്നു അവര്‍. ബുക്കര്‍ സമ്മാനംനേടിയ 'ടോമ്പ് ഓഫ് സാന്റ്' എന്ന പുസ്തകം രചിക്കുമ്പോള്‍ സ്ത്രീസംബന്ധമായ എന്തെങ്കിലും അജന്‍ഡ ഉണ്ടായിരുന്നില്ലെന്നും ഒന്‍പത് വര്‍ഷത്തോളം സമയമെടുത്താണ് ഇതിന്റെ മൂലകൃതിയായ റേത്ത് സമാധി എന്ന പുസ്തകം എഴുതിയതെന്നും ഗീതാഞ്ജലി പറഞ്ഞു. സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നത്തെ സമഗ്രമായി വിലയിരുത്തേണ്ടതുണ്ട്. പുരുഷാധിപത്യപരമായ സാമൂഹികപശ്ചാത്തലത്തില്‍ സ്ത്രീകള്‍ എല്ലാ മേഖലകളിലും ശാക്തീകരിക്കപ്പെടേണ്ടതുണ്ട്.
ഈ നോവല്‍ ഹിന്ദിയില്‍നിന്ന് ഇംഗ്ലീഷിലേക്കും ഫ്രഞ്ചിലേക്കും വിവര്‍ത്തനം നടത്തിയപ്പോള്‍ കഥയുടെ സൗന്ദര്യത്തിന് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല. ഭാഷകള്‍ക്ക് അതിര്‍വരമ്പുകളില്ല, ഓരോ ഭാഷയ്ക്കും അതിന്റേതായ സൗന്ദര്യവും സ്വന്തമായ അസ്തിത്വവുമുണ്ട്. വിവര്‍ത്തകര്‍ക്ക് പരിപൂര്‍ണസ്വാതന്ത്ര്യം നല്‍കിയാണ് പരിഭാഷ നിര്‍വഹിച്ചിരിക്കുന്നത്. ഈ നോവല്‍ അറബി ഭാഷയിലേക്ക് പരിഭാഷപ്പെടുത്താന്‍ ആഗ്രഹിക്കുന്നതായും വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഗീതാഞ്ജലി ശ്രീ പറഞ്ഞു.
Content Highlights: geetanjali shree in sharjah book fair