'നിങ്ങളോടാണ് ഒരാൾ ഇങ്ങനെ പെരുമാറുന്നതെങ്കിൽ അത് നിങ്ങൾക്കിഷ്ടപ്പെടുമോ'; കെ.പി. കേശവമേനോൻ ചോദിച്ചു

#നളിനി ദാമോദരന്‍
കെ.പി കേശവമേനോനും പേരക്കുട്ടി നളിനിയും
കെ.പി കേശവമേനോനും പേരക്കുട്ടി നളിനിയും

സ്വാതന്ത്ര്യസമര സേനാനിയും മാതൃഭൂമി സ്ഥാപക പത്രാധിപരും എഴുത്തുകാരനുമായിരുന്ന കെ.പി. കേശവമേനോന്റെ ഓർമകൾക്ക് 48 വർഷം പൂർത്തിയാവുന്നു. അദ്ദേഹത്തിന്റെ പേരക്കുട്ടി നളിനി ദാമോദരൻ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'കെ.പി. കേശവമേനോൻ പേരക്കുട്ടിയുടെ ഓർമ്മകൾ' എന്ന പുസ്തകത്തിൽനിന്നും.

മാതാപിതാക്കളുടെ അച്ഛനമ്മമാരെ സാധാരണയായി നമ്മൾ മുത്തശ്ശൻ എന്നും മുത്തശ്ശി എന്നുമാണ് വിളിക്കാറ്. എന്നാൽ എന്റെ അമ്മയുടെ അച്ഛനെ ഞങ്ങൾ വല്യച്ഛൻ എന്നാണു വിളിച്ചിരുന്നത്. അതായിരുന്നു അദ്ദേഹത്തിനിഷ്ടവും. സ്വാഭാവികമായും വല്യച്ഛന്റെ ഭാര്യയെ വല്യമ്മ എന്നാണല്ലോ വിളിക്കുക. ഇവിടെ പരാമർശിക്കുന്ന എന്റെ അമ്മയുടെ അച്ഛൻ, മാതൃഭൂമി സ്ഥാപകപത്രാധിപർ കെ.പി. കേശവമേനോനാണ്.

1930 മുതൽ 1940-കളുടെ അവസാനംവരെ വല്യച്ഛനും കുടുംബവും സിങ്കപ്പൂരിലാണ് താമസിച്ചിരുന്നത്. എന്റെ അമ്മയുടെയും ചെറിയമ്മയുടെയും വിവാഹം നടന്നതും പേരക്കുട്ടികളായ ഞങ്ങൾ ജനിച്ചതും സിങ്കപ്പൂരിലാണ്. അതുകൊണ്ടുതന്നെ വല്യച്ഛനെക്കുറിച്ചുള്ള ആദ്യകാലസ്മരണകൾ സിങ്കപ്പൂരിൽ തുടങ്ങുന്നു. അഞ്ചാം പിറന്നാളിന് എന്നെ എടുത്തുപൊക്കിയ വല്യച്ഛന്റെ രൂപവും 'ഓ, ഈ മകൾ വലുതായിപ്പോയി. ഇനി ഇവളെ എടുത്തുപൊക്കാൻ വയ്യ' എന്നു പറഞ്ഞ വല്യച്ഛന്റെ വാക്കുകളുമാണ് അദ്ദേഹത്തെക്കുറിച്ചുള്ള ആദ്യത്തെ ഓർമ്മ.

ലണ്ടനിൽനിന്നും ബാരിസ്റ്റർ അറ്റ് ലോ നേടിയ വല്യച്ഛൻ സിങ്കപ്പൂരിൽ അഭിഭാഷകവൃത്തിയായിരുന്നു ചെയ്തിരുന്നത്. ബ്രിട്ടീഷ് ഭരണത്തിലായിരുന്ന സിങ്കപ്പൂരിൽ ലണ്ടനിൽനിന്നും ബിരുദം നേടിയവർക്കു മാത്രമേ ജോലി ചെയ്യാൻ അനുവാദമുണ്ടായിരുന്നുള്ളു. ജൂനിയറായി ബംഗാളിയായ മിത്ര എന്ന അഭിഭാഷകനും ക്ലാർക്കുമാരും പ്യൂണും അടങ്ങിയതായിരുന്നു വല്യച്ഛന്റെ ആപ്പീസ്. സാമാന്യം നല്ല വരുമാനവും ഉണ്ടായിരുന്നു.

വല്യച്ഛനും വല്യമ്മയും വിവാഹിതനായ അമ്മാമനും ഭാര്യയും മക്കളും അവിവാഹിതരായ അഞ്ച് അമ്മാമന്മാരും മൂന്നു വീട്ടുജോലിക്കാരും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. എന്റെ മാതാപിതാക്കളും എന്റെ അനുജനും ഞാനും ചെറിയമ്മയും ചെറിയച്ഛനും അവരുടെ മകളും മറ്റൊരു വീട്ടിലാണ് താമസിച്ചിരുന്നത്. ദിവസേന ആപ്പീസ് വിട്ടു വരുമ്പോൾ വല്യച്ഛൻ മക്കളെയും പേരക്കുട്ടികളെയും കാണാൻ വരും. മക്കളോടു കുശലം പറഞ്ഞും പേരക്കുട്ടികളെ ലാളിച്ചും കുറച്ചുനേരം വിശ്രമിച്ചുമാണ് വീട്ടിലേക്ക് മടങ്ങുക. വരുമ്പോൾ പേരക്കുട്ടികൾക്കായി എന്തെങ്കിലും വാങ്ങിച്ചിരിക്കും.

രണ്ടാം ലോകയുദ്ധം തുടങ്ങി. ജപ്പാൻ, സിങ്കപ്പൂർ കീഴടക്കിയപ്പോൾ വല്യച്ഛൻ ഞങ്ങളോട് തന്റെ കൂടെവന്ന് താമസിക്കാൻ ആവശ്യപ്പെട്ടു. യുദ്ധഭീതി ഉണ്ടായിരുന്നതിനാൽ ഒരു അരക്ഷിതാവസ്ഥയായിരുന്നു എങ്ങും. എല്ലാവരും ഒരു സ്ഥലത്തായാൽ മനഃസമാധാനം ഉണ്ടല്ലോ എന്നാണ് വല്യച്ഛൻ പറഞ്ഞത്. ഞങ്ങൾ അങ്ങോട്ടു താമസം മാറ്റി. സിങ്കപ്പൂർ വിടുംവരെ വല്യച്ഛന്റെ കൂടെത്തന്നെയായിരുന്നു താമസം.

വലിയൊരു വീടായിരുന്നു അത്. പടവുകൾ കയറി വേണം വീട്ടിലേക്ക് പ്രവേശിക്കാൻ. നീണ്ടു പരന്ന വരാന്തയിലേക്കാണ് കയറിച്ചെല്ലുക. അതിന്റെ രണ്ടറ്റത്തുമായിരുന്നു കിടപ്പുമുറികൾ. വല്യച്ഛന്റെ കിടപ്പുമുറിക്കു മുമ്പിൽ വലിയ എഴുത്തുമേശയും കസേരയും മേശയുടെ മുകളിൽ ഒരു ഗ്ലോബും ഉണ്ടായിരുന്നു. അവിടെയിരുന്നാൽ അഴിയില്ലാത്ത തുറന്നിട്ട ജാലകങ്ങളിൽക്കൂടി പുറത്തേക്ക് നല്ല കാഴ്ചയാണ്. പുലർച്ചെ അഞ്ചുമണിക്ക് എഴുന്നേൽക്കുന്ന വല്യച്ഛൻ അവിടെയിരുന്നാണ് മാതൃഭൂമിക്കായി ലേഖനങ്ങൾ എഴുതുന്നതും ഗ്രന്ഥരചന നടത്തുന്നതും. അവിടെയിരുന്ന് എഴുതിയ ഗ്രന്ഥങ്ങളാണ് അസ്തമനം, ഭൂതവും ഭാവിയും എന്നിവ.

വീടിന്റെ മുന്നിലുള്ള പുൽത്തകിടിയിൽ വൈകുന്നേരങ്ങളിൽ ഞങ്ങൾ കളിക്കുമ്പോൾ വല്യച്ഛനും കൂടെക്കൂടും. ഓട്ടത്തിനും ചാട്ടത്തിനും ഒളിച്ചുകളിക്കും പന്തയമത്സരത്തിനുമൊക്കെ ഞങ്ങളോടൊപ്പം കൂടുമായിരുന്നു. വർഷങ്ങൾക്കുശേഷം കോഴിക്കോട്ടു വെച്ച് ഇതേ കളികൾ എന്റെ മക്കളോടൊപ്പവും വല്യച്ഛൻ കളിച്ചിട്ടുണ്ട്. ഞങ്ങളെ ആരെയും വല്യച്ഛൻ ശകാരിച്ചിട്ടോ പ്രഹരിച്ചിട്ടോ ഇല്ല. വീട്ടുജോലിക്കാരെയോ യാചകരെയോ ശാസിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്യരുതെന്ന കാര്യത്തിൽ നിർബ്ബന്ധമുണ്ടായിരുന്നു. ആരോടായാലും പെരുമാറ്റത്തിൽ മര്യാദ പാലിക്കണം എന്ന് ഉപദേശിക്കാറുണ്ടായിരുന്നു. 'നിങ്ങളോടാണ് ഒരാൾ ഇങ്ങനെ പെരുമാറുന്നതെങ്കിൽ അത് നിങ്ങൾക്കിഷ്ടപ്പെടുമോ' എന്നാണ് ചോദിക്കുക. എന്റെ ജീവിതത്തിൽ ഈ പാഠം ഞാൻ ഏറെ ഉൾക്കൊണ്ടിട്ടുണ്ട്; അത് എന്നെ സഹായിച്ചിട്ടുമുണ്ട്. ഈ പാഠമാണ് എന്റെ ഏറ്റവും വലിയ മൂലധനമായി ഞാൻ കരുതുന്നത്.

വല്യച്ഛനിൽ എന്നെ ഏറ്റവും ആകർഷിച്ചത് അദ്ദേഹത്തിന്റെ ധാരണാശക്തിയാണ്, vast understanding power. ഞങ്ങളുടെ അമ്മയെയും എന്നെയും എന്റെ മക്കളെയും ഞങ്ങളുടെ വീക്ഷണകോണിൽനിന്ന് മനസ്സിലാക്കുവാൻ അദ്ദേഹത്തിനു സാധിച്ചിരുന്നു. തലമുറകളുടെ വ്യത്യാസം അനുഭവപ്പെട്ടിട്ടില്ല. അതുകൊണ്ടായിരിക്കാം പല പ്രായത്തിലും സ്ഥിതിയിലുമുള്ളവർ തങ്ങളുടെ ദുഃഖങ്ങളും പരാതികളുമായി അദ്ദേഹത്തെ കത്ത് മുഖേനയും നേരിട്ടും സമീപിച്ചിരുന്നത്. ആവുന്നവിധത്തിൽ പരിഹാരം കാണുവാൻ അദ്ദേഹം ശ്രമിക്കുകയും ചെയ്തിരുന്നു.

വല്യച്ഛന്റെ ഈ സ്വഭാവസവിശേഷതകളാണ് അദ്ദേഹത്തെ ഒരു മഹദ്വ്യക്തി എന്ന നിലയിലേക്ക് ഉയർത്തിയത്. അങ്ങനെയുള്ള ഒരു വ്യക്തിയുടെ കൂടെ ജീവിക്കാനുള്ള ഭാഗ്യമുണ്ടായതുതന്നെ ഒരു അനുഗ്രഹമായി ഞാൻ കരുതുന്നു.

ദിനചര്യ

സമയനിഷ്ഠ നിർബ്ബന്ധബുദ്ധിയോടെ കൃത്യമായി പാലിക്കുവാൻ വല്യച്ഛൻ ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ദിനചര്യയും സമയബന്ധിതമായിരുന്നു.

രാവിലെ അഞ്ചുമണിക്കു മുമ്പ് ഉണരുന്ന വല്യച്ഛൻ പ്രഭാതകർമ്മങ്ങൾ കഴിഞ്ഞ് 'പ്രാതസ്മരാമി ലളിത' എന്ന ശ്ലോകം ചൊല്ലി പ്രാർത്ഥിച്ചാണ് ദിവസം ആരംഭിക്കുക. കാഴ്ച നഷ്ടപ്പെടുന്നതിനു മുമ്പ് കിടപ്പുമുറിയുടെ മുമ്പിലുള്ള വരാന്തയിൽ എഴുത്തുമേശയ്ക്കരികിൽ ഇരുന്ന് എഴുത്തുപണി തുടങ്ങും. കാഴ്ച നഷ്ടപ്പെട്ടതിനുശേഷം സഹായിയായ ശ്രീനിവാസൻ വരുന്നതുവരെ കട്ടിലിൽത്തന്നെ ചെലവഴിക്കും. കാഴ്ചശക്തി നഷ്ടപ്പെട്ട ശേഷമുള്ള വല്യച്ഛന്റെ ജീവിതചര്യ എങ്ങനെ നടത്തി എന്നതറിയുവാനായിരിക്കും വായനക്കാർക്ക് താത്പര്യം എന്നതുകൊണ്ട് ആ കാലത്തിനാണ് ഞാൻ ഊന്നൽ നൽകുന്നത്.

ആറുമണിക്ക് ശ്രീനിവാസൻ വന്നാൽ ഉടൻ എഴുന്നേറ്റ് പ്രഭാതകർമ്മങ്ങൾ നിർവ്വഹിച്ചശേഷം പ്രഭാതസവാരിക്കിറങ്ങും. പാന്റും ഷർട്ടും കാൻവാസ് ഷൂസും (തണുപ്പുണ്ടെങ്കിൽ മഫ്ളറും കരുതിയിരിക്കും) ധരിച്ചാണ് പുറത്തിറങ്ങുക. വാക്കിങ് സ്റ്റിക്കും കൈയിലുണ്ടാകും. നടത്തത്തിനിടെ അന്നത്തെ മാതൃഭൂമി പത്രം ശ്രീനിവാസൻ വായിച്ചുകൊടുക്കും. ഏഴര മണിയോടെ നടത്തം കഴിഞ്ഞ് തിരിച്ചെത്തിയാൽ എഴുത്തുപണി തുടങ്ങും. അതിനു സഹായിക്കുന്നവരാരായാലും അവരും ആ സമയത്ത് തയ്യാറായിരിക്കണം. എട്ടര മണിക്കും ഒൻപതു മണിക്കും ഇടയിലാണ് പ്രാതൽ.

എല്ലാ കുടുംബാംഗങ്ങളും ഒരുമിച്ചിരുന്നാണ് പ്രാതൽ കഴിക്കുക. പ്രാതലിന് ആദ്യത്തെ ഇനം ടോസ്റ്റ് ചെയ്ത റൊട്ടിയും മുട്ടയുമാണ്. മുട്ട മിക്കവാറും 'സ്‌ക്രാമ്പ്ൾഡ് എഗ്ഗ്' രീതിയിലാണ് ഉണ്ടാവാറ്. ഇഡ്ഡലി, ദോശ, പുട്ട്, പൂരി, ഇടിയപ്പം, വെള്ളപ്പം, ഉപ്പുമാവ് ഇവയിൽ ഏതെങ്കിലുമൊന്നായിരിക്കും പലഹാരം. ഇഡ്ഡലിയും ദോശയുമാണെങ്കിൽ ചട്നിയും ദോശപ്പൊടിയും ഉള്ളിച്ചമ്മന്തിയും നിർബ്ബന്ധമാണ്. അവസാനം കഴിക്കാനായി വെണ്ണ ചേർത്ത് തേനോ പഞ്ചസാരയോ വേണമെന്നതും നിർബ്ബന്ധമായിരുന്നു.

ചെറിയ ഇഡ്ഡലിയാണ് വീട്ടിൽ ഉണ്ടാക്കാറ്. അത് ആറെണ്ണവും, ദോശയാണെങ്കിൽ മൂന്നെണ്ണവും ആണ് പതിവ്. പുട്ടിന് ഇഷ്ടുവും ഇടിയപ്പത്തിന് ചട്നിയും അപ്പത്തിന് മധുരമുള്ള തേങ്ങാപ്പാലും. ഇവ കഴിഞ്ഞാൽ ചെറുപഴമോ പഴുത്ത മാങ്ങയോ സപ്പോട്ടയോ മുന്തിരിയോ പൈനാപ്പിളോ കഴിക്കുക പതിവാണ്.

പ്രാതൽ കഴിഞ്ഞാൽ വീണ്ടും എഴുതാൻ ഇരിക്കും. അതിനിടയിൽ സന്ദർശകർ ആരെങ്കിലും വല്യച്ഛനെ കാണുവാൻ വരും. എഴുത്തുപണിക്ക് തടസ്സം സൃഷ്ടിക്കുന്നത് ഇഷ്ടമല്ലെങ്കിലും കുറച്ചുസമയം ഉപചാരപൂർവ്വം അവരോടൊപ്പം ചെലവഴിക്കാറുണ്ട്. ആ എഴുത്തുപണി പത്തുമണിവരെ തുടരും.

പിന്നെ കുളിച്ച് മാതൃഭൂമിയിലേക്ക് പോകുവാൻ തയ്യാറാവും. മാതൃഭൂമിയിലേക്കു പോകുമ്പോൾ പാന്റും ഷർട്ടും ഷർട്ട്കോട്ടുമായിരുന്നു വേഷം. വീട്ടിലായിരിക്കുമ്പോൾ മുണ്ടും ജുബ്ബയുമാണ് ധരിക്കാറ്. ചൂടുകാലങ്ങളിൽ ജുബ്ബയുടെ സ്ഥാനം കിടക്കുന്ന കസേരയുടെ പിന്നിലായിരിക്കും. അതിഥികളാരെങ്കിലും വന്നാൽ ഉടനെ ജുബ്ബയെടുത്തിടും. ചില യോഗങ്ങളിലും വിവാഹങ്ങളിലും പങ്കെടുക്കുമ്പോൾ ഖാദിമുണ്ടും ജുബ്ബയും വേഷ്ടിയുമായിരുന്നു ധരിച്ചിരുന്നത്.

മരണവീടുകളിൽ അവസരോചിതമല്ലാത്ത ഉറക്കെയുള്ള സംസാരവും അഭിപ്രായപ്രകടനങ്ങളും വല്യച്ഛൻ തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. മാതൃഭൂമിയിലെത്തിയാൽ വല്യച്ഛന്റെ സെക്രട്ടറി ശ്രീകുമാരമേനോൻ തപാലിൽ വന്ന കത്തുകൾ വായിച്ചുകൊടുക്കും. വേണ്ടവയ്ക്ക് മറുപടി പറഞ്ഞുകൊടുക്കും. അതിനുശേഷം പത്രത്തിന്റെ ദൈനംദിനകാര്യങ്ങൾ ചർച്ച ചെയ്യുവാൻ സഹപത്രാധിപന്മാരും മാനേജർ കൃഷ്ണൻ നായരും വന്നിരിക്കും. ഒരു മണിയോടെ വീട്ടിലേക്കു മടങ്ങും.

വീട്ടിൽ വന്നാൽ ഉടൻ വസ്ത്രം മാറി ഊൺമുറിയിലെത്തും. എന്നും ഇലയിട്ടാണ് മധ്യാഹ്നഭക്ഷണം. ചോറിനോടൊപ്പം സാമ്പാർ, എരിശ്ശേരിയോ ഓലനോ (ഏതെങ്കിലും ഒന്ന്), ഉപ്പേരി, അച്ചാർ, പപ്പടം, തക്കാളിരസം എന്നിവ നിർബ്ബന്ധമായിരുന്നു. രസം കഴിച്ചതിനുശേഷം തൈരു കൂട്ടിക്കഴിച്ചാണ് അവസാനിപ്പിക്കുക. ഒരു മധുരപലഹാരം ഊണിനുശേഷം കഴിക്കുക പതിവായിരുന്നു. അതിനുശേഷം ഉച്ചയുറക്കം.

വറുത്ത മത്തിയും ചെമ്മീനും വല്യച്ഛന് വളരെയധികം ഇഷ്ടമായിരുന്നു. മീൻമുള്ള് കളയാൻ പ്രയാസമായതുകൊണ്ട് വറുത്ത മത്തിയുടെ മുള്ള് കളഞ്ഞ് അത് ഉലർത്തിയതും മത്തികൊണ്ട് കട്ലറ്റ് ഉണ്ടാക്കിയതുമാണ് കഴിക്കാറ്. ആട്ടിറച്ചി വരട്ടിയതും മിൻസെഡ് മീറ്റ് ഉപയോഗിച്ച് കട്ലറ്റ് പരുവത്തിൽ ഉണ്ടകളാക്കി വറുത്ത ബോൾകറിയുമായിരുന്നു ഇഷ്ടവിഭവങ്ങൾ. ഉണക്ക നത്തോലി വറുത്തതും വളരെ ഇഷ്ടമായിരുന്നു.

ജപ്പാൻകാരുടെ തടവുകാരനായിരുന്നപ്പോൾ ഉച്ചഭക്ഷണത്തിന് ചോറിനോടൊപ്പം അൽപ്പം ഉണക്ക നത്തോലിയായിരുന്നു ഉണ്ടായിരുന്നത്. ആദ്യത്തെ കുറച്ചുദിവസങ്ങളിൽ അതുവരെ കഴിക്കാതിരുന്ന ഈ മത്സ്യത്തിന്റെ രുചി അരോചകമായിരുന്നുവത്രേ. മറ്റൊരു പോംവഴിയും ഇല്ലാതിരുന്നതുകൊണ്ട് കഴിക്കാതെ നിവൃത്തിയില്ലായിരുന്നു. പിന്നീട് അത് ഇഷ്ടവിഭവങ്ങളിൽ ഒന്നായി മാറി. സാഹചര്യങ്ങൾ മനുഷ്യന്റെ വീക്ഷണത്തിൽ എത്രമാത്രം മാറ്റം വരുത്തുമെന്ന് ഈ അനുഭവം മനസ്സിലാക്കിത്തരുന്നുണ്ട്.

ഉച്ചയുറക്കം കഴിഞ്ഞാൽ പിന്നെ വായനാസമയമാണ്. ഇംഗ്ലീഷ് പത്രങ്ങളായ ദി ഹിന്ദു, ഇന്ത്യൻ എക്സ്പ്രസ് എന്നിവയായിരുന്നു വായിച്ചിരുന്നത്. നാലരമണിക്കാണ് വൈകീട്ടത്തെ ചായ. ചായയോടൊപ്പം ഉഴുന്നുവട, പരിപ്പുവട, ബജി, പഴംപൊരി. ഇവയിലേതെങ്കിലും ഒന്ന് വേണം. പിന്നെ സായാഹ്നസവാരിക്കിറങ്ങും, കൂടെ ശ്രീനിവാസനും. അതിനിടയിൽ വല്ല യോഗങ്ങളിലും പങ്കെടുക്കാനുണ്ടെങ്കിൽ സായാഹ്നനടത്തം വേണ്ടെന്നു വെക്കും. ഏഴുമണിയോടെ നടത്തം കഴിഞ്ഞ് വന്നാൽ വീണ്ടും എഴുത്തുപണി തുടങ്ങി എട്ടുമണിയോടെ അവസാനിപ്പിക്കും. മേൽ കഴുകി എട്ടരമണിയോടെയാണ് അത്താഴം.

അത്താഴത്തിന് പച്ചക്കറികൊണ്ടുള്ള സൂപ്പും മക്രോണി, ന്യൂഡിൽസ്, കട്ലറ്റ്, ഫിഷ്മോളി, ചീസ്ടോസ്റ്റ്, സോസേജ് ഇവയിലേതെങ്കിലും ഒന്നും ഉണ്ടാവും. വല്യമ്മയും ചെറിയമ്മയും പാചകനിപുണരായിരുന്നു. അവരാണ് പാചകക്കാരനായ ഭീമന്റെ ഈ വിഭവങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശകർ.

വല്യച്ഛൻ ഭക്ഷണപ്രിയനായിരുന്നുവെങ്കിലും വാരിവലിച്ച് കഴിക്കുന്ന പതിവ് ഇല്ലായിരുന്നു. കഴിക്കുന്ന ഭക്ഷണം രുചിയറിഞ്ഞായിരുന്നു കഴിക്കാറ്. ആസ്വദിച്ചു കഴിക്കുന്ന ഈ രീതിക്ക് ഇംഗ്ലീഷിൽ 'Gourmet' എന്നാണു പറയുക. വല്യച്ഛനു ചേർന്ന വിശേഷണമായിരുന്നു അത്.

അത്താഴം കഴിഞ്ഞാൽ ഉമ്മറത്ത് ചാരുകസേരയിൽ വന്നിരിക്കും. പുസ്തകപാരായണം അപ്പോഴാണ്. ആത്മകഥ, ജീവചരിത്രം, ജീവിതത്തിന് ഉത്തേജകങ്ങളായ പുസ്തകങ്ങൾ, റീഡേഴ്സ് ഡൈജസ്റ്റ്, ഭവൻസ് ജേണൽ തുടങ്ങിയവയായിരുന്നു തിരഞ്ഞെടുക്കാറ്. മിക്കവാറും ഞാൻതന്നെയായിരുന്നു വല്യച്ഛന്റെ വായനക്കാരി. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പുസ്തകങ്ങൾ വായിക്കുമ്പോൾ ഉച്ചാരണശുദ്ധിയും വായനശൈലിയിലും വല്യച്ഛൻ വളരെ ശ്രദ്ധിച്ചിരുന്നു. ആ രണ്ടു കാര്യങ്ങളിലും വല്യച്ഛൻ നൽകിയ നിർദ്ദേശങ്ങൾ എന്റെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

ഒൻപതരമണിയായാൽ ഒരു പകുതി കപ്പ് കാപ്പിയുമായി ഭീമൻ വരും. അതും കുടിച്ച് വല്യച്ഛന്റെ ഒരു ദിവസം അവസാനിക്കും.