'ലീഡര്‍ അച്ഛനെപ്പോലെ പ്രിയങ്കരനായിരുന്നു; ഒരിക്കലും ഞങ്ങളെ ശപിക്കില്ല, ഞാന്‍ പിണങ്ങിയിട്ടുമില്ല'

രമേശ് ചെന്നിത്തല; അറിഞ്ഞതും അറിയാത്തതും എന്ന പുസ്തകത്തിലെ ഒരു ഭാഗം വായിക്കാം...
ലീഡര്‍ കെ. കരുണാകരനുമായി പിണങ്ങാന്‍ എന്താണു കാരണം? കരുണാകരന്റെ ഏതെങ്കിലുംതരത്തിലൊരു ശാപം താങ്കളെ പിന്തുടരുന്നുണ്ടോ? ഹരിപ്പാട്ടെ എം.എല്‍.എ. ഓഫീസിലിരുന്നാണ് ഈ ചോദ്യം ചോദിച്ചത്. വികാരനിര്‍ഭരമായി ചെന്നിത്തല മറുപടി പറഞ്ഞു:
'ലീഡറോടു പിണങ്ങാന്‍ എന്നെപ്പോലൊരാള്‍ക്ക് എങ്ങനെ കഴിയും? ഞങ്ങള്‍ പിണങ്ങിയാലും ലീഡര്‍ പിണങ്ങില്ല. പിന്നെ ചില തെറ്റിദ്ധാരണകളുണ്ടായി. അതിലൊന്നാണ് തിരുത്തല്‍വാദം. അതു വേണ്ടായിരുന്നു എന്നു പിന്നീടു തോന്നിയിട്ടുണ്ട്. ഇപ്പോഴും അതില്‍ നിരാശയുണ്ട്. മകന്‍ മുരളീധരനെ രാഷ്ട്രീയത്തിലിറക്കാന്‍ ലീഡര്‍ അമിതമായ താത്പര്യം കാണിച്ചപ്പോള്‍ എതിര്‍ത്തു. അന്നു ലീഡര്‍ സ്വീകരിച്ച നിലപാടില്‍ തെറ്റ് സംഭവിച്ചു എന്ന തോന്നല്‍ ഇപ്പോഴില്ല. കാരണം, മക്കള്‍രാഷ്ട്രീയം ഇന്ന് സാര്‍വ്വത്രികമാണ്. എല്ലാ പാര്‍ട്ടികളിലും അതുണ്ട്. എന്നാല്‍ അതു വേണ്ടെന്ന കോണ്‍ഗ്രസ്സിലെ അന്നത്തെ പുതുതലമുറ സ്വീകരിച്ച പൊതുവികാരമായിരുന്നു തിരുത്തല്‍വാദം.'
ജി. കാര്‍ത്തികേയന്‍, രമേശ് ചെന്നിത്തല, എം.ഐ. ഷാനവാസ് എന്നിവരായിരുന്നു അതിന്റെ പ്രായോജകര്‍. നാല് യുവ എം.എല്‍.എ മാരടക്കം വലിയ പിന്തുണയും നല്‍കി. 1988-ലാണ് തിരുത്തല്‍വാദത്തിന്റെ തുടക്കം. 'പത്തു ലക്ഷം ചെറുപ്പക്കാര്‍ക്ക് തൊഴില്‍' എന്നു പറഞ്ഞ് അധികാരത്തിലെത്തിയ ഇടതുമുന്നണി, വാഗ്ദാനങ്ങളൊന്നും പാലിക്കുന്നില്ല. ഇ.കെ. നായനാരുടെ രണ്ടാമൂഴമാണത്. നായനാര്‍ സര്‍ക്കാരിനെതിരേ യൂത്ത് കോണ്‍ഗ്രസ് യുവജന മാര്‍ച്ച് സംഘടിപ്പിച്ചു.
കാസര്‍കോടുനിന്ന് തിരുവനന്തപുരത്തേക്കുള്ള മാര്‍ച്ച് നയിച്ചത് രമേശ് ചെന്നിത്തല. തുടക്കംമുതല്‍തന്നെ ജാഥയ്ക്കു വലിയ ജനപങ്കാളിത്തം ലഭിച്ചു.
കോഴിക്കോട്ടെത്തിയപ്പോഴേക്കും യുവസാഗരംതന്നെ അലയടിച്ചു. കൂട്ടത്തില്‍ രണ്ടു പുതുമുഖങ്ങള്‍ വി.വി.ഐ.പി. പരിവേഷത്തിലെത്തി രമേശ് ചെന്നിത്തലയ്ക്കു മാലയിട്ടു. കെ. കരുണാകരന്റെ മകന്‍ കെ. മുരളീധരനും സി.എച്ച്. മുഹമ്മദ് കോയയുടെ മകന്‍ ഡോ. എം.കെ. മുനീറും. അന്നുവരെ മുരളീധരന്‍ ഒരു പൊതുവേദിയിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ടായിരുന്നില്ല. കെ. കരുണാകരന്റെ ആശീര്‍വ്വാദത്തോടെയുള്ള രാഷ്ട്രീയ കന്നിപ്രവേശമായിരുന്നു അത്.
കെ.എസ്.യു., യൂത്ത് കോണ്‍ഗ്രസ് ക്യാമ്പുകളില്‍ മുമ്പും മുനീറെത്തിയിട്ടുണ്ട്, നല്ല ഗായകനായതിനാല്‍ പാട്ടുപാടി ക്യാമ്പ് സജീവമാക്കിയിട്ടുമുണ്ട്. പുരോഗമന ആശയങ്ങളുമായി നടന്ന മുനീര്‍ കോണ്‍ഗ്രസ്സിലേക്ക് എന്നൊരു അഭ്യൂഹവും അന്നുണ്ടായിരുന്നു. അതിന് അടിവരയിടുന്നതാണ് കോഴിക്കോട്ടെ മാലയിടല്‍ എന്നു ചില പത്രങ്ങളില്‍ ഗോസിപ്പുകളും നിരന്നു.
പക്ഷേ, മുരളീധരന്റെയും മുനീറിന്റെയും രാഷ്ട്രീയപ്രവേശത്തെ യൂത്ത് കോണ്‍ഗ്രസ് പ്രോത്സാഹിപ്പിച്ചില്ല. അതു കരുണാകരനെ അസ്വസ്ഥനാക്കി. പിന്‍വാതിലിലൂടെ മുരളീധരനെ പാര്‍ട്ടിയിലെത്തിച്ച് പദവികള്‍ ഏല്‍പ്പിക്കാന്‍ കരുണാകരന്‍ പദ്ധതിയിട്ടു. അതിനെതിരേ കാര്‍ത്തികേയന്‍ ശക്തമായി പ്രതികരിച്ചു. കരുണാകരന്‍ സ്വന്തം ബാലഗോപാലനെ എണ്ണ തേപ്പിക്കുകയാണെന്നുവരെ ആരോപണമുയര്‍ന്നു.
യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തല തനിക്കൊപ്പം ഉണ്ടാകുമെന്ന് ലീഡര്‍ കരുതി. പക്ഷേ, ചെന്നിത്തലയും കാര്‍ത്തികേയന്റെ പക്ഷത്തായിരുന്നു. പിന്നാലെ നടന്ന പ്രവര്‍ത്തകസമിതി തിരഞ്ഞെടുപ്പില്‍ കരുണാകരന്റെ നിര്‍ദേ ശം മറികടന്ന് രമേശ് എ.കെ. ആന്റണിക്ക് വോട്ട് രേഖപ്പെടുത്തി. ഇതോടെ ലീഡര്‍ രമേശ് ചെന്നിത്തലയുടെ പേര് ഹിറ്റ്ലിസ്റ്റിലാക്കി. അതാണ് പില്‍ക്കാലത്ത് നരസിംഹ റാവു മന്ത്രിസഭയില്‍ മന്ത്രിയാകാനുള്ള അവസരം രമേശിനു നഷ്ടമാക്കിയത്.
അപ്പോഴും രമേശ് കരുണാകരനുമായി പിണങ്ങിയില്ല. അദ്ദേഹത്തിന്റെ പരിഭവം മാറുന്നതുവരെ കാത്തിരുന്നു. മുരളീധരനു വേണ്ടി കരുണാകരന്‍ വളരെക്കൂടുതല്‍ അധ്വാനിച്ചു. 2001-ലെ നിയമസഭാതിരഞ്ഞെടുപ്പില്‍ 99 സീറ്റുകള്‍ നേടി യു.ഡി.എഫ്. വെന്നിക്കൊടി പാറിച്ചപ്പോള്‍ തെന്നല ബാലകൃഷ്ണപിള്ളയായിരുന്നു കെ.പി.സി.സി. പ്രസിഡന്റ്. മുഖ്യമന്ത്രിസ്ഥാനത്തേക്ക് എ.കെ. ആന്റണിയും. ആന്റണിക്കു തന്റെ പിന്തുണ വേണമെങ്കില്‍ സത്യപ്രതിജ്ഞയ്ക്കു മുമ്പേ മുരളീധരനെ കെ.പി.സി.സി. പ്രസിഡന്റാക്കണമെന്ന് കരുണാകരന്‍ വാശിപിടിച്ചു. ഹൈക്കമാന്‍ഡ് ഈ നിര്‍ബ്ബന്ധത്തിനു വഴങ്ങി. പാര്‍ട്ടിക്കു വന്‍വിജയം കിട്ടിയ സന്തോഷം തല്ലിക്കെടുത്തി, തെന്നല ബാലകൃഷ്ണപിള്ളയെ ഇന്ദിരാഭവനില്‍നിന്നു കണ്ണീരോടെ ഇറക്കിവിട്ടു മുരളിയെ കെ.പി.സി.സി. പ്രസിഡന്റാക്കി.
2004-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് മുരളീധരന്‍ കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം രാജിവെച്ച് ആന്റണി മന്ത്രിസഭയില്‍ വൈദ്യുതിമന്ത്രിയായി. പക്ഷേ, വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പില്‍ തോറ്റ് മന്ത്രിസഭയില്‍നിന്നും പുറത്തായി. തോറ്റുവന്ന മുരളീധരനു കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം തിരികെ കൊടുത്തില്ല. പി.പി. തങ്കച്ചനെ ഇടക്കാല പ്രസിഡന്റാക്കി. അതോടെ കരുണാകരന്‍ വീണ്ടും ഇടഞ്ഞു. അതാണു പില്‍ക്കാലത്ത് ഡെമോക്രാറ്റിക് ഇന്ദിരാ കോണ്‍ഗ്രസ് എന്ന പുതിയ പാര്‍ട്ടിയുണ്ടാക്കാന്‍ കരുണാകരനെ പ്രേരിപ്പിച്ചത്. അതോടെ 2004-ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റമ്പി. മുഖ്യമന്ത്രി എ.കെ. ആന്റണി രാജിവെച്ച് കേരളരാഷ്ട്രീയത്തില്‍നിന്നു പടിയിറങ്ങി. പിന്നാലെയാണ് 2005-ല്‍ കെ.പി.സി.സി. പ്രസിഡന്റായി രമേശ് ചെന്നിത്തല എത്തിയത്.
കരുണാകരന്‍ ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹമില്ലാതെ കോണ്‍ഗ്രസ്സിനു മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന രമേശ് ചെന്നിത്തലയുടെ ഉറച്ച വിശ്വാസമാണ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ തിരിച്ചെത്തിച്ചത്. ഒരിലയില്‍ ഭക്ഷണം പങ്കുവെക്കുന്നിടത്തോളം ആ ബന്ധം പിന്നെയും പടര്‍ന്നുപന്തലിച്ചു. തിരുത്തല്‍വാദത്തിലൂടെ ഉണ്ടായ അകല്‍ച്ച മറികടന്ന് പൂര്‍വ്വാധികം സുദൃഢമായ ബന്ധം സ്ഥാപിക്കാന്‍ അതിടവരുത്തി.
കരുണാകരന്റെ അന്ത്യനാളുകളില്‍ ഒരു മകനെപ്പോലെയാണ് രമേശ് കൂടെ നിന്നത്. വെല്ലൂര്‍ മെഡിക്കല്‍ കോളേജിലേക്ക് എയര്‍ ലിഫ്റ്റ് ചെയ്ത് ചികിത്സയ്ക്കു കൊണ്ടുപോകുമ്പോഴും തിരുവനന്തപുരത്ത് അന്ത്യശ്വാസം വലിക്കുമ്പോഴും (2010 ഡിസംബര്‍ 28) രമേശ് ലീഡറുടെ അടുത്തുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ശവമഞ്ചം ചുമന്ന് പ്രത്യേക വാഹനത്തില്‍ കയറ്റിയതും രമേശിന്റെ നേതൃത്വത്തില്‍. തലസ്ഥാനം മുതല്‍ തൃശ്ശൂര്‍ വരെ മൃതദേഹത്തോടൊപ്പം അതേ വാഹനത്തില്‍ സഞ്ചരിച്ചു. മുരളീമന്ദിരത്തില്‍ കരുണാകരന്റെ ചിത കെട്ടടങ്ങുന്നതുവരെ കാവലിരുന്നു. കരഞ്ഞുകലങ്ങിയ കണ്ണുകളോടെയാണ് രമേശ് തൃശ്ശൂരില്‍നിന്ന് മടങ്ങിയത്.
മടങ്ങുമ്പോള്‍ രമേശ് സ്വന്തം അച്ഛനെ ഓര്‍ത്തു. തെറ്റുകളില്‍ ശാസിച്ച അച്ഛന്‍. മകന്റെ രാഷ്ട്രീയമനസ്സ് മാറ്റാന്‍ പലപ്പോഴും ശിക്ഷിച്ച അച്ഛന്‍. പക്ഷേ, വീഴ്ചകളില്‍ എന്നും താങ്ങായിരുന്നു രാമകൃഷ്ണന്‍ നായര്‍. തന്റെ തോല്‍വികളെപ്പോലും സാന്ത്വനിപ്പിക്കുമായിരുന്നു. പൊളിറ്റിക്സ് എന്ന ഗ്യാരന്റിയില്ലാത്ത തൊഴിലില്‍ അച്ഛനു വിശ്വാസം കുറവായിരുന്നു. അതുകൊണ്ടാണ് നിരുത്സാഹപ്പെടുത്തിയത്. വളര്‍ന്നപ്പോള്‍ രമേശിനും അതു ബോദ്ധ്യമായി. രാഷ്ട്രീയത്തില്‍ വിജയത്തിന്റെ മഹാകാവ്യങ്ങളെഴുതിയ ശേഷവും രമേശ് ചെന്നിത്തല രണ്ടു മക്കളെയും രാഷ്ട്രീയം പരിശീലിപ്പിച്ചില്ല. പഠിച്ചു മിടുക്കന്മാരായി സ്വന്തം വഴിയും മേല്‍വിലാസവുമുണ്ടാക്കിയെടുക്കാന്‍ ഉപദേശിച്ചു.
മകന്‍ രമേശിനെ ഒരു ഡോക്ടറായി കാണാനായിരുന്നു അച്ഛന്‍ രാമകൃഷ്ണന്‍ നായര്‍ ആഗ്രഹിച്ചത്. രമേശിന് അതിനു കഴിഞ്ഞില്ല. പക്ഷേ, രമേശിന്റെ മൂത്തമകന്‍ രോഹിത് അതു സാധിച്ചുകൊടുത്തു. രണ്ടാമത്തെ മകന്‍ രെമിത്തും രാഷ്ട്രീയം പിച്ചവെച്ചില്ല. വലിയ ബ്യൂറോക്രാറ്റ് ആയി.
അച്ഛന്‍ രാമകൃഷ്ണന്‍ നായര്‍ 2005 ജനുവരി 23ന് മരിച്ചു. തന്റെ ജീവിതത്തിലെ വഴിമുടക്കിയായിരുന്നില്ല അച്ഛനെന്നു ചെന്നിത്തല. താന്‍ തോറ്റുപോകുന്ന അവസരങ്ങളിലെല്ലാം ഒപ്പം നിന്നു. ജയിപ്പോള്‍ അകലെനിന്ന് അതില്‍ ആനന്ദിച്ചു. അച്ഛനെപ്പോലെ പ്രിയങ്കരനായിരുന്നു രമേശിന് ലീഡര്‍. രാഷ്ട്രീയത്തിലെ ഗുരുവും വഴികാട്ടിയും. ആ നെടുംതൂണാണ് എരിഞ്ഞടങ്ങിയത്. അത് രമേശില്‍ വല്ലാത്തൊരു അനാഥത്വം അടിച്ചേല്‍പ്പിച്ചു.
ആത്മഗതത്തില്‍നിന്നുണര്‍ന്ന രമേശ് ചെന്നിത്തല തുടര്‍ന്നു:
'ലീഡര്‍ ഒരിക്കലും ഞങ്ങളെ ആരെയും ശപിക്കില്ല. അദ്ദേഹത്തോട് ഞാന്‍ ഒരിക്കലും പിണങ്ങിയിട്ടുമില്ല. അദ്ദേഹത്തിന് എന്തെങ്കിലും പിണക്കം തോന്നിയിട്ടുണ്ടെങ്കില്‍ പാര്‍ട്ടിയില്‍ തിരിച്ചുവന്നതോടെ അതുമാറിയിട്ടുണ്ടാവും. ആദ്യകാലത്ത് നല്‍കിയ സ്നേഹം അന്ത്യകാലത്തും അദ്ദേഹം തന്നു.'
ലീഡറെ ഒരിക്കലും പാര്‍ട്ടി പുറത്താക്കിയിട്ടില്ല. അദ്ദേഹം പാര്‍ട്ടി വിട്ടുപോയതാണ്. എപ്പോള്‍ വേണമെങ്കിലും അദ്ദേഹത്തിനു മടങ്ങിവരാമായിരുന്നു. ഈ ആവശ്യവുമായി ചെന്നിത്തല എത്രയോ ദിവസങ്ങള്‍ കല്യാണി എന്ന കരുണാകരന്റെ തിരുവനന്തപുരത്തെ വീട്ടില്‍ കയറിയിറങ്ങി. ഒടുവില്‍ പ്രിയശിഷ്യന്റെ നിര്‍ബന്ധത്തിനു വഴങ്ങി അദ്ദേഹം മാതൃസംഘടനയില്‍ തിരിച്ചെത്തി. അതു പാര്‍ട്ടിക്കും കരുണാകരനും വലിയ തോതില്‍ ഗുണം ചെയ്തു. 2009 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സും യു.ഡി.എഫും വന്‍ വിജയം നേടി. 2011-ല്‍ കേരളത്തില്‍ യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തിലെത്തുകയും ചെയ്തു.
കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ കെട്ടിപ്പൊക്കാന്‍ ഒരു ജന്മം മുഴുവന്‍ അത്യദ്ധ്വാനം ചെയ്ത കെ. കരുണാകരനെന്ന എക്കാലത്തെയും വലിയ ലീഡര്‍ കോണ്‍ഗ്രസ് പതാക പുതച്ച് മണ്ണിലേക്കു മടങ്ങി. അല്ലായിരുന്നെങ്കില്‍ പാര്‍ട്ടിക്ക് അതൊരു തീരാക്കളങ്കമാവുമായിരുന്നു; വീട്ടാക്കടവും. കരുണാകരന്റെ മരണശേഷവും അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്താന്‍ പലതും ചെയ്തു. തലസ്ഥാനത്ത് ലീഡറുടെ പ്രതിമ സ്ഥാപിച്ചു. അദ്ദേഹത്തിന്റെ പേരില്‍ പഠനഗവേഷണകേന്ദ്രം തുറക്കാന്‍ സര്‍ക്കാരിനെക്കൊണ്ട് 30 സെന്റ് ഭൂമി അനുവദിപ്പിച്ചു. കരുണാകരന്റെ പേരില്‍ വലിയൊരു അവാര്‍ഡ് ഏര്‍പ്പെടുത്തി. ആദ്യത്തെ അവാര്‍ഡ് പ്രണബ് കുമാര്‍ മുഖര്‍ജിക്കു നല്‍കിയത് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്. കരുണാകരനുവേണ്ടി ഇനിയും പലതു ചെയ്യാനുണ്ട്.
നായര്‍ സര്‍വീസ് സൊസൈറ്റിയുമായി എന്താണു പ്രശ്നം?
'ഒരു പ്രശ്നവുമില്ല. കിടങ്ങൂര്‍ ഗോപാലകൃഷ്ണപിള്ളയുടെ കാലം മുതല്‍ ആ പ്രസ്ഥാനവുമായി നേരിട്ടുള്ള വ്യക്തിബന്ധമുണ്ട്. ഞാനെന്ന രാഷ്ട്രീയപ്രവര്‍ത്തകന്‍ പെരുന്ന എന്‍.എസ്.എസ്. കോളേജിന്റെ ഉത്പന്നമാണ്. കെ.ആര്‍. രമേശ് എന്ന വിദ്യാര്‍ത്ഥിയെ രമേശ് ചെന്നിത്തലയാക്കിയത് ഈ കലാലയമാണ്. അവിടെ പ്രവേശനം കിട്ടിയത് ഭാഗ്യം കൊണ്ടും ജനറല്‍ സെക്രട്ടറി കിടങ്ങൂര്‍ ഗോപാലകൃഷ്ണപിള്ളയുടെ താത്പര്യം കൊണ്ടുമാണ്. അതുകൊണ്ടുതന്നെ വ്യക്തിപരമായി ഞാന്‍ ആ പ്രസ്ഥാനത്തോടു കടപ്പെട്ടിരിക്കുന്നു.
ജനറല്‍ സെക്രട്ടറിയായിരുന്ന അഡ്വ. പി.കെ. നാരായണപ്പണിക്കരുമായും അടുത്ത സൗഹൃദവും ബന്ധവുമാണുണ്ടായിരുന്നത്. ഞാന്‍ കെ.പി.സി.സി. പ്രസിഡന്റായിരിക്കെ കിടങ്ങൂര്‍ ഗോപാലകൃഷ്ണപിള്ളയെ കെ.പി.സി.സി. എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. സിങ്കപ്പുരിലെ ഹൈകമ്മീഷണര്‍ പദവിയില്‍നിന്നു മടങ്ങിയെത്തിയ അദ്ദേഹം ആഗ്രഹിച്ചതുകൊണ്ടാണ് അങ്ങനെ ചെയ്തത്.
ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായും വ്യക്തിപരമായി നല്ല ബന്ധമാണ്. പക്ഷേ, രാഷ്ട്രീയമായി ചില അഭിപ്രായഭിന്നതകളുമുണ്ട്. എല്ലാ രാഷ്ട്രീയകക്ഷിയോടും സമദൂരമെന്ന മഹത്തായ സിദ്ധാന്തം വെച്ചുപുലര്‍ത്തുന്ന സംഘടനയാണത്. സര്‍വ്വസന്നാഹങ്ങളോടെ സമീപിച്ചിട്ടും ബി.ജെ.പിയെപ്പോലും അവര്‍ സമദൂരസിദ്ധാന്തത്തില്‍ തളച്ചുനിര്‍ത്തി. എല്ലാ പാര്‍ട്ടികളിലും പെട്ടവര്‍ അതിലുണ്ട്. അവര്‍ക്കെല്ലാം സ്വതന്ത്രമായ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്. നായര്‍സമുദായത്തില്‍ പിറന്നതില്‍ എനിക്കഭിമാനമേയുള്ളൂ. പക്ഷേ, ആ സമുദായത്തിന്റെ മാത്രം അംബാസഡറാകാന്‍ ഒരു പൊതുപ്രവര്‍ത്തകനു കഴിയില്ല.
കെ.പി.സി.സി. പ്രസിഡന്റും മന്ത്രിയും എം.പിയും എം.എല്‍.എയുമൊക്കെയായിരുന്ന എനിക്ക് ഏതെങ്കിലും ഒരു സമുദായത്തിന്റെ ബ്രാന്‍ഡ് അംബാസഡറാകാന്‍ കഴിയില്ല. പൊതുപ്രവര്‍ത്തകര്‍ എല്ലാവരുടെയും ബ്രാന്‍ഡാണ്. കേരളത്തിലെ മുഴുവന്‍ ക്രൈസ്തവമേലദ്ധ്യക്ഷന്മാരുമായി എനിക്കു നല്ല അടുപ്പവും ബന്ധവുമുണ്ട്. പാണക്കാട് തങ്ങള്‍മാരുമായി ഹൃദയബന്ധമുള്ളതുപോലെ കേരളത്തിലെ മറ്റു മുസ്ലിം സമുദായ നേതാക്കളുമായും വലിയ അടുപ്പമുണ്ട്.
പട്ടികജാതി പട്ടികവര്‍ഗ, ആദിവാസി മേഖലയിലും വളരെ അടുത്ത വ്യക്തിബന്ധമുണ്ട്. എല്ലാ ജനുവരി ഒന്നിനും ഏതെങ്കിലുമൊരു പട്ടികജാതി-പട്ടികവര്‍ഗ കോളനിയിലെത്തുന്നത് പടമെടുത്തു പത്രത്തില്‍ കൊടുക്കാനോ ചാനലില്‍ നിറഞ്ഞിരുന്ന് ചിരിക്കാനോ അല്ല. ജീവിതസാഹചര്യങ്ങള്‍മൂലം പിന്നാക്കം നിന്നുപോയ പാവങ്ങളാണവര്‍. നമ്മുടെ സന്ദര്‍ശനംകൊണ്ട് എന്തെങ്കിലും പ്രയോജനം അവര്‍ക്കു കിട്ടുന്നെങ്കില്‍ ആവട്ടെ എന്നു കരുതിയാണ്.
എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും നല്‍കിയിട്ടുള്ള പിന്തുണയും പ്രോത്സാഹനവും മറക്കാനാവില്ല. സമൂഹത്തിലെ സമസ്ത മേഖലയിലുള്ളവര്‍ നല്‍കിയതുപോലുള്ള പിന്തുണ നായര്‍സമുദായവും നല്‍കിയിട്ടുണ്ട്. അതില്‍ സന്തോഷവും അഭിമാനവുമുണ്ട്. അതുകൊണ്ടാണ് ഞാന്‍ എല്ലാവരുടെയും ബ്രാന്‍ഡ് അംബാസഡറായത്.
പാര്‍ട്ടിയിലോ സര്‍ക്കാരിലോ താക്കോല്‍ സ്ഥാനങ്ങളിലെത്തിയതെല്ലാം പാര്‍ട്ടി പറഞ്ഞിട്ടാണ്. എത്താതിരുന്നത് പാര്‍ട്ടി വിചാരിച്ചതുകൊണ്ടും. 2004-ല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി പ്രത്യേക സ്ഥിരം ക്ഷണിതാവ് സ്ഥാനത്തുനിന്ന് കെ. കരുണാകരന്‍ ഒഴിവാക്കപ്പെട്ടപ്പോള്‍ പകരം എന്നെ അവിടെ ഇരുത്തിയത് പാര്‍ട്ടിയാണ്. 19 വര്‍ഷത്തിനു ശേഷവും ക്ഷണിക്കപ്പെട്ട സദസ്സില്‍ ഇരുന്നാല്‍ മതിയെന്നു പറഞ്ഞതും പാര്‍ട്ടിയാണ്. അതിലൊന്നും എനിക്ക് ഒരു പരിഭവവുമില്ല.'
കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ അനുഭവംകൊണ്ടും പാരമ്പര്യം കൊണ്ടും രമേശിനോളം സീനിയോറിറ്റിയുള്ള നേതാക്കള്‍ ദേശീയ തലത്തില്‍ കുറയും. കേരളത്തില്‍ വിരലിലെണ്ണാന്‍ പോലുമില്ല. ഏതര്‍ഥത്തിലും പാര്‍ട്ടി പ്രസിഡന്റാകാന്‍വരെ യോഗ്യന്‍. തിരിച്ചടികളുണ്ടായപ്പോള്‍പ്പോലും പാര്‍ട്ടിയെ തള്ളിപ്പറയാത്ത ആള്‍. ഇന്നേവരെ പാര്‍ട്ടി ലൈനില്‍നിന്നു വ്യതിചലിച്ചിട്ടുമില്ല. നിലപാടുകളില്‍ സ്വന്തമായൊരു തലപ്പൊക്കംതന്നെ സൃഷ്ടിച്ചിട്ടുണ്ട്, ചെന്നിത്തല.
എന്നിട്ടും വര്‍ത്തമാനകാലരാഷ്ട്രീയത്തില്‍ ചെന്നിത്തല തഴയപ്പെടുന്നു എന്നൊരു പ്രതീതിയുണ്ട്. കെ.സി. വേണുഗോപാലും ശശി തരൂരും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ നിര്‍ബന്ധമായും ഉണ്ടാകേണ്ടവര്‍തന്നെ. അതിനുള്ള കഴിവും യോഗ്യതയും ഇരുവര്‍ക്കുമുണ്ടുതാനും. പക്ഷേ, അവര്‍ക്കൊപ്പം ഈ സ്ഥാനത്തിരിക്കാന്‍ യോഗ്യതയുള്ള രമേശ് ചെന്നിത്തലയെ തഴയാനുള്ള കാരണമായി അദ്ദേഹത്തിന്റെ സമുദായത്തെ കാണരുത്. കഴിവുള്ളവരെ തഴയാനുള്ളതല്ല സംവരണം. പിന്നാക്കം നില്‍ക്കുന്നവരെക്കൂടി ഉള്‍പ്പെടുത്താനുള്ള അവസരമാണത്. പ്രവര്‍ത്തകസമിതിയിലേക്ക് ചെന്നിത്തലയ്ക്ക് സംവരണം ആവശ്യമില്ല. സംഘടനാതലത്തില്‍ വേണ്ടുവോളം കഴിവു തെളിയിച്ച മെരിറ്റ് പരിഗണിച്ചാല്‍ മാത്രം മതി.
പ്രവര്‍ത്തനങ്ങളില്‍ ഒന്നാമനാവുകയും പ്രതിഫലത്തില്‍ രണ്ടാമനാവുകയും ചെയ്യുന്ന രമേശിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ സണ്ണിക്കുട്ടി ഏബ്രഹാം പറയുന്നതിങ്ങനെ: 'കേരളത്തില്‍ കോണ്‍ഗ്രസ്സിലെ മുതിര്‍ന്ന തലമുറ വിരമിക്കലിന്റെ വക്കിലെത്തിനില്‍ക്കുന്നു. ഇനി മറ്റൊരു തലമുറയുടെ കാലമാണ്. ആ തലമുറയെ നയിക്കാന്‍ രമേശിനോളം അനുഭവജ്ഞാനമുള്ളവര്‍ ഇല്ലതന്നെ. കെ. കരുണാകരനും എ.കെ. ആന്റണിയും ഉമ്മന്‍ ചാണ്ടിയുമൊക്കെയായിരുന്നു ഒരുകാലത്ത് കോണ്‍ഗ്രസ്സിന്റെ തിരഞ്ഞെടുപ്പു നയിച്ചത്. അവര്‍ക്കെല്ലാം ആകാവുന്നത്ര കളമൊരുക്കി കൂടെനിന്ന നേതാവാണ് രമേശ് ചെന്നിത്തല. അവര്‍ക്കു പകരക്കാരനാകേണ്ടയാള്‍. കാലം കാത്തിരിക്കുന്ന അനിവാര്യനായ നേതാവും.'
മറ്റൊരു മുതിര്‍ന്ന ദേശീയ മാധ്യമപ്രവര്‍ത്തകന്‍ ജേക്കബ് ജോര്‍ജും രമേശ് ചെന്നിത്തലയില്‍ വലിയ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നു. 'എന്‍.എസ്.യു.ഐയുടെയും യൂത്ത് കോണ്‍ഗ്രസ്സിന്റെയും ദേശീയ പ്രസിഡന്റായിരിക്കെ രമേശ് ചെന്നിത്തല കണ്ടെത്തി കൂടെക്കൂട്ടിയ പലരും വലിയ പദവികളിലെത്തി. ചിലര്‍ കേന്ദ്രമന്ത്രിമാരായി. മറ്റുചിലര്‍ സംസ്ഥാനമന്ത്രിമാരും മുഖ്യമന്ത്രിമാരുമായി. അസംഖ്യം പേര്‍ എം.പിമാരും എം.എല്‍.എമാരുമായിട്ടുണ്ട്. അവരുമായി ഒരു താരതമ്യത്തിനില്ല. പക്ഷേ, രമേശ് ചെന്നിത്തല എന്ന ഹൈ പ്രൊഫൈല്‍ പൊളിറ്റീഷ്യന്‍ കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഒന്നാമൂഴക്കാരന്‍ തന്നെയാണ്. അതിന് ഇനി അധികകാലം കാത്തിരിക്കേണ്ടിവരില്ല.'
കാലമാണ് അതിനു മറുപടി പറയേണ്ടത്; പാര്‍ട്ടിയും.
Content Highlights: Ramesh Chennithala's book excerpt