സ്വന്തം തിരക്കഥ മോഷ്ടിക്കപ്പെട്ട നൗഷാദിന്റെ തിരോധാനം

കണ്ണൂർ ജില്ലയിലെ മയ്യിൽ പൊലീസ് സ്റ്റേഷൻ അതിർത്തിയിലുള്ള ഒരു ചെറിയ ദ്വീപാണ് പാമ്പുരുത്തി. ആ ദ്വീപിലെ നൗഷാദ് എന്ന യുവസാഹിത്യകാരനെ കാണാനില്ല. മിസ്സിങ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കുന്നുണ്ട്. സഹോദരിമാർ പരാതിയുമായി അസിസ്റ്റന്റ് കമ്മിഷണറായ എന്റെ അടുത്തേക്കു വന്നു.
''ഇടയ്ക്ക് എവിടെയൊക്കെയോ സഞ്ചരിക്കാറുണ്ട്. അതുപോലെതന്നെ തിരിച്ചുവരാറുമുണ്ട്. എന്നാൽ ഇപ്പോൾ പോയിട്ട് ദിവസങ്ങളായി,'' നൗഷാദിനെ കാണാതായതിന്റെ വിഷമമുണ്ടെങ്കിലും അവൻ തിരിച്ചെത്തുമെന്ന പ്രതീക്ഷയും അവരുടെ വാക്കുകളിൽ നിഴലിക്കുന്നുണ്ട്.
നൗഷാദ് കുട്ടിക്കാലം മുതൽ അക്ഷരങ്ങളുടെ ലോകത്താണ്. നൗഷാദിന്റെ കവിതകളും കഥകളും സ്കൂൾ-കോളേജ് മത്സരങ്ങളിൽ ധാരാളം സമ്മാനങ്ങൾ നേടിയിട്ടുണ്ട്. വലിയ വായനക്കാരനും കടുത്ത സിനിമാഭ്രാന്തനുംകൂടിയാണ്. ചില കഥകളൊക്കെ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്.
''ഏതോ വലിയ സിനിമയ്ക്ക് തിരക്കഥയെഴുതിയിട്ടുണ്ടെന്ന് അവൻ പറയാറുണ്ട്,'' സഹോദരി പറഞ്ഞു. സഹോദരിയും എഴുത്തുകാരിയാണ്. പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേരളത്തിലുടനീളം ഹിറ്റായ ഒരു സിനിമ റിലീസ് ആയ ദിവസം ആ സിനിമ കണ്ട് മറ്റൊരു മനുഷ്യനായി ഭ്രാന്തനെപ്പോലെ നൗഷാദ് വീട്ടിലേക്കു മടങ്ങി. അതുവരെ താൻ രചിച്ച എല്ലാ കഥകളും കവിതകളും സ്വന്തം കൈകൊണ്ട് കത്തിച്ചു ചാമ്പലാക്കി. തിമിർത്തു പെയ്യുന്ന പെരുമഴയിലേക്കിറങ്ങി എങ്ങോട്ടോ പോയി. ആ കുഞ്ഞുപുഴവഴികൾക്കു നടുവിൽ താളം തെറ്റിയ മനസ്സുമായി രാത്രിയിലേക്ക് നടന്നുമറഞ്ഞു. പിന്നെ നൗഷാദിനെ ആരും കണ്ടിട്ടില്ല.
മലയാളത്തിലെ പ്രസിദ്ധമായ ആ സിനിമയുടെ തിരക്കഥ നൗഷാദ് എഴുതിയതാണെന്ന് സഹോദരി വിശ്വസിക്കുന്നു.
പക്ഷേ, സിനിമയിലെവിടെയും നൗഷാദിന്റെ പേരില്ല. തന്റെ ആത്മാവിൽനിന്നും വാർന്നുവീണ ചിന്തകളും സ്വപ്നങ്ങളുമടങ്ങിയ തിരക്കഥ മറ്റൊരാൾ ദുരുപയോഗം ചെയ്തിരിക്കുന്നു എന്നു മനസ്സിലാക്കിയപ്പോൾ ആ സർഗ്ഗസൃഷ്ടിയുടെ വേദന അജ്ഞാതമായ ഒരു ദുഃഖമായി മാറിയിരിക്കാം. കാറ്റിൽ ചിതറിപ്പറക്കുന്ന ഇലകൾപോലെ മനസ്സു ശിഥിലമാകുമ്പോൾ അകലങ്ങളിലേക്ക് എവിടെയോ യാത്ര പോയതാണോ?
ചെറുത്തുനിൽക്കാനാവാത്ത ചില ശക്തികളോട് ഏറ്റുമുട്ടാൻ അവനു ത്രാണിയില്ല, തെളിവുമില്ല. പക്ഷേ, സ്വന്തം സഹോദരന്റെ ആത്മമുദ്ര പതിഞ്ഞ ഭാഷയുടെ നിഴലാട്ടം ആ സിനിമയിൽ സഹോദരി സാക്ഷ്യപ്പെടുത്തുന്നു.
അന്വേഷണത്തിന്റെ വിവിധ സാദ്ധ്യതകളെക്കുറിച്ച് ക്രൈം സ്ക്വാഡുകാരുമായി സംസാരിച്ചു. അവനെക്കുറിച്ചുള്ള വിവരങ്ങളെല്ലാം സഹോദരിമാരോട് ചോദിച്ചു മനസ്സിലാക്കി. ശാന്തൻ, സൗമ്യമായ പെരുമാറ്റം. ജീവിതച്ചെലവിനായി പല ജോലിയും ചെയ്യാറുണ്ട്. എന്നാൽ, സ്ഥിരമായി ഒരിടത്തും നിൽക്കാറില്ല. യാത്രകൾക്കും വായനയ്ക്കുമാണ് അവൻ സമയം ചെലവഴിച്ചത്.
പക്ഷേ ചിലപ്പോൾ, മനസ്സിലെ ചലിക്കുന്ന നിഴലുകൾക്കിടയിൽ സമനില നഷ്ടപ്പെട്ട് ദിവസങ്ങളോളം അലഞ്ഞുനടന്നിട്ടുണ്ട്. ചിന്തകളിൽ ഉറപ്പില്ലാതെ എങ്ങോട്ടോ നിശ്ശബ്ദമായി ഒഴുകിപ്പോകും. ഭാവനകൾക്കും യാഥാർത്ഥ്യത്തിനുമിടയിലെ ശൂന്യതയിൽ വഴികൾ നിശ്ചയമില്ലാതെ ഭ്രമിച്ചു നടക്കുന്നതാണോ?
മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ നൗഷാദ് മാസങ്ങളോളം തിരുവനന്തപുരത്തായിരുന്നുവെന്ന് മനസ്സിലായി. പൊലീസ് സംഘത്തെ അന്വേഷണത്തിനായി അങ്ങോട്ടയച്ചു.
അവിടത്തെ ലൈബ്രറികളിൽ മെമ്പർഷിപ്പ് എടുത്തിട്ടുണ്ടോ എന്നു പരിശോധിക്കാൻ പൊലീസുകാരോട് നിർദ്ദേശം നൽകി. പാളയത്തുള്ള പബ്ലിക് ലൈബ്രറിയിൽ നൗഷാദ് പാമ്പുരുത്തി എന്ന പേരിൽ മെമ്പർഷിപ്പ് എടുത്തിരിക്കുന്നു എന്നു കണ്ടെത്തിയപ്പോഴാണ് ഒരല്പം പ്രതീക്ഷയുടെ നാമ്പെടുത്തത്. എം.ടിയും പത്മരാജനും മറ്റും എഴുതിയ തിരക്കഥകളാണ് വായിക്കാനായി കൊണ്ടുപോയിട്ടുള്ളത്. പിന്നീടെപ്പോഴോ തിരുവനന്തപുരത്ത് ലൊക്കേഷൻ കാണാതായി. ഫോണിൽ വിളിച്ചിരുന്ന ആൾക്കാരെ ഓരോന്നായി അന്വേഷിച്ചു.
ഏറെയൊന്നും ബന്ധങ്ങളില്ല. നൗഷാദിന്റെ സഞ്ചാരപഥങ്ങൾ ദുരൂഹതയുടെ മൂടുപടമണിഞ്ഞു നിൽക്കുന്നു. അവന്റെ കൂടെ സമ്പർക്കത്തിൽ വന്നവരെ ചോദ്യംചെയ്തു. ഒരാൾ ഒരു പെട്ടിക്കടക്കാരനാണ്. നൗഷാദിനെ ഫോട്ടോ കാണിച്ചു ചോദിച്ചപ്പോൾ, അയാളെ പരിചയമുണ്ട്. പൊലീസ് ഉദ്യോഗസ്ഥർ ആണെന്ന് പറഞ്ഞപ്പോൾ, സ്ഥിരമായി അവിടെ വരാറുണ്ടായിരുന്നെന്നും കുറച്ചു കാലമായി കണ്ടിട്ടില്ലെന്നും അയാൾ രഹസ്യംപോലെ പറഞ്ഞു: ''നൗഷാദ് ഒരു കടലാസുകെട്ട് ഇവിടെ ഏൽപ്പിച്ചു പോയിട്ടുണ്ട്. അത് ആർക്കും കൈമാറരുത് എന്ന് പ്രത്യേകം പറഞ്ഞിരുന്നു.'' ഏതായാലും കവർ പൊലീസുകാർക്കു കൈമാറി.
അപൂർണ്ണമായ ഒരു തിരക്കഥയാണ്. പകുതി ഭാഗമേയുള്ളൂ. ബാക്കി ഭാഗം കരുതിക്കൂട്ടി അവിടെ നൽകാതിരുന്നതാണ്. അത് ദുരുപയോഗം ചെയ്യാതിരിക്കാനാണ് പകുതി മാത്രം നൽകിയത്.
'എന്റെ കൈയിൽനിന്നും നഷ്ടപ്പെട്ടുപോയേക്കാം എന്ന പേടിയുണ്ട്. അതിനാലാണ് നിങ്ങളെ ഏൽപ്പിക്കുന്നത്' എന്നാണ് കടക്കാരനോടു പറഞ്ഞത്. സാധാരണക്കാരെ ഏൽപ്പിച്ചുകഴിഞ്ഞാൽ കളവുപോകില്ലല്ലോ എന്ന വിശ്വാസം!
അന്വേഷണം തുടർന്നു. നൗഷാദിന്റേതെന്നു കരുതുന്ന കുറച്ചു സാധനങ്ങൾ പാലക്കാട്ട് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടത്, അവിടെ പൊലീസ് സ്റ്റേഷനിൽ ലഭിച്ചിട്ടുണ്ട്. അവസാനമായി കോളുകളെല്ലാം പരിശോധിച്ചു. കോഴിക്കോട് എവിടെയോ താമസിച്ചിട്ടുണ്ടെന്നു മനസ്സിലായി. അന്വേഷണം പിന്നെയും മുന്നോട്ടു പോയപ്പോൾ, നൗഷാദിന്റെ ഫോൺ മറ്റൊരാൾ ഉപയോഗിച്ചുവരുന്നതായി മനസ്സിലാക്കി.
നൗഷാദിന്റെ സഞ്ചാരവഴികൾ പിന്തുടർന്നു പോയ പൊലീസുകാർ കോഴിക്കോടുള്ള അയാളുടെ മറ്റൊരു സുഹൃത്തിന്റെ അടുത്തെത്തി. സംഭാഷണങ്ങൾക്കിടയിൽ തിരുവനന്തപുരത്തുനിന്നും കണ്ടെത്തിയ തിരക്കഥയുടെ രണ്ടാം ഭാഗം അയാളുടെ വീട്ടിൽനിന്നും കണ്ടെത്തി.
താജ്മഹൽ എന്നാണ് തിരക്കഥയുടെ പേര്. തിരക്കഥാരചനയുടെ സങ്കീർണ്ണമായ ക്രാഫ്റ്റിൽ അപാരമായ കൈയടക്കം കാണിക്കുന്ന രചന. തമാശയും ഉത്കണ്ഠയുമൊക്കെ നിറഞ്ഞുനിൽക്കുന്ന കഥ. ജീവിതത്തിലെ താളുകൾ തൂവലിൽ മുക്കി എഴുതിയ കഥ. തന്റെ സ്വപ്നങ്ങളെ കഥയുടെ താജ്മഹലായി കെട്ടിപ്പൊക്കാനുള്ള മഹത്തായ ശ്രമം. പക്ഷേ, അത് പൂർത്തീകരിച്ചിട്ടില്ല.
എപ്പോഴും സജീവമായ ഒരു സ്വപ്നകാവ്യംപോലുള്ള താജ്ഭവനം. നൗഷാദിന്റെ കൈയിൽ താജ്മഹൽ ഒരു സ്നേഹസ്മാരകമല്ല. നോവുകൾക്കുമീതേ രചിച്ച മനുഷ്യജീവിതത്തിന്റെ രൂപരേഖകൾ. ആൾക്കൂട്ടങ്ങളുടെ ആഘോഷങ്ങൾക്കിടയിൽ അനാഥത്വം പേറുന്ന ജീവിതഗാഥകൾ. ആത്മാവിന്റെ ദൃശ്യാവിഷ്കാരം.
താളംതെറ്റിയ ജീവിതത്തിന്റെ ഹൃദയതാളങ്ങൾ നൗഷാദിന്റെ എഴുത്തിൽ കാണാം. അവന്റെ ഉള്ളിൽ നിറഞ്ഞ അസ്വസ്ഥതകളുടെ തടവറയിൽനിന്നു മുക്തി നേടാൻ കഥയുടെ താജ്മഹൽ പടുത്തുയർത്തിയെങ്കിലും പൂർണ്ണമാകാത്ത ആ സ്വപ്നം ഒരു വേദനയായി അവശേഷിക്കുന്നു.
നേരത്തേ പറഞ്ഞ ഹിറ്റ് സിനിമയുടെ തിരക്കഥയെഴുതിയ ആളിനു മാത്രമേ അതിന്റെ ഈ രണ്ടാം ഭാഗം എഴുതാൻ കഴിയുകയുള്ളൂ. ആദ്യത്തെ ഹിറ്റ് സിനിമ നൗഷാദിന്റെ തിരക്കഥ മോഷ്ടിച്ചുണ്ടാക്കിയതാണെന്ന സംശയം ബലപ്പെടുന്നു.
നൗഷാദ് ഇപ്പോഴും കാണാമറയത്തുതന്നെ. സ്വപ്നങ്ങളുടെ ശവകുടീരങ്ങളിലെവിടെയോ സിനിമാമോഹങ്ങളെ ഇറക്കിവെച്ച് നൗഷാദ് ഇപ്പോഴും നിരാശയിലാഴ്ന്ന മനസ്സുമായി കടൽമഴയിൽ അലയുകയാണോ? നൗഷാദിന്റെ തിരോധാനം നൽകിയ മൗനം പാമ്പുരുത്തിയിലെ കാറ്റിൽ ഇപ്പോഴും അലിഞ്ഞുനിൽക്കുന്നു. പ്രതീക്ഷ മങ്ങി പിന്നീടെപ്പോഴോ നൗഷാദിനെക്കുറിച്ചുള്ള അന്വേഷണങ്ങൾ പൊലീസ് അവസാനിപ്പിച്ചേക്കാം. എല്ലാ അന്വേഷണത്തിനിടയിലും അനുഭവപ്പെടുന്നത് ഇരുളും വെളിച്ചവും കലർന്ന മനുഷ്യാവസ്ഥകളാണ്.
ജീവിതത്തിന്റെ നേർരേഖകളിൽനിന്നും അകന്നുപോകുന്നവർ. എല്ലാ കഥകളും നീണ്ടുനീണ്ടു പോകുമ്പോൾ മരണത്തിൽ കലാശിക്കുന്നു എന്നു പറഞ്ഞത് ഹെമിങ്വേയാണ്.
അവന്റെ കഥകൾപോലെതന്നെ ജീവിതവും പകുതിയിൽ നിർത്തിയതായിരുന്നു. വെള്ളിത്തിരയിൽ സ്വന്തം പേരു കാണാൻ കഴിയാതെ മൂകമായി പരാജയപ്പെട്ടു പിന്മാറിയോ?
കടലാസിലൊതുങ്ങാത്ത സ്വപ്നങ്ങളുമായി ജീവിതത്തിന്റെ മരുഭൂമിയിലെവിടെയോ അപ്രത്യക്ഷമാകുന്ന കഥാപാത്രം. നിരാശകളിൽനിന്നും ഉയർന്നുവന്നതാണ് അവന്റെ വരികൾ. സഹോദരിമാർക്കും പൊലീസ് സംഘത്തിനും നൗഷാദിന്റെ ആന്തരികലോകം ഒരിക്കലും തെളിയാത്ത ചോദ്യചിഹ്നങ്ങളായി നിൽക്കുന്നു. ചിത്രീകരിക്കാതെപോയ കഥ സഹോദരിയെ ഏൽപ്പിച്ചു. കഥയുടെ അവസാനഭാഗം ഒരു വേദനയായി അവശേഷിക്കുന്നു; ചിത്രകാരന്റെ കൈയൊപ്പു ചേർക്കാത്ത ചിത്രമായി, ആദ്യപേജിൽ ഗ്രന്ഥകർത്താവിന്റെ പേരില്ലാത്ത പുസ്തകമായി, കഥയും തിരക്കഥയും ആരുടേതെന്നു പറയാത്ത വേറിട്ട ഒരു സിനിമയായി. പൂർണ്ണമാകാത്ത ആ തിരക്കഥ അജ്ഞാതമായ ഏതോ ഒരു പ്രതീക്ഷ അവശേഷിപ്പിക്കുന്നു.