കുട്ടിക്കാലത്തേ മനസ്സുകൊണ്ട് ഏകനായി, സാര്‍ത്രിനെപ്പോലെ അപ്പനും!

#പ്രസന്നരാജന്‍
കെ.പി. അപ്പന്‍ | ഫോട്ടോ: ഡി. വേണുഗോപാല്‍
കെ.പി. അപ്പന്‍ | ഫോട്ടോ: ഡി. വേണുഗോപാല്‍

പ്രസന്നരാജന്‍ എഴുതിയ കെ.പി. അപ്പന്റെ ജീവചരിത്രമാണ് 'കെ.പി. അപ്പന്‍; നിഷേധിയും മഹര്‍ഷിയും'. സ്വര്‍ണ്ണത്തേക്കാള്‍ വിലയുള്ളതാണ് പുസ്തകമെന്ന് വിശ്വസിച്ച കെ.പി. അപ്പന്‍ തന്റെ ബാല്യകാലത്തുതന്നെ വായനയിലേക്ക് കടക്കുകയും പുസ്തകം ശേഖരിക്കുകയും ചെയ്തിരുന്നെന്ന് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ പറയുന്നുണ്ട്. ജീവചരിത്രത്തില്‍ അപ്പന്റെ ബാല്യകാലത്തെക്കുറിച്ച് വിവരിക്കുന്ന ഭാഗം വായിക്കാം... 

സ്‌കൂള്‍ജീവിതം അത്രയൊന്നും പ്രസന്നമായിരുന്നില്ല. കണക്കു പഠിപ്പിച്ച ക്ലാസുകള്‍ പേടിസ്വപ്നങ്ങളായിരുന്നു എന്നൊക്കെ എഴുതിയ അപ്പന്‍ അക്കാലത്ത് അധ്യാപകരില്‍നിന്നും കിട്ടിയ കടുത്ത ശിക്ഷയെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. അന്നൊക്കെ അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്ക് കഠിനമായ ശിക്ഷകള്‍ കൊടുത്തിരുന്നു. ഭീകരമായ ചൂരല്‍പ്രയോഗം അന്ന് സര്‍വസാധാരണമാണ്. ഒരുതരം ലാത്തിച്ചാര്‍ജ് തന്നെയായിരുന്നു അത്. അടി കൊടുത്ത് വിദ്യാര്‍ഥികളെ പഠിപ്പിക്കണമെന്ന് മാതാപിതാക്കളും ആഗ്രഹിച്ച കാലമാണത്. ചെയ്യാത്ത കുറ്റത്തിനും വിദ്യാര്‍ഥിയായ അപ്പന് അധ്യാപകനില്‍നിന്നും ചൂരല്‍കൊണ്ടുള്ള അടി കിട്ടിയിട്ടുണ്ട്. സ്‌കൂള്‍ അധ്യാപകന്‍ കൈവെള്ളയില്‍ സര്‍വശക്തിയുമുപയോഗിച്ച് ആറുതവണ ആഞ്ഞടിച്ചപ്പോള്‍ കണ്ണില്‍നിന്നും നക്ഷത്രമല്ല, ഒരു സൗരയൂഥംതന്നെ തെറിച്ചുപോയി എന്ന് പില്‍ക്കാലത്ത് കൊല്ലത്തെ ഒരു സ്‌കൂളില്‍ പ്രസംഗിച്ച വേളയില്‍ അപ്പന്‍ വ്യക്തമാക്കിയിട്ടുണ്ട്.

അന്നത്തെ ചില അധ്യാപകരുടെ രീതി അതായിരുന്നു. എല്ലാവരുടെയും വിദ്യാര്‍ഥിജീവിതത്തില്‍ ഇത്തരം അനുഭവങ്ങളുണ്ടാകും. എങ്കിലും പിന്നീട് അവര്‍ ജീവിതത്തില്‍ നേടിയെടുത്ത പല വിജയങ്ങളുടെയും തുടക്കം സ്‌കൂള്‍ ജീവിതത്തിലാകും. അപ്പന്റെ കാര്യത്തിലും അങ്ങനെത്തന്നെയാണ്. അപ്പന്റെ ധൈഷണികജീവിതത്തിന്റെയും വിമര്‍ശകവ്യക്തിത്വത്തിന്റെയും അടിസ്ഥാനമിട്ട വായന ആരംഭിച്ചത് വിദ്യാലയഘട്ടത്തിലായിരുന്നു എന്നതാണ് സത്യം. നാളെ എഴുത്തുകാരനാകുമെന്ന് കരുതിക്കൊണ്ടാവില്ല വായന തുടങ്ങിയത്. അപ്പന്റെ ഏകദേശം ആറ് പതിറ്റാണ്ടുകാലം നീണ്ടുനിന്ന നിസ്തന്ദ്രമായ വായന ആരംഭിച്ചത് സ്‌കൂളില്‍ പഠിക്കുമ്പോഴാണ്. വായന രാത്രികളെ പകലുകളാക്കി മാറ്റാറുണ്ട് എന്ന് തന്റെ വായനയെപ്പറ്റി അപ്പന്‍ പിന്നീട് പറയുന്നുണ്ട്. ആ ആഴത്തിലുള്ള വായന സ്‌കൂള്‍ജീവിതകാലത്താണ് ആരംഭിച്ചത്. ഏഴാംക്ലാസ് മുതല്‍ പുസ്തകങ്ങള്‍ ഗൗരവമായി വായിച്ചുതുടങ്ങി. മാത്രമല്ല, പുസ്തകങ്ങള്‍ ശേഖരിച്ചുതുടങ്ങുകയും ചെയ്തു. സ്വര്‍ണ്ണത്തെക്കാള്‍ വിലയുള്ളതാണ് പുസ്തകമെന്നു വിശ്വസിക്കുകയും ചെയ്തു. കുട്ടിക്കാലത്തുതന്നെ പുസ്തകങ്ങള്‍ അപ്പന്റെ കൂട്ടുകാരായി മാറി. 

ചെറിയ പ്രായത്തിലെ ഏകാന്തതയെക്കുറിച്ചും വായനയെക്കുറിച്ചും സാര്‍ത്ര് ആത്മകഥയായ വാക്കുകളില്‍(The Words )  ഇപ്രകാരമെഴുതി:'ഞാന്‍ മണ്ണുവാരിക്കളിച്ചില്ല. പക്ഷിക്കൂടുകള്‍ തേടിയലഞ്ഞില്ല. ഔഷധച്ചെടികള്‍ തിരക്കി നടന്നില്ല. കിളികളെ കല്ലെറിഞ്ഞില്ല. പുസ്തകങ്ങളായിരുന്നു എന്റെ കിളികള്‍, എന്റെ കളിക്കൂട്ടുകാര്‍, എന്റെ വളര്‍ത്തുമൃഗങ്ങള്‍, എന്റെ തൊഴുത്ത്, എന്റെ ഗ്രാമം...'

ഇരുപതാംനൂറ്റാണ്ട് കണ്ട ഏറ്റവും വലിയ തത്ത്വചിന്തകനും എഴുത്തുകാരനുമായ സാര്‍ത്രിന്റെ ഈ വാക്കുകള്‍ അപ്പന്റെ കുട്ടിക്കാലത്തെ വായനയ്ക്കും യോജിക്കുന്നു. സാര്‍ത്രിനെപ്പോലെ അപ്പനും കുട്ടിക്കാലത്ത് മനസ്സുകൊണ്ട് ഏകനായിരുന്നു. പുസ്തകങ്ങളായിരുന്നു ഇളംപ്രായത്തില്‍ അപ്പന്റെയും സുഹൃത്തുക്കള്‍.

പുസ്തകത്തിന്റെ കവര്‍

അപ്പന്‍ ചെറിയ പ്രായത്തില്‍ത്തന്നെ ബൗദ്ധികജീവിതത്തിനുള്ള ശക്തി സംഭരിച്ചുതുടങ്ങിയിരുന്നു. മറ്റുള്ളവരില്‍നിന്നും വ്യത്യസ്തമായി വായിക്കുവാനും ചിന്തിക്കുവാനും ഭീതിയില്ലാതെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുവാനുള്ള സാമര്‍ഥ്യം നേടിയെടുത്തുതുടങ്ങുന്നതും സ്‌കൂള്‍ജീവിതകാലത്താണ്. സ്‌കൂള്‍ ലൈബ്രറിയില്‍നിന്നു മാത്രമല്ല, നാട്ടിലെ പ്രമുഖ മൂന്നു വായനശാലകളില്‍നിന്നും നിരന്തരം പുസ്തകങ്ങളെടുത്തു വായിച്ചുതുടങ്ങുകയാണ് അപ്പന്‍. 

ഐക്യഭാരതഗ്രന്ഥശാല, അവലുകുന്നു വായനശാല, യുവജനവായനശാല എന്നീ വായനശാലകളില്‍ മെംബര്‍ഷിപ്പ് എടുത്ത് വായനയാരംഭിച്ചു. പാഠപുസ്തകങ്ങളില്‍നിന്നും രക്ഷപ്പെട്ട് സ്വാതന്ത്ര്യത്തിലേക്കുള്ള കുതിച്ചുചാട്ടമായിരുന്നു വൈകുന്നേരങ്ങളില്‍ ഗ്രന്ഥശാലയിലേക്കുള്ള പോക്ക് എന്ന് അദ്ദേഹം ഓര്‍മ്മിക്കുന്നുണ്ട്. എല്ലാ കൗമാരവായനക്കാരെയുംപോലെ അപ്പനും ആദ്യം അപസര്‍പ്പകനോവലുകളും പ്രേതകഥകളും വീരസാഹസിക കഥകളും ആവേശത്തോടെ വായിച്ചു. പിന്നീട് പ്രധാനമായും മലയാളനോവലുകളാണ് വായിച്ചത്. തകഴി, കേശവദേവ്, ബഷീര്‍, പൊന്‍കുന്നം വര്‍ക്കി, ലളിതാംബിക അന്തര്‍ജ്ജനം തുടങ്ങിയവരാണ് അക്കാലത്ത് സാഹിത്യലോകത്ത് കത്തിനിന്നത്. അവരുടെ കൃതികളെല്ലാം വായിച്ചു. ചങ്ങമ്പുഴയുടെയും ഇടപ്പള്ളിയുടെയും കവിതകള്‍ വായിച്ചു. ആ കവികളുടെ വാക്കുകള്‍ സംഗീതോപകരണങ്ങളുടെ ഘോഷമായി വന്ന് തന്നെ സ്പര്‍ശിക്കുന്നതായി തോന്നിയെന്ന് എഴുതിയിട്ടുണ്ട്. സി.വി. രാമന്‍പിള്ളയുടെ നോവലുകളിലെ ഭാഷ മഹാഭൈരവിയുടെ ഘോരനടനമായും തോന്നിയെന്നും പറഞ്ഞിട്ടുണ്ട്.

പിന്നീട് വായന വേറൊരു ദിശയിലേക്ക് നീങ്ങി. അപ്പന്‍ ബംഗാളി നോവലുകളുടെ പരിഭാഷകള്‍ വായിച്ചുതുടങ്ങി. ശരത്ചന്ദ്ര ചാറ്റര്‍ജിയുടെയും ബങ്കിംചന്ദ്ര ചാറ്റര്‍ജിയുടെയും മറ്റും ബംഗാളി നോവലുകളുടെ പരിഭാഷകള്‍ വായിച്ച് നോവല്‍വായനയ്ക്ക് അടിസ്ഥാനമിട്ടു. അക്കാലത്ത് വീടിനടുത്ത് പ്രവര്‍ത്തിച്ചിരുന്ന ബ്രഹ്‌മസമാജത്തിന്റെ പ്രവര്‍ത്തകനായിരുന്ന ജ്ഞാനിയും പ്രഭാഷകനുമായിരുന്ന ബ്രഹ്‌മവാദി കുഞ്ഞിരാമനുമായി കൗമാരക്കാരനായ അപ്പന്‍ പരിചയപ്പെട്ടു. ഗുരുക്കള്‍ എന്ന് എല്ലാവരും വിളിച്ചിരുന്ന ബ്രഹ്‌മവാദി അപ്പന്റെ വായനയെ പ്രോത്സാഹിപ്പിച്ചു. അദ്ദേഹമാണ് നാലപ്പാടന്‍ പരിഭാഷ നിര്‍വഹിച്ച വിക്തോര്‍ യൂഗോയുടെ പാവങ്ങള്‍ എന്ന നോവലിനെപ്പറ്റി അപ്പനോട് ആദ്യം പറഞ്ഞത്. മാത്രമല്ല, പാവങ്ങളുടെ കഥ പറഞ്ഞുകൊടുക്കുകയും ചെയ്തു.

ഡി എന്ന നഗരത്തിലെ മെത്രാന്റെ കാരുണ്യത്തിന്റെയും ഷാങ് വാല്‍ ഷാങ് മനുഷ്യനാകാന്‍ ശ്രമിച്ചതിന്റെയും കഥകള്‍ പ്രത്യേക തരത്തില്‍ ഗുരുക്കള്‍ അപ്പനെ പറഞ്ഞുകേള്‍പ്പിച്ചു. നാലപ്പാടന്‍ തര്‍ജ്ജമ ചെയ്ത വിക്തോര്‍ യൂഗോയുടെ പാവങ്ങള്‍ അപ്പന്‍ വായിച്ചത് പിന്നീടാണ്. എങ്കിലും ഗുരുക്കളുടെ വാക്കുകളിലൂടെ ആ നോവലിന്റെ സാരാംശം അപ്പനില്‍ പതിഞ്ഞിരുന്നു. കഥകള്‍ കേള്‍ക്കുവാന്‍ താത്പര്യമുണ്ടായിരുന്ന അപ്പനോട് പലരും കഥകള്‍ പറഞ്ഞു. കടപ്പുറത്തെ ഒരു കിഴവനായ കടലമ്മാവന്‍ പറഞ്ഞുകൊടുത്ത സ്വപ്നപ്പഴമകളായ കഥകളും ആ കൗമാരമനസ്സില്‍ വലിയ ചലനങ്ങളുണ്ടാക്കി. പില്‍ക്കാലത്ത് നോവല്‍വിമര്‍ശനരംഗത്ത് വലിയ ചലനങ്ങള്‍ സൃഷ്ടിച്ച അപ്പന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ത്തന്നെ അതിനുള്ള കരുക്കള്‍ ശേഖരിച്ചുതുടങ്ങി. വായന തന്നെ സ്വതന്ത്രനാക്കുവെന്നും ആളിക്കത്തുന്ന ഒരു ചൂട്ടുകറ്റ തന്നില്‍ രൂപപ്പെടുന്നുവെന്നും അദ്ദേഹം സാവധാനം മനസ്സിലാക്കി.

സാര്‍ത്ര് | Wikipedia

കൗമാരത്തിലും യൗവനാരംഭവേളയിലും നോവല്‍ ആര്‍ത്തിയോടെ വായിക്കുന്നവര്‍ ധാരാളമുണ്ടാകും. അത്തരം വായനക്കാരനായിരുന്നില്ല അപ്പന്‍. അപ്പന്റെ വായന വേറിട്ട വായനയായിരുന്നു. സ്വന്തം അഭിരുചിക്കും സൗന്ദര്യബോധത്തിനും ഇണങ്ങാത്ത രചനകളോട് രാജിയാകുവാന്‍ ആദ്യവായനയുടെ ഘട്ടത്തിലും അദ്ദേഹത്തിന് സാധിച്ചില്ല. ദേവിന്റെയും തകഴിയുടെയും നോവലുകള്‍ക്ക് വലിയ അംഗീകാരമുള്ള കാലമായിരുന്നു അത്. സാഹിത്യാന്തരീക്ഷത്തില്‍ നവോത്ഥാനകാലസാഹിത്യം തലയുയര്‍ത്തിനില്‍ക്കുന്ന കാലമാണ്. സാമൂഹികനോവലുകള്‍ക്കു വലിയ അംഗീകാരമായിരുന്നു അന്ന്. ആദ്യം വായിച്ചപ്പോള്‍ ആകര്‍ഷിച്ചെങ്കിലും പിന്നീട് ആ നോവലുകളോട് പ്രകടമായ അസംതൃപ്തിയാണ് അപ്പനുണ്ടായിരുന്നത്. 

പതിനഞ്ച് പതിനാറ് വയസ്സിലാവണം ആ എഴുത്തുകാരുടെ രചനകള്‍ അതൃപ്തിയോടെ വായിച്ചത്. സമൂഹത്തിനുനേരേ ഉയര്‍ത്തിപ്പിടിച്ച കണ്ണാടികളില്‍ ചെറുപ്പംമുതലേ അദ്ദേഹത്തിന് താത്പര്യമുണ്ടായിരുന്നില്ല. തോട്ടിയുടെ മകനിലും കണ്ണാടിയിലും സ്ഥല ദര്‍ശനത്തിന്റെ സജീവചിത്രങ്ങളില്ലായിരുന്നു എന്ന് ആ ചെറുപ്രായത്തിലും തോന്നി എന്നര്‍ഥം. യാഥാര്‍ഥ്യത്തിന്റെ മറുവശം തിരയുന്ന സ്വഭാവം കുട്ടിക്കാലത്തും ചെറുരൂപത്തിലുണ്ടായിരുന്നു. ഒരൊറ്റത്തലം മാത്രമുള്ള രചനകള്‍ കൗമാരകാലത്തും അദ്ദേഹം ഇഷ്ടപ്പെട്ടില്ല. സാമൂഹികയാഥാര്‍ത്ഥ്യങ്ങളെ പച്ചയായി അവതരിപ്പിക്കുന്ന കൃതികളോട് താത്പര്യക്കുറവ് അന്നുമുണ്ടായിരുന്നു. തന്നെ കണക്ക് പഠിപ്പിച്ച സ്വയംവരന്‍ നായര്‍ സാര്‍ പ്രസിദ്ധീകരിച്ച കഥാസമാഹാരത്തിലെ കഥകളോടും അദ്ദേഹത്തിന് താത്പര്യം തോന്നിയില്ല. സോദ്ദേശ റിയലിസത്തിന്റെ താണതരം മാതൃകകളായിരുന്നു ആ കഥകള്‍. കുറച്ച് മുതിര്‍ന്നപ്പോള്‍ തകഴി-ദേവ് തലമുറയെ നിശിതമായും രൂക്ഷമായും വിമര്‍ശിക്കുന്ന വിമര്‍ശകനായി അദ്ദേഹം മാറി. പിന്നീട് പ്രകടിപ്പിച്ച സാഹിത്യാഭിരുചിയുടെയും ജീവിതമനോഭാവത്തിന്റെയും വീക്ഷണത്തിന്റെയും ആദിമഭാവങ്ങള്‍ മുമ്പേതന്നെ ആ മനസ്സിലുണ്ടായിരുന്നു എന്നുകാണാം.


 

Content Highlights: K.P. Appan, Biography by Prasannarajan, Mathrubhumi books