'ആ പ്രണയമില്ലായിരുന്നെങ്കില്‍ സ്ത്രീപുരുഷബന്ധത്തിന്റെ തീവ്രതയെന്തെന്ന് മനസ്സിലാകുമായിരുന്നില്ല'

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'കെ.ജി. ജോര്‍ജിന്റെ ചലച്ചിത്രയാത്രകള്‍' എന്ന പുസ്തകത്തില്‍നിന്ന്;
'സമയം സന്ധ്യയോടടുക്കുന്നു. ഞങ്ങള്‍ക്കു മുന്നിലൂടെ ഒരു സ്ത്രീയും പുരുഷനും നടന്നുപോയി. എന്റെ കാമുകിയും ഭര്‍ത്താവുമായിരുന്നു അത്. അവസാനത്തെ സൂര്യകിരണങ്ങള്‍ അവരുടെ രൂപങ്ങള്‍ക്ക് ബാക്ലൈറ്റ് ഒരുക്കിയിരുന്നു. ഞാന്‍ അസ്വസ്ഥനായി. വേഗത്തില്‍ നടന്ന് അവര്‍ക്കു പിറകിലെത്തി. ഞാന്‍ അവളുടെ പേരു വിളിച്ചു. എന്റെ ശബ്ദം കേട്ട് അവള്‍ പിടയുന്നതുപോലെ തോന്നി. എങ്കിലും അവള്‍ തിരിഞ്ഞുനിന്നു. ഇത് ജോര്‍ജ്, അവള്‍ ഭര്‍ത്താവിനോടു പറഞ്ഞു, ഞാന്‍ പറഞ്ഞിട്ടില്ലേ, എന്റെ സ്നേഹിതന്‍. ഞങ്ങള്‍ അല്പദൂരം ഒരുമിച്ചു നടന്നു. പിന്നെ യാത്ര പറഞ്ഞു പിരിഞ്ഞു. അസ്തമയസൂര്യന്റെ പശ്ചാത്തലത്തില്‍ അവര്‍ നടന്നുപോയി- That's my last image of it...'
യൗവനത്തെ പിടിച്ചുലച്ച ആദ്യപ്രണയത്തിന്റെ അവസാന സീന്‍ കെ.ജി. ജോര്‍ജ് ഇങ്ങനെ വിവരിച്ചത് സംഭവം കഴിഞ്ഞ് കാല്‍ നൂറ്റാണ്ടു പിന്നിടുമ്പോള്‍, അന്‍പത്തിയെട്ടാം വയസ്സിലാണ്- 2004-ലെ മാതൃഭൂമി ഓണപ്പതിപ്പിനുവേണ്ടി എനിക്കനുവദിച്ച അഭിമുഖത്തില്‍. വളരെ സിനിമാറ്റിക്കായി തന്റെ അനുരാഗനാടകത്തിന്റെ അന്ത്യരംഗം അവതരിപ്പിച്ച ജോര്‍ജ്, പക്ഷേ, പ്രണയത്തിന്റെ അഗാധതയിലേക്ക് കൂപ്പുകുത്തുന്നതിനു മുന്‍പ് തീരേ റൊമാന്റിക്കായിരുന്നില്ല.
'ഞാന്‍ വളരെ rugged ആയിരുന്നു. സിനിമകള്‍ കാണുക, കാഫ്കയെയും കമ്യൂവിനെയുമൊക്കെ വായിക്കുക, എല്ലാറ്റിനെയും വിമര്‍ശിക്കുക- അങ്ങനെ കഴിഞ്ഞുപോന്ന ജീവിതം ആകെ മാറിമറിഞ്ഞു. പ്രണയത്തിന്റെ ലഹരി എന്നെ കീഴടക്കി. അതുവരെ മോഡേണ്‍ എന്നു വിശ്വസിച്ചിരുന്ന എല്ലാറ്റിനും മാറ്റമുണ്ടാകുകയാണ്. അവളുടെ ഒരു നോട്ടത്തിനുവേണ്ടി, സ്പര്‍ശത്തിനുവേണ്ടി കൊതിച്ചു കൊതിച്ച് ഒരു രോഗിയാകുകയാണ്. ന്യൂറോട്ടിക്കാകുകയാണ്. പലതരത്തിലുള്ള ബൗദ്ധികപ്രവര്‍ത്തനങ്ങളിലൂടെ ഒരു ഇന്റലക്ച്വല്‍ ആകാന്‍ ശ്രമിക്കുന്നതിനിടെയാണ് ഈ പ്രണയം ഉണ്ടായത്. ഇരുപത്തിമൂന്നാമത്തെ വയസ്സിലായിരുന്നു അത്.'
'അതൊരു fall from grace ആയിരുന്നോ?' പ്രണയബദ്ധനായതോടെ ബൗദ്ധികജീവിതം നഷ്പ്പെട്ടുവെന്നു കേട്ടപ്പോള്‍ അങ്ങനെ ചോദിക്കാനാണു തോന്നിയത്.
ഉടന്‍ വന്നു മറുപടി: 'ഒരിക്കലുമല്ല. ഒരുപക്ഷേ, ആ പ്രണയം ഇല്ലായിരുന്നെങ്കില്‍ സ്ത്രീപുരുഷബന്ധത്തിന്റെ തീവ്രത എന്തെന്ന് എനിക്കൊരിക്കലും മനസ്സിലാകുമായിരുന്നില്ല. പില്‍ക്കാലത്ത് ഉള്‍ക്കടല്‍ പോലെയുള്ള ചിത്രങ്ങള്‍ എടുക്കുമ്പോള്‍ ഞാനത് തിരിച്ചറിഞ്ഞിട്ടുണ്ട്.'
അടിമുടി കാല്പനികമായ ഉള്‍ക്കടല്‍ (1979) സംവിധാനം ചെയ്യുമ്പോള്‍ മുപ്പത്തിമൂന്നുവയസ്സാണ് ജോര്‍ജിന്റെ പ്രായം. അതിനും നാലു വര്‍ഷം മുന്‍പ് ദാമ്പത്യത്തകര്‍ച്ചയുടെ മനഃശാസ്ത്രാപഗ്രഥനമായ സ്വപ്നാടനം (1975) എടുക്കുമ്പോള്‍ ഇരുപത്തിയൊന്‍പതും. അപ്പോള്‍ വിവാഹിതനായിരുന്നില്ലതാനും. 1977-ല്‍ വിവാഹിതനായി രണ്ടു വര്‍ഷത്തിനുശേഷം ഉള്‍ക്കടലില്‍ എത്തുമ്പോഴേക്കും ജോര്‍ജിനുള്ളില്‍ കാല്പനികത വീണ്ടും മുളപൊട്ടിയിരുന്നു എന്നു തെറ്റിദ്ധരിക്കരുത്. ഓരോ സിനിമയുടെയും പശ്ചാത്തലം വ്യത്യസ്തമായിരിക്കണമെന്ന തീരുമാനത്തിന്റെ ഭാഗമായിരുന്നു ഉള്‍ക്കടല്‍- മ്യൂസിക്കല്‍ റൊമാന്‍സ് എന്ന ജനുസ്സില്‍പ്പെട്ട സിനിമയും തനിക്കു വഴങ്ങുമെന്നു തെളിയിക്കാനുള്ള ബോധപൂര്‍വമായ ശ്രമം.
സ്വപ്നാടനം കഴിഞ്ഞുണ്ടായ അത്ര ഗംഭീരമല്ലാത്ത സിനിമകള്‍ക്കു ശേഷമുള്ള കെ.ജി. ജോര്‍ജിന്റെ തിരിച്ചുവരവുകൂടിയായിരുന്നു ഉള്‍ക്കടല്‍. ആയിരത്തിത്തൊള്ളായിരത്തിയെഴുപതുകളിലെ (എണ്‍പതുകളിലെയും) കൗമാരയൗവനങ്ങളില്‍ മാംസനിബദ്ധമല്ലാത്ത അനുരാഗത്തിന്റെ കാവ്യമധുരിമ പകര്‍ന്ന ലക്ഷണമൊത്ത ക്യാംപസ് സിനിമ. ഉള്‍ക്കടലിലെ നായകന്‍ രാഹുലന്‍ (വേണു നാഗവള്ളി) കവിയാണ്. മിതഭാഷിയായ, ചിലപ്പോള്‍ തീര്‍ത്തും മൗനിയായ സ്വപ്നജീവി. രാഹുലന്റെ ചിത്രകാരിയായ കാമുകി റീന (ശോഭ) ശാലീനസുന്ദരിയായ ക്രിസ്ത്യാനിപ്പെണ്ണ്. രാഹുലന്‍ സ്വപ്നം കാണുന്ന ശാരോണ്‍ താഴ്വരയിലെ പുലര്‍കാലസങ്കീര്‍ത്തനം. പ്രേമലജ്ജാപരിഭവങ്ങള്‍ കൊരുത്ത പുഷ്പഹാരം. കവിയുടെ ഗ്രാമഭൂമി സീമന്തരേഖയിലണിയുന്ന കുങ്കുമപ്പൂങ്കുറി.
റീനയുടെ വീട് സന്ദര്‍ശിച്ചതിനുശേഷം യാത്രപറഞ്ഞ് ഇറങ്ങിപ്പോകുന്നതിനു മുന്‍പ് രാഹുലന്‍ അവളുടെ നടുവില്‍ പകുത്ത മുടിക്കിടയിലെ സീമന്തരേഖയ്ക്കു താഴെ നെറ്റിയില്‍ വിരലോടിക്കുന്ന ഹ്രസ്വനിമിഷം ഒരിക്കല്‍ക്കൂടി അനുഭവിക്കാന്‍ വേണ്ടി മാത്രം ഉള്‍ക്കടല്‍ വീണ്ടും കണ്ടു. റീനയുടെ നെറ്റിയില്‍ പൊട്ടുണ്ടായിരുന്നില്ലെന്നു ശ്രദ്ധിച്ചത് ഇപ്പോഴാണ്. വേണ്ടതായിരുന്നു; വിടര്‍ന്ന നെറ്റിയില്‍ അല്പം വലിയ ഒരു ചുവന്ന പൊട്ട്. പ്ലേറ്റോണിക് പ്രണയലഹരിയിലമര്‍ന്ന എത്രയോ തലമുറകളെ പോയ്മറഞ്ഞ വസന്തങ്ങളിലേക്കു കൂട്ടിക്കൊണ്ടു പോകുന്ന ചലച്ചിത്രനിമിഷം. രാഹുലന്‍ ഇറങ്ങിനടക്കുമ്പോള്‍ മുഗ്ധലജ്ജാവതിയായ പ്രണയിനിയെക്കുറിച്ചുള്ള ആ പാട്ടിന്റെ പശ്ചാത്തലസംഗീതം ആരംഭിക്കുന്നു... 'നഷ്ടവസന്തത്തിന്‍ തപ്തനിശ്വാസമേ...'
പല തലമുറകളിലെ മലയാളികളെ പ്രണയ ഋതുഭേദങ്ങളിലേക്ക് എക്കാലവും സംക്രമിപ്പിച്ചുകൊണ്ടിരിക്കുന്ന 'ശരദിന്ദു മലര്‍ദീപനാളം നീട്ടി' എന്ന ഗാനത്തെക്കുറിച്ച് എത്രയോ പേര്‍ എത്രയോ തവണ എഴുതിയും പറഞ്ഞും കഴിഞ്ഞു. ആ ഗാനരംഗം തിയേറ്ററില്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍, റീനയുടെ വീടിന്റെ മട്ടുപ്പാവില്‍നിന്നുള്ള കാഴ്ചയില്‍ റോഡിലൂടെ കടന്നുപോകുന്ന കെ.എസ്.ആര്‍.ടി.സി. ബസ്സിന്റെ ദൃശ്യം അല്‍പം അണ്‍റൊമാന്റിക് ആണെന്നു തോന്നിയിരുന്നു.
ഇനിയും പകല്‍ക്കിളി പാടിയെത്തും,
ഇനിയും ത്രിസന്ധ്യ പൂ ചൂടി നില്‍ക്കും
ഇനിയുമീ നമ്മള്‍ നടന്നു പോകും
വഴിയില്‍ വസന്തമലര്‍ക്കിളികള്‍
കുരവയും പാട്ടുമായ് കൂടെയെത്തും
ചിറകാര്‍ന്ന സ്വപ്നങ്ങള്‍ നിങ്ങളാരോ
എന്ന വരികള്‍ക്കൊപ്പം പശ്ചാത്തലത്തില്‍ അതിവേഗം പാഞ്ഞുപോയ ആ ബസ്സിനെ 'സിനിമാക്കമ്പം' എന്ന ചെറുകഥയിലൂടെ സക്കറിയ പിന്നീട് അനശ്വരമാക്കി. സെല്‍മയും ജയചന്ദ്രനുമല്ലാതെ മറ്റാരു പാടിയാലും ആ പാട്ട് ഇത്ര മനോഹരമാവില്ലെന്ന് നമ്മളെല്ലാവരും ഉറച്ചുവിശ്വസിക്കുന്നു. ശരദിന്ദുവിന്റെ പശ്ചാത്തലസംഗീതത്തില്‍ത്തന്നെയുണ്ട് ആയിരമായിരം അനുരാഗികളുടെ ഹൃദയസ്പന്ദനങ്ങള്‍. ഉള്‍ക്കടല്‍ ഇപ്പോള്‍ കാണുമ്പോള്‍ ചിലയിടങ്ങളിലെങ്കിലും പൈങ്കിളിച്ചുവ അനുഭവപ്പെടും. എങ്കിലും അതില്‍ പതിഞ്ഞ പ്രണയകാലങ്ങളുടെ കൈയൊപ്പ് ഇപ്പോഴും മാഞ്ഞിട്ടില്ല.
ഫ്രെയ്മുകളില്‍ ഇപ്പോഴും ഒലീവുകള്‍ പൂത്തുനില്‍ക്കുന്നു. മുന്തിരിവള്ളികള്‍ തേന്‍ കിനിയുന്നു; It can't get sweeter. ഓണപ്പുടവ എന്ന ചിത്രത്തിലെ 'മാറത്തൊരു കരിവണ്ട് തേനുണ്ടു മയങ്ങുന്ന' എന്ന പാട്ടിലൂടെ (ഗായിക-സെല്‍മ) ഒ.എന്‍.വിയെയും എം.ബി. ശ്രീനിവാസനെയും ഒന്നിപ്പിച്ചതിന്റെ ക്രെഡിറ്റ് കെ.ജി. ജോര്‍ജിനാണ്; വ്യാമോഹത്തിലൂടെ ഇളയരാജയെ മലയാളത്തില്‍ അവതരിപ്പിച്ചതിന്റെയും. പിന്നീട് ഇരകള്‍ വരെയുള്ള സംവിധാനസംരംഭങ്ങളില്‍ (മണ്ണ്, ഇനി അവള്‍ ഉറങ്ങട്ടെ എന്നീ ചിത്രങ്ങളിലൊഴികെ) ജോര്‍ജ് എം.ബി.എസ്സിനെ കൂടെക്കൂട്ടി.
ഉള്‍ക്കടലിലെ അരങ്ങേറ്റത്തിനുശേഷം വളരെക്കാലത്തോളം മലയാളസിനിമയിലെ വിഷാദകാമുകനായ നായകന്റെ പദവി വേണു നാഗവള്ളി ഏറ്റെടുത്തു. പക്ഷേ, വേണുവിനെ സിനിമയിലേക്കു കൊണ്ടുവന്ന ജോര്‍ജ് പിന്നീട് അദ്ദേഹത്തെ കോലങ്ങളിലെ വളക്കച്ചവടക്കാരന്‍ ചെറിയാനായും പഞ്ചവടിപ്പാലത്തിലെ ജീമൂതന്‍ കോണ്‍ട്രാക്റ്ററായും ആദാമിന്റെ വാരിയെല്ലിലെ മുഴുക്കുടിയന്‍ ഭര്‍ത്താവായും ലേഖയുടെ മരണം: ഒരു ഫ്ളാഷ്ബാക്കിലെ നടിയുടെ നിശ്ശബ്ദകാമുകനായുമൊക്കെ വിജയകരമായി അവതരിപ്പിച്ചു. യവനികയിലെ ജോസഫ് കൊല്ലപ്പള്ളി എന്ന നാടകനടന്‍ വേണു നാഗവള്ളിയുടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട വേഷങ്ങളിലൊന്നായിരുന്നു. (കൊല്ലപ്പള്ളി എന്ന സര്‍നെയ്മിന് കൊലപ്പുള്ളി എന്ന വാക്കുമായുള്ള സാമ്യം ഒരു സ്വകാര്യസംഭാഷണത്തില്‍ ജോര്‍ജേട്ടന്‍ പരാമര്‍ശിച്ചതോര്‍ക്കുന്നു.)
ഉള്‍ക്കടലിനു മുന്‍പും ശേഷവും ജോര്‍ജ് സിനിമയിലാവിഷ്‌കരിച്ച മിക്ക സ്ത്രീപുരുഷബന്ധങ്ങളും ദുരന്തപര്യവസായികളായിരുന്നു. സ്വപ്നാടനത്തിലെ ഗോപിനാഥനും സുമിത്രയും, മേളയിലെ ഗോവിന്ദന്‍കുട്ടിയും ശാരദയും, കോലങ്ങളിലെ ചെറിയാനും കുഞ്ഞമ്മയും, യവനികയിലെ കൊല്ലപ്പള്ളിയും രോഹിണിയും വിവാഹം എന്ന സാമൂഹികസ്ഥാപനത്തിനകത്താണെങ്കിലും പുറത്താണെങ്കിലും ഇവരെല്ലാം പൊരുത്തക്കേടുകളുടെ പിടിയില്‍പ്പെട്ട് ജീവിതം നഷ്ടപ്പെടുന്നവരാണ്.
ലേഖയുടെ മരണം: ഒരു ഫ്ളാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, മറ്റൊരാള്‍ എന്നീ സിനിമകളിലെ സ്ത്രീകഥാപാത്രങ്ങള്‍ പ്രണയം അനുഭവിക്കുന്നതേയില്ല. വിവാഹിതനായ ഒരു പ്രശസ്ത ചലച്ചിത്രകാരനില്‍ സ്വയമര്‍പ്പിക്കുന്ന ലേഖ എന്ന നടി (ലേഖയുടെ മരണം: ഒരു ഫ്ളാഷ്ബാക്ക്) അയാളുടെ നട്ടെല്ലില്ലായ്മയും കാപട്യവും തിരിച്ചറിയുമ്പോള്‍ ജീവിതത്തോടുതന്നെ വിടപറയുന്നു. വിവാഹജീവിതത്തിന്റെ വൈകാരികവും ശാരീരികവുമായ സ്വാസ്ഥ്യങ്ങളൊന്നും അനുഭവിക്കാന്‍ കഴിയാതെ അഴകുള്ള വെറുമൊരു പെണ്ണുടല്‍ മാത്രമായി മാറിയ ആലീസ് (ആദാമിന്റെ വാരിയെല്ല്) ഒരു ചെറുപ്പക്കാരനുമായി ബന്ധം സ്ഥാപിക്കുന്നുണ്ടെങ്കിലും അയാളുടെ സ്നേഹവും പൊള്ളയാണെന്നു മനസ്സിലാകുമ്പോള്‍ ജീവിതഭാരം എന്നന്നേക്കുമായി ഇറക്കിവെക്കുന്നു.
വാസന്തി എന്ന സര്‍ക്കാര്‍ജീവനക്കാരിയാണ് ഈ സിനിമയിലെ മറ്റൊരു കഥാപാത്രം. വാസന്തിയുടെ ഭര്‍ത്താവ് ഗോപി തികഞ്ഞ മദ്യപനാണ്. ഉള്ള ജോലി കളഞ്ഞുകുളിച്ച് ഉത്തരവാദിത്വമില്ലാതെ ജീവിക്കുന്ന ഗോപിയും അയാളുടെ ധാര്‍ഷ്ട്യക്കാരിയായ അമ്മയും ചേര്‍ന്ന് വാസന്തിയുടെ വീടകം നരകമാക്കുന്നു. സിനിമയിലെ മുപ്പത്തിനാലാമത്തെ സീനില്‍, കടുത്ത തലവേദന കാരണം ലീവെടുത്ത് ഓഫീസില്‍നിന്നെത്തുന്ന വാസന്തിയോടുള്ള ഗോപിയുടെ സമീപനം നോക്കുക.
(കിടപ്പുമുറിയിലേക്ക് വന്നുകയറി കട്ടിലില്‍ തളര്‍ന്നിരിക്കുന്ന വാസന്തിക്കരികിലേക്ക് മദ്യഗ്ലാസുമായി ഗോപി വരുന്നു.)
'നീയിന്ന് ആപ്പീസില്‍ പോയില്ലേ?'
'പോയി. നല്ല സുഖം തോന്നിയില്ല. ലീവെടുത്തു.'
'എന്തോന്നാ നിന്റെ അസുഖം? (ലക്ഷണംകെട്ട ചിരിയോടെ) നിനക്കെന്താ, മെന്‍സസാണോ?''
'ഒന്നുമില്ല. വല്ലാത്ത തലവേദന...'
'ആ... തലവേദന... അതു ഞാന്‍ മാറ്റിത്തരാം... ഞാന്‍ മാറ്റിത്തരാം... (അവളോടു മുഖമടുപ്പിച്ചുകൊണ്ട്) വല്ല കാമുകന്മാരേം കാണാമെന്നേറ്റിരുന്നോ?'
'ഗോപിയേട്ടനെന്തൊക്കെയാണീ പറയുന്നത്?'
'അല്ലെങ്കിപ്പിന്നെ നീയെന്തിനാ, ഈ നേരത്ത് ഓഫീസീന്ന് അവധിയെടുത്തു പോന്നത്? നിന്റെ കൂട്ടുകാരിയില്ലേ, ആ ദുബായിക്കാരന്റെ ഭാര്യ... എന്താ അവളുടെ പേര്? നീയും അവളും കൂടെ അവിടവിടെയൊക്കെ കറങ്ങിനടക്കുന്നുണ്ടെന്നെനിക്കറിയാം.''
പിന്നീടു നടക്കുന്നത് അക്ഷരാര്‍ത്ഥത്തില്‍ ഒരു ബലാത്കാരശ്രമമാണ്. ഒരു ഹിംസ്രമൃഗത്തെപ്പോലെ ഗോപി വാസന്തിയെ ഓടിച്ചിട്ടു പിടിക്കാന്‍ ശ്രമിക്കുന്നു. ലഹരി സിരകളില്‍ പടരുന്ന നട്ടുച്ചകളിലും ലഹരിയുടെ ചിറകുകള്‍ കൊഴിയുന്ന കൊച്ചുവെളുപ്പാന്‍കാലങ്ങളിലും അയാള്‍ക്കു വേണ്ടത് അവളുടെ ശരീരം മാത്രമാണ്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന വാസന്തിയുടെ മാനസികാവസ്ഥ അയാള്‍ക്കുണ്ടോ മനസ്സിലാകുന്നു. ആല്‍ക്കഹോള്‍ മണക്കാത്ത സ്നേഹത്തിന്റെ, രതിയുടെ, നല്ലൊരു നിമിഷം പോലും പകര്‍ന്നുതരാന്‍ കഴിയാത്ത ഭര്‍ത്താവില്‍നിന്നു രക്ഷപ്പെടാനെന്നോണം വാസന്തി പിന്നീട് ഉണ്മയും വിഭ്രമങ്ങളും കൂടിക്കുഴഞ്ഞ സര്‍റിയലിസ്റ്റ് ഇമേജുകളില്‍ സ്വയം നഷ്ടപ്പെടുന്നു.
മറ്റൊരാളിലെ സുശീലയുടെ വിവാഹേതരബന്ധം പ്രണയ-രതി ദാഹങ്ങള്‍ക്കപ്പുറം സ്ത്രീകളെ വരിഞ്ഞുമുറുക്കുന്ന പിതൃദായക്രമവ്യവസ്ഥിതിയോടുള്ള പ്രതികാരമോ കലഹമോ കൂടിയാണ്. സുശീലയ്ക്കും അവള്‍ കാമുകനായി സ്വീകരിച്ച ഗിരി എന്ന മെക്കാനിക്കിനുമിടയില്‍ സെക്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു ഫ്രെയ്മില്‍പ്പോലും പ്രകടമാകുന്നില്ലെങ്കിലും സൂക്ഷ്മദൃക്കുകള്‍ക്ക് അതനുഭവിക്കാം. സുശീല ഇറങ്ങിപ്പോയതിനുശേഷം ഏകാന്തജീവിതം നയിക്കുന്ന ഭര്‍ത്താവ് കൈമള്‍ ഒരു ദിവസം അടുക്കളയില്‍ കയറുമ്പോള്‍ ഗിരിയുടെ പണിയായുധങ്ങള്‍ അവിടെനിന്നു കണ്ടെടുക്കുന്ന സീന്‍ മാത്രം മതി അയാളറിയാതെ പകലുകളില്‍ നടന്ന സംഭവങ്ങളെക്കുറിച്ചറിയാന്‍.
സിനിമ വിശദാംശങ്ങളുടെ കലയാണെന്ന് പൊതുവേ പറയാറുണ്ട്. വളരെ ചെറിയ സൂചനകളിലൂടെയും വിശദാംശങ്ങള്‍ ആവിഷ്‌കരിക്കാമെന്ന് മറ്റൊരാളിലൂടെ ജോര്‍ജ് തെളിയിച്ചു. അത്യാവശ്യം സൗകര്യങ്ങളുള്ള നഗരഭവനത്തില്‍നിന്ന് കുപ്രസിദ്ധമായ ചേരിപ്രദേശത്തുള്ള ഗിരിയുടെ ഇടുങ്ങിയ വാസസ്ഥലത്തേക്ക് സ്വയം പറിച്ചുനടാന്‍ തീരുമാനിക്കുമ്പോള്‍ സുശീല ആഗ്രഹിച്ചത് മെച്ചപ്പെട്ട വൈകാരികവും ഭൗതികവുമായ ജീവിതാവസ്ഥയായിരുന്നോ? അവള്‍ക്കുള്ളിലുണ്ടായിരുന്നത് വൈകാരികശൈത്യത്തില്‍ അകപ്പെട്ട ഭര്‍ത്താവിനോടുള്ള അടക്കിപ്പിടിച്ച പ്രതികാരം മാത്രമായിരുന്നോ?
നടന്നതെല്ലാം മറന്ന് തിരികെ വീട്ടിലേക്കു വരണമെന്ന് അഭ്യര്‍ത്ഥിച്ചെത്തുന്ന കുടുംബസുഹൃത്ത് ബാലന്‍ സുശീലയോടു പറയുന്നു: 'ഇപ്പോഴും വൈകിയിട്ടില്ല.'
''അതു ബാലനു തോന്നുന്നതാ. ഇപ്പൊത്തന്നെ വൈകി. ബാലന്‍ പൊയ്ക്കോളൂ' എന്ന ആറ്റിക്കുറുക്കിയ മറുപടിയിലൂടെ സുശീല തന്റെ മനസ്സ് വെളിപ്പെടുത്തുന്നു. വളരെ ആലോചിച്ചെടുത്ത തീരുമാനമായിരുന്നു സുശീലയുടേതെന്നു വ്യക്തം. പക്ഷേ, ഗിരിക്ക് മറ്റേതൊരു പെണ്ണിനെയും പോലെ ഒരു ശരീരം മാത്രമായിരുന്നു സുശീലയും. ഇതു തിരിച്ചറിയുന്നതോടെ വീട്ടിലേക്കു മടങ്ങിപ്പോകാന്‍ സുശീല തയ്യാറാകുന്നുണ്ടെങ്കിലും വളരെ വൈകിപ്പോയിരുന്നു. സാമ്പ്രദായിക മദ്ധ്യവര്‍ഗ്ഗ കുടുംബങ്ങളില്‍ അത്യപൂര്‍വ്വമായി സംഭവിക്കുന്ന ഒരു സ്വാതന്ത്ര്യപ്രഖ്യാപനമാണ് സുശീലയുടേത്. അത്തരമൊരു രക്തരഹിതവിപ്ലവം മലയാളത്തിന്റെ തിരശ്ശീലയില്‍ നടത്തിയ ആദ്യത്തെ സ്ത്രീകഥാപാത്രം സുശീല തന്നെയാണ്.
പൊതുവേ മിതഭാഷിയായി കാണപ്പെട്ടിരുന്ന കൈമള്‍ സുശീലയുടെ അഭാവത്തില്‍ അല്പം വാചാലമായിത്തന്നെ അവളെയോര്‍ത്തു വിലപിക്കുന്നുണ്ട്. അയാള്‍ ബാലനോടു പറയുന്നു: 'ഇതായല്ലോ ബാലാ, അവളുടെ ഗതി. അവളൊരു പാവമായിരുന്നു. വെറും പാവം. ഒന്നുമറിഞ്ഞുകൂടായിരുന്നു. അവളെ കൊല്ലുന്നത് ഒരാട്ടിന്‍കുട്ടിയെ കൊല്ലുന്നതുപോലെയാണ്. കൊല്ലേണ്ടത് അവനെയാണ്...'
ദീര്‍ഘകാലം നീണ്ട ദാമ്പത്യത്തിനു ശേഷവും കൈമള്‍ക്ക് സുശീലയെ മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെന്നതിനു മറ്റു സാക്ഷ്യങ്ങള്‍ വേണ്ട.
എല്ലാവിധ മാനുഷിക ദൗര്‍ബല്യങ്ങളുമുള്ളവരാണ് ജോര്‍ജ് സൃഷ്ടിച്ച സ്ത്രീപുരുഷന്മാര്‍. ധീരോദാത്തരും അതിപ്രതാപഗുണവാന്മാരുമായ ആണുങ്ങളെയോ സ്വഭാവഗുണംകൊണ്ട് ആരാധ്യരായ സതീരത്നങ്ങളെയോ ജോര്‍ജ് സൃഷ്ടിച്ചില്ല. എല്ലാ കഥാപാത്രങ്ങളും ഭൂമിയില്‍ ചുവടുറപ്പിച്ചു നിന്നു; പരസ്പരം മുറിവേല്‍പിക്കുകയും സ്വയം മുറിപ്പെടുകയും ചെയ്തു.
ജോര്‍ജിന്റെ സിനിമകളില്‍ ഏറ്റവും സൂക്ഷ്മതലത്തിലുള്ള മനോവിശകലനം നടന്നിട്ടുള്ളത് മറ്റൊരാളിലാണെന്നു തോന്നുന്നു. നല്ല ശീലമുള്ളവള്‍ എന്നര്‍ത്ഥം വരുന്ന സുശീല എന്ന പേരിന്റെ ഗരിമയെത്തന്നെ സി.വി. ബാലകൃഷ്ണനും ജോര്‍ജും ചേര്‍ന്നു തച്ചുതകര്‍ത്തു.
മറ്റൊരാള്‍ കലാപരമായി പരാജയപ്പെടുന്നത് ഒരേയൊരു കഥാപാത്ര ത്തിന്റെ കാസ്റ്റിങ്ങില്‍ മാത്രമാണ്. ഗിരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍, സീമയുടെയും കരമന ജനാര്‍ദ്ദനന്‍ നായരുടെയും മമ്മൂട്ടിയുടെയും ഉര്‍വ്വശിയുടെയുമൊക്കെ പ്രകടനത്തിനു മുന്നില്‍ അമ്പേ പരാജയപ്പെട്ടുപോയി. സി.വിയോ ജോര്‍ജേട്ടനോ ഉദ്ദേശിച്ച തരത്തിലായിരുന്നില്ല ആ കഥാപാത്രം തിരശ്ശീലയില്‍ ഉരുവംകൊണ്ടതെന്ന കാര്യത്തില്‍ സംശയമില്ല. ഒട്ടും അഭിനയിക്കാനറിയാത്തവരെ ഉള്‍പ്പെടുത്താന്‍ നിര്‍ബന്ധിതരാകുമ്പോള്‍ സംവിധായകര്‍ ക്യാമറക്കണ്ണില്‍നിന്ന് അവരെ പരമാവധി ഒഴിച്ചുനിര്‍ത്താറുണ്ട്. മറ്റൊരാളില്‍ ഗിരിയെ ചിത്രീകരിച്ചിരിക്കുന്നതു ശ്രദ്ധിച്ചാല്‍ സംവിധായകന്‍ അനുഭവിച്ച ധര്‍മസങ്കടം ബോധ്യപ്പെടും. ഓര്‍ക്കാനിഷ്ടപ്പെടാത്ത മറ്റു പല കാര്യങ്ങളിലുമെന്നപോലെ ഈ കാസ്റ്റിങ് പരാജയത്തെക്കുറിച്ചും ജോര്‍ജേട്ടന്‍ പലപ്പോഴും നിശ്ശബ്ദത പാലിച്ചു. ഭരത് ഗോപിയെയാണ് ആ വേഷത്തിലേക്ക് ആലോചിച്ചിരുന്നതത്രേ. പ്രേക്ഷകരുടെ വലിയ നഷ്ടം എന്നല്ലാതെ എന്തു പറയാന്‍.
അത്യന്തം സ്തോഭജനകമാണ് മറ്റൊരാളിന്റെ അന്ത്യം. കടല്‍ത്തീരത്ത് സുശീലയെയും ബാലനെയും കാത്തിരിക്കാമെന്നേറ്റ കൈമള്‍ നെഞ്ചില്‍ കുത്തിക്കയറിയ കത്തിയുമായി മരിച്ചുകിടക്കുന്നു. ആരാണ് ആ ദുര്‍മ്മരണത്തിനു പിന്നിലെന്ന് എവിടെയും സൂചനയില്ല. ഗിരിതന്നെയാകാം കൊലയ്ക്കു പിന്നില്‍. ഒരിക്കലെങ്കിലും മറ്റൊരാളെ മനസ്സുകൊണ്ടും ശരീരംകൊണ്ടും പുല്‍കിയ സുശീലയെ സ്വീകരിക്കാന്‍ വയ്യാതെ കൈമള്‍ സ്വയം ജീവനൊടുക്കിയതുമാകാം.
മറ്റൊരാളിന്റെ അന്ത്യരംഗം പലപ്പോഴും മേള എന്ന ചിത്രത്തെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. മേളയിലെ സര്‍ക്കസ് കോമാളിയായ കുള്ളന്‍ ഭാര്യയെയും സുന്ദരകളേബരനായ തന്റെ സുഹൃത്തിനെയും സാക്ഷിനിര്‍ത്തി കടലില്‍ ചാടി മരിക്കുന്നു. ചുറ്റുമുള്ള ലോകത്തെയും മനുഷ്യരെയും ജനിച്ചപ്പോള്‍ മുതല്‍ ലോ ആംഗിള്‍ ഷോട്ടുകളിലൂടെ മാത്രം കണ്ട നിര്‍ഭാഗ്യവാനാണ് അയാള്‍. സൗന്ദര്യവും ഉയരവും ആരോഗ്യവും ധൈര്യവുമുള്ള ഒരുപാടു പേര്‍ ജീവിക്കുന്ന ലോകത്തില്‍ താന്‍ ഒരവശ്യജന്മമല്ലെന്ന തിരിച്ചറിവു വേട്ടയാടാന്‍ തുടങ്ങുമ്പോഴാണ് തികഞ്ഞ രംഗബോധത്തോടെ ആ കോമാളിവേഷക്കാരന്‍ അരങ്ങൊഴിയുന്നത്.
ജോര്‍ജ് തന്റെ മാസ്റ്ററായി അംഗീകരിച്ച വിശ്രുത ഇറ്റാലിയന്‍ സംവിധായകന്‍ ഫെദറിക്കോ ഫെലീനിയുടെ ചില സിനിമകളുടെ ശൈലിയുണ്ട് മേളയ്ക്കും മറ്റൊരാള്‍ക്കും. രണ്ടു ക്ലൈമാക്സുകളുടെയും പശ്ചാത്തലമൊരുക്കുന്ന കടല്‍ ഒരു പൊതുകഥാപാത്രമാണ്. മനോഭാവങ്ങള്‍കൊണ്ട് വിപരീതധ്രുവങ്ങളിലായിപ്പോയ ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയിലെ മദ്ധ്യസ്ഥന്റെ വേഷത്തില്‍ രണ്ടു സിനിമകളിലും അവതരിക്കുന്നത് മമ്മൂട്ടിയാണെന്നതു യാദൃച്ഛികമാകാം. (ആദാമിന്റെ വാരിയെല്ലിലും മമ്മൂട്ടി വിവാഹിതയായ ഒരു സ്ത്രീയുടെ കാമുകന്റെ വേഷമാണു ചെയ്തത്.)
മേളയിലും യവനികയിലും കാമ്പുള്ള കഥാപാത്രങ്ങള്‍ നല്‍കി മമ്മൂട്ടിയെ ശ്രദ്ധേയനാക്കിയ ജോര്‍ജ് ഒരിക്കലും അദ്ദേഹത്തെ തിരശ്ശീലയിലെ തന്റെ അപരസ്വത്വമാക്കിയില്ല - ഫെലീനിക്ക് മാഴ്സലോ മാസ്ട്രിയോണിയും അകീര കുറോസാവയ്ക്ക് തോഷിറോ മിഫൂണെയും സിനിമയിലെ ആള്‍ട്ടര്‍ ഈഗോകള്‍ ആയതുപോലെ. മേള, യവനിക, ലേഖയുടെ മരണം: ഒരു ഫ്ളാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, കഥയ്ക്കു പിന്നില്‍, മറ്റൊരാള്‍, ഇലവങ്കോടുദേശം എന്നീ സിനിമകളിലാണ് ജോര്‍ജിനു വേണ്ടി മമ്മൂട്ടി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്. കഥയ്ക്കു പിന്നില്‍, ഇലവങ്കോടുദേശം എന്നീ സിനിമകളിലൊഴികെ മറ്റൊന്നിലും അദ്ദേഹത്തിനു നായകസ്ഥാനമുണ്ടായിരുന്നില്ല. എന്നിട്ടും മമ്മൂട്ടിയുടെ സാന്നിദ്ധ്യം ഈ സിനിമകളിലെല്ലാം സുദീപ്തമായിരുന്നു. കഥയ്ക്കു പിന്നില്‍ എന്ന ചിത്രത്തിലെ റൈറ്റേഴ്സ് ബ്ലോക്കിലകപ്പെട്ട നാടകകൃത്തിന്റെയും ലേഖയുടെ മരണത്തിലെ കുരുട്ടുബുദ്ധിക്കാരനായ സൂപ്പര്‍സ്റ്റാറിന്റെയും വേഷങ്ങളടക്കം ജോര്‍ജ് ഏല്പിച്ച എല്ലാ ഉത്തരവാദിത്വങ്ങളും അദ്ദേഹം ഭംഗിയായി നിറവേറ്റി. കെ.ജി. ജോര്‍ജ് എന്ന ഫിലിം സ്‌കൂളിലെ ഏറ്റവും അവധാനതയുള്ള വിദ്യാര്‍ഥി മമ്മൂട്ടി തന്നെയായിരുന്നു.
സ്വപ്നാടനത്തിനും ഉള്‍ക്കടലിനും ഇടയില്‍ സംഭവിച്ച അഞ്ചു സിനിമകളില്‍ രാപ്പാടികളുടെ ഗാഥ ഒഴികെയുള്ളവയെ ജോര്‍ജ് അത്ര കാര്യമായി പരാമര്‍ശിക്കാറുണ്ടായിരുന്നില്ല. പത്മരാജന്റെ തിരക്കഥയില്‍ പിറന്ന രാപ്പാടികളുടെ ഗാഥ എഴുപതുകളിലെ യുവത്വത്തിന്റെ പ്രക്ഷുബ്ധജീവിതാവസ്ഥയാണ് ആവിഷ്‌കരിച്ചത്. ഹിപ്പീയിസത്തിന്റെയും മയക്കുമരുന്നുകളുടെയും ലോകത്ത് സ്വയം നഷ്ടപ്പെടുകയും പിന്നീടു ജീവിതം തിരിച്ചുപിടിക്കുകയും ചെയ്യുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണത്. മലയാളസിനിമയില്‍ ഏതാണ്ട് ഒരേകാലത്ത് അരങ്ങേറ്റംകുറിച്ച രണ്ടു മഹാപ്രതിഭകള്‍ ഒന്നിച്ച ഒരേയൊരു സംരംഭം. കാക്കനാടന്റെ കഥയില്‍നിന്നാണ് ഓണപ്പുടവ ഉണ്ടായത്. മണ്ണ്, ഇനി അവള്‍ ഉറങ്ങട്ടെ എന്നീ ചിത്രങ്ങളും ജോര്‍ജ് ഇക്കാലത്ത് സംവിധാനം ചെയ്തു.
ചെറിയ ലോകങ്ങളുടെ ഇടുങ്ങിയ ചുറ്റുവട്ടത്തില്‍ അകപ്പെട്ടുപോകുന്ന, ഏതെങ്കിലും തരത്തില്‍ ബന്ധനസ്ഥരായ മനുഷ്യരുടെ നിസ്സഹായാവസ്ഥയെക്കുറിച്ചുള്ള ആകുലതകളാണ് ജോര്‍ജ് മിക്ക സിനിമകളിലും പങ്കുവെച്ചത്. സ്വപ്നാടനത്തില്‍ അസംതൃപ്ത ദാമ്പത്യമാണ് ഗോപിയുടെയും സുമിത്രയുടെയും തടവറ. മേളയിലെ ഗോവിന്ദന്‍കുട്ടിയെ ജനിച്ചുവളര്‍ന്ന കുഗ്രാമവും പിന്നീടു കൂട്ടിലടയ്ക്കപ്പെട്ട മൃഗങ്ങളും മനുഷ്യരുമുള്‍പ്പപ്പെടുന്ന സര്‍ക്കസ് കൂടാരവും സ്വന്തം ശാരീരികപരിമിതിയും ശ്വാസംമുട്ടിക്കുന്നു. എല്ലാ അര്‍ത്ഥത്തിലും വലിയൊരു ലോകത്തില്‍ ചെറിയ മനുഷ്യനായി അയാള്‍ അകപ്പെട്ടുപോകുന്നു. കോലങ്ങളിലെ കുഗ്രാമവാസികള്‍ പുറംലോകത്തിന്റെ സ്പന്ദനങ്ങളറിയാത്തവരാണ്. അവര്‍ക്കിടയിലെ കലഹങ്ങള്‍ക്കും അസൂയയ്ക്കും നുണപറച്ചിലുകള്‍ക്കും സംസ്‌കാരഹീനതയ്ക്കും കാരണം ഈ ഒറ്റപ്പെടല്‍ തന്നെയാണ്.
സ്വന്തം വ്യക്തിത്വങ്ങള്‍ക്കു കടകവിരുദ്ധമായ അരങ്ങുവേഷങ്ങള്‍ യവനികയിലെ നാടകാഭിനേതാക്കളെ വീണ്ടും വീണ്ടും ചതിച്ചുകൊണ്ടിരിക്കുന്നു. സിനിമയിലെ അഭിനേതാക്കള്‍ക്ക് ഓരോ തവണയും വെവ്വേറെ വേഷങ്ങള്‍ കിട്ടും. പക്ഷേ, ഒരേ വേഷംതന്നെ തുടര്‍ച്ചയായി മാസങ്ങളോളം പകര്‍ന്നാടുന്നതിന്റെ വിരസത നാടകാഭിനേതാവിനെ സദാ പിന്‍തുടര്‍ന്നുകൊണ്ടിരിക്കുന്നു.
ലേഖയുടെ മരണം: ഒരു ഫ്ളാഷ്ബാക്ക് എന്ന ചിത്രത്തിലെ ചലച്ചിത്രതാരം സമ്പത്തും പ്രശസ്തിയും തീര്‍ത്ത ബന്ധുരകാഞ്ചനക്കൂട്ടി'ലെ തടവുകാരിയാണ്. ആദാമിന്റെ വാരിയെല്ലിലെ സ്ത്രീകഥാപാത്രങ്ങളെ പിതൃദായക്രമത്തിലധിഷ്ഠിതമായ സമൂഹം ചങ്ങലയ്ക്കിട്ടിരിക്കുന്നു. പഞ്ചവടിപ്പാലത്തില്‍ ഒരു സമൂഹമാകെ അഴിമതി എന്ന രാഷ്ട്രീയവിപത്തിന്റെ അടിമകളാണ്. തലമുറകളില്‍നിന്നു തലമുറകളിലേക്കു പടരുന്ന അധികാരപ്രമത്തതയും രക്ത-മാംസ ദാഹങ്ങളുമാണ് ഇരകളിലെ കഥാപാത്രങ്ങളെ ആസുരസ്വഭാവമുള്ളവരാക്കുന്നത്.
യവനിക, ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല് എന്നീ സിനിമകള്‍ കെ.ജി. ജോര്‍ജിന്റെ അക്കാദമികവും സാങ്കേതികവുമായ ഔന്നത്യം വിളിച്ചോതുന്ന സൃഷ്ടികളാണ്. പഠനകാലത്തുതന്നെ അദ്ദേഹം ഈ മൂന്നു സിനിമകളും ചെയ്യണമെന്നു തീരുമാനിച്ചിരുന്നു. ഘടനാപരമായും ലാവണ്യശാസ്ത്രപരമായും തിരക്കഥയില്‍ പുലര്‍ത്തിയിട്ടുള്ള സൂക്ഷ്മതയാണ് ഈ സിനിമകളെ മറ്റാര്‍ക്കും എത്തിപ്പിടിക്കാനാകാത്ത ബൗദ്ധികനിലവാരത്തിലേക്കുയര്‍ത്തുന്നത്. പ്രമേയങ്ങളെ തമ്മിലിണക്കാനുള്ള പൊതുഘടകങ്ങളില്ലെങ്കില്‍പ്പോലും ഈ സിനിമകളെ കെ.ജി. ജോര്‍ജിന്റെ പ്രധാനപ്പെട്ട ചലച്ചിത്രത്രയം ആയി കണക്കാക്കാം.
കേരളത്തില്‍ പ്രൊഫഷണല്‍ നാടകങ്ങള്‍ കൊണ്ടാടപ്പെട്ടിരുന്ന കാലത്താണ് യവനിക പുറത്തുവരുന്നത്. പി.ജെ. ആന്റണിയും തിലകനുമടക്കമുള്ള മഹാപ്രതിഭകളുടെ നാടകജീവിതം നേരിട്ടു മനസ്സിലാക്കിയിട്ടുള്ള കെ.ജി. ജോര്‍ജിന്റെ സാമൂഹിക-രാഷ്ട്രീയ വീക്ഷണങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ പ്രൊഫഷണല്‍ നാടകങ്ങള്‍ക്ക് വലിയ പങ്കുണ്ടായിരുന്നു. 'എന്നെ രാഷ്ട്രീയം പഠിപ്പിച്ച നാടകസംസ്‌കാരത്തിനുള്ള ട്രിബ്യൂട്ടാണ് യവനിക' എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. നാടകലോകത്തിന്റെ പശ്ചാത്തലത്തിലുള്ള കുറ്റാന്വേഷണസിനിമ എന്ന നിലയില്‍ മാത്രമല്ല, യവനിക അപഗ്രഥിക്കപ്പെടുന്നത്. സിനിമ, നാടകം എന്നീ കലാമാധ്യമങ്ങള്‍ തമ്മിലുള്ള താരതമ്യപഠനംകൂടിയാണത്. സിനിമയ്ക്കുള്ളില്‍ അവതരിപ്പിക്കപ്പെടുന്ന 'കറുപ്പും വെളുപ്പും' എന്ന നാടകത്തിനു പറയത്തക്ക നിലവാരമൊന്നുമില്ലെന്ന് ജോര്‍ജ് പല തവണ എടുത്തുപറഞ്ഞിട്ടുണ്ട്.
നാടകത്തിലെ ആദ്യരംഗം എല്ലാ വിരസതകളോടെയും ചിത്രീകരിച്ചിട്ടുണ്ടെങ്കിലും അരങ്ങിനെയും അണിയറയെയും അവയ്ക്കിടയില്‍ അഭിനേതാക്കളുടെ സഞ്ചാരപഥങ്ങളെയും മാറിമാറി കാണിച്ചുകൊണ്ട് ഇരുളും വെളിച്ചവും ഒളിച്ചുകളിക്കുന്ന ജീവിതത്തിന്റെ പരിച്ഛേദം തന്നെയാക്കി ജോര്‍ജ് ആ സീക്വന്‍സിനെ മാറ്റിത്തീര്‍ക്കുന്നു. നാടകത്തിന്റെ പ്രൊസീനിയത്തെയും അണിയറയെയും കാണികളെയും നിര്‍ത്തേണ്ടിടത്തു നിര്‍ത്തിയാണ് ജോര്‍ജ് യവനിക ചിത്രീകരിച്ചത്.
യവനികയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തില്‍ നടത്തിയ ഒരഭിമുഖത്തില്‍ ജോര്‍ജ് പറഞ്ഞ ചില കാര്യങ്ങള്‍ ഓര്‍ക്കുന്നു. സിനിമയ്ക്കുള്ളിലെ നാടകത്തില്‍ കൊല്ലപ്പള്ളിയുടെ (വേണു നാഗവള്ളി) വെടിയേറ്റ് ബാലഗോപാലന്‍ (നെടുമുടി വേണു) മരിച്ചുവീണതിനുശേഷം അരങ്ങിലെത്തുന്നത് ജഗതി ശ്രീകുമാറിന്റെ കഥാപാത്രമാണ്. 'ജഗതി നിലത്തു വീണുകിടക്കുന്ന വേണുവിന്റെ കൈയില്‍ ചവിട്ടുകയും വേദനകൊണ്ട് വേണു ഒന്നനങ്ങുകയും ചെയ്യുന്നത് ഞാന്‍ കണ്ടു. പ്രേക്ഷകര്‍ സിനിമയില്‍ അതു കാണില്ല. വേണമെങ്കില്‍ എനിക്ക് കട്ട് പറഞ്ഞ് വീണ്ടും അതു ഷൂട്ട് ചെയ്യാമായിരുന്നു. പക്ഷേ, അങ്ങനെ ചെയ്തില്ല. കാരണം, അതും നാടകത്തിന്റെ ഭാഗമാണ്.'
Content Highlights: Book excerpt about K.G. George