'വിശുദ്ധപാപി' വായിച്ചതിന് പിടിക്കപ്പെടുന്നു; ബാല്യത്തില്‍ തെളിഞ്ഞുകിട്ടിയ സത്യം!

കെ.പി. അപ്പന്‍ | ഫോട്ടോ: മാതൃഭൂമി
കെ.പി. അപ്പന്‍ | ഫോട്ടോ: മാതൃഭൂമി

നാല് പതിറ്റാണ്ടിലധികം കാലം മലയാളസാഹിത്യവിമര്‍ശനത്തില്‍ തിളങ്ങിനിന്ന, ആധുനിക മലയാളസാഹിത്യനിരൂപണത്തിന് അടിത്തറപാകിയ എഴുത്തുകാരന്‍ കെ.പി. അപ്പന്റെ സമഗ്രമായ ജീവചരിത്രമാണ് പ്രസന്നരാജന്‍ രചന നിര്‍വഹിച്ച് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'കെ.പി. അപ്പന്‍; നിഷേധിയും മഹര്‍ഷിയും'. പുസ്തകത്തില്‍ നിന്നൊരു ഭാഗം വായിക്കാം... 

സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഒരു പുസ്തകം വായിച്ചതിന്റെ പേരില്‍ അനുഭവിച്ച പ്രയാസങ്ങളും മാനസികപീഡനങ്ങളും പില്‍ക്കാലത്ത് എഴുതിയിട്ടുണ്ട്. തോമസ് മന്‍ എന്ന ജര്‍മന്‍ എഴുത്തുകാരന്റെ വിശുദ്ധപാപി(The Holy Sinner) എന്ന നോവല്‍ വായിച്ചപ്പോഴാണ് ആദ്യമുണ്ടായത്. ആനി തയ്യിലിന്റെ പരിഭാഷ. വായനശാലയില്‍നിന്നെടുത്തു വായിച്ച പുസ്തകം ക്ലാസില്‍ കൊണ്ടുപോകുകയായിരുന്നു. ലൈംഗികപാപത്തിന്റെ കഥയെന്ന് പുസ്തകത്തിന്റെ പുറംചട്ടയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അശ്ലീലഗ്രന്ഥം ക്ലാസില്‍ കൊണ്ടുവന്നുവെന്ന് ആരോപിച്ച് അപ്പന്‍ എന്ന വിദ്യാര്‍ഥിയെ അധ്യാപകന്‍ 'അറസ്റ്റ് ചെയ്ത്' സ്റ്റാഫ്‌റൂമില്‍ കൊണ്ടുപോയി. സദാചാരലംഘനം നടത്തിയെന്ന് എല്ലാവരും പറഞ്ഞു. കൂടുതല്‍ ക്ഷോഭിച്ചത് മണി അയ്യര്‍ എന്ന അദ്ധ്യാപകനാണ്. മണി അയ്യരെ കഠിനമായ നര്‍മ്മബോധത്തോടെ ഓര്‍മ്മക്കുറിപ്പില്‍ ചിത്രീകരിക്കുന്നുണ്ട്. അദ്ദേഹം എഴുതി: 'മണി അയ്യര്‍സാര്‍ നല്ല ബ്രാഹ്‌മണനായിരുന്നു. അല്ല, സ്വല്‍പ്പം ആഢ്യത്വം ഭാവിക്കുന്നയാള്‍.

അടുത്ത ഹെഡ്മാസ്റ്ററാകാന്‍ മോഹിച്ചയാള്‍. കസവുനേര്യത് കസവുമാത്രം കാണത്തക്കവിധം വടിവില്‍ മടക്കിത്തേച്ചു കഴുത്തിലിട്ടിലിരിക്കും. ദൂരത്തുനിന്നു നോക്കിയാല്‍ മഞ്ഞച്ചേരയെ തല്ലിക്കൊന്ന് കഴുത്തിലിട്ടിരിക്കുകയാണെന്ന് തോന്നും. മറ്റുള്ളവരൊക്കെ ചെകിടന്മാരാണെന്ന് തോന്നുംവിധം വെടിപൊട്ടുംപോലെയാണ് അദ്ദേഹം സംസാരിച്ചിരുന്നത്. അദ്ദേഹത്തിന്റെ മന്ദഹാസത്തിനുപോലും വെടിയൊച്ചയുടെ മുഴക്കമുണ്ടെന്ന് എനിക്കു തോന്നിയിരുന്നു. അങ്ങനെയുള്ള സാറിന്റെ കൈയിലാണ് ഞാന്‍ ചെന്നുവീണത്. അദ്ദേഹം എന്നെ ഒരുപാടു ശാസിച്ചു. പിന്നീട് എന്നെയും തൊണ്ടിസാധനമായ  വിശുദ്ധപാപിയെയുംകൊണ്ട് സ്റ്റാഫ്‌റൂമിലേക്കു പോയി. എല്ലാവരുംകൂടി വഴക്കുപറഞ്ഞു. അധ്യാപകരുടെ കണ്ണുകള്‍ ആ പുസ്തകത്തെ ശീഘ്രം പിന്തുടരുന്നുണ്ടായിരുന്നു. മണി അയ്യര്‍സാര്‍ രൂക്ഷമായ നോട്ടംകൊണ്ട് എന്നെ ദഹിപ്പിച്ചു. അതോടെ ഞാന്‍ വായിച്ച് മനസ്സില്‍ സൂക്ഷിച്ചിരുന്ന പുസ്തകം ഒറ്റയടിക്ക് കത്തിപ്പോയി. വല്ലജാതിയും സ്റ്റാഫ്‌റൂമില്‍നിന്നു രക്ഷപ്പെട്ടാല്‍ മതിയെന്നായിരുന്നു എനിക്ക്.'

ഇത്രയും ഉദ്ധരിച്ചത് കെ.പി. അപ്പന്റെ കൗമാരകാലമനസ്സ് മനസ്സിലാക്കുവാന്‍ വേണ്ടിയാണ്. ഇതെഴുതിയത് വളരെ വര്‍ഷങ്ങള്‍ കഴിഞ്ഞാണെങ്കിലും പ്രകോപിതമായ കൗമാരമനസ്സിന്റെ ശൗര്യവും പ്രതിഷേധവുമാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ഇവിടെ പരിഹാസവാക്കുകള്‍കൊണ്ട് മുറിവേല്‍ക്കുന്ന മണി അയ്യര്‍സാര്‍ പിന്നീട് അപ്പനെന്ന വിദ്യാര്‍ഥിയോട് സ്‌നേഹവും കാരുണ്യവും വാത്സല്യവും ചൊരിയുന്നതും എടുത്തുകാണിക്കുന്നുണ്ട്. മണി അയ്യര്‍സാര്‍ വഴിയില്‍വെച്ചുകണ്ട അപ്പനെ വീട്ടില്‍ വിളിച്ചുകൊണ്ടുപോയി മധുരവും വാത്സല്യവും പകര്‍ന്നുകൊടുത്തു. ആ അധ്യാപകനെയല്ല ലൈംഗികത ചിത്രീകരിക്കുന്ന ഒരു കലാരചനയോട് അന്നത്തെ സമൂഹം വെച്ചുപുലര്‍ത്തുന്ന കപടസദാചാരബോധത്തെയാണ് ഇവിടെ ആക്രമിക്കുന്നത്. അന്നത്തെ ആസ്വാദകരുടെ സൗന്ദര്യബോധത്തിന്റെ പരിമിതിയും സദാചാരബോധത്തിന്റെ സങ്കുചിതത്വവുമാണ് വിമര്‍ശിക്കപ്പെടുന്നത്.

 സമകാലികസമൂഹം അനുശാസിക്കുന്ന കലാബോധത്തിനും മൂല്യബോധത്തിനും സദാചാരസങ്കല്‍പ്പങ്ങള്‍ക്കും അപ്പുറത്തേക്ക് പോകുവാന്‍ കൗമാരം കടന്നിട്ടില്ലാത്ത അപ്പന് സാധിച്ചു എന്നര്‍ഥം. പില്‍ക്കാലത്ത് അശ്ലീലമെന്നും സദാചാരവിരുദ്ധമെന്നും പറഞ്ഞ് യാഥാസ്ഥിതിക പണ്ഡിതന്മാര്‍ പുറന്തള്ളിയ സാഹിത്യകൃതികളുടെ പിന്നിലെ മൂല്യബോധവും ലാവണ്യസങ്കല്‍പ്പങ്ങളും വിശദീകരിക്കുന്ന വിമര്‍ശകനായി അപ്പന്‍ മാറി. മാധവിക്കുട്ടിയുടെയും ഒ.വി. വിജയന്റെയും കാക്കനാടന്റെയും മറ്റും കൃതികളിലെ അശ്ലീലവും സദാചാരവിരുദ്ധതയും എങ്ങനെ സൗന്ദര്യാത്മകമായി മാറുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

കൗമാരകാലത്ത് അപ്പന്‍പോലും തിരിച്ചറിയാത്ത വ്യത്യസ്ത സൗന്ദര്യബോധത്തിന്റെ വിത്തുകള്‍ ഉള്ളില്‍ കിടന്നതുകൊണ്ടാണ് സ്‌നേഹവാത്സല്യങ്ങള്‍ ചൊരിഞ്ഞ അധ്യാപകര്‍ക്കുനേരേയും പരിഹാസത്തിന്റെ മുനകള്‍ തിരിച്ചുവെച്ചത്. പഴയ അഭിരുചിയോടുള്ള വിട്ടുവീഴ്ചയില്ലാത്ത എതിര്‍പ്പും മൗലികതയോടുള്ള ദാഹവുമാണ് ആ പരിഹാസവാക്കുകളില്‍ നിറഞ്ഞിരിക്കുന്നത്. മാജിക് മൗണ്ടനും വെനീസ്സിലെ മരണവുമെഴുതിയ, ഏറ്റവും ഇഷ്ടപ്പെട്ട നോവലിസ്റ്റുകളില്‍ ഒരാളായ തോമസ് മന്‍ എന്ന വലിയ എഴുത്തുകാരനെ സ്‌കൂള്‍ജീവിതകാലത്തെ വായനയില്‍ത്തന്നെ കണ്ടെത്താന്‍ കഴിഞ്ഞതും വലിയ ആനന്ദമായി അപ്പന്‍ കരുതി.

ഒരുപാട് കഥകള്‍ കേട്ടും നാടന്‍പാട്ടുകള്‍ കേട്ടും വളര്‍ന്ന കുട്ടിക്കാലമായിരുന്നു അപ്പന്റേത്. സാധാരണക്കാരായ ആളുകളുടെ സംഭാഷണങ്ങളില്‍നിന്നും അവര്‍ പറയുന്ന പഴമൊഴികളില്‍നിന്നും അദ്ദേഹം പലതും പഠിച്ചു. കേള്‍ക്കുന്ന പഴമൊഴികളെല്ലാം അദ്ദേഹം എഴുതിവെക്കുമായിരുന്നു. അറിവിന്റെ ഖനികളാണ് പഴഞ്ചൊല്ലുകളെന്ന് അദ്ദേഹം ചെറുപ്പകാലത്തുതന്നെ മനസ്സിലാക്കി. സാഹിത്യവിമര്‍ശനത്തില്‍ വലിയ സാഹിത്യതത്ത്വചിന്ത ഉപയോഗിക്കുന്നതുപോലെത്തന്നെ പഴമൊഴികളും ധാരാളമായി അദ്ദേഹം ഉപയോഗിച്ചു. ചില ആശയങ്ങള്‍ വിശദീകരിക്കുവാനും 'എതിരാളി'കളുടെ വാദങ്ങളെ തകര്‍ക്കുവാനും അദ്ദേഹം പലപ്പോഴും പഴഞ്ചൊല്ലുകളെ ആശ്രയിക്കുന്നതുകാണാം. അതുപോലെ കുട്ടിക്കാലത്ത് കേട്ട നാടോടിക്കഥകളില്‍നിന്നും പല വലിയ ജീവിതതത്ത്വങ്ങളും ഉള്‍ക്കൊണ്ടു.

പുസ്തകത്തിന്റെ കവര്‍

ഒരു പുരോഹിതന്റെ കുശിനിക്കാരനായ ചാക്കോ പറഞ്ഞ ഒരു കാര്യത്തെപ്പറ്റി അദ്ദേഹം എഴുതിയിട്ടുണ്ട്. സ്‌നേഹം ഒരു ചരടാണ്, സ്‌നേഹത്തിന്റെ ചരടു പൊട്ടിയാല്‍ ഉടന്‍ വീണ്ടും കെട്ടണമെന്ന് പുരോഹിതന്‍ പറഞ്ഞു. അതുകേട്ട് കുശിനിക്കാരന്‍ പറഞ്ഞത് 'സ്‌നേഹത്തിന്റെ ചരടുപൊട്ടിയാല്‍ വീണ്ടും കെട്ടാം. എന്നാല്‍, പൊട്ടിയ സ്ഥലം മുഴച്ചുനില്‍ക്കും' എന്നാണ്. വലിയ സ്‌നേഹത്തിലായവര്‍ പിണങ്ങിയാല്‍ പിന്നെ ഒരിക്കലും പഴയതുപോലെയാകില്ല എന്നര്‍ഥം. ഇത് സ്‌നേഹത്തെ സംബന്ധിക്കുന്ന വലിയ തത്തചിന്തയാണ് എന്ന് അപ്പനുതോന്നി. പ്രൊഫ. ജി. കുമാരപിള്ള ഇത്തരമൊരാശയം പിന്നീട് പറഞ്ഞത് അദ്ദേഹം എടുത്തുകാണിക്കുന്നുണ്ട്. നാട്ടിലെ ജ്ഞാനിയായ ബ്രഹ്‌മവാദി കുഞ്ഞിരാമനും കടലമ്മാവിനും മുത്തശ്ശിയുമൊക്കെ ധാരാളം കഥകള്‍ പറഞ്ഞുകൊടുത്തിട്ടുണ്ട്.

മുത്തശ്ശി പറഞ്ഞുകൊടുത്ത കഥകള്‍ പലതും മനസ്സിലുണ്ട്. അതിലൊന്നിനെപ്പറ്റി അദ്ദേഹം പിന്നീട് ഓര്‍ക്കുന്നുണ്ട്. മൂന്നാംതരത്തില്‍ പഠിക്കുന്ന കാലത്ത് മുത്തശ്ശി പറഞ്ഞ ഒരു കഥ എട്ടോ ഒന്‍പതോ വയസ്സു മാത്രമുണ്ടായിരുന്ന കുട്ടിയായ അപ്പനെ വളരെ ആകര്‍ഷിച്ചു. ഒരു രാജാവിന്റെ കഥയായിരുന്നു അത്. മരണത്തെ പേടിച്ച രാജാവ് മരണത്തില്‍നിന്നും രക്ഷപ്പെടാന്‍വേണ്ടി ശ്രമിച്ച കഥയാണത്. 

മരണത്തില്‍നിന്നും രക്ഷപ്പെടണമെങ്കില്‍ സമുദ്രമധ്യത്തിലെ സര്‍പ്പക്കാവില്‍ കഴിയുന്ന സര്‍പ്പത്തിന്റെ തലയിലെ നീലരത്‌നക്കല്ലു വേണം. അതിനുവേണ്ടി പോകുന്ന രാജകുമാരനാണ്. വഴിയില്‍വെച്ച് രാജകുമാരന്റെ മാന്ത്രികവാള്‍ വെള്ളത്തില്‍ വീണുപോകുന്നു. അതുതിരിച്ചുകിട്ടുന്നുണ്ടോ എന്ന് കഥയില്‍ പറയുന്നില്ല. വാളു കിട്ടുമോ? എന്ന് മുത്തശ്ശിയോട് കുട്ടിയായ അപ്പന്‍ ആകാംക്ഷയോടെ ചോദിച്ചപ്പോള്‍ 'അങ്ങനെ ചോദിച്ചാല്‍ വാള്‍ കിട്ടുമോ?' എന്ന് മുത്തശ്ശിയുടെ മറുചോദ്യം. കഥ തീര്‍ന്നോ എന്നുചോദിച്ചപ്പോള്‍ 'കഥ തീര്‍ന്നോ എന്നുചോദിച്ചാല്‍ വാളു കിട്ടുമോ?' എന്ന് വീണ്ടും മുത്തശ്ശിയുടെ മറുചോദ്യം.

കുട്ടിയായ അപ്പന് കഥ ചോദ്യങ്ങളെയും ഉത്തരങ്ങളെയും ഇല്ലാതാക്കുന്ന ഒരു വിഷമസമസ്യയായി മാറി. ഉത്തരമില്ലാത്ത ചോദ്യമായി അത് കുട്ടിയുടെ മനസ്സില്‍ കിടന്നു. പിന്നീടാണ് യാഥാര്‍ഥ്യം തെളിഞ്ഞുകിട്ടിയത്. മരണത്തെ ജയിക്കുവാനുള്ള എല്ലാ മാന്ത്രികവാളുകളും ഇല്ലാതാകണം. മരണം നിലനില്‍ക്കണം. മുത്തശ്ശി പറഞ്ഞ കഥയിലെ പൊരുള്‍ സാവധാനത്തില്‍ അദ്ദേഹം മനസ്സിലാക്കി. മരണത്തിന്റെ അനിവാര്യത വിളംബരം ചെയ്യുന്ന കഥയാണ് അത് എന്ന് കണ്ടെത്തി. രചനയുടെ ഉള്ളിലെ ഗൂഢരഹസ്യങ്ങളും ജീവിതസത്യങ്ങളും കണ്ടെത്താന്‍ കുട്ടിക്കാലത്ത് കേട്ട കഥകള്‍ അദ്ദേഹത്തെ സഹായിച്ചു. ഈ ചിന്താരീതി പിന്നീട് വിമര്‍ശനജീവിതത്തിലും പിന്തുടരുന്നുണ്ട്. കഥയില്‍ നേരിട്ട് പറയുന്നതല്ല അതിന്റെ ശരിയായ അര്‍ഥമെന്ന് അദ്ദേഹം കുട്ടിക്കാലത്തുതന്നെ മനസ്സിലാക്കി. കഥയില്‍ പറയാതെ പറയുന്നത് പലതുമുണ്ടാകും. അത് കണ്ടെത്തേണ്ടത് വായനക്കാരനാണ്. ഈ സത്യം കുട്ടിക്കാലത്തുതന്നെ അപ്പന് തെളിഞ്ഞുകിട്ടി.


 

Content Highlights: K.P. Appan nishedhiyum maharshiyum, Book excerpt, Mathrubhumi books