'ബാലാമണിയമ്മക്കവിതകള്‍' പുസ്തകം പ്രകാശനം ചെയ്തു

പുസ്തകപ്രകാശന ചടങ്ങില്‍നിന്ന്‌. | ഫോട്ടോ: മാതൃഭൂമി
പുസ്തകപ്രകാശന ചടങ്ങില്‍നിന്ന്‌. | ഫോട്ടോ: മാതൃഭൂമി

കൊച്ചി: മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'പ്രിയപ്പെട്ട 101 ബാലാമണിയമ്മക്കവിതകള്‍' എന്ന പുസ്തകം പ്രകാശനം ചെയ്തു. 'അമ്മയെ വായിച്ചെടുക്കാന്‍ വൈകിപ്പോയി' എന്ന സങ്കടത്തോടെ മകള്‍ ഡോ. സുലോചന നാലപ്പാട്ട് കവയിത്രി വിജയലക്ഷ്മിയില്‍ നിന്ന് പുസ്തകം സ്വീകരിച്ചു.

ബാലാമണിയമ്മയുടെ ഓര്‍മദിനമായ വെള്ളിയാഴ്ച, അവര്‍ അവസാന നാളുകള്‍ ചെലവഴിച്ച കൊച്ചിയിലെ സുലോചനയുടെ വീട്ടിലായിരുന്നു ലളിതമായ ചടങ്ങ്. 30 വര്‍ഷം മുന്‍പ് ഈ വീടിന്റെ ഉമ്മറത്തിരുന്ന് മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരിയോട് സംസാരിച്ചതിനെക്കുറിച്ച് വിജയലക്ഷ്മി ഓര്‍മിച്ചു. ''ഗാന്ധിജി നാലപ്പാട്ട് കുടുംബത്തിലെ അംഗം പോലെയായിരുന്നു, അതുകൊണ്ടാണ് ഞങ്ങളെല്ലാം ലളിതജീവിതം നയിക്കുന്നവരായത് എന്നാണ് അന്ന് ബാലാമണിയമ്മ പറഞ്ഞത്. ഗാന്ധിജിയുടെ സത്യം, അഹിംസ എന്നീ സിദ്ധാന്തങ്ങള്‍ തന്നെയായിരുന്നു ആ കവിതയിലും കാണാനാകുന്നത്. സാരാനാഥിലെ സ്തംഭംപോലെ കാലം അവശേഷിപ്പിച്ച വിലപ്പെട്ട ഒന്നാണ് ബാലാമണിയമ്മ; മഹത്ത്വത്തിന്റെ കവയിത്രി. തിരിഞ്ഞുനോക്കുമ്പോള്‍ ഇങ്ങനെയൊരാളെ കഴിഞ്ഞ നൂറ്റാണ്ടില്‍ മലയാളത്തില്‍ കണ്ടെത്താനാകില്ല. ആ ദര്‍ശന ദീപ്തി ഇതിഹാസങ്ങളില്‍ വരെ ചെന്നെത്തുന്നു''- വിജയലക്ഷ്മി പറഞ്ഞു.

അമ്മയെ ശരിക്ക് വായിച്ചറിഞ്ഞത് അവസാനകാലത്ത് ഒപ്പം താമസിച്ചപ്പോഴാണെന്നായിരുന്നു കവിതകള്‍ സമാഹരിച്ച മകള്‍ സുലോചനയുടെ വാക്കുകള്‍. ''അമ്മയെ വായിച്ചറിഞ്ഞപ്പോള്‍ ഞാന്‍ കൂടുതല്‍ നല്ലൊരാളായി. എന്തുകൊണ്ടാണ് കുട്ടിക്കാലത്ത് അമ്മ ഞങ്ങളെ കെട്ടിപ്പിടിക്കാതിരുന്നതെന്നും ഭക്ഷണം വായില്‍വെച്ചുതരാതിരുന്നതെന്നും മനസ്സിലായത് അങ്ങനെയാണ്. സരസ്വതി സമ്മാന്‍ കിട്ടിയ വിവരമറിയിച്ചപ്പോള്‍ അമ്മ ഒന്നും പറഞ്ഞില്ല. ഓര്‍മകളൊക്കെ പോയിത്തുടങ്ങിയിരുന്നു. നാലു ലക്ഷമാണ് സമ്മാനത്തുകയെന്ന് പറഞ്ഞപ്പോള്‍, 'എന്താ കഥ, നാലുലക്ഷം... അത് നിങ്ങള് നാലാളും കൂടിയെടുത്തോ' എന്നാണ് അമ്മ പറഞ്ഞത്. ഉണ്ണിയേട്ടന്‍ (ബാലാമണിയമ്മയുടെ മകന്‍ ഡോ. മോഹന്‍ദാസ്) മരിച്ചുപോയ കാര്യമൊക്കെ അമ്മ മറന്നുപോയിരുന്നു''-സുലോചനയുടെ അമ്മസ്മരണകള്‍ പുറത്തെ മഴയ്‌ക്കൊപ്പം ചാറി.

മാതൃഭൂമി ബുക്‌സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്. കവിതകള്‍ സമാഹരിക്കുന്നതില്‍ സുലോചനയ്‌ക്കൊപ്പം പങ്കുചേര്‍ന്ന രതി മേനോന്‍ പുസ്തകം പരിചയപ്പെടുത്തി. എഴുത്തുകാരായ ശ്രീകുമാരി രാമചന്ദ്രന്‍, സുസ്മേഷ് ചന്ത്രോത്ത്, രാംമോഹന്‍ പാലിയത്ത്, മാതൃഭൂമി റീജണല്‍ മാനേജര്‍ പി. സിന്ധു തുടങ്ങിയവര്‍ പങ്കെടുത്തു. മാതൃഭൂമി ബുക്‌സ് പബ്ലിസിസ്റ്റ് ജോര്‍ജി തോമസ് സ്വാഗതം പറഞ്ഞു.

Content Highlights: Balamaniyammakkavithakal book release, Sulochana Nalapat, Vijayalakshmi, Mathrubhumi books