'അവള്‍ക്കുവേണ്ടി ഒരുവാക്ക് സംസാരിക്കാതിരുന്നപ്പോഴാണ് സിനിമാരംഗത്തിന്റെ പൊള്ളത്തരം തിരിച്ചറിഞ്ഞത്'

മലയാളിയുടേതായ ഒരു സാംസ്‌കാരിക ഇടം രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുള്ള മലയാള ചലച്ചിത്രഗാനമേഖലയിലെ സ്ത്രീപങ്കാളിത്തത്തെക്കുറിച്ച് സൂക്ഷ്മമായി വിശകലനം ചെയ്യുന്ന പുസ്തകമാണ് സി.എസ് മീനാക്ഷിയുടെ പെണ്‍പാട്ടുതാരകള്‍. മലയാളസിനിമാഗാനമേഖലയിലെ പെണ്‍സാന്നിധ്യങ്ങളെക്കുറിച്ച് വിശദമാക്കുന്ന പുസ്തകത്തിലെ സയനോര എന്ന പാട്ടുകാരിയെ, പശ്ചാത്തലസംഗീതസംവിധായികയെ വളരെ അടുത്തറിയാന്‍ സഹായിക്കുന്നു ഈ ലേഖനം...
തീരാത്ത സംഗീതമായ് തുളുമ്പി-സയനോര
മലയാളസിനിമയില്‍, ഒരുപക്ഷെ ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഒരു സിനിമയുടെ പശ്ചാത്തലസംഗീതസംവിധാനം നിര്‍വ്വഹിക്കുന്ന ആദ്യത്തെ സ്ത്രീ സയനോര ആയിരിക്കും. 2019-ല്‍ 'കുട്ടന്‍ പിള്ളയുടെ ശിവരാത്രി' എന്ന ചിത്രത്തിന്റെ പശ്ചാത്തലസംഗീതസംവിധാനമാണ് സയനോര നിര്‍വ്വഹിച്ചത്. ആ സിനിമയില്‍ ഗാനരചന, സംഗീതസംവിധാനം, ആലാപനം എന്നിവയുമവര്‍ ചെയ്തിട്ടുണ്ട്. 2004-ല്‍ വെട്ടം എന്ന ചിത്രത്തിലൂടെ പിന്നണിഗാനരംഗത്തേക്കു വന്ന സയനോര 2020 വരെയുള്ള കാലഘട്ടത്തില്‍ എണ്‍പതോളം പാട്ടുകളാണ് പാടിയത്. തമിഴില്‍ റഹ്‌മാന്റെ സംഗീതത്തില്‍ ശിവജി എന്ന രജനിപടത്തില്‍ പാടാന്‍ കഴിഞ്ഞത് വലിയ ഒരു ഭാഗ്യമായി കരുതുന്നു അവര്‍. സിനിമയില്‍ ശബ്ദം ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടുന്നതിനെക്കുറിച്ച് സയനോര:
കര്‍ണ്ണാട്ടിക് സംഗീതം 15 വര്‍ഷം പഠിച്ച ഒരു സംഗീതാദ്ധ്യാപകനാണ് ഡാഡി. ഡാഡിയില്‍നിന്ന് കര്‍ണ്ണാട്ടിക്കും വെസ്റ്റേണ്‍ വോക്കല്‍, ഗിറ്റാര്‍, വയലിന്‍ തുടങ്ങിയ ഇന്‍സ്റ്റ്രുമെന്റ്സ് ഒക്കെ പഠിച്ചുവന്നതായിരുന്നു. അതിനിടയ്ക്കാണ് മഞ്ഞുപോലൊരു പെണ്‍കുട്ടിയില്‍ 'ആം ഐ ഡ്രീമിങ്' എന്നൊരു ഇംഗ്ലീഷ് പാട്ട് പാടിക്കൊണ്ട് ഞാന്‍ മലയാളസിനിമാലോകത്തേക്കു വരുന്നത്. പൊതുവേയുള്ള പാട്ടുകാരില്‍നിന്ന് എന്നെ വ്യത്യസ്തയാക്കുന്നത് എന്താണ് എന്നതിനൊരാന്‍സര്‍ തന്നെയാണാ പാട്ട്. പിന്നെ ആളുകളൊക്കെ ഇംഗ്ലീഷ്, വെസ്റ്റേണ്‍, ബാസ് സോങ് അല്ലെങ്കില്‍ അടിപൊളിപ്പാട്ടുകള്‍ക്ക് എന്റെ വോയ്സ് യൂസ് ചെയ്യാം എന്ന് തിരിച്ചറിഞ്ഞ് അങ്ങനത്തെ ഒരുപാടു പാട്ടുകളാണ് എനിക്ക് മലയാളസിനിമയില്‍ പാടാന്‍ സാധിച്ചിട്ടുള്ളത്. വളരെ റീസന്റായി റാണി പത്മിനി ഇറങ്ങിയപ്പോഴാണ് ബിജിബാലിന്റെ സംഗീതത്തില്‍ 'മിഴിമലരുകള്‍' പാടിയത്. ഒരുപാടാളുകള്‍ എന്നോടു ചോദിച്ചു: 'സയനോര മെലഡിയൊക്കെ പാടുമല്ലേ എന്ന്, ഞാന്‍ പറഞ്ഞു, മെലഡിയൊക്കെ പാടുമായിരുന്നു. പക്ഷെ ഇതുവരെ എക്സ്പ്ലോര്‍ ചെയ്യാന്‍ സാധിച്ചിട്ടില്ല. അങ്ങനെയൊരു മാര്‍ജിനൈസേഷന്‍ ആദ്യംതന്നെ വന്നുപോയി. കഥാപാത്രങ്ങള്‍ക്കുവേണ്ടി വോയ്സ് യൂസ് ചെയ്യുമ്പോള്‍ മൃദുഭാഷിണി-സൗമ്യമായി സംസാരിക്കുന്ന, നന്നായി നടക്കുന്ന അടക്കവുമൊതുക്കവുമുള്ള പെണ്‍കുട്ടികളുടെ ശബ്ദവും മധുരതരമായിരിക്കണം എന്ന കോണ്‍സെപ്റ്റാണ് ഇപ്പൊ കൊറച്ച് കൊറച്ച് ബ്രേക് ചെയ്തു വരുന്നത്. പെണ്‍കുട്ടികള്‍ക്ക് നല്ല ഒറച്ച ശബ്ദവുമാകാം.
തൊലിനിറത്തെപ്പറ്റി
എനിക്ക് കളറിന്റെ പ്രശ്നം ചെറിയ പ്രായംമുതലേയുണ്ട്. കാരണം, എന്റെ റിലേറ്റീവ്സിന്റെ മക്കളൊക്കെ നല്ല വെളുപ്പാണ്. ആ സുന്ദരിക്കുട്ടികള്‍ക്കിടയില്‍ കറുത്തുമെലിഞ്ഞ ഒരു കുട്ടിയായിരുന്നു ഞാന്‍. പാട്ടു പാടുമെങ്കിലും ഈയൊരു കാര്യം എന്റെ ഉള്ളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടായിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ശരിക്കു പറഞ്ഞാല്‍ പാട്ടിനെക്കാള്‍ എന്റെ പാഷന്‍ ഡാന്‍സായിരുന്നു. ഭരതനാട്യം ഞാന്‍ രണ്ടുമൂന്നു വര്‍ഷം പഠിച്ചിരുന്നു. അഞ്ചിലോ ആറിലോ പഠിക്കുമ്പോള്‍ ആണ്‌സ്‌കൂളില്‍ ഗ്രൂപ്പ് ഡാന്‍സിനുവേണ്ടി ഒരു സെലക്ഷന്‍ നടക്കുകയായിരുന്നു. ഡാന്‍സ് മാസ്റ്റര്‍ വന്നിട്ട് എന്റെ അടവുകളും കാര്യങ്ങളും കണ്ടിട്ട് ആദ്യം സെലക്ട് ചെയ്തത് എന്നെയാണ്. പക്ഷെ പിറ്റേന്നുമുതല്‍ ബാക്കിയുള്ള കുട്ടികളേയാണ് പ്രാക്ടീസിനുവേണ്ടി ക്ലാസില്‍നിന്നും വിളിച്ചുകൊണ്ടു പോകുന്നത്. ഞാന്‍ സിസ്റ്ററോടു ചെന്നുപറഞ്ഞു: 'എന്നെ വിട്ടുപോയീന്ന് തോന്നുന്നു, എന്നെ ആദ്യംതന്നെ സെലക്റ്റ് ചെയ്തിട്ടുണ്ടായിരുന്നു.'
'എന്നാ മോളൊന്നു പോയിനോക്കീട്ടു വാ...'
ഞാന്‍ ആ (ബന്ധപ്പെട്ട) അദ്ധ്യാപികയോടു ചോദിച്ചു. ആ അദ്ധ്യാപിക എന്റെ മുഖത്തുനോക്കി പറഞ്ഞതാണ്: 'മോളേ, മോള്‍ സെലക്റ്റഡ് ആണ്. പക്ഷെ മോള്‍ക്ക് സ്‌കൂളിന് ഒരു വിജയം വേണമെന്നാഗ്രഹമില്ലേ?'എന്നിട്ട് നിരന്നുനില്‍ക്കുന്ന മറ്റു കുട്ടികളെ ചൂണ്ടിക്കൊണ്ട് പറഞ്ഞു: 'നോക്ക്, അവരൊക്കെ ഒരേപോലെ കളറുള്ള കുട്ടികളല്ലേ, സയനോരയ്ക്ക് എത്ര മേക്കപ്പ് ചെയ്താലും അതുപോലെയാവില്ലല്ലോ. ഒരുമിച്ചൊരു ഗ്രൂപ്പ് ഡാന്‍സ് എന്നു പറയുമ്പോ സയനോര സ്റ്റാന്‍ഡൗട്ട് ചെയ്യും. അത് നമ്മടെ മാര്‍ക്കിനെ ബാധിക്കില്ലേ' എന്നു ചോദിച്ചപ്പോള്‍ അന്നെന്റെ കണ്ണു നിറഞ്ഞു. അതുവരെ സമൂഹം ഇങ്ങനെയൊക്കെയായിരിക്കുമെന്നല്ല ഞാന്‍ വിചാരിച്ചത്. അന്ന് വീട്ടിലെത്തിയിട്ട് ഞാന്‍ ഭയങ്കരമായി കരഞ്ഞു. കറുപ്പാണെങ്കില്‍ എന്നെ അങ്ങ് കൊന്നുകളഞ്ഞാല്‍ പോരായിരുന്നോ, എന്തിനാണിങ്ങനെ ഈ സമൂഹത്തില്‍... ആ അഞ്ചാംക്ലാസില്‍ പഠിക്കുന്ന കുട്ടീടെ മനസ്സിലുള്ള വിഷമം ഇന്നത് പറയുമ്പോഴുമുണ്ട്. പക്ഷെ കോളേജിലെത്തിയപ്പോള്‍ സംഗീതത്തിന്റെ വില മനസ്സിലായി. കളറിലോ ഒന്നുമല്ല കാര്യം, പാടാനുള്ള കഴിവിനാണ് എന്നു ഇപ്പോള്‍ ഞാന്‍ അടിയുറച്ചു വിശ്വസിക്കുന്നു. സംഗീതത്തിന് എല്ലായിടത്തുമൊരു അക്സെപ്റ്റന്‍സുണ്ട്.
നിലപാടുകളെപ്പറ്റി
നിലപാടെടുക്കാന്‍ വളരെ ഭയമുള്ള ആളുകളാണ് ഫിലിം ഫീല്‍ഡിലുള്ള ആള്‍ക്കാര്. എന്റെ ഒരു സുഹൃത്തിന് വളരെ മോശമായ ഒരനുഭവം ഫിലിം രംഗത്തുനിന്ന് നേരിട്ടിട്ട് അവളെ ഇര എന്നു വിളിക്കുകയും മോശമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയും... അവളെ ചേര്‍ത്തുനിറുത്തി ഇത്രയും നാള്‍ പ്രവര്‍ത്തിച്ച ആളുകള്‍പോലും അവള്‍ക്കുവേണ്ടി ഒരു വാക്ക് സംസാരിക്കാതിരുന്നപ്പോഴാണ് സിനിമാരംഗത്തിന്റെ ഒരു പൊള്ളത്തരം എനിക്ക് ഫീല്‍ ചെയ്തത്. നമ്മള്‍ എക്സിസ്റ്റ് ചെയ്യേണ്ടത് നല്ല ഹ്യൂമന്‍ ബീയിങ്സായിട്ടാണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഒരു സെലബ്രിറ്റിയോ ആര്‍ട്ടിസ്റ്റോ ആണെങ്കിലും ഒരു നല്ല ഹ്യൂമന്‍ ബീയിങ്ങായിരിക്കണം, സമൂഹത്തിനോട് റെസ്പോണ്‍സിബിളായിട്ടുള്ള ആളായിരിക്കണം. മൈക്കല്‍ ആഞ്ജലോ മുതലുള്ളവര്‍ അവരുടെ കലയിലൂടെയാണ് വിപ്ലവം സൃഷ്ടിച്ചിട്ടുള്ളത്. അതുപോലെ ഓരോ ആര്‍ട്ടിസ്റ്റും അത് മനസ്സിലാക്കുന്ന ഒരു കാലം വരും എന്ന് ഞാന്‍ വിചാരിക്കുന്നു. ആ ഒരു നല്ല നാളേക്കുവേണ്ടി കാത്തിരിക്കുന്നു.
റിയാലിറ്റി ഷോകളെക്കുറിച്ച്
യുവജനോത്സവങ്ങളില്‍ സ്റ്റേജിനു പിന്നില്‍ മാതാപിതാക്കള്‍ തമ്മില്‍ നടക്കുന്ന ഒരു ഫൈറ്റ്-അതിന്റെ ഒരു എക്സ്റ്റന്‍ഷനാണ് റിയാലിറ്റി ഷോസില്‍ നടക്കുന്നത്. തങ്ങളുടെ മക്കള്‍ എത്രയും പെട്ടെന്ന് ഫെയ്മസ് ആകണമെന്ന് ചിന്തിക്കുന്നു. സംഗീതത്തില്‍ പത്ത്-പതിനഞ്ച്, ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ അതിലുപാസിക്കുന്ന ആളുകളില്‍പോലും താനൊന്നുമായിട്ടില്ല എന്ന ചിന്തയാണ് വളര്‍ന്നുവരേണ്ടത്. നേരെമറിച്ച്, ഒരു കവര്‍ സോങ് ചെയ്തു, അത് ഫെയ്മസ് ആയി. പരിപാടികള്‍ തുടങ്ങി അങ്ങനെയൊക്കെയാണ് കണ്ടുവരുന്നത്. എത്രയും പെട്ടെന്ന് പരിപാടികള്‍ ചെയ്യുക, പൈസ സമ്പാദിക്കുക എന്നായിട്ടുണ്ട്. സംഗീതമെന്നത് വര്‍ഷങ്ങളോളം ഉപാസിക്കേണ്ട ഒരു സംഗതിയാണ്.
ഡബ്ല്യു.സി.സിയെക്കുറിച്ച്
സംഗീതത്തിനു ഫിലിം ഫീല്‍ഡ് വേണമെന്ന് നിര്‍ബ്ബന്ധമില്ല. സംഗീതത്തില്‍ ഇന്‍ഡിപെന്‍ഡന്റ് ആയിട്ട് കുറേ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും, ബെയ്സിക്കലി ഹ്യൂമന്‍ ബീയിങ്സ് അല്ലാത്തവരുടെ കൂടെ പ്രവര്‍ത്തിച്ചിട്ടും കാര്യമില്ലല്ലോ, പൈസ മാത്രമല്ലല്ലോ ആള്‍ക്കാര്‍ക്കു വേണ്ടത്. അങ്ങനെ ഈ ഫീല്‍ഡ് വേണ്ട എന്നു ഞാന്‍ ചിന്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഡബ്ല്യു.സി.സി. എന്ന സംഘടന ഫോം ചെയ്യുന്നതും ഞാനതില്‍ ജോയ്ന്‍ ചെയ്യുന്നതും. ഡബ്ല്യു.സി.സി. എന്റെ ലൈഫിലൊരു സ്പേസ് തന്നു- ആസ് എ മ്യൂസിക് ഡയറക്ടര്‍, ആസ് എ സിങ്ങര്‍, ആസ് എ ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, ആസ് എ പെര്‍ഫോമര്‍. ഡബ്ല്യു. സി.സി. പോലുള്ള പെണ്ണിടങ്ങള്‍ ഉണ്ടായാല്‍ മാത്രമേ നമുക്ക് ഇവിടെയുള്ള പാട്രിയാര്‍ക്കിയോടുള്ള ഫൈറ്റ് നടത്താന്‍ പറ്റുകയുള്ളൂ. ഈ വലിയവലിയ ആളുകളൊക്കെ എന്തിനാണ് മിണ്ടാണ്ടിരിക്കണത്, എനിക്ക് മനസ്സിലാവുന്നില്ല. ഒരുപാടാളുകള്‍ പേടിച്ചിട്ട് മിണ്ടാതിരിക്കുകയാണ്. ആര്‍ട്ടിസ്റ്റുകള്‍ക്ക് എന്തിനാണ് പേടി? സൈലന്റാവും, ശരിയാണ്. എന്റെ ഫ്രെന്‍ഡ്സൊക്കെ എന്നോടു പറയാറുണ്ട്. സായാ, നീ മിണ്ടാണ്ടിരുന്നോട്ട, നീ കൂടുതല്‍ ഇങ്ങനെയുള്ള കാര്യങ്ങളിലിടപെട്ടാല്‍ കൂടുതല്‍ പാട്ട് കിട്ടൂല, കൂടുതല്‍ ഷോസ് കിട്ടൂല, അങ്ങനെ പറയുന്നവരാണ് ഫിലിം ഇന്‍ഡസ്ട്രിയിലുള്ള ഭൂരിഭാഗം ഫ്രെന്‍ഡ്സും. പക്ഷെ നമ്മുടെ ഒരു സുഹൃത്തിനുവേണ്ടി എഴുന്നേറ്റു നില്‍ക്കുക എന്ന കാര്യം നമ്മള്‍ ചെയ്തിട്ടില്ലെങ്കില്‍ ഞാന്‍ മരിക്കുമ്പോഴും എനിക്കു സമാധാനമുണ്ടാവില്ല. അതുകൊണ്ടുതന്നെയാണ് ഞാന്‍ കൂടെ നിന്നത്. നമുക്കു വേണമെങ്കില്‍ ഈസിലി ഫ്‌ലോവിന്റെ കൂടെ പോകാം. എല്ലാവരും മിണ്ടാതിരിക്കുന്നു. പിന്നെ ഞാനെന്തിനാ മിണ്ടുന്നത് എന്നു പറഞ്ഞ് അനങ്ങാതിരിക്കാം. ഇപ്പറഞ്ഞ ഡബ്ല്യു.സി.സിയില്‍ എല്ലാവര്‍ക്കും പ്രശ്നങ്ങളുണ്ട്. ഒരുപാട് അടിയൊഴുക്കുകളുണ്ട്. നമുക്ക് എക്സിസ്റ്റന്‍സിന്റെതന്നെ പ്രശ്നങ്ങളുണ്ട്. എന്നിട്ടും ഞങ്ങളെന്തുകൊണ്ടൊന്നിച്ചു നില്‍ക്കുന്നു? പണമോ പ്രശസ്തിയോ കിട്ടില്ല. പക്ഷെ അതിലൊരു മൂല്യമുണ്ട്, കൂടെ നില്‍ക്കുക എന്നത് വളരെ വലിയൊരു കാര്യമാണ്. ഭാവിയിലെ വലിയൊരു റെവല്യൂഷന്റെ തുടക്കം മാത്രമാണ് ഡബ്ല്യു.സി.സി. എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
Content Highlights: Execerpts from C.S Meenakshi's Book penpattutharakal