'എഴുത്തില്‍ മുഴുകിയാല്‍ പരിസരം പാടേ മറക്കും, വായിക്കാനും എഴുതാനുമായി ഒരു ജന്മം എന്നുതോന്നും'

#ശ്രീദേവി കക്കാട്
എന്‍.എന്‍ കക്കാട് രണ്ട് കാലഘട്ടങ്ങളില്‍ | Mathrubhumi archives
എന്‍.എന്‍ കക്കാട് രണ്ട് കാലഘട്ടങ്ങളില്‍ | Mathrubhumi archives

'ആര്‍ദ്രമീ ധനുമാസരാവുകളിലൊന്നില്‍
ആതിരവരും പോകുമല്ലേ സഖീ
ഞാനീ ജനലഴി പിടിച്ചൊട്ടു നില്‍ക്കട്ടെ
നീയെന്നണിയത്തുതന്നെ നില്‍ക്കൂ'....

സോഷ്യല്‍മീഡിയാക്കാലത്തും ഈ വരികള്‍ക്ക് ആരാധകക്ഷാമമില്ല. 'സഫലമീയാത്ര'യുണ്ടാക്കിയ ഓളം ഇന്നും ആബാലവൃദ്ധം ജനഹൃദങ്ങളില്‍ അലതല്ലുന്നുണ്ട്. കക്കാട് നാരായണന്‍ നമ്പൂതിരിയെന്ന എന്‍.എന്‍ കക്കാടിനെയോര്‍ക്കാന്‍ ഈ നാലുവരികള്‍ മാത്രം മതി. കാരണം കാലത്തിന്റെ കുത്തൊഴുക്കില്‍ ഒരിക്കലുമൊലിച്ചുപോകാത്തവണ്ണം മലയാളികളില്‍ വേരുപിടിച്ചിരിക്കുകയാണ് ആ കവിത. ശ്രീദേവി കക്കാട് എഴുതിയ 'ആർദ്രമീ ധനുമാസരാവിൽ' എന്ന പുസ്തകത്തില്‍നിന്ന്‌; 

ഗൃഹനാഥന്‍

സാധാരണജോലിത്തിരക്കിന് പുറമേ നിരന്തരവായനയും എഴുത്തും. മിക്ക ദിവസങ്ങളിലും സാഹിത്യ-കലാ-സാംസ്‌കാരിക സമ്മേളനങ്ങളില്‍ പങ്കെടുക്കലും. വീട്ടിലുള്ള സമയമാണെങ്കില്‍ സുഹൃത്തുക്കളുമൊത്ത് ദീര്‍ഘമായ സാഹിത്യ ചര്‍ച്ചകളും- ഇങ്ങനെ എപ്പോഴും തിരക്കായി കഴിയുന്ന ഒരു വ്യക്തിക്ക് കുടുംബാംഗങ്ങളുടെ കൂടെ ചെലവഴിക്കാന്‍ കിട്ടുന്നത് എത്ര തുച്ഛമായ സമയം! ആ സമയം എങ്ങനെയായിരുന്നു? സാഹിത്യകാരന്മാര്‍ക്കും കലാകാരന്മാര്‍ക്കുമൊക്കെ പല പ്രത്യേക സ്വഭാവവിശേഷങ്ങളുമുണ്ടാവുമെന്ന് കേട്ടിട്ടുണ്ട്. എന്നാല്‍, നിത്യജീവിതത്തില്‍ ഒരസാധാരണത്വവും ഇല്ലാത്ത വ്യക്തിയായിരുന്നു ഗൃഹനാഥന്‍. ലളിതവും പ്രസന്നവുമായ പ്രകൃതം. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ഇടയിലെത്തുമ്പോള്‍ കളിമ്പക്കാരനായ മറ്റൊരാളാവുന്നത് കൗതുകത്തോടെ ഞാന്‍ കണ്ടുനില്‍ക്കാറുണ്ട്. വീട്ടിലാവുമ്പോള്‍ ഒരു തറവാട്ടുകാരണവരുടെ മട്ട്.

വീട്ടുകാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ഒട്ടും സമയം കിട്ടാറില്ല. അടുക്കളക്കാര്യങ്ങളും മറ്റും എന്റെ ചുമതലയിലാണ്. എന്നാല്‍, എനിക്കോ മക്കള്‍ക്കോ എന്തെങ്കിലും അസുഖം വന്നാല്‍ അടുത്തുനിന്ന് മാറാതെ ശുശ്രൂഷിക്കും. തനിക്ക് ചില്ലറ അസുഖമെന്തെങ്കിലും വന്നാല്‍ തീരേ വകവെക്കുകയുമില്ല. വൈകുംവരെ ഇരുന്നു വായിക്കുന്ന ദിനചര്യയ്ക്ക് കടുകിടെ മാറ്റമില്ല. ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഡോക്ടറെ കാണേണ്ടതുണ്ടെങ്കില്‍ എന്തുതിരക്കുണ്ടെങ്കിലും അവരുടെ കാര്യത്തിനാണ് മുന്‍ഗണന.

മക്കള്‍ വളര്‍ന്ന് സ്‌കൂളില്‍ പോകാന്‍ തുടങ്ങിയപ്പോള്‍ അവരുടെ പഠനകാര്യങ്ങളില്‍ തീരേ ശ്രദ്ധിക്കാന്‍ കഴിയുന്നില്ല എന്ന ഖേദം എപ്പോഴും പറയാറുണ്ട്. എം.എന്‍. പാലൂരിനെഴുതിയ ഒരു കത്തില്‍ അതിങ്ങനെ വിശദീകരിക്കുന്നു:
ശരിക്കാവുന്നില്ലാ ശശിദിനകരര്‍ക്കൊപ്പമലയും
തിരക്കില്‍ പുത്രന്മാര്‍ക്കരുളുവതിനായ് സംസ്‌കൃതഗിരം
കുറച്ചേറും മോഹം പ്രഥമതനയന്നെന്തുഫലമെന്‍
ശിരസ്സില്‍ കോറീലാ വിധി ഒഴിവുഭാഗ്യക്കുറിയെടോ.
അതോര്‍ത്താല്‍ കിട്ടീലാ നിഖിലനിഗമങ്ങള്‍ക്കു നിധിയാം
പിതാവിന്‍ കാല്‍ക്കീഴില്‍ ചെറുതിടയിരിക്കാന്‍ വിധി മമ
അതാമോ മക്കള്‍ക്കും ഗതിയിതി വിചാരിച്ചു ചെറുത-
ല്ലെടോ ഖേദം ചക്രം തിരിയുമളവേ ദണ്ഡിനു ഗതി.

എത്ര തിരക്കുണ്ടെങ്കിലും മക്കളുടെ കൂടെ ഷട്ടില്‍കോക്ക് കളിക്കാന്‍ സമയമുണ്ടാക്കും. കൃത്യമായ അളവില്‍ കോര്‍ട്ട് തയ്യാറാക്കി, നെറ്റും കെട്ടി, കളിയുടെ നിയമങ്ങളെല്ലാം കര്‍ശനമായി പാലിച്ചുകൊണ്ടാണ് കളി.

വായിക്കാനും എഴുതാനുമായി ഒരു ജന്മം എന്നുപോലും തോന്നും! രാത്രി വളരെ വൈകുംവരെ ഇരുന്നു വായിക്കുന്നതിനാല്‍ വൈകി ഉറങ്ങുക, വൈകി എഴുന്നേല്‍ക്കുക എന്നതായിരുന്നു ശീലം. ഒരു കവിത മനസ്സില്‍ രൂപപ്പെടുന്നത് എപ്പോഴാണെന്നറിയില്ലെങ്കിലും എഴുതാനുള്ളത് ഒറ്റയിരിപ്പിന് എഴുതിത്തീര്‍ക്കും. പിന്നെ, വെട്ടിയും തിരുത്തിയും രൂപപ്പെടുത്താന്‍ ദിവസങ്ങളെടുക്കും. എല്ലാ ശബ്ദങ്ങളും നിലച്ച ഏകാന്തരാവുകളിലാണ് അധികവും എഴുത്ത്. ഒഴിവുകിട്ടുന്ന പകല്‍സമയത്തും എഴുതാറുണ്ട്. എഴുത്തില്‍ മുഴുകിയാല്‍ പരിസരം പാടേ മറക്കും. അപ്പോള്‍ കുട്ടികളുടെ ശബ്ദമോ മറ്റുള്ളവരുടെ സംഭാഷണങ്ങളോ ഒന്നും ഏകാഗ്രതയ്ക്കു ഭംഗം വരുത്താറുമില്ല.

വിട്ടുവീഴ്ചകളില്ലാതെ

ജീവിതത്തിലുടനീളം യാതൊരിളവുമില്ലാതെ കര്‍ശനമായി പാലിച്ച ചില നിഷ്ഠകളുണ്ടായിരുന്നു കക്കാടിന്. അവയിലൊന്നാണ് സമയനിഷ്ഠ. സമയവുമായുള്ള സമരമാണല്ലോ ആകാശവാണിയിലെ ജോലി. എന്നാല്‍, താന്‍ ചെയ്യുന്ന കാര്യങ്ങളില്‍ സമയനിഷ്ഠയ്ക്ക് പരമപ്രാധാന്യം കല്‍പിക്കുന്ന സ്വഭാവം പഠനകാലത്തുതന്നെ പിന്തുടര്‍ന്നിരുന്നു.

എന്‍.എന്‍. കക്കാടും കുടുംബവും
| Mathrubhumi

മാതൃഭൂമി പത്രാധിപരായിരുന്ന കെ.പി. കേശവമേനോന്റെ സമയനിഷ്ഠയെപ്പറ്റി കേട്ട കഥകളാണ് ഓര്‍മയിലെത്തുന്നത്. ഒരു പ്രധാന സമ്മേളനത്തില്‍ അദ്ദേഹം അധ്യക്ഷനാണ്. ഉദ്ഘാടകനായ അന്നത്തെ ഇന്ത്യന്‍ രാഷ്ട്രപതി സമയത്തിനെത്താതിരുന്നപ്പോള്‍ അധ്യക്ഷപ്രസംഗം ആദ്യം നടത്തി അദ്ദേഹം സ്ഥലംവിട്ടുവത്രേ. ഇതുപോലെ എത്രയോ സംഭവങ്ങള്‍ അക്കാലത്ത് കേള്‍ക്കുകയുണ്ടായി.

രാവിലെ പത്ത് മണിക്ക് ഒരു സമ്മേളനമുണ്ടെന്നും വിളിക്കാന്‍ ആള്‍ വരുമെന്നും പറഞ്ഞാല്‍ കൃത്യസമയത്തുതന്നെ ഒരുങ്ങിയിരിക്കും. പലരെയും കൂട്ടിവരേണ്ടതിനാല്‍ സംഘാടകരെത്തുന്നതുതന്നെ പത്ത് മണി കഴിഞ്ഞാവും. വളരെ മുന്‍പേ കാത്തിരിക്കാന്‍ തുടങ്ങുന്നതിന് 'എണ്ണ തേപ്പിച്ചു നിര്‍ത്തുംപോലെ' എന്നൊരുപമ പറയാറുണ്ട്. കുട്ടിക്കാലത്ത് അമ്മ മേലാകെ കുളിര്‍ക്കെ എണ്ണ തേപ്പിച്ചു നിര്‍ത്തും. എണ്ണ ദേഹത്തുപിടിക്കട്ടെ എന്നുപറഞ്ഞ് വളരെ നേരം കഴിഞ്ഞാണ് കുളിപ്പിക്കുക. എണ്ണ തേപ്പിച്ചു നിര്‍ത്തിയാല്‍ പിന്നെ ഒന്നും ചെയ്യാന്‍ പറ്റില്ല. അതാണ് ആ ശൈലിയുടെ ഉറവിടം.

ഏതെങ്കിലും സമ്മേളനത്തിന് ഇന്ന സമയത്തെത്തണം എന്ന അറിയിപ്പുകിട്ടിയാല്‍ കൃത്യസമയത്ത് സ്ഥലത്തെത്തിയിരിക്കും. സദസ്യര്‍ എന്നുവേണ്ട സംഘാടകരെല്ലാവരുംതന്നെ എത്തിയിട്ടുണ്ടാവില്ല. ഒഴിഞ്ഞ ഇരിപ്പിടങ്ങള്‍ നോക്കി കാത്തിരിപ്പുതന്നെ. നൂറാംതവണയും ഈയനുഭവമുണ്ടായാലും സ്വഭാവത്തില്‍ മാറ്റമില്ല. ഒരിക്കല്‍ ഒരു ബന്ധു ആകാശവാണി കാണാന്‍ കുട്ടികളെയുംകൊണ്ട് വൈകുന്നേരം അഞ്ചു മണിക്ക് എത്തുമെന്ന് ഫോണ്‍ചെയ്തറിയിച്ചു. വാച്ചില്‍ അഞ്ചു മണി കഴിഞ്ഞതും ഓഫീസില്‍നിന്ന് ഇറങ്ങിയൊരു പോക്ക്! ബന്ധു ബസ്സുകയറി എത്തിയപ്പോഴേക്കും അഞ്ചരയായി. ആളെ അന്വേഷിച്ചപ്പോള്‍ പോയല്ലോ എന്ന ഉത്തരം കിട്ടിയപ്പോള്‍ അദ്ദേഹത്തിന് നീരസമായി എന്ന് പറയേണ്ടതില്ല. അങ്ങനെ എത്രയോ സംഭവങ്ങള്‍!

കടുത്ത മദ്യവിരോധമായിരുന്നു മറ്റൊന്ന്. എന്നാല്‍, മദ്യപാനമെന്ന ദൗര്‍ബല്യം ബാധിച്ചവരോട് സഹാനുഭൂതി മാത്രമേയുള്ളൂ. മിക്ക ദിവസങ്ങളിലും ദൂരസ്ഥലങ്ങളില്‍ സമ്മേളനങ്ങള്‍ക്കോ ഓഫീസ് ഡ്യൂട്ടിക്കോ പോയി തിരിച്ചെത്തുമ്പോള്‍ പാതിരയായാലും കുളി നിര്‍ബന്ധം. തോര്‍ത്തും തോളിലിട്ട് നേരേ കുളിമുറിയിലേക്ക് നടക്കുമ്പോള്‍ പറയും: 'എന്റെ വലതുവശത്ത് ഇരുന്നത് മദ്യകുംഭമായിരുന്നു!' പലപ്പോഴും ഇതാണനുഭവമെങ്കിലും ഒരാളുടെയും പേര് പറയുകയില്ല!

അനുഗൃഹീതശബ്ദത്തിനുടമയായ ആകാശവാണി ആര്‍ട്ടിസ്റ്റ് പി.എം. അഹമ്മദ്കോയ ഒരനുഭവം രേഖപ്പെടുത്തിയത് ഇങ്ങനെ:'... പരിപാടികള്‍ പുറത്തുപോയി റെക്കോഡ് ചെയ്തുകൊണ്ടുവരുന്ന പതിവുണ്ടല്ലോ. പലപ്പോഴും പിറ്റേന്നേ മടങ്ങാന്‍ പറ്റൂ. അങ്ങനെയൊരു സന്ദര്‍ഭത്തില്‍ ആതിഥേയരുടെ സത്കാരമാണ് രംഗം. മദ്യം വന്നു. നിര്‍ബന്ധിച്ചിട്ടും കക്കാടിനുമാത്രം കുലുക്കമില്ല. ഒരാള്‍ മാത്രം കൂട്ടത്തില്‍ കൂടാതെ! ലഹരി മൂത്ത ഞങ്ങള്‍ക്കൊരു കുസൃതി തോന്നി. മദ്യക്കുപ്പിയെടുത്ത് കക്കാടിന്റെ തലയില്‍ കമിഴ്ത്തി. ഒന്നും സംഭവിക്കാത്തപോലെ കുളിമുറിയില്‍ പോയി കുളിച്ച് ഈറനും ധരിച്ച് കൈകെട്ടി താളംപിടിച്ച് പുഞ്ചിരിച്ചുകൊണ്ട് സ്വസ്ഥാനത്തുവന്നിരുന്നു. ആ അക്ഷോഭ്യത കണ്ട് ഞങ്ങളുടെ ലഹരിയിറങ്ങി.'

എന്നാലിത്തരം അനുഭവങ്ങളൊന്നും വീട്ടില്‍ വന്നുപറയാറില്ല. സത്യസന്ധതയാണ് മറ്റൊരു നിഷ്ഠ. കളിയായിപ്പോലും കളവു പറയില്ല. ആരെങ്കിലും കളവു പറയുന്നുവെന്ന് മനസ്സിലായാല്‍ ക്ഷമിക്കുകയുമില്ല. പുസ്തകങ്ങളോടുള്ള അഭിനിവേശമാണ് ഇനിയൊന്ന്. 'എനിക്ക് മൂന്നാവശ്യങ്ങളേയുള്ളൂ; ഒന്ന്, പുസ്തകങ്ങള്‍. രണ്ട്, പുസ്തകങ്ങള്‍. മൂന്ന്, പുസ്തകങ്ങള്‍!' പ്രശസ്ത സാഹിത്യകാരന്‍ ടോള്‍സ്റ്റോയിയുടെ വാക്കുകളാണിത്. ഈ ചൊല്ല് അക്ഷരംപ്രതി ജീവിതത്തില്‍ നടപ്പാക്കി. റേഷനരി വാങ്ങാന്‍ ബുദ്ധിമുട്ടുന്ന സമയത്താണെങ്കിലും ഇഷ്ടപ്പെട്ട പുസ്തകം കണ്ടാല്‍ വാങ്ങിയിരിക്കും. പുസ്തകങ്ങള്‍ സൂക്ഷിക്കുന്ന കാര്യത്തിലും അതീവശ്രദ്ധ പുലര്‍ത്തി. ഷെല്‍ഫിലെ 'ഇന്ന വരിയിലെ ഇത്രാമത്തെ പുസ്തകം' എന്ന് കണ്ണുമടച്ചു പറയും. ഞാനേതെങ്കിലും പുസ്തകം വായിക്കാനെടുത്ത് യഥാസ്ഥാനത്ത് വെച്ചില്ലെങ്കില്‍ വഴക്ക് ഉറപ്പാണ്!

പലരും പുസ്തകങ്ങള്‍ വായിക്കാന്‍ കൊണ്ടുപോകും. തിരിച്ചുതരാത്തവരോട് വല്ലാത്ത നീരസമാണ്. 'വായിക്കാന്‍ ജിജ്ഞാസയുള്ള ആളാണെങ്കില്‍ തീര്‍ച്ചയായും വായിച്ച് തിരിച്ചുകൊണ്ടുവരും. അല്ലാത്തവര്‍ അക്ഷരസ്നേഹികളെന്നുനടിക്കുന്ന അക്ഷരവൈരികളാണ്' എന്നാണ് പറയാറ്.

'പുസ്തകം തിരിച്ചേല്‍പ്പിക്യേ? ഹേയ്, ഞങ്ങള്‍ക്കങ്ങനെയൊരു സ്വഭാവംതന്നെയില്ല' എന്ന് ലാഘവത്തോടെ പറയുന്നവരോട് ഒരിക്കലും പൊറുത്തില്ല. വളരെ വേഗത്തിലാണ് വായന. പ്രധാനപ്പെട്ട വരികള്‍ക്ക് അടിവരയിടും. ചുരുങ്ങിയ വാക്കുകളില്‍ മാര്‍ജിനില്‍ അഭിപ്രായങ്ങളും കുറിച്ചിടും. അങ്ങനെ കൈയടയാളം വഹിക്കാത്ത പുസ്തകങ്ങള്‍ ഷെല്‍ഫിലുണ്ടാവില്ല.

ഭക്ഷണകാര്യത്തിലുള്ള ലാളിത്യമാണ് മറ്റൊരു സവിശേഷത. പരിപൂര്‍ണ സസ്യാഹാരശീലം. ഇന്നയിന്ന വിഭവങ്ങള്‍ വേണമെന്ന ഒരു നിര്‍ബന്ധവുമില്ല. ഇഷ്ടങ്ങളുടെ കാര്യത്തില്‍ കാളനും കടുമാങ്ങയും എന്നുപറഞ്ഞപോലെ തനി യാഥാസ്ഥിതികത്വം. മുന്‍പില്‍ കൊണ്ടുവെച്ചത് എന്താണ് എന്ന് ശ്രദ്ധിക്കുന്നില്ല എന്ന് തോന്നുംവിധം തിരക്കിട്ടാണ് ഊണ്. എങ്കിലും രുചികളെപ്പറ്റി സൂക്ഷ്മതയുണ്ട്. കൂട്ടുകാരുടെ കൂടെയാണ് ഉണ്ണാനിരിക്കുന്നതെങ്കില്‍ എന്റെ പാചകത്തെ കളിയാക്കാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കില്ല. അതിനാല്‍ വിശേഷവിധിയായി ആരെങ്കിലും ഊണുകഴിക്കാന്‍ വരുന്നുണ്ടെന്നറിഞ്ഞാല്‍ എനിക്കു പരിഭ്രമം തുടങ്ങും. അങ്ങനെയല്ലാത്ത ദിവസങ്ങള്‍ തുലോം കുറവും! ഊണുമേശയിലെ ആ സജീവത എത്ര ആഹ്ലാദപ്രദമായിരുന്നു!

കുട്ടികളുമായി കൂട്ടുകൂടാന്‍ പ്രത്യേക വിരുതായിരുന്നു. ബന്ധുക്കളോ സുഹൃത്തുക്കളോ കുട്ടികളെയുംകൊണ്ടു വന്നാല്‍ ടവ്വല്‍ പ്രത്യേക രൂപത്തില്‍ തെറുത്ത് അണ്ണാക്കൊട്ടനെ ഉണ്ടാക്കി കുട്ടികളുടെ നേരേ ചാടിക്കും. കൗതുകംപൂണ്ട അവര്‍ പരിചയക്കേടെല്ലാം മറന്ന് 'ഇനീം... ഇനീം...' എന്നു പറഞ്ഞ് അടുത്തുകൂടും. പെന്‍ കൈയിലില്ലാത്ത നേരങ്ങളില്‍ മിക്കപ്പോഴും കസാലക്കൈയിലോ മേശയിലോ താളംപിടിച്ചിരിക്കും. ചില സ്വസ്ഥനിമിഷങ്ങളില്‍ ഓടക്കുഴല്‍ വായനയില്‍ ലയിക്കും. സാഹിത്യചര്‍ച്ചകളും ബന്ധുസന്ദര്‍ശനങ്ങളുമില്ലാത്ത അപൂര്‍വം ദിവസങ്ങളില്‍ വായനയ്ക്ക് അവധികൊടുത്ത് ഞങ്ങളുടെ കൂടെ കൂടും. നാട്ടുവര്‍ത്തമാനങ്ങളും കാട്ടിലെ കഥകളുമായി നേരം പോകുന്നതറിയില്ല. ചിലപ്പോള്‍ '...അവ്വണ്ണമെല്ലാമിരിക്കുന്ന സാക്ഷാല്‍ ഭഗവാന്‍ ശ്രീരാമചന്ദ്രന്‍ ഭവാന്മാരെ രക്ഷിക്കട്ടെ...' എന്നുതുടങ്ങി രസികത്തത്തോടെ പാഠകം പറയാന്‍ തുടങ്ങും. തിടമ്പുനൃത്തത്തിന്റെ ചുവടുകള്‍ ചവിട്ടും. വൈകുന്നേരങ്ങളില്‍ മക്കളെ പാര്‍ക്കിലോ കടപ്പുറത്തോ സിനിമയ്ക്കോ കൂട്ടിക്കൊണ്ടുപോവും.

കേന്ദ്ര ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്മാര്‍ക്ക് കുടുംബസമേതം യാത്രചെയ്യാന്‍ ഗവണ്‍മെന്റിന്റെ ആനുകൂല്യമുണ്ടല്ലോ- എല്‍.ടി.സി. (ലീവ് ട്രാവല്‍ അലവന്‍സ്). 'അലക്കൊഴിഞ്ഞിട്ടു വേണമല്ലോ കാശിക്കുപോകാന്‍' എന്ന് പറഞ്ഞപോലെ ആ സൗകര്യം ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ഒരിക്കല്‍ കുടുംബസമേതം എല്‍.ടി.സി. വഴി ഹൈദരാബാദിലുള്ള എന്റെ സഹോദരന്റെ അടുത്തേക്ക് പോകാന്‍ ടിക്കറ്റെടുത്ത് പുറപ്പെട്ടതാണ്. അപ്പോഴാണ് കൊടുങ്കാറ്റും പേമാരിയും കാരണം ആന്ധ്രയില്‍ പലയിടത്തും റെയില്‍പ്പാളംതന്നെ ഒലിച്ചുപോയത്! യാത്ര പുറപ്പെടും മുന്‍പായിരുന്നതിനാല്‍ ടിക്കറ്റും ലീവും ക്യാന്‍സല്‍ ചെയ്തു നേരേ ജോലിത്തിരക്കിലേക്കിറങ്ങി.

ഹോബികള്‍

ചിത്രംവര സ്വായത്തമായിരുന്നു. കവിതകളുടെ തലവാചകത്തിനടുത്ത് ചെറുചിത്രങ്ങള്‍ വരച്ചുവെക്കും. ഒരു നോട്ടുപുസ്തകത്തില്‍ പെന്‍സില്‍കൊണ്ട് സെല്‍ഫ് പോര്‍ട്രെയ്റ്റ് വരച്ചതും കണ്ടിട്ടുണ്ട്. അമ്മയില്‍നിന്ന് പകര്‍ന്നുകിട്ടിയ സംഗീതം കൂടെയുണ്ട്. കാര്യമായി പാടുന്നത് കേട്ടിട്ടില്ലെങ്കിലും ശാസ്ത്രീയസംഗീതത്തിന്റെ ചിട്ടകള്‍ എഴുതിവെച്ച ഒരു നോട്ടുപുസ്തകം സൂക്ഷിപ്പിലുണ്ട്. ഓടക്കുഴല്‍വായന സ്വയം പഠിച്ചതാണ്. ആകാശവാണിയില്‍ ജോലിയായ കാലത്ത് പുല്ലാങ്കുഴല്‍വിദഗ്ധനായ ജി.എസ്. ശ്രീകൃഷ്ണന്റെ കീഴില്‍ കുറച്ചു കാലം ശാസ്ത്രീയമായി പഠിക്കുകയുമുണ്ടായി. ചെണ്ട ഗുരുമുഖത്തുനിന്നുതന്നെ പഠിച്ചു. ഇവയില്‍നിന്നൊക്കെ ഉരുത്തിരിഞ്ഞ താളബോധം കവിതയെ സ്വാധീനിച്ചതായി പറഞ്ഞിട്ടുണ്ട്.

Content Highlights: N.N. Kakkad, Sreedevi Kakkad, Ardramee dhanumasaravil, Book excerpt, Mathrubhumi books