'അയാളെന്നെ പടത്തില്‍നിന്നും ഒഴിവാക്കാന്‍ കിണഞ്ഞു ശ്രമിച്ചു, തീരേ പറ്റാത്തിടത്ത് വേഷം ചെറുതാക്കി'

സിനിമാ-നാടകരംഗങ്ങളില്‍ തിളങ്ങിയ കെ.പി.എ.സി. ലളിതയുടെ ആത്മകഥയാണ് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'കഥ തുടരും'. എക്കാലത്തും സിനിമകള്‍ നടിയെ തേടിയെത്തിയിരുന്നു. എന്നാല്‍ പല സിനിമകളില്‍നിന്നും അവരെ പുറത്താക്കാനും വേഷങ്ങള്‍ ചെറുതാക്കാനും നടന്‍ അടൂര്‍ ഭാസി ശ്രമിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തില്‍നിന്നുണ്ടായ അപകീര്‍ത്തികരമായ അനുഭവങ്ങളെക്കുറിച്ച് കെ.പി.എ.സി. ലളിത ആത്മകഥയില്‍ തുറന്നെഴുതി. പുസ്തകത്തിലെ 'അറിയപ്പെടാത്ത അടൂര്‍ ഭാസി' എന്ന ഭാഗം വായിക്കാം...
ഇതെഴുതുമ്പോള്‍ ഞാന്‍ ദുഃഖിക്കുന്നു. പക്ഷേ, എഴുതാതെ വയ്യ. ചില അപ്രിയസത്യങ്ങള്‍ ചിലപ്പോഴൊക്കെ നമുക്ക് പറയേണ്ടിവരും. വായനക്കാരും മരിച്ചുമണ്ണടിഞ്ഞ കലാകാരനും എനിക്ക് മാപ്പ് നല്‍കട്ടെ. എനിക്ക് സിനിമയില്‍ ആരെപ്പറ്റിയെങ്കിലും നല്ലതല്ലാത്ത ഒരു അഭിപ്രായമുള്ളത് അടൂര്‍ ഭാസിയെക്കുറിച്ച് മാത്രമാണ്. മരിച്ചുപോയി. പറയാന്‍ പാടില്ലാത്തതാണ്. എന്നാല്‍പ്പോലും പറയാതെ വയ്യ.
അടൂര്‍ ഭാസിയുടെ എന്നോടുള്ള പെരുമാറ്റം അതേ രീതിയിലായിരുന്നു. ഒരുമാതിരിയൊക്കെ സംസാരിക്കും. നാടകരംഗത്തായാലും സിനിമാരംഗത്തായാലും എന്നോട് ഒരാളും അങ്ങനെ പെരുമാറിയിട്ടില്ല. ഞാന്‍ സിനിമയില്‍ വന്നതിനുശേഷം ഒരിടത്തും ആരോടും അവസരം ചോദിച്ച് പോവേണ്ടിവന്നിട്ടില്ല. ഒരിക്കലും ഇങ്ങനെയൊരു അനുഭവവും ഉണ്ടായിട്ടില്ല. എക്കാലത്തും സിനിമ എനിക്ക് ആവശ്യത്തിലേറെയുണ്ടായിരുന്നു.
എന്നും അവസരങ്ങള്‍ എന്നെ തേടിയെത്തിയിട്ടുണ്ട്. അടൂര്‍ ഭാസിയോടൊത്ത് ഒരുപാട് പടങ്ങളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അതിലേറെ പടത്തില്‍നിന്നും അയാളെന്നെ ഒഴിവാക്കാന്‍ കിണഞ്ഞു ശ്രമിച്ചിട്ടുമുണ്ട്. ഒഴിവാക്കാന്‍ തീരേ പറ്റാത്തിടത്ത് എന്റെ വേഷം ചെറുതാക്കാനും ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടാണ് സുപ്രിയയുടെ ഒരു പടത്തിന് പോയപ്പോള്‍ എനിക്ക് പറഞ്ഞ വേഷം കിട്ടാതിരുന്നത്.
അവിടെ ചെന്നപ്പോള്‍ വേഷം മാറിയിരിക്കുന്നു. അതല്ല, ഇതാണ് വേഷമെന്ന് പറഞ്ഞു. കാരണമൊന്നും പറഞ്ഞതുമില്ല. ആ ചിത്രത്തില്‍ ഭാരതിയുടെ കൂട്ടുകാരിയായി ചെറുതായി ഞാന്‍ സ്‌ക്രീനില്‍ വന്നു. എന്നെ ഉപ്രദവിക്കാന്‍ വഴികള്‍ തേടിനടക്കുകയായിരുന്നു അടൂര്‍ ഭാസി. അപ്പോഴൊക്കെ എന്നെ സഹായിച്ചത് ബഹദൂര്‍ക്കയാണ്.
ഭാരതി താമസിക്കുന്നത് അശോകനഗറിലാണെന്ന് നേരത്തേ പറഞ്ഞല്ലോ. അതിന്റെ തൊട്ടടുത്തുതന്നെയാണ് ബഹദൂര്‍ക്കയും താമസിക്കുന്നത്. ഞാനതിന് അല്‍പം ദൂരേ മാറി സ്വാമിയാര്‍മഠത്തില്‍ താമസം. അനിയന്‍ ബാബുവുമുണ്ട്. അവന് ചെങ്കല്‍പ്പേട്ടിലാണ് ജോലി. രാവിലെ പോവും, വൈകുന്നേരം വരും. ഇടയ്ക്കെന്റെ അമ്മ വന്ന് കൂടെ നില്‍ക്കും. മരിച്ചുപോയ എന്റെ അനിയത്തി ഇന്ദിര ഇടയ്ക്ക് കൂട്ടിനുണ്ടാവും. തോപ്പില്‍ ഭാസിച്ചേട്ടന്‍ എന്റെ ഒരു ഇരുമ്പുകവചം മാതിരിയായിരുന്നു. പലരും അത് പറയാറുണ്ട്. എം.ഒ. ജോസഫ് സാര്‍ പറയാറുണ്ടായിരുന്നു.
നിര്‍മാതാവ് ആര്‍.എസ്. പ്രഭുവും അതുതന്നെ പറയും. ആര്‍.എസ്. പ്രഭുവിന്റെ പടത്തില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ലളിതയ്ക്ക് പടത്തില്‍ അഭിനയിക്കാന്‍ വന്നിട്ട് ഒരു ചീത്തപ്പേരുണ്ടാകേണ്ട കാര്യമില്ല. ഇപ്പഴും അതുതന്നെയാണ് കാര്യം. കെ.പി.എ.സിയെ ഒരു മഹാദ്ഭുതംപോലെ കാണുന്നവര്‍ ഇപ്പോഴുമുണ്ട്. ജനങ്ങളുടെ ഇച്ഛാശക്തി പടുത്തുയര്‍ത്തിയ കലാപ്രസ്ഥാനമാണ് കെ.പി.എ.സി. എന്നതുകൊണ്ടാവാം അത്. കെ.പി.എ.സി. കാരണം എനിക്കൊരിക്കലും തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. എന്നാല്‍ അടൂര്‍ ഭാസി മാത്രം എന്നോട് അതിരുവിട്ട് പെരുമാറി.
ഒരു ദിവസം രാത്രി എട്ടരയായപ്പോള്‍ അടൂര്‍ ഭാസി വീട്ടില്‍ വന്നു. വീട്ടില്‍നിന്ന് രാത്രി വൈകിയിട്ടും പോകാനുള്ള ഭാവമില്ല. അവിടെത്തന്നെ ചടഞ്ഞിരിപ്പാണ്. നല്ലവണ്ണം മദ്യപിച്ചിട്ടുണ്ട്. മദ്യപാനം തുടരുകയാണ്. തുണിയൊക്കെ ഉരിഞ്ഞുപോവുന്നുണ്ട്. അതൊന്നും ശ്രദ്ധിക്കുന്നേയില്ല. എന്നിട്ടു പറയുകയാണ്: 'ലളിതാമ്മയെ ഞാനിങ്ങനെ കൊണ്ടുനടക്കും. എന്റെ കാറ് ലളിതാമ്മയ്ക്കു തരാം.' എനിക്കന്ന് കാറൊന്നുമില്ല. എന്തെങ്കിലും ഉള്ളില്‍ച്ചെന്നാല്‍ ലളിത ലളിതാമ്മയാവും. ഓരോന്നിങ്ങനെ വിടുവായത്തരം പറഞ്ഞ് ബഹളമുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. എന്തുചെയ്യണമെന്നറിയാതെ ധര്‍മസങ്കടത്തിലായി ഞാന്‍.
അന്ന് ബാബു അവിടെ ഉണ്ടായിരുന്നില്ല. എന്റെ ഏറ്റവും ഇളയ അനിയന്‍ രാജനായിരുന്നു കൂടെ. അവന്‍ വെറും കുട്ടി. സതി എന്ന് പേരായ വീട്ടില്‍ നില്‍ക്കുന്ന ഒരു പെണ്‍കുട്ടികൂടിയുണ്ട്. കായംകുളത്തുകാരിയാണ്. എന്റെ വീടിന്റെ അടുത്തുനിന്നുള്ള ഒരു പെണ്‍കുട്ടി.
ഞങ്ങള്‍ മൂന്നുപേരും മുറ്റത്തിറങ്ങി നിന്നു. അയാള്‍ അകത്തിരിപ്പാണ്. പോവണ്ടേ? എന്റെ ദൈവമേ! എന്താണൊരു വഴി. അടൂര്‍ ഭാസിയുടെ ഡ്രൈവറുടെ പേര് കൃഷ്ണന്‍, അയാളവിടെ പുറത്തിരിപ്പുണ്ട്. എന്തു പറയാനാ. ഞങ്ങള്‍ നേരം വെളുക്കാറാകുന്നതുവരെ മുറ്റത്തുതന്നെ നിന്നു. അകത്തേക്കു കയറാന്‍ പറ്റില്ലല്ലോ. അന്ന് മാധവിക്കുട്ടി എന്ന പടത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയമാണ്. എനിക്ക് രാവിലെ ഷൂട്ടിന് പോകാനുള്ളതാണ്. അന്നു രാത്രി ഉറങ്ങിയിട്ടേയില്ല.
ഇങ്ങേരു പറയുന്നത് എന്താണെന്നുവെച്ചാല്‍ ഞാനങ്ങേരെ അനുസരിച്ച് കീഴടങ്ങിയാല്‍ അങ്ങേര്‍ അഭിനയിക്കുന്ന എല്ലാ പടങ്ങളും എനിക്ക് തരും. വേറെ ആരെയും എടുക്കാന്‍ സമ്മതിക്കില്ല. എല്ലാം എനിക്കുതന്നെ. പിന്നെ അയാള്‍ക്കവിടെ വീടുണ്ട്. എനിക്കിങ്ങനെ വാടകവീട്ടിലൊന്നും താമസിക്കേണ്ട. അവിടെ താമസിക്കാം. യാത്ര ചെയ്യാന്‍ കാറുണ്ടാവും. കല്യാണം കഴിക്കേണ്ട കാര്യമൊന്നുമില്ല. എന്തിനാ കല്യാണം? കല്യാണമൊന്നും വേണ്ട. നമുക്കങ്ങനെ സുഖമായി കഴിയാം. എന്തൊക്കെ സൗകര്യങ്ങളാണ് നിനക്ക് കിട്ടാന്‍ പോകുന്നത്! 'ഞാന്‍ നിന്നെ എങ്ങനെ കൊണ്ടുനടക്കുമെന്നോ!'
നേരം നാലു മണിയായപ്പോള്‍ ഞാനും രാജനുംകൂടെ നടന്ന് ബഹദൂര്‍ക്കയുടെ വീട്ടിലെത്തി. കരഞ്ഞുവിളിച്ചുകൊണ്ടാണ് ചെല്ലുന്നത്. രാത്രി മുഴുവനും കരച്ചിലായിരുന്നു ഞാന്‍. ഇങ്ങേരു പോകണ്ടേ? തുണിയൊന്നുമില്ലാതെ കിടക്കുകയല്ലേ? അയാളന്ന് കൊടികുത്തി വാഴുന്ന സമയമാണ്. സിനിമയിലുള്ളവര്‍ അയാള്‍ പറയുന്നതിലേ ന്യായം കാണുകയുള്ളൂ. അയാളുടേത് വേദവാക്യം.
ഞാന്‍ ചെന്ന് ബഹദൂര്‍ക്കയെ വിളിച്ചു. ജമീല ഉണര്‍ന്നെണീറ്റ് കതക് തുറന്ന് പുറത്തു വന്നു. പിന്നാലെ ബഹദൂര്‍ക്കയും. സമയം അപ്പോള്‍ അഞ്ചു മണിയായി. രാത്രി അവിടംവരെ വന്നെത്താന്‍ ഞങ്ങള്‍ ഒരു മണിക്കൂറെടുത്തു. ഞാന്‍ കരഞ്ഞുകൊണ്ടുതന്നെയാണ് കാര്യം പറഞ്ഞത്. ബഹദൂര്‍ക്കയുടെ മുഖത്ത് കാരുണ്യം നിറഞ്ഞു. 'മോളേ, നീ കരയണ്ട. നിനക്ക് എന്തു സഹായത്തിനും ഞാനില്ലേ..? നീ പേടിക്കാതിരിക്ക്. ഞാന്‍ വരാം.'
ബഹദൂര്‍ക്കയുടെ കാറ് ഫിയറ്റാണ്. ബഹദൂര്‍ക്ക കാറെടുത്ത് ഞങ്ങളെയും കയറ്റി സ്വാമിയാര്‍മഠത്തിലെ എന്റെ വീട്ടിലേക്കു വന്നു. അയാളെ റൂമിനകത്തുനിന്ന് വലിച്ചിഴച്ചു പുറത്തു കൊണ്ടുവന്നു. അയാള്‍ റൂമിലാകെ ഛര്‍ദിച്ച് നാറ്റിച്ചിട്ടിരിക്കുകയാണ്. എനിക്കിപ്പോഴും അതൊക്കെ ഓര്‍ക്കുമ്പോള്‍ എന്തൊക്കെയോ തോന്നുന്നു. വെറുക്കാതിരിക്കാന്‍ എത്ര ശ്രമിച്ചാലും എനിക്ക് ആ മനുഷ്യനെ വെറുക്കാതിരിക്കാന്‍ പറ്റില്ല.
അന്ന് തോപ്പില്‍ ഭാസിച്ചേട്ടന്‍ മദിരാശിയിലില്ല. ഉണ്ടെങ്കില്‍ ഞാനാദ്യം പോവുന്നത് ഭാസിച്ചേട്ടന്റെ അടുത്തായിരുന്നേനേ. ഭാസിച്ചേട്ടന്‍ നാട്ടിലാണ്. വര്‍ക്കില്ലാത്തപ്പോള്‍ നാട്ടിലേക്കു പോവും. ഇംപീരിയല്‍ ഹോട്ടലിലാണ് ഭാസിച്ചേട്ടന്‍ താമസിക്കുന്നത്. മാധവിക്കുട്ടിയുടെ തിരക്കഥയും സംവിധാനവും ഭാസിച്ചേട്ടനാണെങ്കിലും സ്ഥലത്തില്ല. മാസത്തില്‍ ഇരുപത്തിയാറു ദിവസവും മദിരാശിയില്‍ ഉണ്ടാവുന്ന ആളാണ് ആ സമയത്തില്ലാതെപോയത്.
ബഹദൂര്‍ക്ക ഡ്രൈവര്‍ കൃഷ്ണനെ ഒരുപാട് വഴക്കുപറഞ്ഞു: 'നിനക്കു പറയാന്‍ മേലായിരുന്നോ, ഇതൊന്നും പറ്റില്ലെന്ന്.'
'സാറേ, ഞാനെന്ത് പറയാനാ? എനിക്ക് വല്ലോം പറയാന്‍ പറ്റോ? ഞാന്‍ ഡ്രൈവറല്ലേ? എനിക്കൊന്നും പറയാന്‍ ഒക്കത്തില്ല. എതിര്‍ക്കാന്‍ പറ്റ്വോ..?'
കൃഷ്ണന്‍ ഇതൊക്കെപ്പറഞ്ഞ് തല താഴ്ത്തി നിന്നു. പിന്നെ രണ്ടാളും കൂടെ 'ആ ശരീരം' എടുത്തു പൊക്കി വണ്ടിയില്‍ കയറ്റി. ഒട്ടും ബോധമില്ല. ഒരു 'ബോഡി', അത്രതന്നെ.
അതിനുശേഷം എന്നെ എന്തെല്ലാം തരത്തില്‍ ദ്രോഹിക്കാമോ അതൊക്കെ ചെയ്തു. എനിക്കു വരുന്ന പടങ്ങളൊക്കെ കട്ട് ചെയ്യും. നിര്‍മാതാക്കളോട് എന്നെ വേണ്ടെന്ന് പറയും. കൊടൈക്കനാലില്‍ ഷൂട്ടിനു പോയപ്പോള്‍ ഞാന്‍ കരഞ്ഞുപോയി. ഞാന്‍ ചെയ്യേണ്ട വേഷം ഇയാള്‍ പറ്റില്ലെന്നു പറഞ്ഞതുകൊണ്ട് സംവിധായകന് മാറ്റേണ്ടിവന്നു. ആ വേഷം ജമീലാ മാലിക്കാണ് ചെയ്തത്. സുപ്രിയയുടെ പടമാണ്. അതില്‍ വിദ്യാമ്മയൊക്കെയുണ്ട്. ഭാരതിയും ഉണ്ട്. അവര്‍ ചേട്ടത്തി അനിയത്തിമാരായി അഭിനയിക്കുന്നു.
ഞാന്‍ അവരുടെ അയല്‍ക്കാരിയായി അഭിനയിക്കുന്നു. അതില്‍ ഒന്നുരണ്ടു നല്ല പാട്ടുകളൊക്കെയുണ്ട് ആ വേഷത്തിന്. ഇയാള്‍ അവിടെയാണ് ജമീലാ മാലിക്കിനെ കൊണ്ടുവന്നിട്ടത്. എന്നെ ഒരു ചെറിയ വേഷത്തില്‍ ഒതുക്കി. പക്ഷേ, ആ പടത്തില്‍ ജമീലാ മാലിക്കിനുവേണ്ടി ഡബ്ബ് ചെയ്തത് ഞാനാണ്, ഹരന്‍സാര്‍ പറഞ്ഞിട്ട്. പിന്നെ ഇങ്ങേര് മനഃപൂര്‍വം എന്നെ എന്തൊക്കെ ചെയ്യാന്‍ പറ്റുമോ അതൊക്കെ ചെയ്തു.
പിറ്റേ ദിവസം ഞാന്‍ ഷൂട്ടിനു ചെന്നപ്പോള്‍ എന്റെ മുഖം ഇത്രയുണ്ട്; ഉറക്കമില്ലാതെ കരഞ്ഞുകരഞ്ഞ് വീങ്ങിയിട്ട്. ഞാന്‍ കാര്യങ്ങള്‍ ഭാരതിയോടു പറഞ്ഞു. ഹരി പോത്തനോടു പറഞ്ഞു. ഹരന്‍സാറിനോടു പറഞ്ഞു. എല്ലാവരുമറിഞ്ഞു. സുജാത എന്ന പേരില്‍ കെ.ടി.സി. ആദ്യമെടുത്ത പടമാണ് അത്. അയാളുടെ ദ്രോഹം അതിന്റെ പാരമ്യതയില്‍ എത്തിയത് അതിലാണ്. അവരുടെ ആദ്യപടത്തിന് എനിക്കവര്‍ മൂവായിരം രൂപ അഡ്വാന്‍സ് തന്നിരുന്നു. ഞാനും ഭാസിയും ജോഡി.
ഞാന്‍ മറുത്തൊന്നും പറയാന്‍ പോയില്ല. ഷൂട്ടിനെത്തി. പത്തു ദിവസവും ഞാനവിടെ വെറുതേയിരുന്നു. അവിടെ ഷൂട്ടിങ് നടക്കുന്ന കാര്യം ഞാനറിയുന്നേയില്ല. അയാള്‍ എന്നെ പറ്റില്ലെന്നു പറഞ്ഞതുകൊണ്ട് മുറിയില്‍ വെറുതേയിരുത്തിയതാണ്. ആ വേഷം ചെയ്തത് മല്ലികയാണ്. മല്ലിക ഇതൊന്നും അറിഞ്ഞിട്ടില്ല. മല്ലികയൊക്കെ സിനിമയില്‍ അഭിനയിക്കാന്‍ അവിടെ വന്ന് താമസിക്കുന്നവരല്ലേ? പകരക്കാരിയായാണ് അവരെ വിളിച്ചതെന്നൊന്നും അവരറിയുന്നില്ലല്ലോ?
പിന്നെ എല്ലാ പടങ്ങളിലും അയാളെന്നെ ഒഴിവാക്കാന്‍ പെടാപ്പാടുപെട്ടു. പറ്റിയില്ലെങ്കില്‍ സീനിലിട്ട് എന്തെങ്കിലുമൊക്കെ പ്രശ്നങ്ങളുണ്ടാക്കും. എന്നെ അവഹേളിക്കാനും എന്റെ മനഃസാന്നിധ്യം നഷ്ടപ്പെടുത്താനും എന്തുവേണമെങ്കിലും ചെയ്യും. അക്കാലങ്ങളില്‍ ഓരോ ലൊക്കേഷനിലും ഞാനെന്തുമാത്രം കരഞ്ഞിട്ടുണ്ടെന്നോ! ഓരോ ഷോട്ടിലും അതില്‍ വേണ്ടാത്തതൊക്കെ അയാള്‍ കാണിക്കും; എല്ലാം എന്നെ ദ്രോഹിക്കാന്‍. ഡയറക്ടര്‍ എന്ത് പറയാനാണ്. അയാള്‍ വാഴുന്ന കാലമല്ലേ?
പിന്നെയാണ് അടിമക്കച്ചവടം. അതിന്റെ സംവിധാനം ഹരന്‍സാറാണ്. ഞാനതിലുണ്ട്. ആദ്യം പറഞ്ഞിരുന്നത് ഞാനും ഭാസിയുമാണ് ജോഡിയെന്നാണ്. ഒരു ചായക്കട നടത്തുന്ന ഭാര്യയും ഭര്‍ത്താവും. വയനാട്ടിലെ മലയോരകര്‍ഷകരുടെ കഥയൊക്കെയാണ്. അന്ന് വിജയാ സ്റ്റുഡിയോയില്‍ എന്റെ വേറൊരു പടത്തിന്റെ ഷൂട്ടിങ് നടക്കുകയാണ്- കലക്ടര്‍ മാലതി. ഷീലയാണ് നായിക. ഷീലയുടെ അമ്മയായിട്ടാണ് ഞാന്‍ അഭിനയിക്കുന്നത്. എ.ബി. രാജ്സാര്‍ ആണ് സംവിധായകന്‍ എന്നാണ് എന്റെ ഓര്‍മ. അടിമക്കച്ചവടത്തിന്റെ നിര്‍മാതാവ് ചന്തമണി ബാലന്‍.
അടിമക്കച്ചവടത്തിന്റെ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ഒരു ഗംഗാധരനാണ്. അടിമക്കച്ചവടത്തിന്റെ ഷൂട്ടിങ് തുടങ്ങിയെങ്കിലും രണ്ടു ദിവസം കഴിഞ്ഞിട്ടേ എനിക്ക് പോവേണ്ടതുള്ളൂ. കലക്ടര്‍ മാലതിയുടെ ഷൂട്ട് നടക്കുമ്പോള്‍ ഗംഗാധരന്‍ വിജയാ സ്റ്റുഡിയോയില്‍ ഓടിവന്നു. നേരേ ഡയറക്ടറെ കണ്ടു പറഞ്ഞു: 'അത്യാവശ്യമായി ലളിതയെ പിറ്റേന്ന് ഒന്നു വിടണം. ഉച്ചതിരിഞ്ഞ് തിരിച്ചു കൊണ്ടുവന്നാക്കാം. വളരെ അത്യാവശ്യമാണ്,' സംവിധായകന്‍ പറഞ്ഞു: 'ശരി, ഉച്ചവരെയല്ലേയുള്ളൂ. അഡ്ജസ്റ്റ് ചെയ്യാം.' അതു കഴിഞ്ഞാണ് ഗംഗാധരന്‍ എന്നോടു പറയുന്നത് നാളെ രാവിലെ സത്യാ സ്റ്റുഡിയോയിലാണ് ഷൂട്ടെന്ന്. ഇനി രണ്ടു ദിവസംകൂടിയല്ലേയുള്ളൂ. അതു കഴിഞ്ഞ് പോരേയെന്നു ഞാന്‍. ഇല്ല, അത്യാവശ്യമായി, അര്‍ജന്റായി ഒരു സീനെടുക്കണമെന്ന് ഗംഗാധരന്‍. അതെടുക്കാതെ പറ്റില്ല. എന്താണാവോ ഇത്ര അത്യാവശ്യം? എനിക്കു മനസ്സിലായില്ല. ഷൂട്ട് ആരംഭിച്ചിട്ടേയുള്ളൂ. അതിനിടയില്‍ എന്താണാവോ ഈ തിരക്ക്? ഏതായാലും നാളെ രാവിലെ അങ്ങോട്ടു വരാതെ പറ്റില്ല.
ശരി. പറഞ്ഞതുപോലെ കേള്‍ക്കുകതന്നെ. പിറ്റേന്നു രാവിലെ ഞാന്‍ സത്യാ സ്റ്റുഡിയോയിലെത്തി. അവിടെ ചെന്നപ്പോള്‍ എല്ലാവരുംകൂടെ എന്നെ ഇട്ടു വാരാന്‍ തുടങ്ങി:
'അപ്പളൊരു ആര്‍ട്ടിസ്റ്റിനെ മാറ്റാനുള്ള കഴിവൊക്കെയായി, ഇല്ലേ?..'
ആരെ മാറ്റി എന്നൊന്നും ഞാനറിയുന്നേയില്ല. നോക്കുമ്പോഴുണ്ട് എന്റെ ഭര്‍ത്താവിന്റെ വേഷം കെട്ടി ബഹദൂര്‍ക്കാ നില്‍ക്കുന്നു.
എന്നെ കണ്ടപ്പോള്‍ ഹരന്‍സാറും പറഞ്ഞു: 'ഇത്രയൊക്കെയായി അല്ലേ? ഒരു ആര്‍ട്ടിസ്റ്റിനെ മാറ്റാനുള്ള കഴിവൊക്കെ ആയി ഇല്ലേ?' എന്താണ് സംഭവിച്ചതെന്ന് എനിക്ക് ഒരുപിടിയും കിട്ടുന്നില്ല.
കാര്യം ഇങ്ങനെയാണ്: ഇയാള്‍ ചോദിച്ചുനടക്കുന്നുണ്ടായിരുന്നു, ആരാണ് അയാളുടെ ജോഡി, ആരാണ് എന്നൊക്കെ. ആരാണെന്ന് അയാളോട് അവര്‍ പറയുന്നതേയില്ല. ബാലേട്ടനും പറഞ്ഞില്ല. ഹരന്‍സാറും പറഞ്ഞില്ല. അതിന്റെ തലേന്ന് സത്യാ സ്റ്റുഡിയോയില്‍ ഭാസിക്കൊരു ഷൂട്ടുണ്ടായിരുന്നു, വേറൊരു പടത്തിന്റെ. അപ്പോഴാണ് അവിടെ അടിമക്കച്ചവടത്തിന്റെ സെറ്റിടുന്നത് കണ്ടത്. ചായക്കടയുടെ സെറ്റാണ്. ഉടനെ ചോദിച്ചു, ആരാണ് ജോഡിയെന്ന്. ലളിതയാണെന്ന് പ്രൊഡക്ഷനിലെ ആരോ പറഞ്ഞു.
'അവരാണെങ്കില്‍ എനിക്ക് മൂഡ് ശരിയാവത്തില്ല. ആ ആര്‍ട്ടിസ്റ്റിനെ മാറ്റണം. ഇല്ലെങ്കില്‍ ഞാനുണ്ടാവില്ല. അവരെ മാറ്റിയാലേ ഞാന്‍ വര്‍ക്കിന് വരത്തുള്ളൂ...'എന്നായി. ശരിയെന്നു പറഞ്ഞ് ഇവര്‍ അയാളെ പറഞ്ഞുവിട്ടു. ഉടനെ അവര്‍ തീരുമാനമെടുത്തു, അങ്ങനെ വേണ്ട. ലളിതയെ മാറ്റി നമുക്ക് പടം ചെയ്യണ്ട. രാത്രിക്കു രാത്രി അവര്‍ ബഹദൂര്‍ക്കയെ കാണുന്നു. രാത്രിതന്നെ ബഹദൂര്‍ക്കയ്ക്ക് ധരിക്കേണ്ട വിഗ്ഗുണ്ടാക്കുന്നു. അതൊക്കെ ഞാന്‍ അവിടെ ചെല്ലുമ്പോഴാണ് അറിയുന്നത്.
ഇതൊക്കെ കേട്ടപ്പോള്‍ എനിക്കും ആവേശമായി. എന്നാല്‍പ്പിന്നെ ആ മനുഷ്യനെ അങ്ങനെ വിടുന്നത് ശരിയാണോ? ഞാന്‍ പറഞ്ഞു: 'ഞാനൊരു പെറ്റീഷന്‍ എഴുതിത്തരാം. മദിരാശിയില്‍ ചലച്ചിത്രപരിഷത്തെന്ന ഒരു സംഘടനയുണ്ടല്ലോ? അങ്ങനെയൊരു അപേക്ഷ എഴുതിക്കൊടുത്താല്‍ നിങ്ങളെന്റെ കൂടെ നില്‍ക്കുമോ' എന്നായി എന്റെ ചോദ്യം. 'അതിനെന്താ? നമ്മുടെ പടത്തിന്റെ കാര്യംതന്നെ എഴുതിക്കോ. ഹരിഹരന്റെ പടത്തിലെന്നുതന്നെ വ്യക്തമായി പറഞ്ഞോളൂ.'
അതിന്റെ പിറ്റേന്ന് തോപ്പില്‍ ഭാസിച്ചേട്ടന്‍ വന്നു. ഞാന്‍ സംഭവമൊക്കെ പറഞ്ഞു. പെറ്റീഷനെഴുതി മൂന്നിടത്തു കൊടുത്തു. ഉമ്മുക്കയാണ് പരിഷത്തിന്റെ പ്രസിഡന്റ്. പെറ്റീഷന്‍ ഉമ്മുക്കയുടെ കൈയില്‍ കിട്ടി. ഉമ്മുക്ക എന്നെ വിളിച്ചു ചോദിച്ചു. അതിങ്ങനെ:
'നിനക്കു നാണമില്ലേ? ഇങ്ങനെയൊക്കെ ഒരാളെക്കുറിച്ച് ആക്ഷേപിച്ചെഴുതാന്‍. അങ്ങേരാര്, നീയാര്? നിന്നെ അങ്ങേര്‍ക്ക് ഇവിടന്ന് പറത്താന്‍ കഴിയും.'
'അങ്ങേരെന്തു വേണേല്‍ ചെയ്തോട്ടെ,' ഞാന്‍. 'മാത്രമല്ല, ഉമ്മുക്ക പരിഷത്തിന്റെ പ്രസിഡന്റാണെന്ന് ഓര്‍ക്കണം. അതോണ്ട് ഉമ്മുക്ക എന്നോട് ഇങ്ങനെയൊന്നും സംസാരിക്കരുത്. എന്തിനാ ഇങ്ങനെ ചെയ്യുന്നത്? അങ്ങേരുടെ ആളായി സംസാരിക്കരുത്?' അതോടെ അങ്ങേരുടെ കഷ്ടകാലം തുടങ്ങി എന്ന് പറയാം. എന്നാലും വിഷപ്പല്ല് പറിഞ്ഞില്ല.
ഫര്‍ണിച്ചറൊക്കെ വാടകയ്ക്കുകൊടുക്കുന്ന ഒരു കമ്പനിയുണ്ടായിരുന്നു- അസീംബായിയുടെ. അവരുടെ ഒരു പടം. ബാനര്‍ ഞാന്‍ മറന്നു. ഞാനതില്‍ അഭിനയിച്ചിരുന്നു. അപ്പുറത്ത് മറ്റൊരു പടത്തില്‍ എന്നെ കരാര്‍ ചെയ്തിരുന്നതാണ്. വിജയശ്രീക്കൊക്കെ ഇതറിയാം, ഞാനാണ് കൂട്ടുകാരിയായി അഭിനയിക്കുന്നതെന്ന്. അതിന്റെ ഷൂട്ടിങ് തുടങ്ങുമ്പോള്‍ ഞാനതിലുണ്ട്. ഭരണി സ്റ്റുഡിയോയിലായിരുന്നു. ഞാനൊരു വെള്ളസാരിയും വെള്ളബ്ലൗസുമൊക്കെയിട്ടിട്ടുണ്ട്.
ദൈവഭക്തയായ ഒരു സ്ത്രീയുടെ കഥയാണ്. അവരുടെ അവിടെ പരമ്പരയായി ഒരു സ്ത്രീ പൂജാരിയായിരിക്കും. മധുസാറും ആ പടത്തിലുണ്ട്. മധുസാര്‍ അതില്‍ ഭയങ്കര നിരീശ്വരവാദിയാണ്. ഭാരതിയാണ് എന്റെ അനിയത്തി. രവികുമാര്‍ എന്നൊരു നടനുണ്ടായിരുന്നല്ലോ? രവികുമാറിന്റെ അച്ഛനാണ് അതിന്റെ നിര്‍മാതാവ്. പടത്തിന്റെ പേര് ദിവ്യദര്‍ശനം. അതിന്റെ ഷൂട്ടിങ് അപ്പുറത്ത് നടന്നുകൊണ്ടിരിക്കുന്നുണ്ട്. വിജയശ്രീ ഓടിവന്നു ചോദിച്ചു: 'നീയെന്താ അഭിനയിക്കാന്‍ വരാത്തത്?'
ഞാന്‍ പറഞ്ഞു: 'ഞാന്‍ വരുന്നുണ്ടല്ലോ?'
'എന്നാല്‍ ശ്രീലത വന്നിട്ടുണ്ടല്ലോ, നിനക്ക് പകരമായി,' അവള്‍.
അങ്ങനെയങ്ങനെ പലതും.
ഒരു പടത്തില്‍ എന്നെ അഭിനയിക്കാന്‍ വിളിക്കുകയാണെങ്കില്‍ കൂടെയാരാണെന്ന് ഞാനൊരിക്കലും ചോദിക്കാറില്ല, ഇപ്പോള്‍പ്പോലും. അന്ന് ശ്രീലതയും അതുപോലെയായിരുന്നു. അതുകഴിഞ്ഞ് എന്റെ കല്യാണമൊക്കെ കഴിഞ്ഞപ്പോഴാണ് ഭാസി അടങ്ങിയത്. ഞങ്ങള്‍ പിന്നീടൊരിക്കല്‍ അടൂര്‍ ഭാസിക്ക് വീട്ടില്‍ ഭക്ഷണമൊക്കെ കൊടുത്തിരുന്നു. എന്റെ കല്യാണം കഴിഞ്ഞ് കുട്ടിയൊന്നായപ്പോള്‍.
ഭരതേട്ടന്റെ ഓര്‍മയ്ക്കായിയില്‍ ഭാസി അഭിനയിച്ചിട്ടുണ്ടല്ലോ? ആ സമയത്തൊക്കെ എന്നെ ഭയങ്കര ബഹുമാനമായിരുന്നു. എന്നോടു പറഞ്ഞു: കെ.പി.എ.സി. ലളിത എന്ന് പേരെഴുതിയ ഒരു കടലാസ് നിലത്തു കിടന്നാല്‍പ്പോലും ഞാനതില്‍ ചവിട്ടത്തില്ല. അത്രയ്ക്കു ബഹുമാനമാണ് ഒരു ആര്‍ട്ടിസ്റ്റെന്ന നിലയില്‍. ഞാനത് എടുത്തുമാറ്റിവെച്ചേ പോവൂ.'
ഭാസി അവസാനകാലത്ത് സുഖമില്ലാതെ ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഞാനും പോയിരുന്നു കാണാന്‍. രണ്ടു തവണ പോയി. ഒരിക്കല്‍ മാമ്പലത്തൊരു ആശുപത്രിയില്‍... അന്ന് അസുഖമൊക്കെ മാറി പുറത്തു വന്നു. അതു കഴിഞ്ഞ് പിന്നെ കാണാന്‍ പോയത് ദേവകി ഹോസ്പിറ്റലില്‍ കിടക്കുമ്പോഴാണ്. എന്നെ കണ്ടപ്പോള്‍ ഭയങ്കര വെപ്രാളം. എന്നാലും എടുത്തവായിലേ ചോദിച്ചു:
'എന്തിനാ വന്നത്...?'
അതു കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോള്‍ അടൂര്‍ ഭാസി മരിച്ചു.
Content Highlights: Book excerpt of 'Kadha thudarum' autobiography of actor KPAC Lalitha