ലോകത്തെ മാറ്റിമറിക്കാമെന്ന് അഹങ്കരിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു ചിന്താഉത്പന്നമാണ് പ്രത്യയശാസ്ത്രം

സ്ഥാനം തെറ്റിയ വസ്തു എന്ന പുസ്കത്തിൻ്റെ കവർ, ആനന്ദ്| ഫോട്ടോ: mathrubhumi books, KK Santhosh
സ്ഥാനം തെറ്റിയ വസ്തു എന്ന പുസ്കത്തിൻ്റെ കവർ, ആനന്ദ്| ഫോട്ടോ: mathrubhumi books, KK Santhosh

പ്രശസ്ത എഴുത്തുകാരൻ ആനന്ദ് എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകമാണ് 'സ്ഥാനം തെറ്റിയ വസ്തു'. ആനന്ദിന്റെ 13 ലേഖനങ്ങളുടെ സമാഹാരമായ ഈ പുസ്തകത്തിൽ നിന്ന് ഒരു ഭാഗം വായിക്കാം.. 

വിത്തുകള്‍: സ്വപ്നങ്ങളും ഭ്രാന്തും

'നിനക്ക് അറിയുമായിരിക്കില്ല നസ്തെന്‍കാ, ഈ പീറ്റര്‍സ്ബര്‍ഗില്‍ ചില വിചിത്രമായ ഇടങ്ങളുണ്ട്. മുഴുവന്‍ നഗരത്തിലും പ്രകാശിക്കുന്ന സൂര്യന്‍ അവിടേക്ക് എത്തിനോക്കുന്നില്ല. ആ വിദൂരമായ മുക്കുകളിലേക്കു വേണ്ടി സൃഷ്ടിക്കപ്പെട്ടതും വളരെ വ്യത്യസ്തമായ പ്രകാശം വീശുന്നതുമായ വേറൊരു സൂര്യനാണ് അവിടെ പ്രകാശിക്കുന്നത്. നമുക്കു ചുറ്റും നാം കാണുന്നതില്‍നിന്ന് മുഴുവനായും വ്യത്യസ്തമാണ് അവിടത്തെ ജീവിതം. കാല്പനികമായ വേറൊരു രാജ്യത്ത് വേറൊരു ഗ്രഹത്തില്‍ ഉണ്ടായിരിക്കാവുന്നതുപോലെ അദ്ഭുതകരവും ആദര്‍ശപരവും. വളരെ വളരെ കഠിനമായ നമ്മുടെ ഈ കാലത്ത്...' ദസ്തയെവ്സ്‌കിയുടെ White Nights എന്ന സുന്ദരവും ശോകാത്മകവുമായ പ്രണയകഥയിലെ നായകകഥാപാത്രം അയാളുടെ കാമുകിയോട് ഒരിടത്ത് പറയുന്നതാണ് ഈ വരികള്‍. തുടര്‍ന്ന് അയാള്‍ പറയുന്നു നഗരത്തിന്റെ വിചിത്രമായ ആ കോണുകളില്‍ വസിക്കുന്നത് സ്വപ്നജീവികള്‍ (dreamers) എന്ന ചില അപൂര്‍വവ്യക്തികളാണെന്ന്. ആ സ്വപ്നജീവികളില്‍ ഒരാളായിരുന്നു അയാള്‍.

1848-ലാണ് ദസ്തയെവ്സ്‌കി white nights എന്ന കഥ എഴുതിയത്. വെളുത്ത രാത്രികള്‍ എന്നറിയപ്പെടുന്ന വടക്കന്‍ ലാറ്റിറ്റിയൂഡുകളിലെ ഒരിക്കലും മുഴുവനായും ഇരുട്ടാവാത്ത വേനല്‍ക്കാല രാത്രികളില്‍, കൃത്യമായി നാലു രാത്രികളില്‍, ഒതുങ്ങുന്ന ഒരു കഥ. പീറ്റര്‍സ്ബര്‍ഗിനെ ഗാഢമായി സ്നേഹിക്കുന്ന ആളാണ് പ്രഥമപുരുഷനില്‍ എഴുതപ്പെട്ടിട്ടുള്ള കഥയിലെ പേരു പറയാത്ത നായകന്‍. സ്വപ്നജീവിയായതുകൊണ്ട് ഏകാന്തജീവിയുമാണ് അയാള്‍. വിശാലമായ നഗരത്തിലെ ഒരു തടവുകാരന്‍ എന്ന് പറയാം. ഈ ഏകാന്തതയും ഭാവനയിലെ പര്യടനങ്ങളും അയാള്‍ക്ക് ഭ്രമാത്മകമായ അനുഭവങ്ങള്‍ ഉണ്ടാക്കുന്നു. നഗരവാസികളെല്ലാം അവരുടെ സാധനങ്ങള്‍ കെട്ടിക്കൂട്ടി ഒഴിഞ്ഞുപോകുന്നതായി അയാള്‍ കാണുന്നു, അയാളെ അവിടെ തനിച്ചാക്കി. സുഹൃത്തേ, ഞങ്ങളിവിടെ രണ്ടുമൂന്നു മണിക്കൂര്‍നേരത്തേക്കേ ഉള്ളു, അവരുടെ മുഖങ്ങള്‍ അയാളോട് പറയുന്നു. ആളുകളെന്തിന്, നഗരത്തിലെ കെട്ടിടങ്ങള്‍ വരെ അയാളുടെ കൂട്ടുകാരാണ്. പാടലവര്‍ണമുള്ള സുന്ദരമായ ഒരു കെട്ടിടം അയാളെ വിളിച്ച് കരഞ്ഞുകൊണ്ട് പറയുന്നു, നോക്കൂ കൂട്ടുകാരാ, ഇവരെന്നെ മഞ്ഞച്ചായം പൂശുകയാണ്! ദുഷ്ടന്മാരായ ആര്‍ക്കിടെക്ടുകള്‍ ശരിക്കും അതു ചെയ്തു. 

ഒരു മൂലയും വിടാതെ ചുമരുകള്‍, തൂണുകള്‍, കോര്‍ണിസുകള്‍, എല്ലാം മഞ്ഞപ്പിത്തം പിടിച്ചതുപോലെ മഞ്ഞയായിരിക്കുന്നതാണ് പിന്നീട് അയാള്‍ കാണുന്നത്. രണ്ടാമതൊരു പ്രാവശ്യം അതിനെ നോക്കുവാന്‍ കഴിയാതെ അയാള്‍ നടന്നുപോകുന്നു. അത് 1848-ലെ പീറ്റര്‍സ്ബര്‍ഗിലെ വെളുത്ത രാത്രികള്‍. ഏതാണ്ടൊരു നൂറ്റാണ്ട് കഴിഞ്ഞപ്പോള്‍, 1941 വേനലിലെ വെളുത്ത രാത്രികളില്‍ അതിനകം ലെനിന്‍ഗ്രാഡ് ആയിക്കഴിഞ്ഞ പീറ്റര്‍സ്ബര്‍ഗിലെ ജനങ്ങള്‍ യഥാര്‍ഥമായും നഗരത്തില്‍നിന്ന് ഒഴിഞ്ഞുപോകുവാന്‍ വഴി നോക്കുന്ന ദൃശ്യം നാം കാണുന്നു. ജര്‍മന്‍ സൈന്യം അതിനെ വളഞ്ഞിരിക്കുകയാണ്. ചെറുത്തുനില്പിന്റെ വരുവാനിരിക്കുന്ന മൂന്നു കൊല്ലങ്ങളില്‍ സംഭവിക്കുവാന്‍ പോകുന്ന ഏഴു ലക്ഷം മനുഷ്യരുടെ മരണത്തിന് ഒരുങ്ങുകയാണ് നഗരം. മുഴുവന്‍ നഗരത്തിലും പ്രകാശിക്കുന്ന സൂര്യന്‍ എത്തിനോക്കാത്ത, അവിടേക്കായി മാത്രം സൃഷ്ടിക്കപ്പെട്ട വേറൊരു സൂര്യന്‍ പ്രകാശം വീശുന്ന, നഗരത്തിന്റെ വിചിത്രമായ ഒരു കോണില്‍ വസിച്ചിരുന്ന സ്വപ്നജീവിയായ ഒരു മനുഷ്യന്‍ ആ സമയം ശരിക്കും ഏകനും തടവുകാരനുമായിരുന്നു. 

നിക്കോളയ് ഇവാനോവിച്ച് വാവിലോവ് (Nikolay Ivanovich Vavilov) എന്ന, ലോകത്തിന്റെ വിശപ്പ് മാറ്റാനുള്ള സ്വപ്നം കണ്ടുകൊണ്ടിരുന്ന സുപ്രസിദ്ധനായ റഷ്യന്‍ സസ്യശാസ്ത്രജ്ഞന്‍. സ്വപ്നജീവിയെങ്കിലും (സ്റ്റാലിന്‍ സ്വയം അദ്ദേഹത്തെ അങ്ങനെ പരിഹസിച്ച് വിളിക്കുകയുണ്ടായി) വാവിലോവിന്റെ സ്വപ്നങ്ങള്‍ കാല്പനികമായിരുന്നില്ല. തികച്ചും ശാസ്ത്രാധിഷ്ഠിതവും വാസ്തവികവുമായിരുന്നു അദ്ദേഹം വിഭാവനം ചെയ്ത പദ്ധതികള്‍. പക്ഷേ 'വളരെ വളരെ കഠിനമായ ഒരു കാല'ത്താണ് അദ്ദേഹം അതിനു ശ്രമിച്ചത് എന്നതായിരുന്നു തെറ്റ്. ശാസ്ത്രത്തെ സ്വീകരിക്കുവാന്‍ തയ്യാറല്ലാത്തവരും മനുഷ്യത്വമില്ലാത്തവരുമായ രാഷ്ട്രീയ ദുഷ്പ്രഭുക്കള്‍ രാജ്യം ഭരിച്ചിരുന്ന കാലത്ത്. 1941 ജൂലായ് മാസത്തിലെ വെളുത്ത രാത്രികളിലൊന്നില്‍ രാജ്യത്തെ ഭരണകൂടം അദ്ദേഹത്തെ വിചാരണ ചെയ്ത് വെടിവെച്ചുകൊല്ലുവാന്‍ വിധിച്ചു. അമ്പത്തിയാറ് വയസ്സായിരുന്നു വാവിലോവിന് അന്ന്.

വിത്തുകള്‍ എന്ന സ്വപ്നം

എത്നോ ബയോളജിസ്റ്റും കണ്‍സര്‍വേഷനിസ്റ്റുമായ ഗേറി പോള്‍ നഭാനിന്റെ (Gary Paul Nabhan) Where Our Food Comes From എന്ന പുസ്തകം നിക്കോളയ് ഇവാനോവിച്ച് വാവിലോവ് എന്ന വിശ്വപ്രസിദ്ധ റഷ്യന്‍ സസ്യശാസ്ത്രജ്ഞന്റെ ശാസ്ത്രത്തിനു സമര്‍പ്പിക്കപ്പെട്ട ജീവിതത്തിന്റേയും, കഠിനപ്രയത്നത്തിലൂടെ അദ്ദേഹം സമാഹരിച്ച പരമ്പരാഗത ഭക്ഷ്യധാന്യവിത്തുകളുടെ ശേഖരത്തിന്റേയും കഥയാണ് പറയുന്നത്. വേറൊരു വിധത്തില്‍ പറഞ്ഞാല്‍ അത് പ്രകൃതിയും മനുഷ്യന്റെ അഹങ്കാരവും തമ്മിലുള്ള സംഘര്‍ഷത്തിന്റെ കഥയുമാണ്. അറിയാനുള്ള തൃഷ്ണയായ ശാസ്ത്രവും അറിവിനെ ടിന്നുകളില്‍ അടച്ചുവില്ക്കുന്ന പ്രത്യയശാസ്ത്രവും തമ്മിലുള്ള പോരാട്ടത്തിന്റെ ആഖ്യാനമായും അതിനെ കാണാം. മനുഷ്യന്റെ വശത്തുനിന്നു നോക്കിയാല്‍ പ്രകൃതിക്കും അവനുമിടയ്ക്കുള്ള കണ്ണികളായ സസ്യങ്ങളുടെ ജീവനെ ഉറക്കി സൂക്ഷിച്ചുവെച്ചിരിക്കുന്ന അത്ഭുത പ്രതിഭാസങ്ങളാണ് വിത്തുകള്‍. അവയുടെ വിതയ്ക്കലിലും മുളയ്ക്കലിലും വളരലിലും കൂടി മനുഷ്യന്‍ നേടിയെടുക്കുന്നത് സ്വന്തം ജീവിതം മാത്രമല്ല, പ്രകൃതിയുമായുള്ള ബന്ധത്തിന്റെ സംസ്‌കാരം കൂടിയാണ്. സസ്യങ്ങളുടെ ഭാഗത്തു നിന്ന് പറഞ്ഞാല്‍ സ്വന്തം വംശം നിലനിര്‍ത്തുന്നതിനുള്ള പ്രയത്നത്തില്‍ ജന്തുജാലങ്ങളെ ആകര്‍ഷിക്കുവാനും ഉപയോഗിക്കുവാനും അവയുടെ കൈയിലുള്ള ഉപകരണം. 

എണ്ണമില്ലാത്ത ജീവജാലങ്ങളില്‍ ഒന്നുമാത്രമായ മനുഷ്യന്‍ സ്വന്തം മിഥ്യാഭിമാനത്താല്‍ ജീവിതത്തിന്റെ ചരിത്രത്തെ സ്വന്തം ഇനത്തിന്റെ ചരിത്രത്തിലേക്ക് ഒതുക്കിക്കൊണ്ട് ലോകത്തെ മാറ്റിമറിക്കാമെന്ന് അഹങ്കരിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു ചെറിയ ചിന്താഉത്പന്നം മാത്രമാണ് പ്രത്യയശാസ്ത്രം. സ്വാഭാവികമായും അതില്‍ അധികാരത്തിന്റേയും അക്രമത്തിന്റേയും മുദ്രകള്‍ പ്രകടമായിരിക്കും. നാസിപ്പട ലെനിന്‍ഗ്രാഡിനെ ബ്ലോക്കേഡ് ചെയ്ത കാലത്ത് നഗരം പതിച്ചാലുണ്ടാകുന്ന തന്ത്രപരമായ നഷ്ടവും മാനുഷികമായ ദുരന്തവും സോവിയറ്റ് ഗവണ്മെന്റിനേയും ലോകത്തെത്തന്നേയും തീര്‍ച്ചയായും ആകുലമാക്കി. അതേസമയം നാസികളുടെ കൈയില്‍പ്പെട്ടാലുണ്ടാകുന്ന അവസ്ഥയെക്കുറിച്ച് വ്യത്യസ്ത തോതിലാണെങ്കിലും ആശങ്കയുണര്‍ത്തിയ രണ്ട് സ്ഥാപനങ്ങളുണ്ടായിരുന്നു നഗരത്തില്‍. വിശ്വമെങ്ങുമുള്ള ബുദ്ധിജീവികളുടെ ശ്രദ്ധപോയത് ലെനിന്‍ഗ്രാഡിലെ വിശ്രുതമായ സാംസ്‌കാരിക മ്യൂസിയം ഹെര്‍മിറ്റേജിന്റെ നേരെയായിരുന്നു. സാര്‍ ചക്രവര്‍ത്തിമാര്‍ അവരുടെ വിന്റര്‍പാലസിന്റെ അറുനൂറോളം മുറികളില്‍ സംഭരിച്ചുവെച്ച ഇരുപതു ലക്ഷത്തോളം വിശ്വോത്തരമായ കലാസാംസ്‌കാരിക വസ്തുക്കളുടെ ശേഖരം. 

രണ്ടു കൂറ്റന്‍ സൈന്യങ്ങളുടെ ഏറ്റുമുട്ടലിലും ബോംബുവര്‍ഷത്തിലുംനിന്ന് അവ രക്ഷപ്പെടുമോ, ഹിറ്റ്ലറുടെ കൈയില്‍പ്പെട്ടാല്‍ അവയ്ക്കെന്തു സംഭവിക്കും, എന്നൊക്കെയായിരുന്നു ആശങ്കകള്‍. ബൂര്‍ഷ്വാകലയുടേയും സംസ്‌കാരത്തിന്റേയും ആരാധകനല്ലാതിരുന്നിട്ടും സ്റ്റാലിനും ഹെര്‍മിറ്റേജിനെക്കുറിച്ച് അത്രതന്നെ ആകുലനായിരുന്നു. മ്യൂസിയത്തിലെ ശേഖരത്തെ പൊതിഞ്ഞുകെട്ടി വിദൂരമായ കേന്ദ്രങ്ങളിലേക്ക് എത്തിക്കുവാന്‍ അദ്ദേഹം സത്വരനടപടികളെടുത്തു.

അവഗണിക്കപ്പെട്ട സമ്പത്ത്

ഹെര്‍മിറ്റേജ് മ്യൂസിയത്തില്‍നിന്ന് അധികം ദൂരത്തല്ലാതെ സെയ്ന്റ് ഇസ്സാക്ക് സ്‌ക്വയറില്‍ സ്ഥിതിചെയ്തിരുന്ന ഒരു കെട്ടിടത്തില്‍ സൂക്ഷിച്ചുവെച്ചിരുന്ന നാലു ലക്ഷത്തോളം ജീവനുള്ള വിത്തുകളുടെ ശേഖരമായിരുന്നു രണ്ടാമത്തേത്. വാവിലോവിന്റെ നേതൃത്വത്തില്‍ റഷ്യയിലെ ലോകോത്തര സസ്യശാസ്ത്രജ്ഞന്മാര്‍ ഏതാണ്ട് അര നൂറ്റാണ്ടുകാലത്തെ കഠിനപ്രയത്നംകൊണ്ട് സമാഹരിച്ച വിത്തുകളുടേയും ഫലങ്ങളുടേയും കിഴങ്ങുകളുടേയും പ്രസിദ്ധമായ ബാങ്ക്. വിപ്ലവപൂര്‍വകാലത്ത് ആരംഭിച്ച ഈ സംരംഭം വിപ്ലവത്തിന്റെ ആഘാതങ്ങളേയും വിപ്ലവാനന്തര കാലത്തെ പ്രത്യയശാസ്ത്രപരമായ ഇടപെടലുകളേയും അതിവര്‍ത്തിച്ച്, വളര്‍ന്ന് ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എന്നാല്‍ ഹെര്‍മിറ്റേജ് സംരക്ഷണത്തിന് ലഭിച്ച ശ്രദ്ധ എന്തുകൊണ്ടോ ഇതിന് ലഭിക്കുകയുണ്ടായില്ല. അതിനെ ബ്ലോക്കേഡിന്റെ നാലു കൊല്ലങ്ങളിലൂടെ സംരക്ഷിച്ചു നിര്‍ത്തേണ്ട ചുമതല മുഴുവനായും അവിടത്തെ ശാസ്ത്രജ്ഞന്മാരുടെ മേല്‍ വീണു. അവരുടെ മാത്രം. വിശേഷിച്ചും ഭക്ഷ്യക്ഷാമത്തിന്റെ സമയത്ത് പട്ടിണി കിടക്കുന്ന ജനത വിത്തുതന്നെയായാലും കിട്ടാവുന്ന ഏതു ഭക്ഷ്യവസ്തുവും കൊള്ളയടിക്കുവാന്‍ തയ്യാറാവുമ്പോള്‍. ജീവന്‍ നഷ്ടപ്പെടുത്തിയും സ്വയം പട്ടിണി കിടന്ന് മരിച്ചും വാവിലോവിന്റെ സഹപ്രവര്‍ത്തകരായ ശാസ്ത്രജ്ഞന്മാര്‍, അദ്ദേഹത്തിന്റെ അഭാവത്തിലും അത് നിവര്‍ത്തിച്ചു.

എന്നാല്‍ നാസികളുടെ ശ്രദ്ധ ഹെര്‍മിറ്റേജ് കലാശേഖരത്തിനെക്കാള്‍ കൂടുതല്‍ ഈ വിത്തുബാങ്കില്‍ ആയിരുന്നിരിക്കാനാണ് ഇട. സ്റ്റാലിന്‍ കണ്ടിട്ടില്ലാത്ത പ്രാധാന്യം ഹിറ്റ്ലര്‍ അതില്‍ കണ്ടിട്ടുണ്ടാകാം. സോഷ്യല്‍ ഡാര്‍വിനിസത്താലും യൂജെനിക്സിനാലും പ്രേരിതരായി തിരഞ്ഞെടുത്ത മനുഷ്യവംശങ്ങളെ മാത്രം വളര്‍ത്തിയെടുക്കാനുള്ള പദ്ധതിയില്‍ വ്യാപൃതരായിരുന്നുവല്ലോ നാസി ശാസ്ത്രജ്ഞന്മാര്‍. തിരഞ്ഞെടുത്ത വിത്തുകളിലൂടെ നിയന്ത്രിതമായ ഒരു കാര്‍ഷികപദ്ധതിയും ഡിസൈനര്‍ ജൈവലോകവും അതില്‍നിന്ന് ഏറെ ദൂരെയല്ലല്ലോ. (പോസ്റ്റ് ഫാസിസ്ററ് പോസ്റ്റ് കമ്യൂണിസ്റ്റ് മുതലാളിത്തലോകത്തിന് അത്തരം സ്വപ്നങ്ങള്‍ അന്യമല്ലെന്ന് ജെനെറ്റിക്കലി മോഡിഫൈഡ് വിളകളിന്മേലുള്ള കോര്‍പ്പൊറേറ്റ് സെക്ടറിന്റെ കൗതുകം കാണിക്കുന്നു.) ലെനിന്‍ഗ്രാഡിലെ വിത്തു ബാങ്കിനു മുന്‍പിലുള്ള ഹോട്ടല്‍ എസ്റ്റോറിയയില്‍നിന്ന് വിക്ടറി സ്പീച്ച് ചെയ്യുവാനായിരുന്നു ഹിറ്റ്ലര്‍ പ്ലാനിട്ടിരുന്നതെന്നത്് യാദൃച്ഛികമാവില്ല. സ്റ്റാലിന്‍ അവഗണിച്ച വിത്തുകളെ ഹിറ്റ്ലര്‍ ശരിക്കും ഉപയോഗിച്ചേനെ, സ്വന്തം വഴിക്ക്. നിസ്സഹായരായ വിത്തുകള്‍! സര്‍വാധിപത്യ തത്ത്വചിന്തകള്‍ക്കെല്ലാം കമ്യൂണിസമായാലും ഫാസിസമായാലും മതമൗലികവാദമായാലും മുതലാളിത്തമായാലും ജൈവലോകത്തെ കൈകാര്യം ചെയ്യുവാന്‍ അവയുടേതായ രീതികളുണ്ടല്ലോ.

എന്നാല്‍ അതൊന്നുമായിരുന്നില്ല ലോകത്തിലെ ഏറ്റവും വലിയ വിത്തുശേഖരം ഉണ്ടാക്കുമ്പോള്‍ വാവിലോവിന്റെ മനസ്സിലുണ്ടായിരുന്നത്. 1891-92ലെ റഷ്യയിലെ രൂക്ഷമായ ക്ഷാമത്തിന് ബാല്യത്തിലേ സാക്ഷ്യം വഹിച്ച നിക്കോളയ് കൃഷിശാസ്ത്രമാണ് പഠിക്കാന്‍ തിരഞ്ഞെടുത്തത്. അദ്ദേഹത്തിനു മുന്‍പ്, 1878-ലെ ഭയാനകമായ ക്ഷാമമാണ് ടോള്‍സ്റ്റോയിയെ സസ്യഭുക്കും സാമൂഹികപ്രവര്‍ത്തകനുമാക്കിയത്. സാര്‍ ചക്രവര്‍ത്തി തന്റെ അതിഥികള്‍ക്കുവേണ്ടി ദിവസങ്ങളോളം നീണ്ടുപോകുന്ന ആഡംബരസദ്യകള്‍ ഒരുക്കിക്കൊണ്ടിരുന്നപ്പോള്‍, ടോള്‍സ്റ്റോയിയും അദ്ദേഹത്തിന്റെ മകളും കൂടി ഗ്രാമങ്ങള്‍തോറും പാവങ്ങള്‍ക്കായി സൂപ്പ്-കിച്ചനുകള്‍ തുറന്നു നടത്തി. ക്ഷാമങ്ങള്‍ റഷ്യയുടെ ചരിത്രത്തില്‍ ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരുന്ന ഒരു പ്രതിഭാസമായിരുന്നു. എന്തുകൊണ്ട് ക്ഷാമങ്ങള്‍ ഉണ്ടാകുന്നു, എങ്ങനെ അവയെ ഒഴിവാക്കാം, എന്നതായിരുന്നു ശാസ്ത്രജ്ഞനെന്ന നിലയില്‍ വാവിലോവിന്റെ മുന്‍പിലെ ചോദ്യം. റഷ്യയിലെന്നല്ല, ലോകത്തിലെത്തന്നെ ഭക്ഷ്യസുരക്ഷ എങ്ങനെ സാധിക്കാം? സോഷ്യലിസ്റ്റ്-കമ്യൂണിസ്റ്റ് വിപ്ലവകാരികള്‍ രാഷ്ട്രീയമായ പരിഹാരത്തില്‍ മാത്രം കേന്ദ്രീകരിച്ചപ്പോള്‍ വാനിലോവ് ശാസ്ത്രീയമായ പരിഹാരത്തെയാണ് അന്വേഷിച്ചത്. 

1913-ല്‍ ഇരുപത്തിയാറാം വയസ്സില്‍ത്തന്നെ അദ്ദേഹം കാര്‍ഷികസസ്യങ്ങളുടെ ഉത്ഭവകേന്ദ്രങ്ങള്‍ (Centres of Orgin of Cultivated Plants) അന്വേഷിച്ചുള്ള ലോകപര്യടനം തുടങ്ങി. മുഴുവന്‍ യൂറോപ്പിലും അമേരിക്കന്‍ വന്‍കരകള്‍ രണ്ടിലും ഈജിപ്ഷ്യന്‍ സംസ്‌കാരപ്രദേശങ്ങളായ ഉത്തര ആഫ്രിക്കയിലും പൂര്‍വ ആഫ്രിക്കയിലും മെസോപ്പൊട്ടേമിയന്‍ മേഖലയായ പശ്ചിമേഷ്യയിലും ഇറാനിലും അഫ്ഘാനിസ്താനിലും ചൈനയിലും അദ്ദേഹം വ്യാപകമായി സഞ്ചരിക്കുകയും വിത്തുകളും സസ്യങ്ങളും ശേഖരിക്കുകയും ചെയ്തു. വിവിധ സംസ്‌കാരങ്ങളും ഭാഷകളും കാര്‍ഷികസമ്പ്രദായങ്ങളും മേളിച്ച സില്‍ക് പാതയേയും പാമീര്‍ പീഠഭൂമിയേയും അദ്ദേഹം വിളവുകളുടെ പരിണാമത്തിന്റേയും പരീക്ഷണത്തിന്റേയും അപൂര്‍വമായ പ്രാകൃതിക ലാബൊറട്ടറിയായി കരുതി.

1933 ആയപ്പോഴേക്കും വാവിലോവും സഹപ്രവര്‍ത്തകരുംകൂടി ഒന്നര ലക്ഷത്തിലധികം വിത്തുകളുടേയും കിഴങ്ങുകളുടേയും ഫലങ്ങളുടേയും സാമ്പിളുകള്‍ ശേഖരിച്ചു. മ്യൂസിയങ്ങളില്‍നിന്ന് വ്യത്യസ്തമായി വിത്തുകളുടെ ശേഖരത്തെ ജീവനുള്ളവയായി സൂക്ഷിക്കണമല്ലോ. വളര്‍ത്തിയും പുതുക്കിയും ശേഖരിച്ചവയെ സംരക്ഷിക്കുന്നതിന് ശാസ്ത്രീയജ്ഞാനവും പ്രയത്നവും വലിയതോതില്‍ ആവശ്യമുണ്ട്. വാവിലോവിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് വിപ്ലവാനന്തര റഷ്യയിലായിരുന്നിട്ടും ബാഹ്യലോകത്തിന്റെ ശ്രദ്ധയും പ്രശംസയും ഇക്കാര്യത്തില്‍ പിടിച്ചുപറ്റി.

ശാസ്ത്രത്തിന്റെ വഴിതേടി

അതേസമയം വിപ്ലവാനന്തര സോവിയറ്റ് യൂനിയന്‍ രൂക്ഷമായ കാര്‍ഷിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയായിരുന്നു. ഭൂമിയുടെ ദേശസാത്കരണവും, നിര്‍ബന്ധിത കൂട്ടുകൃഷിയും വിപ്ലവത്തേയോ കമ്യൂണിസത്തേയോ പറ്റി വിവരമില്ലാതിരുന്ന നാടന്‍ കൃഷിക്കാരെ വിപ്ലവത്തിന്റെ ശത്രുക്കളായി വിധിച്ച് ഗുലാഗിലേക്ക് അയച്ചതും എല്ലാം ഉത്പാദനത്തെ കുത്തനെ താഴ്ത്തി. നൈതികതയെ ലക്ഷ്യമാക്കുന്നതായാലും ആശയങ്ങള്‍ നടപ്പിലാക്കുന്നതിലെ ധൃതിയും കാരുണ്യമില്ലായ്മയും അവസാനം എത്തിച്ചേരുക യാന്ത്രികതയിലും ആത്യന്തികമായ നീതിരാഹിത്യത്തിലും ആയിരിക്കുമെന്ന് ഭരണകര്‍ത്താക്കള്‍ മനസ്സിലാക്കാതെ പോയി. എന്നാല്‍ സര്‍വാധിപത്യത്തിലെ ഭരണകൂടം സ്വയം പരിശോധന ചെയ്യുകയോ, തിരുത്തുന്നതിന് മുതിരുകയോ ചെയ്യുകയില്ല. മുപ്പതുകളിലെ ക്ഷാമങ്ങള്‍ അപഹരിച്ച ജീവനുകളുടെ കണക്ക് അനേകം കോടികളായിരുന്നു.

രാഷ്ട്രീയമായല്ല, ശാസ്ത്രീയമായാണ് കാര്‍ഷികപ്രതിസന്ധിയെ നേരിടേണ്ടതെന്നായിരുന്നു ശാസ്ത്രജ്ഞന്മാരുടെ നിഗമനം. കാര്‍ഷികമായി വിളവുകളുടെ വൈവിധ്യമാണ് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രധാന മാര്‍ഗമെന്ന് വാവിലോവ് കരുതി. തീര്‍ച്ചയായും സമയമെടുക്കുന്നതായിരുന്നു അത്. പക്ഷേ, സമയമെടുക്കുവാന്‍ ഭരണകൂടം തയ്യാറായിരുന്നില്ല. സ്വന്തം അബദ്ധങ്ങള്‍ തിരുത്തുന്നതിനും. വാവിലോവ് സ്വാഭാവികമായും ഭരണകൂടത്തിന്റെ ശത്രുവായിത്തീരുകയായിരുന്നു. സ്റ്റാലിനാകട്ടെ ഒരു ബലിയാട് ആവശ്യമായിരുന്നു. വാവിലോവ് അതിനു പറ്റിയ ആളായി. അപ്പുറത്ത് സ്റ്റാലിന്‍ ആവശ്യപ്പെട്ട ശബ്ദങ്ങള്‍ ഉണ്ടാക്കുവാന്‍ വേറൊരു ശാസ്ത്രജ്ഞന്‍ ഉണ്ടായിരുന്നു: ത്രോഫിം ലിസെന്‍കോ (Trofim Lysenko). മാര്‍ക്സിസമാണ് ഏകമാത്ര ശാസ്ത്രമെന്ന് ലിസെന്‍കോ പറഞ്ഞു. മറ്റെല്ലാം അതിനെ സേവിക്കുവാനുള്ള സഹായകശാഖകള്‍ മാത്രം.

1934 ആയപ്പോഴേക്കും ലിസെന്‍കോ സോവിയറ്റ് യൂനിയനിലെ ഏറ്റവും മുന്തിയ കാര്‍ഷികശാസ്ത്രജ്ഞന്റെ പദവി നേടി. ജെനെറ്റിക് ഗവേഷണവും കണ്‍സര്‍വേഷന്‍ പരിപാടികളും അദ്ദേഹം മരവിപ്പിച്ചു. വാവിലോവിന്റെ ഗവേഷണങ്ങള്‍ വെട്ടിച്ചുരുക്കുവാന്‍ സമ്മര്‍ദങ്ങളേറി. അദ്ദേഹത്തിന്റെ പര്യടനങ്ങള്‍ക്കു മേല്‍ വിലക്കുകള്‍ വന്നു. രാഷ്ട്രീയമായ തീരുമാനങ്ങളും ഇടപെടലുകളും മൂലം കാര്‍ഷികരംഗത്ത് വന്ന ഉത്പാദനക്കുറവിനും നാശങ്ങള്‍ക്കും ഗവേഷണത്തിന്റെ പോരായ്മകളില്‍ കുറ്റം കണ്ടെത്തപ്പെട്ടു. എല്ലാം യൂറോപ്പിലേയും അമേരിക്കയിലേയും വിദഗ്ധലോകം വാവിലോവ് നയിക്കുന്ന പദ്ധതികളേയും പരിപാടികളേയും തങ്ങളുടേതിനെക്കാള്‍ മുന്തിയതായി പ്രഖ്യാപിച്ചുകൊണ്ടിരുന്നപ്പോള്‍. വിദേശങ്ങളില്‍നിന്ന് വരുന്ന പ്രശംസ വാവിലോവിന് വിനയായി. സ്റ്റാലിന്റെ പ്രശംസയാകട്ടെ തിരിച്ച് ലിസെന്‍കോവിനു നേരെയൊഴുകി.

വാവിലോവ് പക്ഷേ, സ്തുതിപാഠകന്മാരുടെ കൂടെയായിരുന്നില്ല. ധാന്യോത്പാദനം 80 മില്യന്‍ ടണ്ണില്‍നിന്ന് 100 മില്യന്‍ ടണ്ണാക്കാന്‍ സ്റ്റാലിന്‍ ആഹ്വാനം ചെയ്തപ്പോള്‍ വാവിലോവ് ഓര്‍മിപ്പിച്ചു, വിപ്ലവത്തിനു മുന്‍പ് കൃഷിക്കാര്‍ അതേ ഭൂമിയില്‍നിന്ന് 160 മില്യന്‍ ടണ്ണിനെക്കാള്‍ കൂടുതല്‍ ഉത്പാദിപ്പിച്ചിരുന്നുവെന്ന്. അതിന് മൊലോത്തോവ് വാവിലോവിനെ ക്രെംലിനിലേക്ക് വിളിച്ചു ശകാരിച്ചു. മീറ്റിങ് നടന്നുകൊണ്ടിരിക്കെ സ്റ്റാലിന്‍ കടന്നുവന്ന് നേരെ വാവിലോവിനോട് ഇത്രമാത്രം പറഞ്ഞ് തിരിച്ചുപോയി: 'അക്കാഡെമീഷ്യന്‍ വാവിലോവ്, നിങ്ങള്‍ നിങ്ങളുടെ പൊള്ളയായ സ്വപ്നങ്ങള്‍ കൈവിടൂ. 80 മില്യന്‍ ടണ്‍ ഉറപ്പാക്കാന്‍ ഞങ്ങളെ സഹായിക്കൂ. അത് ധാരാളമാണ്.'

വാവിലോവിന് മനസ്സിലായി ഒരു ദീര്‍ഘകാല ഭക്ഷ്യസുരക്ഷയില്‍ സ്റ്റാലിനോ ഗവണ്മെന്റിനോ കൗതുകമില്ലെന്ന്. ജനങ്ങളെ തൃപ്തിപ്പെടുത്തുവാനുള്ള താത്കാലിക സ്റ്റണ്ടുകള്‍ മാത്രമേ അവര്‍ക്ക് ആവശ്യമുള്ളൂ. ലിസെന്‍കോവും വാവിലോവും തമ്മിലുള്ള ശാസ്ത്രീയതലത്തിലെ തര്‍ക്കം പരിണാമസിദ്ധാന്തത്തിലെ inheritance of acquired characteristics നെക്കുറിച്ചുള്ള പഴയ വിവാദത്തിലേക്ക് നീങ്ങി. ശാസ്ത്രജ്ഞന്മാരുടെ കൂടെ രാഷ്ട്രീയക്കാരെക്കൂടി പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ഒരു ചര്‍ച്ചയില്‍ ലിസെന്‍കോ ജീനിനെ ബയോളജിക്കല്‍ പരീക്ഷണങ്ങള്‍ വഴി മുന്‍കൂട്ടി നിര്‍ണയിക്കുന്ന ദിശയിലേക്ക് മാറ്റാമെന്ന് വാദിച്ചു. വാവിലോവാകട്ടെ അത് ശാസ്ത്രീയമായി സ്ഥാപിക്കപ്പെടുന്നതുവരെ Recombination വഴി ദീര്‍ഘകാലത്തിലൂടെ സംഭവിക്കുന്ന ജെനെറ്റിക് മാറ്റത്തിനെ മാത്രമേ അംഗീകരിക്കാനാവൂ എന്ന് അഭിപ്രായപ്പെട്ടു. ചര്‍ച്ചയുടെ അവസാനം രാഷ്ട്രീയക്കാര്‍ ഇടപെട്ട് inheritance of acquired characteristics ശരിയാണെന്ന് നിശ്ചയിച്ചു. സോഷ്യലിസത്തില്‍കൂടി acquire ചെയ്യാവുന്ന characterകള്‍ വരെയെത്തി നിഗമനങ്ങള്‍. ന്യൂനപക്ഷങ്ങള്‍ ഭരണവര്‍ഗത്തെക്കാള്‍ ജെനെറ്റിക്കലായി പിറകിലാണോ എന്ന ചോദ്യത്തിന് സെക്രട്ടറി പ്രതികരിച്ചത് ഇങ്ങനെയായിരുന്നുവത്രേ: 'ന്യൂനപക്ഷങ്ങള്‍ നമ്മേക്കാള്‍ എല്ലാ തലത്തിലും താഴെയാണ്, തീര്‍ച്ച. പക്ഷേ, സോഷ്യലിസത്തിന്‍ കീഴില്‍ രണ്ടുമൂന്നു തലമുറകള്‍ ജീവിച്ചുകഴിയുമ്പോള്‍ അവരുടെ ജീനുകള്‍ മെച്ചപ്പെടുകയും അവര്‍ നമുക്കൊപ്പം എത്തുകയും ചെയ്യും.'

വാവിലോവ് തന്റെ ചിന്തകളെ ക്രോഡീകരിക്കുന്നതില്‍ മുഴുകി. World Varietal Resources of Grain Crops എന്ന തന്റെ പുസ്തകത്തിനു വേണ്ടി ലോകത്തെമ്പാടുംനിന്ന് ലഭിച്ചിട്ടുള്ള വിത്തുശേഖരത്തെ ആസ്പദമാക്കി ഭൂമിശാസ്ത്രപരമായ ഡാറ്റ സമാഹരിക്കുന്നതിലും ധാന്യവൈവിധ്യകേന്ദ്രങ്ങളുടെ ഭൂപടങ്ങളെ നവീകരിക്കുന്നതിലും അദ്ദേഹം തന്റെ സമയം ചെലവഴിക്കാന്‍ തുടങ്ങി. വരുവാനിരിക്കുന്ന തലമുറകളുടെ ഉപയോഗത്തിനുവേണ്ടി ഈ കൃത്യം തങ്ങള്‍ അതിവേഗം പൂര്‍ത്തീകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം തന്റെ സഹപ്രവര്‍ത്തകരോട് പറഞ്ഞു. അതിനു കാരണമുണ്ടായിരുന്നു. തങ്ങളുടെ ഇടയിലെ പല പ്രമുഖ ജെനെറ്റിസിസ്റ്റുകളും ദുര്‍ഗ്രഹമായ സാഹചര്യങ്ങളില്‍ അപ്രത്യക്ഷരാകുന്നത് അവര്‍ക്ക് കാണാമായിരുന്നു.

1937-ല്‍ മോസ്‌കോവില്‍ നടക്കാനായി വാവിലോവ് വിളിച്ചുകൂട്ടിയിരുന്ന ഏഴാമത്തെ ഇന്റര്‍നാഷനല്‍ കോണ്‍ഗ്രസ് ഓഫ് ജെനെറ്റിക്സ് ഗവണ്മെന്റ് ഇടപെട്ട് തടഞ്ഞു. എഡിന്‍ബറോവിലേക്ക് മാറ്റപ്പെട്ട കോണ്‍ഗ്രസ് വാവിലോവിനെ അതിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുത്തുവെങ്കിലും അദ്ദേഹത്തിന് യാത്രാനുമതി നിഷേധിക്കപ്പെട്ടു. അദ്ദേഹം സ്വന്തം നാട്ടില്‍ യുവാക്കളായ തന്റെ ശിഷ്യന്മാരെ പരിശീലിപ്പിക്കുന്നതിലേക്ക് തിരിഞ്ഞു. അമേരിക്കയില്‍നിന്നും ബ്രിട്ടനില്‍നിന്നും തന്നെ കാണാനെത്തിയ ചില യുവ ശാസ്ത്രകാരന്മാരേയും അവരേയും ചേര്‍ത്തുകൊണ്ട് അദ്ദേഹം തന്റെ വസതിയില്‍ ചര്‍ച്ചകള്‍ സംഘടിപ്പിച്ചു. അതിന്മേല്‍ അദ്ദേഹത്തിന്റെ മേല്‍ ചാരവൃത്തിയുടെ ആരോപണമുണ്ടായി.

ജെനെറ്റിക്സിലെ ഗവേഷണത്തെ കൂടുതല്‍ മുന്‍പോട്ട് കൊണ്ടുപോകേണ്ടതില്ലെന്നും, വിളവ് മെച്ചപ്പെടുത്താന്‍ ട്രാന്‍സ്ജീനിക് വഴികളുണ്ടെന്നും ലിസെന്‍കോ ഗവണ്മെന്റിനെ ധരിപ്പിച്ചു. 'നിങ്ങള്‍ കാരണം മറ്റു രാജ്യങ്ങള്‍ നമ്മുടെ നാടിനെ പിന്നിലാക്കിയിരിക്കുന്നു.' വാവിലോവ് ലിസെന്‍കോവിനോട് തുറന്നടിച്ചു. All Union Institute of Plant Breedingന്റെ ഒരു മീറ്റിങ്ങില്‍ അദ്ദേഹം തന്റെ ശാസ്ത്രജ്ഞന്റെ മനസ്സു തുറന്നു: 'We shall go to pyre, we shall burn, but we shall not retreat from our conviction.' വാവിലോവ് സ്വന്തം മരണവാറന്റ് എഴുതിവാങ്ങി.

1940 ജൂലായ് അവസാനം കൃഷിവകുപ്പിന്റെ പീപ്പിള്‍സ് കോമിസ്സാറിയറ്റില്‍നിന്ന് അദ്ദേഹത്തിന് യുക്രൈനിന്റേയും പോളണ്ടിന്റേയും അതിര്‍ത്തിയിലെ കാര്‍പാതിയന്‍ മലകളില്‍ ഒരു പര്യടനം നടത്താന്‍ നിര്‍ദേശം കിട്ടി. വെളിയിലെ ജോലികളും യാത്രകളും ഇഷ്ടപ്പെട്ടിരുന്ന വാവിലോവ് അത് സസന്തോഷം സ്വീകരിച്ചു. അവിടെ എന്താണ് തന്നെ പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം അറിഞ്ഞില്ല.വാവിലോവും കൂട്ടുകാരും വേണ്ടത്ര സന്നാഹങ്ങളോടുകൂടിത്തന്നെ തിരിച്ചു. കിലോമീറ്ററുകള്‍ നടന്നും, സസ്യങ്ങളും വിത്തുകളും ശേഖരിച്ചും, രാത്രി വൈകുംവരെ ഗ്രാമീണരും കൃഷിക്കാരുമൊത്ത് ചര്‍ച്ചകള്‍ ചെയ്തും അവര്‍ തങ്ങളുടെ ജോലി ശരിക്കും ആസ്വദിച്ചു. പക്ഷേ, അത് അധികനാളുകള്‍ നിന്നില്ല. കോമിസ്സാറിയറ്റില്‍നിന്ന് പ്രത്യേകമായി എത്തിയ ഒരു വണ്ടി അവരെ പിന്തുടര്‍ന്നു വന്ന്, മോസ്‌കോവില്‍ ഒരു മീറ്റിങ്ങിനെന്നു പറഞ്ഞ് വാവിലോവിനെ അതില്‍ പിടിച്ചുകയറ്റി കൊണ്ടുപോയി. അതിനുശേഷം വാവിലോവിന്റെ സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ കണ്ടിട്ടില്ല.

അവസാനയാത്രയില്‍ വാവിലോവ് ഉപയോഗിച്ചിരുന്ന റക്ക്സാക്ക് പിന്നീട് അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ കണ്ടെടുത്തു. ഗോതമ്പിന്റെ അതിപുരാതനമായ ചില പ്രാകൃത തരഭേദങ്ങള്‍ അതിലുണ്ടായിരുന്നു. യുക്രൈനില്‍നിന്ന് വന്ന ചില ശാസ്ത്രജ്ഞന്മാരോട് കുറച്ചുനാള്‍ മുന്‍പ് മാത്രമായിരുന്നു വാവിലോവ് നിര്‍ദേശിച്ചത് അനേകായിരം കൊല്ലം മുന്‍പ് ബാള്‍ക്കനില്‍നിന്നെത്തിയ ഗോതമ്പിന്റെ മാതൃകകള്‍ അപ്പോഴും ആ പ്രദേശത്തുണ്ടാകുമെന്നും, അവയെ കണ്ടെടുക്കണമെന്നും. അദ്ദേഹം അവരെ തോല്പിച്ചു. തടവിലാക്കപ്പെടുന്നതിന്റെ തലേന്ന്! വാവിലോവിന്റെ ബ്ലാക്ക്ബോക്സ്! മാസങ്ങളോളം വാവിലോവ് തടവറയില്‍ ചോദ്യം ചെയ്യപ്പെട്ടു. ദിവസത്തില്‍ പതിമൂന്ന് മണിക്കൂറോളം നിന്നനിലയില്‍ നിര്‍ത്തിക്കൊണ്ട്. അന്ധയുഗത്തിലെ ഇന്‍ക്വിസിഷനെ ഓര്‍മിപ്പിക്കുന്ന രീതിയില്‍. മൂന്നു കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ആരോപിക്കപ്പെട്ടത്. കാര്‍പാതിയന്‍ മലകളില്‍നിന്ന് പോളണ്ടിലേക്ക് രക്ഷപ്പെടാനുള്ള ശ്രമം, ബ്രിട്ടനുവേണ്ടി ചാരവൃത്തി ചെയ്യല്‍, സോവിയറ്റ് കാര്‍ഷികവ്യവസ്ഥയെ മനഃപൂര്‍വം തകിടം മറിക്കാനുള്ള ഗൂഢാലോചന. മൂന്നിലും അദ്ദേഹം കുറ്റക്കാരനായി കണ്ടെത്തപ്പെട്ടു. 1941 ജൂലായ് 9ന് സുപ്രീംകോര്‍ട്ടിന്റെ മിലിട്ടറി കൊളേജിയം അദ്ദേഹത്തെ വെടിവെച്ചു കൊല്ലുവാനും, അദ്ദേഹത്തിന്റെ വസ്തുക്കള്‍ കണ്ടുകെട്ടാനും വിധിച്ചു.

എന്തുകൊണ്ടോ അദ്ദേഹം ഫയറിങ് സ്‌ക്വാഡിന്റെ മുന്‍പിലെത്തിയില്ല. പകരം സാരാതോവ് ജയിലിലേക്ക് മാറ്റപ്പെട്ടു. സ്റ്റാലിന്റെ ശുദ്ധീകരണത്തിന് വിധേയരായ പല ശാസ്ത്രജ്ഞന്മാരുമുണ്ടായിരുന്നു ആ ജയിലില്‍. അവര്‍ക്കുവേണ്ടി ജയിലില്‍ വെച്ച് വാവിലോവ് പല പ്രഭാഷണങ്ങളും നടത്തി. തിരിച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പോകുവാന്‍ തങ്ങളെ അനുവദിക്കുമെന്നാണ് അദ്ദേഹം വ്യാമോഹിച്ചത്. പകരം, വേണ്ടത്ര ഭക്ഷണം കൊടുക്കാതെ അവരെ അല്പാല്പമായി കൊല്ലുവാനായിരുന്നു അധികാരികളുടെ പ്ലാന്‍. ആഹാരക്കുറവ് കാരണം നിരന്തരമായ വയറിളക്കത്തിനും, നീരുവീക്കത്തിനും ഇരയായി വാവിലോവ് എല്ലും തൊലിയുമായി. മനുഷ്യലോകത്തിന്റെ വിശപ്പിനെ ഇല്ലാതാക്കുവാന്‍ വേണ്ടി ജീവിതം മുഴുവന്‍ ഗവേഷണം ചെയ്ത ആ ശാസ്ത്രജ്ഞന്‍ അങ്ങനെ 1943 ജനവരി 26ന് ഒരു സര്‍വാധിപതിയുടെ ഭ്രാന്തിനിരയായി പട്ടിണിയാല്‍ മരിച്ചു.

സ്വപ്നങ്ങളില്‍നിന്ന് ഭ്രാന്തിലേക്ക്

പ്രശ്നം വാസ്തവത്തില്‍ സ്വപ്നങ്ങളുടേയും ഭ്രാന്തിന്റേയുമായിരുന്നു. 'വളരെ വളരെ കഠിനമായ കാലം' എന്ന് ദസ്തയെവ്സ്‌കി അദ്ദേഹത്തിന്റെ കഥയില്‍ എഴുതിയത് ഒരുപക്ഷേ, അസ്ഥാനത്തായിരുന്നില്ല. White Nights എഴുതിയതിന്റെ അടുത്തവര്‍ഷമാണ് വേറൊരു ഭ്രാന്തന്‍ സര്‍വാധിപതി, അന്നത്തെ സാര്‍ ചക്രവര്‍ത്തി, സോഷ്യലിസത്തിന്റെ സ്വപ്നങ്ങള്‍ കണ്ടുവെന്ന കുറ്റത്തിന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. നിക്കോളയ് വാവിലോവിന്റേത് ഒരു സ്വപ്നമായിരുന്നു. പ്രകൃതി നല്കുന്ന പാഠങ്ങളും ശാസ്ത്രജ്ഞാനവും സംയോജിപ്പിച്ച് ക്ഷാമത്തിനും വിശപ്പിനും പരിഹാരം കാണാമെന്നത്. ശാസ്ത്രജ്ഞന്മാരില്‍ സ്വപ്നം കാണുന്നവരുണ്ട്. ഹ്രസ്വവീക്ഷണം വെച്ചുള്ള കൈയേറ്റത്തിനും ചൂഷണത്തിനും പകരം പ്രകൃതിയെ മനസ്സിലാക്കുകയും കൂടെ കൊണ്ടുപോകുകയും ആണു വേണ്ടതെന്നു കരുതുന്ന ശാസ്ത്രജ്ഞന്മാര്‍. അവരുടെ സ്വപ്നങ്ങള്‍ പലപ്പോഴും സ്വപ്നങ്ങളായിത്തന്നെ അവശേഷിക്കുന്നുവെന്നത് വേറൊരു കാര്യം.


സോഷ്യലിസവും ഒരു സ്വപ്നമായിരുന്നു. അനീതിയും ചൂഷണവും ഒഴിവാക്കി, സമത്വസുന്ദരമായ ഒരു ലോകം മനുഷ്യര്‍ക്കിടയില്‍ കെട്ടിപ്പടുക്കുക എന്നത്. നാഷനല്‍ സോഷ്യലിസവും അതുപോലെത്തന്നെ വേറെ ചിലരുടെ ഒരു സ്വപ്നമായിരുന്നു. തിരഞ്ഞെടുക്കപ്പെട്ട ഒരു സവിശേഷ ഇനം മനുഷ്യര്‍ മാത്രം അധിവസിക്കുന്ന ലോകത്തിന്റെ. ഫ്രീ എന്റര്‍പ്രൈസ്, അനാര്‍ക്കിസം, ദൈവരാജ്യം, സ്വര്‍ഗം, ജന്നത്ത്, എല്ലാം അതുപോലെത്തന്നെയുള്ള സ്വപ്നങ്ങള്‍. പക്ഷേ ഏത് ഘട്ടത്തിലാണ് സ്വപ്നങ്ങള്‍ പ്രത്യയശാസ്ത്രങ്ങളായി മാറുന്നത്? വിശ്വാസമായി, ഏകമാത്രസത്യമായി, ഭ്രാന്തായി?
സ്വപ്നങ്ങള്‍ കാണുക മനുഷ്യസ്വഭാവമാണ്. അവയെ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുകയും മനുഷ്യസ്വഭാവമാണ്. എന്നാല്‍ ആ പ്രയത്നത്തില്‍ അവന് യാഥാര്‍ഥ്യബോധം നഷ്ടപ്പെടാം, ഭ്രാന്ത് പിടിക്കാം എന്നതും വാസ്തവമാണ്.

മനുഷ്യന് ഭ്രാന്ത് പിടിക്കുക സാധ്യമാണ്. ഭ്രാന്ത് എന്ന പ്രതിഭാസത്തെ മനുഷ്യനു സംഭവിക്കാവുന്ന ഒരു അവസ്ഥയായി മനസ്സിലാക്കുവാന്‍ കഴിയായ്കയാണ് പല തത്ത്വചിന്തകളും എത്തിപ്പെട്ട ദുരന്തത്തിനു കാരണം. സോഷ്യലിസത്തെ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചവര്‍ ഭൗതികവും സാമ്പത്തികവുമായ ഘടകങ്ങളനുസരിച്ച് യുക്തിഭദ്രമായും രേഖീയമായും നീങ്ങുന്ന ഒരു ലോകത്തില്‍ ദൃഢമായി വിശ്വസിച്ചു. അത്തരമൊരു വിശ്വാസത്തില്‍ താളപ്പിഴകള്‍ക്ക് സ്ഥാനമില്ലായിരുന്നു. മനുഷ്യജീവിതമാകട്ടെ താളപ്പിഴകള്‍ക്ക് തുറന്നിടപ്പെട്ടതാണ് എപ്പോഴും. ഷെഡ്യൂളനുസരിച്ചല്ല, അണ്‍ ഷെഡ്യൂള്‍ഡ് ആയാണ് യാത്രകളേറെയും നീങ്ങിയത്. സംശയവും ഭയവും അധികാര ലഹരിയും പലതിനേയും തകിടംമറിച്ചു. തകിടംമറിയലിനെ തിരുത്താനെന്നതു പോകട്ടെ, അംഗീകരിക്കാന്‍ തന്നെ അനുവദിക്കാത്തവിധം തീവ്രമായിരുന്നു വിശ്വാസം.

പ്രത്യയശാസ്ത്രവിശ്വാസം മതവിശ്വാസംപോലെ ഭാവിയിലാണ് നിക്ഷേപം നടത്തുന്നത്. സ്വര്‍ഗം പോലെ ഭാവിയില്‍ സാക്ഷാത്കരിക്കേണ്ട ചില സ്വപ്നങ്ങളില്‍. അതുകൊണ്ട് യുക്തിഭദ്രമെന്ന് തോന്നിയാലും സ്വഭാവപരമായി അത് മതംപോലെ വര്‍ത്തമാനകാലമോ യാഥാര്‍ഥ്യമോ ആയി ബന്ധമില്ലാത്ത വിശ്വാസികളെ സൃഷ്ടിക്കുന്നു. ഭാവിയിലെ നല്ല കാലം നിരന്തരമായി അകന്നുകൊണ്ടിരിക്കുകയും, അതിനുവേണ്ടി സഹിക്കാന്‍ ആവശ്യപ്പെടുന്ന വര്‍ത്തമാന ദുരിതങ്ങള്‍ കൂടുതല്‍ കൂടുതല്‍ ക്രൂരവും ശാശ്വതവുമായിത്തീരുകയും ചെയ്യുമ്പോള്‍ കാപട്യം ആചാരവും അനുഷ്ഠാനവുമായി ഭവിക്കുന്നു. തങ്ങള്‍ ചെയ്യുന്നതൊക്കെ ശരിയെന്ന് ഭരണകര്‍ത്താക്കളും, ഭരണകര്‍ത്താക്കള്‍ ചെയ്യുന്നതൊക്കെ ശരിയെന്ന് ജനങ്ങളും വിശ്വസിക്കുവാന്‍ തുടങ്ങുന്നു. മറിച്ചുള്ള തെളിവുകള്‍ എത്രമേല്‍ ശക്തമായാല്‍ത്തന്നെയും.

മുപ്പതുകളില്‍ കമ്യൂണിസ്റ്റ് റഷ്യ നടത്തിയ കാര്‍ഷികരംഗത്തെ ആത്മഹത്യാപരവും സിനിക്കലുമായ പരീക്ഷണത്തിന്റെ ഉദാഹരണം മുന്‍പിലുണ്ടായിരുന്നിട്ടും അറുപതുകളില്‍ കമ്യൂണിസ്റ്റ് ചൈന അതുതന്നെ ആവര്‍ത്തിച്ചു. മനുഷ്യചരിത്രത്തിലെതന്നെ ഏറ്റവും ഭയാനകമായ ക്ഷാമം എന്ന് സാമൂഹികശാസ്ത്രജ്ഞന്മാര്‍ വിശേഷിപ്പിക്കുന്ന ക്ഷാമത്തില്‍ ആ രാജ്യം ചെന്നുപെടുകയും ചെയ്തു. കാപട്യത്തിന്റെ ഔന്നത്യത്തില്‍ ഒരു ഓര്‍വെല്ലിയന്‍ ശൈലിയില്‍ മാവോ അതിന് കൊടുത്ത പേര് The Great Leap Forward എന്നായിരുന്നു! ഈ ഭാഷാപരമായ മുളമറ കൂടാതെ, സാംസ്‌കാരിക വിപ്ലവമെന്ന സാസ്‌കാരിക മുളമറയും ഇന്ത്യയെ പാഠം പഠിപ്പിക്കല്‍ എന്ന രാഷ്ട്രീയ മുളമറയും അവര്‍ നിരത്തി. അന്ധവിശ്വാസത്തിന്റെ തിരമാലകള്‍ കടന്നുപോയ ദൂരത്തിന് അളവില്ല.

ദൂരെ കേരളത്തിലെ യുവാക്കള്‍ വരെ, ചോദ്യങ്ങള്‍ ചോദിക്കേണ്ട പ്രസരിപ്പുള്ള പ്രായത്തില്‍, ചൈനയെ സംബന്ധിച്ചിടത്തോളം ഭയാനകമായ അറുപതുകളില്‍, 'മധുരമനോഹര മനോജ്ഞ ചൈന' എന്നും, 'ജീവിതമവിടൊരു മധുരിതഗാനം' എന്നും പാടി നടന്നതും, 'ചൈനയുടെ ചെയര്‍മാന്‍ നമ്മുടെ ചെയര്‍മാന്‍' എന്ന മുദ്രാവാക്യം മുഴക്കിയതും നാം കണ്ടു. എന്തിന്, മുപ്പതു കൊല്ലങ്ങള്‍ക്കുശേഷം ഒരു തലമുറയുടെ കാലയളവ് കടന്ന്, മുളമറ തകര്‍ന്നപ്പോള്‍, ചൈനയിലെത്തിയ യാസ്പര്‍ ബെക്കര്‍ (Jasper Becker) എന്ന സാമൂഹികശാസ്ത്രജ്ഞന്‍ ക്ഷാമത്തെ അതിജീവിച്ച മനുഷ്യരോട് സംസാരിച്ചു. മനുഷ്യരെ നരമാംസഭോജനം വരെയെത്തിച്ച ആ കാലത്തെ നരകയാതനകള്‍ അവര്‍ അദ്ദേഹത്തിന് വിവരിച്ചുകൊടുത്തു. അവസാനം അവര്‍ പറഞ്ഞു ചെയര്‍മാന്‍ മാവോ ആയിരുന്നു തങ്ങളുടെ രക്ഷകനെന്ന് അന്ധമായ വിശ്വാസത്തിന്റെ ജെനെറ്റിക്കലി മോഡിഫൈഡ് വിത്തുകള്‍. സോഷ്യലിസത്തിന്‍ കീഴില്‍ രണ്ടുമൂന്നു തലമുറകള്‍ ജീവിച്ചു കഴിയുമ്പോള്‍ ജീനുകള്‍ മെച്ചപ്പെടുമെന്നാണല്ലോ പാര്‍ട്ടി സെക്രട്ടറി പറഞ്ഞത്. ബെക്കര്‍ അത് ഒരു തലമുറയില്‍ കണ്ടു.

മാര്‍ക്സിസം മാത്രം ഏകശാസ്ത്രം എന്ന വിശ്വാസപ്രമാണം തുടങ്ങുന്നതുതന്നെ ശാസ്ത്രം എന്ന സങ്കല്പത്തെ നിഷേധിച്ചുകൊണ്ടാണ്. കാരണം ശാസ്ത്രം എന്നത് അന്വേഷണമാണ്, വിജ്ഞാനത്തിനു വേണ്ടിയുള്ള നിരന്തരമായ തൃഷ്ണയാണ്. ഉത്പാദനശക്തികളും വര്‍ഗസമരവും മാത്രം നിര്‍വചിക്കുന്ന യാന്ത്രികലോകത്തില്‍ അന്വേഷണമില്ല, ശാസ്ത്രമില്ല, ഉള്ളത് ടെക്നോളജി മാത്രമാണ്. ഉത്പാദനശക്തികള്‍ വിവിധ ഗഡുവുകളില്‍ രൂപപ്പെടുത്തുന്ന ടെക്നോളജികളെ വിശദീകരിച്ചുകൊടുക്കുന്ന ജോലിയിലേക്ക് ശാസ്ത്രം തരംതാഴ്ത്തപ്പെട്ടു. അറിയുവാനുള്ള മനുഷ്യന്റെ തൃഷ്ണ മാത്രമല്ല, ഉത്പാദനത്തിനും ഉപഭോഗത്തിനും അപ്പുറം മനുഷ്യനിലുള്ള പല ചോദനകളും കാണപ്പെടാതെ പോയി. സ്നേഹം, ഭാവനകള്‍, സൗന്ദര്യബോധം, കലകള്‍, അങ്ങനെയങ്ങനെ...

സെലസ്റ്റിയല്‍ സിറ്റിയിലേക്ക്

വിചിത്രമായി തോന്നാം, ആത്മീയവാദികളും ഭൗതികവാദികളും ഒന്നുപോലെ തോറയില്‍നിന്നും പ്രവാചകനിരയില്‍നിന്നും, പുതിയനിയമത്തില്‍നിന്നും ഖുറാനില്‍നിന്നും പകര്‍ന്നു കിട്ടിയ അതേ മനുഷ്യകേന്ദ്രിത ലോകവീക്ഷണത്തിന്റെ ലെഗസിയെയാണ് ഏറ്റെടുത്തത്. ഭൂമി മനുഷ്യനുവേണ്ടിയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നും മറ്റെല്ലാ ജീവജാലങ്ങളെക്കാളും പ്രകൃതിയെക്കാളും മീതെയാണ് മനുഷ്യനെന്നുമുള്ള വീക്ഷണത്തെ. പില്‍ഗ്രിമിനെന്ന പോലെ, പ്രോലിട്ടേറിയറ്റിനും അപാരമായ സുഖങ്ങളിലേക്കും സമൃദ്ധിയിലേക്കുമുള്ള യാത്രയാണ് ജീവിതം. അത് ഇഹത്തിലോ പരത്തിലോ എന്നതും, അതിനെ പറുദീസയെന്നോ, ദൈവരാജ്യമെന്നോ, മക്വേള്‍ഡ് എന്നോ, സോഷ്യലിസ്റ്റ് രാഷ്ട്രമെന്നോ വിളിക്കുന്നതെന്നതും വലിയ വ്യത്യാസമുണ്ടാക്കുന്നില്ല. സംഭവങ്ങള്‍ക്കു പിന്നിലുള്ള ശക്തികളെപ്പറ്റി സോഷ്യലിസ്റ്റുകള്‍ക്കും കാപ്പിറ്റലിസ്റ്റുകള്‍ക്കും വ്യത്യസ്ത ധാരണകളുണ്ടാകാം. പക്ഷേ, സംഭവങ്ങളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ഭിന്നാഭിപ്രായമില്ല. സംഭവിക്കുന്നത് ഒന്നുമാത്രമാണ്. ഉത്പാദിപ്പിക്കുക, പുരോഗമിക്കുക, സമൃദ്ധിനേടുക. ആഡം സ്മിത്തിനു തൊട്ടുപിന്നാലെ വന്ന റോബര്‍ട്ട് മാല്‍ത്തൂസ് ആദ്യത്തെ താക്കീതുയര്‍ത്തിയപ്പോള്‍ കാപ്പിറ്റലിസത്തിന്റേയും സോഷ്യലിസത്തിന്റേയും വക്താക്കള്‍ ഒന്നുപോലെയാണ് പ്രതികരിച്ചത്. മാല്‍ത്തൂസിനെ ക്രൂരനെന്നും, ദരിദ്രരുടെ ശത്രുവെന്നും അധിക്ഷേപിച്ച ഫ്രഡറിക് ഏംഗല്‍സ് അദ്ദേഹത്തിന്റെ സിദ്ധാന്തത്തെ System of Despair എന്നാണ് വിശേഷിപ്പിച്ചത്.

പ്രകൃതിയോടുള്ള അവഗണനയും നൈതികമായ അപചയവും എല്ലാ വിശ്വാസങ്ങള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കും പൊതുവാണ്. ഭൗതികമായാലും ആത്മീയമായാലും സിദ്ധാന്തങ്ങളും സ്വപ്നങ്ങളുമൊക്കെ ഒരേവിധത്തില്‍ ഭാന്തിനു മുന്നില്‍ തുറന്നിടപ്പെടുന്നു. കമ്യൂണിസത്തിന്റെ പതനത്തിനുശേഷമുള്ള ലോകത്തില്‍ കാപ്പിറ്റലിസവും പ്രത്യയശാസ്ത്രരൂപം കൈക്കൊള്ളുന്നത് നാം കാണുന്നു. കമ്യൂണിസം കാഴ്ചവെച്ച അതേ സ്വഭാവത്തോടും ഭയത്തോടും സംശയങ്ങളോടും ആക്രമണോത്സുകതയോടും കൂടിയാണ് അത് ഇന്നത്തെ ലോകത്തില്‍ പ്രവര്‍ത്തിക്കുന്നത്. വര്‍ഗസമരത്തിന്റെ സ്ഥാനത്ത് മാര്‍ക്കറ്റിന്റേയും കമ്യൂണിസ്റ്റ് ഇന്‍ര്‍നാഷണലിന്റെ സ്ഥാനത്ത് ആഗോളവത്കരണത്തിന്റേയും മന്ത്രങ്ങള്‍ ഉരുവിടപ്പെടുന്നു. വഴങ്ങാത്ത ആരേയും ഏതു തന്ത്രം പ്രയോഗിച്ചും കീഴടക്കുവാന്‍ അതു തയ്യാറാണ്. തങ്ങളോടു കൂടിയല്ലാത്തവരെയൊക്കെ തങ്ങളുടെ ശത്രുക്കളായി അത് കരുതുന്നു. വാവിലോവ് -ലിസെന്‍കോ വിവാദത്തില്‍ സോവിയറ്റ് ഭരണകൂടം കാംക്ഷിച്ച ലിസെന്‍കോ മട്ടിലുള്ള ട്രാന്‍സ്ജീനിക് കുറുക്കുവഴികള്‍ സ്വീകരിക്കുവാന്‍ കാപ്പിറ്റലിസ്റ്റ് ലോകവും തയ്യാറാണ്.

വാവിലോവിന്റെ ഗവേഷണത്തില്‍ ആവര്‍ത്തിച്ചുവരുന്ന ജൈവവൈവിധ്യം, വാസ്തവത്തില്‍ വിശാലമായ അര്‍ഥത്തിലുള്ള വൈവിധ്യങ്ങളിലേക്കു കൂടിയാണ് ചൂണ്ടുന്നതെന്ന് അദ്ദേഹത്തിന്റെ ജീവിതകഥ കാണിക്കുന്നു. അഭിപ്രായങ്ങളുടേയും ചിന്തയുടേയും ദര്‍ശനങ്ങളുടേയും വൈവിധ്യമാണ് ആരോഗ്യകരമായ ഒരു സാംസ്‌കാരികസുരക്ഷ ഉറപ്പുവരുത്തുന്നത്. സ്വാതന്ത്ര്യത്തിന്റെ ക്ഷാമംതന്നെയാണ് ഭക്ഷണത്തിന്റെ ക്ഷാമത്തിലും പ്രശ്നം. കാരണം ഭൂമിയും, ഭക്ഷണവും, സംസ്‌കാരവും, രാഷ്ട്രീയവും എല്ലാം ബന്ധപ്പെട്ടു കിടക്കുന്നു. അതുപോലെത്തന്നെ പ്രകൃതിയോടുള്ള സമീപനവും ശാസ്ത്രവും മാര്‍ക്കറ്റും ആഗോളവത്കരണവും കാലാവസ്ഥാവ്യതിയാനവും.

ലെനിന്‍ഗ്രാഡിലെ വിത്തു ബാങ്ക് മാത്രമല്ല കഴിഞ്ഞ തലമുറയുടെ കാലത്ത് അവഗണിക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തത്. അഫ്ഘാനിസ്താനില്‍ മതമൗലികവാദികള്‍ മുന്നേറിയപ്പോള്‍, 1992-ല്‍ അവിടത്തെ ദേശീയ വിത്തു ശേഖരം അപ്പാടെ നശിപ്പിക്കപ്പെട്ടു. 2003-ല്‍ അമേരിക്കന്‍ ആക്രമണകാലത്ത് ബാഗ്ദാദിലെ പ്രസിദ്ധമായ നാഷനല്‍ മ്യൂസിയം കൊള്ളയടിക്കപ്പെട്ടപ്പോള്‍, കുറച്ചു കിലോമീറ്ററുകള്‍ അകലെ സ്ഥിതിചെയ്തിരുന്ന അബുഗരൈബ് നഗരത്തിലെ വിത്തു ബാങ്ക് തകര്‍ക്കപ്പെട്ടത് ലോകശ്രദ്ധയാകര്‍ഷിച്ചില്ല. മെസോപ്പൊട്ടേമിയന്‍ കാലം മുതല്‍ക്കുള്ള പുരാതന ധാന്യവിത്തുകള്‍ സംരക്ഷിക്കപ്പെട്ടുപോന്നിരുന്ന ആ നഗരത്തില്‍ത്തന്നെയാണ് അമേരിക്കന്‍ സൈന്യം ഇറാഖിതടവുകാരെ നാസികളുടേയും സ്റ്റാലിന്റേയും മാതൃകയില്‍ അതിക്രൂരമായി പീഡിപ്പിച്ചതെന്നത് കൗതുകകരമായ ഒരു സംയോഗമാണ്. ധാന്യങ്ങളുടെ എന്നപോലെ സംസ്‌കാരത്തിന്റേയും വിത്തുകളെ നേരിടുന്നതില്‍ കമ്യൂണിസവും മതമൗലികവാദവും, മുതലാളിത്ത സാമ്രാജ്യത്വവും സമാനമനസ്‌കരാണ് എന്നര്‍ഥം.

വിത്തുകള്‍ സസ്യങ്ങളുടെ സ്വപ്നങ്ങളാണ്. അവയിലാണല്ലോ സസ്യങ്ങള്‍ അവയുടെ ഭാവിയെ നിക്ഷേപിക്കുന്നത്. ഒപ്പം അവ ജന്തുലോകത്തിന്റേയും ജീവിതം ഉറപ്പാക്കുന്നു. അവയെ പ്രാകൃതികമായും ശാസ്ത്രീയമായും സംരക്ഷിക്കുവാനും സസ്യലോകത്തോടുള്ള നമ്മുടെ കടപ്പാട് പൂര്‍ത്തീകരിക്കുവാനും ആണ് വാവിലോവ് ശ്രമിച്ചത്. പ്രത്യയശാസ്ത്രപരമായി മോഡിഫൈ ചെയ്യപ്പെടാതെ. അദ്ദേഹം ഒരു സ്വപ്നജീവിയായിരുന്നുവല്ലൊ.

White Nights എഴുതിയതിന്റെ അടുത്തവര്‍ഷം അറസ്റ്റ് ചെയ്യപ്പെട്ട ദസ്തയെവ്സ്‌കിയേയും അന്നത്തെ സര്‍വാധിപതി സാറിന്റെ ഭരണകൂടം വധശിക്ഷയ്ക്ക് വിധിച്ചു. സ്വപ്നങ്ങള്‍ കണ്ട ആ മനുഷ്യനും എങ്ങനെയോ ഫയറിങ് സ്‌ക്വാഡില്‍നിന്ന് രക്ഷപ്പെട്ടു. കുറ്റം ഇളവു ചെയ്ത് ഗവണ്മെന്റ് അദ്ദേഹത്തെ നാലു വര്‍ഷത്തെ കഠിനതടവിന് സൈബീരിയയിലേക്ക് അയച്ചു. വാവിലോവ് അതിജീവിച്ചില്ല. ദസ്തയെവ്സ്‌കി അതിജീവിച്ചു. മടങ്ങിവന്ന്, സ്വപ്നജീവിയായിത്തന്നെ, അദ്ദേഹം പീറ്റര്‍സ്ബര്‍ഗില്‍ തുടര്‍ന്നു. മനുഷ്യരുടെ ആവേശങ്ങളുടേയും, സ്വപ്നങ്ങളുടേയും, ക്രൂരതകളുടേയും, ഭ്രാന്തുകളുടേയും, സര്‍വോപരി സന്മനസ്സിന്റേയും കഥകളെഴുതി. മനുഷ്യഭാവനയില്‍ അദ്ദേഹം വിതച്ച വിത്തുകള്‍ പാറപ്പുറത്ത് വീണവയായില്ല, അവ ഇന്നും വിളവുകള്‍ വിളയിക്കുന്നു.

Content Highlights: stanam thettiya vasthu published by mathrubhumi books written by anand