'നല്ല സുഹൃത്തുക്കളായിരുന്നു, ഞങ്ങള്പോലും അറിയാതെയാണ് അത് പ്രേമമായി മാറിയത്'

വിവാഹിതരാകാന് ആശിക്കുന്നവര്ക്ക് വിവാഹത്തിന്റെ മാനസികവും സാമൂഹികവും ശാരീരികവുമായ ശാസ്ത്രീയപാഠങ്ങള് അറിയാന് സഹായിക്കുന്ന പുസ്തകമാണ് വൈവാഹികം. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച പ്രസ്തുത പുസ്തകത്തിലെ 'പ്രേമവും പ്രേമവിവാഹവും' എന്ന ഭാഗം വായിക്കാം.
പ്രേമം തോന്നാത്ത ഒരാളിനെ എങ്ങനെയാണ് ജീവിതപങ്കാളിയായി സ്വീകരിക്കാനാവുക എന്നതായിരുന്നു ഒരു പെണ്കുട്ടിയുടെ ചോദ്യം. പ്രേമം തോന്നാതെ, പരസ്പരം ഇഷ്ടപ്പെടാതെ ദമ്പതിമാരായി ഏറെക്കാലം ജീവിക്കുന്നതിനെക്കുറിച്ച് അവള് ആശങ്കപ്പെടുന്നു. ബിരുദാനന്തര ബിരുദപഠനം നടത്തുന്ന അവള് കരുതുന്നത്, പ്രേമം വെറുമൊരു ആകര്ഷണം മാത്രമല്ല, ഒന്നിച്ചു ജീവിക്കാന് അനുയോജ്യമെന്നു തോന്നുന്ന ഒരാളെ കണ്ടെത്തുവാനുള്ള മാര്ഗംകൂടിയാണെന്നാണ്.
രക്ഷിതാക്കള് അവള്ക്കു ജീവിതപങ്കാളിയെ കണ്ടെത്താന് ശ്രമിക്കുമ്പോഴൊക്കെയും അവള് എതിര്ത്തു. ഒരു സുപ്രഭാതത്തില് തന്റെ ജീവിതത്തിലേക്ക് അടിച്ചേല്പ്പിക്കപ്പെട്ട ഒരാളിനൊപ്പം ജീവിക്കാന് തുടങ്ങുന്നത് അവള്ക്കാലോചിക്കാനാവുന്നില്ല. അവള്ക്കവളുടേതായ ന്യായങ്ങളുണ്ട്:
ഒന്ന്: മനസ്സിനിണങ്ങുന്നതാണെന്ന് ഉറപ്പുവരുത്താതെ ഒരാളിനൊപ്പം ശാരീരികബന്ധം സാധിക്കുമോ?
രണ്ട്: പരസ്പരം അല്പ്പമെങ്കിലും മനസ്സിലാകാതെ എങ്ങനെയാണ് ജീവിതപങ്കാളിയെ ഉറപ്പിക്കുക?
മൂന്ന്: ഇഷ്ടാനിഷ്ടങ്ങളില് വ്യത്യാസങ്ങളുണ്ടാവുമ്പോള് വിവാഹബന്ധം നിലനിര്ത്താനാവുമോ?
പ്രേമവിവാഹത്തിന്റെ അനുകൂലികള്, പ്രതികൂലികള്
പ്രേമവിവാഹത്തെ ഇഷ്ടപ്പെടുകയും അംഗീകരിക്കുകയും ചെയ്യുന്നവരുടെ എണ്ണം ഇന്ന് തിട്ടപ്പെടുത്താനാവാത്തവിധം കൂടുതലാണ്. പ്രേമത്തിലൂടെയല്ലാതെ വൈവാഹികബന്ധത്തിലേക്കു പ്രവേശിച്ചുകൂടെന്നു കരുതുന്നവര് ലോകത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്. വിദേശസമൂഹങ്ങള്ക്ക് കുടുംബം നിശ്ചയിക്കുന്ന വിവാഹം ഒരദ്ഭുതമാണ്. പ്രേമബന്ധത്തെ വിവാഹത്തിലേക്കുള്ള അനിവാര്യമായ മാര്ഗമായി കണക്കാക്കുന്നവരുടെ എണ്ണം നമ്മുടെ നാട്ടിലും ക്രമാതീതമായി കൂടിയിട്ടുണ്ട്. നഗരങ്ങളില് പലേടങ്ങളിലും പ്രേമവിവാഹത്തെ രക്ഷാകര്ത്താക്കളും കുടുംബാംഗങ്ങളും അംഗീകരിച്ചുകഴിഞ്ഞിരിക്കുന്നു. നിര്ബന്ധിതസാഹചര്യങ്ങളില് പ്രേമവിവാഹത്തിന് സമ്മതം നല്കുന്നവരും ഇന്നു ധാരാളം. ചില നിബന്ധനകളോടെ പ്രേമവിവാഹം അംഗീകരിക്കുന്നവരാണ് കൂടുതല് കാണാനിടയുള്ളത്.
പ്രേമിക്കുമ്പോള് മതം, സാമ്പത്തികസ്ഥിതി, തൊഴില്, വിദ്യാഭ്യാസം തുടങ്ങിയ ഘടകങ്ങള് ശ്രദ്ധിക്കണമെന്ന് ഉപദേശിക്കുന്ന രക്ഷാകര്ത്താക്കളുണ്ട്. ഈ കാര്യങ്ങളില് പൊരുത്തപ്പെടുമെങ്കില് പ്രേമവിവാഹം അനുവദിക്കുന്നു. പ്രേമവിവാഹം പാടേ നിഷിദ്ധമെന്നു കരുതുന്നവര് ഇന്നും നമ്മുടെ ദേശത്തുണ്ട്. അവര്ക്കവരുടെതായ ന്യായങ്ങളുമുണ്ട്.
ഒന്ന്: രക്ഷാകര്ത്താക്കള്ക്കു മാത്രമേ അനുയോജ്യബന്ധങ്ങള് കണ്ടെത്താന് കഴിയൂ. കുട്ടികള്ക്കതിനുള്ള പക്വതയില്ല. രക്ഷാകര്ത്താക്കള് ഒരിക്കലും മക്കള്ക്ക് ദോഷം വരണമെന്നു കരുതി വധൂവരന്മാരെ കണ്ടെത്താന് മുതിരുന്നില്ല.
രണ്ട്: മക്കള്ക്ക് ജന്മംകൊടുത്ത്, തീറ്റിപ്പോറ്റി വളര്ത്തിയ രക്ഷിതാക്കള്തന്നെയാണ് അവര്ക്ക് ജീവിതപങ്കാളിയെ കണ്ടെത്തിക്കൊടുക്കേണ്ടത്. അത് രക്ഷാകര്ത്താക്കളുടെ അവകാശമാണ്.
മൂന്ന്: പ്രേമവിവാഹം സാമൂഹികമായി ഒരു ധിക്കാരമാണ്, അനുസരണക്കേടാണ്.
നാല്: ദാമ്പത്യത്തിനനുയോജ്യമായ പൊരുത്തമുണ്ടോ എന്നു പരിശോധിക്കാത്ത തീരുമാനമായതുകൊണ്ട് ആരോഗ്യകരമായ ബന്ധം പ്രേമവിവാഹത്തിലൂടെ ഉണ്ടാകുന്നില്ല.
പ്രേമവിവാഹത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില് വാദപ്രതിവാദം നടത്തുന്നു. സ്വന്തം തീരുമാനങ്ങളില് ഉറച്ചുനില്ക്കുന്നവരാണ് അവര്. മറ്റുള്ളവര്ക്ക് ഇഷ്ടമാണെങ്കിലും ഇല്ലെങ്കിലും പ്രേമവിവാഹം നടത്തുന്നവര്, അതിനാഗ്രഹിക്കുന്നവര് ഇന്നു ധാരാളമുണ്ട്. മറ്റൊരു വഴിയുമില്ലാതെവരുമ്പോള് ചില നിബന്ധനകളോടെ പ്രേമവിവാഹത്തിനനുവാദം നല്കുന്നവരും, പ്രേമവിവാഹത്തോടെ മക്കളുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുന്നവരും രക്ഷാകര്ത്താക്കള്ക്കിടയിലുണ്ട്.
ആരാണിപ്പോള് പ്രേമിക്കാത്തത്?
മുമ്പെങ്ങുമില്ലാത്തവിധം നമ്മുടെ സമൂഹത്തില് പ്രേമബന്ധങ്ങള് കൂടിവരുന്നുണ്ട് എന്നത് ഒരു വസ്തുതയാണ്. കൗമാരപ്രായത്തിലും യൗവനത്തിലുമുള്ള പലരും പരിചയപ്പെടാനും 'പ്രേമത്തില് ചെന്നുവീഴാനും'(fall in love) സാധ്യത കൂടുതലാണിന്ന്. പഠനകാലത്തോ ജോലിയിലൊന്നിച്ച് പ്രവര്ത്തിക്കുന്ന നാളുകളിലോ പ്രേമബന്ധമുണ്ടായിത്തീരാനുള്ള സാഹചര്യങ്ങള് ഇന്നുണ്ട്. ആണ്കുട്ടികളും പെണ്കുട്ടികളും ഒന്നിച്ചുള്ള പഠനവും തൊഴില്സ്ഥലത്ത് ഒന്നിച്ചു പ്രവര്ത്തിക്കുന്നതും പ്രേമബന്ധങ്ങള്ക്ക് അവസരം നല്കുന്നു. അതവകാശമായി കണക്കാക്കുന്നവരുണ്ട്: കൗണ്സലിങ് റൂമില്വെച്ച് പ്രേമത്തിലകപ്പെട്ട ഒരു പെണ്കുട്ടി സ്വന്തം പ്രേമത്തെ ന്യായീകരിച്ചുകൊണ്ട് ചോദിച്ചു: 'ആര്ക്കാണിപ്പോള് പ്രേമമില്ലാത്തത്? ഇക്കാലത്ത് പ്രേമിക്കുന്നത് പാപമാണോ സാര്?'
ഇത് ഒരൊറ്റപ്പെട്ട ചോദ്യമല്ല. ആണ്കുട്ടികളില് പലരും ഈ ആശയക്കാരാണ്. പ്രേമിക്കാതിരിക്കുന്നതിലും പ്രേമിക്കാതെ വിവാഹത്തിലേക്കു പ്രവേശിക്കാത്തതിലും എന്തോ ഒരപാകതയുണ്ട് എന്നു കരുതുന്നവര് പുതുതലമുറയിലുണ്ട്. രക്ഷാകര്ത്താക്കളെതിര്ത്ത ഒരു പ്രേമവുമായി ബന്ധപ്പെട്ട് കൗണ്സലിങ്ങിനെത്തിയ ഒരു പെണ്കുട്ടി പറഞ്ഞു: 'ഒരിക്കലെങ്കിലും പ്രേമിക്കാത്തവരായി ആരാ ഉള്ളത്? ഇനിയഥവാ ആരെങ്കിലുമുണ്ടെങ്കില് അവര്ക്കെന്തെങ്കിലും തകരാറുമുണ്ടാവും.'
പ്രേമവിവാഹവും കുടുംബം നിശ്ചയിക്കുന്ന വിവാഹവും
പ്രേമവിവാഹത്തിനുവേണ്ടി ന്യായവാദം നടത്തുന്നവര്, പരസ്പരം അറിയാത്തവര് തമ്മിലുള്ള വിവാഹബന്ധത്തെ എതിര്ക്കുന്നു. തന്നെ മനസ്സിലാക്കിയ ഒരാളിനൊപ്പമല്ലാതെ വിവാഹക്കരാറിലേര്പ്പെടാനാവില്ലെന്നു തീവ്രമായും വിശ്വസിക്കുന്നു. പങ്കാളിയുടെ ശക്തിദൗര്ബ്ബല്യങ്ങള് മനസ്സിലാക്കിയതുകൊണ്ട് പ്രേമവിവാഹം സുദൃഢമായ ഭാര്യാഭര്ത്തൃബന്ധത്തിന് വാതില് തുറക്കുന്നുവെന്ന് അവര് കരുതുന്നു. പരസ്പരവിശ്വാസം പ്രേമത്തിലുണ്ടാകുമ്പോള് ആഹ്ലാദകരമായ ദാമ്പത്യം സാധ്യമാവുമെന്ന് ഇക്കൂട്ടര് പ്രേമവിവാഹത്തെ അനുകൂലിച്ച് വാദം നടത്തുന്നു. എന്റെ വിഷമസന്ധികളില് ആശ്വാസമേകിയ ഒരാളിനെയല്ലാതെ മറ്റാരെയാണ് ഞാന് ജീവിതപങ്കാളിയായി സ്വീകരിക്കുക എന്നു ചോദിക്കുന്നു.
പ്രേമവിവാഹത്തെ എതിര്ക്കുന്നവര്, പ്രേമമല്ല യഥാര്ത്ഥ ജീവിതമെന്നു പറയുന്നു. ദാമ്പത്യത്തിനാവശ്യമായ പല ഘടകങ്ങളും പ്രേമിക്കുന്നവര് അറിയാതെപോകുന്നുവെന്ന് ഇക്കൂട്ടര് കരുതുന്നു. പ്രേമിക്കുന്ന കാലത്തുള്ളതുപോലെ പ്രതീക്ഷകളെല്ലാം ദാമ്പത്യത്തില് നിറവേറ്റപ്പെടാനിടയില്ലെന്നാണ് ഇവരുടെ വാദം. പ്രേമം അന്ധമായ കീഴടങ്ങലാണെന്നും വൈവാഹികജീവിതത്തില് പല പ്രതീക്ഷകളും നിറവേറ്റപ്പെടാതെപോകുമ്പോള് പ്രശ്നങ്ങള്ക്ക് കാരണമായിത്തീരുന്നുവെന്നും. അതുകൊണ്ട് പ്രണയവിവാഹം (marriage by preference) എളുപ്പം തകരുന്നുവെന്നും അതിനെ അനുകൂലിക്കാത്തവര് കരുതുന്നു.
കുടുംബങ്ങള് തീരുമാനിക്കുന്ന വിവാഹം (arranged marriage) കൂടുതല് സുദൃഢമായിരിക്കുമെന്ന് ന്യായീകരണം നടത്തുന്നു. തങ്ങള്ക്കു പരിചയമുള്ള പ്രേമവിവാഹങ്ങളില് ചിലത് തകര്ന്നതില്നിന്ന് പ്രേമവിവാഹങ്ങള് തകരുമെന്ന പൊതുവത്കരണമാണിത്. കുടുംബങ്ങള് തീരുമാനിക്കുന്ന വിവാഹങ്ങള് പലതും തകരുന്നുണ്ട് എന്ന വസ്തുത പലരും കാണാതെപോകുന്നു.
പ്രേമബന്ധത്തിന്റെ സാമൂഹികതലങ്ങള്
പ്രേമവിവാഹമാണോ കുടുംബങ്ങള് തീരുമാനിക്കുന്ന വിവാഹമാണോ നല്ലത് എന്ന് താരതമ്യവിശകലനം നടത്തി തീരുമാനമെടുക്കുക എളുപ്പമല്ല. അതിന്റെ ആവശ്യവുമില്ല. എന്നാല് നമ്മുടെ ദേശത്തും മുമ്പെങ്ങുമില്ലാത്തവിധം പ്രേമബന്ധങ്ങള് തളിരിടുന്നുണ്ട്, പൂക്കളായ് മാറുന്നുണ്ട്. എതിര്ത്താലും പഴുതുകളടച്ചാലും കൗമാരയൗവനകാല ആണ്പെണ് ആകര്ഷണവും പ്രേമവും വര്ദ്ധിച്ചിരിക്കുന്നുവെന്നതൊരു വസ്തുതയാണ്. അതുകൊണ്ടുതന്നെ വിവാഹജീവിതത്തിലേക്കു പ്രവേശിക്കുന്നവര് പ്രേമവും വിവാഹവും ഏതുവിധം നമ്മുടെ സമൂഹത്തില് ചേര്ന്നും ചേരാതെയും കിടക്കുന്നുവെന്നത് അറിയേണ്ടതുണ്ട്:
1. ആണ്പെണ് പ്രേമം സാര്വ്വദേശീയമായ ഒരു വസ്തുതയാണ്. എവിടെയും അതു സംഭവിക്കുന്നു. എന്നാല് പ്രേമബന്ധത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളില് ദേശങ്ങള് തമ്മില് വ്യത്യാസമുണ്ട്. സാമൂഹികവും സാംസ്കാരികവുമായ വേറിട്ട മനോഭാവങ്ങളാണ് ഇക്കാര്യത്തില് കാണാനാവുക. പാശ്ചാത്യസമൂഹങ്ങളില് വിവാഹത്തിനു മുമ്പുള്ള ആണ്പെണ് ബന്ധം അനിവാര്യമാണെന്നു കരുതപ്പെടുന്നു. കൗമാരക്കാരായ മക്കള്ക്ക് പ്രേമബന്ധമില്ലാതെപോകുന്നതില് ആശങ്ക വെച്ചുപുലര്ത്തുന്ന രക്ഷകര്ത്താക്കളെ ഇക്കൂട്ടര്ക്കിടയില് കാണാനാവും. നമ്മുടെ നാട്ടിലാവട്ടെ, യാഥാസ്ഥിതികമനോഭാവം വിവാഹത്തിനു മുമ്പുള്ള ആണ്പെണ്ബന്ധത്തെ പൊതുവേ നിരാകരിക്കുന്നുണ്ട്. കുടുംബകേന്ദ്രീകൃതസമൂഹത്തിന്റെ സ്വഭാവവിശേഷങ്ങളും മതപരമായ നിഷ്കര്ഷകളും നമ്മുടെ നാട്ടില് പ്രേമത്തെയും പ്രേമവിവാഹത്തെയും നിരാകരിക്കുന്നതിന് കാരണമാകുന്നുമുണ്ട്. ആണ്പെണ് ഇടപഴകലിനെ അംഗീകരിക്കുന്നവരില് പലരും വിവാഹബന്ധത്തിനു മുമ്പുള്ള പ്രേമബന്ധത്തെ അവിശുദ്ധബന്ധമായി കണക്കാക്കുന്നു.
2. ആണ്പെണ്ബന്ധങ്ങളില് വന്ന മാറ്റങ്ങള് അംഗീകരിച്ച് പ്രേമബന്ധത്തെ സ്വീകരിക്കുന്ന ഒരു മനസ്സ്, മെല്ലെയാണെങ്കിലും നമ്മുടെ നാട്ടിലും ഉണ്ടായിക്കഴിഞ്ഞിരിക്കുന്നു. ആത്യന്തികമായി ദാമ്പത്യത്തിലേക്കു പ്രവേശിക്കുന്നവരാണ് പ്രേമവിവാഹം വേണമോ വേണ്ടയോ എന്നു തീരുമാനിക്കുന്നതെന്ന് അവര് കരുതുന്നു. പലരും പ്രേമവിവാഹത്തിനെതിരല്ല. നഗരങ്ങളില് അതൊരു ജീവിതരീതിയായി മാറുകയാണ്. ഈ ചിന്താഗതി വെച്ചുപുലര്ത്തുന്നവര്ക്കിടയില്, നിബന്ധനകളോടെ പ്രേമവിവാഹത്തെ അംഗീകരിക്കുന്നവരുമുണ്ട്. മതപരവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ ഘടകങ്ങളില് പൊരുത്തമുണ്ടാവണമെന്നു കരുതുന്നവരാണ് ഇവര്.
3. സ്കൂളിലോ കോളേജിലോവെച്ചുണ്ടാവുന്ന പ്രേമബന്ധം പൊതുവേ അസ്ഥാനത്ത് പൊട്ടിമുളയ്ക്കുന്ന ഒന്നാണെന്നും ജീവിതത്തിലെ മറ്റു പല ഘടകങ്ങള്ക്കും പ്രാധാന്യം നല്കാത്ത പക്വതയില്ലായ്മ കൗമാരപ്രേമങ്ങളിലുണ്ടെന്നും ചിലര് കരുതുന്നു. പ്രേമം പഠനത്തെ പ്രതികൂലമായി ബാധിക്കുന്നത് ഇവര് ചൂണ്ടിക്കാണിക്കുന്നു. വൈവാഹികബന്ധത്തില് അനിവാര്യമായ പ്രധാന മുന്ഗണനകളെ പ്രേമം അവതാളത്തിലാക്കുന്നുവെന്ന് ഇവര് കരുതുന്നു. അതിവൈകാരികതയില് പിറക്കുന്ന പ്രേമബന്ധങ്ങള് വൈവാഹികജീവിതത്തിന് ഭദ്രത ഉറപ്പുനല്കുന്നില്ലെന്ന് ഇവര് കരുതുന്നു.
4. പ്രേമബന്ധം വിവാഹത്തില് ചെന്നുചേരണമെന്ന് പൊതുവേ കരുതപ്പെടുന്നതിനാല്, അങ്ങനെ സംഭവിക്കാതെവരുമ്പോള് തകര്ന്ന പ്രേമമായി (broken love) കണക്കാക്കുന്നു. തകര്ന്ന പ്രേമബന്ധം നമ്മുടെ സമൂഹങ്ങളില് പിന്നീടുള്ള ജീവിതത്തിന്റെ ഗതിവിഗതികള് നിയന്ത്രിക്കുന്നതിന് കാരണമായിത്തീരുന്നുണ്ട്. 'പ്രേമിച്ചു നടന്ന' ഒരു പെണ്കുട്ടിയെ പൊതുവേ രക്ഷാകര്ത്താക്കള് തങ്ങളുടെ മകനുവേണ്ടി തിരഞ്ഞെടുക്കാന് സന്നദ്ധത കാണിക്കാറില്ല. ആണ്കുട്ടികളില് ചിലരും മറ്റൊരാളാല് പ്രേമിക്കപ്പെട്ട പെണ്കുട്ടിയെ ജീവിതസഖിയായി തിരഞ്ഞെടുക്കുന്നതില് പ്രഥമപരിഗണന നല്കണമെന്നില്ല. പുരുഷകേന്ദ്രീകൃതമായ സമൂഹത്തിന്റെ സാമൂഹികമായ ഇച്ഛകള് പ്രേമബന്ധത്തിലുണ്ടായിരുന്ന പെണ്കുട്ടികളോട് പലവിധേന വെച്ചുപുലര്ത്തുന്നുണ്ട്. അതുകൊണ്ടുതന്നെ നമ്മുടെ സമൂഹത്തില് പ്രേമം ചിലര്ക്കെങ്കിലും പില്ക്കാലജീവിതത്തില് ഒരു ബാദ്ധ്യതയോ കരടോ ആയി നിലകൊള്ളുന്നു. പഴയ പ്രേമത്തിന്റെ പോറലുകള് ചിലരുടെ വൈവാഹികജീവിതത്തിലേക്കും പടരുന്നതു കാണാറുണ്ട്.
5. പ്രേമബന്ധമാകാം, അത് ശാരീരികബന്ധത്തിലേക്കു നീങ്ങരുത് എന്നത് നമ്മുടെ സമൂഹത്തില് നിലനില്ക്കുന്ന ഒരു പൊതുസങ്കല്പ്പമാണ്. ശാരീരികബന്ധത്തിലെത്തിച്ചേരാതെ പോയെന്നുറപ്പുവരുത്തി, പ്രേമബന്ധത്തിലകപ്പെട്ട പെണ്കുട്ടികളെ സ്വീകരിക്കാന് തയ്യാറാവുന്ന ആണ്കുട്ടികളെ കാണാനാവും. മറ്റൊരര്ത്ഥത്തില്, വിവാഹപൂര്വ്വ തീവ്രസൗഹൃദത്തെയും പ്രേമബന്ധത്തെയും പൊതുവേ സമൂഹം അംഗീകരിച്ചുതുടങ്ങിയിരിക്കുന്നുവെന്നു കാണാം. എന്നാലും വിവാഹബന്ധത്തോടനുബന്ധിച്ച് ചില നിഷ്കര്ഷകളുണ്ട്. മുമ്പ് പ്രേമബന്ധം വെച്ചുപുലര്ത്തിയ പുരുഷന് വിവാഹാനന്തരജീവിതത്തില് അത്തരം ബന്ധങ്ങള് ഉണ്ടാക്കരുതെന്ന് സ്ത്രീകള് ആഗ്രഹിക്കുന്നു. പഴയ കാമുകിയെയോ കാമുകനെയോ വിവാഹത്തിനു ശേഷം ബന്ധപ്പെടരുതെന്നു ശഠിക്കുന്നവരാണ് പലരും.
6. പ്രേമബന്ധത്തെ അംഗീകരിക്കുന്നവരില് ചിലര് മുന്നോട്ടുവെക്കുന്ന നിബന്ധനകളുണ്ട്. ജാതിമത അതിര്ത്തിക്കപ്പുറം പ്രേമബന്ധമായിക്കൂടാ എന്നവര് കരുതുന്നു. സാമ്പത്തികകാര്യങ്ങളിലുള്ള പൊരുത്തം പ്രധാനമാണെന്നവര് വിശ്വസിക്കുന്നു. ഇനിയഥവാ പ്രേമിക്കുകയാണെങ്കില് ഇത്തരം ഘടകങ്ങള് നോക്കിയാവണമെന്ന് ചില രക്ഷാകര്ത്താക്കള് ഉപദേശിക്കാനും തുടങ്ങിയിരിക്കുന്നു.
പ്രേമബന്ധത്തെക്കുറിച്ചുള്ള ഈ സാമൂഹികമായ കാഴ്ചപ്പാടുകളും സാംസ്കാരികമായ തലവും വിവാഹിതരാകാനാശിക്കുന്നവര് അറിഞ്ഞിരിക്കുന്നതു നല്ലതാണ്. സാമൂഹികമനോഭാവത്തെ അഭിമുഖീകരിക്കാന്, അവരവരുടെ ചുറ്റുപാടുകളെന്തെന്നറിഞ്ഞ് പൊരുത്തപ്പെടാന്, ഇത്തരമറിവുകള് സഹായിക്കും. ഒരു വ്യക്തിക്ക് തന്റെ സാമൂഹികപരിസ്ഥിതിയെ മനസ്സിലാക്കി പ്രേമബന്ധത്തെ വിവാഹവുമായി ബന്ധിപ്പിക്കുവാന് അതുകൊണ്ടു കഴിയുന്നു. വരാനിരിക്കുന്ന പ്രശ്നങ്ങളെ പ്രതിരോധിക്കുവാനോ പരിഹാരം കാണുവാനോ വിവാഹജീവിതത്തില് ഇതുകൊണ്ടു സാധിച്ചേക്കാവുന്നതുമാണ്.
പ്രേമബന്ധത്തിന്റെ വളര്ച്ച
പ്രേമത്തെ ഒരു കുറ്റബോധത്തോടെ പിന്പറ്റുന്നവരാണ് പലരും. പ്രേമത്തില്നിന്ന് വിട്ടുമാറാന് സാധിക്കാതെപോയവര് കൗണ്സലിങ് മുറിയില്വെച്ച് പറയാറുണ്ട്: 'ഞങ്ങള് നല്ല സുഹൃത്തുക്കളായിരുന്നു. പരസ്പരം മനസ്സിലാവുന്ന, ആശ്വാസമേകുന്ന സൗഹൃദമായിരുന്നു ഞങ്ങളുടേത്. ഞങ്ങള്പോലുമറിയാതെയാണ് അത് പ്രേമമായി മാറിയത്...'
പ്രേമബന്ധത്തിന്റെ തുടക്കം സൗഹൃദമായിരുന്നുവെന്ന് പറയുന്ന ചിലരുടെ അബോധമനസ്സില് ഒരു കുറ്റബോധം കുടികൊള്ളുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പ്രേമത്താല് സൗഹൃദം കളങ്കപ്പെടുന്നുവെന്ന് പലരും കരുതുന്നു. പ്രേമബന്ധം അരുതാത്ത ഒരേര്പ്പാടായി കണക്കാക്കുന്ന ചുറ്റുവട്ടത്ത് ഇങ്ങനെയൊരു തോന്നലുണ്ടാവുന്നതില് അദ്ഭുതപ്പെടാനുമില്ല.
പ്രേമം സാധാരണജീവിതത്തില് ഒരൊറ്റ ദിവസംകൊണ്ടു പൊട്ടിമുളയ്ക്കുന്ന പൂച്ചെടിയല്ല. കണ്ടുമുട്ടുന്നു, പരിചയപ്പെടുന്നു, ഇടപഴകുന്നു എന്നതിലൂടെത്തന്നെയാണ് പ്രേമം ഉണ്ടാക്കപ്പെടുന്നത്. പല ദിവസങ്ങളിലെ അഭിമുഖീകരണവും ആശയവിനിമയവും ഒരു പരിചയപ്പെടലിനെ പ്രേമബന്ധമാക്കിത്തീര്ക്കാന് കാരണമായിത്തീരുന്നുണ്ട്. സൗഹൃദത്തെ പ്രേമമാക്കി മാറ്റാന് ചില സംഭവങ്ങള് കാരണമാകാറുമുണ്ട്. ആശയങ്ങളിലും താത്പര്യങ്ങളിലുമുള്ള സമാനതകളും പരസ്പരം നല്കുന്ന ആശ്വാസവുമായിരിക്കും സൗഹൃദത്തെ പ്രേമമാക്കി മാറ്റുന്നതില് വലിയ പങ്ക് വഹിച്ചിരിക്കുന്നത്. സൗഹൃദത്തെ നിലനിര്ത്താന് പ്രേമബന്ധത്തിലേക്കു മാറുന്നവരുമുണ്ട്. സൗഹൃദതലം നിലനിര്ത്തിക്കൊണ്ട് പ്രേമിക്കുന്നവരും വിവാഹിതരാകുന്നവരുമുണ്ടുതാനും.
പ്രേമിക്കുന്നവരറിയേണ്ട കാര്യങ്ങള്
1. ചില പ്രേമം ജീവിതത്തിന്റെ ഗതിവിഗതികളില് അപ്രതീക്ഷിതമായ മാറ്റങ്ങളുണ്ടാക്കാന് കാരണമാവുന്നതാണ്. പ്രേമം വിവാഹത്തിലേക്കുള്ള മാര്ഗ്ഗമാവുമ്പോള്, വിവാഹവും പുതിയ മാറ്റങ്ങള് ഉണ്ടാക്കാനിടയുണ്ട്.
2. പ്രേമവും വിവാഹവും രണ്ടു ദൗത്യങ്ങളാണ് അര്പ്പിക്കുന്നത്. പ്രേമിക്കുമ്പോഴും വിവാഹം കഴിഞ്ഞാലും ഇത് തിരിച്ചറിയേണ്ടതുണ്ട്.
3. കാമുകനോ/ കാമുകിയോ ആയിരിക്കുന്നതും ഭര്ത്താവോ/ഭാര്യയോ ആയിരിക്കുന്നതും വ്യത്യസ്ത ധര്മ്മങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ്. ഭര്ത്താവില്നിന്നു കാമുകന്റെയോ, ഭാര്യയില്നിന്ന് കാമുകിയുടെയോ ധര്മ്മങ്ങള് പ്രതീക്ഷിക്കുമ്പോള് അസ്വസ്ഥതകള് സ്വയം ഉണ്ടാകാവുന്നതാണ്.
4. പ്രേമം ഓരോ ആളിലും വ്യത്യസ്തമായ സാഹചര്യങ്ങളും പ്രത്യാഘാതങ്ങളുമായിരിക്കും ഉണ്ടാക്കുക. വ്യക്തികളുടെ സ്വഭാവവിശേഷങ്ങളോടും സാമൂഹികചുറ്റുപാടുകളോടും ബന്ധപ്പെട്ടുകിടക്കുന്നു ഇക്കാര്യം.
5. പ്രേമം ഒരുത്തരവാദിത്വപൂര്ണ്ണമായ ബന്ധമാണ് എന്നറിയുക.
6. പ്രേമം വിവാഹത്തില് എത്താനും എത്താതിരിക്കാനുമിടയുണ്ട്. വിവാഹത്തിലെത്താതിരിക്കുമ്പോള് എങ്ങനെ ആ സാഹചര്യത്തെ അഭിമുഖീകരിക്കണമെന്നതറിഞ്ഞിരിക്കണം.
പ്രേമം വിവാഹത്തിലെത്തുമ്പോള്
പ്രേമിച്ചു വിവാഹം കഴിക്കുന്നവര് ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമുണ്ട്. വിവാഹാനന്തരവും പ്രേമബന്ധത്തിന്റെ മാധുര്യം നിലനിര്ത്താന് ഈ കാര്യങ്ങള് പ്രധാനമാണ്:
1. പ്രേമവും ദാമ്പത്യവും രണ്ടാണെന്നറിയുകയെന്നതാണ് പ്രധാനം. പ്രേമത്തിലൂടെ വിവാഹമാകാം. പക്ഷേ, പ്രേമിക്കുന്നതും ദമ്പതിമാരായിരിക്കുന്നതും വേറിട്ടുനില്ക്കുന്നു. പ്രേമകാലത്ത് മോഹങ്ങളും അഭിലാഷങ്ങളും നിബന്ധനകളോടെയല്ലാതെതന്നെ പരസ്പരം അംഗീകരിക്കപ്പെടുന്നു. പ്രേമത്തില് സാഹസികതയുടെ അംശമുണ്ട്. പ്രേമം പലര്ക്കും നിബന്ധനകളുടെ നിരാകരണമാണ്. എന്നാല്, വിവാഹജീവിതത്തില് സാമൂഹികമായ പല പ്രതീക്ഷകളുമുണ്ട്, നിയമങ്ങളുണ്ട്. ദമ്പതിമാര്ക്കിടയില് തീവ്രമായ ഉത്തരവാദിത്വങ്ങളുമുണ്ട്. നമ്മുടെ നാട്ടില് ജീവിതപങ്കാളിയോടു മാത്രമല്ല, ജീവിതപങ്കാളിയുടെ കുടുംബാംഗങ്ങളോടുപോലും വെച്ചുപുലര്ത്തേണ്ട നിബന്ധനകള് വിവാഹജീവിതത്തിലുണ്ട്. പ്രേമവും വിവാഹജീവിതവും ഏതുവിധം ചേര്ന്നും ചേരാതെയും കിടക്കുന്നുവെന്ന അറിവില്നിന്നാണ് പ്രേമവിവാഹം ആഹ്ലാദകരമായ ഒരു അനുഭവമായി പരിണമിക്കുന്നത്.
2. പ്രേമത്തെ ദാമ്പത്യവുമായി താരതമ്യപ്പെടുത്തുന്നത് കുടുംബജീവിതത്തില് അസ്വസ്ഥമായ അനുഭവങ്ങളുണ്ടാക്കിയേക്കും. വിവാഹാനന്തരം 'സുന്ദരമോഹനസുരഭിലകാലം' നഷ്ടമായി എന്ന വിലയിരുത്തല് അസ്വസ്ഥതകള്ക്ക് കാരണമാക്കിയേക്കും.
3. ദാമ്പത്യജീവിതത്തില് സംഘര്ഷങ്ങളും പ്രതിസന്ധികളുമുണ്ടാവും. ദാമ്പത്യപ്രശ്നങ്ങള് ഒരു യാഥാര്ത്ഥ്യമാണ്, പ്രേമവിവാഹമായാലും അല്ലെങ്കിലും. സംഘര്ഷങ്ങള്ക്കും പ്രശ്നങ്ങള്ക്കും വിവേകപൂര്വ്വമായ പരിഹാരമാണ് കാണേണ്ടത്. പ്രേമവിവാഹമല്ലായിരുന്നെങ്കില് ഇതൊന്നുമുണ്ടാവുകയില്ലായിരുന്നുവെന്ന പ്രസ്താവനകള് ദാമ്പത്യത്തെ കളങ്കപ്പെടുത്തുന്നു. പ്രേമകാലത്തെ സന്തോഷം തിരിച്ചുകൊണ്ടുവരാനല്ല, ദാമ്പത്യത്തിലെ അസ്വസ്ഥതകള് വിളിച്ചുവരുത്താനേ ഇതുകൊണ്ടു സാധിക്കൂ. പ്രേമവിവാഹമല്ല ദാമ്പത്യപ്രശ്നങ്ങള്ക്കു കാരണം എന്നു തിരിച്ചറിഞ്ഞ്, പ്രേമകാലത്തെ പോസിറ്റീവ് എനര്ജി കൈവിടാതിരിക്കാനാണു ശ്രമിക്കേണ്ടത്.
4. പ്രേമിക്കുമ്പോഴനുഭവിച്ച നല്ല സന്ദര്ഭങ്ങളും ആഹ്ലാദവേളകളും കൈവെടിയാതിരിക്കുക, ഓര്ക്കുക. പ്രേമകാലത്തെ അത്തരം നിമിഷങ്ങളുടെ സന്തോഷം, പരസ്പരപരിഗണനയോടെയുള്ള ജീവിതത്തിന് നിലനിര്ത്താനാവും. ജീവിതപങ്കാളിയുടെ വ്യക്തിത്വത്തിലെ നല്ല വശങ്ങളില് ഊന്നല്കൊടുത്ത് അതു നിലനിര്ത്താനാവുന്നു.
5. കടുത്ത വിലക്കുകളെ അഭിമുഖീകരിച്ചാണ് പ്രേമവിവാഹം നടന്നതെങ്കില് ദാമ്പത്യത്തിലെ കൊച്ചുപ്രശ്നങ്ങള്പോലും മാതാപിതാക്കളും കുടുംബാംഗങ്ങളും മറ്റും വലുതായി കാണാനിടയുണ്ട്. പ്രശ്നങ്ങളെ പ്രേമവുമായി ബന്ധിപ്പിക്കാതെ പ്രശ്നപരിഹാരത്തിനാണ് ശ്രമിക്കേണ്ടത്. പ്രേമവിവാഹത്തിലെ അസ്വസ്ഥതകള് രണ്ടുപേരും കുടുംബാംഗങ്ങള്ക്ക് കുറ്റപ്പെടുത്താനവസരം നല്കുന്നവിധം പകുത്തുനല്കുന്നതും ഗുണകരമല്ല.
6. ആഹ്ളാദങ്ങളും ആഘോഷങ്ങളും ബന്ധത്തില് എന്നും നിലനിര്ത്താന് ശ്രമിക്കുക. ഒരുനാള് അത് സാദ്ധ്യമായെങ്കില് എന്നും അത് കൈവിടാതെ കാത്തുസൂക്ഷിക്കാനാണ് മുന്കരുതലുകളെടുക്കേണ്ടത്. തന്റെ ഇഷ്ടങ്ങള്ക്കിണങ്ങിയ ഒരു വ്യക്തിയായതുകൊണ്ടാണ് ജീവിതപങ്കാളിയായി സ്വീകരിച്ചതെന്നറിഞ്ഞ്, മാറിവരുന്ന ഇഷ്ടങ്ങളിലും ഇണക്കം കണ്ടെത്താന് ദമ്പതികള് മനസ്സൊരുക്കേണ്ടതുണ്ട്. പ്രേമവിവാഹം ഒരു ദുര്ബ്ബലതയല്ലാതായിത്തീരുന്നത് അപ്പോഴായിരിക്കും.
പ്രേമവിവാഹം ഒരു സൗഭാഗ്യമാക്കി മാറ്റാനാണ് ഇണകള് ശ്രമിക്കേണ്ടത്. പ്രേമകാലം ദമ്പതികളില് ഒരു നല്ല ഓര്മ്മയാക്കി നിലനിര്ത്താനാവും. അതേകിയ ഊര്ജ്ജം നിലനിര്ത്തുകയോ വളര്ത്തുകയോ ചെയ്യുമ്പോഴായിരിക്കും ദാമ്പത്യകാലം മധുരതരമായ ഒരനുഭവമായി മാറുക.
Content Highlights: Love Marriage: A Guide for Couples