‘അടുക്കളപോലെതന്നെ, അലക്കലും ഐ.എസ്.എസ്സിലില്ല; വെള്ളമാണ് വിലപിടിച്ച വസ്തുക്കളിലൊന്ന്’

ഷിജു സുകുമാരൻ തയ്യാറാക്കി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച സുനിത വില്യംസിന്റെ സാഹസികമായ ജീവിതകഥയാണ് ‘സുനിത വില്യംസ്: താരാപഥത്തിലെ റാണി’. പുസ്തകത്തിൽനിന്നൊരു ഭാഗം വായിക്കാം.
'സ്വന്തം ശേഷിയിൽ വിശ്വസിക്കുക, സ്വന്തം യാത്രയിൽ വിശ്വസിക്കുക. നിങ്ങൾ വെക്കുന്ന ഓരോ ചുവടും, അതെത്ര ചെറുതായാലും ആത്യന്തികലക്ഷ്യത്തിലേക്കുള്ളതാണെന്ന് ഉറപ്പിക്കുക.' -സുനിത വില്യംസ്
ഭൂമിയിൽനിന്നു വിക്ഷേപിക്കുന്ന ഒരു സ്പേസ് ഷട്ടിൽ ഭ്രമണപഥത്തിലെത്താൻ എടുക്കുന്ന സമയം എട്ടു മിനിറ്റാണ്. ഭൂമിയിൽനിന്ന് 400 കിലോമീറ്റർ അകലെയാണ് അന്താരാഷ്ട്ര ബഹിരാകാശനിലയം സഞ്ചരിക്കുന്ന ഭ്രമണപഥം. എട്ടു മിനിറ്റുകൊണ്ട് സ്പേസ് ഷട്ടിൽ ആ ഭ്രമണപഥത്തിലെത്തുമെങ്കിലും ഐ.എസ്.എസ്സിൽ ഡോക്കു ചെയ്യാൻ പിന്നെയും ഒരുപാട് മണിക്കൂറുകളെടുക്കും. കാരണം, ഐ.എസ്.എസ്. മണിക്കൂറിൽ 28,000 കിലോമീറ്റർ വേഗത്തിൽ ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുകയാണ്. അതായത് സെക്കൻഡിൽ ഏഴു കിലോമീറ്ററിലേറെ പിന്നിടും. അങ്ങനെ സഞ്ചരിക്കുന്ന സ്റ്റേഷനിലേക്കാണ് ഈ സ്പേസ് ഷട്ടിലിനെ കൊണ്ടുപോയി ബന്ധിക്കേണ്ടത്. സമയവും ദൂരവുമൊക്കെ ചേർന്ന സങ്കീർണമായ സയൻസാണ് അതിനു പിന്നിൽ.
വിക്ഷേപണസമയം നിശ്ചയിക്കുന്നതു മുതൽ തുടങ്ങുന്നു ആ പ്ലാനിങ്. പേടകത്തിലിരുന്ന് അതു മുഴുവൻ നിയന്ത്രിക്കാനാവില്ല. ഭൂമിയിലെ ലോഞ്ച് കൺട്രോൾ ടീമാണ് ഇതു നിയന്ത്രിക്കുന്നത്. അവർ വിക്ഷേപണം മുതൽ ഷട്ടിലിന്റെയും സ്റ്റേഷന്റെയും ചലനം നിരീക്ഷിച്ചുകൊണ്ടിരിക്കും. പേടകം ഭ്രമണപഥത്തിലെത്തിയാൽ ഐ.എസ്.എസ്സിനൊപ്പം ഭൂമിയെ ചുറ്റാൻ തുടങ്ങും. ദിവസത്തിൽ രണ്ടുതവണ ഇവർ അടുത്തടുത്ത് കണ്ടുമുട്ടും. പത്തു മിനിറ്റോളം സമയമാണ് ഈ സാമീപ്യം കിട്ടുക. ആ സമയത്ത് ഡോക്കിങ് സാധ്യമാക്കണം. മുമ്പ് ഡോക്കിങ്ങിനെടുത്തിരുന്ന ശരാശരി സമയം രണ്ടു ദിവസമായിരുന്നെങ്കിൽ 2013 മുതൽ അത് ആറു മണിക്കൂർ മാത്രമായി. അതായത് വിക്ഷേപണദിവസംതന്നെ യാത്രികർക്ക് ഐ.എസ്.എസ്സിലെത്താം.
2006 ഡിസംബർ 9നു വിക്ഷേപിച്ച എസ്.എസ് ഡിസ്‌കവറി 11ന് അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ ഡോക്ക് ചെയ്തു. ഡിസ്‌കവറിയിലെ ദൗത്യസംഘാംഗങ്ങൾ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെ പതിനാലാമതു പര്യവേക്ഷണസംഘത്തിനൊപ്പമാണു ചേർന്നത്. നിലയത്തിലെ അറ്റകുറ്റപ്പണികളും ചില നിർമ്മാണപ്രവർത്തനങ്ങളുമായിരുന്നു പ്രധാന ദൗത്യം. എസ്.ടി.എസ്-116 ദൗത്യത്തിൽ സുനിത വില്യംസിന്റെ ചുമതല ഫ്‌ളൈറ്റ് എൻജിനീയർ എന്നതാണ്. യു.എസ്. നേവിയിലെ വിദഗ്ധയായ ടെസ്റ്റ് പൈലറ്റും എൻജിനീയറും എന്ന നിലകളിലാണ് ആ ചുമതല സുനിതയിലേക്കെത്തുന്നത്. ആദ്യ യാത്രയെക്കുറിച്ച് സുനിത ബ്ലോഗിൽ എഴുതിയത് ഇങ്ങനെയാണ്, 'വല്ലാത്തൊരു ഞെട്ടലാണത്. നമ്മുടെ തലച്ചോറും ശരീരവുമൊക്കെ അതിനോടു പൊരുത്തപ്പെടാൻ പണിപ്പെടും. ഭ്രമണപഥത്തിലെ ആദ്യമണിക്കൂറുകൾ അതികഠിനംതന്നെ. ഓക്സിലറി പവർ യൂണിറ്റുകൾ പ്രവർത്തിക്കാൻ തുടങ്ങുമ്പോൾ വാഹനം ഭയങ്കരമായി വൈബ്രേറ്റു ചെയ്യാൻ തുടങ്ങും. നമ്മൾ കുതിക്കാൻപോകുന്നു എന്ന് മനസ്സു മന്ത്രിക്കും. റോക്കറ്റ് ബൂസ്റ്ററുകൾ പ്രവർത്തിക്കുകയും വാഹനം കുതിച്ചുയരുകയും ചെയ്ത നിമിഷം എന്താണു സംഭവിക്കുന്നതെന്നു മനസ്സിലായതേയില്ല. അൽപ്പസമയത്തിനുള്ളിൽ ഞങ്ങളുടെ വയറും ശരീരവുമൊക്കെ ഞെങ്ങിഞെരുങ്ങാൻ തുടങ്ങി. വല്ലാത്ത നിശ്ശബ്ദത. എന്റെ കൈയിലെ പേന അന്തരീക്ഷത്തിൽ ഒഴുകാൻ തുടങ്ങി. പിന്നാലെ എന്റെ കൈതന്നെ ഒഴുകാൻ തുടങ്ങി. ശരീരം പൂർണ്ണമായും ഭാരരഹിതമായി. ഞാനും ജോണിയും ക്രിസ്റ്ററും കൈകോർത്ത് ആർത്തുവിളിച്ചു..'
ഈ സംഘത്തിൽ സുനിതയൊഴികെയുള്ള ആറുപേരും ഐ.എസ്.എസ്സിലെ അറ്റകുറ്റപ്പണികൾക്കു മാത്രമായാണ് എത്തിയത്. പന്ത്രണ്ടു ദിവസമായിരുന്നു ആ ദൗത്യത്തിന്റെ ദൈർഘ്യം. എന്നാൽ, സുനിത ഐ.എസ്.എസ്സിലെ പതിനാലാമതു പര്യവേക്ഷണത്തിന്റെ ഭാഗമായിരുന്നു. പതിനാലാം പര്യവേക്ഷണം 2006 സെപ്റ്റംബർ 18ന് ആരംഭിച്ചിരുന്നു. അതിന്റെ കമാൻഡർ എൽ.എ. എന്നു സഹപ്രവർത്തകർ വിളിക്കുന്ന മൈക്കൽ ലോപ്പസ് അലെഗ്രിയ ആയിരുന്നു. ഓരോ പര്യവേക്ഷണ ദൗത്യത്തിനും ഒരു കമാൻഡർ ഉണ്ടായിരിക്കും. പ്രവൃത്തിപരിചയവും സീനിയോറിറ്റിയുമൊക്കെയാണ് അതു നിശ്ചയിക്കുന്നത്. റഷ്യൻ കോസ്മോനട്ടായ മിഖായേൽ ത്യുറിനോ (മിഷ) ആണ് പതിനാലാം ദൗത്യത്തിലെ മറ്റൊരു ക്രൂ മെമ്പർ. പതിമൂന്നാം ദൗത്യം കഴിഞ്ഞ് പതിനാലിൽ തുടരുന്ന തോമസ് റെയ്റ്ററും അവിടെയുണ്ടായിരുന്നു. സുനിതയും സംഘവും ബഹിരാകാശനിലയത്തിലെത്തുമ്പോൾ എൽ.എയും മിഷയും തോമസ് റെയ്റ്ററും ചേർന്നാണ് അവരെ സ്വീകരിച്ചത്. എൽ.എയും മിഷയും 2006 സെപ്റ്റംബർ 20ന് ബൈക്കനൂറിൽനിന്ന് സോയുസ് റോക്കറ്റിലേറിയാണ് നിലയത്തിലെത്തിയിരുന്നത്. തോമസ് റെയ്റ്റർ എസ്.എസ്. ഡിസ്‌കവറിയിലേറി (എസ്.ടി.എസ്-121) 2006 ജൂലായ് നാലിന് നിലയത്തിലെത്തിയിരുന്നു. റെയ്റ്റർ ഡിസംബർ 21നു മടങ്ങി. അദ്ദേഹത്തിനു പകരമായാണ് സുനിത പതിനാലാം പര്യവേക്ഷണത്തിന്റെ ഭാഗമായത്.
ഷട്ടിൽ ഡോക്കു ചെയ്തുകഴിഞ്ഞാൽ യാത്രികർക്ക് ഐ.എസ്.എസ്സിൽ പ്രവേശിക്കാം. സുനിതയുൾപ്പടെ പുതുതായെത്തിയവർ അന്തരീക്ഷത്തിൽ ഒഴുകിനടന്ന് നിലയത്തിന്റെ ചുമരിലും മൂലയിലുമൊക്കെ ഇടിക്കാൻ തുടങ്ങി. കുറച്ചുനേരത്തെ പരിശീലനംകൊണ്ടേ ഫ്ളോട്ടിങ്ങിന്റെ നിയന്ത്രണം സാധ്യമാവുകയുള്ളൂ. എല്ലാവരും സ്പേസ് സ്യൂട്ടുകളിൽനിന്നു സ്വതന്ത്രരാവുകയും അതിനായി മറ്റുള്ളവരെ സഹായിക്കുകയും ചെയ്തു. കാര്യങ്ങളോടു പൊരുത്തപ്പെടാൻ സുനിതയ്ക്ക് ഒരു ദിവസം വേണ്ടിവന്നു. മികച്ച ശാരീരികാരോഗ്യമുള്ളവർക്കു മാത്രമേ അത്തരം പൊരുത്തപ്പെടൽ സാധ്യമാവുകയുള്ളൂ.
ബഹിരാകാശപേടകത്തിന്റെ വിക്ഷേപണം കഴിഞ്ഞാൽ കാര്യങ്ങൾ നിയന്ത്രിക്കുന്നത് മിഷൻ കൺട്രോൾ സെന്ററാണ്. ഹൂസ്റ്റണിലെ ക്രിസ്റ്റഫർ സി ക്രാഫ്റ്റ് ജൂനിയർ മിഷൻ കൺട്രോൾ സെന്ററാണ് ദൗത്യം മുഴുവൻസമയം നിരീക്ഷിക്കുന്നതും നിയന്ത്രിക്കുന്നതും. അതിന്റെ റേഡിയോ കോൾ സൈൻ 'ഹൂസ്റ്റൺ' എന്നാണ്. ഐ.എസ്.എസ്സിൽ എപ്പോഴും ബഹിരാകാശയാത്രികർ ഉള്ളതിനാൽ ഈ നിയന്ത്രണകേന്ദ്രം വർഷം മുഴുവൻ വിശ്രമമില്ലാതെ പ്രവർത്തിക്കും. ഫ്ളൈറ്റ് കൺട്രോളർമാർ, എൻജിനീയർമാർ, കംപ്യൂട്ടർ വിദഗ്ദ്ധർ, കമ്യൂണിക്കേഷൻ ഉദ്യോഗസ്ഥർ, റോബോട്ടിക്സ് വിദഗ്ദ്ധർ തുടങ്ങിയവരെല്ലാം ഈ സെന്ററിൽ 24 മണിക്കൂറും ഷിഫ്ട് അടിസ്ഥാനത്തിൽ പണിയെടുക്കുന്നു. ബഹിരാകാശ ദൗത്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൊതുജനങ്ങളെയും മാദ്ധ്യമങ്ങളെയും അറിയിക്കാനായി ഒരു പബ്ലിക് റിലേഷൻസ് വിഭാഗവും ഇവിടെയുണ്ട്. ബഹിരാകാശസഞ്ചാരികൾ യാത്രയ്ക്കിടയിലും ഐ.എസ്.എസ്സിലെ താമസക്കാലത്തും മിഷൻ കൺട്രോൾ സെന്ററുമായി നിരന്തരം ബന്ധപ്പെടേണ്ടതുണ്ട്. 'ഹലോ... ഹൂസ്റ്റൺ, കേൾക്കുന്നുണ്ടോ,' എന്ന ശബ്ദം ഇവിടെ എപ്പോഴും മുഴങ്ങുന്നു.
അന്താരാഷ്ട്ര ബഹിരാകാശനിലയം ഒരു കപ്പൽപോലെ ആയതുകൊണ്ടാവാം നോട്ടിക്കൽ പദങ്ങളാണ് അവിടെ കൂടുതലായും ഉപയോഗിക്കുന്നത്. പോർട്ട്, സ്റ്റാർബോഡ്, ഓവർഹെഡ്ഡ് ഡെക്ക് തുടങ്ങിയവയാണ് സ്റ്റേഷനിലെ പ്രധാന ഭാഗങ്ങൾ. ഐ.എസ്.എസ്സിലെ ആദ്യ കമാൻഡർ, നാവികസേനാ ഉദ്യോഗസ്ഥൻകൂടിയായ ബിൽ ഷെഫേഡ് ആയിരുന്നു. അതിനാൽ പല നാവികപാരമ്പര്യങ്ങളും ഐ.എസ്.എസ്സിലുണ്ട്. പുതിയ സന്ദർശകർ ഐ.എസ്.എസ്സിലെത്തുമ്പോൾ ഷെഫേഡ് അവിടെ തൂക്കിയ മണിമുഴക്കുന്നത് ആ പാരമ്പര്യങ്ങളിലൊന്നാണ്. നിലയത്തിന്റെ റേഡിയോകോൾ സിംബലായ 'ആൽഫ' സൃഷ്ടിച്ചതും ഷെഫേഡാണ്. ഐ.എസ്.എസ്സിൽനിന്നുള്ള റേഡിയോ സന്ദേശങ്ങൾ ആരംഭിക്കുന്നത്, 'ഹൂസ്റ്റൺ, ദിസ് ഈസ് ആൽഫ കോളിങ്...' എന്ന ആമുഖത്തോടെയാണ്.
ഗ്രൗണ്ടിലെ ഓഫീസ്പോലെത്തന്നെ തസ്തികകളും റാങ്കിങ്ങുമെല്ലാം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുമുണ്ട്. അവിടത്തെ മുഖ്യ ഉദ്യോഗസ്ഥൻ കമാൻഡർ ആണ്. ദൗത്യത്തിന്റെ നേതൃത്വം കമാൻഡർക്കാണ്. മുമ്പ് ബഹിരാകാശയാത്രയോ പര്യവേക്ഷണമോ നടത്തി പരിചയമുള്ളവരെയാണ് കമാൻഡറാക്കുക. പ്രത്യേക ചുമതലകളുമായി ഐ.എസ്.എസ്സിലെത്തിയവരാണ് മിഷൻ സ്പെഷ്യലിസ്റ്റുകൾ. കമാൻഡറെ സഹായിക്കുകയാണ് പൈലറ്റിന്റെ ചുമതല. മിഷൻ സ്പെഷ്യലിസ്റ്റിന് സമാനമായ ചുമതലയാണ് ഫ്ളൈറ്റ് എൻജിനീയർക്കുള്ളത്. എൻജിനീയർക്ക് പൈലറ്റായി പ്രവർത്തിക്കാൻ കഴിയണം. മാത്രമല്ല, കമാൻഡറെയും പൈലറ്റിനെയും സഹായിക്കാനും സാധിക്കണം. ഐ.എസ്.എസ്സിൽ നടത്തുന്ന ശാസ്ത്രപരീക്ഷണങ്ങളുടെ പ്രാഥമിക ഉത്തരവാദിത്വം സയൻസ് ഓഫീസർക്കാണ്. സ്പേസ് ഫ്ളൈറ്റ് പാർട്ടിസിപ്പന്റ് എന്നൊരു വിഭാഗമുണ്ട്, അവർക്ക് പ്രത്യേകിച്ച് പണിയൊന്നുമില്ല. അവർ നിലയത്തിലെത്തുന്ന വിനോദസഞ്ചാരികളാണ്. ആവശ്യത്തിലേറെ പണവും ആവശ്യത്തിന് ആരോഗ്യവുമുണ്ടെങ്കിൽ നിങ്ങൾക്കും ബഹിരാകാശ വിനോദസഞ്ചാരിയായി ഐ.എസ്.എസ്സിലെത്താം.
ഭ്രമണപഥത്തിലൂടെ അതിവേഗം സഞ്ചരിക്കുന്ന ഐ.എസ്.എസ്. ഒരുദിവസം 16 തവണ ഭൂമിയെ പരിക്രമണം ചെയ്യും. അതായത് ഒരു തവണ ഭൂമിയെ ചുറ്റാൻ ഉദ്ദേശം 93 മിനിറ്റാണെടുക്കുന്നത്. ഈ നിരന്തര പരിക്രമണംമൂലം ഐ.എസ്.എസ്സിലുള്ളവർക്ക് ഒരു ദിവസംതന്നെ പലതവണ സൂര്യോദയവും സൂര്യാസ്തമയവും കാണാനാവും. ഇത് സമയബോധത്തെ അട്ടിമറിക്കുന്ന സംഗതിയാണ്. ഇതിനു പരിഹാരമായി എല്ലാവരും വാച്ചുകൾ ഗ്രീനിച്ചുസമയത്തിൽ ക്രമീകരിച്ചുവെക്കും.
നാവിക അക്കാദമിയിലെ ജോലിക്കാലത്ത് വെട്ടിച്ചെറുതാക്കിയിരുന്ന സുനിതയുടെ തലമുടി നാസയിലെത്തിയശേഷം പഴയപടി വളർന്നിരുന്നു. ഐ.എസ്.എസ്സിലേക്കു പുറപ്പെടുമ്പോൾ നീണ്ട മുടി കുഴപ്പമുണ്ടാക്കുമെന്ന് സുനിതയ്ക്കറിയാമായിരുന്നു. മൈക്രോഗ്രാവിറ്റി അന്തരീക്ഷത്തിൽ നീണ്ടമുടിയെ നിയന്ത്രിച്ചുനിർത്തൽ എളുപ്പമല്ല. അവ മുകളിലേക്കു പറന്നുനിൽക്കും. എന്നാലും, വിക്ഷേപണത്തിനുമുമ്പ് സുനിത അതു വെട്ടിക്കളഞ്ഞില്ല. പകരം, ഐ.എസ്.എസ്സിലെത്തിയശേഷം അതു മുറിച്ച് ഭൂമിയിലേക്കയച്ചു. വിവിധ അസുഖങ്ങൾ മൂലം മുടി നഷ്ടപ്പെടുന്ന കുട്ടികൾക്കായി പ്രോസ്തെറ്റിക് ഹെയർ നിർമ്മിക്കാനായി 'ലോക്ക്സ് ഓഫ് ലവ്' എന്ന സന്നദ്ധസംഘടനയ്ക്കുള്ള സംഭാവനയായിരുന്നു അത്. ബഹിരാകാശത്തുനിന്നുള്ള ആ സംഭാവന ഒരു സന്നദ്ധപ്രവർത്തന പ്രചാരണംകൂടിയായി മാറി. 2006ലെ ക്രിസ്മസ് സുനിത ബഹിരാകാശത്ത് ആഘോഷിച്ചു. ഡിസംബർ 11ന് ഐ.എസ്.എസ്സിലെത്തിയ സുനിത ആറുമാസം അവിടെ തുടരണമെന്ന് നാസ തീരുമാനിച്ചു.
ഒപ്പമെത്തിയവരെല്ലാം പന്ത്രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഭൂമിയിലേക്കു മടങ്ങി. സുനിതയ്ക്ക് വീട്ടിലെ ക്രിസ്മസ് ആഘോഷങ്ങൾ മിസ് ചെയ്യുന്നത് ആദ്യമായല്ല. നേവിയിലെ ഡ്യൂട്ടി സമയത്ത് അത് പലവട്ടം സംഭവിച്ചിട്ടുണ്ട്. ഇക്കുറി ഭൂമിയിൽത്തന്നെ ഇല്ലാത്ത അവസ്ഥ. സുനിത നാട്ടിലെ ക്രിസ്മസ്സ് ആഘോഷങ്ങൾ ബഹിരാകാശനിലയത്തിലിരുന്ന് സങ്കൽപ്പിച്ചു. അപ്പോൾ നിലയത്തിന്റെ ജനാലയിലൂടെ ഭൂമിയുടെ നല്ലൊരു ഭാഗം കാണാമായിരുന്നു. ഐ.എസ്.എസ്സിലും ക്രിസ്മസ്സ് ആഘോഷങ്ങളുണ്ട്. രണ്ടു സഹപ്രവർത്തകരും അതിനകം ആഘോഷം തുടങ്ങി. അലങ്കാരങ്ങളും റഷ്യൻ കുക്കീസുമൊക്കെ ഭൂമിയിൽനിന്ന് എത്തിയിരുന്നു. അവരുടെ സൗഹൃദാരവങ്ങളിൽ സുനിതയും ചേർന്നു. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി സോവിയറ്റ് റൊമാന്റിക് കോമഡി ചിത്രമായ ഐറണി ഓഫ് ഫേറ്റ് പ്രദർശിപ്പിക്കുകയും ചെയ്തു. ഭൂമിയിലെ പുതുവത്സരത്തിളക്കം കാണാൻ സുനിതയും സഹപ്രവർത്തകരും ഐ.എസ്.എസ്സിൽ കാത്തിരുന്നു. നഗരങ്ങൾ എല്ലാ രാത്രികളിലും പ്രകാശത്തിൽ കുളിച്ചുകാണാം. എന്നാൽ, പുതുവത്സരരാവിൽ ഗ്രഹം മുഴുവൻ തിളങ്ങുന്നുണ്ടായിരുന്നു. നേപ്പിൾസിനു മുകളിൽ പൂത്തിരികൾ പൊട്ടിച്ചിതറുന്നതു കണ്ടാണ് അവർ 2007നെ വരവേറ്റത്.
ഏതാനും ആഴ്ചകൾ പിന്നിട്ടപ്പോൾ ബഹിരാകാശനിലയത്തിലെ ജീവിതത്തിലും സുനിത ഒരു താളം കണ്ടെത്തി. ദൈനംദിന വ്യായാമം ഐ.എസ്.എസ്സിലും അവർ മുടക്കിയില്ല. ഗുരുത്വാകർഷണം കുറവായതിനാൽ ബഹിരാകാശയാത്രികരുടെ അസ്ഥികളുടെയും പേശികളുടെയും തൂക്കം അതിവേഗം കുറയും. അതിനാൽ അവർ തുടർച്ചയായി ഭാരപരിശോധന നടത്തുകയും കാൽവണ്ണയുടെ അളവെടുക്കുകയും ചെയ്യണം. നടക്കലില്ലാത്തതിനാൽ ആദ്യം ശോഷിക്കുക കാൽവണ്ണയിലെയും കണങ്കാലിലെയും പേശികളാണ്. അതുകൊണ്ട് വ്യായാമം കൃത്യമായി ചെയ്യേണ്ടത് അത്യാവശ്യമാണ്. എല്ലാ ദിവസവും ഭാരോദ്വഹനം, ഒന്നിടവിട്ട ദിവസങ്ങളിൽ ഓട്ടം, നടത്തം സൈക്ലിങ് എന്നിവയായിരുന്നു സുനിതയുടെ വർക്കൗട്ട് പ്ലാൻ. ട്രെഡ്മില്ലും സൈക്കിളും മറ്റു സൗകര്യങ്ങളുമെല്ലാം ഐ.എസ്.എസ്സിലുണ്ട്. ഓടുമ്പോഴും മറ്റും നിലയം മൊത്തത്തിൽ കുലുങ്ങാതിരിക്കാൻ പാകത്തിലാണ് ഈ മെഷീനുകൾ സജ്ജീകരിച്ചിരിക്കുന്നത്. ട്രെഡ്മില്ലിനെ ടി.വി.ഐ.എസ്. അഥവാ ട്രെഡ്മിൽ വൈബ്രേഷൻ ഐസൊലേഷൻ സിസ്റ്റം എന്നാണു വിളിക്കുന്നത്. സൈക്കിൾ, സി.ഇ.വി.എസ്. അല്ലെങ്കിൽ സൈക്കിൾ എർഗോമീറ്റർ വൈബ്രേഷൻ ഐസൊലേഷൻ സിസ്റ്റം എന്നറിയപ്പെടുന്നു. വെയ്റ്റ്ലിഫ്റ്റിങ് ഉപകരണത്തിന്റെ പേര് റെഡ് (റെസിസ്റ്റീവ് എക്സർസൈസ് ഡിവൈസ്) എന്നാണ്.
പതിനാലാമത് പര്യവേക്ഷണസമയത്ത് അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ ഉണ്ടായിരുന്നത് റഷ്യൻ മൊഡ്യൂളായ സാര്യ (സൂര്യോദയം എന്നാണതിനർത്ഥം), യു.എസ് മൊഡ്യൂളായ ഡെസ്റ്റിനി, ഇവ രണ്ടിനെയും ബന്ധിപ്പിക്കുന്ന യൂണിറ്റി, ക്വസ്റ്റ് എന്നു പേരുള്ള എയർലോക്ക്, പിയേഴ്സ് എന്ന ഡോക്കിങ് ഏര്യ, സ്വെസ്ദ (നക്ഷത്രം എന്നർത്ഥം) എന്നു പേരുള്ള ലിവിങ് സ്പേസ് എന്നിവയാണ്. പിന്നീട് കൂടുതൽ കൂട്ടിച്ചേർക്കലുകളോടെ ഐ.എസ്.എസ്. വലുതായി. ബഹിരാകാശഗവേഷകർ പകൽസമയങ്ങളിൽ തങ്ങളുടെ മൊഡ്യൂളുകളിൽ ജോലി ചെയ്യുമെങ്കിലും ഭക്ഷണം കഴിക്കാനും വിശ്രമിക്കാനുമായി സ്വെസ്ദയിൽ ഒത്തുകൂടും. ഐ.എസ്.എസ്സിൽ വിനോദങ്ങൾക്കുള്ള അവസരം പരിമിതമാണ്. എങ്കിലും, നാസ സ്ട്രീം ചെയ്യുന്ന ഫുട്ബോൾ ഉൾപ്പെടെയുള്ള ഗെയിമുകളും മറ്റു വിനോദപരിപാടികളും ഒരു ആശ്വാസമാണ്. വാരാന്ത്യങ്ങളാണ് ഇത്തരം വിനോദങ്ങൾക്കായി മാറ്റിവെക്കുന്നത്.
ഓരോ ദിവസവും ചെയ്യേണ്ട ജോലികൾ രാവിലെതന്നെ നിശ്ചയിക്കപ്പെടും. പ്രഭാതഭക്ഷണശേഷം സുനിത ജോലികളാരംഭിക്കും. നിലയത്തിലെ നിർമ്മാണപ്രവർത്തനങ്ങൾ, മിനുക്കുപണികൾ, നിരവധി ശാസ്ത്രീയപരീക്ഷണങ്ങൾ എന്നിവയാണ് പ്രധാന പ്രവർത്തനങ്ങൾ. ഇവയ്ക്കു പുറമേ മറ്റ് അറ്റകുറ്റപ്പണികൾ, ക്ലീനിങ് എന്നിവയും ചെയ്യണം. ഇലക്ട്രീഷ്യനും പ്ലംബറും ക്ലീനറുമൊന്നും ഐ.എസ്.എസ്സിലില്ല. എല്ലാ ജോലിയും യാത്രികർതന്നെ ചെയ്യണം. ചിലപ്പോൾ ടോയ്ലറ്റ് തകരാറിലാവും. അപ്പോൾ അതു നന്നാക്കണം. ട്രെഡ്മില്ലോ സൈക്കിളോ കേടായാലും മറ്റാരുമില്ല നന്നാക്കാൻ.
ഐ.എസ്.എസ്സിൽ അടുക്കളയില്ല. ഗവേഷകർ ഭക്ഷണം പാകംചെയ്യുന്നുമില്ല. കഴിക്കാനുള്ളതെല്ലാം പ്രിസർവ് ചെയ്ത് ഭൂമിയിൽനിന്ന് എത്തിക്കുകയാണ് ചെയ്യുന്നത്. ഇതിനായി ഏതാനും മാസങ്ങൾ കൂടുമ്പോൾ, പ്രോഗ്രസ് എന്നു പേരുള്ള ഒരു വാഹനം ഐ.എസ്.എസ്സിലേക്കെത്തും. ഭക്ഷണം മാത്രമല്ല, തുണികളും മറ്റവശ്യവസ്തുക്കളും ചില ഉപകരണങ്ങളും ക്രിസ്മസ്സ് പോലുള്ളവ ആഘോഷിക്കാനുള്ള അലങ്കാരങ്ങളുമെല്ലാം പ്രോഗ്രസ്സിലേറി ഐ.എസ്.എസ്സിലെത്തുന്നു. അത്താഴമാണ് നിലയത്തിലെ പ്രധാന ഭക്ഷണസമയം. സുനിതയുടെ പാത്രങ്ങളിൽ പാലക് പനീറും പഞ്ചാബി ചോലെ മസാലയും ഹൽവയും എരിവുള്ള മറ്റു ചില ഇന്ത്യൻ ഭക്ഷണങ്ങളുമൊക്കെ കാണും. വെള്ളമാണ് ബഹിരാകാശനിലയത്തിലെ വിലപിടിച്ച വസ്തുക്കളിലൊന്ന്. ഐ.എസ്.എസ്സിൽ ഉപയോഗിക്കുന്ന എൺപതു ശതമാനം വെള്ളവും ഇപ്പോൾ റീസൈക്കിൾ ചെയ്തു വരുന്നതാണ്. യാത്രികരുടെ വിയർപ്പും മൂത്രവും നിശ്വാസവായുവിലെ ജലാംശവുമൊക്കെ ഇങ്ങനെ റീസൈക്കിൾ ചെയ്ത് വെള്ളമാക്കിമാറ്റാനുള്ള സംവിധാനം ഇപ്പോഴുണ്ട്. വളരെ പിശുക്കിയാണ് അതിനുള്ളിൽ ജലം ഉപയോഗിക്കുക. ഭൂമിയിൽനിന്നുവരുന്ന ലോഡുകളിൽ വളരെക്കുറച്ചു വെള്ളമേ കൊണ്ടുവരാനാവൂ.
സഞ്ചാരികൾ വലിയ ലഗേജുമായല്ല ബഹിരാകാശത്തേക്കു പോകുന്നത്. വളരെക്കുറച്ചു വസ്ത്രങ്ങളേ അവരുടെ ബാഗിലുണ്ടാവൂ. അവിടെ വസ്ത്രങ്ങൾ വേഗം വൃത്തികേടാകാത്തതിനാൽ വലിയ പ്രശ്നമില്ല. അവ കഴുകി ഉപയോഗിക്കാനാവില്ല. അടുക്കളപോലെതന്നെ, അലക്കലും ഐ.എസ്.എസ്സിലില്ല. പ്രോഗ്രസ്സിൽ പുതിയ ലോഡ് വരുമ്പോൾ യാത്രികർ പഴയ തുണികൾ ഉപേക്ഷിക്കുന്നു. ഈ പഴന്തുണികളും ഭക്ഷണക്കവറുകളും ടോയ്ലറ്റ് മാലിന്യമടങ്ങിയ ടാങ്കുമൊക്കെ, ലോഡുമായെത്തിയ പ്രോഗ്രസ്സിൽ കുത്തിനിറച്ചശേഷം അതിനെ അൺഡോക്ക് ചെയ്യും. അതോടെ ഭ്രമണപഥത്തിൽനിന്നു തെറിച്ചുപോകുന്ന പ്രോഗ്രസ് ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുന്നതോടെ കത്തിനശിക്കപ്പെടും.
ബഹിരാകാശനടത്തം
ബഹിരാകാശനിലയത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ നടത്താനായി യാത്രികർക്ക് പലപ്പോഴും അതിനു പുറത്തിറങ്ങേണ്ടിവരും. ചില അറ്റകുറ്റപ്പണികൾക്കും പരീക്ഷണങ്ങൾക്കും ഇങ്ങനെ പുറത്തുപോകണം. സുരക്ഷാസംവിധാനങ്ങളോടെ നിലയത്തിനു പുറത്ത് പണിയെടുക്കുന്നതിനെയാണ് നമ്മൾ ബഹിരാകാശനടത്തം എന്നു വിളിക്കുന്നത്. സാങ്കേതികമായി ആ ജോലിയുടെ പേര് 'എക്സ്ട്രാ വെഹിക്കുലാർ ആക്ടിവിറ്റി' അഥവാ ഇ.വി.എ. എന്നാണ്. ഇതിനായി സ്പേസ് സ്യൂട്ടുകൾ ധരിക്കുകയും അവശ്യം വേണ്ട എല്ലാ ഉപകരണങ്ങളും നഷ്ടപ്പെടാത്തവിധം സജ്ജീകരിക്കുകയും വേണം.
ബഹിരാകാശനടത്തത്തിനുള്ള തയ്യാറെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം 'പ്രീ-ബ്രീത്ത്' എന്നാണ് അറിയപ്പെടുന്നത്. ഈ പ്രക്രിയയിലൂടെ ശരീരത്തിലെ നൈട്രജൻ മുഴുവൻ നീക്കം ചെയ്യപ്പെടും. ഉയർന്ന സാന്ദ്രതയിൽ ഓക്സിജൻ ശ്വസിച്ചുകൊണ്ടാണ് ഇതു ചെയ്യുന്നത്. ബഹിരാകാശയാത്രികർ ഐ.എസ്.എസ്സിന്റെ അന്തരീക്ഷത്തിൽനിന്നു പുറത്തുകടക്കുമ്പോൾ ശരീരത്തിൽ വാതകക്കുമിളകൾ രൂപപ്പെടാതിരിക്കാനാണ് ഇതു ചെയ്യുന്നത്. ഇങ്ങനെ വാതകക്കുമിളകൾ രൂപപ്പെട്ടാൽ കൈത്തണ്ട, കാൽമുട്ട്, കൈമുട്ട്, ചുമൽ തുടങ്ങിയ സന്ധികളിലെല്ലാം കഠിനമായ വേദനയുണ്ടാകും. 'ബെൻഡ്' എന്നാണ് ഇതിനെ വിശേഷിപ്പിക്കാറുള്ളത്. ആഴക്കടലിൽ മുങ്ങുന്നവർ ജലോപരിതലത്തിലെത്തുമ്പോൾ ഇങ്ങനെ സംഭവിക്കാറുണ്ട്. ബഹിരാകാശയാത്രികർ നിലയത്തിൽനിന്നു പുറത്തിറങ്ങുന്നതിന് മണിക്കൂറുകൾ മുമ്പുതന്നെ സ്പേസ് സ്യൂട്ടുകളണിയും. അതിൽ ഓക്സിജൻ നിറഞ്ഞിരിക്കും. മണിക്കൂറുകളോളം ശുദ്ധമായ ഓക്സിജൻ ശ്വസിക്കുമ്പോൾ ശരീരത്തിൽനിന്നും നൈട്രജൻ പുറന്തള്ളപ്പെടും.
പുറത്തിറങ്ങുന്ന യാത്രികരെ സ്പേസ് സ്റ്റേഷനുമായി ബന്ധിച്ചിരിക്കും. മാത്രമല്ല, അവർ സേഫർ (SAFER) എന്നു പേരുള്ള ഒരു പ്രൊപ്പൽസീവ് ബാക്ക്പാക്ക് സിസ്റ്റം ധരിക്കുകയും ചെയ്യും. സിംപ്ലിഫൈഡ് എയ്ഡ് ഫോർ ഇ.വി.എ റെസ്‌ക്യൂ എന്നതാണ് സേഫറിന്റെ പൂർണ്ണരൂപം. ബഹിരാകാശയാത്രികർ ബാഗ്പോലെ പിന്നിൽ തൂക്കിയിരിക്കുന്നത് അതാണ്. എന്തെങ്കിലും കാരണവശാൽ യാത്രികരെ സ്റ്റേഷനുമായി ബന്ധിച്ച ചരട് അയഞ്ഞുപോവുകയോ അവർ തെന്നിമാറിപ്പോവുകയോ ചെയ്താൽ സ്റ്റേഷനിലേക്കു മടങ്ങാനുള്ള ഉപകരണമാണിത്. ഒരു ജോയ്സ്റ്റിക് ഉപയോഗിച്ച് ഇതിനെ നിയന്ത്രിച്ചാണ് സുരക്ഷ ഉറപ്പാക്കുന്നത്. കേൾക്കാൻ രസമാണെങ്കിലും ബഹിരാകാശനടത്തം മടുപ്പിക്കുന്നതും തളർത്തുന്നതുമാണ്. ഇടവേളകളില്ലാതെ മണിക്കൂറുകൾ പണിയെടുക്കേണ്ടിവരുമ്പോൾ, മൂത്രമൊഴിക്കാൻ പോലുമാവില്ല. അതിനാൽ ഡയപ്പർ ധരിച്ചാണ് ഇവർ ഇ.വി.എക്കുപുറപ്പെടുന്നത്.
ആദ്യത്തെ ബഹിരാകാശനടത്തത്തിനുള്ള ദിവസം സുനിത വില്യംസ് അതിരാവിലെ എഴുന്നേറ്റ് തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. ഭൂമിയിൽവെച്ച്, റോക്കറ്റിലേറി ബഹിരാകാശത്തേക്ക് എത്തുന്നതായിരുന്നു വലിയ സാഹസമെങ്കിൽ, ഇപ്പോൾ അതിനേക്കാൾ വലിയ സാഹസത്തിനാണു പുറപ്പെടുന്നത്. ക്വസ്റ്റ് എന്നു പേരുള്ള എയർലോക്ക് വാതിലിലൂടെ സുനിത സ്പേസ് സ്റ്റേഷനു പുറത്തിറങ്ങി. അനിർവ്വചനീയമായ ഒരു അനുഭവവും കാഴ്ചയുമായിരുന്നു അതെന്ന് പിന്നീടവർ കുറിച്ചു. അമേരിക്കയിലെ പാറ്റഗോണിയ വ്യക്തമായി കണ്ടെന്നും ഈ പ്രപഞ്ചത്തിലെ ഏറ്റവും മനോഹരമായ ഗോളം ഭൂമിയാണെന്നും സുനിത എഴുതി.
സുനിതയുടെ ആദ്യ ബഹിരാകാശനടത്തം കമാൻഡർ എൽ.എയ്ക്കൊപ്പമായിരുന്നു. 2007 ജനുവരി 31ന് അത് 7 മണിക്കൂർ 55 മിനിറ്റ് നീണ്ടു. രണ്ടാമത്തെ ഇ.വി.എ. ഫെബ്രുവരി നാലിനായിരുന്നു. അത് 7 മണിക്കൂർ 11 മിനിറ്റ് നേരമായിരുന്നു. 6 മണിക്കൂർ 40 മിനിറ്റ് നീണ്ട മൂന്നാമത്തെ ഇ.വി.എ. ഫെബ്രുവരി എട്ടിനായിരുന്നു. ഇവ രണ്ടിലും എൽ.എ. തന്നെയായിരുന്നു കൂടെയുണ്ടായിരുന്നത്. ഏഴുമാസവും മൂന്നു ദിവസവും നീണ്ട പതിനാലാമതു പര്യവേക്ഷണം 2007 ഏപ്രിൽ 21ന് അവസാനിച്ചു. പക്ഷേ, സുനിത മടങ്ങിയില്ല. അവർ പതിനഞ്ചാം പര്യവേക്ഷണത്തിലേക്കു കടന്നു.
സ്പേസ് മാരത്തൺ
ബഹിരാകാശത്ത് ഒരു മാരത്തൺ ഓട്ടം പൂർത്തിയാക്കുന്ന ഏക വ്യക്തി എന്ന, ഇതുവരെയും തകർക്കാത്ത റെക്കോഡ് സൃഷ്ടിക്കാൻ ആദ്യ ദൗത്യകാലത്തുതന്നെ സുനിതയ്ക്കായി. 2007 ഏപ്രിൽ 16നായിരുന്നു വിശ്വപ്രസിദ്ധമായ ആ ഓട്ടം. ആ വർഷത്തെ ബോസ്റ്റൺ മാരത്തണിൽ സുനിതയുടെ പേര് രജിസ്റ്റർ ചെയ്തിരുന്നു. 4 മണിക്കൂറും 24 മിനിറ്റും ട്രെഡ്മില്ലിൽ തുടർച്ചയായി ഓടിക്കൊണ്ടാണ് സുനിത മാരത്തൺ പൂർത്തിയാക്കിയത്. സഹപ്രവർത്തകർ സുനിതയ്ക്ക് പ്രോത്സാഹനമേകി. ആ സമയത്ത് സുനിതയുടെ സഹോദരി ദിന പാണ്ഡ്യയും ബഹിരാകാശയാത്രികൻ എൽനൈബെർഗും ബോസ്റ്റണിലെ മാരത്തണിൽ നേരിട്ടു പങ്കെടുക്കുന്നുണ്ടായിരുന്നു. മിഷൻ കൺട്രോൾ സെന്റർ സുനിതയ്ക്ക് അപ്പപ്പോൾ അപ്ഡേറ്റുകൾ നൽകുന്നുണ്ടായിരുന്നു. തൊട്ടടുത്ത വർഷത്തെ ബോസ്റ്റൺ മാരത്തണിൽ സുനിത നേരിട്ട് പങ്കെടുക്കുകയും ചെയ്തു.
പതിനഞ്ചാം പര്യവേക്ഷണം
പുതിയ റഷ്യൻ ബഹിരാകാശസംഘത്തിന്റെ വരവ് പതിനഞ്ചാമതു പര്യവേക്ഷണത്തിന്റെ തുടക്കം വിളിച്ചോതി. ഫയോദർ യുർചിഖിനും ഒലെഗ് കോട്ടോവും 2007 ഏപ്രിൽ 9ന് കസാഖ്സ്താനിലെ ബൈകനൂറിൽനിന്ന് സോയൂസ് ഷട്ടിലിൽ എത്തി. അവർക്കൊപ്പം ചാൾസ് സിമോണി എന്ന ബഹിരാകാശ വിനോദസഞ്ചാരിയുമുണ്ടായിരുന്നു. അമേരിക്കൻ-ഹംഗേറിയൻ സോഫ്റ്റ്വെയർ ആർക്കിടെക്ടായ അദ്ദേഹം ഒരു ശതകോടീശ്വരനാണ്. മിഷയും എൽ.എയും ഏപ്രിൽ 21ന് ഭൂമിയിലേക്കു മടങ്ങി. അവർക്കൊപ്പം സോയുസിൽ മടങ്ങാൻ ചാൾസ് സിമോണിയുമുണ്ടായിരുന്നു.
സുനിത ഏപ്രിലിൽ എത്തുന്ന എസ്.എസ്. അറ്റ്ലാന്റിസിൽ മടങ്ങാനാണ് നേരത്തേ പദ്ധതിയിട്ടിരുന്നത്. ഷട്ടിൽ വൈകിയതിനാൽ ജൂൺവരെ സ്പേസ് സ്റ്റേഷനിൽ തങ്ങുകയും പതിനഞ്ചാമത് പര്യവേക്ഷണത്തിന്റെ ഭാഗമാവുകയുമായിരുന്നു. 2007 ജൂൺ പത്തിന് അറ്റ്ലാന്റിസ് പേടകം ഐ.എസ്.എസ്സിൽ ഡോക്ക് ചെയ്തു. ആസ്ട്രോനോട്ട് ക്ലെയ്ട്ടൺ ആൻഡേഴ്സൺ അതിൽ നിലയത്തിലെത്തി. സുനിതയ്ക്കു പകരം അദ്ദേഹം പതിനഞ്ചാം പര്യവേക്ഷണത്തിൽ പങ്കാളിയായി. ജൂൺ 21ന് സുനിത ഐ.എസ്.എസ്സിനോട് വിടപറഞ്ഞു. വിടവാങ്ങൽ പ്രസംഗത്തിൽ സുനിതയ്ക്ക് കണ്ണീരടക്കാൻ കഴിഞ്ഞില്ല. ഐ.എസ്.എസ്. എക്കാലത്തും തന്റെ ജീവിതത്തിന്റെ ഭാഗമായിരിക്കുമെന്ന് അവർ പറഞ്ഞു. ഭൂമിയിലെ മോശം കാലാവസ്ഥ കാരണം സുനിതയുടെ തിരിച്ചുവരവ് നേരത്തേ നിശ്ചയിച്ചതിൽനിന്ന് 24 മണിക്കൂർ വൈകി. അതുകൊണ്ടുതന്നെ ഒരു സ്ത്രീയുടെ ഏറ്റവും ദൈർഘ്യമേറിയ ബഹിരാകാശയാത്ര എന്ന റെക്കോഡും അവർ തീർത്തു. ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ ഇറങ്ങേണ്ട ഷട്ടിൽ മൂന്നു ശ്രമങ്ങൾ പരാജയപ്പെട്ടതോടെ കാലിഫോർണിയയിലെ എഡ്വേർഡ്സ് എയർഫോഴ്സ് ബേസിലേക്ക് ലാൻഡിങ് മാറ്റി. ജൂൺ 22ന് വൈകുന്നേരം 3.49ന് ഭൂമിയിൽ കാൽ തൊടുമ്പോൾ സുനിത വില്യംസ് 195 ദിവസം ബഹിരാകാശത്തു ചെലവഴിച്ചുകഴിഞ്ഞിരുന്നു.
Content Highlights: Details Sunita Williams' first journey and docking with the International Space Station (ISS).