'അന്തിനിലാവ് കുടിച്ചുകെടക്ക്ന്ന ചൂട്ടച്ചിക്കണ്ണുള്ള കുഞ്ഞിപ്പെണ്ണേ...' | നോവല്‍ഭാഗം | മരണവംശം

പി.വി ഷാജികുമാറിന്റെ ആദ്യനോവലായ 'മരണവംശ'ത്തില്‍ നിന്നും...
കാണാതായവനും കയറിവരുന്നവനും
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ പത്താം നാള് തെക്കോട്ട് മായാജാലത്തിനു പോയ ജനന് മടങ്ങിവന്നില്ല. അയാളെ കുറിച്ച് പതുക്കെപ്പതുക്കെ ഏര്‍ക്കാനയില്‍ കഥകള്‍ ഇറങ്ങി.
'നക്സല്‍ നേതാവാ ജനന്... മായാജാലം ഒരു മറയാ...'
'ഇന്ദിരാഗാന്ധീന മായ്ച്ചുകളയുന്ന ഇന്ദ്രജാലം കാണിച്ചതിനാ ഓനെ അറസ്റ്റു ചെയ്തത്..'
ഒറ്റയ്ക്കും തെറ്റയ്ക്കും കഥകള്‍ സതിയിലേക്കെത്തി. ജനനെത്തേടി അവള് കുന്നിറങ്ങി. എല്ലാം തകര്‍ന്നതിന്റെ സംഭ്രമവും ദൈന്യതയും അവളുടെ കണ്ണുകളിലുണ്ടായിരുന്നു.
പാലോറിലെ കവലയില്‍ ആരും അവളില്‍ സങ്കടം അലയടിക്കുന്നതു കണ്ടില്ല.
അവളിലേക്ക് ആര്‍ത്തിയോടെ അവര്‍ കണ്ണുകളിട്ടു.
ജനന് ഒരിക്കലും വരാതിരുന്നെങ്കില്‍ എന്നു പരസ്യമായിത്തന്നെ അവര്‍ ആഗ്രഹം പ്രകടിപ്പിച്ചു.
ദിവസങ്ങള്‍ ഇരുട്ടിലേക്ക് ചവുട്ടിക്കൊണ്ടിരുന്നു. ജനനില്ലാതെ എന്തു ചെയ്യണമെന്നറിയാതെ അവള് ഉരുകി.
ജനന് വരാതായതിന്റെ നാലാം നാള് കോമന് നായര്‍ കുന്നുകയറി വന്നു. അയാള്‍ക്കൊപ്പം കൃഷ്ണനുമുണ്ടായിരുന്നു.
ജനനെ പോലീസിനെക്കൊണ്ട് പിടിപ്പിച്ചതിന്റെ തമാശയോര്‍ത്ത് വന്ന ചിരി അയാള്‍ അടക്കി.
ചെറ്റപ്പുരയുടെ പടിയില്‍ ഭയപ്പാടോടെ നിന്ന സതിയെ കോമന് നായര്‍ അകത്തേക്ക് വലിച്ചിഴച്ചു.
ഓലവാതില്‍ അടച്ചുകെട്ടി കൃഷ്ണന് പുറത്തു നിന്നു. 'വിട് നായനാരേ...'
അവളുടെ കരച്ചലില്‍ അയാള്‍ ഉടുത്ത തോര്‍ത്ത് കുത്തിക്കയറ്റി.
ചവുട്ടിമാറാന് ഒരുങ്ങിയ അവളുടെ മുഖത്ത് അയാള്‍ ഊക്കില്‍ തല്ലി.
അവള് മലര്‍ന്നടിച്ച് വീണു.
'കൂടുതല്‍ കളിച്ചാല്‍ തലക്ക് ഞാനിടും...'
എടയടുപ്പിലെ മൂന്നാംകല്ല് ഒറ്റക്കൈയ്യിലെടുത്ത് അയാള്‍ അലറി. നിറഞ്ഞൊഴുകുന്ന കണ്ണുകള്‍ അവള് മുറുക്കെയടച്ചു.
അവളുടെ മനസ്സില്‍ ജനന് തെളിഞ്ഞു.
മാന്ത്രികവടി ഉയര്‍ത്തിവീശി അവന് അവളെ അപ്രത്യക്ഷയാക്കി.
സതിയുടെ അടിയന്തരാവസ്ഥ അവിടെ തുടങ്ങുകയായിരുന്നു. ഇരുട്ടിന്റെ ഒളിവേളകളില് കോമന് നായര്‍ സതിയുടെ അടുത്തേക്കു വന്നു. മരണം പേടിച്ച് അവള് കാലുകളകത്തി.
അയാള്‍ കൊടുക്കുന്ന ചില്ലറകളും കൊണ്ട് അരിയും സാധനങ്ങളും വാങ്ങാന്‍ അവള് പാലോറിലേക്ക് കുന്നിറങ്ങിവന്നു.
ഏതു നിമിഷവും പൊട്ടിത്തെറിച്ചുപോകാവുന്ന ഒരഗ്നിപര്‍വ്വതം അവളില്‍ പുകഞ്ഞു. അവള് സാധനങ്ങള്‍ വാങ്ങാന്‍ വരുമ്പോഴും വാങ്ങുമ്പോഴും വാങ്ങിമടങ്ങുമ്പോഴും ആളുകളുടെ ഹൃദയം പടാ പടാ കൊട്ടി.
ജനനെത്തേടിയുള്ള അലച്ചില്‍ സതി അവസാനിപ്പിച്ചില്ല. സ്റ്റേഷനുകളിലും പത്രമോഫീസുകളിലും അവള് പോയി. ജനന് മാത്രമല്ല പലരും പലയിടങ്ങളിലും കാണാതാവുന്നുണ്ടെന്നും മരണപ്പെടുന്നുണ്ടെന്നും പതിയെപ്പതിയെ അവള് തിരിച്ചറിഞ്ഞു. മാന്ത്രികവടി തട്ടിത്തട്ടി വഴി തേടി, ജനന് വരുന്നത് അവള് ശൂന്യമായ രാത്രികളില്‍ മനസ്സില്‍ കാണും. അപ്പോള്‍ മാത്രം അവളുടെ കണ്ണുകള്‍ നിറയും.
കൂടല്‍
നളിനി പത്താം ക്ലാസ് കടന്നു, രഘുവും.
അവര്‍ കാസര്‍കോഡ് ഗവണ്മെന്റ് കോളേജില്‍ പ്രീഡിഗ്രിക്കു ചേര്‍ന്നു. ഭാസ്കരനും രവിയും ഭരതനും ഒമ്പതാം ക്ലാസില്‍ തന്നെയായി. അതോടെ അവര്‍ സ്കൂളില്‍ പോക്ക് നിര്‍ത്തി.
സുബ്രഹ്മണ്യത്തെ കാലിച്ചന്തയിലേക്ക് അവരെയും കൂട്ടി ചന്ദ്രന് ആഴ്ചകളില്‍ പോയി.
പുറംനാടുകളില്‍ നിന്ന് ആളുകള്‍ ചന്ദ്രന്പേടിയില് കാളകളെ വാങ്ങാന്‍ വരുന്നത് അപ്പോഴേക്കും തീര്‍ത്തും കുറഞ്ഞിരുന്നു. ആള്‍ക്കാരെ പേടിപ്പിച്ച് നിര്‍ത്തി എരുതുകളെയും കാളകളെയും അവര്‍ ചെറിയ ലാഭത്തില്‍ വാങ്ങും. മടങ്ങുന്ന വഴിയില്‍ത്തന്നെ കച്ചവടമാകും. അല്ലെങ്കില്‍ നാട്ടിലെത്തേണ്ട താമസം ആവശ്യക്കാര്‍ അവരുടെ അടുത്തെത്തും. ലാഭത്തില്‍നിന്ന് വലിയ മുതല്‍ ചന്ദ്രന് കൈയില്‍ വെച്ചു.
മാണിയോളങ്കര താനത്ത് തെയ്യം കൂടിയ ദിവസം അവര്‍ കാസര്‍ഗോട്ട് സര്‍ക്കീട്ടിനു പോയി. കാലിക്കച്ചവടത്തില്നിന്നു കിട്ടിയ ലാഭമായിരുന്നു അവരുടെ കൈമുതല്‍. നഗരത്തിലെത്തിയപ്പോള്‍ അവര്‍ മുത്തലിയുടെ ക്ലിക്ക് സ്റ്റുഡിയോയില്‍ കയറി. ഭാസ്കരന്റെ അനിയന് നാരായണന് അവിടെയാണ് ജോലി ചെയ്യുന്നത്. അവന് സ്വന്തം വഴി ചെറുപ്പത്തില്‍ തന്നെ കണ്ടെത്തിയിരുന്നു. കുട്ടിയായിരിക്കുമ്പോള്‍ കൈകൊണ്ട് ക്ലിക്ക് ചെയ്ത് ഫോട്ടോയെടുത്ത് അഭിനയിച്ച അവന് ഏഴാം ക്ലാസില്‍ രണ്ടു വട്ടം തോറ്റതോടെ മുത്തലിയുടെ സഹായിയായി കയറി.
ഭാസ്കരന് നാരായണനെക്കൊണ്ട് ഗ്രൂപ്പ് ഫോട്ടോയെടുപ്പിച്ചു. മംഗലാപുരം നിരത്തിലേക്ക് മുഖം തിരിച്ചുനില്‍ക്കുന്ന മെഹ്ബൂബ് ഡാന്‍സ് ബാറിലേക്ക് അവര്‍ അവനെ നിര്‍ബന്ധിച്ചു. മദ്യപിച്ചാല്‍ താനും അവരുടെ വഴിയിലാവുമെന്ന ഭയം അവനെ പിന്തിരിപ്പിച്ചു.
മെഹ്ബൂബ് മദ്യശാലയിലെ നര്ത്തകിയില് മയങ്ങി അവര്‍ മദ്യപിച്ചതിന് കൈയും കണക്കുമില്ല. അവളെ സ്വകാര്യമായി കാണാനുള്ള ആഗ്രഹം മദ്യശാലയുടെ മാനേജര്‍ക്കു മുന്നില്‍ ഭാസ്കരനും ചന്ദ്രനും മയത്തിലല്ലാതെ അവതരിപ്പിക്കവേ തളങ്കരയില്‍ നിന്നുവന്ന സംഘം കാര്യമില്ലാത്ത കാര്യത്തിന് അവരോട് കോര്‍ത്തു. മദ്യശാലയില്‍നിന്നു തുടങ്ങിയ പോര്‍വിളി ബസ്സ്റ്റാന്റിനു പുറത്തെത്തിയപ്പോള്‍ പോരിലെത്തി. ബസ്സും കാത്തുനിന്നവര്‍ തല്ലുംപിടിയിലേക്കു കണ്ണു തിരിച്ചു.
തളങ്കരക്കാരെ തല്ലിയോടിച്ച് ബീഡി വലിച്ച് ആറു പേരും ശൗര്യത്തോടെ തിരിച്ചുനടക്കവേ അടികൊണ്ടവര്‍ ആള്‍ക്കാരെയും കൂട്ടി തിരിച്ചുവന്നു.
'നമ്മുടെ കാര്യത്തില്‍ തീരുമാനമായി,' അവരുടെ തടിമിടുക്ക് കണ്ടപ്പോള്‍ രവി നെടുവീര്‍പ്പിട്ടു.
'ആയിരം കായി കറിക്കരിഞ്ഞാ
തെക്കന്കുരുമുളകൊന്നേ ബേണ്ടൂ.
ആയിരം കാക്കയലച്ച് വന്നാല്‍
അല്ലല് പോക്കാന്‍ കല്ലൊന്നേ ബേണ്ടൂ...'
കുഞ്ഞമ്മാര് പാടിയത് ഭാസ്കരന് അവര്‍ക്കു പറഞ്ഞുകൊടുത്തു.
'കുണ്ടിക്ക് തീ പിടിച്ച് നില്‍ക്കുമ്പോഴാ ഓന്റെ പങ്കില്ത്തെ പാട്ട്..! ഇട്ടോടിക്കും മുമ്പ് അടിയെടാ അങ്ങോട്ട്...'
വന്നവര്‍ വട്ടം ചുറ്റി തല്ലാനായി ഓങ്ങിനില്‍ക്കുമ്പോള്‍ ചന്ദ്രന് ഒച്ചയുയര്‍ത്തി. ഭാസ്കരന് ചാടിത്തുള്ളി കൈയില്‍ കിട്ടിയവന് ആദ്യമൊന്നു കൊടുത്തു. മറ്റുള്ളോര് അവന്റെ പിന്‍ഗാമികളായി. പ്രതീക്ഷിക്കാതെ വന്ന അടിയില്‍ തളങ്കരക്കാര്‍ ആദ്യമൊന്ന് പകച്ചു. കൈയില്‍ കിട്ടിയതെടുത്തു ഭാസ്കരന്റെയും സംഘത്തിന്റെയും കൈകള്‍ എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിച്ചു.
പക്ഷേ, അവരില്‍ ഒരാള്‍ക്ക് അഞ്ച് തളങ്കരക്കാര്‍. 'ആയിരം കോഴിക്ക് അര കാട' എന്ന പ്രയോഗത്തിന്റെ ശുഭാപ്തിവിശ്വാസത്തില്‍ നില്ക്കവേ അതു വെറും ചൊല്ലാണെന്ന് അടുത്ത നിമിഷം ഭാസ്കരനു മനസ്സിലായി.
ഇടിയേറ്റ് അവന് നിലത്തുവീണു.
'ചത്തുപോവും...'
അടി തടുക്കാന്‍ തല കൈ കൊണ്ട് പൊത്തിപ്പിടിച്ച് കിടക്കവേ ഭാസ്കരന് ഉറപ്പിച്ചതാണ്, രോമങ്ങള്‍ നിറഞ്ഞ രണ്ടു കൈകള്‍ തളങ്കരക്കാരെ പൂച്ചക്കുഞ്ഞിനെയെന്ന പോലെ തൂക്കിയെറിഞ്ഞ് തുടങ്ങി. അത് അബ്ദുള്ളയായിരുന്നു. ഏര്‍ക്കാനയിലെ തല്ലുകാരന്‍.
കുഞ്ഞിത്തീയ്യനെ കൊന്നവരില്‍ അയാളുമുണ്ടായിരുന്നു. അന്ന് അയാള്‍ക്ക് ഭാസ്കരന്റെ പ്രായമില്ല. തെങ്ങിന്റെ ഉണങ്ങിയ മട്ടലുകൊണ്ട് അബ്ദുള്ള കൊരവള്ളിക്കു കൊടുത്ത അടിയാണ് കുഞ്ഞിത്തീയ്യനെ നിശ്ശബ്ദനാക്കിയത്. അന്നവന്റെ തല്ലാനുള്ള ലഹരി കണ്ട് കുഞ്ഞിക്കേളു അവനോടു പറഞ്ഞു: 'നിന്റെ തല്ല് കാണ്മ്പം ഈ ബയ്ക്കന്ന്യാ നീ പോവല് അബ്ദൂ... മാറാന്‍ നോക്ക്... ആയുധംകൊണ്ടുള്ള കളിയാ.. എടുത്താപ്പിന്നെ തായത്ത് ബെക്കാന് കയ്യൂലാ...'
തളങ്കരക്കാരെ തല്ലിയോടിച്ചു ഭാസ്കരനും കൂട്ടര്‍ക്കും മദ്യം വാങ്ങിക്കൊടുത്തു ജീപ്പില്‍ കയറ്റിവിടുമ്പോള്‍ കുഞ്ഞിക്കേളു പറഞ്ഞത് അബ്ദുള്ള ആവര്‍ത്തിച്ചു. അവര്‍ അനുസരണയോടെ തലയാട്ടി. ചെറുപ്പം അടുപ്പിന്‍കുണ്ടില്‍ വെച്ച വെള്ളം പോലെ തിളച്ചുകൊണ്ടിരിക്കുമ്പോള്‍ ആരെന്തു പറഞ്ഞാലും കേള്‍ക്കില്ലെന്ന് അനുഭവമുള്ള അയാള്‍ക്ക് അവരുടെ തലയാട്ടല്‍ വെറുതെയാണെന്ന് ഉറപ്പായിരുന്നു.
'വിങ്ങിവീര്‍ത്ത മീടുംകൊണ്ട് ഞാനെങ്ങെനെ തെയ്യത്തിനു ചെണ്ട കൊട്ടല്‍..!'
ജീപ്പിലിരുന്ന് ഭരതന് കരഞ്ഞു.
'മൊഗംകൊണ്ടല്ലല്ലോ, കൈയോണ്ടല്ലേ കൊട്ട്ന്ന്...'
രഘു ദേഷ്യപ്പെട്ടു.
'വനജ ആടയ്ണ്ട്... ഓള മോത്ത് ഞാനെങ്ങെനെ നോക്കല്‍..!'
കാമുകിയെ ആലോചിച്ച് ഭരതന്റെ സങ്കടം വിറച്ചു.
'നീ മോത്ത് നോക്കണ്ടറാ.. ബേറേ ഏടെങ്കിലും നോക്ക്...'
'പോടാ നായിന്റാമോനേ...'
'നീയൊന്ന് മോങ്ങാണ്ടിരുന്നേ... ആയുസ്സ് കിട്ടിയത് ബാഗ്യം...'
'നിങ്ങക്കൊന്നും ദെണ്ണമുണ്ടാവൂലാ... യാന്‍ ആളെട്ടെ ദാദെ പന്പ്പുനെ..! '
'മതി ഭരതാ.. കേട്ടിറ്റ് ചെവി ഇരിയ്ന്ന്...'
ചന്ദ്രനു ഭരതന്റെ വേവലാതി കണ്ട് ദേഷ്യം വന്നു.
'ഓള പലരും വെച്ച് വാട്ടീറ്റ്ണ്ടെടാ... വേണെങ്കില്‍ നീയും വെച്ചുവാട്ടാന് നോക്ക്... അല്ലെങ്കില്‍ ഓള് വേറെ ആള നോക്കും...'
പറഞ്ഞുകഴിഞ്ഞപ്പോള്‍ വേണ്ടായിരുന്നെന്ന് ചന്ദ്രനു തോന്നി. ജീപ്പില്‍ പൊടുന്നനെ ഒരു നിശ്ശബ്ദത പടര്‍ന്നു.
ഭരതന്റെ പ്രേമത്തിനു പിന്നിലുള്ള ആഗ്രഹവും ചന്ദ്രന് പറഞ്ഞതുതന്നെയായിരുന്നു. എന്നാല്‍ ചന്ദ്രന് പച്ചയ്ക്കത് പറഞ്ഞത് അവനിഷ്ടപ്പെട്ടില്ല. വനജയോടുള്ള ആസക്തിയിലും ഉള്ളിലെ മത്തിലും അവന്റെ രക്തം തിളച്ചു. അവന് ചന്ദ്രന്റെ കോളറിനു പിടിച്ചു. ചന്ദ്രന് അവന്റെ മുഖം പിടിച്ച് ദൂഡി. സീറ്റിന്റെ കമ്പിയില്‍ അവന്റെ തല വന്നടിച്ചു. ശൗര്യത്തോടെ എഴുന്നേറ്റടിക്കാന് വന്ന ഭരതനെ വഴിയിലെ കുണ്ടും കുഴിയും ചതിച്ചു. ജീപ്പിന്റെ ഇളക്കത്തില്‍ അവന് സീറ്റില്‍ ചെരിഞ്ഞുവീണു. ഭാസ്കരന് ചന്ദ്രനെ പിടിച്ചുമാറ്റി.
'വെറുമൊരു കുമ്മായക്കത്തിക്ക് ബേണ്ടീറ്റ് എന്തിനാടാ മക്കളേ തമ്മില്ത്തല്ലിച്ചാവ്ന്ന്... ഈ നാട്ടിലെത്ര കുമ്മായക്കത്തീണ്ട്..! ഒന്ന് മതീലേ, ചെര്തും ബല്തുമാന്നെങ്കിലും എല്ലം ഒരേപോലെന്നെയാടാ...'
ജീപ്പിലുണ്ടായിരുന്ന പാലോറിലെ പീടികക്കാരന് ശിവപ്പ പൈ പറഞ്ഞു. അതു പറയുമ്പോള്‍ അയാളുടെ മനസ്സില്‍ കാമുകി ഗിരിജ മന്ദഹസിച്ചു. അയാള്‍ പറഞ്ഞതു കേള്‍ക്കാതെ അവര്‍ ഉന്തും തള്ളും തുടര്‍ന്നു.
ജീപ്പില്‍നിന്നിറങ്ങി മുത്താണിക്കടുത്തുനിന്നു റാക്ക് തൊട്ടപ്പോള്‍ ചന്ദ്രന്റെയും ഭരതന്റെയും പിണക്കം തണുത്തു.
നാലു കൊണ്ടയടിച്ചതും ചന്ദ്രന് കിടന്നു. അവനെ താങ്ങിയെടുത്ത് അവര്‍ രഘുവിന്റെ വീട്ടിന്റെ ഉമ്മറത്തു കിടത്തി.
രവിയും രഘുവിന്റെ പുരയില്‍ കൂടി.
ഭരതന് മാണിയോളങ്കരയിലേക്കു നിലാവെട്ടത്തിന്റെ കൈയില്‍ പിടിച്ച് ഇരുട്ടത്ത് പരന്നു.
ഭാസ്കരന് ചാപ്പയിലേക്കിറങ്ങി.
ബോധത്തിന്റെ അഭാവം ഭരതന്റെ കൊട്ടിനെ ബാധിച്ചില്ല, താനത്തിന്റെ മതിലിനു പുറത്ത് അച്ഛന് കെട്ടിയ കരിഞ്ചാമുണ്ഡിക്കു മുന്നില്‍ വനജയിലേക്ക് കണ്ണെറിഞ്ഞ് അവന് താളത്തില്‍ ചെണ്ട കൊട്ടി. മകന്റെ മനസ്സു കൈമാറുന്നതു കണ്ട വേവലാതിയില്‍ വെള്ളുങ്ങന്റെ ഉശിരേറി. കരിഞ്ചാമുണ്ഡി അയാള്‍ അന്നുവരെ കെട്ടിയ തെയ്യങ്ങളില്‍ മികച്ചതായി.
തലവേദനിക്കുന്നെന്നു പറഞ്ഞ്, നളിനി വൈരജാതന് തെയ്യത്തിന്റെ കുളിച്ചുതോറ്റം കഴിയുംമുമ്പ് ജാനകിയോടു ചൂട്ടും വാങ്ങിയിറങ്ങി. മാണിക്കത്തിന്റെ സംശയം ബലപ്പെട്ടു. അവള് കുളിച്ചുതോറ്റത്തില്നിന്നു മുഖം തിരിച്ച് നളിനി പോകുന്നതു നോക്കിനിന്നു. കുളിച്ചുതോറ്റം പരിച ഉയര്‍ത്തി തട്ടിയിടാന്‍ പാഞ്ഞടുത്തതു മാണിക്കം കണ്ടില്ല. ജാനകി തോളില്‍ പിടിച്ച് അവളെ എഴുന്നേല്‍പ്പിച്ചത് ഭാഗ്യം, അല്ലെങ്കില്‍ തട്ടുകൊണ്ട് അവള് വീണേനെ. വരമ്പു കഴിഞ്ഞ് പേത്താളംകുന്നിന്റെ ചാരെ നടക്കവേ തടിച്ചുവീര്‍ത്ത വേങ്ങമരത്തിനു പിറകിലെ കുറുംഗുഹയിലേക്കു ഭാസ്കരന് നളിനിയെ കൊണ്ടുപോയി.
ജീപ്പിലിരിക്കുമ്പോള്‍ ഭാസ്കരനില്‍ നളിനിയായിരുന്നു. തലേന്ന് അവള് വടിവൊത്ത അക്ഷരത്തിലെഴുതിത്തന്ന പ്രേമലേഖനം അവന്റെ മനസ്സില്‍ ആവര്‍ത്തിച്ചു.
തട്ടുംതെയ്യത്തിന്റെ കുളിച്ചുതോറ്റം കഴിയുമ്പോള്‍ താനത്തുനിന്നിറങ്ങുമെന്നും പേത്താളങ്കുന്നില് കാത്തുനില്‍ക്കണമെന്നും പ്രേമത്തിന്റെ വിറ പടര്‍ന്ന വാചകങ്ങള്‍ക്കൊപ്പം അവള് എഴുതിയിരിക്കുന്നു.
'എന്ത്ണ്ടായാലും ഓളെ കാണും..'
കത്തു വായിച്ചപ്പോള്‍തന്നെ അവന് തീരുമാനമെടുത്തിരുന്നു.
അവന്റെ ലക്ഷ്യം ജയം കണ്ടിരിക്കുന്നു.
പച്ചബ്ലൗസിലും പാവാടയിലും നിറഞ്ഞ് അവള് ഭാസ്കരനു മുന്നില്‍ നിന്നു. അവളെ കാണുമ്പോഴുള്ള വിറയലിന്റെ കുപ്പായം രാത്രിയിലും അവനില്‍ അഴിഞ്ഞുപോയില്ല.
'ഒന്നും മിണ്ട്ന്നില്ലേ..'
അവനിലേക്കു കണ്ണുകള്‍ വിടര്‍ത്തിവെച്ച് അവള് ചോദിച്ചു. ഉത്തരം പറയാന്‍ കഴിയാതെ അവന് അവളെ നോക്കി.
'കുളിച്ചാറ്റം ഇപ്പൊ കഴിയും.. അമ്മേം വല്യമ്മേം ബരാനായി...'
അവള് തിടുക്കത്തിന്റെ സൂചന നല്കി. അവനില്‍നിന്ന് ഒരക്ഷരം പുറത്തുവന്നില്ല.
'ഞാന്‍ പോന്ന്...'
നളിനിക്കു ദേഷ്യം വന്നു. കുന്നിറങ്ങാന്‍ തുടങ്ങിയ അവളെ പ്രണയം നെഞ്ചോടു ചേര്‍ത്തുപിടിച്ചു. മുഖക്കുരു മുളച്ച അവളുടെ മുഖത്ത് അവന് മുഖമടുപ്പിച്ചു.
'റാക്ക് മണക്ക്ന്ന്...'
പ്രണയം ദേഷ്യപ്പെട്ടു. അവന് ചിരിച്ചു. അവരുടെ ഒച്ച പുറത്തെത്താതിരിക്കാന്‍ നാര്ച്ചിക്കാടിനു പിറകിലെ പീരാംകുടുക്കുകള് കരഞ്ഞു. കുറുംഗുഹയിലെ ഒരാള്വലുപ്പത്തിലുള്ള പാറയ്ക്കു മീതെ ലുങ്കി വിരിച്ച് ഭാസ്കരന് അവളെ കിടത്തി.
'അന്തിനിലാവ് കുടിച്ചുകെടക്ക്ന്ന
ചൂട്ടച്ചിക്കണ്ണുള്ള കുഞ്ഞിപ്പെണ്ണേ.
നെഞ്ചിന്റകത്ത് തുള്ളിക്കളിക്ക്ന്ന
നെഞ്ചുംവിരിച്ചുള്ള ചെക്കനേട...'
അവന് ഒച്ചയില്ലാതെ ചോദിച്ചു. പീരാംകുടുക്കകള് നിശ്ശബ്ദരായി. നിലാവ് ചെവികൂര്‍പ്പിച്ചു. നളിനി മിണ്ടിയില്ല.
'റാക്കും കുടിച്ചിറ്റ്
ഓനൊന്ന് ബന്നിറ്റ ്
ഓരോന്ന് തോന്നീറ്റ്
കൂറ്റൊന്നുമില്ലാതെ
ചുറ്റിപ്പിടിച്ചപ്പോ
നിന്റെ ഉള്ളംപിടഞ്ഞതെന്തേ
നീ നെഞ്ചം കലങ്ങിക്കരഞ്ഞതെന്തേ..'
ഭാസ്കരന്‍തന്നെ സ്വയം ഉത്തരം പറഞ്ഞപ്പോള്‍ ഗുഹയിലേക്ക് ഒളിഞ്ഞുനോക്കിയ നിലാവു കാണാതിരിക്കാന്‍ മാറിടങ്ങള്‍ പൊത്തിപ്പിടിച്ച് നളിനി കരഞ്ഞു.
Content Highlights: pv shajikumar novel maranavamsam novel excerpt mathrubhumi books