അന്നോളം തോല്‍വിയറിയാത്ത വി.കെ കൃഷ്ണമേനോന്‍ ജീവിതത്തിലാദ്യമായി പിരിച്ചുവിടല്‍ ഭീഷണിയറിഞ്ഞു!

നെഹ്രുവിന് ശേഷം ഇന്ത്യകണ്ട ഏറ്റവും ശക്തനായ മനുഷ്യന്‍ എന്നാണ് വി.കെ കൃഷ്ണമേനോന്‍ വിശേഷിപ്പിക്കപ്പെട്ടത്. അക്കാദമിക്, എഡിറ്റര്‍, രാഷ്ട്രീയനേതാവ്, അഭിഭാഷകന്‍, നയതന്ത്രജ്ഞന്‍ തുടങ്ങി വി.കെ.കെ മേനോന്‍ തന്റെ ജീവിതകാലമത്രയും തിരക്കുകളില്‍ വ്യാപൃതനായായാണ്. വി.കെ.കെ മേനോന്‍ ഓര്‍മയായിട്ട് നാല്‍പത്തിയൊമ്പത് വര്‍ഷം. ജയറാം രമേശ് എഴുതി റോയി കരുവിളയും കെ. രാധാകൃഷ്ണനും ചേര്‍ന്ന് വിവര്‍ത്തനം ചെയ്ത വി.കെ കൃഷ്ണമേനോന്‍ പ്രതിഭയുടെ ബഹുജീവിതങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്നും ഒരു ഭാഗം.
എഡിറ്റര്‍
1933 മധ്യത്തോടെ, സ്ഥിരമായ സാമ്പത്തികപരാധീനത അനുഭവിച്ചുകൊണ്ടിരുന്ന കൃഷ്ണമേനോന്‍ ലണ്ടനിലെ പ്രശസ്തങ്ങളായ രണ്ടു പ്രസാധകസ്ഥാപനങ്ങളില്‍ താത്കാലികാടിസ്ഥാനത്തില്‍ എഡിറ്റര്‍ ജോലി ചെയ്യാന്‍ കരാറിലേര്‍പ്പെട്ടു: ആദ്യത്തേത് സെല്‍വിന്‍ ആന്‍ഡ് ബ്ലൗണ്ട് ആയിരുന്നു, രണ്ടാമത്തേത് ജോണ്‍ ലേന്‍ ദി ബോഡ്ലി ഹെഡ്. രണ്ടാമത്തേത് പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നതായിരുന്നു. എന്നാല്‍, ആദ്യത്തേത് അത്രയൊന്നും പ്രാധാന്യമുള്ളതായിരുന്നില്ല. ജനറല്‍ എഡിറ്റര്‍ എന്ന നിലയില്‍ എഴുത്തുകാരെ കണ്ടെത്തി, വിഷയം നിര്‍ണയിച്ച് പുസ്തകം പ്രസിദ്ധീകരിക്കുന്നതുവരെ അവരോടൊപ്പം ജോലി ചെയ്യുകയെന്നതായിരുന്നു അദ്ദേഹത്തില്‍ നിക്ഷിപ്തമായിരുന്ന ചുമതല.
സെല്‍വിന്‍ ആന്‍ഡ് ബ്ലൗണ്ടില്‍ 'ടോപ്പിക്കല്‍ ബുക്‌സ് പരമ്പര'യ്ക്ക് കൃഷ്ണമേനോന്‍ തുടക്കമിട്ടു. അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍:
ഈ പരമ്പരയിലെ പുസ്തകങ്ങള്‍, താത്പര്യമുള്ള വിഷയങ്ങളിലെ പ്രശ്‌നങ്ങളെയും വ്യക്തികളെയും കൈകാര്യം ചെയ്യുന്നതായിരിക്കും... ഈ പരമ്പരയിലെ ഓരോ പുസ്തകത്തിലും എഴുത്തുകാരന്റെ അപഗ്രഥനപാടവത്തിന്റെയും ജ്ഞാനത്തിന്റെയും അനുഭവത്തിന്റെയും മുദ്ര പതിഞ്ഞിരിക്കും. ഒപ്പം എഴുത്തുകാരന്റെ ധീരമായ ചിന്തയുടെയും.
ഏതെങ്കിലും സിദ്ധാന്തങ്ങളോ അഭിപ്രായങ്ങളോ പ്രചരിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല ഈ പരമ്പര. മറിച്ച്, ഏറ്റവും പ്രസക്തമായ പ്രശ്‌നങ്ങള്‍ അത്യന്തം സൂക്ഷ്മതയോടെ തിരഞ്ഞെടുത്ത് അവ കൈകാര്യം ചെയ്യാന്‍ ഉചിതരായ എഴുത്തുകാരെ കണ്ടെത്തുകയാണു ചെയ്യുന്നത്. ഓരോ പുസ്തകത്തിനും അതിന്റെതായ സവിശേഷതയുണ്ടായിരിക്കും. അതേസമയം പൊതുവായ എഡിറ്റിങ് പരമ്പരയ്ക്ക് നമ്മുടെ കാലത്തില്‍ സാധ്യമായതും അത് ആവശ്യപ്പെടുന്നതുമായ പ്രത്യേക തനിമ ഉറപ്പാക്കുന്നതുമായിരിക്കും.
ലാന്‍സ്ബറിയുടെ സ്മരണകളായിരുന്നു ഈ പരമ്പരയിലെ ആദ്യ പുസ്തകം, മൈ ഇംഗ്ലണ്ട് (My England). ആ കാലത്ത് ഹൗസ് ഓഫ് കോമണ്‍സിലെ പ്രതിപക്ഷനേതാവായിരുന്നു ലാന്‍സ്ബറി; വ്യാപകമായി ഇഷ്ടപ്പെട്ടിരുന്ന ലേബര്‍ നേതാവും. എലെന്‍ വില്‍ക്കിന്‍സണും എഡ്വേര്‍ഡ് കോന്‍സും ചേര്‍ന്നെഴുതിയ എന്തുകൊണ്ട് ഫാസിസം? (Why Fascism?) എന്ന പുസ്തകവും ഈ പരമ്പരയുടെ ഭാഗമായിരുന്നു. 'ഈ സഭ ഒരു സാഹചര്യത്തിലും അതിന്റെ രാജാവിനും രാജ്യത്തിനുംവേണ്ടി പൊരുതുകയില്ല' എന്ന പ്രമേയത്തെക്കുറിച്ച് 1933 ഫെബ്രുവരിയില്‍ ഓക്‌സ്‌ഫോഡ് യൂണിയനില്‍ നടന്ന പ്രശസ്തമായ 'രാജാവും രാജ്യവും' എന്ന വാദപ്രതിവാദത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ യങ് ഓക്‌സ്‌ഫോഡ് ആന്‍ഡ് വാര്‍ (Young Oxford and War) എന്ന പുസ്തകത്തില്‍ എഴുതാന്‍ ചെറുപ്പക്കാരായ നാല് ഓക്‌സ്‌ഫോഡുകാരെ സംഘടിപ്പിക്കാന്‍ സാധിച്ചുവെന്നത് കൃഷ്ണമേനോന്റെ വലിയ നേട്ടമായിരുന്നു. എല്ലാ അഭിപ്രായങ്ങള്‍ക്കും പുസ്തകത്തില്‍ പ്രമുഖസ്ഥാനം നല്കാന്‍ കൃഷ്ണമേനോന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പുസ്തകത്തില്‍ എഴുതിയ ഓക്‌സ്‌ഫോഡ് വിദ്യാര്‍ഥികളിലൊരാള്‍ കൃഷ്ണമേനോന്റെ ഉറ്റസഹായിയും അടുത്തസുഹൃത്തുമായി മാറി. 1980കളില്‍ ലേബര്‍ പാര്‍ട്ടിയെ നയിച്ച മൈക്കേല്‍ ഫുട്ട് ആയിരുന്നു അത്. വാദപ്രതിവാദത്തിന്റെ കാലത്ത് ഓക്‌സ്‌ഫോഡ് യൂണിയന്റെ സെക്രട്ടറിയായിരുന്ന ഇന്ത്യക്കാരന്‍ 1950കളില്‍ ബോംബെയില്‍നിന്നിറങ്ങിയിരുന്ന ചെറുപത്രമായ കറന്റിന്റെ പ്രതാധിപര്‍ എന്ന നിലയില്‍ കൃഷ്ണമേനോന്റെ ഉറച്ച വിമര്‍ശകരിലൊരാളുമായി മാറി- ഡി.എഫ്. കരാക്ക.
1933 ജൂണ്‍ ആദ്യം, അറിയപ്പെടുന്ന പ്രസാധകരായ ജോണ്‍ ലേന്‍ ദി ബോഡ്ലി ഹെഡിന്റെ കരാര്‍ എഡിറ്ററായും ചുമതലയേറ്റു. അലെന്‍ ലേന്‍, ജോണ്‍ ലേനിന്റെ അനന്തരവന്‍ ലിന്‍ഡ്‌സെ ഡ്രമ്മൊന്‍ഡ്, റൊണാള്‍ഡ് ബോസ്വെല്‍ എന്നിവരായിരുന്നു അതിന്റെ മൂന്നു ഡയറക്ടര്‍മാര്‍. ടൊന്റീത് സെഞ്ച്വറി ലൈബ്രറി എന്ന പുസ്തകപരമ്പരയുടെ എഡിറ്ററായിട്ട് കൃഷ്ണമേനോന്‍ ബോര്‍ഡിലെത്തി. 'മാറുന്ന സംസ്‌കാരത്തിന്റെ പ്രകരണത്തില്‍ ഓരോ പ്രശ്‌നം കൈകാര്യം ചെയ്യുന്ന പുസ്തകങ്ങള്‍' ആയിരുന്നു ആ പരമ്പരയില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്. 1934ലും 1935ലുമായി പ്രശസ്തരായ എഴുത്തുകാരുടെ ഇരുപതു പുസ്തകങ്ങള്‍ കൃഷ്ണമേനോന്‍ എഡിറ്റു ചെയ്ത് പ്രസിദ്ധപ്പെടുത്തി.
ജെ.എം.ഡെന്റ് ആന്‍ഡ് സണ്‍സ് എന്ന് മൂന്നാമതൊരു പ്രസാധകസംഘവുമായി ബന്ധപ്പെട്ട് പത്തൊമ്പതാം നൂറ്റാണ്ടിന്റെ പാരമ്പര്യം (The Inheritance of the Nineteenth Century) എന്നൊരു പുസ്തകപരമ്പര എഡിറ്റു ചെയ്ത് പ്രസിദ്ധപ്പെടുത്താന്‍ കൃഷ്ണമേനോന്‍ നടത്തിയ ശ്രമം വിജയിച്ചില്ല. എന്നാല്‍, ആ നിര്‍ദേശം നിരാകരിച്ചുകൊണ്ട് അതിന്റെ പ്രസാധകര്‍ അയച്ച കത്തില്‍ ജോണ്‍ ലേന്‍ ദി ബോഡ്ലി ഹെഡിനുവേണ്ടി 'ടൊന്റീത് സെഞ്ച്വറി ലൈബ്രറി' പരമ്പരയില്‍ 'കാമ്പുള്ളതും മനോഹരമായി അച്ചടിച്ചതുമായ' പുസ്തകങ്ങള്‍ ഇറക്കിയതിന് അദ്ദേഹത്തെ അഭിനന്ദിച്ചിരുന്നു.
1936-ല്‍, ലേന്‍ പെന്‍ഗ്വിന്‍ ബുക്‌സ് സ്ഥാപിച്ചു; പെന്‍ഗ്വിന്‍ സംരംഭത്തിന്റെ കഥയിതരവിഭാഗമായി, ബോസ്വെല്ലിനോടും കൃഷ്ണമേനോനോടും ചേര്‍ന്ന്, പെലിക്കന്‍ ബുക്‌സും ആരംഭിച്ചു. ലേനും കൃഷ്ണമേനോനും തമ്മില്‍ സൗഹാര്‍ദപരവും പരസ്പരം ഗുണകരവുമായ ബന്ധം നിലനിന്നിരുന്ന സമയത്തായിരുന്നു അത്. 1936 ജൂണ്‍ 23ന്, ഇന്ത്യക്കാരനായ തന്റെ എഡിറ്റര്‍ക്ക് ലേന്‍ ഇങ്ങനെ എഴുതി:കഴിഞ്ഞദിവസം എന്നെ കാണാന്‍ വന്ന ഒരാള്‍ നല്കിയ ചില നിര്‍ദേശങ്ങള്‍ നിങ്ങളുടെ അഭിപ്രായത്തിനായി അയയ്ക്കുന്നു...
ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ്, 1936 ജൂലായ് 5ന് കൃഷ്ണമേനോന്‍ ലേനിന് ഇങ്ങനെ എഴുതി:മി. ബീല്‍സും മി. വില്യംസും ഞാനും ഇന്നലെ സന്ധിക്കുകയും പെലിക്കന്‍ ബുക്‌സിനെ സംബന്ധിച്ച ആശയങ്ങളെയും പദ്ധതികളെയും കുറിച്ച് ദീര്‍ഘമായി സംസാരിക്കുകയും ചെയ്തു. തിങ്കളാഴ്ച 12ന് താങ്കളുമായി ഒരു കൂടിയാലോചനയ്ക്ക് (താങ്കളുടെ ആഗ്രഹപ്രകാരം) ഞാന്‍ ഏര്‍പ്പാടു ചെയ്തിട്ടുണ്ട്.
പെലിക്കന്‍ ബുക്‌സ് എന്ന ആശയം നടപ്പായതിനുശേഷം, 1936 സെപ്റ്റംബര്‍ 18ന് ലേന്‍ കൃഷ്ണമേനോന് ഇങ്ങനെയൊരു നിര്‍ദേശം നല്കി:
നിങ്ങള്‍ ബര്‍ണാഡ് ഷായ്ക്ക് എഴുതാന്‍ സാധ്യതയുള്ള കത്തുപോലെയൊന്ന് ഞാന്‍ ഇതോടൊപ്പം വെക്കുന്നു. നിങ്ങള്‍ ഓര്‍മിക്കാന്‍ സാധ്യതയുള്ളതുപോലെ, ഈ എഴുത്തുകാരന്റെ രചനയ്ക്കായി കോണ്‍സ്റ്റബിള്‍ സംഘത്തെ ഞാന്‍ സമീപിക്കുകയുണ്ടായി. ആ കാരണംകൊണ്ടുതന്നെ വ്യക്തിപരമായി അവരെ മറികടന്നു നീങ്ങാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍, എന്റെ പേരു പറയാതെ നിങ്ങള്‍ അങ്ങനെ ചെയ്യുന്നത് അനുചിതമായിരിക്കില്ല.
അതിന് തൊട്ടുപിന്നാലെ കൃഷ്ണമേനോന്‍ ജോര്‍ജ് ബര്‍ണാഡ് ഷായ്ക്ക് അയച്ച കത്ത് പുസ്തകപ്രസാധനരംഗത്ത് ഒരു വിപ്ലവത്തിനു കാരണമായി:
പെന്‍ഗ്വിന്‍ ബുക്‌സിന്റെ പുതിയ സംരംഭമായ പെലിക്കന്‍ ബുക്‌സ് ഉടനെത്തന്നെ ആരംഭിക്കുന്ന വിവരം അറിയിച്ചുകൊണ്ട് അടുത്തിടയ്ക്കു നല്കിയ പത്രപ്പരസ്യം താങ്കളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകും. പെന്‍ഗ്വിന്‍ പുസ്തകങ്ങളുടെ അതേ രൂപഭാവത്തിലും അതേ വിലയ്ക്കും കുറച്ചുകൂടി ഗൗരവമുള്ള വിഷയങ്ങളാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
പുതിയ പരമ്പരയുടെ എഡിറ്റര്‍മാരില്‍ ഒരാളെന്ന നിലയില്‍ താങ്കളുടെ ഏതാനും പുസ്തകങ്ങള്‍, പ്രത്യേകിച്ച് ദി ഇന്റലിജന്റ് വുമണ്‍സ് ഗൈഡ് ടു സോഷ്യലിസം (The Intelligent Women's Guide to Socialism) ഇതില്‍ ഉള്‍പ്പെടുത്താന്‍ തയ്യാറാകുമോ എന്നു താങ്കളോടു ചോദിക്കാനാണിത്. ആദ്യത്തെ പത്തു പുസ്തകങ്ങളില്‍ സര്‍ ജേംസ് ജീനിന്റെ മിസ്റ്റീരിയസ് യൂണിവേഴ്‌സ് (Mysterious Universe), എച്ച്.ജി. വെല്‍സിന്റെ ഷോര്‍ട്ട് ഹിസ്റ്ററി ഓഫ് ദ് വേള്‍ഡ് (Short History of the World), ഒലഫ് സ്റ്റാപ്ള്‍ഡണിന്റെ ലാസ്റ്റ് ആന്‍ഡ് ഫസ്റ്റ് മാന്‍ (Last and First Man) എന്നിവ ഉള്‍പ്പെടുന്നുണ്ടെന്നുകൂടി അറിയിക്കുന്നു.
ജനറല്‍ എഡിറ്ററെന്ന നിലയില്‍ കൃഷ്ണമേനോന്‍ തിരഞ്ഞെടുത്ത് പെലിക്കന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ എക്കാലത്തും നല്ല വില്പനയുള്ളവയായിരുന്നു. എന്നാല്‍, ലേനും കൃഷ്ണമേനോനും തമ്മിലുള്ള ബന്ധം 1937 അവസാനത്തോടെ വഷളായിത്തുടങ്ങിയിരുന്നു. ആ വര്‍ഷം അവസാനത്തോടെ ലേന്‍ അദ്ദേഹത്തിന്, 1938 ജൂണ്‍ മധ്യത്തില്‍ പ്രാബല്യത്തില്‍ വരത്തക്കവിധമുള്ള, പിരിച്ചുവിടല്‍ അറിയിപ്പു നല്കി. കൃഷ്ണമേനോന് അയച്ചുകൊടുക്കുന്ന കൈയെഴുത്തുപ്രതികളുടെ എഡിറ്റിങ് ജോലികളുടെ വേഗതയില്‍ ലേനിന് ഇച്ഛാഭംഗമുണ്ടായിരുന്നു. 1938 ആയപ്പോഴേക്കും അവരവരുടെ സോളിസിറ്റര്‍മാര്‍ വഴി മാത്രം ആശയവിനിമയം നടത്തുന്ന വിധത്തിലേക്ക് അവര്‍ തമ്മിലുള്ള ബന്ധം വഷളായിക്കഴിഞ്ഞിരുന്നു. ഒടുവില്‍ 1938 നവംബര്‍ 24ന് അവര്‍ കണ്ടുമുട്ടി. കൃഷ്ണമേനോന്‍ ലേനിനുള്ള, ഒരുപക്ഷേ, അവസാനത്തെ കത്തെഴുതി:താങ്കള്‍ പറഞ്ഞ ചില കാര്യങ്ങള്‍ എന്നെ ഏറക്കുറെ അദ്ഭുതപ്പെടുത്തുകയുണ്ടായെന്നു പറയാതെ തരമില്ല. എങ്കില്‍ത്തന്നെയും ആ കാര്യത്തില്‍ താങ്കളുടെ വെട്ടിത്തുറന്നുള്ള രീതിയെ ഞാന്‍ അഭിനന്ദിക്കുന്നു. എല്ലാ തെറ്റിദ്ധാരണകളും മാറ്റാന്‍ സഹായിക്കുന്ന തരത്തില്‍ കൃത്യമായ ഏര്‍പ്പാടുകള്‍ കഴിയുന്നത്ര വേഗത്തില്‍ താങ്കള്‍ കൈക്കൊണ്ടിരുന്നെങ്കില്‍ നന്നായിരുന്നു.
അതു കഴിഞ്ഞയുടനെ ലേന്‍ കൈക്കൊണ്ട 'കൃത്യമായ ഏര്‍പ്പാട്' പെലിക്കന്‍ ബുക്‌സില്‍നിന്ന് കൃഷ്ണമേനോനെ പെട്ടെന്നു പുറത്താക്കുക എന്നതായിരുന്നു. അവര്‍ തമ്മിലുള്ള വേര്‍പിരിയലിനെക്കുറിച്ച് ലേനിന്റെ ജീവചരിത്രകാരന്‍ ഇതാണു പറഞ്ഞിരിക്കുന്നത്: ആശയവിനിമയമില്ലായ്മയെക്കുറിച്ചായിരുന്നു രണ്ടുപേരുടെയും പരാതി. പ്രസിദ്ധീകരണത്തിന് മേനോന്‍ ഉദ്ദേശിക്കുന്ന പുസ്തകങ്ങളെക്കുറിച്ച് മാസങ്ങളായി അദ്ദേഹത്തില്‍നിന്ന് ഒന്നും കേള്‍ക്കുന്നില്ലെന്നായിരുന്നു ലേനിന്റെ മുറുമുറുപ്പെങ്കില്‍ പുസ്തകങ്ങളുടെ കരാറുകള്‍ സംബന്ധിച്ച് ലേന്‍ ബന്ധപ്പെടുന്നില്ലെന്നായിരുന്നു മേനോന്റെ പരാതി. എന്നാല്‍, ചുറുചുറുക്കുള്ളയാളും എളുപ്പത്തില്‍ മുഷിച്ചിലുണ്ടാകുന്ന രീതിക്കാരനുമായ ലേന്‍ കര്‍ക്കശക്കാരനും തെല്ലും ഉല്ലാസവാനുമല്ലാത്ത മേനോന്‍ സൗഹാര്‍ദഭാവം കുറഞ്ഞയാളുമാണെന്നു കണ്ട് അദ്ദേഹത്തെ പുറത്താക്കാന്‍ ഉത്സാഹിക്കുകയാണുണ്ടായത് എന്നതാണ് വസ്തുത. ഒരു സോഹോ റെസ്റ്റാറന്റില്‍ വെച്ച് ലേനിനോട് ഒരു മണിക്കൂറോളം പതിഞ്ഞ്, ഏകതാനമായ സ്വരത്തില്‍ മേനോന്‍ പ്രസംഗിച്ചെങ്കിലും അദ്ദേഹം എന്താണു പറയുന്നതെന്നു കേള്‍ക്കാനോ എന്താണു പറയാന്‍ ശ്രമിക്കുന്നതെന്നു മനസ്സിലാക്കാനോ കഴിയാതെ ഒടുവില്‍ ക്ഷമ നശിച്ച് ലേന്‍ മേനോനെ 'കുപ്പിക്കഴുത്ത്' എന്നു വിളിച്ചു. രോഗബാധിതനും അമിതമായ അധ്വാനംമൂലം അനാരോഗ്യവാനുമായിരുന്ന മേനോനെ അത് വേദനിപ്പിക്കുകയും താന്‍ ഏകനാണെന്ന് അദ്ദേഹത്തിനു തോന്നുകയും ചെയ്തു. താന്‍ ടെലിഫോണ്‍ ചെയ്താല്‍ ലേന്‍ ഒരിക്കലും തിരിച്ചുവിളിക്കാറില്ലായിരുന്നെന്നും തന്നെ കാര്യങ്ങള്‍ അറിയിക്കാറില്ലായിരുന്നെന്നും അദ്ദേഹം പരാതിപ്പെട്ടു: 'എല്ലാ പ്രവൃത്തികളെയും തളര്‍ത്തിക്കളയുകയും അന്തസ്സുള്ളവരെ തങ്ങള്‍ കാര്യങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന് തോന്നിപ്പിക്കുകയും ചെയ്യുന്ന ലോകത്താണു' ജീവിക്കുന്നതെന്ന് അദ്ദേഹത്തിന് തോന്നുകയും ചെയ്തു.
സിഗ്മണ്ട് ഫ്രോയ്ഡിന്റെ ടോട്ടം ആന്‍ഡ് ടാബു (Totem and Taboo) ആയിരുന്നു കൃഷ്ണമേനോന്‍ അവസാനമായി എഡിറ്റ് ചെയ്ത പെലിക്കന്‍ ക്ലാസിക്. 1913-ല്‍ ആദ്യപതിപ്പ് ഇറങ്ങിയ അത് 1940-ല്‍ പേപ്പര്‍ബാക്കായി പെലിക്കന്‍ ഇറക്കുകയാണുണ്ടായത്.
ലേനും മേനോനും തമ്മില്‍ പിരിയുന്നതിനു മുന്‍പ്, ബോസ്വെല്ലുമൊത്ത്, രാജ്യാന്തരതലത്തില്‍ വന്‍പ്രചാരം ലഭിച്ച നെഹ്രുവിന്റെ ആദ്യപുസ്തകത്തിന്റെ പ്രസിദ്ധീകരണവും വിതരണവും അവര്‍ ഉറപ്പാക്കിയിരുന്നു-നെഹ്രുവിന്റെ ആത്മകഥയായിരുന്നു അത്. ഇരുപതുവര്‍ഷത്തിനുശേഷം മേരി സെറ്റനുമായി നടത്തിയ ഒരഭിമുഖത്തില്‍, കൃഷ്ണമേനോന് തന്നില്‍ 'ഭീമമായ' സ്വാധീനമാണുണ്ടായിരുന്നതെന്ന് ലേന്‍ ഓര്‍മിക്കുന്നുണ്ട്. 'ജനങ്ങള്‍ക്കുവേണ്ടി ഏറ്റവും ഉത്തമമായ പുസ്തകങ്ങള്‍ ഏറ്റവും വിലകുറച്ചു പ്രസിദ്ധീകരിക്കുകയെന്ന ആശയമായിരുന്നു കൃഷ്ണമേനോന്റെത്,' അദ്ദേഹം അവരോടു പറയുകയുണ്ടായി. 'പ്രസിദ്ധീകരണത്തില്‍ തനിക്കുള്ള ഉത്സാഹത്താല്‍ കൃഷ്ണമേനോന്‍ എന്നെയും ആശയങ്ങള്‍കൊണ്ട് ഉത്തേജിപ്പിക്കാറുണ്ടായിരുന്നു. അയാള്‍ എന്റെ സാമൂഹികബോധത്തെ ഉണര്‍ത്തി' എന്നും ലേന്‍ പറയുന്നുണ്ട്.
നെഹ്രുവിന്റെ പുസ്തകം പ്രസിദ്ധീകരിച്ചതിനുശേഷം, ജോണ്‍ ലേനിനുവേണ്ടി ഗാന്ധിയെക്കൊണ്ട് ഒരു പുസ്തകം എഴുതിപ്പിക്കാനും കൃഷ്ണമേനോന്‍ ശ്രമം നടത്തിയിരുന്നു. സമാധാനത്തെക്കുറിച്ച് അല്ലെങ്കില്‍ അക്രമരാഹിത്യത്തെ ക്കുറിച്ച് ഒരു പുസ്തകമെഴുതാന്‍ ഗാന്ധിയോടഭ്യര്‍ഥിച്ചുകൊണ്ട്, ഗാന്ധിയുടെ സെക്രട്ടറി മഹാദേവ് ദേശായിക്ക്, 1936 ഓഗസ്റ്റ് 5ന് അദ്ദേഹമെഴുതി:ഇപ്പോഴത്തെ സാര്‍വദേശീയസാഹചര്യത്തില്‍ യുദ്ധത്തെ പ്രതിരോധിക്കാന്‍ പല രീതികളും ജനങ്ങള്‍ തേടുന്നുണ്ട്; അക്രമരാഹിത്യം എന്ന ആശയം പരിമിതമായ തോതിലാണെങ്കിലും ഈ രാജ്യത്ത് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയിട്ടുണ്ട്.
എന്നാല്‍, കുറച്ചൊക്കെ അസാധാരണമായ കാരണത്താല്‍ ഗാന്ധിയുടെ പുസ്തകം യാഥാര്‍ഥ്യമായില്ലെന്ന് 1936 ഓഗസ്റ്റ് 28ന് ദേശായി അയച്ച കത്ത് വെളിവാക്കുന്നു: അക്രമരാഹിത്യത്തെക്കുറിച്ചൊരു പുസ്തകമെഴുതാന്‍ ഗാന്ധിജിയെ ക്ഷണിച്ചതിന് ദയവായി ജോണ്‍ ലേനിനോട് നന്ദി അറിയിക്കുക. അദ്ദേഹത്തിന്റെ തിരക്കുകള്‍ അത്തരത്തിലൊരു ശ്രമത്തിന് ഒരുമ്പെടാന്‍ അദ്ദേഹത്തെ അനുവദിക്കുന്നില്ല. അദ്ദേഹം പറയുകയും ജീവിക്കുകയും ചെയ്തിട്ടുള്ള ഏതെങ്കിലുമൊരു തത്ത്വത്തെക്കുറിച്ച് ഒരു പുസ്തകമോ പ്രബന്ധമോ തയ്യാറാക്കാന്‍ തക്കവണ്ണമുള്ള സ്വസ്ഥത കൈവരിക്കാന്‍ അദ്ദേഹത്തിനൊരിക്കലും സാധിക്കില്ലെന്നാണ് എനിക്കു തോന്നുന്നത്. ജീവിതകാലം മുഴുക്കെ അദ്ദേഹത്തിനു പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കേണ്ടതുണ്ട്. അവയെക്കുറിച്ചു പഠിക്കാനും ആ പഠനങ്ങളെ അടിസ്ഥാനമാക്കി പ്രബന്ധങ്ങള്‍ രചിക്കാനുമുള്ള സാവകാശം മറ്റുള്ളവര്‍ക്കു വിട്ടുകൊടുത്തിരിക്കുകയാണ്. വിശദമായ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പതിവു പംക്തികള്‍ എഴുതിക്കൊണ്ട് ഒരു പ്രസ്ഥാനം നയിക്കാമെന്നല്ലാതെ ഒരെഴുത്തുകാരന്‍ എന്ന നിലയില്‍ വിജയിക്കാന്‍ അദ്ദേഹത്തിനു സാധിക്കില്ല. അതദ്ദേഹത്തിന്റെ വഴിയാണെന്നു ഞാന്‍ കരുതുന്നില്ല.
അഭിഭാഷകന്‍
1934 നവംബര്‍ 19ന് കൃഷ്ണമേനോന് ബാറില്‍ പ്രവേശനം ലഭിച്ചു. ഒരേസമയം ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലും ലണ്ടന്‍ യൂണിവേഴ്‌സിറ്റിയിലും വിദ്യാര്‍ഥിയായിരിക്കുന്ന സമയത്ത് മിഡില്‍ ടെമ്പിളില്‍ എന്റോള്‍ ചെയ്ത് നാലുവര്‍ഷത്തിനു ശേഷമായിരുന്നു അത്. തുടക്കത്തില്‍, സാമുവേല്‍ ലിങ്കന്റെ ചേംബറിലായിരുന്നു അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് ലിങ്കണ്‍ മേരി സെറ്റനോട് പറയുകയുണ്ടായി: എനിക്കുണ്ടായിരുന്ന എല്ലാ ശിഷ്യന്മാരിലും അയാളാണ് (കൃഷ്ണമേനോന്‍) നന്നായി ഗവേഷണം ചെയ്യുകയും നിയമവകുപ്പുകള്‍ ഖണ്ഡിതമായി വാദിക്കുകയും ചെയ്തിരുന്നത്... എതിര്‍വിസ്താരം നടത്തുമ്പോള്‍, വാക്യങ്ങള്‍ രൂപീകരിക്കുന്നതില്‍ അയാള്‍ അത്യന്തം ശ്രദ്ധാലുവായിരുന്നെന്ന് ഞാനോര്‍ക്കുന്നു. പിന്നെ ഒരു നീണ്ട ഇടവേളയായിരിക്കും. ഈ ജോലിക്കായി ജനിച്ച വ്യക്തിയായിരുന്നയാള്‍, നെഹ്രുവിനൊപ്പം പോയില്ലായിരുന്നെങ്കില്‍ അഭിഭാഷകന്‍ എന്ന നിലയില്‍ ഇന്ത്യയില്‍ അയാള്‍ പേരെടുക്കുമായിരുന്നു.
കൃഷ്ണമേനോനുമായുണ്ടായിരുന്ന തര്‍ക്കം പെന്‍ഗ്വിന്‍ ബുക്‌സിലെ അലെന്‍ ലേന്‍ 125 പൗണ്ട് നല്കി 1938 അവസാനത്തോടെ ഒത്തുതീര്‍ത്തിരുന്നുവെന്നും ലിങ്കണ്‍ ഓര്‍ക്കുന്നുണ്ട്- ആ കാലത്തത് ആരെ സംബന്ധിച്ചും ഗണ്യമായ ഒരു തുകയായിരുന്നു, പ്രത്യേകിച്ച് രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്ന ഒരാളെ സംബന്ധിച്ച്. കൃഷ്ണമേനോന്റെ സോളിസിറ്റര്‍ ആ പണവുമായി കടന്നുകളഞ്ഞു. നിയമനടപടി സ്വീകരിക്കാന്‍ ലിങ്കണ്‍ ഉപദേശിച്ചപ്പോള്‍, ഇതായിരുന്നു കൃഷ്ണമേനോന്റെ പ്രതികരണം: പണംകൊണ്ട് എനിക്കെന്താണാവശ്യം? എനിക്ക് കുറച്ച് ആവശ്യങ്ങളേയുള്ളൂ. നമുക്ക് കാരുണ്യം കാണിക്കാം, അയാള്‍ക്കൊരു ഭാര്യയും കുട്ടികളുമുണ്ട്.
പണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൃഷ്ണമേനോനുണ്ടായിരുന്ന അവജ്ഞാപൂര്‍വമായ സമീപനം, ഹൈക്കമ്മീഷണര്‍ ആയിരിക്കുമ്പോള്‍ അദ്ദേഹത്തെ ഗുരുതരമായ കുഴപ്പങ്ങളില്‍ക്കൊണ്ടെത്തിച്ച, ഈ സമീപനം ലേനിന്റെ ജീവചരിത്രത്തിലും സ്ഥിരീകരിക്കുന്നുണ്ട്.
ഇംഗ്ലണ്ടില്‍ കൃഷ്ണമേനോന്‍ അഭിഭാഷകവൃത്തി ഒരിക്കലും കാര്യമായി ചെയ്തിരുന്നില്ല. അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ മൂലം അധികം കേസുകള്‍ എടുക്കാനുള്ള സമയം ലഭിച്ചിരുന്നില്ല. 1936നും 1940നും ഇടയ്ക്ക് ലേബര്‍ പാര്‍ട്ടിയുടെ പാര്‍ലമെന്റംഗവും രാഷ്ട്രീയകേസുകള്‍ കൈകാര്യം ചെയ്തിരുന്ന അഭിഭാഷകനുമായിരുന്ന ഡെനിസ് പ്രിറ്റിനൊപ്പമായിരുന്നു അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. അതിനുശേഷം, ആറുവര്‍ഷത്തോളം പ്രിവി കൗണ്‍സിലില്‍ അപ്പീല്‍ നല്കാനെത്തിയിരുന്ന ഇന്ത്യക്കാരുടെ ചില കേസുകളാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്. ഹാല്‍ഡന്‍ സൊസൈറ്റിയിലെ ഒരംഗമാകുകയും ചെയ്തു അദ്ദേഹം. പില്ക്കാലത്ത് ഹാല്‍ഡന്‍ ക്ലബ് എന്നറിയിപ്പെട്ട അത് 'സോഷ്യലിസ്റ്റ് അഭിഭാഷകരുടെ ഒരു സംഘടന' ആയിരുന്നു; സ്റ്റാഫോര്‍ഡ് ക്രിപ്‌സ്, പ്രിറ്റ്, ക്ലെമന്റ് ആറ്റ്‌ലി തുടങ്ങിയവരായിരുന്നു അതിലെ പ്രമുഖ അംഗങ്ങള്‍.
കൃഷ്ണമേനോന്‍ ബന്ധപ്പെട്ടിരുന്ന രണ്ടു കേസുകള്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നവയാണ്. 1940 മാര്‍ച്ച് 13ന്, ലണ്ടനില്‍വെച്ച് സര്‍ മൈക്കേല്‍ ഒ' ഡയറിനെ വെടിവെച്ചു കൊന്ന ഉദ്ദം സിങ്ങിന്റെ കേസാണ് ആദ്യത്തേത്. ഇരുപത്തിയൊന്നുവര്‍ഷം മുന്‍പ് അമൃത്സറില്‍വെച്ച് കുപ്രസിദ്ധമായ ജാലിയന്‍വാലാബാഗ് സംഭവം നടക്കുന്ന സമയത്ത് പഞ്ചാബിലെ ഗവര്‍ണര്‍ ആയിരുന്നു ഒ' ഡയര്‍. ആദ്യം, നാട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ വികാരം പങ്കുവെച്ചുകൊണ്ട് സിങ്ങിന്റെ പ്രവൃത്തിയെ അപലപിക്കുകയാണ് കൃഷ്ണമേനോനും ചെയ്തത്. എന്നാല്‍, ഇന്ത്യയില്‍ സിങ്ങിനുണ്ടായിരുന്ന ജനപ്രീതി മനസ്സിലാക്കി അവര്‍ മനസ്സു മാറ്റിയപ്പോള്‍ കൃഷ്ണമേനോനും മനസ്സുമാറ്റി. കേസിന്റെ പ്രചാരണമൂല്യം മനസ്സിലാക്കിക്കൊണ്ട്, സിങ്ങിന്റെ അഭിഭാഷകസംഘത്തില്‍ സെന്റ് ജോണ്‍ ഹച്ചിന്‍സണിന്റെ ജൂനിയറായി അദ്ദേഹം കയറിക്കൂടി.7 രണ്ടു ദിവസമേ വിചാരണ നീണ്ടുനിന്നുള്ളൂ. തന്റെ നിശ്ശബ്ദതകൊണ്ടാണ് കൃഷ്ണമേനോന്‍ വാചാലത പ്രകടിപ്പിച്ചത്. അതു കഴിഞ്ഞയുടനെ വധശിക്ഷ നടപ്പായി, 1940 ജൂലായ് 31ന്.
ഒ' ഡയറിന് ലാസ്‌കിയുമായി പഴയൊരു ബന്ധമുണ്ടായിരുന്നു. ആ വസ്തുത കൃഷ്ണമേനോന് നന്നായി അറിയാമായിരുന്നുതാനും. 1922-ല്‍, പ്രമുഖനായ ഇന്ത്യന്‍ നിയമജ്ഞന്‍ സര്‍ ശങ്കരന്‍ നായര്‍, ഒ' ഡയറില്‍ തീവ്രവാദവും അമൃത്സര്‍ നരഹത്യയുടെ കുറ്റവും ആരോപിച്ചുകൊണ്ട് ഒരു പുസ്തകം രചിച്ചിട്ടുണ്ട്. നായരുടെ പേരില്‍ ഒ' ഡയര്‍ അന്യായം ഫയല്‍ ചെയ്തു; ലാസ്‌കിയുടെ ജീവചരിത്രകാരന്മാര്‍ എഴുതിയിരിക്കുന്നതുപോലെ, '1924 മേയ് ഒന്നു മുതല്‍ ജൂണ്‍ ആറു വരെയുള്ള അഞ്ചാഴ്ചക്കാലം ദിവസം അഞ്ചുമണിക്കൂര്‍ വീതം (വിചാരണ നടത്തിയ) പന്ത്രണ്ടു പ്രത്യേക ന്യായാധിപന്മാരില്‍ ഒരാളായിരുന്നു ലാസ്‌കി.'8 ഒ' ഡയറിന്റെ പരാതി തള്ളിക്കളഞ്ഞ ഒരേയൊരാളും അദ്ദേഹമായിരുന്നു. ഈ കേസ് മുതലാണ്, 'ഇന്ത്യയുടെ സ്വാതന്ത്ര്യത്തോട് അദ്ദേഹത്തിന് (ലാസ്‌കിക്ക്) ശരിക്കും പ്രതിജ്ഞാബദ്ധത ഉണ്ടാകാന്‍ തുടങ്ങുന്നത്.' അതായത്, കൃഷ്ണമേനോന്‍ ആദ്യമായി ഇംഗ്ലണ്ടില്‍ കാലുകുത്തുന്ന സമയത്തുതന്നെയാണ് ഇന്ത്യയോടുള്ള പ്രതിബദ്ധത ലാസ്്കിയില്‍ നാമ്പിടുന്നത്.
സിങ്ങിന്റെ വധശിക്ഷ കഴിഞ്ഞ് ഏകദേശം മൂന്നുദശകങ്ങള്‍ക്കുശേഷം, 1969 നവംബര്‍ 29ന് ഇന്ത്യയിലെ പ്രശസ്തസിനിമാപ്രവര്‍ത്തകന്‍ ബല്‍രാജ് സാഹ്നി കൃഷ്ണമേനോന് എഴുതുന്നുണ്ട്:ജാലിയന്‍വാലാബാഗ് സംഭവത്തിലെ സര്‍ മൈക്കേല്‍ ഒ' ഡയറിനെ വെടിവെച്ച തീവ്രവാദി വിപ്ലവകാരി ഉദ്ദം സിങ്ങിനെക്കുറിച്ച് ഒരു സിനിമ നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് ബ്രിട്ടനില്‍ താമസിക്കുന്ന ഒരുകൂട്ടം ഇന്ത്യക്കാര്‍. പ്രസ്തുത സിനിമ സംവിധാനം ചെയ്യുന്ന ഹൃഷികേഷ് മുഖര്‍ജിയും ഞാനും മറ്റനവധി സുഹൃത്തുക്കളും ആത്മാര്‍ഥമായ പിന്തുണ ആ സംരംഭത്തിനു നല്കുന്നുണ്ട്. എന്റെ പുത്രന്‍ (പരീക്ഷത് സാഹ്നി) ആണ് ഉദ്ദം സിങ്ങിന്റെ വേഷത്തില്‍ അഭിനയിക്കുന്നത്.
ഈ കത്തുമായി വരുന്നയാള്‍, എന്റെതന്നെ പേരുള്ളയാള്‍, ആണ് ഇതിന്റെ സംഘാടകന്‍. താങ്കള്‍ ഉദ്ദം സിങ്ങിനുവേണ്ടി കേസ് വാദിച്ചിരുന്നെന്ന് ഇദ്ദേഹം എന്നോടു പറയുകയുണ്ടായി. അതുകൊണ്ട് താങ്കളെ ഈ സിനിമയിലെ ഒരു കഥാപാത്രമായി ചിത്രീകരിക്കുന്നതിന് താങ്കളുടെ അനുവാദം ആവശ്യമുണ്ട്. താങ്കള്‍ക്ക് അതില്‍ വിരോധമുണ്ടായിരിക്കുകയില്ലെന്നും നിര്‍മാതാവിന് താങ്കളുടെ വിലപ്പെട്ട നിര്‍ദേശങ്ങള്‍ നല്കുമെന്നും എനിക്കുറപ്പുണ്ട്.
എന്നാല്‍, പല കാരണങ്ങള്‍കൊണ്ടും ആ സിനിമ ഒരിക്കലും നിര്‍മിക്കപ്പെടുകയുണ്ടായില്ല. ബല്‍രാജ് സാഹ്നി 1973-ല്‍ അന്തരിച്ചു. അതിനുശേഷം, പക്ഷേ, ആ വിഷയത്തില്‍ രണ്ടു സിനിമകള്‍ നിര്‍മിക്കപ്പെടുകയുണ്ടായി; 1977-ല്‍ പുറത്തിറങ്ങിയ ജാലിയന്‍വാലാബാഗ്, 1999-ല്‍ പുറത്തിറങ്ങിയ ഉദ്ദം സിങ് എന്നിവ. രണ്ടിലും കൃഷ്ണമേനോനെക്കുറിച്ച് ഒരു പരാമര്‍ശവും ഉണ്ടായിരുന്നില്ല.
1936-ല്‍, ലാഹോര്‍ ഹൈക്കോടതിയിലെ ചീഫ് ജസ്റ്റീസ് കോടതിയലക്ഷ്യത്തിന് നടപടി സ്വീകരിച്ച ജീവന്‍ലാല്‍ ഗൗബയുടേതാണ് രണ്ടാമത്തെ കേസ്. ആ കേസിന് രാഷ്ട്രീയമാനങ്ങള്‍ കൈവരികയും പ്രിവി കൗണ്‍സില്‍ പരാതി നല്കാന്‍ ഗൗബയും അദ്ദേഹത്തിന്റെ ജര്‍മന്‍കാരിയായ ഭാര്യ എലിസബേത്തും ഗൗരവപൂര്‍വം ശ്രമം നടത്തുകയുമുണ്ടായി. അതിനായി കൃഷ്ണമേനോനാണ് ക്രിപ്‌സിനെയും വാള്‍ട്ടര്‍ മോണ്‍ക്ടൊണെയും സമീപിച്ചത്. അത് വളരെയേറെ നീണ്ടുപോകുകയും ഒടുവില്‍, 1938 മേയ് 21ന് ക്രിപ്‌സ് കൃഷ്ണമേനോനോട് ഇങ്ങനെ പറയുകയും ചെയ്തു:വാള്‍ട്ടര്‍ മോണ്‍ക്ടൊണുമായി അടുത്തയിടയ്ക്ക് ഞാന്‍ സംസാരിക്കുകയുണ്ടായി. ഗൗബര്‍ (ഗൗബ) വിഷയത്തില്‍ അപ്പീല്‍ നല്കുന്ന കാര്യത്തില്‍ ഒന്നും ചെയ്യാനില്ലെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇനിയിപ്പോള്‍ എന്തെങ്കിലും സാധിക്കണമെന്നുണ്ടെങ്കില്‍ നമ്മള്‍ രാഷ്ട്രീയമായി നീങ്ങണം.
എലിസബേത്ത് ഗൗബ കൃഷ്ണമേനോന്റെ അടുത്ത സുഹൃത്തുക്കളിലൊരാളായി മാറി. വിദ്യാഭ്യാസവിഷയങ്ങളില്‍ താത്പര്യമുള്ളവരായിരുന്നു അവര്‍ രണ്ടും- അവര്‍ ന്യൂഡല്‍ഹിയില്‍ ആരംഭിച്ച സ്‌കൂളില്‍ ഇന്ദിരാഗാന്ധിയുടെ രണ്ടു മക്കളും കുറച്ചുനാള്‍ പഠിച്ചിരുന്നു. ഒരു ദശകത്തിനുശേഷം വാള്‍ട്ടര്‍ മോണ്‍ക്ടൊണിന്റെയും കൃഷ്ണമേനോന്റെയും പാതകള്‍ തമ്മില്‍ വീണ്ടും കൂട്ടിമുട്ടുന്നുണ്ട്, ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഒരു വര്‍ഷത്തോളം സ്വതന്ത്രരാജ്യമായി നിലകൊള്ളുക എന്ന ഉദ്ദേശ്യത്തോടെ ഇന്ത്യന്‍ യൂണിയനില്‍ ചേരാന്‍ സംശയിച്ചുനിന്ന ഹൈദരാബാദിലെ നിസ്സാമിന്റെ ഉപദേശകനായി മോണ്‍ക്ടൊണ്‍ പ്രവര്‍ത്തിക്കുന്ന സമയത്തായിരുന്നു അത്. കൃഷ്ണമേനോന്റെകൂടി ഇടപെടലോടെ പരിഹരിക്കപ്പെട്ട സൂയസ് കനാല്‍ പ്രതിസന്ധി 1956 അവസാനം ഉടലെടുക്കുമ്പോള്‍ മോണ്‍ക്ടൊണായിരുന്നു ബ്രിട്ടനിലെ പ്രതിരോധ സെക്രട്ടറി.
1950 ജനുവരി 28ന് ഇന്ത്യയിലെ സുപ്രീംകോടതി പ്രവര്‍ത്തനം ആരംഭിച്ചതോടെ ഇന്ത്യയ്ക്കുമേല്‍ പ്രിവി കൗണ്‍സിലിനുണ്ടായിരുന്ന അധികാരപരിധി അവസാനിക്കുമ്പോള്‍ കൃഷ്ണമേനോനായിരുന്നു ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ എന്നത് ചരിത്രപരമായ ഒരു വൈരുധ്യമായി പരിഗണിക്കാവുന്നതാണ്. 1949 ഡിസംബറിലാണ് ഇന്ത്യയില്‍നിന്നുള്ള അവസാനത്തെ കേസ് പ്രിവി കൗണ്‍സില്‍ പരിഗണിക്കുന്നത്. അത് സുപ്രീം കോടതിക്കു കൈമാറുന്ന ഔപചാരികമായ ചടങ്ങ് 1950 ഫെബ്രുവരി 6ന് ലണ്ടനില്‍ നടന്നു. രണ്ടു ദിവസത്തിനുശേഷം ലണ്ടന്‍ ടൈംസ് ഇങ്ങനെ റിപ്പോര്‍ട്ടു ചെയ്തു:അതൊരു ചരിത്രപ്രാധാന്യമുള്ള അവസരമായിരുന്നെന്നാണ് ശ്രീ. കൃഷ്ണമേനോന്‍ പറഞ്ഞത്. ഇരു ജനതയും തമ്മില്‍ യോജിക്കുന്ന മറ്റൊരു ഘട്ടത്തെക്കുറിക്കുന്നതും; ഇന്ത്യയിലേക്ക് ഉത്തരവാദിത്വങ്ങളും അധികാരവും കൈമാറിയത് യോജിപ്പോടെയായിരുന്നുവെന്ന സംഗതിയെ അവര്‍ സ്വാഗതം ചെയ്യുകയും ചെയ്തു. ഇരുരാജ്യങ്ങളും സ്വയം മാതൃക സൃഷ്ടിച്ചെന്നു മാത്രമല്ല, തര്‍ക്കങ്ങള്‍ സമാധാനപരമായി പരിഹരിക്കുന്നതിന് നേതൃത്വം നല്കിക്കൊണ്ട് ലോകത്തെ സേവിക്കുന്നതിന് അതുപകരിക്കുന്നതുമായിരിക്കും.
1959-ല്‍ ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഇന്റര്‍നാഷണല്‍ ലോ സ്ഥാപിക്കുന്നതിന് കൃഷ്ണമേനോനാണ് പ്രധാനമായും മുന്‍കൈയെടുത്തത്. സുപ്രീംകോടതിയുടെ തൊട്ടടുത്തായുള്ള സൊസൈറ്റിയുടെ കെട്ടിടത്തിന് 1994-ല്‍ കൃഷ്ണമേനോന്റെ പേരു നല്കുകയുണ്ടായി. അദ്ദേഹത്തിന്റെ ഒരര്‍ധകായപ്രതിമയും അവിടെ സ്ഥാപിച്ചിട്ടുണ്ട്. 1963 മുതല്‍ രാഷ്ട്രീയമായി വിസ്മൃതിയിലായിരുന്ന സമയത്ത് ഇന്ത്യന്‍ സുപ്രീംകോടതിയില്‍ അത്യുത്സാഹത്തോടെ അദ്ദേഹം അഭിഭാഷകവൃത്തി പുനരാരംഭിച്ചു. അദ്ദേഹം ഇടപെട്ടിരുന്ന പ്രധാനപ്പെട്ട കേസുകള്‍ പലതും ഇപ്പോഴും ഉദ്ധരിക്കപ്പെടുന്നുണ്ട്.
Content Highlights: vk krishnamenon a chequered brilliance excerpt jayaram ramesh mathrubhumi books