സാഹിത്യവാരഫലവും മലയാളിയുടെ വായനയും; ചര്‍ച്ച നടത്തി

ആലപ്പുഴ: ഒരു വായനശാലയില്‍ക്കയറി ഒട്ടേറെ പുസ്തകങ്ങള്‍ വായിച്ചാല്‍ ലഭിക്കുന്ന അനുഭവമാണ് എം. കൃഷ്ണന്‍നായരുടെ സാഹിത്യവാരഫലം ഒരുലക്കം വായിക്കുമ്പോള്‍ കിട്ടുന്നതെന്ന് സാഹിത്യസ്‌നേഹികള്‍. കൃഷ്ണന്‍നായര്‍ വ്യക്തിക്കപ്പുറം ഒരു അദ്ഭുതമായിരുന്നുവെന്നും അവര്‍ അഭിപ്രായപ്പെട്ടു. മാതൃഭൂമി ബുക്‌സിന്റെ വാക്ക് ചര്‍ച്ചാവേദിയിലായിരുന്നു സാഹിത്യസ്‌നേഹികള്‍ അവരുടെ സാഹിത്യവാരഫലം വായനാനുഭവങ്ങള്‍ പങ്കുവെച്ചത്.
സാഹിത്യവാരഫലവും മലയാളിയുടെ വായനയും എന്നതായിരുന്നു ചര്‍ച്ചാവിഷയം. ആലപ്പുഴ തൂക്കുകുളത്തെ മാതൃഭൂമി പ്രസില്‍ മാതൃഭൂമി ബുക്സ് മെഗാ ഇയര്‍ എന്‍ഡ് സെയില്‍സ് പുസ്തകോത്സവത്തിലായിരുന്നു സാഹിത്യചര്‍ച്ചയും നടന്നത്.
കവി വയലാര്‍ ഗോപാലകൃഷ്ണന്‍, ഡി. ഗോപിദാസ്, അന്‍സാരി റഹ്‌മത്തുള്ള, എച്ച്. ശ്രീകുമാര്‍, സുനിതാ ബഷീര്‍, കെ.പി. അശോക് കുമാര്‍, പി. വിശ്വനാഥ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
മെഗാ ഇയര്‍ എന്‍ഡ് സെയിലിന്റെ ഭാഗമായുള്ള പുസ്തകോത്സവത്തിന് തിരക്കേറുകയാണ്. ഞായറാഴ്ചയും പുസ്തകോത്സവം നടന്നു. ആലപ്പുഴ ചര്‍ച്ച് റോഡിലെ മാതൃഭൂമി ബുക്‌സും ഞായറാഴ്ച തുറന്നുപ്രവര്‍ത്തിച്ചിരുന്നു.
Content Highlights: Book discussion conducted on Sahithyavaraphalam