'എന്താ എനിക്ക് ടെന്നീസ് താരമാവാന്‍ പാടില്ലേ?'ഗൗരവത്തോടെ സാനിയ തിരിച്ചെറിഞ്ഞ ചോദ്യം!

2002-ലാണ് സാനിയ മിര്‍സയെ ആദ്യമായി കാണുന്നതും സംസാരിക്കുന്നതും. ഹൈദരാബാദില്‍ ദേശീയ ഗെയിംസ് നടക്കുന്നു. മാതൃഭൂമിക്കുവേണ്ടി ഗെയിംസ് കവര്‍ ചെയ്യാന്‍പോയ സംഘത്തില്‍ ഞാനുമുണ്ട്. അന്നത്തെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഉത്സാഹത്തില്‍ ഗെയിംസ് മികച്ച രീതിയില്‍ സംഘടിപ്പിക്കപ്പെട്ടു. ദേശീയമാധ്യമങ്ങള്‍ മത്സരബുദ്ധിയോടെ ഗെയിംസ് കവര്‍ചെയ്യുന്നു. ടെന്നീസ് മത്സരങ്ങളുടെ ആദ്യദിനം അത് കവര്‍ചെയ്യാന്‍ പോവുമ്പോള്‍ സാനിയ മിര്‍സയുമായി ഒരു അഭിമുഖമായിരുന്നു ലക്ഷ്യം. ദക്ഷിണ കൊറിയയിലെ ബുസാനില്‍ ആ വര്‍ഷം നടന്ന ഏഷ്യന്‍ ഗെയിംസില്‍ മിക്‌സഡ് ഡബ്ള്‍സില്‍ ലിയാന്‍ഡര്‍ പേസിനൊപ്പം വെങ്കലം നേടിയ സാനിയ അതിനകം ഇന്ത്യന്‍ സ്‌പോര്‍ട്‌സിലെ യങ് സെന്‍സേഷനായി മാറിക്കഴിഞ്ഞിരുന്നു.
മത്സരം കാണാന്‍ നേരത്തേതന്നെ ഗച്ചിബൗളി സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലെ ടെന്നീസ് കോര്‍ട്ടിലെത്തി. അതാ, പുറത്തു തൂക്കിയ വലിയ കിറ്റും കൈകളില്‍ റാക്കറ്റുമായി സാനിയ കോര്‍ട്ടിലേക്കുവരുന്നു. ഗാലറികളില്‍നിന്ന് ആരവമുയര്‍ന്നു. സുന്ദരിയായ പെണ്‍കുട്ടി. ഓരോ ചലനത്തിലും നിറയുന്ന ആത്മവിശ്വാസം.
കളി ജയിച്ചശേഷം 'സാനിയാ... സാനിയാ...' എന്ന് ആര്‍ത്തുവിളിക്കുന്ന ഗാലറിക്ക് രണ്ടു ഫ്‌ളയിങ് കിസ്സുകള്‍ സമ്മാനിച്ച് അവള്‍ ഡ്രസിങ് റൂമിലേക്ക് നടക്കുമ്പോള്‍ ഫോട്ടോഗ്രാഫര്‍ ടി.കെ. പ്രദീപ് കുമാറിനെയുംകൂട്ടി പിന്നാലെ ചെന്നു. സാനിയാ എന്നു വിളിച്ചപ്പോള്‍ തിരിഞ്ഞുനിന്ന് ചോദിച്ചു. 'ക്യാ ചാഹിയേ ഭായിജാന്‍?' ഇന്റര്‍വ്യൂവിന്റെ കാര്യംപറഞ്ഞപ്പോള്‍ ഡ്രസ് മാറി വരാമെന്ന് മറുപടി. അഞ്ചുമിനുട്ടിനകം തിരിച്ചെത്തി. ഡ്രസ്സിങ് റൂമിനു മുന്നില്‍നിന്ന് 15 മിനിറ്റ് സംസാരിച്ചു. മാതൃഭൂമി സ്‌പോര്‍ട്‌സ് മാസികയ്ക്കുവേണ്ടി സാനിയയുടെ കുടുംബത്തെക്കൂടി ഉള്‍പ്പെടുത്തി ഫീച്ചര്‍ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ചപ്പോള്‍ 'ആപ് അമ്മീജാന്‍ കോ ബാത് കരോ' എന്നായിരുന്നു മറുപടി. ഡെക്കാന്‍ ക്രോണിക്ക്ള്‍ പത്രത്തിന്റെ സ്‌പോര്‍ട്‌സ് ലേഖകനായിരുന്ന സോളമനാണ് സാനിയയുടെ അമ്മ നസീമയെ പരിചയപ്പെടുത്തിത്തന്നത്. രണ്ടുമാസം കഴിഞ്ഞ് വിളിക്കാനായിരുന്നു അവരുടെ മറുപടി.
പല കാരണങ്ങള്‍കൊണ്ടും അത് നീണ്ടുപോയി.
പിന്നെ രണ്ടരവര്‍ഷം കഴിഞ്ഞാണ് സാനിയയെ കാണാന്‍ ഹൈദരാബാദിലേക്ക് പോയത്. അക്കാലംകൊണ്ട് അവര്‍ ഏറെ വളര്‍ന്നിരുന്നു. 2003-ല്‍ റഷ്യക്കാരി അലീസ ക്ലിബനോവയ്‌ക്കൊപ്പം വിംബിള്‍ഡള്‍ ജൂനിയര്‍ ഡബ്ള്‍സ് കിരീടംചൂടിയത് വഴിത്തിരിവായി. ലോക ജൂനിയര്‍ ഡബ്ള്‍സ് റാങ്കിങ്ങില്‍ ഒന്നാംസ്ഥാനത്തെത്തി. പിന്നെ സീനിയര്‍തലത്തില്‍ പ്രൊഫഷണല്‍ സര്‍ക്യൂട്ടില്‍ മത്സരിക്കാനുള്ള തയ്യാറെടുപ്പായിരുന്നു. ആദ്യം മഹേഷ് ഭൂപതിയുടെ അച്ഛന്‍ കൃഷ്ണ ഭൂപതിയുടെ ടെന്നീസ് വില്ലേജിലും പിന്നീട് ഇറ്റലിക്കാരനായ പ്രൊഫഷണല്‍ ട്രെയ്‌നര്‍ ബോബ് ബ്രൈറ്റിനു കീഴിലും പരിശീലനം നേടി. അതോടെ സീനിയര്‍തലത്തില്‍ ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റുകളില്‍ മത്സരിക്കാനുള്ള ആത്മവിശ്വാസവും കൈവന്നു. 2005-ലെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ വനിതാ സിംഗ്ള്‍സിന് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ലഭിച്ചു. മെല്‍ബണിലെ ആദ്യ രണ്ടു റൗണ്ട് മത്സരം ജയിച്ചുകയറിയപ്പോള്‍ ഇന്ത്യന്‍ ടെന്നീസില്‍ അത് ചരിത്രമായി. ആദ്യമായാണ് ഇന്ത്യന്‍ വനിതാതാരം ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റിന്റെ മൂന്നാംറൗണ്ടിലെത്തുന്നത്. വനിതാടെന്നീസില്‍ കരുത്തിന്റെ പ്രതീകമായ മുന്‍ ലോക ഒന്നാംനമ്പര്‍താരം സെറീന വില്യംസായിരുന്നു മൂന്നാം റൗണ്ടിലെ പ്രതിയോഗി. സെറീനയോട് തോറ്റെങ്കിലും അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന പ്രൊഫഷണലായി മാറി സാനിയ. അതു കഴിഞ്ഞ് തിരിച്ചെത്തിയ ഉടന്‍ ഹൈദരാബാദില്‍ ഡബ്ല്യു.ടി.എ. ചാമ്പ്യന്‍ഷിപ്പ് നടക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ മുന്‍നിര പ്രൊഫഷണല്‍ താരങ്ങള്‍ക്കെതിരേ സാനിയ കളിക്കുന്നു.
ആ സമയത്ത് ഞാന്‍ നസീമയെ വിളിച്ചു, പഴയ വാഗ്ദാനത്തെക്കുറിച്ച് ഓര്‍മിപ്പിച്ചു. അവരുടെ മറുപടി ഇങ്ങനെയായിരുന്നു: 'എന്റെ കുഞ്ഞ് സ്വന്തം നാട്ടില്‍ വലിയ ടൂര്‍ണമെന്റില്‍ കളിക്കുകയല്ലേ? നിങ്ങള്‍ വരൂ. ഞങ്ങള്‍ക്കും നിങ്ങള്‍ക്കും ഭാഗ്യമുണ്ടെങ്കില്‍ ഡബ്ല്യു.ടി.എ. ചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായി ഒരു ഇന്ത്യക്കാരി ജയിക്കുന്നതുകാണാം.' ഫോട്ടോഗ്രാഫര്‍ എസ.്എല്‍. ആനന്ദിനൊപ്പം ഹൈദരാബാദിലേക്ക് പുറപ്പെട്ടു. സാനിയ ആദ്യമത്സരം കളിക്കുന്ന ദിവസം ഉച്ചയ്ക്കാണ് അവിടെയെത്തിയത്. നേരെ സ്റ്റേഡിയത്തിലേക്ക്. ഗാലറി തിങ്ങിനിറഞ്ഞിരുന്നു. ലോകറാങ്കിങ്ങില്‍ തന്നെക്കാള്‍ എത്രയോ മുന്നിലുള്ള റഷ്യക്കാരി ദലിയ മെസ്‌കിയോറേനു ആയിരുന്നു സാനിയയുടെ പ്രതിയോഗി. മത്സരത്തിനിടെ സാനിയയ്ക്ക് പരിക്കേറ്റു. ഇടയ്ക്ക് വേദന സഹിക്കാനാവാതെ ഗ്രൗണ്ടില്‍ വീണു. എന്നാല്‍, ഗാലറിയുടെ പിന്തുണയില്‍ കത്തിക്കയറിയ സാനിയ നേരിട്ടുള്ള സെറ്റുകള്‍ക്ക് മത്സരം ജയിച്ചു. അടുത്ത ദിവസങ്ങളില്‍ നടന്ന രണ്ടാംറൗണ്ട്, സെമി മത്സരങ്ങള്‍ പൊരുതിജയിച്ച് ഫൈനലിലെത്തി. യുക്രൈന്‍കാരി അല്‍യോന ബൊണ്ടാരെങ്കോ ആയിരുന്നു ഫൈനലിലെ പ്രതിയോഗി. മൂന്നുസെറ്റുനീണ്ട പോരാട്ടത്തില്‍ ബൊണ്ടാരെങ്കോയെ കീഴടക്കി സാനിയ ചരിത്രംകുറിച്ചു. ആദ്യമായാണ് ഡബ്ല്യു.ടി.എ. ടൂര്‍ണമെന്റില്‍ ഇന്ത്യന്‍താരം കിരീടംചൂടുന്നത്.
ഫൈനലിന്റെ പിറ്റേന്ന് ബഞ്ചാരാഹില്‍സിന് സമീപമുള്ള ഫിലിംനഗറിലെ ഒന്‍പതാം നമ്പര്‍ റോഡിലെ 'മിര്‍സാസ്' എന്ന വീട്ടിലേക്ക് ഞങ്ങള്‍ ചെന്നു. സ്വീകരണമുറിയില്‍ ചെറിയൊരു ആള്‍ക്കൂട്ടംതന്നെയുണ്ട്. നസീമ വലിയ പ്ലേറ്റില്‍ നിറയെ മധുരപലഹാരങ്ങളുമായെത്തി. 'എടുത്തുകഴിക്കൂ, അങ്കിള്‍,' സാനിയയുടെ അനിയത്തി അഞ്ചാംക്ലാസുകാരി ആനത്തിന്റെ ക്ഷണം. പിതാവ് ഇമ്രാന്‍ പറഞ്ഞു, 'അവള്‍ മുകളിലെ മുറിയിലുണ്ട്. ഇപ്പോള്‍ വരും.'പത്തുമിനുട്ടേ കാത്തിരിക്കേണ്ടിവന്നുള്ളൂ. സാനിയ എത്തി. കളിക്കളത്തില്‍ കാണുന്നതിനെക്കാള്‍ സുന്ദരിയാണ്. ജീന്‍സും വെളുത്ത ടോപ്പുമാണ് വേഷം. മുഖത്ത് പക്ഷേ, വലിയ ഗൗരവം. ഒരു പതിനെട്ടുകാരി പെണ്‍കുട്ടിക്ക് യോജിക്കാത്ത മുഖഭാവം. പക്ഷേ, സംസാരിച്ചുതുടങ്ങിയപ്പോള്‍ മഞ്ഞുരുകി. ഉറക്കെയുള്ള പൊട്ടിച്ചിരി. ഇടയ്ക്ക് അനിയത്തി ആനം അടുത്തുവന്ന് എന്തോ കുറുമ്പുകാട്ടുന്നു. അവളെ നോക്കി കണ്ണുരുട്ടുകയാണ് സാനിയ. അതു കണ്ട് ആനവും ഉറക്കെ ചിരിക്കുന്നു.
'ഹൈദരാബാദിലെ ഇടത്തരം മുസ്ലിംകുടുംബത്തില്‍നിന്നുള്ള പെണ്‍കുട്ടി, എങ്ങനെ ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റുകളില്‍ സാന്നിധ്യമറിയിച്ച ടെന്നീസ് താരമായി?' എന്റെ ചോദ്യം കേട്ടപ്പോള്‍ മറുപടി, 'എന്താ എനിക്ക് ടെന്നീസ്താരമാവാന്‍ പാടില്ലേ' എന്നായിരുന്നു. സാനിയയുടെ നാവിനു മുന്നില്‍ തോറ്റു.
'ഞാന്‍ ടെന്നീസ് താരമായത് എന്റെ മാതാപിതാക്കളുടെ പരിശ്രമം കാരണമാണ്. ടെന്നീസ് കളിക്കാരിയാക്കും എന്നുറപ്പിച്ച് അവര്‍ ചെറുപ്പത്തിലേ എന്നെ ഗെയിമിലേക്ക് തിരിച്ചുവിട്ടു. പണം ചെലവാക്കി ട്രെയിനിങ് തന്നു. അങ്ങനെയായിരുന്നു വളര്‍ച്ച,' സാനിയ പറയുന്നതു കേട്ട് അടുത്തിരിക്കുന്ന ഇമ്രാന്റെ മുഖത്ത് അഭിമാനം സ്ഫുരിക്കുന്ന ചിരി വിടര്‍ന്നു.
ഇടയ്ക്കുവെച്ച് നസീമ ഇടപെടുന്നു. 'ചെറുപ്പത്തിലേ ഞങ്ങള്‍ക്കുതോന്നി, മകള്‍ നല്ലൊരു കായികതാരമാവേണ്ടവളാണെന്ന്. കുഞ്ഞുനാളിലേ വളരെ ആക്ടീവായിരുന്നു അവള്‍. മുകളിലെ നിലയില്‍നിന്ന് താഴോട്ടുചാടുമെന്ന് പറഞ്ഞാല്‍ ചാടിയിരിക്കും. ഇപ്പോഴും അതില്‍ വലിയ മാറ്റമൊന്നുമില്ല,' മകളെ നോക്കി ചിരിച്ചുകൊണ്ട് നസീമ പറഞ്ഞു. നസീമ മുംബൈക്കാരിയാണ്. ഇമ്രാനെ വിവാഹംകഴിച്ചശേഷം ഹൈദരാബാദിലേക്കു വന്നു.
ടെന്നീസിലും ക്രിക്കറ്റിലുമെല്ലാം വലിയ താത്പര്യമായിരുന്നു ഇമ്രാന്. കളിക്കുകയുംചെയ്യും. സാനിയയെ ടെന്നീസ്താരമാക്കുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായമെന്ന് ഒരു ദിവസം ഇമ്രാന്‍ നസീമയോട് ചോദിച്ചു. അവര്‍ക്ക് നൂറുശതമാനം സമ്മതമായിരുന്നു. അങ്ങനെ അഞ്ചാംവയസ്സില്‍ സാനിയയെ നിസാം ക്ലബ്ബിലെ ടെന്നീസ് ട്രെയിനിങ് സെന്ററില്‍ ചേര്‍ത്തു.
ഇമ്രാന്‍ ബിസിനസ്സുകാരനാണ്. കെട്ടിടനിര്‍മാണരംഗത്ത് പ്രവര്‍ത്തിക്കുന്നു. നസീമയ്ക്ക് ഒരു പ്രിന്റിങ് പ്രസ്സുണ്ടായിരുന്നു. എന്നാല്‍, വലിയ വരുമാനമുള്ള ബിസിനസ്സായിരുന്നില്ല രണ്ടുപേരുടെയും. ഏഴാംവയസ്സില്‍ സാനിയ ടൂര്‍ണമെന്റുകളില്‍ കളിച്ചുതുടങ്ങിയപ്പോള്‍ യാത്രയ്ക്കും റാക്കറ്റുകള്‍ വാങ്ങാനും മറ്റും വലിയ ചെലവുണ്ടായിരുന്നു. പലപ്പോഴും പണത്തിനു ബുദ്ധിമുട്ടി. അപ്പോള്‍ അവര്‍ വരുമാനത്തില്‍നിന്ന് അത്യാവശ്യചെലവുകള്‍കഴിച്ച് ഒരു തുക സാനിയയ്ക്കായി മാറ്റിവെച്ചു. ആ പണംകൊണ്ട് മകളെ പരമാവധി ടൂര്‍ണമെന്റുകളില്‍ മത്സരിപ്പിച്ചു. ടൂര്‍ണമെന്റ് നടക്കുന്ന ഓരോ സ്ഥലത്തേക്കുമുള്ള ചെലവു കുറഞ്ഞ യാത്രാസൗകര്യങ്ങള്‍ കണ്ടെത്തും. വലിയ വാടകയില്ലാത്ത ഹോട്ടലുകളില്‍ താമസിക്കും. സാനിയയും കുറെ കഷ്ടപ്പെട്ടിരുന്നു. അതിന്റെയെല്ലാം ഫലമാണ് ഈ ഉയര്‍ച്ചയെന്ന് ഇമ്രാന്‍ പറഞ്ഞു.
'ടൂര്‍ണമെന്റുകളില്‍ കളിക്കാന്‍ സാനിയയെ ഒറ്റയ്ക്ക് വിടാറില്ലായിരുന്നു. ഞാനോ ഇമ്രാനോ ആരെങ്കിലും ഒരാള്‍ ഒപ്പം പോവും. എല്ലാവരുംകൂടി പോയാല്‍ ചെലവ് കൂടുമെന്നതുകൊണ്ടാണത്,' നസീമ പറഞ്ഞു.
'അച്ഛനും അമ്മയും എന്നോടൊപ്പം വരുന്നതുകൊണ്ട് കൊച്ചുനാളില്‍ ആനത്തിനായിരുന്നു കൂടുതല്‍ വിഷമം. അവളും എനിക്കുവേണ്ടി കുറെ ബുദ്ധിമുട്ടി,' അനിയത്തിയുടെ കവിളില്‍ തലോടിക്കൊണ്ട് സാനിയ പറഞ്ഞു.
നസീമ ഞങ്ങളെ മുകളിലേക്കു ക്ഷണിച്ചു. അവിടെയാണ് സാനിയയുടെ കിടപ്പുമുറി. ട്രോഫികളും മെഡലുകളും സൂക്ഷിച്ചുവെച്ചിരിക്കുന്ന ഷോക്കേസുകള്‍. സാനിയയുടെ കുഞ്ഞുന്നാളിലെ ഫോട്ടോകള്‍ ചുവരില്‍ ചില്ലിട്ടുവെച്ചിരിക്കുന്നു. നസീമ ഓരോ ചിത്രവും ചൂണ്ടിക്കാണിച്ച് പറയാന്‍ തുടങ്ങി: 'ഇതവള്‍ ആദ്യമായി കമിഴ്ന്നപ്പോള്‍ എടുത്ത പടം. ഇത് ആദ്യമായി മുട്ടുകുത്തിയപ്പോള്‍, ഇരുന്നപ്പോള്‍, എഴുന്നേറ്റുനിന്നപ്പോള്‍, ആദ്യമായി സ്‌കൂളില്‍ പോയപ്പോള്‍...' -ഒരമ്മയുടെ അഭിമാനനിമിഷങ്ങള്‍.
അതിനിടയില്‍ നസീമയോട് ഞാന്‍ ഒരു ആഗ്രഹം പറഞ്ഞു: 'സാനിയയുടെ ജീവിതകഥ തയ്യാറാക്കണമെന്നുണ്ട്.' 'ചെയ്‌തോളൂ. എനിക്കു പറ്റുന്ന എല്ലാ സഹായവും ചെയ്യാം,' അവര്‍ സന്തോഷത്തോടെ പറഞ്ഞു.
വീട്ടിലെ തിരക്കൊഴിഞ്ഞപ്പോള്‍ കുറച്ചുനേരംകൂടി സംസാരിക്കാന്‍ അനുവാദം ചോദിച്ചു. ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞു മടുത്തു എന്ന മുഖവുരയോടെയാണ് തുടങ്ങിയതെങ്കിലും അവര്‍ ഏറെനേരം സംസാരിച്ചു. ചോദ്യത്തില്‍നിന്ന് ഒഴിഞ്ഞുമാറിയില്ല. തികഞ്ഞ മതവിശ്വാസിയായ സാനിയ ഷോര്‍ട്‌സ് ധരിച്ച് ടെന്നീസ് കളിക്കുന്നത് ശരിയല്ലെന്ന് പലരും പറയുന്നല്ലോയെന്ന് ചോദിച്ചത് അവര്‍ പ്രകോപിതയാവുമെന്ന പ്രതീക്ഷയോടെയായിരുന്നു. പക്ഷേ, സാനിയ ഒരു ഭാവമാറ്റവുമില്ലാതെ മറുപടിനല്‍കി: 'ഞാന്‍ മതവിശ്വാസിയാണ്. ചെറുപ്പത്തില്‍ മാതാപിതാക്കള്‍ പകര്‍ന്നുതന്ന വിശ്വാസമാണ്. ഏഴാംവയസ്സില്‍ ഖുര്‍ആന്‍ പഠിച്ചുകഴിഞ്ഞിരുന്നു. ബുര്‍ഖ ധരിച്ച് കളിക്കാനാവില്ല. ഷോട്‌സ് ധരിക്കുന്നത് ടെന്നീസ് കളിക്കാന്‍ മാത്രമാണ്. അല്ലാതെ ശരീരം പ്രദര്‍ശിപ്പിക്കാന്‍വേണ്ടിയല്ല.' ഈ മറുപടിക്കു മുന്നില്‍ ഞാന്‍ ചെറുതായി. അവരോടു വലിയ ബഹുമാനം തോന്നി.
ലക്ഷ്യത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ സിംഗിള്‍സ് റാങ്കിങ്ങില്‍ 25-നുള്ളില്‍ എത്തുക എന്നായിരുന്നു മറുപടി. സച്ചിന്‍ തെണ്ടുല്‍ക്കറോടും സെറീനാ വില്യംസിനോടുമുള്ള ഇഷ്ടത്തെക്കുറിച്ചും സാനിയ നിഷ്‌കളങ്കമായി സംസാരിച്ചു. അങ്ങനെ അവരുടെ ആരാധകനായാണ് ഞാന്‍ ഹൈദരാബാദില്‍നിന്ന് തിരിച്ചുപോന്നത്.
ജീവിതകഥ തയ്യാറാക്കാന്‍ പിന്നീട് ഒരുതവണകൂടി സാനിയയെ നേരില്‍ക്കണ്ട് സംസാരിച്ചു. ആദ്യം മാതൃഭൂമി സ്‌പോര്‍ട്‌സ് മാസികയില്‍ ഖണ്ഡശ്ശയായും പിന്നീട് 'സ്വീറ്റ് സാനിയ' എന്ന പുസ്തകമായും ജീവിതകഥ പ്രസിദ്ധീകരിച്ചു. കേരളത്തിലെ ആഭരണവില്‍പ്പന ശൃംഖലയായ മലബാര്‍ ഗോള്‍ഡിന്റെ ബ്രാന്‍ഡ് അംബാസഡറായ സാനിയ, മോഹന്‍ലാലിനൊപ്പം പരസ്യങ്ങളില്‍ അഭിനയിച്ചിരുന്നു. സാനിയയുടെ വ്യക്തിത്വത്തെക്കുറിച്ച് മോഹന്‍ലാലിനും വലിയ മതിപ്പായിരുന്നു. എന്റെ പുസ്തകത്തിന് അദ്ദേഹം അവതാരികയെഴുതി.
സ്വന്തം നഗരമായ ഹൈദരാബാദില്‍വെച്ച് 2005-ല്‍ ഡബ്ല്യു.ടി.എ. കിരീടം സ്വന്തമാക്കിയ സാനിയയുടെ പിന്നീടുള്ള വളര്‍ച്ച വിസ്മയകരമായിരുന്നു. ആ വര്‍ഷം മാര്‍ച്ചില്‍ ദുബായിലെ ഡബ്ല്യു.ടി.എ. ടൂര്‍ണമെന്റില്‍ യു.എസ്. ഓപ്പണ്‍ ചാമ്പ്യനും ലോകറാങ്കിങ്ങില്‍ ആറാം സ്ഥാനക്കാരിയുമായ റഷ്യക്കാരി സ്വറ്റ്‌ലാന കുസ്‌നറ്റ്‌സോവയെ അട്ടിമറിച്ച് വിസ്മയം സൃഷ്ടിച്ചു. പിന്നെയും വിവിധ ടൂര്‍ണമെന്റുകളില്‍ ഉയര്‍ന്നറാങ്കിലുള്ള താരങ്ങളെ അട്ടിമറിച്ച് ജയന്റ് കില്ലര്‍ പരിവേഷം നേടി. ജൂലായ് ആവുമ്പോഴേക്ക് ലോകറാങ്കിങ്ങില്‍ അമ്പതിനുള്ളിലെത്തി. ആ വര്‍ഷത്തെ യു.എസ്. ഓപ്പണില്‍ പ്രീക്വാര്‍ട്ടര്‍ (നാലാം റൗണ്ട്) വരെയെത്തിയ സാനിയ റഷ്യന്‍ സൂപ്പര്‍താരം മരിയ ഷറപ്പോവയോടാണ് തോറ്റത്. ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റുകളില്‍ 2011 വരെ തുടര്‍ച്ചയായി സിംഗിള്‍സില്‍ മത്സരിച്ചു. നാലുതവണ വിംബിള്‍ഡണില്‍ രണ്ടാംറൗണ്ടിലെത്തി. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ രണ്ടുതവണ മൂന്നാംറൗണ്ടില്‍ കളിച്ചു. 2007-ല്‍ സാനിയയുടെ സിംഗിള്‍സ് റാങ്കിങ് 27-ലെത്തി. അതിനിടെ മുന്‍ ലോക ഒന്നാംനമ്പര്‍താരം മാര്‍ട്ടിന ഹിംഗിസ്, ലോകറാങ്കിങ്ങില്‍ രണ്ടാംസ്ഥാനക്കാരിയായ റഷ്യക്കാരി വെര സോനറേവ, വിംബിള്‍ഡണ്‍ ചാമ്പ്യനായിരുന്ന ഫ്രഞ്ച് താരം മരിയോന്‍ ബാര്‍ട്ടോളി തുടങ്ങിയവര്‍ക്കെതിരേ അട്ടിമറിവിജയം നേടി.
2010-ല്‍ ഹൈദരാബാദില്‍ വേരുകളുള്ള പാകിസ്താന്‍ ക്രിക്കറ്റ്താരം ഷോയിബ് മാലിക്കിനെ സാനിയ വിവാഹംകഴിച്ചു. അതിന്റെ പേരില്‍ ഒരുവിഭാഗം ആളുകളില്‍നിന്ന് വലിയ എതിര്‍പ്പ് നേരിടേണ്ടിവന്നു. അധിക്ഷേപങ്ങളില്‍ മനംനൊന്ത് ടെന്നീസ് കളി അവസാനിപ്പിക്കാന്‍ മുതിര്‍ന്നു. വിവാഹശേഷം അവര്‍ പാക് പൗരത്വം സ്വീകരിക്കണമെന്ന് പാകിസ്താനില്‍നിന്ന് ആവശ്യമുയര്‍ന്നു. പക്ഷേ, താന്‍ മരിക്കുവോളം ഇന്ത്യക്കാരിയായിരിക്കുമെന്ന് സാനിയ അര്‍ഥശങ്കയ്ക്കിടയില്ലാതെ പ്രഖ്യാപിച്ചു. ഇന്ത്യയ്ക്കുവേണ്ടി ടെന്നീസ് കളിക്കാന്‍ തുടങ്ങിയ കാലംതൊട്ടേ ഭിന്നതാത്പര്യക്കാരായ മതതീവ്രവാദികളുടെയും കപടദേശീയവാദികളുടെയും ആക്രമണങ്ങള്‍ക്ക് വിധേയയായി. ഷോര്‍ട്‌സ് ധരിച്ച് ടെന്നീസ് കളിക്കുന്നത് മതനിന്ദയാണെന്ന പേരില്‍ തീവ്രവാദികളുടെ ഭീഷണി നേരിട്ടു. അന്ന് സ്വസമുദായത്തിലെ ഉത്പതിഷ്ണുക്കളായ ചിലരുടെയെങ്കിലും പിന്തുണ സാനിയയ്ക്കുണ്ടായിരുന്നു. പിന്നീട് തന്റെ ദേശീയ അസ്ഥിത്വം ചോദ്യംചെയ്യപ്പെട്ടപ്പോള്‍ പ്രതിരോധിക്കാന്‍ രാഷ്ട്രീയനേതാക്കളോ മറ്റു കായികതാരങ്ങളോ മുന്നോട്ടുവന്നില്ലെന്നത് അവരെ വേദനിപ്പിച്ചിരിക്കാം. ടെലിവിഷന്‍ ക്യാമറയ്ക്കു മുന്നില്‍ ലോകംമുഴുവന്‍ കാണ്‍കെ കണ്ണീരൊഴുക്കി അവര്‍ ചോദിച്ചു: 'രാജ്യത്തിനുവേണ്ടി ഏഷ്യന്‍ ഗെയിംസിലും മറ്റും മെഡലുകള്‍ നേടിയ ഞാന്‍ ഇനി എങ്ങനെയാണ് എന്റെ കൂറ് തെളിയിക്കേണ്ടത്?'
അതിനു ശേഷം, 2010-ലെ ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്കുവേണ്ടി മെഡല്‍ നേടി. എട്ട് ഏഷ്യന്‍ ഗെയിംസ് മെഡലുകളും സാനിയയുടെ ശേഖരത്തിലുണ്ട്.
ഡബ്ള്‍സ് നമ്പര്‍ വണ്‍ ലിയാന്‍ഡര്‍ പേസിനെയും മഹേഷ് ഭൂപതിയെയുംപോലെ ഡബ്ള്‍സ് മത്സരങ്ങളിലാണ് സാനിയയും മികവറിയിച്ചത്. 2015-ല്‍ മാര്‍ട്ടിന ഹിംഗിസിനൊപ്പം വിംബിള്‍ഡണ്‍ ഡബ്ള്‍സ് കിരീടംചൂടിക്കൊണ്ടായിരുന്നു തുടക്കം. ആദ്യമായാണ് ഇന്ത്യക്കാരി സീനിയര്‍തലത്തില്‍ ഗ്രാന്‍ഡ്സ്ലാം കിരീടം ചൂടുന്നത്. അതിനു ശേഷം യു.എസ്. ഓപ്പണിലും സാനിയ-മാര്‍ട്ടിന ഹിംഗിസ് സഖ്യം കിരീടം ചൂടി. ലോക ഡബ്ള്‍സ് റാങ്കിങ്ങില്‍ ഒന്നാംസ്ഥാനത്തെത്തി. നേട്ടങ്ങളുടെ ഔന്നത്യത്തില്‍ നില്‍ക്കേ ഇന്ത്യയിലെ പരമോന്നത കായികബഹുമതിയായ ഖേല്‍രത്‌നയും അവരെ തേടിയെത്തി. അടുത്തവര്‍ഷം ഓസ്‌ട്രേലിയന്‍ ഓപ്പണിലും സാനിയ-ഹിംഗിസ് സഖ്യം കിരീടംനേടി. ഫ്രഞ്ച് ഓപ്പണില്‍മാത്രമാണ് വനിതാഡബ്ള്‍സ് കിരീടം സാനിയയ്ക്ക് നേടാനാവാതെ പോയത്. 2011-ല്‍ റഷ്യന്‍ താരം എലേന വെസ്‌നിനയ്‌ക്കൊപ്പം റണ്ണറപ്പായതാണ് ഫ്രഞ്ച് ഓപ്പണ്‍ വനിതാ ഡബ്ള്‍സില്‍ സാനിയയുടെ ഉയര്‍ന്ന നേട്ടം.
മിക്‌സഡ് ഡബ്ള്‍സിലും മൂന്ന് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടി. മഹേഷ് ഭൂപതിക്കൊപ്പം 2009-ലെ ഓസ്‌ട്രേലിയന്‍ ഓപ്പണും 2012-ലെ ഫ്രഞ്ച് ഓപ്പണും ജയിച്ചു. 2014-ല്‍ ബ്രസീലുകാരനായ ബ്രൂണോ സോറസിനൊപ്പം യു.എസ.് ഓപ്പണിലും ജേതാവായി. ആകെ ആറ് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍! മുന്‍പൊന്നും ഒരു ഇന്ത്യന്‍ ടെന്നീസ് താരത്തിന് സ്വപ്നംകാണാന്‍ കഴിയാത്ത നേട്ടം.
2016-ലെ റിയോ ഒളിമ്പിക്‌സില്‍ സാനിയ-രോഹന്‍ ബൊപ്പണ്ണ സഖ്യത്തിന് മെഡല്‍ നഷ്ടമായത് മിക്കവാറും നിര്‍ഭാഗ്യംകൊണ്ടായിരുന്നു. മാതൃഭൂമിക്കുവേണ്ടി ഒളിമ്പിക്‌സ് കവര്‍ചെയ്യാന്‍പോയ എനിക്ക് ഓരോ മത്സരത്തിനു ശേഷവും സാനിയയുമായി സംസാരിക്കാന്‍ അവസരം കിട്ടി.
ഓരോ മത്സരം ജയിച്ചുകയറുമ്പോഴും സാനിയ ആവേശംകൊണ്ട് ജ്വലിക്കുകയായിരുന്നു. രാജ്യത്തിനുവേണ്ടി ഏറ്റവും വിലയേറിയ മെഡല്‍ നേടുകയെന്നത് തന്റെ സ്വപ്നമാണെന്ന് സാനിയ സെമിക്കു മുന്‍പ് പറഞ്ഞു. യു.എസ് ടീമിനെതിരായ സെമി ജയിച്ചാല്‍ വെള്ളി മെഡല്‍ ഉറപ്പിക്കാം. എതിരാളി ഇന്ത്യന്‍ വംശജനായ രാജീവ് റാമും വീനസ് വില്യംസും ഉള്‍പ്പെട്ട ടീം. ആദ്യസെറ്റില്‍ ഇന്ത്യന്‍സഖ്യം അനായാസം ജയിച്ചപ്പോള്‍ പ്രതീക്ഷകള്‍ വാനോളമുയര്‍ന്നു. ഗാലറിയില്‍ ഞങ്ങള്‍ ഇന്ത്യക്കാര്‍ ആഘോഷത്തിലായിരുന്നു. അടുത്ത സെറ്റില്‍ പരിചയസമ്പന്നയായ വീനസ് അസാധ്യ ഫോമിലേക്കുയര്‍ന്നു. ആ സെറ്റും ടൈബ്രേക്കറും ജയിച്ച് യു.എസ്. സഖ്യം ഫൈനലിലേക്ക് യോഗ്യത നേടി. മത്സരശേഷം കാണുമ്പോള്‍ സാനിയയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ആ ഷോക്കില്‍നിന്ന് കരകയറാന്‍ അവര്‍ക്കു കഴിഞ്ഞില്ല. അടുത്ത ദിവസം നടന്ന വെങ്കലമെഡലിനായുള്ള മത്സരത്തിലും സാനിയ-രോഹന്‍ സഖ്യം തോറ്റു. ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമെന്നാണ് സാനിയ ഇതേക്കുറിച്ച് പറഞ്ഞത്.
2018-ല്‍ ഒരു ആണ്‍കുഞ്ഞിന് ജന്മംനല്‍കിയതോടെ രണ്ടു വര്‍ഷത്തോളം സജീവടെന്നീസില്‍നിന്ന് മാറിനിന്നു. പിന്നെ കോര്‍ട്ടില്‍ തിരിച്ചെത്തി.
Content Highlights: Sania Mirza, K.Viswanath, Mathrubhumi