കുട്ടിക്കാലത്ത് എ.കെ.ജി.ഒരുപാടു കഥകൾ പറഞ്ഞുതരുമായിരുന്നു, മുടി ചീകി മെടഞ്ഞുതന്നിരുന്നത് എ.വി. കുഞ്ഞമ്പുവും

മുൻപേ പെയ്ത മഴയിലാണ്
ഇപ്പോൾ നനയുന്നത്
എ.കെ.ജിയുടെ ഒളിവുകാലം
കോഴിക്കോട് തിരുവണ്ണൂരിലെ കോട്ടൺ മിൽ തൊഴിലാളിയായിരുന്ന വേലിക്കൽ അപ്പുട്ടിയുടെയും പെണ്ണൂട്ടിയുടെയും മകൾ സാവിത്രി ശ്രീധരൻ അഞ്ചു പതിറ്റാണ്ടുകൾ പിന്നിട്ട തന്റെ നാടകജീവിതത്തെക്കുറിച്ചു പറയുമ്പോൾ ഓർമകളുടെ അരങ്ങിലേക്ക് ആദ്യമെത്തുന്നത് സഖാവ് എ.കെ.ജിയാണ്. കേരളത്തിൽ കമ്യൂണിസ്റ്റുവേട്ട വ്യാപകമായിരുന്ന നാല്പതുകളിൽ എ.കെ.ജിയുടെയും എ.വി. കുഞ്ഞമ്പുവിന്റെയും ഒളിവുജീവിതം കുറച്ചുനാളുകൾ പാർട്ടിപ്രവർത്തകൻകൂടിയായിരുന്ന അപ്പുട്ടിയുടെ വീട്ടിലായിരുന്നു. അന്ന് സാവിത്രിക്കു രണ്ടര വയസ്സാണ് പ്രായം. 'അമ്മ അനിയത്തിയെ പ്രസവിച്ചുകിടക്കുന്ന കാലത്താണ് എ.കെ.ജിയും എ.വി. കുഞ്ഞമ്പുവും ഞങ്ങളുടെ വീട്ടിൽ ഒളിവിൽ താമസിക്കാനെത്തുന്നത്. അനിയത്തിക്കു 'സോയ' എന്ന പേരിട്ടത് കുഞ്ഞമ്പുസഖാവാണ്. ആ ദിവസങ്ങളിൽ എ.കെ.ജി. എനിക്ക് ഒരുപാടു കഥകൾ പറഞ്ഞുതരുമായിരുന്നു. മുടി ചീകി മെടഞ്ഞുതന്നിരുന്നത് എ.വി. കുഞ്ഞമ്പുവും. അങ്ങനെ കുറെ ദിവസം അവർ വീട്ടിലുണ്ടായിരുന്നു. ഒരു ദിവസം ഞാൻ ഉറക്കമുണർന്നു വരുമ്പോൾ രണ്ടുപേരെയും കാണാനില്ല. തലേന്നു രാത്രി സഖാക്കൾ വന്നു കൂട്ടിക്കൊണ്ടുപോയി എന്ന് അച്ഛമ്മ പറഞ്ഞപ്പോൾ വല്ലാത്ത വിഷമമുണ്ടായി. പിന്നീടും ഞാൻ എ.കെ.ജിയെ കണ്ടു, എന്റെ എട്ടാമത്തെ വയസ്സിൽ. തിരുവണ്ണൂർ കോട്ടൺ മിൽ യൂണിയൻ വാർഷികത്തിന്റെ ഉദ്ഘാടനം എ.കെ.ജിയായിരുന്നു. എ.കെ.ജി. പ്രസംഗിച്ച ആ വേദിയിലായിരുന്നു നർത്തകിയായുള്ള എന്റെ അരങ്ങേറ്റം. വീണ്ടും ഒരു തവണകൂടി അദ്ദേഹത്തെ കാണാൻ ഭാഗ്യമുണ്ടായി. തൃക്കരിപ്പൂരിൽ നടന്ന നാടകമത്സരത്തിൽവെച്ച് കൊയിലാണ്ടിയിലെ ഒരു അമേച്വർ നാടകസമിതിയുടെ നാടകത്തിൽ അഭിനയിച്ചതിന് മികച്ച നടിയായി ഞാൻ തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. ആ പുരസ്‌കാരം എനിക്കു നല്കിയത് എ.കെ.ജിയായിരുന്നു. അദ്ദേഹത്തിന്റെ കൈയിൽനിന്നും അതേറ്റുവാങ്ങുമ്പോൾ, എ.കെ.ജി. പറഞ്ഞുതന്ന കഥകൾ കേട്ടുറങ്ങിയ ആ രണ്ടരവയസ്സുകാരിയെ ഞാൻ ഓർത്തു.' എഴുപതു വർഷത്തിനിപ്പുറവും സാവിത്രിയുടെ ഓർമകൾക്കു ചുവപ്പിന്റെ തുടിപ്പ്.
തികഞ്ഞ കലാകാരൻകൂടിയായിരുന്നു സഖാവ് വേലിക്കൽ അപ്പുട്ടി. നൃത്തത്തിലും അഭിനയത്തിലും സംവിധാനത്തിലും മെയ്ക്കപ്പിലുംവരെ അദ്ദേഹം പ്രാവീണ്യം തെളിയിച്ചിരുന്നു. കോട്ടൺ മില്ലിലെ ജോലി കഴിഞ്ഞുള്ള ഒഴിവുസമയങ്ങൾ കലാപ്രവർത്തനങ്ങൾക്കായി ഉഴിഞ്ഞുവെച്ച പ്രതിഭാധനൻ. അപ്പുട്ടിയുടെ അഞ്ചു മക്കളിൽ രണ്ടാമത്തെ മകളായിരുന്നു സാവിത്രി. 'എന്റെ കുട്ടിക്കാലത്ത് അച്ഛൻ പൊറാട്ടുനാടകങ്ങളിൽ അഭിനയിച്ചിരുന്നു. തിരുവാതിരരാത്രികളിൽ പൊറാട്ടുവേഷം കെട്ടി വീടുകൾതോറും പാട്ടുകൾ പാടി, നാടകങ്ങൾ കളിച്ചു നടക്കുന്ന അച്ഛന്റെ ചിത്രം ഇപ്പോഴും മറക്കാനാവില്ല. അച്ഛനൊപ്പം അച്ഛമ്മയും കോട്ടൺ മില്ലിൽ ജോലിക്കു പോയിരുന്നു. തിരുവണ്ണൂർ സ്‌കൂളിലാണ് ഞാൻ അഞ്ചാംക്ലാസ് വരെ പഠിച്ചത്. പിന്നീട് മീഞ്ചന്ത ദേവദാസ് സ്‌കൂളിൽ ചേർത്തു. എന്നാൽ പഠനം ഏറെ നാൾ നീട്ടിക്കൊണ്ടുപോകാൻ ജീവിതസാഹചര്യങ്ങളനുവദിച്ചില്ല. എട്ടാംക്ലാസോടെ സ്‌കൂൾ ജീവിതത്തിനു കർട്ടൻ വീണു. കഷ്ടപ്പാടുകളും ദാരിദ്ര്യവും നിറഞ്ഞ ആ കാലത്തും അച്ഛന്റെ സ്വപ്‌നം എന്നെ കലാകാരിയാക്കുക എന്നതായിരുന്നു.'
പത്താം വയസ്സിലാണ് മീഞ്ചന്ത 'കലാസാഗർ മ്യൂസിക് ക്ലബ്ബി'ൽ സാവിത്രി നൃത്തപഠനം തുടങ്ങുന്നത്. എരഞ്ഞിപ്പാലം ശ്രീധരൻമാസ്റ്ററായിരുന്നു ഗുരു. ആറു വർഷത്തെ നൃത്തപഠനത്തിനിടയിൽത്തന്നെ ഒട്ടേറെ വേദികളിൽ നർത്തകിയായി ശോഭിക്കാൻ സാവിത്രിക്ക് അവസരമുണ്ടായി. 'അക്കാലത്ത് ഗ്രാമങ്ങൾതോറും കലാ സാംസ്‌കാരിക സമിതികൾ സജീവമായിരുന്നു. സമിതികളുടെ വാർഷികാഘോഷങ്ങൾ തുടങ്ങുന്നത് നൃത്തത്തോടെയാണ്. തുടർന്ന് സമിതി പ്രവർത്തകർ അവതരിപ്പിക്കുന്ന നാടകവുമുണ്ടാവും. ശരിക്കുമൊരു ഉത്സവത്തിന്റെ പ്രതീതിയാണ്. ഇന്നത്തെപ്പോലെ ബഡായിബംഗ്ലാവും കോമഡി ഉത്സവവും സീരിയലും ഒന്നുമില്ലാതിരുന്ന കാലം. ആഴ്ചയിലൊരിക്കൽ നാട്ടിൽ ഏതെങ്കിലും സമിതിയുടെ വാർഷികമുണ്ടാകും. കലാഭിരുചിയുള്ള എല്ലാ കുട്ടികൾക്കും വേദിയിൽ കയറാൻ അപ്പോൾ അവസരം കിട്ടും. ഞാനും അങ്ങനെയാണ് വളർന്നുവന്നത്. കലാസാഗർ മ്യൂസിക് ക്ലബ്ബിൽ സ്ഥിരമായി നാടക റിഹേഴ്‌സലുകളും നടക്കാറുണ്ടായിരുന്നു. അച്ഛനും ഞാനും പതിവായി അതു കാണാൻ പോകുമായിരുന്നു. ഈ റിഹേഴ്‌സൽ കാഴ്ചകളിൽനിന്നാകാം, നാടകത്തോടുള്ള താത്പര്യം എന്നിൽ മൊട്ടിടുന്നത്. എട്ടാംക്ലാസിൽ പഠിക്കുമ്പോൾ വളരെ യാദൃച്ഛികമായി ഒരു നാടകത്തിലഭിനയിക്കാൻ അവസരമുണ്ടായി. കലാസാഗർ മ്യൂസിക് ക്ലബ്ബിന്റെ വാർഷികത്തിന് അവതരിപ്പിച്ച, കെ.പി. രാമൻനായർ സംവിധാനം ചെയ്ത ഞങ്ങൾ പുതിയവർ എന്ന ആ നാടകത്തിൽ വളരെ പ്രാധാന്യമുള്ള വേഷമായിരുന്നു എനിക്കു ലഭിച്ചത്. അധ്യാപകരിൽനിന്നും നാട്ടുകാരിൽനിന്നും ഏറെ പ്രോത്സാഹനം ലഭിച്ചുവെങ്കിലും എന്റെ ശ്രദ്ധ പിന്നീടും നൃത്തപരിപാടികളിൽ ചുറ്റിത്തിരിഞ്ഞു.'
കോഴിക്കോട് ടൗൺഹാളിൽവെച്ചാണ് സാവിത്രി ആദ്യമായി പ്രൊഫഷണൽ നാടകം കാണുന്നത്. ആഹ്വാൻ സെബാസ്റ്റ്യനുവേണ്ടി വാസുപ്രദീപ് രചിച്ച് ശാന്താദേവിയും കുട്ട്യേടത്തി വിലാസിനിയും കുതിരവട്ടം പപ്പുവും കെ.ടി. സെയ്തുമൊക്കെ വേഷമിട്ട കടലാസു വിമാനം എന്ന ആ നാടകമാണ് നടിയാകണമെന്ന സാവിത്രിയുടെ ആഗ്രഹത്തെ തിരികൊളുത്തിയുണർത്തിയത്.
വിഷാദഗാനംപോലെ ആ അമ്മയും മകനും
'നാടകത്തിനു മുൻപ് കലാസാഗർ മ്യൂസിക് ക്ലബ്ബിലെ കുട്ടികൾ നൃത്തമവതരിപ്പിക്കുന്നത് പതിവായിരുന്നു. ഒരിക്കൽ എന്റെ നൃത്തം കഴിഞ്ഞ് മെയ്ക്കപ്പ് കഴുകിക്കളയാൻ ഗ്രീൻ റൂമിലേക്കു വന്നപ്പോൾ അവിടെ വെളുത്തു സുന്ദരിയായ ഒരു അമ്മ തന്റെ കുഞ്ഞിനെ തോളത്തിട്ട് ഉറക്കിക്കൊണ്ടിരിക്കുകയാണ്. ആ കുഞ്ഞിന്റെ മുഖത്തേക്കു ഞാൻ പലവട്ടം നോക്കി. ഓമനത്തമുള്ള വെളുത്തുതടിച്ച ഒരു മോൻ. അവനെ ഒന്നെടുക്കാൻ എനിക്കു കൊതിയായി. കുറച്ചു കഴിഞ്ഞപ്പോൾ ആ അമ്മ ഗ്രീൻ റൂമിൽ ഒരു തുണി വിരിച്ച് അവനെ കിടത്തി. 'വേഗം... വേഗം...' എന്ന് ആരൊക്കെയോ പറയുന്നുണ്ട്. അവർ പെട്ടെന്ന് സ്റ്റേജിലേക്കു കയറി. നാടകത്തിന്റെ സെക്കൻഡ് ബെല്ലും മുഴങ്ങി. ഞാൻ സൈഡ് കർട്ടനരികിൽ നിന്ന് നാടകം കണ്ടു. ആ അമ്മ തകർത്തഭിനയിക്കുകയാണ്. നേരത്തേ കുഞ്ഞിനെ തോളത്തിട്ടുറക്കിയ അമ്മ മറ്റേതോ ഒരു സ്ത്രീയായി മാറിയിരുന്നു. നാടകം നടന്നുകൊണ്ടിരിക്കെ ഗ്രീൻ റൂമിൽ നിന്നും കുഞ്ഞിന്റെ ഉച്ചത്തിലുള്ള കരച്ചിൽ. ആ കരച്ചിൽ അവരെ ഒരു നിമിഷം പിടിച്ചുലച്ചോ? അവർ പിറകിലേക്കു നോക്കി വീണ്ടും അഭിനയം തുടർന്നു. അപ്പോഴും ആ കുഞ്ഞ് കരഞ്ഞുകൊണ്ടിരിക്കുകയാണ്. ഞാൻ സ്റ്റേജിൽനിന്നിറങ്ങി കുട്ടിയെ എടുത്തു തോളത്തിട്ടു. പെട്ടെന്നവൻ കരച്ചിൽ നിർത്തി. എന്റെ മാറിൽ കിടന്നുറങ്ങി.'
'നാടകത്തിലെ രംഗം കഴിഞ്ഞപ്പോൾ ആ അമ്മ ഓടിവന്ന് എന്നോടു ചോദിച്ചു: 'മോളേതാ..?' ഞാൻ പറഞ്ഞു: 'സാവിത്രി. തിരുവണ്ണൂരിലുള്ളതാ. ചേച്ചി അഭിനയിച്ചോളൂ. മോനെ ഞാൻ നോക്കിക്കൊളാം.' അവർക്കു വലിയ സന്തോഷമായി. നാടകം കഴിയുന്നതുവരെ കരയാതെ അവൻ എന്റെ തോളിൽ കിടന്നുറങ്ങി. കർട്ടൻ വീണ ശേഷം കൈയടികൾ ഏറെ നേരം തുടർന്നു. ആ കരഘോഷം കേട്ടാവും, അവൻ വീണ്ടുമുണർന്നു. അപ്പോഴേക്കും അമ്മ അവിടേക്കെത്തി. സാരിത്തലപ്പുകൊണ്ട് കണ്ണു തുടച്ച് അവർ മോനെ എന്റെ കൈയിൽനിന്നും വാങ്ങി ഗ്രീൻ റൂമിന്റെ ഒരു ഭാഗത്തു പോയിരുന്ന് അവനു മുലപ്പാൽ കൊടുത്തു. പോകാനായി അച്ഛൻ വന്നു വിളിച്ചപ്പോൾ ഞാൻ ആ അമ്മയ്ക്കരികിലേക്കു ചെന്ന് അവരുടെ പേരു ചോദിച്ചു. നിഷ്‌കളങ്കമായ ചിരിയോടെ അവർ പറഞ്ഞു: 'ശാന്താദേവി.' പില്ക്കാലത്ത് നാടകത്തിലും സിനിമയിലും നിറഞ്ഞുനിന്ന കോഴിക്കോട്ടുകാരുടെ പ്രിയപ്പെട്ട ശാന്തേടത്തിയായിരുന്നു അത്. ആ അമ്മയെയും മകനെയും പല വേദികളിലും പലവട്ടം ഞാൻ കണ്ടു. അപ്പോഴെല്ലാം അവനെ എന്റെ കൈയിലേല്പിക്കും. ഞാൻ കൊണ്ടുനടക്കും. കുറച്ചു കഴിഞ്ഞ് അവൻ എന്റെ തോളത്തു കിടന്നുറങ്ങും. അവൻ വളർന്നുവലുതായി. ഗായകനായി, സിനിമാനടനായി. കോഴിക്കോട്ടുവെച്ചു കാണുമ്പോഴൊക്കെ 'സാവിത്രിയേടത്തീ' എന്നു വിളിച്ചുകൊണ്ട് എനിക്കരികിലേക്കു വരും. 'എടാ സത്യജിത്തേ, എത്രവട്ടം നീയെന്റെ തോളിൽ കിടന്നുറങ്ങിയിട്ടുണ്ടെന്നറിയ്യോ' എന്ന് ആ കൂടിക്കാഴ്ചയിലെല്ലാം ഞാൻ പറയും. അതുകേട്ട് അവൻ പുഞ്ചിരിക്കും. മനോഹരമായ ആ ചിരി വൈകാതെ മാഞ്ഞുപോയി. അവൻ പോയശേഷം ജീവിതനാടകത്തിന്റെ ദുരന്തങ്ങളിൽപ്പെട്ട് ശാന്തേടത്തിയും യാത്രയായി.'
കോഴിക്കോട് ശാന്താദേവി അനുഭവിച്ച ദുരന്തങ്ങളുടെ തുടർച്ചകൾ പിന്നീടും നമ്മുടെ നാടകവേദിയിലുണ്ടായി. ജീവിക്കാൻവേണ്ടി പലവിധ സഹനങ്ങളിലൂടെ കടന്നുപോയിട്ടുള്ളവരാണ് അക്കാലത്തെ നാടകനടികൾ. അവരിലേറെപ്പേരും ഒരു ചരിത്ര പുസ്തകത്തിലും ഇടം നേടാതെ അടുപ്പിലെ കരിയും പുകയുമായി ഒടുങ്ങിപ്പോവുകയായിരുന്നു. അപൂർവം ചിലർ മാത്രം അറിയപ്പെടുന്നവരുടെ പട്ടികയിലേക്കു ചേർക്കപ്പെട്ടു. ആ കൂട്ടത്തിൽ ഒരാളായിത്തീരുന്നതിന് സാവിത്രി താണ്ടിയത് അനുഭവങ്ങളുടെ മഹാസമുദ്രമാണ്. അങ്ങനെ ശാന്താദേവിയുടെയും കുട്ട്യേടത്തി വിലാസിനിയുടെയുമൊക്കെ പിന്മുറക്കാരിയായി മാറുകയാണവർ. ആ അരങ്ങോർമകളിലേക്ക് കടക്കുംമുൻപ് അവരുടെ ജീവിതത്തിലെ ചില സുപ്രധാന അധ്യായങ്ങളിലേക്കുകൂടി കടന്നുചെല്ലേണ്ടതുണ്ട്.
രണ്ടു മാലകളും ഒരു വളയും ജിമിക്കിയും
'ഈർച്ചമിൽ തൊഴിലാളിയായിരുന്നു ശ്രീധരേട്ടൻ. പതിനാറാം വയസ്സിൽ എന്നെ പെണ്ണുകാണാൻ വരുമ്പോൾ വീട് പട്ടിണിയിലാണ്. ശ്രീധരേട്ടന്റെ വല്യച്ഛന്മാരാണ് ആദ്യം വന്നത്. അക്കാലത്ത് അച്ഛനു ജോലിയില്ല. സമരത്തെ ത്തുടർന്ന് രണ്ടര വർഷത്തോളമായി കോട്ടൺ മിൽ അടഞ്ഞുകിടക്കുകയായിരുന്നു. പോരാത്തതിന് അച്ഛന്റെ കാലിന്റെ അസുഖവും. അച്ഛനും അമ്മയും അച്ഛമ്മയും ഞങ്ങൾ അഞ്ചു മക്കളും അർധപട്ടിണിയിലും മുഴുപ്പട്ടിണിയിലുമായി കഴിഞ്ഞ കാലത്ത് ഒരു കല്യാണമൊക്കെ എങ്ങനെ നടത്താനാണ്. പക്ഷേ, അച്ഛന് ശ്രീധരേട്ടനെ വളരെ ഇഷ്ടപ്പെട്ടു. വാക്കുകൊടുക്കുമ്പോൾ ഒറ്റക്കാര്യമേ അച്ഛൻ ശ്രീധരേട്ടന്റെ വീട്ടുകാരോടു പറഞ്ഞുള്ളൂ: 'കല്യാണം കഴിഞ്ഞാലും സാവിത്രിയെ നൃത്തത്തിനയയ്ക്കണം.' ഞാൻ അറിയപ്പെടുന്ന ഒരു കലാകാരിയായി മാറണം എന്നു മാത്രമായിരുന്നു അച്ഛന്റെ ആഗ്രഹം. വീട്ടിൽ പട്ടിണിയായിട്ടുപോലും നൃത്തപഠനം ഉപേക്ഷിക്കാൻ ഞാൻ തയ്യാറാവാതിരുന്നതിന്റെ കാരണം അച്ഛന്റെ ഒറ്റ നിർബന്ധമായിരുന്നു. എന്നെ നൃത്തത്തിനയയ്ക്കുന്നതിൽ ശ്രീധരേട്ടന് ഒരെതിർപ്പുമുണ്ടായിരുന്നില്ല. മാനാരിയായിരുന്നു ശ്രീധരേട്ടന്റെ വീട്. അമ്മയും സഹോദരിയും ഒപ്പമുണ്ടായിരുന്നു. കല്യാണത്തിനു സ്വർണം വളരെ കുറവായിരുന്നു. രണ്ടു മാലകളും ഒരു വളയും ജിമിക്കിയും. ഇതേ അച്ഛന് വാങ്ങിത്തരാൻ കഴിഞ്ഞുള്ളൂ. കല്യാണത്തലേന്ന് ആഭരണവുമായി വന്ന അച്ഛൻ പറഞ്ഞു: 'എന്റെ മോൾക്ക് ഇതേ തരാനുള്ളൂ അച്ഛന്റെ കൈയിൽ.' പിന്നെ ഒരു പൊട്ടിക്കരച്ചിലായിരുന്നു. അച്ഛന്റെ ആ കരച്ചിൽ ഇപ്പോഴും എന്റെ മനസ്സിലുണ്ട്. കല്യാണം കഴിഞ്ഞിട്ടും ഞാൻ ഡാൻസിനു പോയി. പിന്നെ എനിക്കൊപ്പം ശ്രീധരേട്ടനും വരാൻ തുടങ്ങി. അച്ഛനും ശ്രീധരേട്ടനും വരാൻ കഴിഞ്ഞില്ലെങ്കിൽ ശ്രീധരേട്ടന്റെ സഹോദരി എനിക്കൊപ്പം വരും.
നാടകത്തിൽ അഭിനയിക്കണം എന്ന മോഹം സാവിത്രി സ്വകാര്യമായി കൊണ്ടുനടന്നു. വിവാഹം കഴിയുംവരെ അങ്ങനെയൊരാഗ്രഹം അവർ ആരോടും തുറന്നുപറഞ്ഞില്ല. അപ്പോഴും ശാന്താദേവിയുടെ പകർന്നാട്ടം സാവിത്രിയുടെ മനസ്സിലുണ്ടായിരുന്നു. ഒരിക്കൽ നൃത്തപരിപാടി കഴിഞ്ഞു വരുമ്പോൾ തന്റെയുള്ളിലെ മോഹം സാവിത്രി അച്ഛനോടു പറഞ്ഞു: 'അച്ഛാ, എനിക്കു നാടകത്തിലഭിനയിക്കണം.' ആദ്യം അച്ഛനത് വിശ്വസിക്കാനായില്ല. അച്ഛന്റെ മറുപടി ഇങ്ങനെയായിരുന്നു: 'അതു വേണ്ട. ഡാൻസിനു പൊയ്‌ക്കോളാൻ ശ്രീധരന്റെ വീട്ടുകാർ സമ്മതിച്ചു. ഇനി നാടകത്തിനുകൂടി പോകണമെന്നു പറഞ്ഞാൽ അവർക്കിഷ്ടപ്പെട്ടില്ലെങ്കിലോ. ഇനിയുള്ള കാര്യം ശ്രീധരന്റെ തീരുമാനംപോലെയിരിക്കും. അവനോടു ചോദിച്ചിട്ട് മതി എന്തും.'
അന്നു രാത്രിതന്നെ സാവിത്രി നാടകത്തിലഭിനയിക്കാനുള്ള താത്പര്യം അല്പം ഭയത്തോടെ ശ്രീധരനോടു തുറന്നുപറഞ്ഞു. പക്ഷേ, സാവിത്രിയെപ്പോലും അദ്ഭുതപ്പെടുത്തുന്നതായിരുന്നു ശ്രീധരന്റെ മറുപടി: 'നിനക്ക് നാടകത്തിൽ അഭിനയിക്കാൻ ഇഷ്ടമാണെങ്കിൽ എനിക്ക് ഒരു ഇഷ്ടക്കുറവുമില്ല.' അച്ഛനും ഭർത്താവും നല്കിയ പ്രോത്സാഹനത്തെത്തുടർന്നാണ് 1961-ൽ മാങ്കാവ് വളയനാട് കലാസമിതിയിലൂടെ സാവിത്രി അരങ്ങിലെത്തിയത്. വി.കെ. മേനോൻ രചിച്ച് സംവിധാനം ചെയ്ത കറുത്ത വെള്ളമായിരുന്നു ആദ്യനാടകം. ഈ നാടകത്തിലെ സാവിത്രിയുടെ കഥാപാത്രം ശ്രദ്ധേയമായിരുന്നു. കറുത്ത വെള്ളം രണ്ടു വേദികളിൽ അവതരിപ്പിച്ചു. ഒരു വേദിക്കു പത്തു രൂപയായിരുന്നു പ്രതിഫലം. അവിടെ തുടങ്ങുകയായിരുന്നു സാവിത്രി ശ്രീധരൻ എന്ന അമേച്വർ നാടകനടിയുടെ അരങ്ങുയാത്രകൾ.
മലബാറിനെ ഇളക്കിമറിച്ച നാടകങ്ങൾ
നാടകം മലബാറിന്റെ ഹൃദയങ്ങളെ അത്രമേൽ ഇളക്കിമറിച്ച കാലമായിരുന്നു അത്. കെ.ടി. മുഹമ്മദ്, തിക്കോടിയൻ, എം.ടി. വാസുദേവൻ നായർ, ടി. ദാമോദരൻ, എം.എസ്. ബാബുരാജ്, കോഴിക്കോട് അബ്ദുൾഖാദർ, ആഹ്വാൻ സെബാസ്റ്റ്യൻ, കുഞ്ഞാണ്ടി, ബാലൻ കെ. നായർ, നെല്ലിക്കോട് ഭാസ്‌കരൻ, കുതിരവട്ടം പപ്പു, നിലമ്പൂർ ബാലൻ, ശാന്താദേവി, നിലമ്പൂർ ആയിഷ, കുട്ട്യേടത്തി വിലാസിനി, മെറ്റിൽഡ, മച്ചാട്ട് വാസന്തി, വിജയലക്ഷ്മി ബാലൻ, ഇരിങ്ങൽ നാരായണി തുടങ്ങി പ്രഗല്ഭരുടെ മഹാസാന്നിധ്യം.
'സി.എൽ. ജോസിന്റെ നാടകങ്ങളിലായിരുന്നു അക്കാലത്ത് ഏറെയും അഭിനയിച്ചത്. മിക്ക കലാസമിതികളും ജോസേട്ടന്റെ നാടകങ്ങളാണ് അവതരിപ്പിച്ചിരുന്നത്. അമേച്വർ നാടകരംഗത്ത് ഞാൻ ഏറെ ശ്രദ്ധേയയാകുന്നത് കാരാ യുവജന കലാസമിതിക്കുവേണ്ടി കെ.ടി. രവി രചിച്ച നോട്ടുകൾ എന്ന നാടകത്തിലൂടെയാണ്. മുൻ മേയർമാരായ കുട്ടിക്കൃഷ്ണൻ നായരും എം. ഭാസ്‌കരനുമൊക്കെ നേതൃത്വം നല്കിയിരുന്ന സമിതിയായിരുന്നു കാരാ യുവജന കലാസമിതി. ഈ നാടകത്തിൽ കാഴ്ചശക്തിയില്ലാത്ത ഒരു കുട്ടിയായാണ് ഞാൻ അഭിനയിച്ചത്. ആ വർഷം കോഴിക്കോട് കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ ടൗൺഹാളിൽവെച്ച് നാടകമത്സരമുണ്ടായിരുന്നു. നോട്ടുകളിലെ അന്ധബാലികയെ അവതരിപ്പിച്ചതിന് ആ മത്സരത്തിൽ മികച്ച നടിക്കുള്ള പുരസ്‌കാരം എനിക്കു ലഭിച്ചു.'
കാരാ യുവജന കലാസമിതിയിൽ മാത്രമായി ഒതുങ്ങിനിന്നില്ല സാവിത്രിയുടെ അഭിനയ വൈഭവം. ഒട്ടേറെ കലാസമിതികൾ യുവനടിയുടെ പ്രതിഭ തിരിച്ചറിഞ്ഞ് സാവിത്രിയെ തേടിയെത്തി. ചെറുവണ്ണൂർ റെഡ് സ്റ്റാർ, മാങ്കാവ് വളയനാട് കലാസമിതി, മലാപ്പറമ്പ് സഹൃദയ റീഡിങ് ക്ലബ്, മാങ്കാവ് ദേശീയ കലാസമിതി, തിരുവണ്ണൂർ കലാസമിതി, കടലുണ്ടി കൈരളി കലാമന്ദിർ, പന്നിയങ്കര വായനശാല, എരഞ്ഞിപ്പാലം വാഗ്ഭടാനന്ദ ഗുരുദേവർ വായനശാല, നടുവട്ടം സുഭാഷ് കലാവേദി, കോഴിക്കോട് അണിയറ, മണ്ണൂർ പ്രബോധിനി, സുദർശൻ ആർട്ട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് തുടങ്ങി നിരവധി സമിതികൾ മികച്ച വേഷങ്ങൾ സാവിത്രിക്കായി കരുതിവെച്ചു. ശ്രീമൂലം മോഹനൻ, മരട് രഘുനാഥ്, മുഹമ്മദ് പുഴക്കര, പറവൂർ ജോർജ് തുടങ്ങിയവരുടെ നാടകങ്ങളിലും സാവിത്രി ശ്രദ്ധേയമായ അഭിനയം കാഴ്ചവെച്ചു.
'സുന്ദരൻ കല്ലായിയുടെ നാടകങ്ങളിൽ വേഷമിട്ടത് വ്യത്യസ്തമായ ഒരനുഭവമായിരുന്നു. രാഷ്ട്രം, അഡ്വക്കേറ്റ് തുടങ്ങിയ സുന്ദരേട്ടന്റെ നാടകങ്ങളുടെ സംഗീതസംവിധാനം ബാബുക്ക(എം.എസ്. ബാബുരാജ്)യായിരുന്നു. പന്നിയങ്കരയിലെ ബാബുക്കയുടെ വീട്ടിലായിരുന്നു റിഹേഴ്‌സൽ. മദ്രാസിലെ നൃത്തസംവിധായകനായ പാർഥസാരഥിയും കോഴിക്കോട്ടുകാരനായ ബാലകൃഷ്ണൻമാഷുമായിരുന്നു ഈ നാടകങ്ങൾക്കുവേണ്ടി എന്നെ നൃത്തം പഠിപ്പിച്ചത്. റിഹേഴ്‌സലിനിടയിലെ ഇടവേളകളിൽ എപ്പോഴും തമാശകൾ പറയുമായിരുന്നു ബാബുക്ക. അന്നു ഞാൻ അഭിനയിച്ച താലപ്പൊലിയിലെ കഥാപാത്രവും ഏറെ പ്രശംസ പിടിച്ചുപറ്റിയ ഒന്നായിരുന്നു. ചന്ദ്രശേഖർ ജോഷിയായിരുന്നു ഈ നാടകത്തിന്റെ സംഗീതസംവിധാനം.'
'ഞാൻ റിഹേഴ്‌സലിനു പോകുമ്പോഴും അണിയറയിൽ മെയ്ക്കപ്പ് ചെയ്യുമ്പോഴും അച്ഛൻ മിക്കപ്പോഴും ഒപ്പമുണ്ടാകാറുണ്ട്. എനിക്കു കൂട്ടുവരുന്നതു മാത്രമായിരുന്നില്ല, എല്ലാം സൂക്ഷ്മമായി വീക്ഷിക്കുന്നതും അച്ഛൻ ഇഷ്ടപ്പെട്ടിരുന്നു. അങ്ങനെ നാടക സംവിധാനവും ചമയവുമെല്ലാം കണ്ടുപഠിച്ച് അച്ഛൻ സംവിധായകനും മെയ്ക്കപ്പ്മാനുമായി. അച്ഛനെക്കുറിച്ചോർക്കുമ്പോൾ വലിയ സന്തോഷം തോന്നുന്ന ഒരു കാര്യമുണ്ട്. എം.വി. ആനന്ദിന്റെ തത്വമസിയിൽ ഞാനഭിനയിച്ചത് 1977 ലാണ്. തുഞ്ചൻപറമ്പിൽ നടന്ന നാടകമത്സരത്തിന്റെ ഫലപ്രഖ്യാപനം വന്നപ്പോൾ ഇരട്ടി സന്തോഷമായിരുന്നു. നല്ല നടിക്കുള്ള പുരസ്‌കാരം എനിക്ക്. മെയ്ക്കപ്പ്മാനുള്ള പുരസ്‌കാരം അച്ഛനും. ഒരു വേദിയിൽ അച്ഛനോടൊപ്പം അവാർഡു വാങ്ങാനായത് അഭിനയജീവിതത്തിലെ പുണ്യം തന്നെയാണ്.
തിരുവണ്ണൂർ സംഗീതവിദ്യാലയത്തിലെ നാടകം സംവിധാനം ചെയ്തതും അച്ഛനായിരുന്നു.'
1977-ൽ കേരള സംഗീത നാടക അക്കാദമിയുടെ അവാർഡ് സാവിത്രി ശ്രീധരനു ലഭിച്ചു. കോഴിക്കോട് അണിയറയ്ക്കുവേണ്ടി പോൾ കല്ലാനോട് രചിച്ച് കെ.ആർ. മോഹൻദാസ് സംവിധാനം ചെയ്ത താഴ്‌വര എന്ന നാടകത്തിലെ അഭിനയത്തിനായിരുന്നു ആ പുരസ്‌കാരം. ഇരുപത്തിയഞ്ചു വർഷത്തെ അമേച്വർ നാടകജീവിതത്തിൽ വ്യത്യസ്തമായ ഒട്ടനവധി കഥാപാത്രങ്ങൾക്കു ജീവൻ നല്കാൻ സാവിത്രിക്കായി. മലബാറിലെ, വിശേഷിച്ച് കോഴിക്കോട്ടെ നാടകങ്ങളിൽ സാവിത്രി സജീവസാന്നിധ്യമായിരുന്നു. പ്രേംജി, കുഞ്ഞാണ്ടി. എം.എസ്. നമ്പൂതിരി, നെല്ലിക്കോട് ഭാസ്‌കരൻ, കുതിവട്ടം പപ്പു, ബാലൻ കെ. നായർ, നിലമ്പൂർ ബാലൻ, വിക്രമൻ നായർ, ടി. സുധാകരൻ തുടങ്ങിയ മിക്ക പ്രഗല്ഭർക്കുമൊപ്പം അവർ വേദിയിലെത്തി.
'നെല്ലിക്കോട് ഭാസ്‌കരേട്ടന്റെ കൂടെ പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമാണ്. ശരിക്കും ഭാസ്‌കരേട്ടന്റെ വീട് ഒരു നാടകശാലയായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയും സഹോദരി നെല്ലിക്കോട് കോമളവും നാടകരംഗത്തുണ്ടായിരുന്നു. നാടകത്തിനുവേണ്ടി നിലകൊള്ളുമ്പോഴും സ്വന്തം വീട്ടിലെ സ്ത്രീകളെ നാടകത്തിലഭിനയിപ്പിക്കാൻ വിസമ്മതിക്കുന്നവരാണ് പല നാടകക്കാരും. എന്നാൽ ഭാസ്‌കരേട്ടൻ അങ്ങനെയായിരുന്നില്ല. സ്വന്തം ഭാര്യയെയും സഹോദരിയെയും നാടകത്തിൽ അഭിനയിപ്പിച്ചുകൊണ്ടുതന്നെയാണ് അദ്ദേഹം നാടകവേദിയോടുള്ള തന്റെ കൂറു പ്രകടിപ്പിച്ചത്. തിക്കോടിയൻമാഷിന്റെ പരകായപ്രവേശവും ജയശങ്കർ പൊതുവത്തിന്റെ കുന്തിയും നെല്ലിക്കോട് രവീന്ദ്രന്റെ നരബലിയുമൊക്കെ ഭാസ്‌കരേട്ടനൊപ്പം ചെയ്ത നാടകങ്ങളാണ്. തിരുവണ്ണൂർ കലാസമിതിക്കുവേണ്ടി നരബലി സംവിധാനം ചെയ്തത് എന്റെ അച്ഛനായിരുന്നു. എന്റെ മകൾ സബീനയും ഈ നാടകത്തിൽ അഭിനയിച്ചിരുന്നു. സഹദേവൻ മലാപ്പറമ്പ് എഴുതിയ തെണ്ടികൾ എന്ന നാടകത്തിൽ കുതിരവട്ടം പപ്പുവേട്ടനൊപ്പമാണ് അഭിനയിച്ചത്. ഒരു തെരുവു നർത്തകിയുടെ വേഷമായിരുന്നു എനിക്ക്.'
സാവിത്രിയുടെ ഏറ്റവും നല്ല വിമർശകൻ ശ്രീധരൻതന്നെയായിരുന്നു. അഭിനയത്തിലെ പോരായ്മകൾ ചൂണ്ടിക്കാണിക്കാനും മികവിനെ ഹൃദയം തുറന്ന് അഭിനന്ദിക്കാനും ഭാര്യയാണ് എന്നത് അദ്ദേഹത്തിന് ഒരു തടസ്സമായിരുന്നില്ല. ഓരോ നാടകങ്ങളുടെ റിഹേഴ്‌സലുകളും അവതരണങ്ങളും കഴിഞ്ഞു വരുമ്പോൾ അദ്ദേഹം സാവിത്രിയോടു പറയും: 'നാടകത്തിൽ അച്ഛനോടും ഭർത്താവിനോടുമൊക്കെ സംസാരിക്കുമ്പോൾ വെറുതേ ഡയലോഗ് പറയാതെ അവരുടെ കൈപിടിച്ചൊക്കെ ഒന്ന് അഭിനയിച്ചൂടേ... അങ്ങനെയൊക്കെ അഭിനയിക്കുമ്പോൾ മാത്രമേ അതിനു സ്വാഭാവികതയുണ്ടാവൂ. അല്ലെങ്കിൽ നീ അടുക്കളയിൽ ഇരിക്കേണ്ടിവരും സാവിത്രീ...' ശ്രീധരന്റെ ഈ വാക്കുകൾ സാവിത്രി ഇന്നും ഓർക്കുന്നു.
കോഴിക്കോട്ടെ അമേച്വർ വേദികളിൽ നിറഞ്ഞുനില്ക്കുമ്പോഴാണ് കെ.എ. കൊടുങ്ങല്ലൂരിന്റെയും തിക്കോടിയന്റെയും ക്ഷണപ്രകാരം സാവിത്രി റേഡിയോനാടകങ്ങളിൽ അഭിനയിക്കുന്നത്. 1970-ൽ കോഴിക്കോട് ആകാശവാണിയിൽ ഡ്രാമാവിഭാഗത്തിൽ ഗെസ്റ്റ് ആർട്ടിസ്റ്റായി തുടക്കംകുറിച്ചു. 'ഭാസ്‌കരൻമാഷും അന്ന് കോഴിക്കോട്ടുണ്ട്. ഒരുപാടു സൗഹൃദങ്ങൾ ആകാശവാണി തന്നു. നൂറുകണക്കിനു റേഡിയോനാടകങ്ങളിലഭിനയിക്കാൻ പറ്റി. ഇന്നും ഞാൻ റേഡിയോനാടകങ്ങളിൽ അഭിനയിക്കുന്നുണ്ട്.'
അഭിനയപഠനത്തിന്റെ കളരികൾ
മലയാളനാടകത്തിലെ ഒരു സുപ്രധാനസംഭവമായിരുന്നു ആഹ്വാൻ സെബാസ്റ്റ്യന്റെ മ്യൂസിക്കൽ തിയേറ്റേഴ്‌സ് അരങ്ങിലെത്തിച്ച വഴിയമ്പലം എന്ന നാടകം. കെ.ടി. മുഹമ്മദ്, എം.ടി. വാസുദേവൻ നായർ, തിക്കോടിയൻ, ടി. ദാമോദരൻ എന്നീ നാലു പ്രതിഭകൾ ചേർന്നെഴുതിയ ഈ നാടകത്തിലൂടെയാണ് സാവിത്രി ശ്രീധരൻ പ്രൊഫഷണൽ നാടകത്തിന്റെ അരങ്ങിലേക്ക് എത്തുന്നത്. ചലച്ചിത്ര സംവിധായകൻ ബേബി സംവിധാനം ചെയ്ത വഴിയമ്പലം ബോംബെയിൽ അവതരിപ്പിക്കാൻ അവസരം ലഭിച്ചു. നാടകത്തിലഭിനയിക്കാൻ മകളെ ഒറ്റയ്ക്ക് അയയ്ക്കില്ലെന്ന അച്ഛന്റെ തീരുമാനത്തിന് ആഹ്വാൻ സെബാസ്റ്റ്യൻ ഒരു പോംവഴി കണ്ടെത്തി. വഴിയമ്പലത്തിൽ മകൾക്കൊപ്പം അച്ഛനുംകൂടി ഒരു വേഷം നല്കി പ്രശ്‌നം പരിഹരിച്ചു. 'ബോംബെയിലപ്പോൾ ശിവസേനയുമായി ബന്ധപ്പെട്ട് വലിയ പ്രശ്‌നങ്ങൾ നടന്നുകൊണ്ടിരിക്കയായിരുന്നു. നാടകം ബുക്ക് ചെയ്ത മലയാളിസമാജത്തിന് വഴിയമ്പലം കളിപ്പിക്കാൻ പേടിയായി. ഒരാഴ്ചയോളം ബോംബെ നഗരം മുഴുവൻ ചുറ്റിക്കറങ്ങി കണ്ടുവെന്നല്ലാതെ നാടകം കളിക്കാൻ കഴിഞ്ഞില്ല.'
1984 ലാണ് നാടകാചാര്യൻ കെ.ടി. മുഹമ്മദിന്റെ അഭിനയക്കളരിയിലേക്ക് സാവിത്രി എത്തുന്നത്. 'കലിംഗ തിയേറ്റേഴ്‌സി'ലൂടെ പ്രൊഫഷണൽ നാടകരംഗത്ത് തന്റെ സാന്നിധ്യം അവർ ഉറപ്പിച്ചു. അമേച്വർ നാടകങ്ങളിൽ സജീവമായിരുന്ന കാലത്ത് കെ.ടിയുടെ കാഫർ, ഇതു ഭൂമിയാണ് തുടങ്ങിയ നാടകങ്ങളിൽ സാവിത്രി വേഷമിട്ടിരുന്നു. നിലമ്പൂർ ആയിഷയ്ക്കും വിജയലക്ഷ്മി ബാലനും കെ.ടി. സെയ്തിനുമൊപ്പം അക്കാലത്തെ കെ.ടിയുടെ അരങ്ങുകളിൽ ശോഭിക്കാൻ സാവിത്രിക്കു കഴിഞ്ഞിരുന്നു. പ്രൊഫഷണൽ നടിയെന്ന നിലയിൽ കെ.ടിയുടെ ദീപസ്തംഭം മഹാശ്ചര്യത്തിലാണ് തുടക്കം. 'നാടകത്തിന്റെ ഒരു യൂണിവേഴ്‌സിറ്റിയായിരുന്നു കെ.ടി. സ്റ്റേജിൽ ശരീരഭാഷയോടൊപ്പം ശബ്ദത്തിനുള്ള പ്രാധാന്യം ശരിക്കും ഞാൻ തിരിച്ചറിഞ്ഞത് കെ.ടിയിൽനിന്നാണ്. ഒരു നോട്ടം, ഒരു മൂളൽ- അതിൽപ്പോലും അഭിനയത്തിന്റെ ഒരുപാടു സാധ്യതകൾ കെ.ടി. പഠിപ്പിച്ചുതന്നു. സംഭാഷണം തെറ്റിയാൽ, ശബ്ദത്തിന്റെ ടോണൊന്നു മാറിയാൽ ഒരു വിരൽ ചൂണ്ടി കെ.ടി. പറയും: 'അങ്ങനെയല്ല. ഇങ്ങനെ.' വ്യക്തമായി കാണിച്ചുതരും. അദ്ദേഹത്തിന്റെ നാടകങ്ങൾപോലെ സംഘർഷ ഭരിതമായിരുന്നു ആ ജീവിതവും. ഇതു ഭൂമിയാണ്, കാഫർ, സൃഷ്ടി, നാൽക്കവല, കൈനാട്ടികൾ, അച്ഛനും ബാപ്പയും, കുചേലവൃത്തം, സാക്ഷാത്കാരം തുടങ്ങിയ കെ.ടിയുടെ നാടകങ്ങളിൽ എനിക്കഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യം മാത്രമല്ല, ശരിക്കും അഭിനയത്തിന്റെ പഠനക്കളരികൾ കൂടിയായിരുന്നു അത്.'
കലിംഗയുടെ അരങ്ങുകളിൽനിന്നും ലഭിച്ച കരുത്തുമായി സാവിത്രി ശ്രീധരൻ എത്തിച്ചേർന്നത് വിക്രമൻ നായരുടെയും ഇബ്രാഹിം വെങ്ങരയുടെയും വിൽസൺ സാമുവലിന്റെയും നാടകക്കളരിയിലേക്കാണ്. 'സ്റ്റേജ് ഇന്ത്യ'യ്ക്കുവേണ്ടി കെ.ടിയുടെ സാക്ഷാത്ക്കാരം, പി.എം. താജിന്റെ ആൾമാറാട്ടം, അഗ്രഹാരം, എ.കെ. അബ്ദുള്ളയുടെ അക്കരപ്പച്ച, അഡ്വ. ജയകുമാറിന്റെ ജപമാല തുടങ്ങിയ നാടകങ്ങളിൾ വേഷമിട്ടു. 'ചിരന്തന തിയേറ്റേഴ്‌സി'ൽ എത്തിയതോടെ ആ അഭിനയമികവിന് സംസ്ഥാനതല അംഗീകാരംവരെ ലഭിച്ചു. മാളികവീട്, പകിട പന്ത്രണ്ട്, മേടപ്പത്ത്, രാജസഭ, ഉപഹാരം, ഒടിയൻ, കളത്തിങ്കൽ തൊടികയിൽ കൽവിളക്ക് എന്നീ നാടകങ്ങൾ
സാവിത്രി എന്ന നടിയുടെ അഭിനയസിദ്ധിയുടെ മാസ്മരികത അനാവരണം ചെയ്തു. 93ലെ സംസ്ഥാന പ്രൊഫഷണൽ നാടകമത്സരത്തിൽ രാജസഭയിലെ ആയിഷക്കുട്ടിയുടെ പ്രകടനം കണ്ട് അമ്പരന്നവരിൽ നാടകാചാര്യൻ ഒ. മാധവനുമുണ്ടായിരുന്നു. അന്നത്തെ ജൂറി ചെയർമാനായിരുന്നു അദ്ദേഹം. സാവിത്രിയെക്കുറിച്ച് ഒ. മാധവൻ ചോദിച്ച രസകരമായൊരു കാര്യം സാവിത്രിയിൽനിന്നുതന്നെ കേൾക്കാം: 'തിരുവനന്തപുരത്തുവെച്ച് കുട്ട്യേടത്തി വിലാസിനിച്ചേച്ചിയോടാണ് മാധവേട്ടൻ ചോദിച്ചത്. 'വിലാസിന്യേ, രാജസഭയിലെ ആയിഷക്കുട്ടിയായി അഭിനയിച്ച കോഴിക്കോട്ടുള്ള ആ കുട്ടിയേതാണ്?'
'കുട്ടിയോ..? ന്റെ മാധവേട്ടാ... അവൾ കുട്ടിയൊന്നുമല്ല. തള്ളേടെ തള്ളയാണവൾ.' വിലാസിനിച്ചേച്ചിയുടെ മറുപടി കേട്ട് മാധവേട്ടൻ പൊട്ടിച്ചിരിച്ചുവത്രേ. എന്റെ മൂത്ത മകൾ പ്രസീനയ്ക്ക് രണ്ടു കുട്ടികളാണ്. അവളുടെ ഭർത്താവിന്റെ അമ്മയാണ് കുട്ട്യേടത്തി വിലാസിനി എന്ന കാര്യം മാധവേട്ടന് അറിയില്ലായിരുന്നു.'
മുസ്‌ലിം കഥാപാത്രങ്ങളെ അവിസ്മരണീയമാക്കുന്നതിൽ ഒരു പ്രത്യേക കഴിവ് സാവിത്രി ശ്രീധരനുണ്ടായിരുന്നു. ശാന്താദേവിക്കു ശേഷം മലബാർ നാടകവേദിയിൽ മുസ്‌ലിം കഥാപാത്രങ്ങളെ ഇത്രത്തോളം തന്മയത്വത്തോടെ അവതരിപ്പിക്കാൻ സാവിത്രിക്കല്ലാതെ മറ്റൊരു നടിക്കും കഴിഞ്ഞിട്ടില്ല. പ്രായം അൻപതു കഴിഞ്ഞ സമയത്താണ് ആയിഷക്കുട്ടിയായി അവർ അരങ്ങിൽ തുള്ളിച്ചാടി അഭിനയിച്ചത്. ആ അഭിനയമികവിനെത്തേടിയാണ് 1993-ൽ രാജസഭയിലൂടെ സംസ്ഥാന സർക്കാരിന്റെ മികച്ച നടിക്കുള്ള അവാർഡ് സാവിത്രിയിലേക്ക് എത്തിച്ചേർന്നത്. പക്ഷേ, അന്ന് അതിൽ ഏറ്റവും ആഹ്ലാദിക്കുമായിരുന്ന രണ്ടുപേർ ഈ ലോകത്തോടുതന്നെ വിടപറഞ്ഞു കഴിഞ്ഞിരുന്നു. തന്നെ അരങ്ങിലേക്കു കൈപിടിച്ചു കൊണ്ടുവന്ന പ്രിയപ്പെട്ട അച്ഛനും കലാജീവിതത്തിന് എന്നും പ്രോത്സാഹനമായിരുന്ന ഭർത്താവും.
അച്ഛന്റെയും ഭർത്താവിന്റെയും വിയോഗം
'ഞാൻ കുട്ടിയായിരിക്കുമ്പോഴേ അച്ഛന്റെ കാലിലൊരു മുഴയുണ്ടായിരുന്നു. എപ്പോഴും വേദനയായിരുന്നു. പാർട്ടിജാഥയിലൊക്കെ അച്ഛനു പങ്കെടുക്കേണ്ടിവരുമ്പോൾ ഏറ്റവും പിറകിലാണ് നടക്കുക. മുന്നിൽ നടന്നാൽ പിറകിൽ വരുന്നവരുടെ കാൽ തട്ടി മരണസമാനമായ വേദനയുണ്ടാകും. അത്തരം ഘട്ടങ്ങളിൽ അച്ഛനെ സഖാക്കൾ വീട്ടിലേക്ക് എടുത്തുകൊണ്ടുവരും. ഏറെക്കാലം കഴിഞ്ഞാണ് അത് കാൻസറായിരുന്നു എന്ന് തിരിച്ചറിയുന്നത്. പലപ്പോഴും, നാടകത്തിൽ അഭിനയിക്കാൻ പോകുമ്പോൾ വേദന സഹിച്ച് അച്ഛൻ എനിക്കൊപ്പം വന്നു. എന്തിനാണച്ഛാ ഇങ്ങനെ ബുദ്ധിമുട്ടുന്നതെന്ന് ചോദിക്കുമ്പോൾ 'സാരമില്ല മോളേ...' എന്നു മാത്രമായിരുന്നു മറുപടി. നാല്പത്തഞ്ചു വർഷം മുൻപ് ഒരു രാത്രി ഞങ്ങളെ വിട്ട് അച്ഛൻ പോയി.'
സാവിത്രിക്കു സർക്കാരിന്റെ ഒരു പുരസ്‌കാരം കിട്ടുന്നത് കാണുക എന്നതായിരുന്നു ശ്രീധരന്റെ ഏറ്റവും വലിയ മോഹം. നാടകമുള്ള ദിവസമാണെങ്കിൽ ഈർച്ചമില്ലിലെ ജോലി കഴിഞ്ഞ് ഭാര്യയ്‌ക്കൊപ്പം പങ്കുചേരാൻ അദ്ദേഹത്തിന് അതിയായ ആവേശമായിരുന്നു. പ്രേക്ഷകരുടെ ഇടയിലിരുന്ന് കാണികളിലൊരാളായി ഭാര്യയുടെ അഭിനയം ശ്രീധരൻ കണ്ടാസ്വദിച്ചു. മടക്കയാത്രയിൽ ശ്രീധരൻ പലപ്പോഴും പറയുമായിരുന്നു: 'സാവിത്രീ, നിനക്ക് ഗവൺമെന്റിന്റെ ഒരംഗീകാരം ലഭിക്കും, എന്നെങ്കിലും. എനിക്കത് കാണണം.'
'പക്ഷേ, ഞാൻ ആ പുരസ്‌കാരം വാങ്ങുന്നത് കാണാൻ ശ്രീധരേട്ടനു ഭാഗ്യമുണ്ടായില്ല. എപ്പോഴും സുഖമില്ല, സുഖമില്ല എന്നു പറയും. ജോലിക്കു പോകാൻ വയ്യാതായി. പല ഡോക്ടർമാരെയും കാണിച്ചു. ഭക്ഷണം പോലും കഴിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. ഒടുവിലറിഞ്ഞു, ശ്രീധരേട്ടനും കാൻസറാണെന്ന്. അച്ഛന് കാലിനായിരുന്നെങ്കിൽ ശ്രീധരേട്ടന് തൊണ്ടയ്ക്കായിരുന്നു. ശ്രീധരേട്ടനെ നോക്കാനായി നാടകാഭിനയം നിർത്തണോ എന്നുവരെ ആലോചിച്ചു. പക്ഷേ, പിന്നീട് എങ്ങനെ ജീവിക്കും? മരുന്നിനും ഭക്ഷണത്തിനുമുള്ള പൈസ എവിടുന്നു കിട്ടും? പകൽ മുഴുവൻ ശ്രീധരേട്ടനെ നോക്കി രാത്രിയാകുമ്പോൾ എല്ലാ വേദനകളും കടിച്ചമർത്തി ഞാൻ സ്റ്റേജിലെത്തി. പല കഥാപാത്രങ്ങൾക്കും അക്കാലത്തെ എന്റെ ജീവിതവുമായി സാമ്യമുള്ളതുപോലെ തോന്നി. വേദിയിൽനിന്ന് ശരിക്കും കരഞ്ഞു. ആ കരച്ചിലിനും കിട്ടി കൈയടി. മെയ്ക്കപ്പു പോലും കഴുകിക്കളയാനാകാതെ വീട്ടിലേക്ക് ഓടിയെത്തുമ്പോൾ ശ്രീധരേട്ടൻ ഉറങ്ങിയിട്ടുണ്ടാവില്ല. ക്ഷീണിച്ച മുഖത്ത് അപ്പോഴും ഒരു പുഞ്ചിരിയുണ്ടാകും. 'സാവിത്രീ, എങ്ങനെയുണ്ടായിരുന്നു നാടകം?' ശ്രീധരേട്ടന്റെ ആ ചോദ്യത്തിനു മറുപടിയായി, 'നന്നായിരുന്നു. ഓരോ രംഗത്തിനും കാണികൾ കൈയടിച്ചു' എന്നെല്ലാം പറയുമ്പോൾ ആ മുഖത്ത് നിറഞ്ഞ സന്തോഷം കാണാൻ കഴിയുമായിരുന്നു. പിന്നീട് ഒരു രാത്രിയിൽ ശ്രീധരേട്ടൻ പതിയെപ്പതിയെ ഉറക്കത്തിലേക്കു പോയി. പിന്നെ ഉണർന്നില്ല. മരിക്കുമ്പോൾ 58 വയസ്സായിരുന്നു ശ്രീധരേട്ടന്.'
ജീവിതത്തിന്റെ കഠിനമായ പാതകളിലൂടെ സഞ്ചരിക്കുമ്പോൾപ്പോലും ശ്രീധരൻ പറഞ്ഞിരുന്നു: 'നാടകം ഉപേക്ഷിക്കരുത്, അഭിനയിക്കണം, അവാർഡ് വാങ്ങണം.' ആ പിന്തുണയുടെ കരുത്തിലും കരുതലിലും നിന്നുതന്നെയാവാം സാവിത്രി വീണ്ടും അരങ്ങുകളിലേക്കു കുതിച്ചത്. മികച്ച കഥാപാത്രങ്ങൾ അവർക്കായി കാത്തുനില്ക്കുന്നുണ്ടായിരുന്നു. അച്ഛനും ഭർത്താവും വിട്ടുപോയതോടെ സാവിത്രിക്കു കൂട്ടായെത്തിയത് സഹോദരൻ വിശ്വനാഥാണ്. 'സംഗമം തിയേറ്റേഴ്‌സി'ന്റെ ക്ഷണിക്കുന്നു കുടുംബസമേതം, അരവിന്ദൻ സാക്ഷിയാണ്, ജ്ഞാനപീഠം, മാട്രിമോണിയൽ ഡോട്ട് കോം തുടങ്ങിയ നാടകങ്ങളിലും സാവിത്രി അഭിനയിച്ചു. നാടകത്തിനുവേണ്ടിയുള്ള നിർത്താതെയുള്ള അലച്ചിൽ, ഒരിക്കലും അവസാനിക്കാത്ത കഷ്ടപ്പാടുകൾ- ഇതൊക്കെയുണ്ടായിട്ടും നാടകത്തെ സാവിത്രി വെറുത്തില്ല, വെറുക്കാൻ അവർക്കു കഴിയുമായിരുന്നില്ല. പത്തു രൂപയിൽ തുടങ്ങിയ നാടകാഭിനയത്തിന്റെ പ്രതിഫലം 500 രൂപയ്ക്കപ്പുറത്തേക്കു കടന്നിരുന്നില്ല. അൻപതു വർഷത്തിലേറെ നീണ്ട നാടകജീവിതംകൊണ്ട് സാവിത്രിക്ക് ഒന്നും സമ്പാദിക്കാനായില്ല. എങ്കിലും ആത്മവിശ്വാസത്തോടെ അവർ പറയും, 'രണ്ടു പെണ്മക്കളെ കല്യാണം കഴിച്ചയച്ചു. പിന്നെ ഇത്രയും കാലം ജീവിച്ചില്ലേ? അതെല്ലാം നാടകത്തിൽനിന്നും ലഭിച്ച ചെറിയ വരുമാനംകൊണ്ടു മാത്രമാണ്.' ശ്രീധരന്റെ മരണശേഷം, നാടകമില്ലാതെ കഷ്ടപ്പെട്ട കാലത്ത് മാനാരിയിലുള്ള പന്ത്രണ്ടര സെന്റ് ഭൂമിയും വീടും സാവിത്രിക്കു വില്‌ക്കേണ്ടിവന്നു. കച്ചവടമറിയാത്ത ഈ കലാകാരി, ഇന്ന് കോടികൾ വിലമതിക്കുന്ന ആ ഭൂമി സെന്റിനു വെറും രണ്ടു ലക്ഷം രൂപയ്ക്കാണ് അന്ന് വിറ്റത്. മകൻ സുനീഷിനൊപ്പം മാങ്കാവിലുള്ള ചെറിയ വീട്ടിലാണ് ഇപ്പോൾ സാവിത്രി കഴിയുന്നത്.
1995-ൽ എൽ.ഡി.എഫ്. സ്ഥാനാർഥിയായി കോഴിക്കോട് കോർപ്പറേഷനിലേക്ക് സാവിത്രി മത്സരിച്ചതും കൗൺസിലറായതും അവരുടെ ജീവിതത്തിലെ ഒരു പ്രധാന സംഭവമാണ്. 'നാടകത്തിനപ്പുറം മറ്റൊരു മേഖല എനിക്കുണ്ടായിരുന്നില്ല. നാട്ടിലെ സഖാക്കളെല്ലാവരും വന്നു നിർബന്ധിച്ചപ്പോൾ സ്ഥാനാർഥിയായി നില്ക്കാമെന്നു സമ്മതിച്ചു. ഞാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനോട് മക്കൾക്കും എതിർപ്പില്ലായിരുന്നു. ജയിക്കുകയും ചെയ്തു. ജനകീയാസൂത്രണത്തിന്റെ കാലമാണ്. കൗൺസിലർ എന്ന നിലയിൽ അഞ്ചു വർഷംകൊണ്ട് നാടിനുവേണ്ടി ഒട്ടേറെ ക്ഷേമപദ്ധതികളും വികസനപ്രവർത്തനങ്ങളും നടപ്പിലാക്കാൻ കഴിഞ്ഞു. നാടകനടി നാടിനുവേണ്ടി എന്തു ചെയ്തു എന്നു ചോദിക്കുമ്പോൾ ഇതുംകൂടി എനിക്കു പറയാമല്ലോ.'
ദുരിതപർവങ്ങൾക്കിടയിലെ ജീവിതങ്ങൾ
സാവിത്രിയുടെ ഓർമകളിൽ നീറുന്ന ചിത്രങ്ങൾ ഏറെയുണ്ടെങ്കിലും അംബുജം സുരാസു എന്ന അഭിനേത്രിയോടൊപ്പമുള്ള അനുഭവങ്ങൾക്കു വല്ലാത്തൊരു തെളിച്ചവും മൂർച്ചയുമുണ്ട്. ഒരിക്കൽ പരിചയപ്പെട്ടവരുടെ മനസ്സിൽനിന്നും ആ രൂപം അത്ര പെട്ടെന്ന് മാഞ്ഞുപോകില്ല. സർഗാത്മകതയുടെ കനലുകളെറിഞ്ഞു നടന്ന സുരാസു എന്ന പ്രതിഭാശാലിയുടെ ഭാര്യയെന്ന നിലയിലും നടിയെന്ന നിലയിലും പെയ്‌തൊഴിയാത്ത കുറെ ഓർമകൾ ബാക്കിവെച്ചുകൊണ്ടാണ് അംബുജം സുരാസു യാത്രയായത്. അവസാനകാലത്ത് അവരനുഭവിച്ച ജീവിതനാടകത്തിലെ ദുരിതപർവങ്ങൾക്കു പലപ്പോഴും സാവിത്രിയും സാക്ഷിയായിട്ടുണ്ട്. 'ഓർമ നഷ്ടപ്പെട്ട കാലത്ത് ഞാൻ അംബുജത്തെ കണ്ടിട്ടുണ്ട്. അവരുടെ മുഖത്തേക്ക് ഏറെ നേരം നോക്കിനില്ക്കാനാവുമായിരുന്നില്ല. ചില നേരങ്ങളിൽ അംബുജം മുഖത്തേക്കുതന്നെ നോക്കും, എന്തൊക്കെയോ നമ്മളോടു പറയാനുണ്ടെന്ന് അവർ ആഗ്രഹിച്ചിട്ടുണ്ടാകും. പക്ഷേ, ഒന്നും പറയാനാകാതെ നനഞ്ഞ കണ്ണുകളുമായുള്ള ആ കിടപ്പു കാണുമ്പോൾ വല്ലാതെ ഞാൻ സങ്കടപ്പെട്ടിട്ടുണ്ട്. അരങ്ങിൽ ഒന്നിച്ചഭിനയിച്ച നാളുകൾ, സംഭാഷണങ്ങൾ, പൊട്ടിച്ചിരി, കരച്ചിൽ. അംബുജത്തോടൊപ്പമുള്ള അരങ്ങനുഭവങ്ങൾ വ്യത്യസ്തമായിരുന്നു. ജീവിതത്തിൽ എന്തുമാത്രം പാവമായിരുന്നു അവൾ. നന്നായി വായിക്കുമായിരുന്നു അംബുജം. ധാരാളം പുസ്തകങ്ങൾ വായിച്ചതിന്റെ അനുഭവം വലിയ രീതിയിൽ അംബുജത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. നാടകമെന്നു കേൾക്കുമ്പോഴേക്കും ആവേശത്തോടെയാണ് അരങ്ങിലേക്ക് ഓടിവരിക. സുരാസുവിനെ കല്യാണം കഴിച്ചതിന്റെ അനുഭവത്തിൽ നിന്നാകാം 'മുക്കംമുതൽ മദ്രാസ്‌വരെയുള്ള മദ്യശാലകളിലൊക്കെ കയറിയിട്ടുണ്ടെ'ന്ന് പലരോടും അംബുജം പറഞ്ഞത്. ഒരർഥത്തിൽ അതിജീവനത്തിന്റെ ആൾരൂപം തന്നെയായിരുന്നു അംബുജം സുരാസു. അരങ്ങിലായാലും ജീവിതത്തിലായാലും കുറെയേറെ അവളും അനുഭവിച്ചു.'
അമേച്വർ നാടകങ്ങളിൽ അഭിനയിക്കുന്ന കാലത്താണ് ഇരിങ്ങൽ നാരായണി എന്ന കലാകാരിയെ സാവിത്രി പരിചയപ്പെടുന്നത്. അക്കാലത്ത് മലബാറിലെ മിക്ക കലാസമിതികളിലെയും നാടകങ്ങളിൽ നാരായണിയുടെ സാന്നിധ്യമുണ്ടായിരുന്നു. പ്രൊഫഷണൽ നാടകങ്ങളിലും റേഡിയോ നാടകങ്ങളിലും അവർ ശ്രദ്ധേയയായി. നാടകപ്രവർത്തകർക്കെല്ലാം ഇരിങ്ങൽ നാരായണി നാരായണിയേടത്തിയായിരുന്നു. ആ കലാകാരിയുടെ ജീവിതത്തെ 'നാടകം പോലെ ഒരു ജീവിതം' എന്നു വിശേഷിപ്പിക്കുന്നതാകും ഏറെ ഉചിതം. ആ വിശേഷണത്തെ സാവിത്രിയും ശരിവെക്കുന്നു. 'നാടകമായിരുന്നു ആ ജീവിതം. വർഷങ്ങളോളം സ്റ്റേജിൽ നിറഞ്ഞുനിന്ന നാരായണിയേടത്തി ഒടുവിൽ ഒന്നും നേടാതെയാണ് ജീവിതത്തിന്റെതന്നെ അരങ്ങൊഴിഞ്ഞത്. കഥാപാത്രങ്ങളോടു നൂറു ശതമാനവും നീതി പുലർത്തിയിരുന്ന അവർ ഒപ്പമഭിനയിക്കുന്നവർക്കു വലിയ പ്രോത്സാഹനം നല്കാനും മറന്നില്ല. അമേച്വർ, പ്രൊഫഷണൽ, റേഡിയോ നാടകങ്ങളിൽ നാരായണിയേടത്തിക്കൊപ്പം അഭിനയിക്കുമ്പോൾപ്പോലും വലിയൊരു രോഗം അവരെ കാർന്നുതിന്നുന്നുണ്ടെന്ന് അധികമാരും അറിഞ്ഞിരുന്നില്ല. അർബുദം ആ ജീവിതത്തെ ഇല്ലാതാക്കിക്കൊണ്ടിരിക്കുമ്പോഴും അരങ്ങിലേക്ക് ഓടിയെത്താനുള്ള മോഹമായിരുന്നു അവർക്ക്. എത്രയോ വേഷങ്ങൾ ആടേണ്ട ആ ജീവിതം ഒരുപാടു കഷ്ടപ്പാടുകൾക്കിടയിലാണ് അവസാനിച്ചത്. ജീവിച്ചിരുന്നെങ്കിൽ സിനിമയിൽവരെ അവരുണ്ടാകുമായിരുന്നു. വർഷങ്ങളോളം നാടകവേദിയിൽ പ്രവർത്തിച്ച്, അവസാനം അധികമാരുമറിയാതെ കടന്നുപോയ നാരായണിയേടത്തിയെപ്പോലെ എത്രയോ നാരായണിമാർ നമ്മുടെ നാടകവേദിയിൽ ഒന്നുമല്ലാതായിപ്പോയിട്ടുണ്ട്.'
'കുറച്ചു നാളുകൾക്കു മുൻപാണ് മച്ചാട്ട് വാസന്തിയെ കാണാൻ പോയത്. തീർത്തും അവശയായിരുന്നു വാസന്തി. എന്നിട്ടും ഏറെ നേരം സംസാരിച്ചത് നാടകത്തെക്കുറിച്ചാണ്. മിക്ക നാടകപ്രവർത്തകരും അങ്ങനെയാണ്. സുഖമില്ലാതെ കിടപ്പിലായാൽപ്പോലും ആ മനസ്സിൽ ആർത്തിരമ്പി വരുന്നത് നാടകംതന്നെയാണ്. വാസന്തിയെ കണ്ടപ്പോഴും അനുഭവം മറിച്ചായിരുന്നില്ല. കോഴിക്കോട് ടൗൺ ഹാളിൽ ഇനിയും പാടണമെന്നും കഴിയുമെങ്കിൽ സ്റ്റേജിൽ അഭിനയിക്കണമെന്നുമൊക്കെയുള്ള ആഗ്രഹങ്ങളാണ് എഴുന്നേറ്റുനടക്കാൻ വയ്യാത്ത അവസ്ഥയിൽപ്പോലും വാസന്തി പങ്കുവെച്ചത്. കുട്ടിക്കാലംതൊട്ടേ വാസന്തിയെ എനിക്കറിയാം. പാട്ടുകാരി മാത്രമായിരുന്നില്ല വാസന്തി, നല്ലൊരു നടികൂടിയായിരുന്നു. ദേശപോഷിണി അവതരിപ്പിച്ച ഈഡിപ്പസ് നാടകം അക്കാലത്തെ മഹാദ്ഭുതം തന്നെയായിരുന്നു. ഈഡിപ്പസായി കുഞ്ഞാണ്ടിയേട്ടനും ജക്കോസ്തയായി വാസന്തിയും അരങ്ങുതകർത്ത നാടകം. പിന്നീട് കെ.ടിയുടെ ഇത് ഭൂമിയാണ് ഉൾപ്പെടെ പല നാടകങ്ങളിലും വാസന്തി വേഷമിട്ടിട്ടുണ്ട്. യേശുദാസിനൊപ്പം സിനിമയിൽവരെ പാടിയിട്ടുണ്ട്. ചെറിയ വേഷങ്ങളാണെങ്കിലും നിരവധി സിനിമകളിലഭിനയിച്ചിട്ടുമുണ്ട്. പക്ഷേ, എന്നും ദുരിതങ്ങളായിരുന്നു വാസന്തിക്ക്. കുറെ നാളായുള്ള ആഗ്രഹമായിരുന്നു വാസന്തിയെ ഒന്നു പോയി കാണണമെന്ന്. കിടപ്പിലായാൽപ്പിന്നെ തിരിഞ്ഞുനോക്കാൻ അധികമാരുമുണ്ടാവില്ല. നാടകനടികളുടെ കാര്യത്തിൽ പ്രത്യേകിച്ചും. 'ആരുടെയും സഹായമില്ലാതെതന്നെ പൊന്നുപോലെ നോക്കുന്നുണ്ട് എന്റെ മക്കൾ' എന്ന് വാസന്തി പറഞ്ഞപ്പോൾ ഒരുപാടു സന്തോഷം തോന്നി. കാലം എത്രയോ മാറിപ്പോയി. ജീവിതം മുഴുവൻ മക്കൾക്കായി ജീവിച്ച മാതാപിതാക്കളെ വൃദ്ധസദനങ്ങളിലും അനാഥമന്ദിരങ്ങളിലും നടതള്ളുന്ന ഈ കാലത്താണ് കലയ്ക്കുവേണ്ടി മാത്രം ജീവിച്ച വാസന്തി സ്വന്തം മക്കളുടെ കാര്യം കണ്ണീരിന്റെ നനവുപോലുമില്ലാതെ പറഞ്ഞത്. നാടകനടിയായിപ്പോയതിന്റെ പേരിൽത്തന്നെ എത്രയോ മക്കൾ സ്വന്തം അമ്മമാരുടെ ഹൃദയത്തിൽ ഒരുപാടു മുറിവുകൾ ഏല്പിച്ചിട്ടുണ്ട്. സ്വന്തം വീട്ടിലെ ക്രൂരമായ അനുഭവങ്ങൾ മറികടന്നാണ് പല നടികളും നാടകരംഗത്തെത്തിയത്. അവസാനം ഒന്നും സമ്പാദിക്കാതെ കുറെ കൈയടികൾ മാത്രം അവാർഡായി സ്വീകരിച്ചുകൊണ്ടാണ് അവർ തിരിച്ച് വീട്ടിലെത്തുന്നത്. അതിനപ്പുറം പലർക്കും ഒന്നുമാവാൻ കഴിയുന്നില്ല എന്നതല്ലേ സത്യം.'
'നിലമ്പൂർ ആയിഷ, ബാലുശ്ശേരി സരസ, രത്‌നമ്മ മാധവൻ, അജിതാ നമ്പ്യാർ, കോഴിക്കോട് ശാരദ, മെറ്റിൽഡ, ഉഷാ ചന്ദ്രബാബു, ലക്ഷ്മി കോടേരി, രജനി മേലൂർ, ജയശ്രീ പന്തീരാങ്കാവ്, പുഷ്പ കല്ലായി, റാണി ദിവാകരൻ, ലീല, സുശീല പപ്പൻ, റീന, ശൈലജ കുന്നോത്ത്, ഗീത പാവങ്ങൂർ, സുലോചന നന്മണ്ട, ജയകാന്തി, ഷൈനി പൂക്കാട്, നിപുണ റഹ്‌മാൻ, വസന്ത തുടങ്ങിയ പ്രഗല്ഭ നടികൾക്കൊപ്പവും അഭിനയിക്കാൻ എനിക്കു സാധിച്ചു. പേരിനും പ്രശസ്തിക്കുമപ്പുറം നാടകംകൊണ്ട് ഒന്നും നേടാൻ കഴിയാതെ പോയ അനുഭവമാണ് പലരുടെയും ജീവിതം പറയുന്നത്.'
'കടവി'ലൂടെ സിനിമയിലേക്ക്
സിനിമ ഒരിക്കൽപ്പോലും സാവിത്രിയെ മോഹിപ്പിച്ചിട്ടില്ല. നാടകം സിനിമയിലേക്കുള്ള ചവിട്ടുപടിയായി അവർ കണ്ടിട്ടുമില്ല. എന്നിട്ടും സിനിമ സാവിത്രിയെ തേടിയെത്തി. എം.ടി. വാസുദേവൻ നായരുടെ കടവിൽ സുഖമില്ലാത്ത ഒരു അമ്മയുടെ വേഷം ചെയ്തു. 'എം.ടി. നിർദേശിച്ചപ്രകാരം പുരുഷൻ കടലുണ്ടിയാണ് കടവിലഭിനയിക്കാൻ എന്നെ വിളിച്ചത്. വലിയ വേഷമൊന്നുമായിരുന്നില്ല. പിന്നെ സിനിമയിൽ അഭിനയിച്ചില്ല. അവസരങ്ങൾക്കുവേണ്ടി ആരുടെ മുന്നിലും കൈനീട്ടിയില്ല. ആരും എന്നെ അന്വേഷിച്ച് വന്നതുമില്ല.'
കോഴിക്കോട്ടെ പല പ്രൊഫഷണൽ നാടകസമിതികളും അടച്ചുപൂട്ടിയപ്പോൾ നാടകത്തെ ആശ്രയിച്ചു ജീവിച്ച സാവിത്രിയെപ്പോലുള്ളവർക്ക് അതു വലിയ ആഘാതമായി. പിന്നീട് തിരൂർ 'യുഗചേതന'യിൽ ഒരു വർഷം സാവിത്രി അഭിനയിച്ചു. അതിനുശേഷം വർഷങ്ങളുടെ നീണ്ട ഇടവേള. അങ്ങനെയിരിക്കുമ്പോഴാണ് സാവിത്രിയെത്തേടി സുഡാനി ഫ്രം നൈജീരിയയുടെ പ്രവർത്തകർ എത്തുന്നത്. 'സിനിമയുമായി യാതൊരു ബന്ധവുമില്ലാത്തുകൊണ്ട് ആരെയും മുൻപരിചയമുണ്ടായിരുന്നില്ല. എല്ലാവരും പുതിയ കുട്ടികളാണെന്ന് ആരോ പറഞ്ഞു. കഥയും കഥാപാത്രവുമൊക്കെ വിശദമായി പറഞ്ഞുതന്നു. വാഴയൂരായിരുന്നു ഷൂട്ടിങ്. അഭിനയിക്കുമ്പോൾ ആദ്യമൊക്കെ നാടകം വന്നിരുന്നു. സംവിധായകൻ സക്കറിയയും മറ്റുള്ളവരും സ്വന്തം മക്കളെപ്പോലെ പെരുമാറി. ചുറ്റും ക്യാമറയുണ്ടായിരുന്നു. 'ചേച്ചി അതൊന്നും ശ്രദ്ധിക്കേണ്ട. വീട്ടിൽ പെരുമാറുന്നതുപോലെ ചെയ്താൽ മതി' എന്ന് എല്ലാവരും പറഞ്ഞു. അടുക്കളയിലെ ഒരു സീനായിരുന്നു ആദ്യമെടുത്തത്. നന്നാവണേ എന്നു പ്രാർഥിച്ചിട്ടങ്ങു ചെയ്തു. മൂന്നാഴ്ചയോളം ഷൂട്ടിങ്ങുണ്ടായിരുന്നു. അതു കഴിഞ്ഞു പോരുമ്പോഴും വലിയ ടെൻഷനായിരുന്നു. ഞാനും സരസയും രണ്ടു വയസ്സത്തികൾ അഭിനയിക്കുന്ന സിനിമ. ഇത് ആൾക്കാർ കാണുമോ? എന്തായിരിക്കും പ്രതികരണം? ഇങ്ങനെ ഒരുപാടു വേവലാതികൾ മനസ്സിലുണ്ടായിരുന്നു. മോണിറ്ററിൽപ്പോലും ഞങ്ങൾ അഭിനയിച്ച ഭാഗങ്ങൾ കണ്ടിരുന്നില്ല. സെറ്റിലെ കുട്ടികളെല്ലാവരും പറഞ്ഞു, 'നന്നായിട്ടുണ്ട് ചേച്ചീ...'. അതു മാത്രമായിരുന്നു ഒരു ആശ്വാസം.
സുഡാനി റിലീസാകുന്നതിന്റെ തലേദിവസം രാത്രി സാവിത്രിയോട് മക്കൾ പറഞ്ഞു: 'അമ്മേടെ സിനിമ കാണാൻ നമുക്ക് നാളെ പോകണം. ആദ്യ ഷോയ്ക്കുതന്നെ.' ആ രാത്രി സാവിത്രി കുറെ കരഞ്ഞു. കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷമായി അവർ സിനിമ കണ്ടിട്ട്. സിനിമയുടെ ലോകം എന്താണെന്നു പോലും അവർക്കറിയില്ല. ശ്രീധരനും സാവിത്രിയും ഒരുമിച്ചായിരുന്നു സിനിമയ്ക്കു പോയിരുന്നത്. ശ്രീധരന്റെ മരണശേഷം സാവിത്രി സിനിമ കണ്ടിട്ടില്ല. ശ്രീധരനൊന്നിച്ച് അവസാനം കണ്ട സിനിമ കോഴിക്കോട് സംഗം തിയേറ്ററിൽവെച്ച് മോഹൻലാലിന്റെ ദേവാസുരമായിരുന്നു. ആ രാത്രിയിൽ ഒരിക്കൽ വെള്ളിത്തിരയിൽ കണ്ട ഒരുപാടു ചലച്ചിത്രങ്ങൾ സാവിത്രിയെ വന്നുപൊതിഞ്ഞു.
കോഴിക്കോട് അപ്‌സര തിയേറ്ററിൽ കുടുംബത്തോടൊപ്പമിരുന്ന് സുഡാനി കാണുമ്പോൾ ഓരോ രംഗങ്ങളിലും സാവിത്രിയുടെ ഹൃദയമിടിപ്പു കൂടുകയായിരുന്നു. തിയേറ്ററിൽ പൊട്ടിച്ചിരികളും കൈയടികളുമൊക്കെ ഉണ്ടായെങ്കിലും സാവിത്രി അതൊന്നും അറിഞ്ഞിരുന്നില്ല. 'സിനിമ കണ്ടവരെല്ലാം ഒരേ അഭിപ്രായമായിരുന്നു. ചേച്ചിമാർ രണ്ടുപേരും നന്നായിട്ടുണ്ട്. പിറ്റേ ദിവസംമുതൽ ഫോണിനു വിശ്രമമുണ്ടായില്ല. പരിചയമുള്ളവരും അല്ലാത്തവരുമായ എത്രയോ പേർ അഭിനന്ദനങ്ങളറിയിച്ചുകൊണ്ട് വിളിക്കുന്നു. ഇപ്പോഴും ആ അഭിനന്ദനപ്രവാഹത്തിനു കുറവൊന്നുമില്ല. അൻപതു വർഷത്തിലധികമായി എത്രയോ നാടകങ്ങളിൽ അഭിനയിച്ചു. പക്ഷേ, അപ്പോഴൊന്നും ഇങ്ങനെയൊരു അഭിനന്ദനം ഉണ്ടായിട്ടില്ല. നാടകത്തിൽ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് കിട്ടിയപ്പോൾ പ്പോലും നാടകക്കാരല്ലാതെ ആരും എന്നെ വിളിച്ചിട്ടില്ല. മികച്ച സഹനടികൾക്കുള്ള സംസ്ഥാന അംഗീകാരം സുഡാനിയിലൂടെ എനിക്കും സരസയ്ക്കും ലഭിച്ചു. പിന്നീട് ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച മലയാള ചിത്രമായി സുഡാനി ഫ്രം നൈജീരിയ തിരഞ്ഞടുക്കപ്പെട്ടതിനൊപ്പം ജൂറിയുടെ പ്രത്യേക പരാമർശംകൂടി എനിക്കു ലഭിച്ചപ്പോൾ ഞാനെല്ലാവർക്കും പ്രിയപ്പെട്ടവളായി.' സിനിമയിൽ വീണ്ടും അവസരങ്ങളുണ്ടായി. ഡാകിനി, വൈറസ്, മേരാ നാം ഷാജി, ഒരു കടത്തനാടൻ കഥ, സൈറയും ഞാനും, പട, മാഹി, ഇട്ടിമാണി, ഏഴാം കടലിനുമപ്പുറം, മടപ്പള്ളി യുണൈറ്റഡ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.
'ഇട്ടിമാണിയിലേക്കുള്ള അവസരം വന്നതും യാദൃച്ഛികമായിട്ടാണ്. ശ്രീധരേട്ടൻ മരിക്കുന്നതിനു മുൻപ് മോഹൻലാലിന്റെ ധാരാളം സിനിമകൾ ഒന്നിച്ചിരുന്ന് കണ്ടിട്ടുണ്ട്. ദേവാസുരത്തിനു ശേഷം ലാലിന്റെ ഒറ്റച്ചിത്രം പോലും തിയേറ്ററിൽ പോയി കണ്ടിട്ടില്ല. സുഡാനിയിലെ അഭിനയത്തിന് സഹനടിക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചപ്പോൾ അഭിനന്ദനമറിയിച്ചുകൊണ്ട് ആദ്യം വിളിച്ചവരിലൊരാൾ മോഹൻലാലായിരുന്നു. ലാലാണ് സംസാരിക്കുന്നതെന്നു പറഞ്ഞപ്പോൾ പെട്ടെന്ന് വിശ്വസിക്കാനായില്ല. നാടകപ്രവർത്തകരോട് അദ്ദേഹം കാണിക്കുന്ന സ്‌നേഹവും ദയയും ഒരുപാടു വായിച്ചറിഞ്ഞിട്ടുണ്ട്. സിനിമയിൽ വലിയ തിരക്കുള്ള നടനായിട്ടും നാടകത്തിൽ മോഹൻലാൽ അഭിനയിക്കുന്നുവെന്ന് കേൾക്കുമ്പോൾ നാടകകലാകാരിയെന്ന നിലയിൽ എനിക്കത് ഏറെ സന്തോഷം പകർന്നിട്ടുണ്ട്. ഇട്ടിമാണിയിൽ എനിക്കും സരസയ്ക്കും വേഷമുണ്ടായിരുന്നു. അത്ര പ്രാധാന്യമുള്ള കഥാപാത്രമല്ലെങ്കിലും ലാലിനൊപ്പം അഭിനയിക്കാൻ കഴിയുകയെന്നു പറഞ്ഞാൽ അതു വലിയൊരു നേട്ടമല്ലേ. ലൊക്കേഷനിൽവെച്ച് അദ്ദേഹത്തെ കാണുമ്പോൾ വല്ലാത്തൊരു അമ്പരപ്പായിരുന്നു. എന്നാൽ, ഞങ്ങളെ കണ്ടപാടേ സ്‌നേഹത്തോടെ കസേര വലിച്ചിട്ടു തന്ന് അതിലിരിക്കാൻ പറഞ്ഞു. ലോകമാദരിക്കുന്ന വലിയൊരു നടനാണെന്ന ഭാവംപോലും ആ മുഖത്തില്ലായിരുന്നു. സ്വന്തം സഹോദരങ്ങളോടു സംസാരിക്കുന്ന രീതിയിലായിരുന്നു ലാൽ ഞങ്ങളോടു സംസാരിച്ചത്. സിനിമയിലെ മറക്കാനാകാത്ത അനുഭവത്തെക്കുറിച്ചു ചോദിച്ചാൽ, ലാൽ ഞങ്ങളോടു കാണിച്ച സ്‌നേഹത്തെക്കുറിച്ച് പറയാതിരിക്കാനാവില്ല.'
സുഡാനിയുടെ വിജയത്തിനു ശേഷം തിരൂർ തുഞ്ചൻപറമ്പിലേക്ക് ഒരു നട്ടുച്ചനേരത്ത് ചായംതേയ്ക്കാത്ത മുഖവുമായി ബാലുശ്ശേരി സരസയ്‌ക്കൊപ്പം സാവിത്രി ശ്രീധരൻ കടന്നുവന്നത് ഇപ്പോഴും ഓർമയിലുണ്ട്. എ.സി കാറിൽ വന്നിറങ്ങിയ അവരുടെ മുഖത്ത് വല്ലാത്തൊരു ചിരിയുണ്ടായിരുന്നു. ലോകം കീഴ്‌മേൽമറിഞ്ഞതുപോലെ. നാടകനടികൾ മാത്രമായിരുന്നപ്പോൾ ക്ഷണിക്കപ്പെട്ട പരിപാടികളിൽ പങ്കെടുത്തു മടങ്ങാൻ നേരം ഓട്ടോറിക്ഷയ്ക്കുള്ള കാശുപോലും നല്കാതിരുന്ന സംഘാടകരെ അന്നേരമവർ ഓർത്തുപോയിട്ടുണ്ടാകാം. വെള്ളിത്തിരയിൽ മുഖമെത്തിയതോടെ വമ്പൻവാഹനങ്ങളുമായി ആളുകൾ യാത്രാസൗകര്യമൊരുക്കുന്നത് കാണുമ്പോൾ വേദന കലർന്ന ഈ ചിരി മാത്രമാണ് ഇവരുടെ മുഖത്ത് ഭാവമായി വരുന്നത്. 'ഇക്കാലമത്രയും ഞങ്ങളുടെ ജീവിതം വെന്തുരുകിയപ്പോൾ ആ സങ്കടം കാണാൻ നിങ്ങളിലെത്രപേരുണ്ടായി? ഇപ്പോൾ...? ഞങ്ങൾക്കറിയാം, എല്ലാം നാടകമാണെന്ന്. ജീവിതമെന്ന മഹാനാടകത്തിലെ അഭിനേതാക്കളാണ് നമ്മളെല്ലാവരും...'എന്ന് സാവിത്രിയോടൊപ്പം സരസയും പറയാതെ പറഞ്ഞിട്ടുണ്ടാകാം.
സിനിമയിൽ പുതിയ അവസരങ്ങൾ വന്നുകൊണ്ടിരിക്കുമ്പോഴും സാവിത്രിയുടെ മനസ്സിൽ ഇപ്പോഴും ആർത്തിരമ്പുന്നത് അരങ്ങാണ്. 'എല്ലാ വിഷമങ്ങളെയും മാറ്റിനിർത്തി അരങ്ങിലേക്കോടിയെത്തിയ ആ നാളുകളാണ് ഇന്നും എനിക്കു കരുത്തേകുന്നത്. നാടകമില്ലാതെ എനിക്കൊരു ജീവിതവുമില്ല. അവസാനശ്വാസംവരെ ഞാൻ നാടകവേദിയിലുണ്ടാകും.'
ഇ.എം.എസ്. മന്ത്രിസഭയുടെ 60-ാം വാർഷിക വേളയിലാണ് സാവിത്രി ഒടുവിൽ അരങ്ങിലെത്തിയത്. തിരുവനന്തപുരത്ത് നിശാഗന്ധിയിൽ കോഴിക്കോട് കലിംഗ ഇത് ഭൂമിയാണ് അവതരിപ്പിച്ചപ്പോൾ അതിലെ ആമിനയായി നിറഞ്ഞാടി. 'ഇനിയും നാടകത്തിൽ അഭിനയിക്കാൻ പറഞ്ഞാൽ ഞാൻ അഭിനയിക്കും. നാടകത്തിലൂടെ ഒരുപാടു ജീവിതങ്ങളെ ഞാനറിഞ്ഞു. ഒന്നും നേടാനായില്ലെങ്കിലും ആത്മസംതൃപ്തി അതിലും എത്രയോ വലുതാണ്.' കർട്ടൻ താഴുമ്പോൾ ഉയരുന്ന കരഘോഷങ്ങളുടെ ആരവത്തിൽനിന്നും ആർജിച്ചെടുത്ത ഊർജമാണ് ഇന്നും സാവിത്രി ശ്രീധരൻ എന്ന നടിയുടെ ഏറ്റവും വലിയ കരുത്ത്.
Content Highlights: Savithri Sreedharan's 50-plus-year journey in Malayalam amateur and professional theatre., Early struggles, mentoring by legends like AKG, and associations with K.T. Mohammed., Transition to cinema with critically acclaimed roles in Sudani from Nigeria and subsequent films.