മിനി പി.സിയുടെ 'വേര്' മലയാളഭാവനയുടെ ശ്രദ്ധേയമായ പരിശ്രമങ്ങളിലൊന്ന്-സുനില്‍ പി. ഇളയിടം

#സുനില്‍ പി ഇളയിടം
പുസ്തകത്തിൻെറ കവര്‍, സുനിൽ പി ഇളയിടം
പുസ്തകത്തിൻെറ കവര്‍, സുനിൽ പി ഇളയിടം

വേരുകളിലേക്കും ആകാശങ്ങളിലേക്കുമുള്ള മനുഷ്യഭാവനയുടെ സഞ്ചാരപഥമാണ് നോവല്‍. ചരിത്രത്തിന്റെ അഗാധതയിലേക്കും ജീവിതബന്ധങ്ങളുടെ ആകാശവിസ്തൃതിയിലേക്കും ഒരുപോലെ പടര്‍ന്നുകയറാന്‍ നോവലിനു കഴിഞ്ഞിടത്തോളം മറ്റേതെങ്കിലും ഒരു ജനുസ്സിന് കഴിഞ്ഞിട്ടുണ്ടെന്നു തോന്നുന്നില്ല. മദ്ധ്യകാല മതാത്മകതയുടെ കെട്ടഴിയുകയും മനുഷ്യവംശം പലപ്രകാരങ്ങളും പല അടരുകളും ഉള്ള ഒന്നായി പടരുകയും ചെയ്തതോടെ നോവല്‍ അതിന്റെ സ്വജീവിതം കണ്ടെടുത്തതും അതുകൊണ്ടാവണം. മനുഷ്യജീവിതത്തിന്റെ വിശാലദേശങ്ങളെയും മനുഷ്യവംശത്തിന്റെ സുദീര്‍ഘകാലത്തെയും അകമേ ഉള്‍ക്കൊണ്ടിരിക്കുന്ന ജനുസ്സാണ് നോവല്‍. മറ്റേതെങ്കിലുമൊരു ആഖ്യാനരൂപത്തിന് ഇത്രയും തുറസ്സുണ്ടോ എന്നു സംശയമാണ്. എവിടേക്കും തുറക്കാവുന്ന ഒരു മഹാവിസ്തൃതിയെ അത് ബീജരൂപത്തില്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. എഴുതപ്പെട്ട എല്ലാ നോവലുകളും ഇങ്ങനെയാണെന്നല്ല; ഇങ്ങനെയാവണം എന്നുമല്ല. മികവുറ്റ പല നോവലുകളും ഈ വിസ്തൃതഭൂപടത്തെയും അതിലെ ജനസഞ്ചാരങ്ങളെയും ബോധപൂര്‍വ്വംതന്നെ ഒഴിച്ചുനിര്‍ത്തിയിട്ടുണ്ട്. മനസ്സിന്റെ ഏകാന്തസഞ്ചാരങ്ങളിലേക്കോ, നാലു ചുവരുകള്‍ക്കുള്ളിലെ ജീവിതബന്ധങ്ങളിലേക്കോ ഒതുങ്ങിനില്‍ക്കുന്ന മഹിമയുറ്റ രചനകള്‍ നോവലിന്റെ ചരിത്രത്തില്‍ എത്രയെങ്കിലും കാണാനാവുമല്ലോ. അപ്പോഴും അവ ഈ തുറസ്സിന്റെ സാദ്ധ്യതയെ നിലനിര്‍ത്തുന്നു എന്നതാണ് പ്രധാനം. നാടകവും ആഖ്യാനകാവ്യങ്ങളും ചെറുകഥയും ഉള്‍പ്പെടെയുള്ള മറ്റൊരു ജനുസ്സിനും കഴിയാത്തവിധത്തില്‍ കാലത്തിലൂടെ പിന്നോട്ടു നീങ്ങാനും സ്ഥലത്തില്‍ പടരാനും നോവലിനു കഴിയും. കാലത്തിനും സ്ഥലത്തിനും കുറുകെ മനുഷ്യവംശം നടത്തിയ ഭാവനാസഞ്ചാരത്തിന് നോവലിനോളം തുണനിന്ന മറ്റൊരു രൂപവുമില്ല. ദൈവനഷ്ടം വന്ന ലോകത്തിന്റെ ഇതിഹാസമായി നോവലിനെ വിശേഷിപ്പിക്കുമ്പോള്‍ ലൂക്കാച്ചിനെപ്പോലൊരു സൈദ്ധാന്തികന്‍ ഉദ്ദേശിച്ച കാര്യവും മറ്റൊന്നല്ല.

എന്തുകൊണ്ടാവും നോവലിന്റെ ആഖ്യാനകല ഇങ്ങനെ കാലത്തിലൂടെയും സ്ഥലത്തിലൂടെയും പടരുന്നത്? നിശ്ചയമായും അതിന്റെ വേരുകള്‍ ചരിത്രത്തിലാണ്. മനുഷ്യവംശത്തിന്റെ സാമൂഹികചരിത്രത്തിലും അതിന്റെ പരിണാമവേഗങ്ങളിലുമാണ് നോവലിന്റെ ആഖ്യാനവിസ്തൃതി വേരോടിപ്പടര്‍ന്നിരിക്കുന്നത്. നോവലിന്റെ ഈ ചരിത്രാത്മകത കുടികൊള്ളുന്നത് ചരിത്രവിജ്ഞാനം എന്ന നിലയില്‍ സമാഹരിക്കപ്പെട്ട ഭൂതകാലവസ്തുതകളിലല്ല. മറിച്ച് ചരിത്രത്തിന്റെ ബഹുത്വത്തിലും അതിന്റെ ഇടര്‍ച്ചകളിലുമാണ്. ചരിത്രവിജ്ഞാനം ഭൂതകാലത്തെ അമൂര്‍ത്തമായും, കാലക്രമത്തിലുള്ള സംഭവങ്ങളുടെ അവതരണമായും വിന്യസിക്കുന്നു. നോവലിന്റെ ചരിത്രാത്മകതയുടെ പ്രകൃതം അതല്ല. അവിടെ ചരിത്രത്തിന് അനുഭവമൂല്യമുണ്ട്. മാനുഷികമായ അനുഭവലോകത്തിന്റെ ചൂടും ചൂരും നിറഞ്ഞതായി ചരിത്രപ്രക്രിയകള്‍ നമുക്കു ചുറ്റും അണിനിരക്കുന്ന ആഖ്യാനസ്ഥലമാണ് നോവലിന്റേത്. അതുകൊണ്ടുതന്നെ സയുക്തികമായ തുടര്‍ച്ചകളും ക്രമങ്ങളും മാത്രമല്ല അയുക്തികമായ ഇടര്‍ച്ചകളും ക്രമഭംഗങ്ങളും നോവലിന്റെ ചരിത്രാത്മകതയില്‍ ഇടംപിടിക്കുന്നു. ചരിത്രവിജ്ഞാനത്തില്‍ തെളിഞ്ഞുകാണുന്നതിന് അനുഭവമൂല്യം പകരുക മാത്രമല്ല, അതില്‍ തെളിയാതിരിക്കുന്നതിലേക്ക് വെളിച്ചം പടര്‍ത്തുന്നതും നോവല്‍ നിറവേറ്റുന്ന ചരിത്രദൗത്യമാണ്. 1818-1848 കാലയളവിലെ ഫ്രാന്‍സിന്റെ ചരിത്രം അക്കാലത്തെക്കുറിച്ചുള്ള ഏതു ചരിത്രപുസ്തകത്തില്‍നിന്നും ലഭിക്കുന്നതിനെക്കാള്‍ സമഗ്രമായി ബല്‍സാക്കിന്റെ നോവലുകളില്‍നിന്നും ലഭിക്കുമെന്ന് മാര്‍ക്സ് നിരീക്ഷിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.

നോവലിന്റെ ചരിത്രാത്മകതയുടെ മറ്റൊരു വിതാനം അതിലെ ജീവിതപ്പടര്‍ച്ചയാണ്. ആധുനികമോ ആധുനികപൂര്‍വ്വമോ ആയ മറ്റേതെങ്കിലുമൊരു ആഖ്യാനത്തിന് ഇതേ അളവില്‍ എണ്ണമറ്റ മനുഷ്യരിലേക്കും അവരുടെ ജീവിതബന്ധങ്ങളുടെ കുഴമറിച്ചിലുകളിലേക്കും സഞ്ചരിക്കാന്‍ കഴിഞ്ഞിട്ടില്ല. തമ്മില്‍ ഇടകലര്‍ന്നും അങ്ങനെയല്ലാതെയും കഴിയുന്ന എണ്ണമറ്റ മനുഷ്യരെ കാലത്തിന്റെയും സ്ഥലത്തിന്റെയും പടവുകളില്‍ വിന്യസിക്കാന്‍ നോവലിനു കഴിയും. ചെറുകഥയോ നാടകമോ പോലെ, ആധുനികലോകത്ത് പ്രാബല്യം കൈവരിച്ച മറ്റൊരു ആഖ്യാനരൂപത്തിനും ഈ ശേഷിയില്ല. ഈ വിന്യാസത്തിന്റെ ഫലമായി എത്രയെങ്കിലും വലുതാവാന്‍ നോവല്‍ കെല്‍പ്പു നേടുകയും ചെയ്തിട്ടുണ്ട്. ഒരാളുടെ ആന്തരികജീവിതത്തിന്റെ കഥപറയുന്ന മട്ടില്‍ നൂറുപേജിലേക്ക് ചുരുങ്ങിനില്‍ക്കാന്‍ കഴിയുന്നതുപോലെ, മനുഷ്യവംശവിസ്തൃതിയുടെ കഥനമെന്നപോലെ അനവധി വാല്യങ്ങളായി പടരാനും നോവലിനു കഴിവുണ്ട്. വേരുകളിലേക്കും ആകാശങ്ങളിലേക്കും ഒരുപോലെ സഞ്ചരിക്കുന്ന ഭാവനയുടെ ഗോപുരമാണത്. ആധുനികലോകത്തിലെ ബഹുസഹസ്രം മനുഷ്യര്‍ അവിടെ വന്നു മടങ്ങി. ഇനിയുമെത്രയോ കാലം എത്രയോ മനുഷ്യര്‍ അവിടെ വന്നു മടങ്ങാനിരിക്കുന്നു!

നോവലിന്റെ മേല്‍പ്പറഞ്ഞ തരത്തിലുള്ള സുപരീക്ഷിതവും ശില്പദാര്‍ഢ്യം നിറഞ്ഞതുമായി ക്ലാസിക്കല്‍ മാതൃകയെ പിന്‍പറ്റിക്കൊണ്ടാണ് മിനി പി.സി. വേര് എന്ന തന്റെ രചനയെ വികസിപ്പിക്കുന്നത്. സമീപകാലത്ത് മലയാളത്തില്‍ രചിക്കപ്പെട്ട, താരതമ്യേന വലിയ നോവലുകളിലൊന്നാണിത്. ആ വലിപ്പം വൃഥാസ്ഥൂലതയായി പരിണമിക്കുന്നില്ല എന്നതാണ് ഈ രചനയെ സാന്ദ്രവും അര്‍ത്ഥപൂര്‍ണ്ണവുമായ ഒരു വായനാനുഭവമാക്കുന്നത്. വേരുകള്‍ എന്ന പേരില്‍ മലയാറ്റൂര്‍ രാമകൃഷ്ണന്റെ ഒരു നോവല്‍ നമ്മുടെ സാഹിത്യചരിത്രത്തില്‍ മങ്ങിക്കിടപ്പുണ്ട്. രചനയുടെ വലിപ്പം കൊണ്ട് മിനിയുടെ നോവലിന്റെ മറുപുറത്തെന്നു പറയാവുന്ന ചെറിയ രചനകളിലൊന്നാണത്. പ്രമേയപരമായി വേരുകളിലേക്കുള്ള യാത്രതന്നെ അവിടെയും പ്രബലമായിരിക്കുന്നു. 
നോവലിലേക്കുള്ള സഞ്ചാരങ്ങള്‍ വേരുകളിലേക്കുള്ള സഞ്ചാരങ്ങളാവുന്നത് എന്തുകൊണ്ടാവും? നോവലിന്റെ ആഖ്യാനകലയെക്കുറിച്ച് ഈ ആലോചനയുടെ തുടക്കത്തില്‍ സൂചിപ്പിച്ച കാര്യങ്ങളിലാണ് അതിന്റെ കാരണം തിരയേണ്ടതെന്നു തോന്നുന്നു. വിശാലലോകങ്ങളെയും വിദൂരകാലങ്ങളെയും ഒരു ആഖ്യാനസ്ഥലത്ത് വിന്യസിക്കാനും, അതുവഴി മനുഷ്യാവസ്ഥയുടെ പുതിയ പ്രകാരങ്ങളെ ഭാവനചെയ്യാനും നോവല്‍ തരുന്ന സാദ്ധ്യത മറ്റൊന്നും തരുന്നില്ല. ഇത്തരമൊരു സാദ്ധ്യതയെ തേടിനടക്കാന്‍ പ്രേരിതരാകുന്ന വിധത്തില്‍, അഥവാ സ്വന്തം വേരുകളെ ആരാഞ്ഞറിയാന്‍ നിര്‍ബ്ബന്ധിതരായ വിധത്തില്‍ മനുഷ്യജീവിതം പുതിയതരം തുറസ്സുകളിലേക്കും അതുണ്ടാക്കുന്ന സ്വത്വപരമായ പ്രതിസന്ധികളിലേക്കും എടുത്തെറിയപ്പെടുന്ന കാലത്താണ് ആധുനിക മനുഷ്യജീവിതം അരങ്ങേറിയത് എന്നതും ഇതിനൊരു കാരണമായിട്ടുണ്ട്. ആധുനികപൂര്‍വ്വലോകത്ത് മനുഷ്യര്‍ ഇത്തിരിവട്ടങ്ങളില്‍, ചിരപരിചിതമായ അനുഭവസീമയുടെ ഇടുക്കങ്ങളിലാണ്, മിക്കവാറും പുലര്‍ന്നുപോന്നത്. ആധുനികത അതില്‍ വലിയ മാറ്റങ്ങള്‍ ഉളവാക്കി. ഗതാഗതത്തിന്റെയും വാര്‍ത്താവിനിമയത്തിന്റെയും മേഖലയിലുണ്ടായ വലിയ വിസ്ഫോടനങ്ങള്‍, ആഗോളവ്യാപകമായ സഞ്ചാരങ്ങള്‍, പ്രവാസം, കുടിയേറ്റം തുടങ്ങിയ എണ്ണമറ്റ പുതിയ ഭൗതികപരിവര്‍ത്തനങ്ങളുടെ നടുവില്‍ സ്വത്വസംഘര്‍ഷങ്ങളിലും സ്വത്വനാശങ്ങളിലും പെട്ടുപോയ പുതിയ ഒരു മനുഷ്യരാശിക്കാണ് ആധുനികലോകം ജന്മം നല്‍കിയത്. അത്തരമൊരു കാലത്തിന്റെയും ചരിത്രത്തിന്റെയും ഹതാശമായ ആത്മാന്വേഷണങ്ങളാണ് ആധുനികകാലത്തിന്റെ ഭാവനാബന്ധത്തെ നിര്‍ണ്ണയിച്ച പ്രധാന ഘടകം. വേരുകള്‍ തേടിയുള്ള അവസാനിക്കാത്ത യാത്രകള്‍ പുതിയ ലോകത്തിന്റെ അനുഭൂതിഘടനയുടെ ആധാരശ്രുതിയായിത്തീര്‍ന്നത് അങ്ങനെയാവണം. 

ചരിത്രപരവും അനുഭൂതിപരവുമായ ഈ സവിശേഷതകളെ ആഴത്തില്‍ അഭിസംബോധന ചെയ്തുകൊണ്ടും, ആഖ്യാനത്തില്‍ അവയെ സാന്ദ്രമായി സന്നിവേശിപ്പിച്ചുകൊണ്ടുമാണ് മിനി തന്റെ നോവല്‍ വികസിപ്പിക്കുന്നത്. ഒരുഭാഗത്ത് അത് കാരോത്തുപറമ്പെന്ന ചെറിയ പ്രദേശത്തിന്റെ ഇത്തിരിവട്ടം പോന്ന നാലതിരുകളില്‍നിന്ന് ചുറ്റിലേക്കും പടരുന്നു; നൂറ്റാണ്ടുകള്‍ക്കപ്പുറത്തുള്ള പറങ്കിപ്പടയോട്ടങ്ങളിലേക്കും പുതിയ കാലത്തിന്റെ തൊഴിലിടങ്ങളിലേക്കും വരെ ചിതറിപ്പരക്കുന്നു. 'കിഴക്ക് ശിവക്ഷേത്രത്തിന്റെ സ്വര്‍ണ്ണക്കൊടിമരവും തെക്ക് നിത്യസഹായമാതാപ്പള്ളിയുടെ കുരിശും വടക്ക് മാമന്റെ മലയും പടിഞ്ഞാറ് ഉസ്മാനാജിയുടെ അരിമില്ലിന്റെ പുകക്കുഴലും' എന്ന് നോവല്‍ അതിരു തിരിച്ചിട്ട ഒരു ചെറിയ പ്രദേശത്തുനിന്ന് കാലത്തിലൂടെ ആഴങ്ങളിലേക്കും സ്ഥലത്തിലൂടെ വിദൂര ഭൂഖണ്ഡങ്ങളിലേക്കും വരെ പടരുന്ന വേരുകളുടെ കഥ നാമവിടെ വായിക്കുന്നു. മറുഭാഗത്താവട്ടെ, അതൊരു സ്വത്വാന്വേഷണത്തിന്റെയും വീണ്ടെടുപ്പിന്റെയും കഥയായി മാറുകയും ചെയ്യുന്നു. കൊമ്പൊടിഞ്ഞാലില്‍നിന്നും അല്പം താഴോട്ടു മാറിയുള്ള ഏലമലയില്‍ കുറവന്‍തോട്ടം ദാനിയേലിന്റെയും മാര്‍ത്തയുടെയും മൂന്നു പെണ്‍മക്കളില്‍ രണ്ടാമത്തവളായ റോസയുടെ ജീവിതപരിണാമങ്ങളുടെ കഥയാണ് തന്റെ രചനയുടെ മേല്‍പ്പടവില്‍ മിനി കോറിയിടാന്‍ ശ്രമിക്കുന്നത്. നോവലില്‍ വന്നുനിറയുന്ന എണ്ണമറ്റ ജീവിതസന്ദര്‍ഭങ്ങളെയും ഐതിഹ്യപടലങ്ങളെയും ലോകാന്തരബന്ധങ്ങളെയും ചേര്‍ത്തുനിര്‍ത്തുന്ന അനുഭവതലം റോസയുടെ ജീവിതപരിണാമമാണ്. ആ നിലയില്‍ ഒരു ഭാഗത്ത്, ഒട്ടൊക്കെ ഹതാശമായ മനുഷ്യജീവിതത്തിന്റെ അടരുകളൊന്നിലേക്കുള്ള ആഴമേറിയ സഞ്ചാരമായും മറുഭാഗത്ത് അതിലൂടെ കാലത്തിലേക്കും ലോകത്തിലേക്കുമുള്ള പടര്‍ച്ചയായും പരിണമിക്കുന്ന ആഖ്യാനശൈലിയാണ് നോവല്‍ പിന്‍പറ്റുന്നത്. അതുവഴി, 'നിത്യവും ജീവിതം വിതയേറ്റി മൃത്യു കൊയ്യും വിശാലമാം പാടം' എന്ന് കവി പാടിയതിനെ ഓര്‍മ്മിപ്പിക്കുന്ന, അതിവിസ്തൃതമായ ജീവിതപ്പരപ്പിന്റെ വിളുമ്പിലൂടെ ഇടറിനീങ്ങുന്ന എണ്ണമറ്റ മനുഷ്യരുടെ കഥയായി മിനിയുടെ ആഖ്യാനം മാറിത്തീര്‍ന്നിരിക്കുന്നു.

നോവല്‍രചനയിലെ സുപരീക്ഷിതമായ ക്ലാസിക്കല്‍മാര്‍ഗ്ഗം എന്നു മുകളില്‍ സൂചിപ്പിച്ചുവെങ്കിലും, ആ സുപരീക്ഷിതത്വംകൊണ്ടുതന്നെ അത്തരമൊരു വഴി ഏതൊരു നോവലിസ്റ്റിനെ സംബന്ധിച്ചും ഒരു ദുര്‍ഗ്ഗമവീഥിയാണ്. ഒന്നോ രണ്ടോ നൂറ്റാണ്ടുകള്‍കൊണ്ട് ലോകമെമ്പാടുമുള്ള വായനാസമൂഹം അത്രമേല്‍ പരിചയം നേടിയ വഴിയാണത്. ലോകനോവലിന്റെ ചരിത്രത്തിലെ മഹാരഥികള്‍ പലരും നടന്നുതെളിയിച്ച വഴി. അവിടെയുള്ള ചെറിയ പതനങ്ങള്‍പോലും വായനക്കാരുടെ കണ്ണില്‍ പെടും. ചെറിയ ഇടര്‍ച്ചകള്‍തന്നെ വായനക്കാരെ അതൃപ്തരാക്കി അതില്‍നിന്നകറ്റും. പുറമേക്ക് നോവല്‍രചനയെ എളുപ്പമുള്ളതാക്കിത്തീര്‍ക്കുന്നു എന്നു തോന്നിപ്പിക്കാവുന്ന ആഖ്യാനത്തിന്റെ സുപരീക്ഷിതത്വം നോവലിസ്റ്റിന്റെ ഭാരവും ബാദ്ധ്യതയുമായിത്തീരുന്ന സന്ദര്‍ഭമാണത്. തെളിഞ്ഞ വഴിയിലൂടെയുള്ള ആ യാത്രയിലെ ഓരോ ചുവടും ഇടറാതിരിക്കണമെന്ന നിതാന്തജാഗ്രത അത് നോവലിസ്റ്റില്‍നിന്നാവശ്യപ്പെടുന്നു.

രണ്ടു നിലയിലാണ് മിനി പി.സി. നോവലില്‍ ആഖ്യാനപരമായ ഈ വെല്ലുവിളിയെ അഭിമുഖീകരിക്കുന്നത്. ഒരു ഭാഗത്ത് ചെറിയ ചെറിയ സംഭവങ്ങളെ ആഖ്യാനത്തില്‍ കോര്‍ത്തിണക്കി സൃഷ്ടിക്കുന്ന വാസ്തവപ്രതീതി. മറുഭാഗത്ത് അതിനിടയിലുടനീളം നിലനിര്‍ത്തുന്ന ഐതിഹ്യങ്ങളുടെയും ഭ്രമകല്പനകളുടെയും മായികത. യഥാതഥവും ഐതിഹ്യാത്മകവും തമ്മില്‍ കലര്‍ന്നു നിലവില്‍വരുന്ന ഒരു വ്യാമിശ്രലോകമാണ് മിനിയുടെ നോവലിന്റെ ഭാവകേന്ദ്രം. ആഖ്യാനത്തിന്റെ യാഥാതഥ്യത്തെ എപ്പോള്‍ വേണമെങ്കിലും അട്ടിമറിക്കാവുന്ന ഭ്രമാത്മകതയുടെ അടിപ്പടവ് നോവലിലുടനീളമുണ്ട്. എന്നാല്‍ അതൊരിക്കലും കഥനയുക്തിയുടെ പ്രത്യക്ഷതലത്തെയോ, അതു നിലനിര്‍ത്തുന്ന വാസ്തവപ്രതീതിയെയോ നിരസിക്കാതെ നിലകൊള്ളുകയും ചെയ്യുന്നു. കുഞ്ഞിത്തേയി എന്ന നാട്ടുയക്ഷിസങ്കല്പത്തെ പലയിടത്തും ആഖ്യാനത്തിന്റെ പരിണാമഗതിയെ നിര്‍ണ്ണയിക്കുന്ന ഘടകമായി മിനി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. കഥാഗതിയിലെ ചില അടിസ്ഥാന പരിവര്‍ത്തനങ്ങള്‍ക്ക് കാരണമാകുന്നതുതന്നെ അതാണെന്നു പറയാം. എങ്കിലും കഥനഗതിയിലെ വാസ്തവപ്രതീതിയെ ഉലയ്ക്കാതെ ഭ്രമാത്മകമായ ആ ഐതിഹ്യാത്മകലോകം നോവലില്‍ തുടരുന്നു.

ഈ സംയോജിതഭാവത്തില്‍ നിര്‍ണ്ണായകമായ ഒരു വഴിത്തിരിവുണ്ടാവുന്നത് നോവലിന്റെ പരിസമാപ്തിയിലാണ്. പടിപടിയായി വളരുന്ന ജീവിതപരിണാമങ്ങളുടെ കഥ, മിക്കവാറും ഔപചാരികവും പരമ്പരാഗതവുമായ ശുഭപര്യവസാനത്തിലേക്ക് സംക്രമിച്ചെത്തുന്നു എന്ന തോന്നലിലേക്കാണ് നോവലിന്റെ അവസാനഭാഗം നമ്മെ ആനയിക്കുന്നത്. എന്നാല്‍ ഈ യഥാതഥപ്രതീതിയെയും അതിന്റെ ഔപചാരികതയെയും അകമേ പിളരുന്ന ഭ്രമാത്മകതയുടെ പൊടുന്നനെയുള്ള രംഗപ്രവേശത്തോടെയാണ് നോവല്‍ പര്യവസാനിക്കുന്നത്. വാസ്തവപ്രതീതിക്കു കുറുകെ നീങ്ങുകയും ആഖ്യാനത്തിന്റെ ശുഭാന്തപ്രകൃതത്തെയപ്പാടെ അസ്ഥിരപ്പെടുത്തുകയും ചെയ്യുന്ന ദുരന്തഭാവം അതോടെ നോവല്‍ കൈവരിക്കുന്നു. പടിപടിയായി കെട്ടിയുയര്‍ത്തിയ യാഥാതഥ്യത്തെ, ആഖ്യാനത്തിന്റെ അന്തിമമുഹൂര്‍ത്തത്തില്‍ ഭ്രമാത്മകതയുടെ മറുലോകം വിഴുങ്ങുന്നത് നാം കാണുന്നു.
എന്തുകൊണ്ടാണ് ഇത്തരമൊരു പരിചരണത്തിലേക്കും പരിസമാപ്തിയിലേക്കും നോവല്‍ നീങ്ങുന്നതെന്ന് ആലോചിക്കാവുന്നതാണ്. അന്യഥാ ഉപരിപ്ലവമായ വാസ്തവകഥനമായി പര്യവസാനിക്കാവുന്ന, ഒരു കേന്ദ്രകഥാപാത്രത്തെ മുന്‍നിര്‍ത്തിയുള്ള കുടുംബകഥയുടെ അവതരണം മാത്രമായി അവശേഷിക്കാവുന്ന ആഖ്യാനത്തെ അതിനപ്പുറത്തേക്ക് തുറന്നിടുന്ന രചനാതന്ത്രം എന്ന നിലയിലാണ് ഭ്രമാത്മകതയുടെ അടിപ്പടവിനെ നോവലിലുടനീളം മിനി നിലനിര്‍ത്തുന്നതും അന്തിമമുഹൂര്‍ത്തത്തില്‍ കെട്ടഴിച്ചുവിടുന്നതും. ഒരേ സമയം രണ്ടു ദൗത്യങ്ങള്‍ ഇതു നിറവേറ്റുന്നുണ്ട്. ഒരു ഭാഗത്ത്, മുകളില്‍ സൂചിപ്പിച്ചതുപോലെ നേര്‍രേഖയിലുള്ള കഥപറച്ചിലിന്റെ ഔപചാരികതയില്‍നിന്ന് ആഖ്യാനത്തെ മോചിപ്പിക്കുന്നു. മറുഭാഗത്ത്, യാഥാര്‍ത്ഥ്യത്തെക്കുറിച്ച് പ്രത്യക്ഷധാരണകളെയും മനുഷ്യജീവിതത്തെ കേവലയുക്തിയുടെ കളിക്കളം മാത്രമായി പരിഗണിക്കുന്ന ഉപരിപ്ലവതയെയും ഭേദിക്കുന്നു. ഭ്രമാത്മകതയില്‍ വേരാഴ്ത്തി നില്‍ക്കുന്ന ഐതിഹ്യപടലത്തെ തന്റെ കഥനത്തിലുടനീളം ഉപയോഗപ്പെടുത്തുന്ന മിനിയുടെ രചനാതന്ത്രം ഈ രണ്ടു ധര്‍മ്മങ്ങള്‍ ഫലപ്രദമായി നിറവേറ്റുന്നുണ്ട് എന്നാണ് ഞാന്‍ കരുതുന്നത്.

മിനിയുടെ കഥനരീതിയെ മികവുറ്റതാക്കുന്ന അടിസ്ഥാനഘടകം അതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ചരിത്രാത്മകതയാണ്. സമീപകാലത്ത് പലപ്പോഴും കാണാനിടയാകുന്നതുപോലെ, ചരിത്രം പ്രമേയപരമായ ഒരു സാന്നിധ്യമായല്ല ഈ രചനയില്‍ സന്നിഹിതമായിരിക്കുന്നത്. ചരിത്രവിജ്ഞാനത്തിന്റെ ഔപചാരികമേഖലയില്‍ ഇടം പിടിച്ച സംഭങ്ങളൊന്നുംതന്നെ ഈ നോവലിന്റെ പ്രമേയപരിധിയില്‍ വരുന്നില്ല. ആ നിലയില്‍ ചരിത്രവുമായുള്ള പ്രത്യക്ഷമോ പ്രകടമോ ആയ മുഖാമുഖങ്ങളൊന്നും ഇവിടെ കാണാനുമാവില്ല. എന്നാല്‍ തന്റെ കഥനയുക്തിയിലേക്കും അതു ജന്മം നല്കുന്ന അനുഭവമണ്ഡലത്തിലേക്കും ചരിത്രത്തിന്റെയും സമൂഹപരിണാമത്തിന്റെ ഗതിഭേദങ്ങളുടെയും ലോകത്തെ നോവലിസ്റ്റ് നിരന്തരം കൂട്ടിവിളക്കുന്നുണ്ട്. പ്രമേയപ്രത്യക്ഷങ്ങള്‍ എന്നതില്‍നിന്ന് അനുഭവപ്രകാരങ്ങള്‍ എന്നതിലേക്ക് പരിണമിക്കുന്ന ചരിത്രഗതിയെയാണ് നാമിവിടെ കാണുന്നത്. അത്യന്തം പ്രാദേശികപ്രകൃതമുള്ള ഒരു നാട്ടുജീവിതത്തിന്റെ സൂക്ഷ്മചരിത്രമാണ് ഈ നോവലില്‍ ഉള്ളത്. കിഴക്കന്‍ മലയോരങ്ങളില്‍നിന്നു തുടങ്ങി, പി.ടി. ഉഷയിലേക്കും സ്പോര്‍ട്സ് സ്‌കൂളിലേക്കും നഗരപ്രാന്തങ്ങളിലേക്കും വരെ പടരുന്ന കഥനസ്ഥലങ്ങളിലും അവിടെ തെളിയുന്ന ജീവിതബന്ധങ്ങളിലുമായി ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ സമീപഭൂതകാലം വരെയുള്ള ഒരു ചരിത്രഘട്ടത്തിലെ കേരളീയജീവിതത്തിന്റെ പല പല അടരുകള്‍ ചിതറിക്കിടപ്പുണ്ട്. അതേസമയംതന്നെ കാരോത്തുപറമ്പ് എന്ന നാട്ടുപ്രദേശത്തുനിന്നും ഗോവയിലേക്കും പറങ്കിപ്പടയോട്ടങ്ങളിലേക്കും നീണ്ടുകിടക്കുന്ന മറ്റൊരു കഥനസ്ഥലവും നോവലിലുണ്ട്. ആദ്യധാരയുടെ ചരിത്രാത്മകതയ്ക്കു കുറുകെ നീങ്ങുന്ന മറ്റൊരു ധാരയായി ഇത് നോവലിലേക്കു ചരിത്രത്തെ ഇരുനിലകളില്‍ കൂട്ടിക്കൊണ്ടുവരുന്നു. അതുവഴി, ചരിത്രപരമായ മുദ്രകളൊന്നും പ്രമേയതലത്തില്‍ പേറാതിരിക്കുമ്പോള്‍തന്നെ, ചരിത്രത്തിന്റെ കലക്കങ്ങള്‍ വന്നുനിറയുന്ന ഇടമായി മിനിയുടെ നോവല്‍ മാറിത്തീരുകയും ചെയ്യുന്നു. 

ഇത്തരമൊരു ചരിത്രപരതയെ ആഖ്യാനത്തില്‍ ഉള്‍ച്ചേര്‍ക്കുന്നതിന് നോവലിസ്റ്റ് ഉപയോഗപ്പെടുത്തിയ രചനാതന്ത്രമായി ഈ നോവലിലെ കഥാപാത്രസമൃദ്ധിയെ കാണാം. കേന്ദ്രകഥാപാത്രമായ റോസ മുതല്‍ ചുറ്റുവട്ടങ്ങളിലും അകലങ്ങളിലുമുള്ള എണ്ണമറ്റ കഥാപാത്രങ്ങള്‍ നോവലില്‍ വന്നുമടങ്ങുന്നുണ്ട്. കേരളീയജീവിതത്തിന്റെ ചരിത്രപരമായ അടരുകളില്‍ വേരാഴ്ത്തിനില്‍ക്കുന്നവരാണ് അവര്‍ ഓരോരുത്തരും. തീര്‍ത്തും പ്രാദേശികമായ അനുഭവലോകങ്ങള്‍ മുതല്‍ സാര്‍വ്വദേശീയമായ കൊടുക്കല്‍വാങ്ങലുകള്‍ വരെ ഈ വേരുകളിലേക്ക് അവരെ ചേര്‍ത്തുനിര്‍ത്തുണ്ട്. മിത്തുകളും ഐതിഹ്യങ്ങളും മുതല്‍ സമകാല നാഗരികതയിലെ വിപണനകേന്ദ്രങ്ങള്‍ വരെ ആഖ്യാനസ്ഥലങ്ങളായും അവിടെയുള്ള മനുഷ്യജീവിതവുമായി വായനക്കാര്‍ക്കു മുന്നിലെത്തുന്നു. കഥാപാത്രങ്ങളുടെ വൈവിദ്ധ്യവും സമൃദ്ധിയും അന്തിമമായി ചരിത്രപരമായ കലക്കങ്ങളെയും അതിന്റെ സന്ദിഗ്ദ്ധതകളെയും പ്രകാശിപ്പിക്കുന്നതിനുള്ള ഉപാധിയായി മാറിത്തീരുകയും ചെയ്യുന്നു.

ആഖ്യാനത്തില്‍ നിലീനമായ ഈ ചരിത്രാത്മകതയോടൊപ്പമോ അതിലധികമോ പ്രാധാന്യമുള്ള ഒന്നാണ് ഈ നോവലിലെ സ്ത്രീജീവിതപ്പടര്‍ച്ച. അന്തിമമായി സ്ത്രീജീവിതത്തിന്റെ അനന്തഭേദങ്ങളുടെയും അവരുടെ അതിജീവനത്തിന്റെയും കഥയാണ് നോവല്‍ പറയുന്നത്. റോസയുടെയും അവളുടെ ഗ്രാമത്തിന്റെയും അതിനെ ചുറ്റിപ്പടര്‍ന്നുവളരുന്ന ജീവിതബന്ധങ്ങളുടെയും അതിലെ എണ്ണമറ്റ സംഘര്‍ഷങ്ങളുടെയും കഥ ആഖ്യാനത്തിലൂടെ ഇതള്‍ വിടര്‍ന്നുവരുന്നത് ഭിന്നപ്രകാരങ്ങളിലുള്ള സ്ത്രീജീവിതത്തിന്റെ ആവിഷ്‌കാരങ്ങള്‍ എന്ന നിലയിലാണ്. ഈ നോവലിനെ അടിസ്ഥാനപരമായി കരുത്തുറ്റതാക്കുന്നത് മേല്‍പ്പറഞ്ഞ സ്ത്രീജീവിതത്തിന്റെ ആവിഷ്‌കാരപ്രകാരങ്ങളാണ്. ചരിത്രപരമായ ജീവിതബന്ധങ്ങളെ ഉള്‍ക്കൊള്ളുന്ന നിലയില്‍ ആഖ്യാനത്തില്‍ അവയെ വിന്യസിക്കാനും അതുവഴി നോവലിനെ വികസിപ്പിക്കാനും മിനിക്ക് കഴിയുന്നുണ്ട്. ഈ രചനാരീതി നോവലിനെ ഒരു ഭാഗത്ത് ചരിത്രപരമായ വേരുകള്‍ ഉള്ളതും മറുഭാഗത്ത് സ്ത്രീജീവിതാനുഭവങ്ങളില്‍ വേരാഴ്ത്തിനില്‍ക്കുന്നതുമായ ഒന്നായി മാറ്റിത്തീര്‍ത്തിരിക്കുന്നു.
നോവലിന്റെ ഈ ചരിത്രാത്മകമാനത്തെ ആഖ്യാനത്തില്‍ ഉള്‍ച്ചേര്‍ക്കാന്‍പോന്ന വിധത്തില്‍ ഭാഷയുടെ സുഗമമായ സഞ്ചാരം വേര് എന്ന നോവലിന്റെ മികവുകളിലൊന്നാണ്. വിശദാംശങ്ങളുടെ സമൃദ്ധിയിലൂടെ ആഖ്യാനത്തെ മുന്നോട്ടു കൊണ്ടുപോകാനും കഥാപാത്രങ്ങളുടെ പ്രകാരഭേദങ്ങളെ പ്രകാശിപ്പിക്കാനും അതിനിടയിലൂടെ അയത്നലളിതമായി കഥ പറഞ്ഞുപോകാനും മിനിയുടെ ഭാഷയ്ക്കും ആഖ്യാനശൈലിക്കും കഴിയുന്നുണ്ട്. ആഖ്യാനത്തിന്റെ മുറുക്കം നഷ്ടമാവുന്ന വിധത്തില്‍ വിവരണാത്മകത ഏറിനില്‍ക്കുന്നതായി തോന്നുന്ന ചുരുക്കം സ്ഥലങ്ങള്‍ കാണാനാവുമെങ്കിലും, നോവലിന്റെ ആകമാനമുള്ള ഗതിയെയും വികാസത്തെയും അത് അലോസരപ്പെടുത്താതിരിക്കാന്‍ പുലര്‍ത്തിയ ജാഗ്രത ഫലപ്രാപ്തിയിലെത്തിയതായാണ് നോവലിന്റെ വായന നമ്മെ ബോദ്ധ്യപ്പെടുത്തുക.

ഈ നിലയില്‍ പ്രാദേശികതയിലും അതിന്റെ ചരിത്രപരതയിലും വേരാഴ്ത്തിനില്‍ക്കുകയും ചരിത്രത്തിന്റെ വിശാലപ്രദേശങ്ങളിലേക്ക് പടരുകയും ചെയ്യുന്ന വിപുലമായ ഒരാഖ്യാനമാണ് മിനിയുടെ നോവല്‍. അതുവഴി, നോവലിന്റെ ക്ലാസിക്കല്‍ മാതൃകയെ അഭിസംബോധന ചെയ്യാനുള്ള മലയാളഭാവനയുടെ ശ്രദ്ധേയമായ പരിശ്രമങ്ങളിലൊന്നായി ഈ നോവല്‍ സ്ഥാനം നേടുകയും ചെയ്തിരിക്കുന്നു. 

Content Highlights: sunil p ilayidam introduction to the novel veru by mini pc mathrubhumi books