'വാട്ട് ഈസ് യുവര്‍ ഫാദര്‍? ആരാകാനാണ് ആഗ്രഹം?'; വിദ്യാലയജീവിതത്തെ അസ്വസ്ഥമാക്കിയ രണ്ട് ചോദ്യങ്ങള്‍

വിദ്യാലയജീവിതം പലര്‍ക്കും മധുരസ്മരണയാണ്. അപൂര്‍വം ചിലര്‍ക്ക് കൈപ്പേറിയതും. കലാസാംസ്‌കാരികകേരളത്തിലെ പഴയ തലമുറയിലേയും പുതിയ തലമുറയിലേയും ഏതാനും പ്രശസ്ത വ്യക്തികള്‍ അവരുടെ വിദ്യാലയസ്മരണകളുടെ ചുരുള്‍ നിവര്‍ത്തുന്ന പുസ്തകമാണ് അക്ബര്‍ കക്കട്ടിലിന്റെ 'അധ്യയനയാത്ര.' ഒരു ഭാഗം വായിക്കാം...
ഉല്ലാസപ്രദമായ ദിനങ്ങള്‍
ഇന്നത്തെപ്പോലെ സമരങ്ങളും പഠിപ്പുമുടക്കങ്ങളുമൊന്നുമില്ലാത്ത ഒരു കാലത്തെ, അധ്യാപകര്‍ ചൂരല്‍പ്രയോഗവും ബെഞ്ചില്‍ കേറ്റിനിര്‍ത്തലുമൊക്കെ ശിക്ഷാവിധിയാക്കിയ ഒരു കാലത്തെ, അധ്യാപകരെ എല്ലാ കുട്ടികള്‍ക്കും ഭയമായിരുന്ന ഒരു കാലത്തെ പഴയ തിരുവിതാംകൂറിലെ ഹൈസ്‌കൂള്‍ ജീവിതം ഓര്‍ക്കുകയാണ് നോവലിസ്റ്റായ ജി. വിവേകാനന്ദന്‍. അക്കാലത്ത് രണ്ടേ രണ്ട് ഉത്സവങ്ങളാണുണ്ടായിരുന്നത്. ഒന്ന് സ്‌കൂള്‍ വാര്‍ഷികവും മറ്റൊന്ന് പൊന്നുതമ്പുരാന്റെ തിരുനാളാഘോഷവും.
തിരുനാളാഘോഷത്തിന്റെ മങ്ങാത്ത ചിത്രം വിവേകാനന്ദന്റെ ഹൃദയത്തിലുണ്ട്. ഓരോ കുട്ടിയും നീളമുള്ള ഈര്‍ക്കിലിന്റെ അറ്റത്ത് നിറമുള്ള ചെറിയ കടലാസുകൊടികള്‍ ഒട്ടിച്ചുവേണം സ്‌കൂളിലെത്താന്‍. സ്‌കൂള്‍മുറ്റത്തുനിന്ന് എല്ലാവരും ചേര്‍ന്ന് ആ യാത്ര നിരത്തിലേക്കു നീങ്ങും. മടങ്ങിവന്ന് പൊന്നുതമ്പുരാന്റെ അലങ്കരിച്ച ചിത്രത്തിനു കീഴെ നിന്ന് വഞ്ചീശമംഗളം പാടണം. തുടര്‍ന്ന് ഓരോരുത്തര്‍ക്കും ഓരോ പാത്രം കരുപ്പട്ടിക്കാപ്പി കിട്ടും. 'അന്നു ഞങ്ങളുടെ പൊന്നുതമ്പുരാന്‍ മറ്റു രാജാക്കന്മാരെപ്പോലെ ധൂര്‍ത്തടിക്കുന്നവനോ കുഴപ്പക്കാരനോ അല്ല. അവിവാഹിതനും തികഞ്ഞ ഈശ്വരവിശ്വാസിയുമായിരുന്നു'- വിവേകാനന്ദന്‍ പറയുന്നു.
സ്‌കൂള്‍ വാര്‍ഷികത്തോടനുബന്ധിച്ച് കായികമത്സരവും സാഹിത്യസമ്മേളനവുമുണ്ടാകും. വൈകിട്ട് നടക്കുന്ന സാഹിത്യസമ്മേളനത്തില്‍ പ്രശസ്ത സാഹിത്യകാരന്മാര്‍ ഷാളും ചുറ്റിനിന്ന് കടുകട്ടിയായ ഭാഷയിലാവും സംസാരിക്കുക. തറയില്‍ ചമ്രം പടിഞ്ഞിരിക്കുന്ന കുട്ടികള്‍ അധ്യാപകര്‍ കൈയടിക്കുമ്പോള്‍ കൂടെ കൈയടിക്കണം. ഒരക്ഷരം മനസ്സിലാവില്ല. യോഗം കഴിഞ്ഞാല്‍ ഒരു പ്രഹസനമുണ്ടാവും.' എന്ത് ഉല്ലാസങ്ങളായ
ദിനങ്ങള്‍.... ഒരിക്കല്‍ക്കൂടി സ്‌കൂള്‍ക്കുട്ടിയാവാന്‍ കൊതിതോന്നുന്നു...' ജി. വിവേകാനന്ദന്‍ ആഗ്രഹിക്കുന്നു.
ക്ലേശം നിറഞ്ഞ കാലം
ഹൈസ്‌കൂള്‍ പഠിപ്പിന്റെ കാലം ക്ലേശകരമായിരുന്നു, സാഹിത്യവിമര്‍ശകനായ എം.ആര്‍. ചന്ദ്രശേഖരന്. റെയില്‍പ്പാളത്തിലൂടെ അഞ്ചു നാഴിക വീതം സ്‌കൂളിലേക്കും തിരിച്ചും നടന്ന് കാലു തേയും. ഉച്ചയൂണില്ലാത്ത നാളുകള്‍. ഒമ്പതാംക്ലാസ്സിലുള്ളപ്പോള്‍ എന്നും വൈകിയതിന് ഒന്നാം പീര്യഡ് പുറത്താണ്. ക്ലാസ്സിന്റെ പുറത്തുനിന്ന് കേട്ടാണ് ഇംഗ്ലീഷ് പാഠങ്ങള്‍ പഠിച്ചത്. ക്ലാസ്സിനുള്ളിലും സ്വസ്ഥതയുണ്ടായിരുന്നില്ല. ചെറിയ കുട്ടിയാണ്. എന്തെങ്കിലും കുരുത്തക്കേട് കാണിച്ചിട്ടുമില്ല. എപ്പോഴും ഒരു ചിരിയുണ്ടാവും തനിക്ക്. അത് പരിഹാസച്ചിരിയായി പല അധ്യാപകരും കണക്കിലെടുത്തു. പിന്നെ ബഞ്ചില്‍ അടങ്ങിയിരിക്കാന്‍ വയ്യായ്കയും ഉണ്ട്. ബഞ്ചില്‍ നില്ക്കാനായിരുന്നു പലപ്പോഴും യോഗം. എസ്.എസ്.എല്‍.സിക്കു പഠിക്കുമ്പോള്‍ അക്ഷരശ്ലോകത്തില്‍ കമ്പംകേറി ഉച്ചയ്ക്ക് ക്ലാസ്സില്‍നിന്ന് ചില കൂട്ടുകാരോടൊപ്പം ചാടിപ്പോകും. ഒരിക്കല്‍ ക്ലാസ് ടീച്ചര്‍ കൈയോടെ പിടിച്ച് ഹെഡ്മാസ്റ്ററെ ഏല്പിച്ചശേഷം ക്ലാസ്സുചാട്ടം കുറച്ചെന്നു പറയാം. ഇതിനിടയിലും പഠിത്തത്തില്‍ തീരെ മോശക്കാരനായിട്ടില്ല, അന്നൊന്നും. പക്ഷേ, അന്നത്തെ നീണ്ട യാത്രയും പരാധീനതകളും കാരണം ഹൈസ്‌കൂള്‍ പഠിപ്പിനിടയ്ക്ക് തന്റെ ബുദ്ധി മന്ദിച്ചുപോയെന്നു തോന്നുന്നതായി എം.ആര്‍.സി പറയുന്നു.
1940കളിലായിരുന്നു എം.ആര്‍.സിയുടെ സ്‌കൂള്‍ വിദ്യാഭ്യാസം. ട്യൂഷനില്ലാതെ കുട്ടികള്‍ പഠിച്ചു ജയിച്ച കാലം. പഠിപ്പിച്ചത് ക്ലാസ്സില്‍ പറയണം. ഗൃഹപാഠങ്ങള്‍ ചെയ്യണം. രാഷ്ട്രീയമോ തിരഞ്ഞെടുപ്പോ സ്‌കൂള്‍ വാര്‍ഷികമോപോലുമില്ല. എന്നാല്‍, ക്ലാസ്സില്‍ ചില യോഗങ്ങളും പ്രസംഗങ്ങളുമുണ്ടായതോര്‍ക്കുന്നു. സഹപാഠികള്‍ പ്രസംഗിക്കുമ്പോള്‍ സദസ്സിലിരുന്ന് മനസ്സില്‍ പ്രസംഗിക്കാറുണ്ടായിരുന്നു. അന്നത്തെ അധ്യാപകരെ കണ്ണീരോടെയേ ഓര്‍ക്കാനാവൂ. കര്‍ത്തവ്യം നിര്‍വഹിച്ച് നിശ്ശബ്ദം അരങ്ങു വിട്ടവര്‍. അവകാശങ്ങളില്ല. തുച്ഛശമ്പളം. വയസ്സുകൂടിയ വിദ്യാര്‍ഥികള്‍. ഇന്നോര്‍ക്കുമ്പോള്‍ പല അധ്യാപകരുടെയും മുഖങ്ങള്‍ മനസ്സില്‍ തെളിയുന്നുണ്ട്. 'സ്വയം 60 വയസ്സ് കഴിഞ്ഞ് തൊഴിലില്‍നിന്ന് പിരിഞ്ഞിരിക്കുന്ന ഒരാള്‍ തന്റെ ഹൈസ്‌കൂള്‍ അധ്യാപകരെയും സഹപാഠികളെയും ഓര്‍ത്തിട്ടെന്തുകാര്യം? അവരില്‍ ചുരുക്കം പേര്‍ മാത്രമേ ഇന്ന് ഭൂമുഖത്തവശേഷിക്കുന്നുണ്ടാവൂ. അവരിലാരെങ്കിലും ഈയുള്ളവനെ ഓര്‍ക്കുന്നുണ്ടോ, എന്തോ? അഥവാ, ആരോര്‍ക്കാന്‍? എന്തിനോര്‍ക്കാന്‍?' എം.ആര്‍.സി. ഉപസംഹരിക്കുന്നു.
ആ രണ്ടു വരികള്‍
സുഹൃത്തിനുള്ള കത്ത് എന്ന കവിതയില്‍ വന്ന രണ്ടു വരികള്‍ ജനിക്കാന്‍ എങ്ങനെ ഒരു സ്‌കൂളനുഭവം പ്രചോദനമായി എന്നാണ് കവി അക്കിത്തം അനുസ്മരിക്കുന്നത്. ഒപ്പം തീവ്രമായ ഒരു കാലഘട്ടത്തിന്റെ ചിത്രവും നമുക്ക് ലഭിക്കുന്നു. ഗാന്ധിജിയെ ബ്രിട്ടീഷ് ഗവണ്‍മെന്റ് ബോംബെയില്‍ വെച്ച് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് അക്കിത്തവും സഹപാഠികളും അന്ന് കറുത്ത ബാഡ്ജ് ധരിച്ചാണ് ക്ലാസ്സില്‍ ഹാജരായത്. കയറാട്ട് ബാലകൃഷ്ണമേനോന്‍മാസ്റ്ററുടെ ഫിസിക്സ് ക്ലാസ്സായിരുന്നു ഫസ്റ്റ് പീര്യഡ്. ഗാന്ധിജിയുടെ അറസ്റ്റിലുള്ള മാഷുടെ നടുക്കം അദ്ദേഹം കുട്ടികളിലേക്കു പകരുമ്പോഴാണ് പ്യൂണ്‍ കോയാമു മെമ്മോയുമായി വന്നത്. മാഷത് ഉറക്കെ വായിച്ചു.... 'കറുത്ത ബാഡ്ജു ധരിച്ചവര്‍ അതഴിച്ചുമാറ്റണം, അല്ലെങ്കില്‍ പുറത്തുപോകണം.'
ബാലകൃഷ്ണമേനോന്‍മാസ്റ്റര്‍ ചിരിച്ചു. ആരും കൊടി അഴിച്ചില്ല. മാസ്റ്റര്‍ വീണ്ടും ചിരിച്ചുകൊണ്ടു പറഞ്ഞു: 'ബാഡ്ജഴിക്കുന്നില്ലെങ്കില്‍ പുറത്തു പോകണമെന്നാണല്ലോ ഹെഡ്മാസ്റ്റര്‍ പറയുന്നത്.' അക്കിത്തം എണീറ്റു നടന്നു. പിന്നാലെ മറ്റു കുട്ടികളും. ക്ലാസ്സിലുണ്ടായിരുന്ന പതിനാറു പേരും വരാന്തയില്‍ വന്നുനിന്നു. കോയാമു മെമ്മോയുമായി പോയ മറ്റു ക്ലാസ്സുകളില്‍നിന്നും കുട്ടികളെത്തി. പ്ലാവിന്റെ ചുവട്ടില്‍ എല്ലാവരും ഒത്തുകൂടിയപ്പോള്‍ കമ്യൂണിസത്തോടു ചായ്വുള്ള ഒരു നേതാവും കോണ്‍ഗ്രസ്സിനോടു ചായ്വുള്ള മറ്റൊരു നേതാവും രംഗത്തെത്തി-എന്‍. ഗോവിന്ദന്‍കുട്ടിയും പി.എം. അബ്ദുറഹിമാനും. രണ്ടുപേരും പറഞ്ഞു- 'നമുക്ക് ഒരു പ്രതിഷേധജാഥ നടത്താം.' അക്കിത്തമുള്‍പ്പെടെയുള്ള കുട്ടികള്‍ ഉച്ചവരെ വെയിലത്ത് ജാഥ നടത്തി, വൈകിട്ട് പ്രതിഷേധയോഗവും. ബഹളം കേട്ട് ഓടിയെത്തിയ ഹെഡ്മാസ്റ്റര്‍ ഗര്‍ജിച്ചു: 'പട്ടിയെപ്പിടിച്ച് ചങ്ങലയ്ക്കിട്ടാല്‍ കുട്ടികള്‍ക്കെന്താ?'കുട്ടികള്‍ നാലുപാടും നിന്ന് ഹെഡ്മാസ്റ്ററെ കൂവി. ആള്‍ പേടിച്ച് സ്ഥലം വിടുകയും ചെയ്തു. അന്ന് അക്കിത്തത്തിന്റെ
മനസ്സില്‍ രണ്ടുവരി കേക ജനിച്ചു.
'പട്ടിയെപ്പിടിച്ചാരോ ചങ്ങലയ്ക്കിട്ടാല്‍ കള്ളക്കുട്ടികള്‍ക്കെന്തെന്നുച്ചമാക്രോശിക്കയും ചെയ്താന്‍.' പിന്നീട് എട്ടുപത്ത് വര്‍ഷം കഴിഞ്ഞാവണം 'സുഹൃത്തിനൊരു കത്ത്' എഴുതിയതും ഈ വരികള്‍ അതില്‍ സ്ഥാനം പിടിച്ചതും.
ഒരു കൊച്ചു പത്രാധിപര്‍
പത്താംവയസ്സില്‍ പത്രാധിപരായ കഥയാണ് സാഹിത്യവിമര്‍ശകനായ ടി.എന്‍. ജയചന്ദ്രന്‍ പറയുന്നത്. അച്ഛന്‍ പുറത്തെവിടെയെങ്കിലും യാത്ര ചെയ്തെത്തുമ്പോള്‍ മധുരനാരങ്ങയോ മിഠായിയോ അല്ല കുട്ടികള്‍ക്ക് കൊണ്ടുവന്നിരുന്നത്. ആനുകാലിക പ്രസിദ്ധീകരണങ്ങളോ പുസ്തകങ്ങളോ ആയിരുന്നു. ഈ അക്ഷരസമ്പത്തുകൊണ്ടാവാം ആറാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരു പത്രാധിപരാവാന്‍ ആഗ്രഹം ജനിച്ചത്. സഹപാഠിയായ ഹര്‍ഷന്റെ പങ്കാളിത്തത്തോടുകൂടി 'ഫ്രന്‍ഡ്സ് വീക്കിലി' അങ്ങനെ ജന്മമെടുത്തു. സ്‌കൂള്‍ വാര്‍ത്തകള്‍, പരീക്ഷാഫലം, ക്ലാസ്സിലെ ചില്ലറ അടിപിടിക്കാര്യങ്ങള്‍ തുടങ്ങിയവയായിരുന്നു ഉള്ളടക്കം. മൂന്നുനാലു ലക്കം പുറത്തുവന്നപ്പോഴേക്ക് ഒരു റിപ്പോര്‍ട്ട് കൊടുത്തതിലുള്ള അഭിപ്രായവ്യത്യാസം കാരണം സഹപത്രാധിപര്‍ ഹര്‍ഷന്‍ സ്ഥാനമൊഴിഞ്ഞതോടെ ചുമതല മുഴുവന്‍ സ്വന്തം തലയിലാവുകയും സുഭാഷ് എന്ന് പേര് മാറ്റി മാസിക തുടര്‍ന്നിറക്കുകയും ചെയ്തു.
കൗമുദി ബാലകൃഷ്ണന് മാസികയെപ്പറ്റി എഴുതിയ കത്തിന് അദ്ദേഹമയച്ച പ്രോത്സാഹനകരമായ മറുപടി ഇന്നും ഉള്‍പ്പുളകമുണ്ടാക്കുന്നു. ഈ മാസികക്കമ്പം 'ജയചന്ദ്രനെ' ഒരു ദിനപ്പത്രത്തിന്റെ പത്രാധിപരാക്കുന്നതുവരെ എത്തിച്ചു. അത് പത്താംക്ലാസ്സില്‍ പഠിക്കുമ്പോഴാണ്. സ്‌കൂള്‍ഗേറ്റ് പിക്കറ്റ് ചെയ്തതിന് സഹപാഠിയായ പി.സി. ജോസഫിനെ അറസ്റ്റുചെയ്തപ്പോള്‍ സഹിക്കാനായില്ല. 'പി.സി. ജോസഫ് അറസ്റ്റില്‍' എന്ന ഹെഡ്ലൈന്‍ കൊടുത്തത് ഇപ്പോഴും ഓര്‍ക്കുന്നു. കുറച്ചു ദിവസം ഈ ദിനപ്പത്രം നടത്തി.
സുഭാഷിനു പുറമെ താന്‍ പ്രസിഡണ്ടായുള്ള ഒരു ക്ലബ്ബിന്റെ പുരോഗതി എന്ന കൈയെഴുത്തുമാസികയ്ക്കുവേണ്ടി ലേഖനശീര്‍ഷകങ്ങള്‍ വരഞ്ഞതും ലേഖനങ്ങളും കഥകളും എഴുതിയതും ടി.എന്‍. ജയചന്ദ്രന്‍ ഓര്‍ക്കുന്നു. ഒപ്പം കോഴിക്കോട്ടു നടന്ന ഒരു കൈയെഴുത്തുമാസികാപ്രദര്‍ശനത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ വേണ്ടിമാത്രം ജ്യേഷ്ഠനായ ടി.എന്‍. ജയദേവന്റെ സഹായത്തോടുകൂടി ലാത്തി എന്ന കൈയെഴുത്തു വിനോദമാസിക തയ്യാറാക്കിയതും ശ്രദ്ധ പിടിച്ചുപറ്റിയതും എടുത്തുപറയാനുണ്ട്.
'മലയാളത്തില്‍ നാലക്ഷരം എഴുതുന്നതിനുള്ള പ്രധാന പ്രചോദനമായി വര്‍ത്തിച്ചതും പരിശീലനത്തിന് വേദിയൊരുക്കിയതും ഇപ്പറഞ്ഞ കൈയെഴുത്തു പ്രസിദ്ധീകരണങ്ങളായിരുന്നു.' ടി.എന്‍. ജയചന്ദ്രന്‍ പറയുന്നു.
വെറുമൊരു മോഷ്ടാവായോരെന്നെ...
കഥാകൃത്തായ എസ്.വി. വേണുഗോപന്‍ നായര്‍ പറയുന്നതും ഒരു കൈയെഴുത്തുമാസിക നടത്തിയ കഥയാണ്. ആ കഥ ആദ്യമായും അവസാനമായും നടത്തിയ സാഹിത്യമോഷണത്തിന്റെ കഥകൂടിയാണെന്ന് അദ്ദേഹം സരസമായി വിവരിക്കുമ്പോള്‍ നാമറിയാതെ ചിരിച്ചുപോകും. കുട്ടികള്‍ക്ക് ചിന്തിക്കാന്‍ ഒരവസരവുംകൂടിയാണദ്ദേഹം നല്കുന്നത്. കുഗ്രാമമാണ്, അവിടെ വായനശാലയില്‍ ഒരു കൈയെഴുത്തു മാസിക. അതിന്റെ മാതൃകയിലാണ് ഫിഫ്ത്ത്ഫോമില്‍ പഠിക്കുകയായിരുന്ന വേണുഗോപന്റെ ഇനീഷ്യേറ്റീവില്‍ ടി ദേഹം മുഖ്യ പത്രാധിപരായി സ്‌കൂളിലും ഒന്നു സംഘടിപ്പിക്കുന്നത്. രചനകള്‍ പലതും കിട്ടി.
പത്രാധിപരുടെ വകയായും ഒന്നില്ലെങ്കില്‍ അധ്വാനമൊക്കെ വെറുതെയല്ലേ? കവിത കീറാമുട്ടിയാണ്. ലേഖനമെഴുതാന്‍ വിവരവും പോരാ. അങ്ങനെയാണ് ഒരു കഥ പടച്ചുകളയാം എന്നു തീരുമാനിക്കുന്നത്. പക്ഷേ, കഥ വേണ്ടേ? മലയാളരാജ്യം വിശേഷാല്‍പ്രതിയില്‍ ഒരു പ്രസിദ്ധന്‍ എഴുതിയ കഥ ഓര്‍മയിലുണ്ട്. കഥയിതാണ്. കുട്ടി പടം വരയ്ക്കുന്നതു കണ്ട് ക്രുദ്ധനായി അധ്യാപകന്‍ അടുത്തുചെന്നപ്പോള്‍ സ്വന്തം പടം; കൂടുതല്‍ ക്രുദ്ധനായി അങ്ങേര്‍ കുട്ടിയെ തല്ലി; രക്ഷിതാവിനെ കൂട്ടി വരാന്‍ പറഞ്ഞ് പുറത്താക്കുകയും ചെയ്തു. ചിത്രകാരന്‍ പനിപിടിച്ചു കിടപ്പായി. പനി ജ്വരമായി. മരണശയ്യയില്‍ കിടന്ന് അവന്‍ മാഷോടു മാപ്പിരന്നു. സാറിനും വിഷമമായി.
വേണുഗോപന്‍ നായര്‍ ഈ കഥ സ്വന്തം ഭാഷയിലാക്കി കൈയെഴുത്തുമാസികയിലേക്ക് പകര്‍ത്തുന്നു. 'സ്വന്തം ഭാഷയിലാക്കി' എന്നു പറയുമ്പോള്‍ 'മുഴുക്കള്ളനായില്ലെന്ന്' സൂചന. കഥ ജനത്തിനിഷ്ടമായി. പറഞ്ഞിട്ടെന്ത്? പിന്നെ കഥ വായിച്ച് ആരെങ്കിലും അഭിനന്ദിക്കുമ്പോള്‍ ഉള്ളു പിടയ്ക്കും. ഏതു നിമിഷവും പിടികൂടപ്പെടാമെന്ന ചിന്ത. അച്ഛനായിരുന്നു ക്ലാസ് ടീച്ചര്‍. അച്ഛനോ മറ്റോ മൂലകഥ വായിച്ചിട്ടുണ്ടെങ്കില്‍...! ആ ഒരു പേടി വേറെയും. വീട്ടിലും പേടിച്ചുകഴിയേണ്ട ഗതികേട്. ആ വിശേഷാല്‍പ്രതിയില്‍നിന്ന് കഥ കീറി കത്തിച്ചുകളയാനാണ് പിന്നെ ബുദ്ധി ഉദിച്ചത്. (നോക്കണേ ഒറ്റ കോപ്പിയല്ലേ മലയാളരാജ്യം അച്ചടിച്ചത്! അതാലോചിക്കാനുള്ള 'തല'യുമില്ലല്ലോ അന്ന്) അങ്ങനെ പ്രവര്‍ത്തിക്കുകയും ചെയ്തു. പിന്നെ പേടി അതുകൂടിയായി. വിശേഷാല്‍പ്രതി കീറിയത് അച്ഛന്‍ കണ്ടുപിടിച്ചാലോ? കുറ്റങ്ങള്‍ പെരുകുകയാണ്. കൊല്ലങ്കോട് ഭഗവതിയെ ധ്യാനിച്ച് ദിവസങ്ങള്‍ തള്ളിനീക്കി. ഒടുക്കം സര്‍ക്കുലേഷന്‍ പൂര്‍ത്തിയായി കൈയെഴുത്തുമാസിക തിരോഭവിച്ചപ്പോഴാണ് ജീവന്‍ വീണു കിട്ടിയത്. 'ഭാഗ്യംകൊണ്ട് മോഷ്ടാവെന്ന ഖ്യാതി നേടിയില്ല. പക്ഷേ, ഒരു പെരുങ്കള്ളന്‍ അനുഭവിച്ചിരിക്കാവുന്നതിലേറെ വേവലാതിയും ആത്മനിന്ദയും അനുഭവിച്ചു. വേണുഗോപന്‍ നായര്‍ ചെറുചിരിയോടെ നിര്‍ത്തുന്നു.
പുസ്തകത്തില്‍നിന്നും വേട്ടനായ
അമ്മയുടെ സ്ഥലംമാറ്റം കാരണം ഹൈസ്‌കൂളിലെ മൂന്നുക്ലാസ്സുകളില്‍ മൂന്നിടത്തായാണ് കഥാകൃത്തായ വൈശാഖന്‍ പഠിച്ചത്. ഓരോ വര്‍ഷാരംഭത്തിലും സ്‌കൂളിലെ പുതിയ കുട്ടിയുടെ ഏകാന്തത അദ്ദേഹത്തെ പിടികൂടിയിരുന്നു. മറ്റു കുട്ടികള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടാന്‍ എന്തെങ്കിലും ചെയ്യാനാഗ്രഹിച്ചിരുന്നെങ്കിലും സങ്കോചം തടസ്സമായി നിന്നു. ഫുട്ബോള്‍ ഗ്രൗണ്ടില്‍ ഒന്നു പയറ്റാന്‍ നോക്കിയത് നല്ല കളിക്കാര്‍ക്ക് അസൗകര്യമുണ്ടാക്കുന്ന ഒരു കളിക്കാരനാവുന്നതില്‍ കവിഞ്ഞ ഫലമൊന്നുമുണ്ടാക്കിയില്ല. തലയ്ക്കു പകരം പന്തിനെ മുഖം എതിരേറ്റ് മൂക്ക് താറുമാറായതോടെ കളിക്കളം വിട്ടു. ഒറ്റയ്ക്കു നടക്കാനും മാനസികവിനോദങ്ങളില്‍ മുഴുകാനും മൂക്കിലിടിച്ച പന്ത് സഹായകമായി. ഫിഫ്ത്ത് ഫോറത്തില്‍ പഠിക്കുമ്പോഴായിരുന്നു ഈ പരിണാമം.
വീട്ടില്‍നിന്ന് മൂന്നുനാലു മൈല്‍ നടന്നാണ് അന്ന് സ്‌കൂളിലെത്തിയിരുന്നത്. ഇംഗ്ലീഷ് ഉപപാഠം പഠിപ്പിക്കുന്ന പീര്യഡുള്ള ദിവസങ്ങളില്‍ ഈ നടത്തത്തിന് ആയാസം കുറവായിരുന്നു. ആര്‍തര്‍ കോനന്‍ ഡോയലിന്റെ ദ ഹൗണ്ട് ഓഫ് ബാസ്‌ക്കര്‍ വില്‍സ് പഠിച്ചതോര്‍മയുണ്ട്. മനസ്സില്‍ ചലനങ്ങളുണ്ടാക്കിയ ക്ലാസ്. ബാസ്‌ക്കര്‍വില്‍സിലെ ഇരുണ്ട മലയിടുക്കുകളും ചതുപ്പുകളും രാത്രിയിലെ ഏകാന്തനായ യാത്രക്കാരനെ ഭയചകിതനാക്കിക്കൊണ്ട് ചാടിവീഴുന്ന ഭീകരരൂപിയായ നായയുമെല്ലാം അധ്യാപകന്റെ വിവരണങ്ങളില്‍ കണ്‍മുന്‍പില്‍ തെളിഞ്ഞിരുന്നു. ഒരു ഭയാനകമായ രാത്രിയില്‍ സ്വപ്നത്തില്‍ വൈശാഖന്‍ ക്ലാസ്സില്‍ ഇരുന്നു വിറച്ചു. തീജ്ജ്വാലകള്‍ പടര്‍ത്തി ഹൗണ്ട് മനസ്സിലേക്ക് കുതിച്ചുചാടി. പിന്നെ ജനലരികിലിരുന്നു വായിക്കുമ്പോള്‍ വെളിയിലേക്ക് നോക്കിയിരിക്കുക പതിവായി. രാത്രിയുടെ മനോഹാരിതയും വശ്യതയും ഇഴചേര്‍ന്ന് അസ്വസ്ഥതയുണ്ടാക്കി, ഒപ്പം മനുഷ്യനിലെ നന്മയും തിന്മയും. ഒടുവില്‍ രാത്രിയെക്കുറിച്ച് ഒരു ഗദ്യകവിത എഴുതി. നിശീഥിനി എന്നു പേരിട്ട ആ ഗദ്യകവിതയായിരുന്നു തികച്ചും സ്വന്തമായി വൈശാഖന്‍ എഴുതി എന്ന് സ്വയം അഭിമാനിച്ച ആദ്യരചന.
കുറുപ്പുമാഷുടെ നിര്‍ദയത്വം
ചെയ്തുപോയ തെറ്റ് ജീവിതത്തിലെന്നും ശരി ഉയര്‍ത്തിപ്പിടിക്കാന്‍ പ്രേരണയും ശക്തിയും നല്കിയ അനുഭവമാണ് ഗായികയായ സുകുമാരി നരേന്ദ്രമേനോന്‍ ഓര്‍ക്കുന്നത്. അവര്‍ അന്ന് പാലക്കാട് ജില്ലയിലെ പത്തിരിപ്പാല ബോര്‍ഡ് ഹൈസ്‌കൂളില്‍ ഒമ്പതാംക്ലാസ്സിലാണ്. മഹാ സംഗീതവൈരിയായ ഒരാളായിരുന്നു കണക്കുമാഷുംകൂടിയായ ക്ലാസ്മാഷ്. സുകുമാരി മറ്റു വിഷയങ്ങളില്‍ വലിയ കുഴപ്പമില്ലെങ്കിലും കണക്കില്‍ പിറകിലായിരുന്നു. സംഗീതവൈരികൂടിയാണ് മാഷെങ്കില്‍ പിന്നെ പറയാനുണ്ടോ സുകുമാരി കേള്‍ക്കേണ്ടിവരുന്ന ചീത്തയുടെ കനം?
കണക്കില്‍ മാര്‍ക്കു കുറഞ്ഞതിന് 'ഹാര്‍മോണിയം കട്ട അമര്‍ത്തുന്നതുപോലെ എളുപ്പമല്ല കണക്ക്' എന്ന ശകാരത്തോടെ കുറുപ്പുമാഷ് പ്രോഗ്രസ് കാര്‍ഡ് വിതരണം ചെയ്ത ദിവസമാണ് കുലുമാലുകളുണ്ടാകുന്നത്. അന്ന് ആ ഒമ്പതാംകാസ്സുകാരി എന്തു ചെയ്തുവെന്നോ? പ്രോഗ്രസ് കാര്‍ഡ് കിട്ടിയ ഉടനെ ക്ലാസ്സില്‍വെച്ചുതന്നെ ഒപ്പിട്ടങ്ങ് കൊടുത്തു. ധിക്കാരം കാണിച്ചതല്ല. ചെയ്യുന്നത് തെറ്റാണെന്ന് അപ്പോള്‍ അറിയുമായിരുന്നില്ല. അച്ഛന്‍ ഈ മാര്‍ക്ക് കണ്ടാല്‍ കണക്കിനു തരുമല്ലോ എന്ന പേടികൊണ്ട് സ്വയം സേവനമനുഷ്ഠിച്ചു എന്നു മാത്രം. പക്ഷേ, കുറുപ്പുമാഷെ സംബന്ധിച്ചിടത്തോളം ഇതില്പരമൊരു ധിക്കാരമുണ്ടോ? കേസ് കാതുകള്‍ കാതുകള്‍ കൈമാറി കത്തിന്റെ രൂപത്തില്‍ അച്ഛന്റെ അടുത്തെത്തി. അച്ഛനാണെങ്കില്‍ അച്ചടക്കലംഘനം തീരെ പൊറുപ്പിക്കാത്ത വ്യക്തി. അച്ഛന്‍ സ്ഥലത്തില്ലാത്തതിനാല്‍, വരുമ്പോള്‍ മാര്‍ക്കു കണ്ടാല്‍ കുഴപ്പമാണെന്നു കരുതിയാണ് സുകുമാരി സ്വയം ഒപ്പിട്ടതുതന്നെ. ആ അച്ഛന്റെ മേശപ്പുറത്താണിപ്പോള്‍ കേസ്.
അച്ഛന്റെ കേസ്വിധി ദുസ്സഹമായിരുന്നു. ആമുഖമായി മര്‍ദനം. പിന്നെ സ്‌കൂളില്‍ പോകുമ്പോള്‍ ധരിക്കാന്‍ നല്ല വസ്ത്രങ്ങള്‍ കൊടുത്തില്ല. ഭക്ഷണം പണിക്കാരത്തികളുടെ കൂട്ടത്തില്‍. കൂടാതെ സാധാരണ ചെയ്യിക്കാറില്ലാത്ത മുറ്റമടിപ്പിക്കല്‍, കക്കൂസ് വൃത്തിയാക്കല്‍. ഒരാഴ്ചയോളം ശിക്ഷയുടെ സീരീസ്തന്നെ. ഒടുക്കം പ്രിയപ്പെട്ട മലയാളം മാഷ് ഇടപെട്ടാണ് കേസ് ഒതുക്കിത്തീര്‍ത്തത്. 'അച്ഛന്റെ ശിക്ഷ ജീവിതത്തില്‍ പിന്നീട് നുണ പറയാതിരിക്കാനും കള്ളം ചെയ്യാതിരിക്കാനും എനിക്ക് പ്രചോദനമായി'....സുകുമാരി നരേന്ദ്രമേനോന്‍ പറയുന്നു.
അരങ്ങേറ്റം
ഇന്നും മനസ്സില്‍ തേങ്ങലുകളുയര്‍ത്തുന്ന ഒരനുഭവമാണ് നര്‍ത്തകി കലാമണ്ഡലം സരസ്വതിക്കു പറയാനുള്ളത്. പതിനൊന്നാമത്തെ വയസ്സില്‍ കലാമണ്ഡലത്തില്‍ ചേര്‍ന്ന സരസ്വതിയുടെ അരങ്ങേറ്റം മൂന്നാംവര്‍ഷമായിരുന്നു. അച്ഛന്‍ ജീവിച്ചിരിക്കുമ്പോഴാണ് സംഭവം. അരങ്ങേറ്റത്തിന് ഗുരുനാഥന്മാര്‍ക്കും പക്കമേളക്കാര്‍ക്കുമൊക്കെ ദക്ഷിണ കൊടുക്കണമല്ലോ. അച്ഛന്‍ അതൊക്കെ ഒരുക്കുകയാണ്. സരസ്വതി ആഹ്ലാദത്തിമര്‍പ്പോടെ അരങ്ങേറ്റത്തിനൊരുങ്ങുന്നു. പെട്ടെന്നതാ വിധിയുടെ ഒരു കടന്നാക്രമണം: ആ കൊച്ചുനര്‍ത്തകി പനിപിടിച്ചു കിടപ്പിലായി. പനിയെന്നു വെച്ചാലോ, ടൈഫോയിഡുതന്നെ.
അച്ഛനെ യഥാസമയം വിവരമറിയിക്കാന്‍ സാധിച്ചില്ല. അദ്ദേഹം മകളുടെ അരങ്ങേറ്റത്തിനുള്ള ഒരുക്കങ്ങളോടെ ആവേശപൂര്‍വം എത്തി. എന്തു പറയാന്‍? വന്നപോലെ അദ്ദേഹത്തിനു തിരിച്ചുപോകേണ്ടിവന്നു. ഇന്നും ആ സംഭവം സരസ്വതിയെ വിഷാദഭരിതയാക്കുന്നു. പിന്നീട് ടൈഫോയിഡ് മാറി ആറു മാസത്തിനുശേഷമാണ് അരങ്ങേറ്റം നടന്നത്.
നിത്യകന്യകയും മുഹമ്മദലിയും
എട്ടാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒപ്പിച്ച ഒരു കുസൃതിയുടെ കഥയാണ് കഥാകൃത്ത് യു.കെ. കുമാരന്‍ ഓര്‍ക്കുന്നത്. സ്‌കൂളില്‍ പോകുന്ന വഴിക്ക് ഗോപാലേട്ടന്റെ ചായപ്പീടികയുടെ പുറത്ത് ഒട്ടിച്ച നിത്യകന്യകയുടെ പോസ്റ്റര്‍ കുമാരനെ വല്ലാതെ ആകര്‍ഷിച്ചു. ഈ സിനിമാ പോസ്റ്റര്‍ പറിച്ചെടുത്താല്‍ പുസ്തകത്തിനു പൊതിയിടാം. നല്ല ചന്തമായിരിക്കും. കോഫി ബോര്‍ഡില്‍ ജൂനിയര്‍ ലെയ്സന്‍ ഓഫീസറായിരുന്ന ശ്രീധരനായിരുന്നു അന്ന് സഹപാഠിയും സഹയാത്രികനും. സംഭവം നടക്കുന്ന ദിവസം ശ്രീധരന്‍ കൂടെയില്ല. കുമാരന്‍ പോസ്റ്റര്‍ കീറിയെടുത്തു. പിറ്റേന്ന് പൊതിയിട്ട പുസ്തകവുമായി ശ്രീധരനോടൊപ്പം സ്‌കൂളിലെത്തുമ്പോള്‍ ഗോപാലേട്ടന്‍. ചുറ്റിലും കുട്ടികള്‍. ആരോ പറഞ്ഞു: 'ഇവനാ പോസ്റ്റര്‍ കീറിയത്'-കുമാരന്‍ 'ഞാന്‍തന്നെ'എന്നു കൂളായി പറഞ്ഞു: 'ഈ മൂട്ടയോ' ക്ലാസ്സിലെ ഏറ്റവും
ചെറിയ കുട്ടിയായ കുമാരനെ നോക്കി ഗോപാലേട്ടന്റെ കമന്റ്. പിന്നെ ഒരു ഭീഷണിയും. 'പോലീസില്‍ പരാതിപ്പെടും. നിനക്കാറുമാസം തടവും പിഴയും കിട്ടും.' പിന്നെ ക്ലാസ് മാഷോടും പരാതി പറയും.
മധ്യസ്ഥശ്രമങ്ങള്‍ നടന്നു. അവസാനം ഗോപാലേട്ടന്‍ ഉന്നയിച്ച ആവശ്യം ഇതാണ്. നഷ്ടപരിഹാരം നല്കിയാല്‍ പ്രശ്നം പരിഹരിക്കാം. 50 പൈസ നഷ്ടപരിഹാരം എന്നു തീര്‍പ്പായി. കുമാരനെവിടുന്ന് നഷ്ടപരിഹാരം നല്കാന്‍? ചില്ലിക്കാശ് വീട്ടില്‍നിന്ന് കിട്ടില്ല. ഏതു പ്രതിസന്ധിയിലും രക്ഷയ്ക്കെത്തുന്ന ശ്രീധരന്‍തന്നെ വഴി കണ്ടെത്തി. ക്ലാസ്സില്‍ മുതിര്‍ന്ന ഒരു കുട്ടിയുണ്ട്. മുഹമ്മദലി. കുറി നടത്തുന്ന ആളാണ്. പലിശയ്ക്ക് പണവും കൊടുക്കും. മുഹമ്മദലിയില്‍നിന്ന് അന്‍പതു പൈസ കടം വാങ്ങി. പൈസ കൊടുക്കുമ്പോള്‍ അവന്‍ പറഞ്ഞു: ദിവസവും അയ്യഞ്ചു പൈസ പലിശയാണ്. മറക്കരുത്. യു.കെ. സമ്മതിച്ചു.
രണ്ടു മാസത്തിനുശേഷം ഒരു ദിവസം സ്‌കൂളില്‍ വരുമ്പോള്‍ ഗോപാലേട്ടന്റെ കട കത്തിനശിച്ചത് യു.കെ. കണ്ടു. അതിനു മുന്‍പില്‍ ഗോപാലനിരുന്ന് കരയുന്നതു കണ്ട് യു.കെ.യ്ക്ക് വിഷമമായി. മുഹമ്മദലി എട്ടാംക്ലാസ് പൂര്‍ത്തിയാക്കാതെ സ്ഥലംവിടുകയാണുണ്ടായത്. അളവ് തൂക്കത്തിന്റെ വ്യാജ ഇന്‍സ്പെക്ടറായി കടക്കാരില്‍നിന്ന് ധാരാളം പണംതട്ടി മുങ്ങിയ മേപ്പടിയാന്‍ പിന്നെ ചിട്ടിക്കമ്പനി നടത്തി. 'ഇപ്പോള്‍ മുതലാളി, മൂന്ന് ഭാര്യയുമുണ്ട്.' യു.കെ. പറയുന്നു.
യൂ മസ്റ്റ് ബിക്കം...
കുട്ടികളില്‍ 'കോംപ്ലക്സ്' വളര്‍ത്താന്‍ മാത്രം ഉപകരിക്കുന്ന രണ്ടുചോദ്യങ്ങളാണ് എഴുത്തുകാരനായ പോള്‍ മണലില്‍ വിദ്യാലയജീവിതത്തില്‍നിന്ന് അസ്വസ്ഥതയോടെ എടുത്തുയര്‍ത്തുന്നത്. ഒന്നാംചോദ്യം: വാട്ട് ഈസ് യുവര്‍ ഫാദര്‍? രണ്ടാംചോദ്യം: ഭാവിയില്‍ ആരാകാനാണാഗ്രഹം? ആദ്യചോദ്യം അഞ്ചാംതരത്തിലെ ക്ലാസ് ടീച്ചറായ തമ്പാന്‍സാറിന്റെ വകയായിരുന്നു.
ഓരോരുത്തരായി പറഞ്ഞുതുടങ്ങി. ഡോക്ടര്‍, ഫാര്‍മര്‍, എഞ്ചിനീയര്‍ എന്നിങ്ങനെ... ഈ ചോദ്യത്തിന് എന്തുത്തരം പറയണമെന്ന് പോളിനറിയില്ലായിരുന്നു. അടുത്ത കുട്ടിയെ അനുകരിച്ച് പോള്‍ പറഞ്ഞു: ഫാര്‍മര്‍. രണ്ടാം ചോദ്യം ഔസേഫ്സാറിന്റെ വകയായിരുന്നു. ആറാംക്ലാസ്സില്‍വെച്ച്. ഓരോരുത്തരും ഡോക്ടര്‍, എഞ്ചിനീയര്‍ എന്നൊക്കെ പറഞ്ഞു. പോളും എന്തോ പറഞ്ഞു. അതും സത്യമായിരുന്നില്ല. ഔസേഫ്സാര്‍ പിന്നീട് ചെയ്ത കൃത്യം ക്രൂരമായിരുന്നു. ക്ലാസ്സിലെ മിടുക്കനായ അനില്‍ ജേക്കബ് ടൈറ്റസിനെ നോക്കി പറഞ്ഞു: 'അനില്‍, യൂ മസ്റ്റ് ബിക്കം എ ഡോക്ടര്‍.' തനിക്കും മറ്റു കുട്ടികള്‍ക്കും അന്ന് അനിലിനോട് അസൂയ തോന്നിയെന്നു പറയുന്ന പോള്‍, ഇത്തരം ചോദ്യങ്ങള്‍ കുട്ടികളിലുണ്ടാക്കാവുന്ന അപകര്‍ഷതാബോധത്തിലേക്ക് വിരല്‍ ചൂണ്ടുകയാണ്.
വ്യാകരണത്തമാശ
മറ്റു കുട്ടികളെക്കൊണ്ട് കുരങ്ങു കളിപ്പിക്കാന്‍ താന്‍ മിടുക്കനായിരുന്നുവെന്ന് കവിയും മാപ്പിളപ്പാട്ടു രചയിതാവുമായ പി.ടി. അബ്ദുറഹിമാന്‍ പൊട്ടിച്ചിരിയോടെ ഓര്‍ക്കുന്നു. ഓരോന്നു പറഞ്ഞ് സഹപാഠികളെ തുള്ളിക്കും, താന്‍ ചിത്രത്തിലുണ്ടാവുകയുമില്ല; എന്നാല്‍ ചിലപ്പോള്‍ താന്‍ പിടിക്കപ്പെട്ടില്ലേ? ഉണ്ട്.
അത്തരമൊരു സംഭവമിതാ!
രാമക്കുറുപ്പുമാസ്റ്റര്‍ 'കടിച്ചാല്‍ പൊട്ടാത്ത' വ്യാകരണമെടുക്കുന്നു. മാഷ് പറയുകയാണ്: 'രാമന്‍ പൂച്ചയെ അടിച്ചു'- ഈ 'അടിച്ചു എന്ന ക്രിയയോട് ആര് എന്നു ചോദിക്കുക. ഉത്തരം 'രാമന്‍'-അതാണ് കര്‍ത്താവ്. അപ്പോഴാണ് അബ്ദുറഹിമാന്‍ തൊട്ടടുത്തിരിക്കുന്ന വിജയനിലൂടെ പുറത്തുവരുന്നത്. 'സാര്‍, ക്രിയയോടു ചോദിച്ചാല്‍ ക്രിയ മിണ്ട്വോ?' രാമക്കുറുപ്പുമാഷ് തന്റെ കൈവെള്ളയ്ക്ക് പെടപെടച്ചതും ആജ്ഞാനുവര്‍ത്തിയായ വിജയനെ ബെഞ്ചില്‍ കേറ്റിനിര്‍ത്തിയതും റഹിമാന്‍ ഓര്‍ക്കുന്നു. 'ഇപ്പോള്‍ ആ വിജയനെവിടെ? രാമക്കുറുപ്പുമാഷെവിടെ?'
പുതിയ പ്രതിനിധിപ്രിയത്തോടെ
ക്ലേശങ്ങളും അപകര്‍ഷതാബോധവും നിറഞ്ഞ ഒരു സ്‌കൂള്‍ കാലമാണ് തനിക്കുണ്ടായിരുന്നതെന്ന് കഥാകൃത്ത് എബ്രഹാം മാത്യു പറയുന്നു. പരീക്ഷാഫലങ്ങളില്‍ ശരാശരിയായതിനാല്‍ ഗുരുനാഥന്റെ അഭിനന്ദനമോ ശുഷ്‌കമായ കീശയായതിനാല്‍ സഹപാഠികളുടെ ആദരവോ ഉണ്ടായില്ല. ധരിക്കാന്‍ നല്ല വസ്ത്രങ്ങളുണ്ടായിരുന്നില്ല; വെള്ളവും വഞ്ചിയുമുള്ള കുറുക്കുവഴികളിലൂടെയായിരുന്നു സ്‌കൂള്‍യാത്ര. മഷി കക്കുന്ന പേന വിരലുകളെ അനാകര്‍ഷകമാക്കിയിരുന്നു.
തനിക്കു നഷ്ടപ്പെട്ടത് നേടിയെടുക്കുന്ന പുതിയ അവകാശികളുടെ പ്രസരിപ്പ് നോക്കിനില്ക്കാന്‍ വളരെ പ്രിയമുണ്ടെന്നു പറയുന്ന എബ്രഹാം ഇത്രയും കൂട്ടിച്ചേര്‍ത്തു. 'എന്റെ പുതിയ പ്രതിനിധിയുടെ മുഖത്ത് പ്രശസ്തനായ ഒരു ക്രിക്കറ്റ് കളിക്കാരന്റെ ഗര്‍വ്. ഇംഗ്ലീഷ് സിനിമയിലെ അധോലോകനായകനെ അനുസ്മരിപ്പിക്കുന്ന ചലനം. ആരു കടന്നുവന്നാലും എഴുന്നേല്‍ക്കാന്‍ കൂട്ടാക്കുകയുമില്ല. അനേകം ട്യൂഷന്‍മാസ്റ്റര്‍മാരെ ഒരേ ദിവസം നേരിടുന്ന നീ, അതേ ഭാവത്തോടെ എന്റെ നേര്‍ക്കും മുഖം തിരിക്കുന്നു. 'പ്രിയപ്പെട്ട കുട്ടീ, നിനക്കു നന്മ വരട്ടെ.'
Content Highlights: School memories in Adhyayanayathra book