ദേശീയപുരസ്‌കാരം തരുണ്‍ സമര്‍പ്പിച്ചത് സൗദി ഗ്രേസിയുടെ കല്ലറയില്‍,പകരക്കാരിയായ ദേവി വര്‍മ സാക്ഷി!

ആരാലും രേഖപ്പെടുത്തപ്പെടാതെപോയ അസംഖ്യം സാധാരണ മനുഷ്യരുടെ അസാധാരണമായ ജീവിതത്തിലൂടെ സഞ്ചരിച്ച ഒരു ഫോട്ടോഗ്രാഫറുടെ ഹൃദ്യമായ ഓര്‍മ്മപ്പുസ്തകമാണ് 'തുടരും' സിനിമയുടെ തിരക്കഥാകൃത്തായ കെ.ആര്‍ സുനില്‍ എഴുതിയ 'വെളിച്ചപ്പാടും പോക്കറ്റടിക്കാരും' എന്ന പുസ്തകം. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ നിന്നും 'സൗദി വെള്ളയ്ക്ക'യിലെ കേന്ദ്ര കഥാപാത്രമായ ഐഷ റാവുത്തറായി വേഷമിടാന്‍ നിയോഗം ലഭിച്ച സൗദി ഗ്രേസിയെക്കുറിച്ചും ആ ആഗ്രഹത്ത് തിരശ്ശീലയിട്ട് വന്ന മരണം തന്ന ആഘാതവും പിന്നീട് ദേവി വര്‍മ ഐഷ റാവുത്തര്‍ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയതിനെക്കുറിച്ചും കെ.ആര്‍ സുനില്‍ എഴുതുന്നു.
ഒരു ചിത്രപ്രദര്‍ശനത്തിന് തയ്യാറെടുക്കുന്നതിനിടെ കിട്ടിയ തിരക്കൊഴിഞ്ഞ നാളുകളിലൊന്നിലാണ്, ആയിടെ ഇറങ്ങിയ സൗദി വെള്ളക്ക എന്ന സിനിമ കണ്ടത്. യാതൊരുവിധ മുന്‍വിധികളുമില്ലാതെ കണ്ട, വലിയ താരനിരകളൊന്നുമില്ലാതിരുന്ന ആ സിനിമ തരുണ്‍ മൂര്‍ത്തിയുടെ രണ്ടാമത്തെ സംവിധായകസംരംഭമായിരുന്നു. വളരെ ലളിതമായി കഥ പറഞ്ഞ, പല കഥാപാത്രങ്ങളുടെയും സൂക്ഷ്മതകളിലൂടെ കടന്നുപോയ, മനസ്സിനെ സ്പര്‍ശിച്ച ആ സിനിമയിലെ ചില കഥാപാത്രങ്ങള്‍ ഉള്ളില്‍ത്തന്നെ കൂടി. ജീവിതം തൊട്ടറിയുന്ന അത്തരം സിനിമകള്‍ നമ്മുടെ കാഴ്ചകളില്‍നിന്ന് അകന്നുപോകുന്ന കാലമായതിനാലാകാം എന്തോ ഒരടുപ്പം ആ സിനിമയോടും സംവിധായകനോടും തോന്നി.
2023-ല്‍ ബിനാലെ കാലത്ത്, മട്ടാഞ്ചേരിയില്‍ എന്റെ ചിത്രപ്രദര്‍ശനത്തിന്റെ തിരക്കുകള്‍ക്കിടെ സുഹൃത്തും നിര്‍മ്മാതാവുമായ രജപുത്ര രഞ്ജിത്തിന്റെ വിളി വന്നു. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ എഴുതിയ ഒരു തിരക്കഥയുടെ ആദ്യരൂപം നടന്‍ മോഹന്‍ലാലിനോട് പറയുകയും അദ്ദേഹത്തിനത് ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ വിവിധ കാരണങ്ങളാല്‍ ആ സിനിമ സംഭവിക്കാന്‍ വൈകിക്കൊണ്ടിരുന്നു. ഫോട്ടോഗ്രഫിയുമായി ബന്ധപ്പെട്ട യാത്രകളിലേക്കും മറ്റും ഞാന്‍ വീണ്ടും തിരിഞ്ഞു. അതിനിടയില്‍ രഞ്ജിത്തില്‍നിന്ന് ആ കഥ കേട്ടിഷ്ടപ്പെട്ട തരുണ്‍ മൂര്‍ത്തി, കൂടുതല്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി എന്റെ ചിത്രപ്രദര്‍ശനം നടക്കുന്ന മട്ടാഞ്ചേരിയിലെ ഗ്യാലറിയിലേക്ക് എത്തിച്ചേരുകയായിരുന്നു.
സിനിമയെക്കുറിച്ചുള്ള ഞങ്ങളുടെ കാഴ്ചയും ധാരണകളും താത്പര്യങ്ങളുമെല്ലാം ഒരേ ദിശയില്‍ സഞ്ചരിക്കുന്നതാണെന്ന് ആദ്യസംസാരത്തില്‍ത്തന്നെ മനസ്സിലായി. തുടര്‍ന്നും പലയിടങ്ങളിലും തിരക്കഥാ ചര്‍ച്ചകള്‍ക്കായി ഞങ്ങള്‍ കണ്ടുമുട്ടി. തരുണ്‍ എഴുത്തിലും പങ്കാളിയായി. ആ സംസാരങ്ങളില്‍ സിനിമയ്ക്കകത്തും പുറത്തുമുള്ള ധാരാളം വിഷയങ്ങള്‍ കടന്നുവന്നു. അതിനിടെ തരുണ്‍ പങ്കുവെച്ച ഒരനുഭവം അതിശയിപ്പിക്കുന്ന ഒന്നായിരുന്നു. സൗദി വെള്ളക്കയിലെ ഐഷാ റാവുത്തര്‍ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ആളെ കണ്ടെത്താനായി പിന്നിട്ട വഴികളെക്കുറിച്ച്. തീവ്രമായ വൈകാരിക വഴിത്തിരിവുകളുള്ള ആ അനുഭവം വിവരിച്ചത് മറ്റൊരു സിനിമപോലെയും.
ഒരു പത്രവാര്‍ത്തയില്‍നിന്ന്
തിരുവനന്തപുരം വേളി തീരദേശത്ത് വീടിന്റെ ടെറസില്‍ കുറച്ച് കുട്ടികള്‍ ഓലമടലുകൊണ്ട് തട്ടിക്കളിച്ച ഒരു ചക്കക്കുരു, കുറച്ചകലെ നിന്ന വൃദ്ധയുടെ ദേഹത്ത് ചെന്നു പതിച്ചതിന്റെ പേരില്‍ ആ നാട്ടില്‍ ഉണ്ടായ ചെറിയ കലഹം പതിനഞ്ചു വര്‍ഷക്കാലം നീണ്ടുനിന്ന വലിയൊരു കേസിന് നിമിത്തമായിരുന്നു. പത്രവാര്‍ത്തയില്‍നിന്ന് തരുണിന്റെ മനസ്സില്‍ പതിച്ച ആ 'ചക്കക്കുരു' മെല്ലെ സൗദി വെള്ളക്കയായി വളര്‍ന്നു.
നിര്‍മ്മാതാവായ സന്ദീപ് സേനന് കഥ ഇഷ്ടപ്പെട്ടതോടെ സിനിമയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് വേഗതയേറി. കോവിഡ് പിടിമുറുക്കിയ ആ കാലത്ത് ഏറെ നിബന്ധനകളോടെയാണ് ഷൂട്ടിങ്ങിന് അനുമതി ലഭിച്ചിരുന്നത്. എന്നാല്‍, എഴുപതു വയസ്സുള്ള പ്രധാന കഥാപാത്രത്തിനായി ഒരു നടിയെ കണ്ടെത്തുക എന്നതായിരുന്നു ഏറ്റവും വലിയ കടമ്പ. കാസ്റ്റിങ് കോള്‍ പുറപ്പെടുവിച്ചതോടെ പഴയ നാടക കലാകാരികളുടെ ഉള്‍പ്പെടെ നിരവധി ഫോട്ടോകളും വിവരങ്ങളും ലഭിച്ചെങ്കിലും അവയിലൊന്നും തരുണിന്റെ മനസ്സിലുള്ള കഥാപാത്രത്തിന്റെ ഛായ കണ്ടെത്താനായില്ല. കാര്യങ്ങള്‍ അത്ര എളുപ്പമല്ല എന്ന തിരിച്ചറിവ്. വൃഥാവിലായ അന്വേഷണങ്ങള്‍ പതിയേ നിരാശയിലേക്ക് നയിച്ചു.
അതിനിടെ, ഒരു സിനിമയില്‍ മാത്രം വേഷമിട്ടിട്ടുള്ള സൗദി ഗ്രേസി എന്ന പഴയകാല നാടകനടിയെക്കുറിച്ച് അറിയാന്‍ സാധിച്ചു. ഫോര്‍ട്ട് കൊച്ചിക്കടുത്തുള്ള സൗദിയിലാണ് അവര്‍ കാലങ്ങളായി താമസിക്കുന്നതെന്നും മനസ്സിലാക്കി. സൗദി എന്ന സ്ഥലപ്പേര് കേരളത്തിലുണ്ടെന്ന് തരുണ്‍ ആദ്യമായി അറിയുകയായിരുന്നു.
ചവിട്ടുനാടകത്തിന്റെ താളവും തിരയുടെ ശബ്ദവും ഉപ്പുകാറ്റുമുള്ള, സൗദിയെന്ന ആ തീരദേശഗ്രാമം മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ ഇഴുകിച്ചേര്‍ന്ന് താമസിക്കുന്നയിടമാണ്. ആ ഇടുങ്ങിയ വഴികളിലൊന്നിലൂടെ തരുണും സുഹൃത്തുക്കളും സൗദി ഗ്രേസിയെ കാണാനായി പോയി. ചുറ്റിലുമുള്ള ഒറ്റനിലവീടുകളില്‍ ചിലത് പുതിയത്, ചിലത് ഇടിഞ്ഞത്. നടക്കുന്തോറും ഇടുങ്ങിയിടുങ്ങി ഇല്ലാതാകുന്ന വഴികള്‍. ആ നടപ്പാണ് താന്‍ ചെയ്യാന്‍ പോകുന്ന സിനിമയ്ക്കും അത്തരമൊരു പശ്ചാത്തലം വേണമെന്ന ചിന്തയിലേക്ക് തരുണിനെ എത്തിച്ചത്. അന്ന്, ആ വഴി ചെന്നെത്തിയത് മനസ്സില്‍ക്കണ്ട അതേ മുഖത്തിലേക്ക്- സൗദി ഗ്രേസിയിലേക്ക്!
വീട്ടിലെത്തിയ അതിഥികളെ ഗ്രേസി അടയും ചായയും നല്‍കി സത്കരിച്ചു. നാടകപശ്ചാത്തലമുള്ള കുടുംബം തന്നെയായിരുന്നു തരുണിന്റേതും. അവര്‍ക്കിടയിലുള്ള സംസാരത്തെ അതെളുപ്പമാക്കി. മണിക്കൂറുകള്‍ നീണ്ട കൂടിക്കാഴ്ചയില്‍ പഴയ നാടകകാലവും പിന്നിട്ട ജീവിതവുമെല്ലാം കടന്നുവന്നു. പോയകാലങ്ങളില്‍ അനുഭവിക്കേണ്ടിവന്ന യാതനകളെക്കുറിച്ച് ഗ്രേസി വാചാലയായപ്പോള്‍, ആ വാക്കുകളുടെ ആഴം തരുണിന് അനുഭവിക്കാനായി. സിനിമയിലെ നായികയെ ഉറപ്പിച്ചു. സംസാരം പിന്നെയും നീണ്ടുപോയി. 'നാടകത്തിലെ ഷീല' എന്നാണ് തന്നെ നാട്ടുകാര്‍ ഇഷ്ടത്തോടെ വിളിച്ചിരുന്നതെന്ന് സൗദി ഗ്രേസി പറഞ്ഞപ്പോള്‍ അല്‍പ്പം നാണവും അതിലേറെ അഭിമാനവും ഉണ്ടായിരുന്നു. ഒരായുഷ്‌കാലം മുഴുവന്‍ നാടകത്തിനായി നീക്കിവെച്ച തനിക്ക് കലാപ്രവര്‍ത്തകര്‍ക്കുള്ള തുച്ഛമായ പെന്‍ഷന്‍പോലും ലഭിക്കുന്നില്ലെന്ന സങ്കടവും അതിനായി കുറേയായി പരിശ്രമിക്കുന്നുവെന്നും അവര്‍ സൂചിപ്പിച്ചു. ആദ്യമായി കാണുന്ന തരുണിനോട് അവര്‍ മനസ്സുതുറക്കുകയായിരുന്നു. ഒടുവില്‍, താന്‍ ചെയ്യാന്‍ പോകുന്ന, അതുവരെ പേരിട്ടിട്ടില്ലാത്ത സിനിമയുടെ കഥ തരുണ്‍ വിശദമായി പറഞ്ഞു.
അപ്രതീക്ഷിതമായെത്തിയ സിനിമാവസരം, അതും കേന്ദ്രകഥാപാത്രം! ആ കലാകാരിയില്‍ അതെല്ലാം എന്തെന്നില്ലാത്ത ആശ്ചര്യവും സന്തോഷവുമുണ്ടാക്കി. ജീവിതസായാഹ്നത്തിലെത്തിനില്‍ക്കുന്ന ഗ്രേസിയുടെ സ്വപ്നങ്ങള്‍ക്കും മേലെയായിരുന്നു അതെല്ലാം. രണ്ടാമതൊന്ന് ആലോചിക്കാതെതന്നെ അവര്‍ തരുണിന് കൈ കൊടുത്തു. പിരിയുമ്പോള്‍ വിടര്‍ന്ന മുഖത്തോടെ, പ്രതീക്ഷയോടെ ഒരാഗ്രഹമെന്നോണം മറ്റൊന്നുകൂടി ചോദിച്ചു, 'എനിക്ക് ഈ വേഷം ഒരു സ്റ്റേറ്റ് അവാര്‍ഡ് നേടിത്തരുമല്ലേ മോനേ?'
കഥാപാത്രത്തെ മനസ്സുകൊണ്ട് ഉള്‍ക്കൊണ്ട ആ കലാകാരിയോട് യാത്രപറഞ്ഞ്, തിരിച്ചുനടക്കുമ്പോഴേക്കും തരുണ്‍ തന്റെ പുതിയ സിനിമയ്ക്ക്
പേരിട്ടുകഴിഞ്ഞിരുന്നു-സൗദി വെള്ളക്ക!
പിന്നീടുള്ള ഓരോ ദിവസവും കഥാപാത്രത്തിനായുള്ള രൂപമാറ്റങ്ങളെക്കുറിച്ചും മറ്റും തരുണ്‍ ഗ്രേസിയോട് ഫോണിലൂടെ വിശദമായി സംസാരിക്കാറുണ്ടായിരുന്നു. ഏറെ കൊതിയോടെ അവര്‍ സിനിമയ്ക്കായി തയ്യാറെടുത്തുകൊണ്ടിരുന്നു.
അതിനിടെ, നാടകപ്രവര്‍ത്തകനായ അച്ഛനോടും സുഹൃത്തുക്കളോടും തരുണ്‍, ഗ്രേസിയുടെ പെന്‍ഷന്റെ കാര്യം പറയുകയും താമസിയാതെ അത് ശരിയാകുകയും ചെയ്തു. ഗ്രേസിക്ക് ആ കഥാപാത്രത്തിലേക്ക് കൂടുതല്‍ സ്വസ്ഥമായി ഇറങ്ങിച്ചെല്ലാനും അത് സഹായിച്ചു. പലപ്പോഴായി അവര്‍ പറഞ്ഞ ജീവിതകഥകളിലെ അടരുകള്‍ പലതും തരുണ്‍ ഐഷാ റാവുത്തറിലേക്ക് തുന്നിച്ചേര്‍ക്കുകയും ചെയ്തു.
മറ്റൊരിക്കല്‍ ഗ്രേസിയെക്കൊണ്ട് കഥാപാത്രത്തിനായുള്ള ചമയങ്ങള്‍ അണിയിക്കുകയും കുറേ ചിത്രങ്ങളെടുക്കുകയും ചെയ്തു. കൗതുകത്തോടെയും അതിലേറെ സന്തോഷത്തോടെയും ഗ്രേസി, കണ്ണാടിയില്‍ ഐഷ റാവുത്തറിനെത്തന്നെ നോക്കിനിന്നു. അവരത് ഏറെ ആസ്വദിക്കുന്നുണ്ടായിരുന്നു. അതുവരെ തന്റെ ആരുമല്ലാതിരുന്ന ഒരാള്‍ വളരെ പൈട്ടന്ന് തനിക്ക് ആരൊക്കെയോ ആകുന്നപോലെയായിരുന്നു തരുണിന് അനുഭവപ്പെട്ടത്. ഒടുവില്‍, ചമയക്കൂട്ടുകള്‍ അഴിച്ചുമാറ്റി അവിടെനിന്നും ഇറങ്ങുമ്പോള്‍ അവര്‍ പറഞ്ഞു, 'ഈ സിനിമ ചെയ്തിട്ട് അങ്ങ് മരിച്ചുപോയാലും കുഴപ്പമില്ല മോനേ...' അതവര്‍ ഉള്ളില്‍ത്തട്ടി പറഞ്ഞതായിരുന്നു.
അപ്രതീക്ഷിത വഴിത്തിരിവുകള്‍
ഷൂട്ടിങ്ങിന് ഏതാനും മാസങ്ങള്‍ ബാക്കിയുള്ളപ്പോള്‍ സൗദി ഗ്രേസിയുടെ ഫോണില്‍നിന്ന് ഒരു വിളി വന്നു. മകള്‍ കാതറിനാണ് സംസാരിച്ചത്. കരച്ചിലോടെ അവള്‍ പറഞ്ഞു; കോവിഡ് വന്ന് അമ്മ ആശുപത്രിയില്‍ അത്യാസന്നനിലയിലാണെന്ന്. കോവിഡും ന്യൂമോണിയയും ഒരേസമയം പിടിപെട്ടതോടെ ഗ്രേസിയുടെ ആരോഗ്യനില ഗുരതരാവസ്ഥയിലേക്ക് വഴിമാറി.
വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത്. ആ വാര്‍ത്ത തരുണിനും സഹപ്രവര്‍ത്തകര്‍ക്കുമെല്ലാം വലിയ ആഘാതമായി. ആശുപത്രിയില്‍ ജോലി ചെയ്യുന്ന, കൊച്ചിക്കാരിയായ ഒരു നേഴ്സിനെ ബന്ധപ്പെട്ട് കാര്യങ്ങള്‍ ആരാഞ്ഞു. ഗ്രേസിയെ ഡോക്ടര്‍മാരെല്ലാം കൈയൊഴിഞ്ഞ അവസ്ഥയാണെന്ന ദുഃഖസത്യം അറിഞ്ഞതോടെ തരുണ്‍ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ന്നുപോയി. എങ്ങനെയെങ്കിലും ഗ്രേസിയോട് സംസാരിക്കാനുള്ള ഒരവസരത്തിനായി അപേക്ഷിച്ചു.
ഒരു കലാകാരന്റെ ആ സമയത്തെ മാനസികാവസ്ഥ തിരിച്ചറിഞ്ഞ നേഴ്സ്, അടുത്ത ദിവസം ഐ.സി.യുവിലേക്ക് പോയപ്പോള്‍, ധരിച്ചിരുന്ന പി.പി.ഇ. കിറ്റിനകത്ത് ഒരു ഫോണ്‍ ഒളിപ്പിച്ചിരുന്നു. ഡോക്ടറും പ്രധാന നേഴ്സും പോയ നേരത്ത് അവര്‍ വീഡിയോ കോളിലൂടെ ഗ്രേസി കിടക്കുന്നത് കാണിച്ചു. ഫോണില്‍ തരുണിന്റെ മുഖം കണ്ടപ്പോള്‍ അവര്‍ മെല്ലെ ചിരിക്കാന്‍ ശ്രമിച്ചു. ചേച്ചിയെ ഞങ്ങള്‍ കാത്തിരിക്കുകയാണെന്നും ഉടന്‍ തിരികെ വരണമെന്നും മറ്റും ആശ്വസിപ്പിച്ചു. ഒപ്പം മറ്റൊന്നുകൂടി പറഞ്ഞു, 'നമ്മുടെ സിനിമയ്ക്ക് ചേച്ചിയെ വേണം.' എന്നാല്‍, സ്വന്തം അവസ്ഥയറിയാവുന്ന ഗ്രേസി കിതപ്പോടെ പറഞ്ഞത് 'എനിക്ക് വരാനായില്ലെങ്കില്‍ മക്കള്‍ മറ്റാരെയെങ്കിലും വെച്ച് ഈ സിനിമ ചെയ്യണം' എന്നായിരുന്നു. ചേച്ചിക്കായി ഞങ്ങള്‍ കാത്തിരിക്കുമെന്നു തീര്‍ത്തുപറഞ്ഞ്, പ്രതീക്ഷകള്‍ മാത്രം നല്‍കി ആ സംസാരം അവസാനിപ്പിച്ചു.
അടുത്ത ദിവസവും ആ നേഴ്സിന്റെ വിളിവന്നു. തരുണ്‍ വിളിച്ചശേഷം ഗ്രേസിക്ക് വന്ന മാറ്റങ്ങളെക്കുറിച്ച് പറഞ്ഞു! അവര്‍ ഓരോ ദിവസവും ഫോണ്‍ ഒളിപ്പിച്ചുകടത്തുന്നതും തരുണിനെ വിളിക്കുന്നതും തുടര്‍ന്നു. ഐഷാ റാവുത്തറിന് ജീവന്‍ നല്‍കാനായി സൗദി ഗ്രേസി തിരികെ എത്തുമെന്നുതന്നെ എല്ലാവരും വിശ്വസിച്ചു, പ്രതീക്ഷിച്ചു. എന്നാല്‍, ഏഴാംനാള്‍ നേഴ്സിന്റെ ഫോണില്‍നിന്ന് വന്ന വിളി, ഗ്രേസിയുടെ മരണമറിയിക്കാനായിരുന്നു. പ്രതീക്ഷകള്‍ക്കെല്ലാം വിരാമമായി. ആ കലാകാരിയുടെ മൃതശരീരം സൗദി പള്ളിയില്‍ അടക്കിയശേഷം തിരിച്ചുപോരാന്‍ തുനിയുമ്പോള്‍ അതുവരെ അടക്കിപ്പിടിച്ച മാനസികാവസ്ഥയെ തടഞ്ഞുനിര്‍ത്താന്‍ ആര്‍ക്കുമായില്ല. സിനിമയുടെ മാത്രമല്ല ജീവിതത്തിന്റെ ഭാഗമായും അതിനകം ഗ്രേസി മാറിക്കഴിഞ്ഞിരുന്നു. തരുണും നിര്‍മ്മാതാവായ സന്ദീപ് സേനനും ആ പള്ളിപ്പരിസരത്തുനിന്ന് പരസ്പരം കെട്ടിപ്പിടിച്ച് കരഞ്ഞു.
മറ്റൊരാളിലേക്ക് മരണത്തിന്റെ വേഷമിട്ടുവന്ന ആ കടുത്ത യാഥാര്‍ത്ഥ്യം ഏവരെയും അടിമുടി തകര്‍ത്തു, സിനിമ ചെയ്യാനുള്ള തീ അണഞ്ഞു. ദിവസങ്ങള്‍ കടന്നുപോയി. അതിനിടെ, ഗ്രേസിയുടെ മകളുടെ വിളി വന്നു. തന്റെ അമ്മയ്ക്കുവേണ്ടി ആ സിനിമ ചെയ്യണമെന്നായിരുന്നു അവരുടെ അപേക്ഷ. അത് തരുണിനെയും കൂട്ടരെയും വീണ്ടും സിനിമയുടെ ചൂടിലേക്കെത്തിച്ചു. ഗ്രേസിയുടെ മകളും കുടുംബവും പരിചരിച്ച നേഴ്സുമാരും സൗദി എന്ന ദേശവുമെല്ലാം അങ്ങനെ സിനിമയുടെ ഭാഗമായി മാറുകയായിരുന്നു.
ഐഷാ റാവുത്തര്‍ ആകാന്‍ മറ്റൊരാളെ കണ്ടെത്തുക എന്ന അനിവാര്യതയിലേക്ക് എത്തിച്ചേരാതെ മുന്നോട്ടുപോകാനാവില്ലായിരുന്നു. അന്വേഷണം പല വഴികളിലും തുടര്‍ന്നു. അതിനിടെ സോഷ്യല്‍ മീഡിയയില്‍ ഒരു സുഹൃത്ത് പങ്കുവെച്ച ഫോട്ടോയിലെ ഒരു മുത്തശ്ശി തരുണിന്റെ കണ്ണിലുടക്കി. തൃപ്പൂണിത്തുറയിലെ എണ്‍പത്തിയഞ്ചു വയസ്സുള്ള ദേവി വര്‍മ്മ ആയിരുന്നു അത്. പ്രായത്തിന്റെ അവശതകള്‍ ഏറെയുള്ള, അഭിനയത്തില്‍ യാതൊരുവിധ പരിചയവും പാരമ്പര്യവും ആഗ്രഹവും പോലുമില്ലാത്ത ആ മുത്തശ്ശിയെ പോയി കണ്ട തരുണ്‍, അവരോട് തന്റെ സിനിമയില്‍ അഭിനയിക്കാമോ എന്നു ചോദിച്ചു. അപ്രതീക്ഷിതമായ ചോദ്യത്തിന് എന്തു മറുപടി പറയുമെന്നറിയാതെ നിന്ന ആ മുത്തശ്ശിയോട്, അഭിനയത്തെക്കുറിച്ചും മറ്റും ഒന്നും ഇപ്പോള്‍ ചിന്തിക്കണ്ട എന്ന ധൈര്യവും കൊടുത്തു. എന്നിട്ടും അഭിനയിക്കാന്‍ മടി കാണിച്ചപ്പോള്‍, സൗദി ഗ്രേസിയെന്ന കലാകാരിയെക്കുറിച്ചും അവരുടെ സ്വപ്നസാക്ഷാത്കാരമായ ആ സിനിമയെക്കുറിച്ചും പറഞ്ഞു. മാത്രമല്ല, ഗ്രേസിയുടെ മകള്‍ കാതറിന്‍, ദേവി വര്‍മ്മയെ ഫോണില്‍ വിളിക്കുകയും 'ഈ വേഷം ചെയ്താല്‍ ഞങ്ങള്‍ക്ക് അമ്മയെ അതിലൂടെ കാണാനാകും' എന്ന് പറയുകയും ചെയ്തു. ആ വാക്കുകളിലെ വൈകാരികത തിരിച്ചറിഞ്ഞ, എണ്‍പത്തിയഞ്ചുകാരിയായ ദേവി വര്‍മ്മ മെല്ലെ ഐഷാ റാവുത്തര്‍ ആയി മാറാന്‍ തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ കോവിഡ് കാലത്തെ അപകടങ്ങള്‍ തിരിച്ചറിഞ്ഞ തരുണിന്റെ ടീമിലുള്ള പലരും ആ തീരുമാനത്തെ എതിര്‍ത്തു. അത് സിനിമയ്ക്ക് ബാദ്ധ്യതയാകുമെന്നും അത്രയും ആരോഗ്യപ്രശ്നങ്ങളുള്ള മുത്തശ്ശിയെ അഭിനയിപ്പിക്കാന്‍ കൊണ്ടുവന്നാല്‍ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളെക്കുറിച്ചും പറഞ്ഞു. എല്ലാ അര്‍ത്ഥത്തിലും അതെല്ലാം ശരിയായിരുന്നു. എന്നാല്‍ സിനിമയില്‍നിന്നും ആ തീരുമാനത്തില്‍നിന്നും പിന്നോട്ടു മാറാന്‍ തരുണ്‍ തയ്യാറായില്ല. 'തന്നെ വിശ്വസിക്കൂ' എന്ന് നിരന്തരം ടീമിനോട് പറഞ്ഞുകൊണ്ടേയിരുന്നു. ചിലര്‍ വിശ്വസിച്ചു; ചിലര്‍ അവിശ്വാസത്തോടെ, ആശങ്കകളോടെ കൂടെ നിന്നു.
അങ്ങനെ ചിങ്ങം ഒന്നിന് ഷൂട്ടിങ് തുടങ്ങി. ഏവരെയും വിസ്മയിപ്പിച്ച്, വാര്‍ദ്ധക്യസഹജമായ അനാരോഗ്യങ്ങളെ മറികടന്ന് ദേവി വര്‍മ്മ തന്മയത്വത്തോടെത്തന്നെ അഭിനയിച്ചുതുടങ്ങി. കോവിഡിന്റെ വകഭേദമായ 'ഒമിക്രോണ്‍' നാട്ടില്‍ പടര്‍ന്നുതുടങ്ങിയ കാലമായിരുന്നു അത്. കരുതലോടെ ദിവസങ്ങള്‍ കടന്നുപോയി. വിചാരിച്ചതിലും വേഗത്തില്‍ ഷൂട്ടിങ്ങും മുന്നോട്ടുപോയി. ദേവി വര്‍മ്മയുടെ രൂപവും ശൈലിയും ഐഷ റാവുത്തറിന്റേതായി മാറി. ഷൂട്ടിനിടയില്‍ പല സീനുകള്‍ക്കും സെറ്റില്‍ കൈയടികളുണ്ടായി!
എന്നാല്‍, പതിനഞ്ചാം ദിവസം നടത്തിയ ടെസ്റ്റില്‍ ദേവി വര്‍മ്മയ്ക്ക് മാത്രം കോവിഡ് പോസിറ്റിവ്. ആ വാര്‍ത്ത സെറ്റിലാകെ നിരാശയുടെ നിഴല്‍ പരത്തി. ചുമയും പനിയുമെല്ലാം ബാധിച്ച് വല്ലാതെ തളര്‍ന്ന, ആ എണ്‍പത്തിയഞ്ചുകാരി ചികിത്സയുമായി വീടിന്റെ അടച്ച മുറിയിലേക്ക് ഒതുങ്ങി. അവരിനി തിരികെ വരില്ലെന്നുതന്നെ പലരും സെറ്റില്‍ പറഞ്ഞുതുടങ്ങി. എന്നാല്‍, നിര്‍മ്മാതാവ് സന്ദീപ് സേനന്‍ ഈ സമയവും തരുണിനെ ചേര്‍ത്തുപിടിച്ചു. പ്രതീക്ഷയോടെ സമാധാനിപ്പിച്ചു. ഏഴാമത്തെ ദിവസം എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് ദേവി വര്‍മ്മ തിരിച്ചെത്തി!
പിന്നീട് ഐഷാ റാവുത്തറിലേക്കുള്ള അവരുടെ പരകായപ്രവേശം ഏവരെയും അദ്ഭുതപ്പെടുത്തുന്നതായിരുന്നു. അവര്‍ക്ക് വല്ലാത്ത ആവേശവും കൊതിയുമായിരുന്നു ആ സിനിമ ചെയ്യാന്‍. കിതപ്പിലും അണപ്പിലുമെല്ലാം അവര്‍ ആ വേഷത്തില്‍ സന്തോഷം കണ്ടെത്തി. അതെല്ലാം സൗദി ഗ്രേസിയാണ് തന്നെക്കൊണ്ട് ചെയ്യിക്കുന്നതെന്ന് ചിരിയോടെ പറഞ്ഞു. അങ്ങനെ വിശ്വസിക്കാന്‍ തരുണും ഇഷ്ടപ്പെട്ടു.
പക്ഷേ, ചിത്രീകരണം അവസാനിക്കാന്‍ ഇരുപതു ദിവസം മാത്രം ബാക്കിയുള്ളപ്പോള്‍ ദേവി വര്‍മ്മയില്‍ ചില ആരോഗ്യപ്രശ്നങ്ങള്‍ വീണ്ടും കണ്ടുതുടങ്ങി. കോടതിയില്‍ തല കറങ്ങിവീഴുന്ന ഒരു സീന്‍ ചിത്രീകരിക്കുന്നതിനിടെ അവര്‍ അപ്രതീക്ഷിതമായി ബോധമറ്റുവീണു. ഏവരും പരിഭ്രാന്തരായി. തൊട്ടടുത്ത നിമിഷംതന്നെ അവരെയും പൊക്കിയെടുത്ത് എറണാകുളത്തെ ആശുപത്രിയിലേക്ക് പാഞ്ഞു. ആശങ്കകളുടെ, ആധിയുടെ നിമിഷങ്ങള്‍ക്കൊടുവില്‍ ഡോക്ടര്‍ വന്നു പറഞ്ഞത്, ദേവി വര്‍മ്മയ്ക്ക് പക്ഷാഘാതം ആണെന്നാണ്. കേട്ടുനിന്നവരില്‍ അതൊരു ഇടിത്തീപോലെയായി. സിനിമ എന്നന്നേക്കുമായി മുടങ്ങിപ്പോകുമെന്ന അവസ്ഥയിലേക്ക് കാര്യമെത്തി.
ഇത്രയും പ്രായവും ആരോഗ്യപ്രശ്നങ്ങളും ഉള്ളയാളെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനായി തിരഞ്ഞെടുത്തതിനെ അന്ന് നിരുത്സാഹപ്പെടുത്തിയവരില്‍ പലരും തരുണിനെ കുറ്റപ്പെടുത്താന്‍ തുടങ്ങി. ചിലര്‍ അതിനെ 'അറംപറ്റിയ സിനിമ' എന്നും, മറ്റുചിലര്‍ 'ആളെ കൊല്ലുന്ന സിനിമ' എന്നും ഒതുക്കം പറഞ്ഞു. തരുണ്‍ നിശ്ശബ്ദനായി. ആ സിനിമ മുടങ്ങി എന്നുപോലും പലരും പറഞ്ഞു. ഷൂട്ടിങ്ങിനെത്തിയവര്‍ താത്കാലികമായി പിരിഞ്ഞുപോയി. ചിലര്‍ മറ്റു സിനിമകളിലക്കു മാറി. അതിനിടെ, തരുണ്‍ ഐ.സി.യുവില്‍ കയറി ദേവി വര്‍മ്മയെ കണ്ടപ്പോള്‍ അവര്‍ വീണ്ടും ചോദിച്ചു, 'ഞാന്‍ കാരണം സിനിമ വീണ്ടും മുടങ്ങി അല്ലേ?' അതിന് മറുപടിയെന്നോണം തരുണ്‍, അവരുടെ കൈകളില്‍ ചേര്‍ത്തുപിടിച്ചു.
പ്രതീക്ഷകളുമായി തരുണ്‍ പിന്നെയും കാത്തിരുന്നു. പതിനഞ്ചു ദിവസം പിന്നിട്ടപ്പോള്‍, എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് ജീവിതത്തിലേക്ക്, ചിത്രീകരണസ്ഥലത്തേക്ക് ദേവി വര്‍മ്മ തിരിച്ചെത്തി. ആ കഥാപാത്രത്തോട്, സൗദി ഗ്രേസിയോട്, സിനിമാസംഘത്തോട് നീതിപുലര്‍ത്താന്‍ പ്രകൃതി അവര്‍ക്ക് സമയം അനുവദിച്ചതാകാം എന്ന് ഏവരും വിശ്വസിച്ചു. അതൊരു അവിശ്വസനീയ യാഥാര്‍ത്ഥ്യമായി ബാക്കിനിന്നു.
അന്‍പതു ദിവസംകൊണ്ട് ആ സിനിമ പൂര്‍ത്തിയാവുകയായിരുന്നു. കാഴ്ചക്കാരിലും നിരൂപകരിലും സൗദി വെള്ളക്ക മികച്ച അഭിപ്രായമുണ്ടാക്കി. ഇന്ത്യന്‍ പനോരമയിലേക്കും നിരവധി ചലച്ചിത്രമേളകളിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. ദേവി വര്‍മ്മയുടെ ഐഷാ റാവുത്തര്‍ ചര്‍ച്ചയായി. തരുണ്‍ മൂര്‍ത്തി വ്യത്യസ്തമായ രണ്ടു സിനിമകളുടെ പേരില്‍ അടയാളപ്പെടുത്തപ്പെട്ടു. മാത്രമല്ല, കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ സൗദി വെള്ളക്കയ്ക്കു ലഭിച്ചത് മൂന്ന് അവാര്‍ഡുകള്‍. ഏറ്റവും മികച്ച സഹനടിയായി തിരഞ്ഞെടുക്കപ്പെട്ടത് ദേവി വര്‍മ്മയും! കൊടുംപരീക്ഷണങ്ങളുടെ വലിയൊരു കാലം തരണം ചെയ്ത് ലഭിച്ചതിനാലാകാം ആ പുരസ്‌കാരത്തിന് തിളക്കമേറെയായിരുന്നു.
കേരളത്തിലെ പ്രശസ്തരായ കാലാപ്രവര്‍ത്തകരുടെയും മറ്റും സാന്നിദ്ധ്യത്തില്‍ മുഖ്യമന്ത്രിയില്‍നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി ദേവി വര്‍മ്മക്കൊപ്പം തരുണും കൂട്ടരും നേരേ പോയത് സൗദി പള്ളിയിലേക്കായിരുന്നു. ഐഷാ റാവുത്തര്‍ എന്ന കഥാപാത്രം ആയിത്തീരാനായി ഏറെ മോഹിച്ച, അതിനായി മനസ്സുകൊണ്ടും ശരീരംകൊണ്ടും തയ്യാറെടുത്ത ഒരു കലാകാരി എന്നേക്കുമായി ഉറങ്ങുന്ന കല്ലറയ്ക്കു മുകളില്‍ പുരസ്‌കാരശില്‍പ്പം കുറേനേരം വെച്ചു. ഏവരും അവിടെ നിശ്ശബ്ദരായി നിന്നു. 'എനിക്ക് ഈ കഥാപാത്രം ഒരു സ്റ്റേറ്റ് അവാര്‍ഡ് നേടിത്തരുമല്ലേ മോനേ' എന്ന ശബ്ദം തരുണിന്റെ ഓര്‍മ്മകളിലൂടെ ഒരു കടല്‍ക്കാറ്റുപോലെ കടന്നുപോയി. ജീവിതത്തില്‍ അതുവരെ അറിഞ്ഞിട്ടില്ലാത്ത, മറ്റൊന്നിനും പകരമാകാത്ത എന്തോ ഒരനുഭൂതിയും അര്‍ത്ഥവും പൂര്‍ണ്ണതയും ആ നിമിഷങ്ങള്‍ക്കുണ്ടെന്നും മനസ്സു പറഞ്ഞു.
മാസങ്ങള്‍ക്കുശേഷം, രജപുത്ര ഫിലിംസിന്റെ ബാനറില്‍ രഞ്ജിത്ത് നിര്‍മ്മിക്കുന്ന, മോഹന്‍ലാലും ശോഭനയും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന തുടരും എന്ന ഞങ്ങളുടെ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് തരുണിന്റെ മുന്‍ സിനിമയായ സൗദി വെള്ളക്കയ്ക്ക് മികച്ച മലയാളചിത്രത്തിനുള്ള ദേശീയപുരസ്‌കാരം പ്രഖ്യാപിക്കപ്പെട്ടത്. ഡല്‍ഹിയില്‍വെച്ച്, രാഷ്ട്രപതിയില്‍നിന്ന് ആ പുരസ്‌കാരം ഏറ്റുവാങ്ങി തിരിച്ചെത്തിയപ്പോഴും തരുണ്‍ പറഞ്ഞത് സൗദി ഗ്രേസിയെന്ന കലാകാരിയെക്കുറിച്ചാണ്. അവരുടെ ഓര്‍മ്മകള്‍ക്കു മുന്നില്‍ ആ പുരസ്‌കാരവും സമര്‍പ്പിക്കപ്പെട്ടു.
Content Highlights: KR Sunil Memoir about Soudi Gracy and Devi Varma casting for Tharun Moorthy Movie Soudi Vellakka